എട്ട് രാജ്യങ്ങള് മാത്രമേ അംഗങ്ങളായിട്ടുള്ളൂവെങ്കിലും ആഗോള വ്യാപാരത്തില് വലിയ സ്വാധീനം ചെലുത്താന് കഴിവുള്ള രാഷ്ട്രങ്ങളാണ് ഇവരെല്ലാം

അപൂർവ ധാതുക്കളുടേയും സെമികണ്ടക്ടർ ചിപ്പുകളുടേയും നിർമാണ-വിതരണശൃംഖല കെട്ടിപ്പടുക്കാൻ അമേരിക്കയുമായി കൈകോർത്ത് ഇന്ത്യ. യുഎസ് നേതൃത്വം നൽകുന്ന പാക്‌സ് സിലിക്ക കൂട്ടായ്മയിൽ ഒടുവിൽ ഇന്ത്യയും ഒപ്പുവെച്ചു. ഡിസംബറിൽ രൂപീകരിച്ച കൂട്ടായ്മയിൽ ആദ്യം ഇന്ത്യയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ അന്തിമതീരുമാനമായതിന് പിന്നാലെയാണ് പാക്‌സ് സിലിക്കയിലും ഇന്ത്യ പങ്കാളിയായിരിക്കുന്നത്. എന്താണ് പാക്‌സ് സിലിക്ക, പുതിയതായി രൂപീകരിച്ച ഈ സഖ്യം ആഗോള മത്സരത്തിൽ എത്രത്തോളം തന്ത്രപ്രധാനമാണ്? അപൂർവധാതുക്കളിൽ ചൈനയ്ക്കുള്ള ആധിപത്യത്തിന് വെല്ലുവിളിയാവുമോ ഈ കൂട്ടായ്മ?
എന്താണ് പാക്‌സ് സിലിക്ക?
Pax എന്നാൽ ഇംഗ്ലീഷിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നെല്ലാമാണ് അർഥം. സിലിക്കൺ ഡയോക്സൈഡിനെ സൂചിപ്പിക്കുന്നതാണ് Silica. സിലിക്കൺ ശക്തിയിലൂടെ സമാധാനമെന്ന് ചുരുക്കം. സിലിക്കൺ വിതരണം സുരക്ഷിതമാക്കാനായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് പാക്‌സ് സിലിക്ക. എട്ട് രാജ്യങ്ങൾ മാത്രമേ അംഗങ്ങളായിട്ടുള്ളൂവെങ്കിലും ആഗോള വ്യാപാരത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള രാഷ്ട്രങ്ങളാണ് ഇവരെല്ലാം. നിർണായക ധാതുക്കൾ, അർധചാലകങ്ങൾ അഥവാ സെമികണ്ടക്ടർ, നൂതന ശുദ്ധോർജ സാങ്കേതികവിദ്യകൾ എന്നിവയുടെ വിതരണശൃംഖലകളാണ് സഖ്യം ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹന ബാറ്ററികൾ, സോളാർ ഉപകരണങ്ങൾ, AI ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നിവയ്ക്കുള്ള വിതരണശൃംഖലകൾ സൃഷ്ടിക്കുക. അംഗരാജ്യങ്ങളിലെ ധാതു ഖനനം, സംസ്‌കരണം, നെക്സ്റ്റ് ജനറേഷൻ ഉല്പാദനം എന്നിവയിലെ നിക്ഷേപങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് സഖ്യം പ്രധാനമായും ചെയ്യാനുദ്ദേശിക്കുന്നത്.
ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, നെതർലാൻഡ്സ്, യു.കെ, ഇസ്രയേൽ, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളായിരുന്നു പ്രാഥമിക അംഗങ്ങൾ. മാർച്ച് മുതൽ മുഴുവൻ സമയ അംഗമാവാനുള്ള കരാറിലാണ് ഇപ്പോൾ ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് ഇന്ത്യയും സഖ്യത്തിൽ പങ്കുചേർന്നതായി പാക്‌സ് സിലിക്കയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ലക്ഷ്യം ചൈന
സെമി കണ്ടക്ടർ നിർമാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാന സൗകര്യങ്ങൾ, സിലിക്കൺ വിതരണശൃംഖല എന്നിങ്ങനെ സാങ്കേതിക സംവിധാനങ്ങളിലെ വികസനമാണ് പ്രഖ്യാപിത ലക്ഷ്യമെങ്കിലും ചൈനയുടെ കുത്തക തകർക്കലാണ് പരോക്ഷമായ അജണ്ട. ഇന്ന് ലോകത്ത് അപൂർവ ധാതുക്കളുടെ സംസ്‌കരണത്തിന്റെ 60-70 ശതമാനം വരെ നിയന്ത്രിക്കുന്നത് ചൈനയാണ്. ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾക്ക് ചൈനയെ ആശ്രയിക്കാതെ മറ്റൊരു വഴിയില്ല. ഇത്തരം സാഹചര്യത്തിൽ ചൈനയ്ക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കാനാണ് പാക്‌സ് സിലിക്ക ലക്ഷ്യമിടുന്നത്.
ചിപ്പ് രൂപകൽപ്പനയിൽ ആധിപത്യം പുലർത്തുന്ന ചൈനയെ ഈ സഖ്യത്തിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടേയില്ല. സിലിക്കൺ ശുദ്ധീകരണത്തിന്റെ 90% ലധികം ശേഷി കൈവശം വെക്കുന്ന രാജ്യമാണ് ചൈന. ഈ ആധിപത്യം തകർക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. ഡാറ്റാ മോഷണം, സാങ്കേതികവിദ്യയുടെ അട്ടിമറി എന്നിവയിലൂടെ ദേശീയ സുരക്ഷാ ഭീഷണികൾ ഉയർത്തുന്നതും പാക്സ് സിലിക്കയിൽ നിന്ന് ചൈനയെ ബോധപൂർവ്വം ഒഴിവാക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയിൽ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ചൈനയും അമേരിക്കയും തമ്മിൽ വലിയ മത്സരമുണ്ട്. ചൈനയുടെ വളർച്ചയെ നിയന്ത്രിക്കാനും അമേരിക്കൻ സാങ്കേതികവിദ്യ ചൈന ദുരുപയോഗം ചെയ്യുന്നത് തടയാനും അമേരിക്ക ആഗ്രഹിക്കുന്നു. ചൈനീസ് കമ്പനികൾ നിർമ്മിക്കുന്ന ചിപ്പുകൾ വഴി ഇതര രാജ്യങ്ങളിലെ വിവരങ്ങൾ ചോർത്തപ്പെടുമെന്നും അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വിശ്വസിക്കുന്നു. ഹുവായ് (Huawei) പോലുള്ള കമ്പനികൾക്ക് പല രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്.
നിലവിൽ ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കും നിർമ്മാണത്തിനും ലോകം ചൈനയെ വലിയതോതിൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ കോവിഡ് കാലത്തുണ്ടായ തടസ്സങ്ങളും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ഈ ആശ്രിതത്വം അപകടകരമാണെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തി. ചൈനയ്ക്ക് പകരം ബദൽ സംവിധാനമോ ഒന്നിലധികം സ്രോതസ്സുകളോ വേണമെന്ന ലക്ഷ്യത്തോടെയാണ് 'പാക്സ് സിലിക്ക' രൂപീകരിച്ചിരിക്കുന്നത്. നിർമിത ബുദ്ധി (AI), അത്യാധുനിക ആയുധങ്ങൾ എന്നിവയ്ക്ക് ആവശ്യമായ 'ഹൈ-എൻഡ്' ചിപ്പുകൾ നിർമ്മിക്കാനുള്ള കഴിവ് ചൈനയ്ക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സഖ്യത്തിലൂടെ ഇത്തരം നൂതന വിദ്യകൾ സഖ്യകക്ഷികൾക്കിടയിൽ മാത്രം പങ്കുവെക്കാനാണ് അമേരിക്കയുടെ നീക്കം.
ആദ്യം ഇന്ത്യ പുറത്ത്, എന്തുകൊണ്ട്?
ഡിസംബറിൽ പാക്‌സ് സിലിക്ക പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ സഖ്യത്തിൽ അംഗമായിരുന്നില്ല. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയെ ഈ കൂട്ടായ്മയിലേക്ക് ക്ഷണിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സ്ഥാനം തന്ത്രപ്രധാനമാണ്. എങ്കിലും പരിമിതമായ ശേഷിയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയെ ഒഴിവാക്കുന്നതിലേക്ക് എത്തിച്ചത്. ഇന്ത്യയെ ഈ സഖ്യത്തിൽ നിന്ന് ഒഴിവാക്കിയത് വ്യാപാര തർക്കങ്ങളോ നയതന്ത്ര പ്രശ്‌നങ്ങളോ കാരണമല്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഗ്ലോബൽ സിലിക്കൺ സപ്ലൈ ചെയിനിൽ ഇന്ത്യയുടെ സാന്നിധ്യം കുറവാണെന്നും അഡ്വാൻസ്ഡ് സെമികണ്ടക്ടർ മാനുഫാക്ചറിങ് ശേഷി ഇല്ലാത്തതുമാണ് ഇന്ത്യയെ മാറ്റിനിർത്തുന്നതിലേക്ക് നയിച്ചത്. അതിന് ചൂണ്ടിക്കാണിക്കപ്പെട്ട കാരണങ്ങൾ ഇങ്ങനെ;
- കുറഞ്ഞ ശുദ്ധീകരണ ശേഷി: ഇന്ത്യയ്ക്ക് ആവശ്യമായ നിർണായക ധാതുക്കളുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ആഭ്യന്തരമായി ശുദ്ധീകരിക്കുന്നത്. കുറഞ്ഞ ശുദ്ധീകരണശേഷിയാണ് ഇതിന് കാരണം.
- പദ്ധതി നിർവ്വഹണത്തിലെ കാലതാമസം : നിരവധി ലിഥിയം, കൊബാൾട്ട് പദ്ധതികൾ ഇപ്പോഴും പര്യവേക്ഷണ ഘട്ടത്തിൽ മാത്രമാണുള്ളത്.
- സഖ്യകക്ഷികൾക്കുള്ള അമേരിക്കയുടെ മുൻഗണന
- ആഗോള സെമികണ്ടക്ടർ ശൃംഖലകളിൽ ഇന്ത്യയുടെ പരിമിതമായ സാന്നിധ്യം.
ചിപ്പ് ഡിസൈനിൽ ശക്തമാണെങ്കിലും ഫാബ്രിക്കേഷനിലും (നിർമ്മാണം) അത്യാധുനിക സാങ്കേതികവിദ്യകളുടെ അടിസ്ഥാനവികസനത്തിലും വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സെമികണ്ടക്ടർ വികസനത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ അത് സംസ്‌കരിക്കാനുള്ള സംവിധാനം ഇന്ത്യയ്ക്കില്ല. പ്രധാനമായും ഹൈ-ടെക് ഉപയോക്താവായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. ഈ ശൃംഖലയിലേക്ക് സംഭാവന ചെയ്യാനുള്ള ശേഷി രാജ്യത്തിന് കുറവാണെന്നാണ് അമേരിക്ക വിലയിരുത്തിയത്. അമേരിക്കൻ ഉദ്യോഗസ്ഥനായ ജേക്കബ് ഹെൽബെർഗ് ഇക്കാര്യം വിശദമാക്കുകയും ചെയ്തു. ഇന്ത്യ 'ഹൈലി സ്ട്രാറ്റജിക് പൊട്ടൻഷ്യൽ പാർട്‌നർ' ആണെന്നും സപ്ലൈ ചെയിനിലെ പ്രത്യേക റോളുകൾക്കനുസരിച്ചാണ് അംഗരാജ്യങ്ങളെ തിരഞ്ഞെടുത്തത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പാക്‌സ് സിലിക്കയിൽ നിന്നുള്ള തുടക്കത്തിലെ ഒഴിവാക്കൽ ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്കും കണ്ണുതുറപ്പിക്കുന്നതായിരുന്നു. രാജ്യത്തിന്റെ ടെക്‌നോളജി സപ്ലൈ ചെയിനിലെ ദുർബലതകളെയാണ് അത് വെളിപ്പെടുത്തിയത്. ഇന്ത്യ സ്വന്തം സെമികണ്ടക്ടർ ഇൻഡസ്ട്രി വികസിപ്പിക്കേണ്ട പ്രധാന്യത്തിന് അത് അടിവരയിട്ടു കാണിക്കുകയായിരുന്നു.
ഇന്ത്യയെന്ന പ്രധാനി
പ്രഖ്യാപിച്ച് വെറും രണ്ട് മാസം പിന്നിടുമ്പോഴേക്കും ഇന്ത്യ പാക്‌സ് സിലിക്കയിലെ പ്രധാന അംഗമായിരിക്കുന്നു. സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യ പ്രഖ്യാപിച്ച പദ്ധതികളും പ്രവർത്തനങ്ങളുമാണ് ഇതിലേക്ക് നയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെട്ടതും തന്ത്രപരമായ മറ്റ് ആവശ്യകതകളും ഇതിലേക്ക് സംഭാവന നൽകി.
ഇന്ത്യ-യുഎസ് ബന്ധത്തിലെ റീസെറ്റ്: ട്രംപ് ഭരണകൂടത്തിന്റെ രണ്ടാം ടേമിന്റെ തുടക്കത്തിൽ വ്യാപാര തർക്കങ്ങൾ(താരിഫുകൾ, റഷ്യൻ എണ്ണ പ്രതിസന്ധി) ഉണ്ടായിരുന്നെങ്കിലും ഫെബ്രുവരിയിലുണ്ടായ വ്യാപാര കരാർ കരടുരേഖ ബന്ധം മെച്ചപ്പെടുത്തി.
തന്ത്രപരമായ പ്രാധാന്യം: പുതിയ സഖ്യത്തിൽ ഇന്ത്യ അനിവാര്യമാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞു. രാഷ്ട്രങ്ങളുടെ 'ചൈന പ്ലസ് വൺ' സ്ട്രാറ്റജിയിൽ ഇന്ത്യയ്ക്ക് ലഭിക്കുക വമ്പൻ സാധ്യതകളാണ്. രാജ്യത്തെ ടെക് മാർക്കറ്റ്, എഞ്ചിനീയറിങ് ടാലന്റ് പൂൾ, സെമികണ്ടക്ടർ പദ്ധതികൾ (ഡിസൈൻ, ഫ്യൂച്ചർ ഫാബുകൾ) എന്നിവ അതിൽ പ്രധാനമാണ്. അതിനാൽ തന്നെ സഖ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം അമേരിക്കയുടെ വിജയമായി കണക്കാക്കപ്പെട്ടു. ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളെ കൂടി ബദൽ സ്രോതസ്സുകളാക്കുന്ന തന്ത്രമാണ് ചൈന പ്ലസ് വൺ' സ്ട്രാറ്റജി
ഇനിയെന്ത്?
റെയർ എർത്ത്, ക്രിട്ടിക്കൽ മിനറലുകൾ എന്നിവ ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. പാക്‌സ് സിലിക്കയിൽ ചേരുന്നതിലൂടെ ഈ ആശ്രയത്വം കുറയ്ക്കാൻ സാധിക്കും. മാത്രമല്ല, ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളിൽ സഖ്യത്തിന്റെ പിന്തുണയും നേടാം. പാക്‌സ് സിലിക്ക വഴി ഇന്ത്യയ്ക്ക് 'ഫാബ്രിക്കേഷൻ' (ചിപ്പ് നിർമ്മാണം), 'പാക്കേജിംഗ്' (നിർമ്മിച്ച ചിപ്പുകൾ ഉപയോഗിക്കാൻ പാകത്തിൽ തയ്യാറാക്കൽ), 'ഡിസൈൻ' എന്നീ മൂന്ന് മേഖലകളിലും വലിയ മുന്നേറ്റം നടത്താം. ഭീകരവിരുദ്ധ പോരാട്ടം, സൈനിക സുരക്ഷ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് ലഭ്യമാകും. അടുത്തിടെ KABIL (Khanij Bidesh India Limited) വഴി അർജന്റീനയിൽ നിന്നും ലിഥിയം ബ്ലോക്കുകൾ ഇന്ത്യ വാങ്ങിയിരുന്നു. ഇതുകൂടാതെ ഇന്ത്യയിൽ 5.9 ദശലക്ഷം ടൺ ആഭ്യന്തര ലിഥിയം വിഭവങ്ങൾ ഉണ്ട്. ഓസ്ട്രേലിയ, നമീബിയ, ഡിആർസി എന്നിവരുമായി ഇന്ത്യ ധാതു കരാറുകൾ ചർച്ച ചെയ്തുവരികയാണ്. പാക്‌സ് സിലിക്കയിലേക്കുള്ള അംഗത്വത്തെ ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ട്.
വിദേശ ചിപ്പ് നിർമ്മാണ കമ്പനികൾക്ക് ഇന്ത്യയിൽ കൂടുതൽ ഫാക്ടറികൾ തുടങ്ങാനുള്ള വഴിയും പാക്‌സ് സിലിക്കയൊരുക്കും. സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യയും ജപ്പാനും തമ്മിൽ കരാറുകൾ ഇതിനോടകം തന്നെ നിലവിലുണ്ട്. ജപ്പാനും അമേരിക്കയും പോലുള്ള പാക്സ് സിലിക്ക അംഗങ്ങൾക്ക് അവരുടെ പദ്ധതികളെ പിന്തുണയ്ക്കാൻ ഇന്ത്യയുടേയും സഹായങ്ങൾ വേണ്ടിവരും. ഇത് ഇന്ത്യയ്ക്ക് സ്വന്തം സെമികണ്ടക്ടർ പദ്ധതികളെ വളർത്തിയെടുക്കാനുള്ള സഹായം നൽകും. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഭ്യന്തര ഉത്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ ഡിസൈനിലും നൂതന സാങ്കേതികവിദ്യയിലും കഴിവുകൾ വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യ സജ്ജമാവും.
മൈക്രോസോഫ്റ്റിന്റെ 17.5 ബില്യൺ ഡോളർ, ഗൂഗിളിന്റെ 15 ബില്യൺ ഡോളർ ഡാറ്റാ സെന്ററുകൾ പോലുള്ള പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ സെമികണ്ടക്ടറുകൾ, AI ഇൻഫ്രാസ്ട്രക്ചർ, നൂതന നിർമ്മാണം തുടങ്ങിയവയിൽ ഈ സഖ്യരാഷ്ട്രങ്ങൾക്ക് സംയുക്ത സംഭരണം നടത്താം. ദക്ഷിണ കൊറിയ, നെതർലാൻഡ്‌സ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി ഡിസൈൻ, പാക്കേജിംഗ്, AI എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് ലഭിക്കുന്ന അധിക ഇന്ധനമാണ്. യുഎസ്-ചൈന പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യയെ ഒരു ബദൽ കേന്ദ്രമായി നിലനിർത്താൻ ഇത് വഴിതുറക്കും.
Content Highlights: India partners with the US in the Pax Silica alliance to build supply chains for rare minerals & semiconductor chips, challenging China`s dominance.
Published: 21 Feb 2026, 11:18 am IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented