ന്ത്യയ്ക്ക് എഫ് 35 യുദ്ധവിമാനം നല്‍കാമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വാഗ്ദാനത്തിന് ഇന്ത്യ കൈകൊടുക്കണോ,  അതോ റഷ്യന്‍ എസ്.യു-57 യുദ്ധവിമാനമാണോ ഇന്ത്യ പരിഗണിക്കേണ്ടത്? ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പരിഗണനാ വിഷയങ്ങളാണ്. സാമ്പത്തികം, തന്ത്രപരമായ ബന്ധങ്ങള്‍, മേഖലയിലെ താത്പര്യങ്ങള്‍, ഇന്ത്യയുടെ ദേശീയ താത്പര്യം... അങ്ങനെ നിരവധി വിഷയങ്ങള്‍ ഒരു പ്രതിരോധ ഇടപാടിന് പിന്നിലെ വിഷയങ്ങളാണ്.   സ്‌ക്വാഡ്രണ്‍ ശേഷിയില്‍ ഇന്ത്യന്‍ വ്യോമസേന ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചൈനയേയും പാകിസ്താനെയും നേരിടാന്‍ കുറഞ്ഞത് 42 സ്‌ക്വാഡ്രണെങ്കിലും വേണ്ടതുണ്ട്. എന്നാല്‍ നിലവിലത് 30 സ്‌ക്വാഡ്രണ്‍ എന്ന നിലയിലാണ്. 

To advertise here,

ആകെ 542 യുദ്ധവിമാനങ്ങളാണ് ഇന്ത്യയ്ക്ക് നിലവിലുള്ളത്. ചൈനീസ് വ്യോമസേനയുടെ പക്കല്‍ 2184 യുദ്ധവിമാനങ്ങളുണ്ട്. പാകിസ്താന്റെ പക്കലാകട്ടെ 498 യുദ്ധവിമാനങ്ങളുണ്ടെന്നാണ് കണക്ക്. പാകിസ്താന്‍ അവരുടെ പഴക്കം ചെന്ന യുദ്ധവിമാനങ്ങള്‍ മാറ്റി ചൈനീസ് വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തദ്ദേശീയ ലഘു യുദ്ധവിമാനമായ 'തേജസ്' നിര്‍മിക്കാന്‍ എന്‍ജിന്‍ ലഭ്യതയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് സാധിക്കാതിരിക്കുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കമ്പനിയായ എച്ച്.എ.എല്ലും അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കും തമ്മില്‍ കരാറായി വരുന്നതേയുള്ളു. 

ആദ്യത്തെ തേജസ് സ്‌ക്വാഡ്രണ്‍ 2026-ല്‍ പോലും പൂര്‍ത്തിയാകില്ലെന്നാണ് വിലയിരുത്തുന്നത്. സൈനിക സാങ്കേതികവിദ്യയിലും ആധുനികവത്കരണത്തിലും ചൈന ബഹുദൂരം മുമ്പിലാണ്. 1500 അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ നിലവില്‍ ചൈനീസ് സേനയുടെ പക്കലുണ്ട്. ചൈനയില്‍നിന്ന് 40 ജെ-35 എസ് എന്ന അഞ്ചാം തലമുറ സെ്റ്റല്‍ത്ത് യുദ്ധവിമാനം പാകിസ്താനും വാങ്ങിയേക്കും. മാത്രമല്ല, തുര്‍ക്കിയുമായി സഹകരിച്ച് അവരുടെ കാന്‍ എന്ന അത്യാധുനിക സ്‌റ്റെല്‍ത്ത് യുദ്ധവിമാനം സംയുക്തമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി പാകിസ്താന്‍ മുന്നോട്ടുപോവുകയാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയിലും പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഒരേപോലെ അത്യാധുനിക യുദ്ധവിമാനങ്ങളുടെ സാന്നിധ്യമുണ്ടാകും. അപ്പോഴും തദ്ദേശീയമായ അഞ്ചാം തലമുറ യുദ്ധവിമാനം വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആരംഭിക്കുമോയെന്ന് കണ്ടറിയണം. 

നിലവിലെ സാഹചര്യത്തില്‍ അത് സംഭവിക്കാനുള്ള സാധ്യത തുലോം കുറവാണ്. 220 തേജസ് എംകെ-1, 120 തേജസ് എം.കെ.-2, 120 എ.എം.സി.എ എന്നിവയാണ് വ്യോമസേനയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. 2029 മാത്രമേ തേജസ് വിമാനങ്ങളുടെ ഉള്‍പ്പെടുത്തല്‍ പുരോഗമിക്കൂ. അപ്പോഴേക്കും 97 യുദ്ധവിമാനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 120 തേജസ് എം.കെ-2 വിമാനങ്ങള്‍ പുതുക്കിയ സമയക്രമം അനുസരിച്ച് 2035-ല്‍ മാത്രമേ പൂര്‍ണമായി സേനയുടെ ഭാഗമാകു. എ.എം.സി.എയുടെ കാര്യത്തിലാകട്ടെ ഉള്‍പ്പെടുത്തല്‍ പൂര്‍ത്തിയാകാന്‍ 2036 വരെ കാത്തിരിക്കണം. അത്രയും നാള്‍ വ്യോമസേന നേരിടുന്ന പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകും? 

വ്യോമസേനയുടെ പ്രതിസന്ധി മുന്നില്‍ കണ്ടാണ് 114 മീഡിയം മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ ( എം.ആര്‍.എഫ്.എ) വാങ്ങാന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ തയ്യാറായി വരുന്ന കാലതാമസത്തിനിടെ ആവശ്യമായ സ്‌ക്വാഡ്രണ്‍ നിലനിര്‍ത്താന്‍ ഈ പദ്ധതി സഹായകമാകുമായിരുന്നു. മിഗ് 29 ഉള്‍പ്പെടെയുള്ള പഴക്കം ചെന്ന വിമാനങ്ങള്‍ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. വിദേശ വിമാനങ്ങള്‍ വാങ്ങുന്നതുവഴി പരമാവധി 14 സ്‌ക്വാഡ്രണുകള്‍ സേനയിലേക്ക് കൂട്ടിച്ചേര്‍ക്കാനാകും. എന്നാല്‍ ഇക്കാര്യത്തിലും പുരോഗതിയുണ്ടാകുന്നില്ല. 

ഇതിലേക്കായി ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയേക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. ഇത്രയും ഉണ്ടെങ്കില്‍ പോലും ചൈനയും പാകിസ്താനും ഉയര്‍ത്തുന്ന സ്റ്റെല്‍ത്ത് ഭീഷണി ഒഴിവാക്കാനും വ്യോമ മേധാവിത്വം നിലനിര്‍ത്താനും ഇന്ത്യയ്ക്കും സ്റ്റെല്‍ത്ത് വിമാനങ്ങള്‍ അത്യാവശ്യമാണ്. തദ്ദേശീയമായ എ.എം.സി.എ ഇപ്പോഴും വികസനഘട്ടത്തിലായതിനാല്‍ തന്നെ കുറഞ്ഞത് 72 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് അത്യാവശ്യമാണുതാനും. എം.ആര്‍.എഫ്.എ. ടെന്‍ഡറിന് പകരം 72 സ്റ്റെല്‍ത്ത് വിമാനമാണോ വാങ്ങേണ്ടത് എന്ന കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ ആലോചനയിലാണ്. അടിയന്തര പ്രാധാന്യത്തിലാണെങ്കില്‍ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്കാകും മുന്‍ഗണന. 

നാല് സ്‌ക്വാഡ്രണ്‍ വന്നാല്‍ ചൈനയ്‌ക്കെതിരെ മൂന്നും പാകിസ്താനെതിരെ ഒന്നുമെന്ന കണക്കില്‍ നാല് സ്‌ക്വാഡ്രണുകളായി ഇവയെ വിന്യസിക്കാനാകും. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഓഫര്‍ വരുന്നത്. എന്നാല്‍, അമേരിക്കന്‍ ഓഫറിന് മുമ്പ് തന്നെ റഷ്യയും തങ്ങളുടെ അത്യാധുനിക സ്റ്റെല്‍ത്ത് വിമാനമായ എസ്.യു-57 ഇന്ത്യയ്ക്ക് നല്‍കാമെന്ന് വാഗ്ധാനം നല്‍കിയിരുന്നതാണ്.

ഇരുരാജ്യങ്ങളുടെയും വാഗ്ധാനങ്ങളും അതിന്റെ പ്രശ്‌നങ്ങളും പരിശോധിക്കാം. 

 

അമേരിക്കന്‍ എഫ്-35

ലോകത്ത് ഇന്നുള്ളതിലേറ്റവും മികച്ച അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കയുടെ എഫ്-35. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായ ഈ യുദ്ധവിമാനം ഇന്ന് സഖ്യകക്ഷികളും ഉപയോഗിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ യെലഹങ്ക വ്യോമ തവാളത്തില്‍ നടന്ന എയ്റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ എഫ്-35 പങ്കെടുത്തിരുന്നു.മൂന്ന് വേരിയന്റുകളിലാണ് എഫ്.35 യുദ്ധവിമാനങ്ങളുള്ളത്. എഫ്.35 എ ആണ് ആദ്യത്തേത്. ഇത് പരമ്പരാഗത രീതിയിലുള്ള നീളമേറിയ റണ്‍വേയില്‍നിന്ന് പറന്നുയരുന്നവയും ഇറങ്ങുന്നവയുമാണ്. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായ എഫ്.35 എയ്ക്ക് 8 കോടി ഡോളറാണ് വില. രണ്ടാമത്തേതാണ് എഫ്.35 ബി. ദൈര്‍ഘ്യം കുറഞ്ഞ റണ്‍വേയില്‍നിന്ന് പറന്നുയരാന്‍ കഴിയുന്നതും കുത്തനെ ഇറങ്ങാന്‍ കഴിയുന്നതുമാണ് എഫ്.35 ബി. 11.5 കോടി ഡോളറാണ് ഇതിന്റെ വില. മൂന്നാമത്തെ വേരിയന്റ് എഫ്-35സി വിമാന വാഹിനി കപ്പലുകളില്‍ ഉപയോഗിക്കാനുദ്ദേശിച്ചുള്ളതാണ്. എല്ലാത്തിലും അത്യാധുനിക സെന്‍സറുകളും സ്റ്റെല്‍ത്ത് സംവിധാനങ്ങളുമെല്ലാമുണ്ട്. ശബ്ദത്തേക്കാള്‍ 1.6 മടങ്ങ് വേഗത്തില്‍ പറക്കാന്‍ കഴിയുന്ന എഫ്-35ന് ഒറ്റയടിക്ക് 833 കിലോ മീറ്റര്‍ സഞ്ചരിക്കാനാകും. 50,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഈ യുദ്ധവിമാനം അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മിക്കുന്നത്. 

ആയുധങ്ങളും ഇന്ധനവുടക്കം 27,216 കിലോ ഭാരം വഹിക്കാന്‍ ഇതിന് സാധിക്കും. എയര്‍ ടു എയര്‍ മിസൈലുകള്‍ ബോംബുകള്‍ എന്നിവയാണ് പ്രധാന ആയുധങ്ങള്‍. മള്‍ട്ടിറോള്‍ യുദ്ധവിമാനമായ ഇവയ്ക്ക് പക്ഷെ ഒറ്റ എന്‍ജിന്‍ മാത്രമേയുള്ളു. പരമാവധി റഡാര്‍ ക്രോസ് സെക്ഷന്‍ കുറയ്ക്കാനാണ് ഈ രീതി അവലംബിച്ചത്. ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറിയുള്ള ആക്രമണങ്ങള്‍ക്കാണ് പ്രധാനമായും ഉപയോഗിക്കുക. എയര്‍ ഡോമിനന്‍സിനും പ്രയോജനപ്പെടും. അമേരിക്കയ്ക്ക് പുറമെ യുകെ, ജപ്പാന്‍, ഇസ്രയേല്‍, ഇറ്റലി, നെതര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, നോര്‍വേ, സിങ്കപ്പുര്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ഈ യുദ്ധവിമാനം നിലവിലുപയോഗിക്കുന്നത്. ബെല്‍ജിയം, ജര്‍മനി, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇവ വാങ്ങാനായി ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. 

ഇത്രയുമാണെങ്കിലും എഫ് -35 ഇന്ത്യ വാങ്ങിയാല്‍ ഇതിന്റെ അറ്റകുറ്റപ്പണിയും സ്‌പെയര്‍പാര്‍ട്‌സിനും ഉപയോഗിക്കുന്ന കാലത്തോളം അമേരിക്കയെ ആശ്രയിക്കേണ്ടി വരും. സങ്കീര്‍ണമായ സാങ്കേതികവിദ്യ ആയിരുന്നതിനാല്‍ സംരക്ഷണമുള്‍പ്പെടെയുള്ള ലോജിസ്റ്റിക് ചെലവുകളും കുത്തനെ ഉയരും. അമേരിക്ക ഒരിക്കലും അവരുടെ അത്യാധുനിക സാങ്കേതികവിദ്യ മറ്റാരുമായും പങ്കുവെക്കാറില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഇവ ലൈസന്‍സോടെ നിര്‍മിക്കാനുള്ള അവസരവും കുറയും. പ്രതിരോധ മേഖലയില്‍ വിദേശ ആശ്രിതത്വം കുറയ്ക്കാനാഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് ഇത് സ്വീകാര്യവുമല്ല. മാത്രമല്ല, ഇത്തരം ആയുധങ്ങളില്‍ അമേരിക്കന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടി വരും. പ്രത്യേകിച്ച് അമേരിക്ക ഏറെ എതിര്‍ത്ത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യയുടെ പക്കലുള്ളപ്പോള്‍

പലപ്പോഴും വിമാനത്തിന്റെ സോഫ്റ്റ്‌വേര്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുമുണ്ട്. എന്‍ജിന്‍, ലാന്‍ഡിങ് ഗിയര്‍ തുടങ്ങിയവയിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. മാത്രമല്ല, വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാനവേധ തോക്കുകളുടെ കൃത്യതയിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 മുതല്‍ 2025 വരെ 11 അപകടങ്ങള്‍ എഫ്-35 വിമാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. വിമാനം വാങ്ങിയ മിക്ക രാജ്യങ്ങളിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. നിര്‍മാണം അമേരിക്കന്‍ കമ്പനിയുടേതായിട്ടും അതിന്റെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാതെ പുറത്തുവന്നത് നിരവധി രാജ്യങ്ങളുടെ പക്കല്‍ ഇവയുണ്ടായിരുന്നതുകൊണ്ടാണ്. എന്നിരുന്നാലും എഫ്-35ന് ബദലായി മറ്റെരു വിമാനം മറ്റാരില്‍നിന്നും വാങ്ങാനുള്ള അവസരവും ഈ രാജ്യങ്ങള്‍ക്കുണ്ടായിരുന്നുമില്ല. 

റഷ്യയുടെ എസ്.യു-57 

ഒറ്റ സീറ്റ് ഇരട്ട എന്‍ജിന്‍ സ്‌റ്റെല്‍ത്ത് വിമാനമാണ് എസ്.യു-57. രണ്ട് ആയുധ അറകളാണ് ഇതിനുള്ളത്. ബോംബുകളും മിസൈലുകളും ഇതിനുള്ളിലാണ് സൂക്ഷിക്കുക. ചെറിയ റണ്‍വേയില്‍ നിന്ന് പറന്നുയരാനും കുത്തനെ പറന്നുയരാനുമൊക്കെ ഇതിന് സാധിക്കും. ശക്തമായ എന്‍ജിന്‍, വളരെ പെട്ടെന്ന് കുത്തനെയും തിരിഞ്ഞും മറിയാനുള്ള ശേഷി, പെട്ടെന്ന് ദിശമാറ്റാനുള്ള സംവിധാനങ്ങള്‍, ശക്തമായ റഡാര്‍, വളരെ കുറഞ്ഞ റഡാര്‍ ക്രോസ് സെക്ഷന്‍ തുടങ്ങി അമേരിക്കന്‍ സാങ്കേതികവിദ്യയോട് കിടപിടിക്കുന്ന സാങ്കേതികവിദ്യയാണ് എസ്.യു-57ന്റേതും. എഫ്-35നെ വേഗതയില്‍ മറികടക്കും. ശബ്ദത്തേക്കാള്‍ രണ്ടു മടങ്ങാണ് ഇതിന്റെ ഉയര്‍ന്ന വേഗം. 1900 കിലോ മീറ്ററാണ് ഇതിന്റെ പരിധി. ഇന്ധനമുള്‍പ്പെടെ 37,000 കിലോ ഭാരം വഹിച്ച് പറന്നുയരാന്‍ സാധിക്കും. 10,000 കിലോയോളം ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി. ആയുധ അറയ്ക്ക് പുറമെ ബോംബുകളും മിസൈലുകളും ഘടിപ്പിക്കാനുള്ള ഹാര്‍ഡ് പോയിന്റുകളുമുണ്ട്.  അഞ്ച് കോടി ഡോളറാണ് ഒരു വിമാനത്തിന് ചെലവ് വരിക. ഇന്ത്യയില്‍ തന്നെ നിര്‍മിച്ചാല്‍ ചെലവ് കുറയും. 

ഇന്ത്യയും റഷ്യയും തമ്മില്‍ തുല്യ പങ്കാളിത്തത്തോടെ സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാന്‍ 2007-ല്‍ ധാരണയായിരുന്നു. എന്നാല്‍, നിര്‍മാണ ചെലവും സാങ്കേതി കൈമാറ്റവും വിതരണത്തിനെടുക്കുന്ന കാലതാമസവുമൊക്കെ ചൂണ്ടിക്കാട്ടി ഇന്ത്യ അതില്‍നിന്ന് പിന്മാറി. റഷ്യ പദ്ധതിയുമായി മുന്നോട്ടുപോവുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. അതാണ് ഇപ്പോള്‍ എസ്.യു-57 എന്ന പേരില്‍ അറിയപ്പെടുന്നത്. റഷ്യയുമായി ചേര്‍ന്നുള്ള പദ്ധതിയില്‍നിന്ന് പിന്മാറി സ്വന്തം സ്റ്റെല്‍ത്ത് വിമാന പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോയി. ഇന്ത്യന്‍ പദ്ധതി ഇപ്പോഴും വികസന ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് അന്ന് പിന്മാറിയ പദ്ധതി ഇന്ത്യയെ കൂടാതെ തന്നെ റഷ്യ പൂര്‍ത്തിയാക്കിയത്. അന്ന് പിന്മാറിയ സമയത്ത് എപ്പോള്‍ വേണമെങ്കിലും തിരികെ ചേരാനുള്ള അവസരം നിലനിര്‍ത്തിയിരുന്നു ഇന്ത്യ.  എസ്.യു-57 പദ്ധതിയില്‍ ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്നാണ് റഷ്യ ഇപ്പോഴും പറയുന്നത്. 

ഇന്ത്യയില്‍ തന്നെ നിര്‍മാണ സൗകര്യങ്ങളൊരുക്കി, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തദ്ദേശീയ ഘടകങ്ങള്‍ ഉപയോഗിച്ച് എസ്.യു-57 നിര്‍മിക്കാം. ഇതിനായി ഇന്ത്യയ്ക്ക് മുഴുവന്‍ സാങ്കേതികവിദ്യയും കൈമാറാമെന്ന് ഇപ്പോള്‍ റഷ്യ പറയുന്നത്. ഇന്ത്യ- റഷ്യ ബന്ധം ശക്തിപ്പെടുത്താനുള്ള തന്ത്രവും ഇന്ത്യ, അമേരിക്കന്‍ പക്ഷത്തേക്ക് ചായുന്നത് തടയുക എന്നതും ഈ വിശാലമായ വാഗ്ധാനത്തിന് പിന്നിലുണ്ട്. റഷ്യയുടെ ലൈസന്‍സോടെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായ സുഖോയ് 30എംകെഐ വിമാനങ്ങള്‍ എച്ച്.എ.എല്‍. ആണ് നിര്‍മിക്കുന്നത്. ഇതിനാവശ്യമായ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയിരുന്നു. സുഖോയ് നിര്‍മിക്കുന്ന യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തന്നെയാണ് എസ്.യു-57ഉം നിര്‍മിക്കുന്നത്. ഇന്ത്യയില്‍ സുഖോയ് വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ തന്നെ അധികം ചെലവില്ലാതെ തന്നെ പരിഷ്‌കരിച്ച് എസ്.യു-57 ന് വേണ്ടി ഉപയോഗിക്കാമെന്നാണ് റഷ്യന്‍ പ്രതിരോധ കയറ്റുമതി ഏജന്‍സിയായ റോസ്‌ബോറോണെക്‌സ്‌പോര്‍ട്ട് പറയുന്നത്. 

ഇന്ത്യയില്‍നിന്ന് ഓര്‍ഡര്‍ വാങ്ങി റഷ്യയില്‍ നിര്‍മിച്ച് കൊടുക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് സാധിക്കില്ല എന്നുള്ളതാണ് പ്രധാനം. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് നിര്‍മാണ ഘടകങ്ങള്‍ക്ക് ലഭ്യത കുറവുണ്ട്.  ഇന്ത്യയില്‍ ഇവ നിര്‍മിക്കുമ്പോള്‍ ആ പ്രശ്‌നം കാര്യമായി നിര്‍മാണ കമ്പനിക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. മാത്രമല്ല, ഇന്ത്യയ്ക്ക് നല്‍കുന്ന സാങ്കേതികവിദ്യ ഇന്ത്യന്‍ സ്റ്റെല്‍ത്ത് വിമാന വികസനത്തിന് ഉപയോഗിക്കാമെന്നും കുറച്ചുകൂടി മധുരമായി റഷ്യ പറഞ്ഞുവെച്ചു. എന്തുകൊണ്ടും ഇന്ത്യയ്ക്ക് അനുയോജ്യമായ ഇടപാടെന്ന് തോന്നാം. എന്നാല്‍, ഇന്തോ- പസഫിക്കില്‍ ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ്. ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇരുരാജ്യങ്ങളുമായും സൈനിക- സാമ്പത്തിക സൗഹൃദമുള്ള റഷ്യയ്ക്ക് നിഷ്പക്ഷത പാലിക്കേണ്ടിയും വരും. അതിനാല്‍ ഇന്ത്യയ്ക്ക് റഷ്യന്‍ സഹായം പ്രതീക്ഷിക്കാനാകില്ല. അവിടെ അമേരിക്കന്‍ പിന്തുണ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനാകു. 

ഇന്ത്യയെ കൂടെക്കൂട്ടാനുള്ള അമേരിക്കന്‍ താത്പര്യം ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം വര്‍ധിച്ചിട്ടുമുണ്ട്. റഷ്യയെ സഹായിക്കുന്ന ഇന്ത്യയെ അവിടെനിന്ന് മാറ്റി സ്വന്തം ചേരിയിലേക്ക് കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നത്.  എന്നിരുന്നാലും ഇന്ത്യയ്ക്ക് ക്രിട്ടിക്കല്‍ സാങ്കേതികവിദ്യ കൈമാറ്റത്തേ പറ്റി അമേരിക്ക ചിന്തിക്കുമെന്നുറപ്പില്ല. അതുകൊണ്ടുതന്നെ അമേരിക്കന്‍ ചൂണ്ടയില്‍ ഇന്ത്യ കൊത്താനുള്ള സാധ്യത കുറവുമാണ്. അമേരിക്കന്‍ ആയുധങ്ങള്‍ ഇന്ത്യയ്ക്ക് വേണമെങ്കിലും സങ്കീര്‍ണമായ യുദ്ധവിമാന സാങ്കേതികവിദ്യ ലഭിക്കാതെ അതിന് മുതിരാനുള്ള സാധ്യത കുറവാണ്. ചൈനീസ് ഭീഷണി ഉയരുന്നതിനനുസരിച്ച് അമേരിക്കന്‍ പക്ഷത്തേക്ക് ഇന്ത്യ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ഇന്ത്യയ്ക്ക് നല്‍കേണ്ട വില ചിലപ്പോള്‍ സാങ്കേതികവിദ്യയിലെ അമേരിക്കന്‍ ആശ്രിതത്വമായി മാറാം.