ന്ത്യയുടെ രാജ്യാന്തര നയത്തിന് നിര്‍ണായകമായ ഒരു ഉച്ചകോടിയായിരുന്നു ടിയാന്‍ജിനില്‍ സമാപിച്ച ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) 25-ാം സമ്മേളനം. ഡൊണാള്‍ഡ് ട്രംപിന്റെ 'ശിക്ഷാ'പരമായ തീരുവചുമത്തലിനെ തുടര്‍ന്ന്, അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പ്രക്ഷുബ്ധാവസ്ഥയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തിയത്. 

To advertise here,

ഇന്ത്യ തങ്ങളുടെ ഊര്‍ജസുരക്ഷ  നോക്കുകമാത്രമാണ് ചെയ്യുന്നതെന്ന് ആവര്‍ത്തിച്ചിട്ടും താഴ്ന്നവിലയ്ക്ക് ക്രൂഡ്ഓയില്‍ വാങ്ങുന്നതിലൂടെ റഷ്യയുടെ യുദ്ധവ്യവസായത്തെ സഹായിക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്ന് അമേരിക്ക ആരോപിച്ചുകൊണ്ടിരുന്നു. ഈ സമ്മര്‍ദങ്ങള്‍ മറികടക്കാനും തന്ത്രപരമായ സ്വാതന്ത്ര്യം ഉറപ്പിക്കാനും അന്താരാഷ്ട്രവിഷയങ്ങളെ അവയുടെ ശരി-തെറ്റുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിന് ഇന്ത്യക്ക് അതിന്റേതായ രീതിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനും ഉച്ചകോടി മോദിക്ക് അവസരമൊരുക്കി. 

ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും മോദി ഊഷ്മളമായി ഇടപെടുന്നതും ചര്‍ച്ചചെയ്യുന്നതും ട്രംപിന് അലോസരമുണ്ടാക്കും എന്നകാര്യത്തില്‍ സംശയമില്ല. ഇന്ത്യ ഒറ്റപ്പെടാനോ അമേരിക്കന്‍ ആജ്ഞകള്‍ക്ക് വിധേയമാകാനോ തയ്യാറല്ല എന്ന സന്ദേശം ഇത് നല്‍കുന്നുണ്ട്. മാത്രമല്ല, പാകിസ്താന്റെ സാന്നിധ്യത്തില്‍ത്തന്നെ പഹല്‍ഗാം ഭീകരാക്രമണത്തെ ഷാങ്ഹായ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഇന്ത്യ നേടിയ വിജയം ഒരു പ്രധാന നയതന്ത്ര ചുവടുവെപ്പായിരുന്നു. 

ഗാല്‍വന്‍ സംഭവത്തിനുശേഷം, ചൈനയെ നേരിടുന്നതില്‍ മോദി വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ വാദിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. അതിനാല്‍ ഉച്ചകോടി ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ മാറ്റുരയ്ക്കുന്ന വേദിയായിരുന്നു. 

ട്രംപിന്റെ തീരുവകളും എണ്ണ ഇറക്കുമതിയും 

മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലം അത്യന്തം പിരിമുറുക്കമുള്ളതായിരുന്നു. 2022-ല്‍ യുക്രൈനില്‍ യുദ്ധം തുടങ്ങിയതിനുശേഷം ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി കുത്തനെ വര്‍ധിച്ചതോടെ, 2022-നും 2025-നും ഇടയില്‍ ഇന്ത്യന്‍ റിഫൈനര്‍മാര്‍ക്ക് കുറഞ്ഞത് 12.6 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് വിദഗ്ധരുടെ കണക്കുകള്‍ പറയുന്നു. ഒരുകാലത്ത് നാമമാത്ര വിതരണക്കാരനായിരുന്ന റഷ്യ, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്രോതസ്സായി മാറിയിരിക്കുന്നു - ഇറക്കുമതിയുടെ മൂന്നിലൊന്നിലധികം. 

ആഗോളവിലസ്ഥിരത നിലനിര്‍ത്താന്‍ തങ്ങളുടെ എണ്ണ ഇറക്കുമതി സഹായിച്ചെന്ന് ഇന്ത്യ വാദിക്കുന്നുണ്ട്. റഷ്യന്‍ എണ്ണ വലിയ ഒരു പരോക്ഷ ലാഭമാണെന്നും 88 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വളരെയധികം പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. 

ട്രംപ് ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധികത്തീരുവ ചുമത്തി; നേരത്തേ 25 ശതമാനം ആയിരുന്നതിനുപുറമേ. 2024-'25-ല്‍ 87 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയെ ബാധിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമായ ചൈനയ്‌ക്കെതിരേ സമാനമായ നടപടികള്‍ അദ്ദേഹം ഒഴിവാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത് അമേരിക്കയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി. 

ഒരു മുന്നറിയിപ്പായിട്ടാണ് തീരുവകള്‍ ഏര്‍പ്പെടുത്തിയതെങ്കിലും രാജ്യാന്തരരംഗത്തെ തങ്ങളുടെ നയങ്ങളും തീരുമാനങ്ങളും നിയന്ത്രിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് ഇന്ത്യ ഉച്ചകോടിയില്‍ തിരിച്ചടിച്ചു. ഇന്ത്യന്‍ വിദേശനയത്തിന്റെ 'തന്ത്രപരമായ സ്വാതന്ത്ര്യം' എന്ന തത്ത്വം വീണ്ടും  ആവര്‍ത്തിക്കപ്പെട്ടു.

ഇന്ത്യയും ചൈനയും പുതിയ പങ്കാളികളോ?

മോദി ടിയാന്‍ജിനില്‍ ഷി ജിന്‍ പിങ്ങിനെ കണ്ടതു വലിയ വാര്‍ത്തയായി. 2024 ഒക്ടോബറിനുശേഷം നടന്ന ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു അത്. ബന്ധങ്ങള്‍ രാജ്യാന്തര യാഥാര്‍ഥ്യങ്ങളുടെ സവിശേഷ സാഹചര്യങ്ങളുടെ കണ്ണിലൂടെ കാണണമെന്ന് ഇരു നേതാക്കളും പറഞ്ഞു. പരസ്പരം ''പങ്കാളികള്‍, എതിരാളികള്‍ അല്ല'' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ചര്‍ച്ചകള്‍. പ്രതീകാത്മകമായിരുന്നു ഇരുവരുടെയും ഇടപെടലുകള്‍. 

2020-ലെ ഗാല്‍വന്‍ ഏറ്റുമുട്ടലിനുശേഷം ബന്ധങ്ങള്‍ വഷളായിരുന്ന സാഹചര്യങ്ങള്‍ ഇപ്പോള്‍ അയഞ്ഞുതുടങ്ങി; അതിര്‍ത്തിയുടെ ചില ഭാഗങ്ങളില്‍ സൈനിക വിന്യാസം നടന്നിട്ടുണ്ടെങ്കിലും. അതിര്‍ത്തിയില്‍ സമാധാനം അനിവാര്യമാണെന്ന് മോദി ഊന്നിപ്പറഞ്ഞെങ്കിലും അതിര്‍ത്തിപ്രശ്‌നം ബന്ധങ്ങളെ 'നിര്‍വചിക്കാന്‍' അനുവദിക്കരുതെന്ന് ആഗ്രഹിച്ചുകൊണ്ട്, മറ്റു പരാമര്‍ശങ്ങള്‍ ഷി ഒഴിവാക്കി. 'പങ്കാളികള്‍, എതിരാളികളല്ല' എന്ന പ്രയോഗം  വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ വെറും പ്രതിഫലനമല്ലെന്ന് വിദേശകാര്യവക്താക്കള്‍ വ്യക്തമാക്കി. 

പങ്കാളിത്തത്തിന്റെ ഭാഷ പുനരുജ്ജീവിപ്പിക്കാന്‍ മോദിയും ഷിയും സമ്മതിച്ചു എന്ന വസ്തുത പ്രധാനമായിരുന്നു. സാമ്പത്തികബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം രാഷ്ട്രീയമായി പിരിമുറുക്കങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് ഇത് സൂചന നല്‍കി. 2024-'25-ല്‍ ചൈനയുമായുള്ള വ്യാപാരം 128 ബില്യണ്‍ ഡോളറിലെത്തിയിരുന്നു, എന്നാല്‍, കമ്മിറെക്കോഡ് 99.2 ബില്യണ്‍ ഡോളറായിരുന്നു, ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള വ്യാപാര വിടവിന്റെ മൂന്നിലൊന്ന് വരും. 

പലരും ഈ അസന്തുലിതാവസ്ഥ ഇന്ത്യയുടെ ഒരു ദുര്‍ബലതയായി കാണുന്നുണ്ട്. ചൈനയുമായുള്ള  അനുരഞ്ജനനീക്കങ്ങള്‍ ദീര്‍ഘകാല താത്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നു ചിലര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്. ചൈനയുമായുള്ള സാമ്പത്തികബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകുമ്പോഴെല്ലാം രാഷ്ട്രീയബന്ധങ്ങള്‍ ദുര്‍ബലമായി തുടരുന്ന സാഹചര്യം നേരത്തേയും ഉണ്ടായിരുന്നു.

വിജയകരമായ പഹല്‍ഗാം പരാമര്‍ശം

ഷി ജിന്‍പിങ്ങിനോടും പുതിനോടുമുള്ള മോദിയുടെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത് അമേരിക്കന്‍ സമ്മര്‍ദത്തെ ചെറുക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍, ടിയാന്‍ജിനില്‍ മോദിയുടെ ഏറ്റവും വലിയ നേട്ടം പഹല്‍ഗാം ഭീകരാക്രമണത്തെ ടിയാന്‍ജിന്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതാണ്. നീതി ആവശ്യപ്പെട്ടുകൊണ്ട് അനുശോചനം രേഖപ്പെടുത്തിയും ഭീകരസംഘടനകളെ സ്വാര്‍ഥത താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരേയും സമ്മേളനം മുന്നറിയിപ്പുനല്‍കി. പാകിസ്താന്‍ എസ്സിഒയിലെ പൂര്‍ണ അംഗമായിരുന്നിട്ടും പ്രഖ്യാപനംവന്നത് അവര്‍ക്കു തിരിച്ചടിയായി. 

വര്‍ഷങ്ങളായി ഇന്ത്യന്‍ മണ്ണില്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് പാകിസ്താന്‍ ആരോപണം നേരിട്ടിരുന്നു. ചൈനയുടെ പിന്തുണ ഇക്കാര്യത്തില്‍ പാകിസ്താന് ലഭിച്ചില്ല എന്ന് ഇന്ത്യ ആശ്വസിക്കുന്നു. ഇസ്ലാമാബാദിന് പ്രഖ്യാപനത്തിനൊപ്പം പോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. പഹല്‍ഗാം ആക്രമണത്തെ ''ഇന്ത്യയുടെ ആത്മാവിനു നേരേയുള്ള ആക്രമണം മാത്രമല്ല, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഓരോ രാജ്യത്തിനുമുള്ള തുറന്ന വെല്ലുവിളിയുമാണ്'' എന്നാണ് മോദി വിശേഷിപ്പിച്ചത്. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തമായ നയതന്ത്രവിജയമായിരുന്നു. എസ്സിഒയ്ക്കുള്ളില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയും അതിര്‍ത്തികടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആഗോളനിലപാട് ശക്തിപ്പെടുത്തുകയും ഈ വിഷയത്തില്‍ ചൈനയും റഷ്യയും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് തെളിയിക്കുകയും ചെയ്തു.

എസ്‌സിഒ എന്ന ഉദയം 

2001-ല്‍ സ്ഥാപിതമായതിനുശേഷം എസ്‌സിഒ ഗണ്യമായി വളര്‍ന്നു. ആറ് അംഗങ്ങളില്‍നിന്ന് ഇപ്പോള്‍ പത്ത് സ്ഥിരാംഗങ്ങളുണ്ട്. നിരീക്ഷകരും സംഭാഷണ പങ്കാളികളും ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നവരിലേക്കും ആഗോള ജിഡിപിയുടെ നാലിലൊന്ന് വരുന്നവരിലേക്കും അതിന്റെ വളര്‍ച്ചയെത്തിനില്‍ക്കുന്നു. 2024-ല്‍, എസ്‌സിഒ പങ്കാളികളുമായുള്ള ചൈനയുടെ വ്യാപാരം 890.3 ബില്യണ്‍ ഡോളറിലെത്തി-ഇത് മൊത്തം വ്യാപാരത്തിന്റെ ഏകദേശം 14.4% ആണ്. 

ടിയാന്‍ജിനില്‍ വെച്ച്, ഷി ജിന്‍പിങ് അംഗരാജ്യങ്ങള്‍ക്ക് 280 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്യുകയും 'ശീതയുദ്ധ മാനസികാവസ്ഥ' ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പാശ്ചാത്യ നേതൃത്വത്തിലുള്ള ചട്ടക്കൂടുകള്‍ക്ക് ബദലായി, എസ്‌സിഒയെ 'യഥാര്‍ഥ ബഹുമുഖത്വത്തിന്റെ' ഒരു ഉദാഹരണമായി അദ്ദേഹം വിശേഷിപ്പിച്ചു. ചൈനയെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ആധിപത്യമുള്ള ക്രമത്തിന് ബദലായി എസ്‌സിഒയെ ഉയര്‍ത്തിക്കാട്ടാനും യുറേഷ്യന്‍ ഐക്യം പ്രദര്‍ശിപ്പിക്കാനുമുള്ള ഒരു അവസരമായിരുന്നു ഉച്ചകോടി. 

മോദി, ഷി ജിന്‍പിങ്, പുതിന്‍ എന്നിവര്‍ തമ്മിലുള്ള  സൗഹൃദം ഉച്ചകോടിയുടെ പ്രധാന ദൃശ്യവിസ്മയമായി. ട്രംപിന്റെ തീരുവ ആക്രമണത്തിനിടയില്‍ അവരുടെ പുഞ്ചിരികളും ഹസ്തദാനങ്ങളും സജീവമായ സംഭാഷണങ്ങളും ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായി വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. വൈറലായ ഒരു ക്ലിപ്പില്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഒരു അശുഭകരമായ മുഖഭാവത്തോടെ വശങ്ങളില്‍നിന്ന് നോക്കുന്നത് കാണാമായിരുന്നു. ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഒരു ബഹുധ്രുവലോകക്രമം രൂപപ്പെടുത്തുന്നതില്‍ പങ്കാളികളായി സ്വയം അവതരിപ്പിക്കുമ്പോള്‍, പാകിസ്താന്‍ ഒറ്റപ്പെട്ടു.

'ഭീഷണി വേണ്ട' 

എസ്‌സിഒ ഉച്ചകോടി അമേരിക്കുള്ള ഒരു മുന്നറിയിപ്പായും മാറി. റഷ്യയെ ആശ്ലേഷിച്ചും ചൈനയെ സ്വീകരിച്ചും ഇന്ത്യ നടത്തിയ  നീക്കം അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. പാശ്ചാത്യ അംഗീകാരത്തെ ആശ്രയിക്കുന്ന ഒരു 'നിര്‍ജീവ സമ്പദ്വ്യവസ്ഥ'യല്ല ഇന്ത്യയെന്നും ഊര്‍ജവിപണികളെ രൂപപ്പെടുത്താന്‍ കഴിവുള്ള ഒരു പ്രധാനശക്തിയാണെന്നും അവ രേഖപ്പെടുത്തി. ടിയാന്‍ജിനില്‍ നിന്നുള്ള സന്ദേശം ഇന്ത്യയുടെ ഇച്ഛാശക്തിയെ എളുപ്പത്തില്‍ വളച്ചൊടിക്കാന്‍ കഴിയില്ല എന്നതായിരുന്നു. 

യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് മോദി ആവര്‍ത്തിച്ചു. റഷ്യയെ നേരിട്ട് അപലപിക്കാന്‍ വിസമ്മതിക്കുകയും സംഭാഷണത്തിനും നയതന്ത്രത്തിനും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു അദ്ദേഹത്തിന്റെ നിലപാട്. മുന്‍കാല നയങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. 

ടിയാന്‍ജിന്‍ ഉച്ചകോടി ഇന്ത്യയ്ക്ക് അവസരങ്ങളും വെല്ലുവിളികളും വാഗ്ദാനം ചെയ്തു. ട്രംപിന്റെ തീരുവ ആക്രമണത്തെ മറികടക്കാനും റഷ്യയുമായും ചൈനയുമായും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഭീകരതയ്ക്കെതിരേ അപൂര്‍വമായ നയതന്ത്രവിജയം നേടാനും മോദി ഈ വേദി ഉപയോഗിച്ചു. ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും തന്ത്രപരമായ സ്വാതന്ത്യ്രത്തിന് അത് ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ഉച്ചകോടിയുടെ കാഴ്ചപ്പാടുകള്‍ തെളിയിച്ചു. ആഗോള വിഷയങ്ങളില്‍ ഇന്ത്യ ഒരു നിഷ്‌ക്രിയ രാജ്യമല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ടിയാന്‍ജിന്‍ ഉച്ചകോടി. 

(ലേഖകന്‍ എം.ജി. സര്‍വകലാശാലാ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ഡയറക്ടറും രാജ്യാന്തരപഠന വിദഗ്ധനുമാണ്)