തീരുവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടുംവരെ ഇന്ത്യയുമായി വ്യാപാരചർച്ചയ്ക്കില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യക്ക്‌ 25 ശതമാനം അധികതീരുവ ചുമത്തിയതിനുപിന്നാലെയാണ് ട്രംപ് കടുത്ത നിലപാടുകൾ പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരേ 50 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രാബല്യത്തിൽവന്ന 25 ശതമാനം പകരച്ചുങ്കവും റഷ്യൻ എണ്ണയുടെപേരിൽ ഓഗസ്റ്റ് 27-ന് നിലവിൽവരാനിരിക്കുന്ന 25 ശതമാനം അധികതീരുവയും ചേർന്നുള്ളതാണ് ഇന്ത്യയ്ക്കുള്ള യുഎസിന്റെ 50 ശതമാനം തീരുവ. റഷ്യയിൽനിന്ന് കൂടുതൽ എണ്ണവാങ്ങുന്ന രാജ്യങ്ങളായ ചൈനയ്ക്ക്-30 ശതമാനവും തുർക്കിയ്ക്ക്-15 ശതമാനവുമാണ് യുഎസ് തീരുവ. റഷ്യൻ എണ്ണവാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഏതാണ്ട് ചൈനയ്ക്കൊപ്പമാണെന്ന് ആരോപിച്ച ട്രംപ് യുഎസിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഉപരോധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. 

To advertise here,

ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണവിതരണ രാജ്യമായി റഷ്യ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി. 2019-20 സാമ്പത്തികവര്‍ഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വെറും 1.7 ശതമാനം മാത്രമായിരുന്നു റഷ്യന്‍ വിഹിതം. എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 35 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവിൽ 8.8 കോടി ടണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്നു ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണവിലയ്ക്ക് പരിധി നിശ്ചയിച്ചതോടെയാണ് ഇന്ത്യ ഇറക്കുമതി വർധിപ്പിച്ചത്. ഇത് വലിയ ലാഭമാണ് രാജ്യത്തിന് നേടിക്കൊടുത്തത്. ട്രംപിന്റെ ഭീഷണി എങ്ങനെയാണ് ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തെ ബാധിക്കുക? എണ്ണ ഇറക്കുമതി കുറച്ചാൽ എന്താണ് ഇന്ത്യയ്ക്ക് നഷ്ടം? 

മുമ്പ് യൂറോപ്പ്, ഇപ്പോള്‍ ഏഷ്യ

റഷ്യയുടെ വലിയ വ്യാപാര പങ്കാളിയായിരുന്നു യൂറോപ്യൻ യൂണിയൻ. 2022 ഫെബ്രുവരി 24-ന് യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ കടുത്ത നടപടികളിലേക്ക് കടന്നത്. റഷ്യയുടെ യുദ്ധനടപടി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തെ ശക്തമായി ബാധിച്ചു. റഷ്യയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഫലമായി 2022-നും 2025-നും ഇടയില്‍ റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ 58 ശതമാനം കുറയുകയും റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 86 ശതമാനം കുറവുണ്ടാവുകയും ചെയ്തു. അധിനിവേശത്തിന് മുമ്പ് റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യൂറോപ്യന്‍ യൂണിയന്‍. യുക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷം പിന്നിട്ടതോടെ 2024-ല്‍ റഷ്യയുമായുള്ള വ്യാപാര പങ്കാളിത്വത്തില്‍ ഒന്നാമതായിരുന്ന യൂറോപ്യന്‍ യൂണിയന് മൂന്നാം സ്ഥാനത്തായി. യുക്രൈന്‍ യുദ്ധത്തിന് മുമ്പ് യൂറോപ്യൻ യൂണിയനായിരുന്നു റഷ്യൻ എണ്ണയുടെ പ്രധാന ആവശ്യക്കാർ.  2021-ൽ പ്രതിദിനം 3.5 ബില്യൺ ബാരൽ എണ്ണയാണ്  യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. 2024-ൽ ഇത് 0.4  ബില്യൺ ബാരലായി കുറഞ്ഞു. 

യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും എണ്ണയ്ക്ക് വിലപരിധി നിശ്ചയിക്കുകയും ചെയ്തതോടെ ചൈനയും ഇന്ത്യമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും തുര്‍ക്കിയും വലിയ തോതില്‍ എണ്ണ വാങ്ങാന്‍ ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങിയതോടെ ഏഷ്യയായി റഷ്യന്‍ എണ്ണയുടെ പ്രധാന ആവശ്യക്കാര്‍. നിലവില്‍ ചൈനയാണ് റഷ്യയില്‍ നിന്ന് ഏറ്റവുമധികം ഊര്‍ജവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്. ഏകദേശം 219.5 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഊര്‍ജം (എണ്ണ, വാതകം, കല്‍ക്കരി) അവര്‍ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യ ഏകദേശം 133.4 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഊര്‍ജ ഉത്പന്നങ്ങള്‍ വാങ്ങുന്നു. തുര്‍ക്കി റഷ്യയില്‍ നിന്ന് ഏകദേശം 90.3 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഊര്‍ജം ഇറക്കുമതി ചെയ്യുന്നു. ഹംഗറി അടക്കമുള്ള ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും പൈപ്പ്‌ലൈനുകള്‍ വഴി ചെറിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. പക്ഷേ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധങ്ങള്‍ കാരണം അവരുടെ വാങ്ങലുകള്‍ കുറച്ചിട്ടുണ്ട്.

placeholder
US President Donald Trump delivers remarks on reciprocal tariffs as US Secretary of Commerce Howard Lutnick holds a chart during an event in the Rose Garden entitled 'Make America Wealthy Again' at the White House in Washington, DC
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: Brendan Smialowski / AFP

ഇന്ത്യയിലേക്ക് ഒഴുകി റഷ്യന്‍ എണ്ണ

ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രം പ്രതിദിനം അഞ്ച് ദശലക്ഷം ബാരലിലധികം എണ്ണ ആവശ്യമാണ്. അതില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.  ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. പരമ്പരാഗതമായി ഇന്ത്യ ഒരിക്കലും റഷ്യന്‍ എണ്ണയുടെ വലിയ ഉപഭോക്താവായിരുന്നില്ല. 2020-ല്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 1.7 ശതമാനം മാത്രമാണ് റഷ്യയില്‍നിന്ന് ഉണ്ടായത്‌. അതുവരെ പശ്ചിമേഷ്യയിലെ പരമ്പരാഗത എണ്ണ ഉത്പാദകരായ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവരെയാണ് ക്രൂഡ് ഓയിയിനായി ഇന്ത്യ ആശ്രയിച്ചിരുന്നത്.  2022-ല്‍ റഷ്യ യുക്രൈനെ ആക്രമിച്ചതോടെ അവരുടെ എണ്ണ വരുമാനം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ജി-ഏഴ് രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളറായി വില നിശ്ചയിച്ചു. ഇതോടെ ഇന്ത്യയും ചൈനയും തുര്‍ക്കിയുമടക്കമുള്ളവര്‍ക്ക് റഷ്യ വിലക്കുറവ് പ്രഖ്യാപിച്ചു. എണ്ണ ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭ്യമായതിനേത്തുടര്‍ന്ന് സൗദി അറേബ്യ, ഇറാഖ്, നൈജീരിയ തുടങ്ങിയ പരമ്പരാഗത എണ്ണ വിതരണക്കാരെ ഒഴിവാക്കി ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ വര്‍ദ്ധിപ്പിച്ചു.

ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 37 ശതമാനം റഷ്യയില്‍ നിന്നാണെന്ന് ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ പറയുന്നു. ഇത് ചൈനയ്ക്കൊപ്പം റഷ്യയുടെ മുന്‍നിര ക്രൂഡ് ഓയില്‍ ഉപഭോക്താവാക്കി ഇന്ത്യയെ മാറ്റി. 2024-25 സാമ്പത്തിക വർഷത്തിൽ 8.8 കോടി ടണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്നു ഇറക്കുമതി ചെയ്തത്. ജൂലായ് മാസത്തില്‍ പ്രതിദിനം 2 ദശലക്ഷം ബാരലിലധികം എണ്ണയാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ജനുവരി മുതല്‍ ജൂണ്‍ വരെ, ഇന്ത്യ പ്രതിദിനം 1.75 ദശലക്ഷം ബാരല്‍ റഷ്യയില്‍ നിന്ന് വാങ്ങി. ഇത് രാജ്യത്തിന്റെ മൊത്തം എണ്ണ ആവശ്യകതയുടെ ഏകദേശം 36-40% വരും. 2024-ല്‍, പ്രതിദിനം 1.9 ദശലക്ഷം ബാരല്‍ എണ്ണ ഇന്ത്യ വാങ്ങിയതായാണ് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് വിലയില്‍ എണ്ണ വാങ്ങിയതില്‍ നിന്ന് ഇന്ത്യ ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ ലാഭിച്ചതായി ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.  റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ധന ക്ഷാമം ഒഴിവാക്കാനും വില വര്‍ദ്ധന തടയാനും കാരണമായെന്നാണ് നിരീക്ഷണം. 

ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണത്തിന്റെ മൂലക്കല്ലായി ഊര്‍ജ്ജ സുരക്ഷ മാറിയിട്ട് വളരെക്കാലമായി. പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യ വലിയ തോതില്‍ വില കുറച്ചതോടെ  മറ്റ് വിതരണക്കാരെ അപേക്ഷിച്ച് ലാഭത്തിൽ ലഭിച്ച റഷ്യന്‍ എണ്ണ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് ഗണ്യമായി കുറച്ചു. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും വിമര്‍ശനത്തിനിടയിലും പണപ്പെരുപ്പം നിയന്ത്രിക്കാനും ഇറക്കുമതി ബില്ലുകള്‍ കുറയ്ക്കാനും ഈ നീക്കം ഇന്ത്യയെ സഹായിച്ചുവെന്നാണ് ഈ രം​ഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. 2022-ല്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനു പിന്നാലെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുകയറിയിരുന്നു. വിരോധാഭാസമെന്തെന്നാല്‍ 2022-ലും 2023-ലും 'ആഗോള വില സ്ഥിരത ഉറപ്പാക്കാന്‍' റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ സ്വകാര്യമായി ഇന്ത്യയെ നിര്‍ബന്ധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഊര്‍ജസുരക്ഷ കണക്കിലെടുത്ത് ഇന്ത്യ റഷ്യയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ഇന്ത്യ എണ്ണ വാങ്ങാന്‍ തുടങ്ങുകയും ചെയ്തു.

placeholder
Donald Trump, Vladimir Putin | Photo: AP
ഡൊണാള്‍ഡ് ട്രംപും വ്‌ളാദമിര്‍ പുതിനും | Photo: AP

അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ഇരട്ടത്താപ്പ്

എണ്ണവ്യാപാരം മാത്രമല്ല, റഷ്യയുടെ ഏറ്റവും വലിയ ആയുധ ഉപഭോക്താക്കളിലൊരാളും പ്രതിരോധ രം​ഗത്തെ പ്രധാന പങ്കാളിയുമാണ് ഇന്ത്യ. ഏഴ് പതിറ്റാണ്ടിന്റെ തന്ത്രപരമായ ബന്ധമാണ് ഇന്ത്യക്ക് റഷ്യയുമായുള്ളത്. ശീതയുദ്ധകാലഘട്ടം മുതല്‍ ഇരുരാജ്യങ്ങളും അടുത്ത പങ്കാളികളാണ്. പതിറ്റാണ്ടുകളായി, ബഹിരാകാശം, ഊര്‍ജ്ജം, പ്രതിരോധം എന്നീ രംഗങ്ങളിലും ഇന്ത്യയും റഷ്യയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമാണുള്ളത്. യുദ്ധവിമാനങ്ങള്‍, യുദ്ധ ടാങ്കുകള്‍, മിസൈലുകള്‍ എന്നിവ നല്‍കുന്ന റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി തുടരുന്നു. എന്നാല്‍ ഇന്ത്യ ആയുധവ്യാപാരം വൈവിധ്യവല്‍ക്കരിച്ചുവരികയാണ്. നിലവില്‍ ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, പീരങ്കികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യ യുഎസില്‍നിന്ന് വാങ്ങുന്നു. 2024-25ല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം 68.7 ബില്യണ്‍ ഡോളറിന്റെയായിരുന്നു. 63.8 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ 4.9 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു.

ഇക്കാലയളവില്‍ 67.5 ബില്യണ്‍ ഡോളറിന്റേതായിരുന്നു റഷ്യയുമായുള്ള യൂറോപ്യന്‍ യൂണിയന്റെ ചരക്ക് വ്യാപാരം. ദ്രവീകൃത പ്രകൃതിവാതകം, യുറേനിയം, പല്ലേഡിയം, വളങ്ങള്‍ എന്നിവയെല്ലാം അവർ ഇറക്കുമതി ചെയ്തു. തങ്ങൾക്കാവശ്യമുള്ളവ ഇറക്കുമതി ചെയ്യുന്നതിനിടെയാണ് ഇന്ത്യ ഉപരോധങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരോപിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ നാലിലൊന്ന് റഷ്യയില്‍ നിന്നാണ്. യുറേനിയം, പല്ലേഡിയം, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ അമേരിക്കയും ഇറക്കുമതി ചെയ്യുന്നു. 2024-ല്‍ യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി 16.5 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയുമായുള്ള വ്യാപാരം തുടരുകയാണ്. മറുവശത്ത് ഇന്ത്യയുടെ കയറ്റുമതിയുടെ അഞ്ചിലൊന്ന് അമേരിക്കയിലേക്കാണ്.  താരിഫ് വര്‍ദ്ധനവ് തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോ പാര്‍ട്‌സ്, ഇലക്ട്രോണിക്‌സ് എന്നിവയെ ബാധിച്ചേക്കാം. ട്രംപിന്റെ താരിഫ് ഭീഷണി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയുടെ കയറ്റുമതി മേഖലകള്‍ക്ക് പ്രതിവര്‍ഷം 18 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചേക്കാമെന്നാണ് റിപ്പർട്ടുകൾ. ഇത് ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ അപകടത്തിലാക്കിയേക്കാം. 

placeholder
ഡെന്മാർക്ക് തീരത്ത് ഒരു റഷ്യൻ എണ്ണ കപ്പലിന് മുന്നിൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന് പ്രതിഷേധിക്കുന്ന ​​ഗ്രീൻപീസ് പ്രവർത്തകൻ | Photo by Kristian Buus / GREENPEACE / AFP

ഇറക്കുമതി നിർത്തിയാൽ എന്ത് നഷ്ടം ? 

ആഗോള അസംസ്‌കൃത എണ്ണവിപണിയില്‍ റഷ്യയുടെ വിഹിതം 10 ശതമാനം വരെയാണ്. പ്രതിദിനം ഏകദേശം അഞ്ച് ബില്യണ്‍ ബാരലാണ് റഷ്യ ഉത്പാദിപ്പിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്‌. റഷ്യയില്‍നിന്ന് രാജ്യങ്ങള്‍ കൂട്ടായി എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ അവർ നിർബന്ധിതരാകും. റഷ്യ ഉത്പാദിപ്പിക്കുന്ന എണ്ണ വിപണിയില്‍ നിന്ന് പെട്ടെന്ന് പിന്‍വലിച്ചാല്‍ അത് ആഗോള വിപണിയില്‍ ലഭ്യത കുറയ്ക്കും. ഇതോടെ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളുടെ എണ്ണയ്ക്ക് അവശ്യം വര്‍ധിപ്പിക്കും. പല രാജ്യങ്ങളും മറ്റ് വിതരണക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം. മറ്റ് എണ്ണ ഉത്പാദകരാജ്യങ്ങള്‍ ഉത്പാദനം കൂട്ടാതെ വന്നാല്‍ ആഗോളവിപണിയില്‍ വീണ്ടും എണ്ണവില വര്‍ധനയ്ക്ക് കളമൊരുങ്ങും. ഒപെക്  ഉത്പാദനം വര്‍ദ്ധിപ്പിച്ചാലും ഇത്രയും വലിയ അളവില്‍ എണ്ണയുടെ കുറവ് ഉണ്ടാകുന്നത് ഹ്രസ്വകാലത്തേക്കെങ്കിലും  അസാധാരണമാംവിധം ബുദ്ധിമുട്ടായിരിക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എണ്ണവിലയിലെ കുതിച്ചുചാട്ടം തടയാന്‍ റഷ്യന്‍ എണ്ണയ്ക്ക് പകരം ബദല്‍ ഒരുക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്. റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒരു വര്‍ഷം വരെ സമയം എടുത്തേക്കാമെന്നണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഒഴിവാക്കിയാല്‍ ഈ സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവില്‍ 78,000 കോടി രൂപയുടെ (ഏകദേശം 900 കോടി ഡോളര്‍) അധിക ബാധ്യതയുണ്ടാകുമെന്ന് എസ്ബിഐ റിസര്‍ച്ച് അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം അവശേഷിക്കുന്ന കാലയളവിലേക്കുള്ള കണക്കുകള്‍ പ്രകാരമാണിത്.  2026-27 സാമ്പത്തിക വര്‍ഷത്തിലിത് ഒരുലക്ഷം കോടി രൂപയാകുമെന്നും (ഏകദേശം 1,170 കോടി ഡോളര്‍) എസ്ബിഐ റിസര്‍ച്ച് പറയുന്നു. നിലവില്‍ നാല്‍പ്പതോളം രാജ്യങ്ങളില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. റഷ്യന്‍ എണ്ണയുടെ വരവുനിലച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇറാഖില്‍നിന്നും സൗദി അറേബ്യയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീലും പുതിയ സ്രോതസ്സായി മുന്നിലുള്ളത് പ്രതിസന്ധിയാകില്ലെന്നാണ് വിലയിരുത്തൽ.  പുതിയ രാജ്യങ്ങളുമായി എണ്ണ വാങ്ങുന്നതിനു കരാറുള്ളതിനാല്‍ ലഭ്യതയില്‍ വലിയ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.  അതേസമയം, ലഭ്യത കുറയുന്നത് ഇറക്കുമതിച്ചെലവു കൂട്ടാന്‍ സാധ്യതയുണ്ട്. റഷ്യന്‍ എണ്ണയ്ക്കു നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ സ്രോതസ്സുകള്‍ തേടാനും നിര്‍ബന്ധിതമായേക്കും. എന്നാൽ അമേരിക്കൻ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് നിലവിൽ ഇന്ത്യൻ നിലപാട്.