
ഇസ്രയേലിനെ ഞെട്ടിച്ച് ഹൂതിവിമതര്‍! ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമാണ് യെമെനിലെ ഹൂതിവിമതര്‍ മിസൈല്‍ ആക്രമണം നടത്തിയത്. വിമാനത്താവളത്തിന് സമീപമാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. മിസൈല്‍ പതിച്ച ഭാഗത്ത് ഏകദേശം 12 മീറ്റര്‍ വീതിയും അത്രതന്നെ ആഴവുമുള്ള ഗര്‍ത്തമുണ്ടായി. ടെല്‍ അവീവിന് പുറമേ ജറുസലേമിലും ആക്രമണമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഹൂതികള്‍ ഗാസയിലെ പലസ്തീന്‍കാര്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ആക്രമണമെന്നാണ് അവകാശപ്പെട്ടത്. ആക്രമണം തടുക്കുന്നതില്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടതോടെയാണ് മിസൈലുകളിലൊന്ന് വിമാനത്താവളത്തിനടുത്ത് പതിക്കാനിടയായത്. ഇസ്രയേലിന്റെ പ്രശസ്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഹൂതി മിസൈലിനെ തടയാന്‍ കഴിഞ്ഞില്ല.
ആഗോളതലത്തില്‍ ഏറ്റവും മികച്ചതെന്ന് കണക്കാക്കുന്നതാണ് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍. വ്യത്യസ്ത തലത്തിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. ഓരോ സംവിധാനവും വിവിധതരം ഭീഷണികളെയാണ് കൈകാര്യം ചെയ്യുന്നത്. ഹ്രസ്വദൂര ഭീഷണികളെ തടയുന്നതില്‍ അയണ്‍ ഡോം പ്രശസ്തമാണ്. ഡേവിഡ്സ് സ്ലിങും ആരോയും താഡും ദീര്‍ഘദൂര മിസൈലുകള്ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പക്ഷേ, മിസൈലിനെ തടയുന്നതില്‍ ഈ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. ഒരേസമയം ആരോയും താഡും ഒരുപോലെ പരാജയപ്പെട്ടത് അസാധാരണവും ഇസ്രയേലിനെ സംബന്ധിച്ച് ആശങ്കാജനകവുമാണ്. മുന്‍കാലങ്ങളില്‍ പല ആക്രമണങ്ങളില്‍നിന്നും ഇവ രാജ്യത്തെ രക്ഷിച്ചിട്ടുണ്ട്. പക്ഷേ യെമനില്‍ നിന്നുള്ള ആക്രമണം രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വ്യാപകസംശയങ്ങള് ഉയര്‍ത്തുന്നു. അതിന്റെ ശേഷിയെ തന്നെ പ്രതിരോധ വിദഗ്ധര്‍ ചോദ്യം ചെയ്യുകയാണ്. എന്തെല്ലാമാണ് ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍? എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്?
ഇസ്രയേലിന്റെ പ്രതിരോധസംവിധാനം
ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ (ഡി.ഡി.ആര്.ഡി.) കീഴിലുള്ള വിഭാഗമാണ് ഇസ്രയേലിന്റെ മിസൈല്‍ ഡിഫന്‍സ് ഓര്ഗനൈസേഷന് (ഐ.എം.ഡി.ഒ.). ഇന്റര്‍സെപ്റ്ററുകള്‍, ലോഞ്ചറുകള്‍, റഡാറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സിസ്റ്റങ്ങള്‍, നെറ്റ്വർക്ക് കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ സജീവ പ്രതിരോധ സംവിധാനങ്ങളുടെ വികസനം, നടത്തിപ്പ്, മെച്ചപ്പെടുത്തല്‍ എന്നിവയുടെ ചുമതല ഐ.എം.ഡി.ഒയ്ക്കാണ്. നിലവില്‍ ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ്, അയണ്‍ ഡോം, താഡ് തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബഹുതല പ്രതിരോധ സംവിധാമാണ് ഇസ്രയേലിനെ സംരക്ഷിക്കുന്നത്. ഇവയെല്ലാം ചേര്‍ന്നാണ് വ്യോമാക്രമണ ഭീഷണികളില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കുന്നത്. 1985 മെയ് ആറിനാണ് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി ഇസ്രയേലും അമേരിക്കയും ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുന്നത്. ഒരു വര്‍ഷത്തിനുശേഷം, ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് ആരോ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന് തുടക്കമിട്ടു. ആരോ-1 ആണ് ആദ്യം വികസിപ്പിച്ചത്.
1991-ല്‍ ഗള്‍ഫ് യുദ്ധത്തെത്തുടര്ന്നണ് ഇസ്രയേല്‍ മിസൈല്‍ ഡിഫന്‍സ് ഓര്ഗനൈസേഷന് സ്ഥാപിതമാകുന്നത്. ഐ.എം.ഡി.ഒ സ്ഥാപിതമായി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1998 നവംബര്‍ 29-ന് ആദ്യത്തെ ആരോ-2 സംവിധാനം ഇസ്രയേലി എയര്‍ഫോഴ്സിന് കൈമാറി. 2000-ന് ശേഷമാണ് ഇത് സേനയുടെ ഭാഗമാകുന്നത്. നവംബറില്‍ രണ്ട് യൂണിറ്റിന്റെ വിന്യാസം പൂര്‍ത്തിയായി. ഐ.എം.ഡി.ഒയുടെ പല സംരംഭങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സ് മിസൈല്‍ ഡിഫന്‍സ് ഏജന്‍സിയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള മികച്ച ബന്ധം ഇസ്രയേലി-അമേരിക്കന്‍ പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണത്തിലേക്കും നയിക്കുന്നു. പ്രതിരോധ സംവിധാനത്തിന്റെ വികസനത്തിലും ഉത്പാദനത്തിലും ഇരുരാജ്യങ്ങളും സഹകരണം സൂക്ഷിക്കുന്നു. ഹ്രസ്വദൂര സര്‍ഫസ്-ടു-സര്‍ഫസ് റോക്കറ്റുകളെ തടയുന്ന അയണ്‍ ഡോമാണ് ഇസ്രയേല്‍ പ്രതിരോധത്തിന്റെ താഴത്തെ പാളി. ഹ്രസ്വദൂരം മുതല്‍ ഇടത്തരം വരെയും ഇടത്തരം മുതല്‍ ദീര്‍ഘദൂരം വരെയുമുള്ള സര്‍ഫസ്-ടു-സര്‍ഫസ് മിസൈലുകളെ തടയുന്ന ഡേവിഡ്സ് സ്ലിങ്ങാണ് മധ്യപാളി. ഇടത്തരം മുതല്‍ ദീര്‍ഘദൂരം വരെയുള്ള മിസൈലുകളെ തടയുന്നു ആരോ-2, ദീര്‍ഘദൂര മിസൈലുകളെ തടയുന്ന ആരോ-3 എന്നിവയാണ് മുകളിലെ പാളി. ഇതിനൊപ്പം അമേരിക്കന്‍ നിര്‍മിത താഡ് സംവിധാനവും അവര്‍ ഉപയോഗിക്കുന്നു.
അതിശക്തന്‍ അയണ്‍ ഡോം
ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് അയണ്‍ ഡോം. ഹ്രസ്വദൂര റോക്കറ്റുകളില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കുന്ന പ്രതിരോധ സംവിധാനം. നാല് കിലോമീറ്റര്‍ മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഹ്രസ്വദൂര റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ എന്നിവയെ തടയാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹ്രസ്വദൂര റോക്കറ്റുകളുടെയും ആളില്ലാ വിമാനങ്ങളുടെയും ഭീഷണി നേരിടാന്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യത്തെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഒരേസമയം ഒന്നിലധികം ഭീഷണികളെ വിജയകരമായി കൈകാര്യം ചെയ്യാന്‍ ഇതിന് കഴിയും. അയണ്‍ ഡോം റഡാര്‍ ഉപയോഗിച്ച് ശത്രു റോക്കറ്റുകളെ കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ജനവാസമേഖലകളില്‍ പതിക്കാന്‍ സാധ്യതയുള്ളവ ഏതെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ റോക്കറ്റുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുക്കുന്നു. അയണ്‍ ഡോം ലക്ഷ്യമിടുന്ന 90% റോക്കറ്റുകളെയും നശിപ്പിക്കുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് അവകാശപ്പെടുന്നു. അയണ്‍ ഡോം ഉപയോഗിച്ചുതുടങ്ങിയ ശേഷം 2,400-ല്‍ അധികം ശത്രുറോക്കറ്റുകളെ ആകാശത്തുവെച്ചുതന്നെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന് ഇസ്രയേല്‍ മിസൈല്‍ ഡിഫെന്‍സ് ഓര്ഗനൈസേഷന് അവകാശപ്പെടുന്നു.

ഒരു അയണ്‍ ഡോമിന് മൂന്ന് യൂണിറ്റുകളാണ് ഉണ്ടാവുക. ശത്രു വിക്ഷേപിക്കുന്ന റോക്കറ്റുകളെ തിരിച്ചറിയാനുള്ള റഡാര്‍ സംവിധാനം, പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, പ്രത്യാക്രമണ മിസൈലുകള്‍ തൊടുത്തുവിടുന്ന ലോഞ്ചറുകള്‍ എന്നിവയടങ്ങുന്നതാണ് അയണ്‍ ഡോമിന്റെ ഒരു 'ബാറ്ററി'. ഓരോ ലോഞ്ചറിലും 20 പ്രത്യാക്രമണ മിസൈലുകള്‍ തയ്യാറായിരിക്കും. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് ഇതില്‍ ഉപയോഗിക്കുന്ന 'താമിര്‍' മിസൈലുകള്‍. റഡാര്‍ സംവിധാനം ശത്രുറോക്കറ്റിനെ തിരിച്ചറിയുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ ആ വിവരം പ്രത്യാക്രമണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിന് കൈമാറും. ഈ വിവരം ഉപയോഗിച്ച് റോക്കറ്റ് പതിക്കാനിടയുള്ള പ്രദേശം ഏതെന്ന് തിരിച്ചറിയും അതനുസരിച്ച് അനുയോജ്യമായ ഇടത്തുനിന്ന് പ്രത്യാക്രമണ മിസൈല്‍ തൊടുക്കുകയും ചെയ്യും. ശത്രുവിന്റെ റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പുതന്നെ ആകാശത്തുവെച്ച് അത് തകര്‍ക്കപ്പെടും. അയണ്‍ ഡോമിന്റെ മൂന്ന് യൂണിറ്റുകളും വ്യത്യസ്ത ഇടങ്ങളിലായിരിക്കും സ്ഥാപിച്ചിരിക്കുക. മറ്റു റോക്കറ്റ് ലോഞ്ചര്‍ ബാറ്ററികളുമായി അയണ്‍ ലോഞ്ചറിനുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണ്. വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലോഞ്ചറുകളെ വയര്‍ലെസ് സംവിധാനത്തിലൂടെയായിരിക്കും നിയന്ത്രിക്കുക. ഓരോ ബാറ്ററിക്കും 150 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കും എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. രാത്രിയും പകലും പ്രതികൂല കാലാവസ്ഥയിലും അയണ്‍ ഡോമിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകും.
ഇസ്രയേലും ലെബനന് ആസ്ഥാനമായുള്ള സായുധ സംഘമായ ഹിസ്ബുള്ളയും തമ്മില്‍ 2006-ല്‍ നടന്ന യുദ്ധത്തിനുശേഷമാണ് ഈ സംവിധാനം വികസിപ്പിച്ചത്. യുദ്ധത്തില്‍ ഹിസ്ബുള്ള ഇസ്രയേലിലേക്ക് ഏകദേശം 4,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടു. ഇത് വലിയ നാശനഷ്ടത്തിനും ആള്‍നാശത്തിനും കാരണമായി. പിന്നാലെ ഒരു വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഇസ്രയേലി സ്ഥാപനങ്ങളായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ യുഎസ് പിന്തുണയോടെയാണ് അയണ്‍ ഡോം രൂപകല്‍പ്പന ചെയ്തത്. 2007-ല്‍ നിര്‍മാണം ആരംഭിച്ച ഇത് 2011 മാര്‍ച്ചില്‍ പ്രവര്‍ത്തനക്ഷമമായി. അയണ്‍ ഡോമിന്റെ ആദ്യ 'ബാറ്ററി' 2011-ല്‍ ഗാസയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ബീര്‍ഷേവ നഗരത്തില്‍ സ്ഥാപിച്ചു. ആ വര്‍ഷം ഏപ്രില്‍ 7-ന്, ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലി നഗരമായ അഷ്കെലോണിലേക്ക് തൊടുത്തുവിട്ട റോക്കറ്റിനെ തടഞ്ഞുകൊണ്ട് ഇത് ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗമായി. അതിനുശേഷം തുടര്‍ച്ചയായി അയണ്‍ ഡോമിന്റെ കഴിവുകള്‍ പരീക്ഷിക്കപ്പെട്ടു. കൂടാതെ എണ്ണമറ്റ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിക്കുന്നത് ഈ സംവിധാനം വിജയകരമായി തടഞ്ഞിട്ടുണ്ട്. അയണ്‍ ഡോമിന് 90 ശതമാനം കൃത്യതയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ 80 ശതമാനത്തിന് മേല്‍ കൃത്യതയാണ് വിദഗ്ധര്‍ പറയുന്നത്.

ഡേവിഡ്സ് സ്ലിങ്
ദീര്‍ഘദൂര റോക്കറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍, ഇടത്തരം അല്ലെങ്കില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ ലക്ഷ്യമിട്ട് വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഡേവിഡ്സ് സ്ലിങ്. ഇത് ഇസ്രയേലിന്റെ വ്യോമപ്രതിരോധത്തെ ശക്തിപ്പെടുത്തുകയും ഹ്രസ്വ-ഇടത്തര മിസൈല്‍ ഭീഷണികള്‍ക്കെതിരേ സുരക്ഷ നല്‍കുകയും ചെയ്യുന്നു. ആരോ, അയണ്‍ ഡോം സംവിധാനങ്ങള്‍ക്കൊപ്പം വിന്യസിച്ചിരിക്കുന്ന ഇത് ഇസ്രയേലിന്റെ ബഹുമുഖ പ്രതിരോധ സംവിധാനത്തിലെ കേന്ദ്ര ഘടകവുമാണ്. മുമ്പ് മാജിക് വാന്‍ഡ് എന്നും അറിയപ്പെട്ടിരുന്ന ഡേവിഡ്സ് സ്ലിങ് അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് വികസിപ്പിച്ചത്. ഇസ്രയേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റസും അമേരിക്കയിലെ റേതിയോണും സംയുക്തമായാണ് ഇത് വികസിപ്പിച്ചത്. 2006-ല്‍ വികസിപ്പാനാരംഭിച്ച ഡേവിഡ്സ് സ്ലിങ് 2016-ല്‍ ഇസ്രയേലി വ്യോമസേനയ്ക്ക് കൈമാറി. പരീക്ഷണങ്ങള്‍ക്കുശേഷം 2017 ഏപ്രിലില്‍ ഇത് പ്രവര്‍ത്തനക്ഷമമായതായി പ്രഖ്യാപിച്ചു. 2018 ജൂലായ് 23-ന്, ഡേവിഡ്സ് സ്ലിങ് ആദ്യമായി വിജയകരമായി ആക്രമണത്തെ പ്രതിരോധിച്ചു. രണ്ട് സിറിയന്‍ ഹസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ അതിര്‍ത്തി കടക്കുംമുമ്പേ തകര്‍ത്തുകൊണ്ടാണ് ഡേവിഡ്സ് സ്ലിങ് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായത്.
ദീര്‍ഘദൂര റോക്കറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ 300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിന്ന് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഡേവിഡ്സ് സ്ലിങ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എം.എം.ആര്. റഡാര്‍ സംവിധാനം വായുവിലൂടെയുള്ള ഭീഷണികളെ കണ്ടെത്താനും തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും ഉപയോഗിക്കുന്നു. ഡേവിഡ്സ് സ്ലിങ്ങിന്റെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററായ ഗോള്‍ഡന്‍ ആല്‍മണ്ട്, ഭീഷണി വിലയിരുത്തി തടസ്സപ്പെടുത്തലിനായുള്ള നിര്‍ദേശം നല്‍കും. ഡേവിഡ്സ് സ്ലിങ്ങിന്റെ ഇന്റര്‍സെപ്റ്റര്‍ ശത്രുമിസൈലിനെ ഫലപ്രദമായി തടയുന്നു. ബാലിസ്റ്റിക് മിസൈല്‍, ക്രൂയിസ് മിസൈല്‍ പ്രതിരോധം എന്നിവയിലെ അതിശയകരമായ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി 2017-ല്‍ ബോസ്റ്റണില്‍ നടന്ന അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) കോണ്‍ഫറന്‍സില്‍ ഡേവിഡ്സ് സ്ലിങ്ങിന് ടെക്നോളജി പയനിയര്‍ അവാര്‍ഡ് ലഭിച്ചു. 2024 ഒക്ടോബറില്‍ ഇസ്രയേലിനെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ ഡേവിഡ്സ് സ്ലിംഗ് പ്രതിരോധിച്ചിരുന്നു.

ആരോ-2, ആരോ-3, താഡ്
അമേരിക്കയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമാണ് ആരോ. ആരോ-2, ആരോ-3 എന്നിവയാണ് ഇസ്രയേല്‍ വ്യോമപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. ഭൂമിയില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ഉയരത്തില്‍, അന്തരീക്ഷത്തിന്റെ മുകള്‍ പാളിയിലൂടെ സഞ്ചരിക്കുന്ന ഹ്രസ്വദൂര, ഇടത്തരം ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് ആരോ-2. 1991-ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷമാണ് ആരോ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2000-ല്‍ ആരോ-2 ഉപയോഗിച്ചു തുടങ്ങി. 500 കിലോമീറ്റര്‍ അകലെ നിന്ന് മിസൈലുകളെ കണ്ടെത്താന്‍ ഇതിന് കഴിയും. ഇതിന്റെ മിസൈലുകള്‍ ശബ്ദത്തിന്റെ ഒമ്പതിരട്ടി വേഗതയില്‍ സഞ്ചരിക്കുന്നു. കൂടാതെ ഒരേ സമയം 14 ലക്ഷ്യങ്ങളിലേക്ക് വരെ വെടിയുതിര്‍ക്കാന്‍ ഇതിന് കഴിയും. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ആരോ-3. 2023-ല്‍, യെമനിലെ ഹൂതി വിമതര്‍ തെക്കന്‍ ഇസ്രയേലിലെ എയ്ലറ്റ് നഗരത്തിന് നേരെ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈലിനെ തടയാന്‍ ഇത് ഉപയോഗിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്, യുഎസ് കമ്പനിയായ ബോയിങ്ങിന്റെ സഹായത്തോടെയാണ് ഈ സംവിധാനം വികസിപ്പിച്ചത്.
മിസൈലുകളെ ലക്ഷ്യത്തിലെത്തും മുമ്പ് കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന അത്യാധുനിക പ്രതിരോധ സംവിധാനമാണ് താഡ്. 1990-കളിലാണ് ഹ്രസ്വ, ഇടത്തരം, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ രൂപകല്‍പ്പന ചെയ്ത ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം അഥവാ 'താഡ്' വികസിപ്പിക്കുന്നത്. ആദ്യകാല പരീക്ഷണങ്ങള്‍ അത്രകണ്ട് വിജയമായിരുന്നില്ലെങ്കിലും 2000-ല്‍ താഡിനെ ഒരു മൊബൈല്‍ ടാക്ടിക്കല്‍ ആര്‍മി ഫയര്‍ യൂണിറ്റാക്കി വികസിപ്പിക്കാനുള്ള കരാര്‍ ലോക്ക്ഹീഡ് മാര്ട്ടിന് നേടിയത് മുതല്‍ കഥ മാറി. ഇതിനുശേഷമുള്ള പരീക്ഷണങ്ങളില്‍ സ്ഥിരതയുള്ള വിജയം കാഴ്ചവെച്ച് വിശ്വാസ്യത നേടുകയായിരുന്നു. 150 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. 2019-ഓടെ, തുടര്‍ച്ചയായി വിജയകരമായ 16 ഇന്റര്‍സെപ്റ്റ് പരീക്ഷണങ്ങള്‍ക്കുശേഷം 'താഡ്' എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ മികവ് ലോകത്തിന് മുന്നില്‍ മിസൈല്‍ ഡിഫന്‍സ് ഏജന്‍സി തെളിയിക്കുകയായിരുന്നു. ലോഞ്ചറുകള്‍, മിസൈലുകള്‍, കണ്ട്രോള് യൂണിറ്റുകള്‍, ശത്രു മിസൈല്‍ കണ്ടെത്താനുള്ള റഡാര്‍ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 'താഡ്'. ഇസ്രയേല്‍, ദക്ഷിണ കൊറിയ, ജപ്പാന് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക താഡ് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ പ്രതിരോധസംവിധാനങ്ങള്‍ക്ക് പിഴച്ചു?
ഇസ്രയേലിനെ ആകെ ഞെട്ടിച്ചുകൊണ്ടാണ് പ്രതിരോധ സംവിധാനത്തെ മറികടന്ന് ഒരു ഹൂതി മിസൈല്‍ രാജ്യത്ത് പതിച്ചത്. മിസൈല്‍ പതിച്ചതിനേത്തുടര്‍ന്ന് ഇസ്രയേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം അടച്ചിടുകയും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ പാര്‍ക്കിങ് മേഖലയിലേക്കുള്ള പ്രവേശന റോഡിലാണ് മിസൈല്‍ പതിച്ചത്. യെമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹൂതികള്‍ ഈ മിസൈലിനെ 'ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍' എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രയേലിന്റെ അത്യാധുനിക റഡാര്‍ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള അത്യാധുനിക മോഡലാണ് ഇതെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ പ്രധാനമായും രൂപകല്‍പ്പന ചെയ്ത ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനമായ ആരോ-3 യുടെ കഴിവിനെ ഈ ആക്രമണം ചോദ്യം ചെയ്തിരിക്കുകയാണ്.
ഇസ്രയേല്‍ പ്രതിരോധസേന നല്കുന്ന വിവരപ്രകാരം ഹൂതി മിസൈലിനുനേരെ ആരോ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ പ്രതിരോധസേന ഹോം ഫ്രണ്ട് കമാന്‍ഡില്‍ നിന്ന് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചു. പക്ഷേ, മിസൈല്‍ വിമാനത്താവളത്തില്‍ പതിക്കുകതന്നെ ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആരോ-3 ഇന്റര്‍സെപ്റ്ററിന് സാങ്കേതിക തകരാറുണ്ടായേക്കാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ഇസ്രയേല്‍ പ്രതിരോധസേന കണ്ടെത്തിയത്. എന്നാല്‍ പ്രശ്നം സെന്സറുകളിലാണോ, ഗൈഡന്‍സ് സിസ്റ്റങ്ങളിലാണോ, അതോ കില്‍ വെഹിക്കിളുകളിലാണോ എന്നതുപോലുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആരോ-3 യുടെ പരാജയപ്പെട്ടതോടെ യുഎസ് നിര്‍മ്മിത താഡ് ഇന്റര്‍സെപ്റ്റര്‍ വിക്ഷേപിച്ചു. അതിനും ഹൂതി മിസൈലിനെ തടക്കാനായില്ല.
മേഖലയിലെ ഏറ്റവും ശക്തമെന്ന് ദീര്‍ഘകാലമായി കരുതപ്പെട്ടിരുന്ന ഇസ്രയേലിന്റെ പ്രതിരോധശേഷിയെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളുടെ പരാജയം അവയുടെ ബലഹീനതകളെ പുറത്ത് കൊണ്ടുവരുന്നവയായിരുന്നു. റഡാര്‍ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങളുടെ സാങ്കേതിക പരിമിതികള്‍ പലരും ചൂണ്ടിക്കാണിച്ചു. പ്രധാനമായും വിമാനങ്ങളെ പ്രതിരോധിക്കാന്‍ നിര്‍മിച്ച ഇസ്രയേലിന്റെ റഡാര്‍ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതിവേഗ മിസൈലുകളെ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് ഒരു വിഭാഗം വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചത്. ഈ പ്രതിരോധ സംവിധാനങ്ങള്‍ നിരന്തരമായ നവീകരണങ്ങളുടെയും മെച്ചപ്പെടുത്തലുകളുടെയും ആവശ്യകത ഈ സംഭവം എടുത്തുകാണിക്കുന്നു. എവിടെയാണ് തെറ്റുപറ്റിയതെന്ന് വിദഗ്ധര്‍ ഇപ്പോള്‍ വിശകലനം ചെയ്യുകയാണ്. എന്തുകൊണ്ടാണ് സംവിധാനങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിക്കാതിരുന്നതെന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം. ഭാവിയിലെ മെച്ചപ്പെടുത്തലുകള്‍ക്കും ഇത്തരം പരാജയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉറപ്പുവരുത്തുന്നതിനും ഈ വിശകലനം നിര്‍ണായകമാകും.
Reference
Content Highlights: How Israels Air Defence Systems Fail to Intercept Houthi Missile
Published: 08 May 2025, 02:55 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented