2024 ജനുവരി ഒൻപത് ദക്ഷിണ കൊറിയക്കാർക്ക് ചരിത്രദിനമാണ്. അന്നാണ് കൊറിയൻ പാർലമെന്റ് പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബിൽ പാസാക്കിയത്. അരുമകളായ പട്ടികളെ തീൻമേശയിൽ നിന്ന് ഒഴിവാക്കാനുള്ള ചരിത്രപരമായ തീരുമാനമായിരുന്നു അത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് അന്ന് പാർലമെന്റ് അന്ത്യം കുറിച്ചത്. പാര്‍ലമെന്റില്‍ വലിയ പിന്തുണ ലഭിച്ച ബിൽ കൊറിയൻ ജനതയുടെ മാറുന്ന കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമായിരുന്നു.

To advertise here,

പട്ടിയിറച്ചിയുടെ കൊറിയന്‍ ചരിത്രം

എന്നുമുതലാണ് കൊറിയക്കാര്‍, ലോകത്ത് എല്ലായിടത്തും അരുമകളായി കരുതുന്ന പട്ടികളുടെ ഇറച്ചി കഴിക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമല്ല. ബി.സി.ഇ. 6000-2000 മുതലാണ് കൊറിയക്കാര്‍ പട്ടിയിറച്ചി കഴിച്ചുതുടങ്ങിയത് എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. കൊറിയന്‍ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച ആ കാലഘട്ടത്തിലെ പട്ടികളുടെ എല്ലുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവാണെന്നാണ് കൊറിയന്‍ ചരിത്രകാരന്മാരുടേയും പാശ്ചാത്യ ചരിത്രകാരന്മാരുടേയും അഭിപ്രായം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഉത്തര കൊറിയയിലെ ഗോഗുരിയോ ശവകുടീരങ്ങളില്‍ അറുത്ത നായയുടെ ചിത്രങ്ങളുള്ളതായി കാണാം.

placeholder
'പട്ടി ഇറച്ചിയും കറുത്ത ആടുകളും ലഭ്യമാണ്' -ദക്ഷിണ കൊറിയയിലെ ഒരു റെസ്റ്ററന്റിന് മുന്നിലെ ബോര്‍ഡ് | Photo: AFP

ബി.സി.ഇ. 57 മുതല്‍ സി.ഇ. 1392 വരെയുള്ള കാലത്ത് ബുദ്ധമതസ്വാധീനത്താല്‍ ഇന്നത്തെ ഇരു കൊറിയകളിലും പട്ടിയിറച്ചി കഴിക്കുന്ന ശീലത്തിന് കുറവുണ്ടായി. എന്നാല്‍ പിന്നീട് ഈ ശീലം കൊറിയക്കാര്‍ക്കിടയില്‍ പതുക്കെപ്പതുക്കെ വീണ്ടും തലപൊക്കി. വേനല്‍ക്കാലത്തെ ചൂടേറിയ ദിവസങ്ങളിലും മറ്റ് വിശേഷദിവസങ്ങളിലുമാണ് കൊറിയക്കാര്‍ പട്ടിയിറച്ചി കഴിച്ചിരുന്നത്. ഇക്കാലത്തെ കൊറിയന്‍ സാഹിത്യരൂപങ്ങളിലും പട്ടിയിറച്ചിയെ കുറിച്ചുള്ള വര്‍ണനകളും പട്ടിയിറച്ചി വിഭവങ്ങളുടെ പാചകവിധികളുമൊക്കെ വിവരിച്ചതായി കാണാം.

ആധുനിക കാലത്തേക്ക് വരുമ്പോഴും ദക്ഷിണ കൊറിയയില്‍ നിരവധി പേര്‍ പട്ടിയിറച്ചി കഴിക്കുന്നതായി കാണാം. സോളിലെ ഒട്ടേറെ റെസ്റ്റോറന്റുകളിലെ മെനുവില്‍ പട്ടിയിറച്ചി വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പട്ടിയിറച്ചിയോടുള്ള പ്രിയം കൊറിയക്കാര്‍ക്കിടയില്‍ ക്രമേണെ കുറഞ്ഞുവരുന്ന ട്രെന്‍ഡാണ് വര്‍ഷങ്ങളായി കാണുന്നത്. യുവതലമുറയില്‍ പെട്ടവര്‍ക്കാണ് പട്ടിയിറച്ചിയോട് കൂടുതല്‍ വിമുഖത. പട്ടിയിറച്ചി കഴിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും 20 മുതല്‍ 30 ശതമാനം വരെ ഇടിയുന്നുവെന്നാണ് റെസ്റ്റോറന്റുകള്‍ പറയുന്നത്. അതുപോലെ പട്ടിയിറിച്ചി വിഭവങ്ങള്‍ വില്‍ക്കുന്ന റെസ്റ്റോറന്റുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ദക്ഷിണ കൊറിയയിലുടനീളമുള്ള പ്രധാനപ്പെട്ട പട്ടിയിറച്ചി ചന്തകളെല്ലാം 2019-ല്‍ അടച്ചുപൂട്ടി. അവശേഷിച്ചിരുന്ന ഒരേയൊരു ചന്തയായ ദേഗുവിലേത് 2021-ലും അടച്ചുപൂട്ടി.

രുചിവൈവിധ്യങ്ങള്‍!

പോമറേനിയന്‍, ജര്‍മ്മന്‍ ഷെപ്പേഡ്, റോട്ട് വീലര്‍ എന്നിങ്ങനെ വളര്‍ത്തുപട്ടികളില്‍ വിവിധ ഇനങ്ങള്‍ ഉള്ളതുപോലെ കഴിക്കാനുള്ള നായ്ക്കളിലും വിവിധ ഇനം ബ്രീഡുകളുണ്ട്. നുറിയോംഗി അഥവാ കൊറിയന്‍ യെല്ലോ സ്പിറ്റ്സ് ആണ് ഭക്ഷണത്തിനായി ദക്ഷിണ കൊറിയക്കാര്‍ ഏറ്റവും കൂടുതലായി വളര്‍ത്തുന്ന ബ്രീഡ്. ഇതുകൂടാതെ ലാബ്രഡോര്‍ റിട്രീവര്‍, ഗോള്‍ഡന്‍ റിട്രീവര്‍, സപ്സാലി, ഹസ്‌കി, കോക്കര്‍ സ്പാനിയേല്‍, ബെല്‍ജിയന്‍ മലിനോയിസ്, ടോസ, ജിന്‍ഡോ തുടങ്ങി വേറേയും നിരവധി ഇനങ്ങളെ കൊറിയക്കാര്‍ ഭക്ഷണത്തിനായി വളര്‍ത്തുന്നുണ്ട്.

'നാവില്‍ കൊതിയൂറും' വിഭവങ്ങള്‍

കഴിക്കാന്‍ വ്യത്യസ്ത ബ്രീഡുകള്‍ ഉള്ളതുപോലെ ഇറച്ചികൊണ്ട് ഉണ്ടാക്കുന്ന വ്യത്യസ്തമായ വിഭവങ്ങളും ദക്ഷിണ കൊറിയയിലുണ്ട്. വേവിച്ച പട്ടിയിറച്ചിക്കൊപ്പം പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന സ്റ്റ്യൂ ആയ ബോസിന്‍ടാങ് എന്ന വിഭവമാണ് ഇതില്‍ ജനപ്രിയം. മികച്ച രുചിക്കൊപ്പം പോഷകസമ്പന്നം കൂടിയായ വിഭവമാണ് ഗയേ സുയുക് എന്നാണ് ദക്ഷിണ കൊറിയയിലെ പട്ടിയിറച്ചി കഴിക്കുന്നവര്‍ പറയുന്നത്. പട്ടിയിറച്ചി ആവിയില്‍ വേവിച്ച് പച്ചക്കറികളും മസാലകളും ചേര്‍ത്തൊരുക്കുന്ന വിഭവമാണ് ഗായേഗോഗി മുച്ചിം. ഗായേഗോഗി ജിയോംഗോല്‍ എന്ന പട്ടിയിറച്ചി സ്റ്റ്യൂവും പ്രധാനപ്പെട്ട ഒരു വിഭവമാണ്. ഇഞ്ചി, ചെസ്റ്റ്നട്ട്, ഇലന്ത തുടങ്ങി ചൈനക്കാര്‍ ഔഷധഗുണമുണ്ട് എന്ന് പറയുന്ന ചേരുവകള്‍ക്കൊപ്പം പട്ടിയിറച്ചി ചേര്‍ത്തുണ്ടാക്കുന്ന സൂപ്പാണ് ഗായേസോജു. ആരോഗ്യത്തിന് വളരെ ഉത്തമമാണ് ഈ പാനീയമെന്നാണ് ദക്ഷിണ കൊറിയക്കാര്‍ പറയുന്നത്.

placeholder
ദക്ഷിണ കൊറിയൻ റെസ്റ്ററന്റിൽ തയ്യാറാക്കി വെച്ച പട്ടിയിറച്ചി സൂപ്പ് | Photo: AFP

കണക്കിലെ കാര്യങ്ങള്‍

ദക്ഷിണ കൊറിയക്കാര്‍ പട്ടിയിറച്ചി കഴിക്കുന്നതിന്റെ ചരിത്രവും വര്‍ത്തമനവും മറ്റ് വിശേഷങ്ങളുമെല്ലാം പറഞ്ഞ സ്ഥിതിക്ക് ഇനി വരുന്നത് ചില കണക്കുകളാണ്. 2022-ലാണ് രാജ്യത്തെ പട്ടിയിറച്ചി ഉപഭോഗത്തെ കുറിച്ച് ആദ്യമായി ഔദ്യോഗികമായ ഒരു കണക്ക് ദക്ഷിണ കൊറിയന്‍ ഭക്ഷ്യമന്ത്രാലയം പുറത്തുവിടുന്നത്. 'എഡിബിള്‍ ഡോഗ് ബ്രീഡിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സര്‍വേ' എന്ന തലക്കെട്ടില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 1,156 ഡോഗ് മീറ്റ് ഫാമുകളിലായി 521,121 പട്ടികളെയാണ് ഓരോ വര്‍ഷവും ഇറച്ചിക്കായി വളര്‍ത്തിയെടുക്കുന്നത്. അതായത് ഒരു ഫാമില്‍ പ്രതിവര്‍ഷം 450-ഓളം പട്ടികളാണ് വളരുക. ഇതില്‍ 388,000 പട്ടികളാണ് ഫാം ഹൗസുകളില്‍ നിന്ന് സ്ലോട്ടര്‍ ഹൗസുകളിലേക്ക് എത്തുന്നതും അവിടെ നിന്ന് ഇറച്ചിയാക്കപ്പെട്ട ശേഷം കൊറിയക്കാര്‍ ഒരു വര്‍ഷം കൊണ്ട് അകത്താക്കുന്നതും. രാജ്യത്തുടനീളമുള്ള 1,666 റെസ്റ്ററന്റുകളിലൂടെയാണ് ഇത്രയും പട്ടികളുടെ ഇറച്ചി കൊറിയക്കാരുടെ തീന്‍മേശയിലെത്തുന്നത്. 2022 ഫെബ്രുവരിയി വരെയുള്ള കണക്കാണ് ഇത്.

ദക്ഷിണ കൊറിയന്‍ ഭക്ഷ്യമന്ത്രാലയത്തിനു കീഴിലെ 'കമ്മറ്റി ഫോര്‍ ഡിസ്‌കസിങ് ഡോഗ് ഈറ്റിങ് ഇഷ്യൂസ്' ആണ് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഇറച്ചിക്കായുള്ള പട്ടികളെ വളര്‍ത്തുന്ന ഫാം ഉടമകളുടെ ശരാശരി പ്രായം 63.8 വയസാണ്. വേറേയും ചില കാര്യങ്ങള്‍ സര്‍വ്വേയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരുപക്ഷേ ഇപ്പോള്‍ പാസാക്കിയ നിയമത്തിലേക്ക് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് പോലും ഈ റിപ്പോര്‍ട്ട് ആണെന്നു പറയാം.

ദക്ഷിണ കൊറിയന്‍ ജനസംഖ്യയുടെ പകുതിയിലേറെ പേരും പട്ടിയിറച്ചി കഴിക്കുന്നതിനോട് വിമുഖത കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ജനസംഖ്യയുടെ 55.8 ശതമാനം പേരും കൊറിയക്കാര്‍ പട്ടിയിറച്ചി കഴിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. മറുവശത്ത് 28.4 ശതമാനം പേര്‍ നിലവിലെ സ്ഥിതി തുടരണമെന്നും ആളുകള്‍ പട്ടിയിറച്ചി കഴിക്കണമെന്നും അഭിപ്രായപ്പെട്ടു. 15.8 ശതമാനം പേര്‍ അറിയില്ലെന്നോ പ്രതികരിക്കാന്‍ താത്പര്യമില്ലെന്നോ മറുപടി നല്‍കി.

placeholder
ദക്ഷിണ കൊറിയയിലെ റെസ്റ്ററന്റിന് മുന്നില്‍ പട്ടിയിറച്ചി വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡ് | Photo: AFP

ഇറച്ചിക്കായി പട്ടികളെ കൊല്ലുന്നതിന് നിയമസാധുത നല്‍കരുതെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 52.7 ശതമാനം പേര്‍ പറഞ്ഞത്. 39.2 ശതമാനം പേര്‍ ഡോഗ് സ്ലോട്ടര്‍ നിയമപരമാക്കുന്നതിനെ അനുകൂലിച്ചു (ദക്ഷിണ കൊറിയയില്‍ ഭക്ഷണത്തിനായി പട്ടികളെ കൊല്ലുന്നതിന് നിയമപരമായ അനുമതിയോ നിരോധനമോ ഇല്ല).

പട്ടി ഇറച്ചി കഴിക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്ന, അല്ലെങ്കില്‍ നിലനിന്നിരുന്ന ദക്ഷിണ കൊറിയയുടെ ഇന്നത്തെ മനോഭാവത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു സര്‍വേയിലെ അടുത്ത ചോദ്യം. ഒരുപക്ഷേ സര്‍വേയിലെ സുപ്രധാന ചോദ്യവും ഇതുതന്നെയാകും. ഇപ്പോള്‍ പട്ടിയിറച്ചി കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് 85.5 ശതമാനം ജനങ്ങളും ഇല്ല എന്ന മറുപടിയാണ് നല്‍കിയത്. വെറും 14.1 ശതമാനം പേരാണ് ഇപ്പോഴും പട്ടിയിറച്ചി കഴിക്കാറുണ്ട് എന്നു പറഞ്ഞത്. ഭാവിയില്‍ പട്ടിയിറച്ചി കഴിക്കുമോ എന്നും ഇതിന് അനുബന്ധമായി ചോദിച്ചിരുന്നു. ഇല്ല എന്ന് 80.7 ശതമാനം പേരും കഴിക്കുമെന്ന് 17.4 ശതമാനം പേരും വ്യക്തമാക്കി. ഇതില്‍ നിന്ന് തന്നെ ആധുനിക ദക്ഷിണ കൊറിയയുടെ ദിശ കൃത്യമായി ചൂണ്ടിക്കാട്ടപ്പെട്ടു. 95 ശതമാനം കൃത്യതയുള്ള സര്‍വേയാണ് നടന്നത് എന്നും റിപ്പോര്‍ട്ടില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ശരിവെയ്ക്കപ്പെടുന്ന കണക്കുകള്‍

നമ്മുടെ നാട്ടില്‍ തിരഞ്ഞെടുപ്പുകാലത്ത് എക്സിറ്റ് പോളുമായി ബന്ധപ്പെട്ട് സ്ഥിരം കേള്‍ക്കുന്ന പേരാണ് നീല്‍സണ്‍. അമേരിക്കന്‍ കമ്പനിയായ നീല്‍സണ്‍ കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയയില്‍ ഓണ്‍ലൈനായി ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടിനോട് അടുത്തുകിടക്കുന്നതായ ഫലമാണ് നീല്‍സന്റെ സര്‍വേയിലും ലഭിച്ചത്. സര്‍വേയുടെ ഇറര്‍ മാര്‍ജിന്‍ (തെറ്റാനുള്ള സാധ്യത) +/- 2.53 ശതമാനമായിരുന്നു. 18-നും 59-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

നീല്‍സണ്‍ സര്‍വേ പ്രകാരം ദക്ഷിണ കൊറിയയിലെ 54 ശതമാനം പേര്‍  ജീവിതത്തില്‍ ഇതുവരെ പട്ടിയിറച്ചികഴിച്ചിട്ടില്ല. 86 ശതമാനം പേര്‍ ഭാവിയില്‍ പട്ടിയിറച്ചി കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല/കഴിക്കാന്‍ സാധ്യതയില്ല എന്ന് പറഞ്ഞു. 57 ശതമാനം പേര്‍ പട്ടിയിറച്ചി നിരോധിക്കണം എന്ന് അഭിപ്രായപ്പെട്ടു.

placeholder
ദക്ഷിണ കൊറിയയിൽ പട്ടിയിറച്ചി നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ച് മൃഗസ്നേഹികൾ നടത്തിയ റാലിയിൽ നിന്ന് | Photo: AP

സര്‍ക്കാര്‍ സര്‍വേയില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ കാരണവും നീല്‍സണ്‍ അന്വേഷിച്ചു. മൃഗങ്ങളോടുള്ള ക്രൂരതയാണ് പട്ടിയിറച്ചി നിരോധിക്കണമെന്ന് പറയാന്‍ പ്രധാന കാരണമെന്ന് 53 ശതമാനം പേര്‍ പറഞ്ഞു. ഇതില്‍ 64 ശതമാനം പേര്‍ 50-നോടടുത്ത് പ്രായമുള്ളവരാണ്. വൃത്തിയില്ലായ്മയാണ് ഏഴ് ശതമാനം പേര്‍ കാരണമായി പറഞ്ഞത്. ഇറച്ചിക്കായി വളര്‍ത്തുന്ന പട്ടികളേയും സാധാരണ വളര്‍ത്തുപട്ടികളേയും തുല്ല്യമായി കാണണമെന്നും തുല്ല്യമായ കരുതലിനും സംരക്ഷണത്തിനും അവ അര്‍ഹരാണെന്നും സര്‍വേയില്‍ പങ്കെടുത്ത 68 ശതമാനം പേര്‍ അഭിപ്രായപ്പെട്ടുവെന്നതാണ് മറ്റൊരു രസകരമായ കാര്യം.

അഭിപ്രായ സര്‍വേകള്‍ക്കുപുറമെ മറ്റൊരു പഠനവും ദക്ഷിണ കൊറിയയില്‍ നടന്നിരുന്നു. വളര്‍ത്തു പട്ടികളെ അപേക്ഷിച്ച് ഇറച്ചിക്കായി വളര്‍ത്തുന്ന പട്ടികളുടെ രോമത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് ഇരട്ടിയിലേറെയാണ് എന്നാണ് 2019-ലെ പഠനത്തില്‍ കണ്ടെത്തിയത്. ഇറച്ചിക്കായി ഫാമില്‍ വളര്‍ത്തുന്ന പട്ടികൾ ശാരീരികമായി വലിയ സമ്മര്‍ദം  അനുഭവിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതത്രെ. 

ഫാം ഉടമകളുടെ പ്രതിഷേധം

രാജ്യത്ത് പട്ടിയിറച്ചി നിയമപരമായി നിരോധിക്കുന്നതിനെതിരേ 2023 ഡിസംബറില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇറച്ചിക്കായി പട്ടികളെ വളര്‍ത്തുന്ന ഫാം ഉടമകളാണ് പ്രക്ഷോഭം നയിച്ചത്. പട്ടിയിറച്ചി നിരോധിക്കുന്ന നിയമ നിര്‍മാണം നടത്തുമെന്ന് സര്‍ക്കാരും ഭരണകക്ഷിയും പ്രഖ്യാപിച്ചതാണ് ഫാം ഉടമകളെ പ്രകോപിപ്പിച്ചത്.

ഇരുനൂറോളം ഫാം ഉടമകളും റെസ്റ്ററന്റ് ഉടമകളും ഉള്‍പ്പെടെ പ്രതിഷേധ റാലിയില്‍ പങ്കെടുത്തു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചും സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുമാണ് പ്രതിഷേധം മുന്നോട്ടുപോയത്. പട്ടിയിറച്ചി നിരോധിക്കുന്ന നിയമം സര്‍ക്കാര്‍ പാസാക്കിയാല്‍ താന്‍ ജീവനൊടുക്കും എന്നാണ് ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞത്. ചിലര്‍ കൂട്ടിലടച്ച പട്ടികളെ ലോറികളില്‍ കയറ്റിയാണ് പ്രതിഷേധത്തിനെത്തിയത്.

placeholder
Representational Image | AFP
ദക്ഷിണ കൊറിയയിലെ റെസ്റ്ററന്റില്‍ പാചകത്തിനായി കൊണ്ടുവെച്ച പട്ടിയിറച്ചി | AFP

നമ്മുടെ നാട്ടിലേതു പോലെ സമരക്കാരും പോലീസുമായി വാക്കുതര്‍ക്കവും ഉന്തുംതള്ളുമെല്ലാം  സോളിലെ സമരത്തിലുമുണ്ടായി. ഒടുവില്‍ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്താണ് പോലീസ് പ്രതിഷേധക്കാരെ നീക്കിയത്. തങ്ങളുടെ ഫാമുകളിലുള്ള 20 ലക്ഷത്തോളം പട്ടികളെ കൃഷിമന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രസിഡന്റിന്റെ ഓഫീസിന് മുന്നിലുമെല്ലാമായി തുറന്ന് വിടുമെന്ന ഭീഷണിയും ഫാം ഉടമകള്‍ മുഴക്കിയിരുന്നു.

തങ്ങള്‍ക്ക് കൂടുതല്‍ സമയവും സാമ്പത്തിക സഹായവും ആവശ്യമാണെന്നാണ് ഫാം ഉടമകള്‍ പറഞ്ഞത്. പട്ടിയിറച്ചി കഴിക്കുന്ന വയോധികര്‍ മരിക്കുന്നതോടെ ഈ കച്ചവടം സ്വാഭാവികമായി തന്നെ ഇല്ലാതാകുമെന്നും നിയമത്തിന്റെ ആവശ്യമില്ല എന്നും അവര്‍ വാദിച്ചു. ദക്ഷിണ കൊറിയയിലെ ചെറുപ്പക്കാര്‍ പട്ടിയിറച്ചി കഴിക്കാത്തതിനാല്‍ 15 മുതല്‍ 20 വരെ കൊല്ലം സമയത്തില്‍ ഇത് സംഭവിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. പട്ടികളെ വളര്‍ത്തുന്ന ഫാം ഉടമകളുടെ സംഘടനയുടെ കണക്ക് പ്രകാരം ഏഴ് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ പട്ടികളെയാണ് ദക്ഷിണ കൊറിയയില്‍ ഭക്ഷണത്തിനായി ഒരു കൊല്ലം കശാപ്പുചെയ്യുന്നത്.

നിരോധത്തിനായുള്ള മുറവിളികള്‍

ദക്ഷിണ കൊറിയയിലെ പട്ടിയിറച്ചി വില്‍പ്പന അവസാനിപ്പിക്കണമെന്ന ആവശ്യം ഇക്കാലയളവില്‍ വളര്‍ന്നുവരുന്നുണ്ടായിരുന്നു. രാജ്യത്തിനകത്ത് മാത്രമല്ല, അന്താരാഷ്ട്രതലത്തിലും ഈ ആവശ്യം ഉയര്‍ന്നുകേട്ടിരുന്നു. ദക്ഷിണ കൊറിയയില്‍ 1988-ല്‍ നടന്ന ശൈത്യകാല ഒളിമ്പിക്സാണ് യഥാര്‍ഥത്തില്‍ പട്ടിയിറച്ചി പ്രശ്നം ലോകത്തിന് മുന്നിലെത്തിച്ചത്.

ഒളിമ്പിക്സ് നടക്കുമ്പോള്‍ പട്ടിയിറച്ചി വിഭവങ്ങള്‍ വില്‍ക്കരുതെന്ന് റെസ്റ്റോറന്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സംഗതി പരസ്യമായ രഹസ്യമായി തുടരുന്നുണ്ടായിരുന്നു. 2022-ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ഫിഫ ലോകകപ്പിനിടെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ പട്ടിയിറച്ചി വില്‍പ്പനയ്ക്കെതിരേ പ്രതിഷേധിച്ചത് വാര്‍ത്തയായിരുന്നു. പല സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ നിലപാട് പരസ്യമായി തുറന്ന് പറഞ്ഞ കാഴ്ചയ്ക്കും ലോകം അന്ന് സാക്ഷിയായി.

പരാതികള്‍... പ്രതിഷേധങ്ങള്‍...

കൊറിയയിലെ ഭൂരിപക്ഷം പേരും പട്ടിയിറച്ചി കഴിക്കുന്നവരല്ലെന്നും പട്ടികളെ മനുഷ്യന്റെ കൂട്ടുകാരായാണ് ജനങ്ങള്‍ കാണുന്നതെന്നുമാണ് മൃഗസ്നേഹികളുടെ കൂട്ടായ്മയായ ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ നീല്‍സണ്‍ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പറഞ്ഞത്.

പട്ടിയിറച്ചി വ്യാപാരത്തിനെതിരായ പ്രതിഷേധസൂചകമായി ദക്ഷിണ കൊറിയയുടെ പ്രസിഡന്റിനും അമേരിക്കയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ക്കും കത്തുകള്‍ അയക്കാന്‍ മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അനിമല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആഹ്വാനം ചെയ്തു. 2018-ലെ ശൈത്യകാല ഒളിമ്പിക്സിന് ദക്ഷിണ കൊറിയ ആതിഥേയത്വം വഹിക്കാനിരിക്കെയായിരുന്നു ഇത്.

2012-ല്‍ വേള്‍ഡ് ഡോഗ് അലയന്‍സ് എന്ന സംഘടന ഓണ്‍ലൈന്‍ പരാതി വിജയകരമായി ഉയര്‍ത്തിക്കൊണ്ടുവരികയും ദക്ഷിണ കൊറിയയിലെ 'ക്രൂരത'യ്ക്കെതിരേ ഇടപെടണമെന്ന് യു.കെ. സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. petition.parliament.uk. Change.org എന്നീ പ്ലാറ്റ്ഫോമുകളിലായി വന്ന ഓണ്‍ലൈന്‍ പരാതിയില്‍ നാലരലക്ഷത്തിലേറെ പേരാണ് ഒപ്പുവെച്ചത്. ദക്ഷിണകൊറിയയില്‍ നടക്കാനിരിക്കുന്ന 2018-ലെ ശൈത്യകാല ഒളിമ്പിക്സ് ബഹിഷ്‌കരിക്കണമെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.

placeholder
Photo: AP

ഒടുവില്‍ 2015-ല്‍ പട്ടിയിറച്ചി വ്യാപാരം യു.കെ. പാര്‍ലമെന്റിനുള്ളില്‍ ചര്‍ച്ചയായി. എഡ്മണ്‍ടണില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എം.പിയായ റോബര്‍ട്ട് ഫെല്ലോയാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായി ദക്ഷിണ കൊറിയയിലെ പട്ടിയിറച്ചി വ്യാപാരം യു.കെ. പാര്‍ലമെന്റ് പ്രത്യേകം ചര്‍ച്ച ചെയ്തു. 2016-ല്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ യു.കെ. മന്ത്രിമാര്‍ പട്ടിയിറച്ചിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ദക്ഷിണ കൊറിയയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.

2018-ല്‍ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍/കൊറിയ, കൊറിയ അനിമല്‍ റൈറ്റ്സ് അഡ്വക്കേറ്റ്സ് (കെ.എ.ആര്‍.എ) എന്നീ സംഘടനകളും കെയര്‍2 എന്ന ഓണ്‍ലൈന്‍ പരാതികള്‍ക്കായുള്ള വെബ്സൈറ്റും ചേര്‍ന്ന് പത്ത് ലക്ഷം പേര്‍ ഒപ്പിട്ട പരാതി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ സോളിൽ സ്ഥിതി ചെയ്യുന്ന ബ്ലൂ ഹൗസില്‍ എത്തിച്ചുനല്‍കി. പട്ടിയിറച്ചി ഫാമുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തും ഒപ്പമുണ്ടായിരുന്നു.

നിരോധനത്തിലേക്കുള്ള വഴി

പട്ടിയിറച്ചി വില്‍പ്പന നിരോധിക്കാനായി ശക്തമായ പ്രതിഷേധങ്ങളും സമ്മര്‍ദങ്ങളും ദക്ഷിണ കൊറിയയ്ക്കുമേല്‍ ഉണ്ടായതോടെ സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിച്ചു. 2018 ജൂണ്‍ 20-ന് ഒരു എം.പി. രാജ്യത്തെ മൃഗസംരക്ഷണനിയമം ശക്തിപ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. രോഗവ്യാപനം തടയാനായി അല്ലാതെ മൃഗങ്ങളെ കൊല്ലുന്നത് തത്വത്തില്‍ വിലക്കിക്കൊണ്ടുള്ള ഭേദഗതിയാണ് എം.പി. നിര്‍ദ്ദേശിച്ചത്.

അതിന്റെ പിറ്റേന്ന്, അതായത് ജൂണ്‍ 21-ന് ദക്ഷിണ കൊറിയയിലെ ഒരു കോടതിയില്‍ നിന്ന് നിര്‍ണായകമായൊരു വിധി പുറത്തുവന്നു. ഇറച്ചിക്കായി പട്ടികളെ കൊല്ലുന്നത് നിയമവിരുദ്ധമാണ് എന്നായിരുന്നു ആ കോടതിവിധി. ഇതോടെ വിഷയത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും ശക്തിപ്പെട്ടു.

2018 നവംബര്‍ 22-ന് ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കശാപ്പുശാലയായ തായ്പ്യോങ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആറ് അറവുശാലകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഏറ്റവും വലിയ പട്ടിയിറച്ചി വില്‍പ്പന കേന്ദ്രമായ മൊറാന്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി.

ഒടുവില്‍ 2023 നവംബര്‍ 17-ന് രാജ്യത്ത് പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണകക്ഷിയുടെ ഒരു നേതാവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പട്ടിയിറച്ചി നിരോധിക്കാനായി പ്രത്യേക നിയമം ആ വര്‍ഷം തന്നെ നിര്‍മിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. (ഇതിനോടുള്ള ഫാം ഉടമകളുടെ പ്രതിഷേധമാണ് നമ്മള്‍ നേരത്തേ കണ്ടത്). പട്ടിയിറച്ചി ഉടന്‍ നിരോധിക്കുകയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് അവസാനിപ്പിക്കുന്നതിനാവശ്യമായ താങ്ങ് ഉറപ്പാക്കുമെന്നും കൃഷിമന്ത്രി അന്നുതന്നെ പറഞ്ഞു. മൂന്നുവര്‍ഷത്തെ സമാശ്വാസ സമയം നല്‍കുന്ന നിയമമാണ് കൊണ്ടുവരികയെന്നും സര്‍ക്കാര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ നിരോധനം

2024 ജനുവരി ഒമ്പതിനാണ് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് ചരിത്രപരമായ ആ നിയമം പാസാക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്ന ഒരുപതിറ്റാണ്ടിലേറെ നീണ്ട വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദക്ഷിണ കൊറിയയുടെ പാരമ്പര്യത്തിന്റെ തന്നെ ഭാഗമായിരുന്ന പട്ടിയിറച്ചി രാജ്യം നിരോധിച്ചു.

ഇറച്ചിക്കായി പട്ടികളെ വളര്‍ത്തുന്നതും കൊല്ലുന്നതും വില്‍ക്കുന്നതുമെല്ലാം നിരോധിക്കുന്ന നിയമമാണ് പാര്‍ലമെന്റ് പാസാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 30 ദശലക്ഷം വോണ്‍ (ഇന്നത്തെ നിരക്ക് പ്രകാരം 18,92,757 ഇന്ത്യന്‍ രൂപ) വരെ പിഴയോ ശിക്ഷ ലഭിക്കും. പട്ടിയിറച്ചി കഴിക്കുന്നതിനെ നിയമം ക്രിമിനല്‍ കുറ്റമാക്കിയിട്ടില്ല. പട്ടിയിറച്ചിത്തീറ്റ ക്രമേണ  അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.

placeholder
നിയമം പാസായതിനെ തുടര്‍ന്ന് ആഹ്‌ളാദം പ്രകടിപ്പിക്കുന്ന എം.പിയും മൃഗ സ്‌നേഹികളും | Photo: AFP

208 വോട്ടുകള്‍ക്കാണ് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ നിയമം പാസായത്. രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. മൂന്ന് വര്‍ഷത്തെ സമാശ്വാസ സമയം ഉറപ്പുനല്‍കുന്നതിനാല്‍ 2027-ലാണ് നിയമം നടപ്പാക്കപ്പെടുക. പട്ടിയിറച്ചിയുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഫാം ഉടമകള്‍ക്കുമെല്ലാം ഇതില്‍ നിന്ന് പുറത്തുകടക്കുന്നതിനായി നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥകളും നിയമത്തില്‍ പറയുന്നു. മൂന്നുവര്‍ഷത്തിനുശേഷം നിയമം പൂര്‍ണമായി നടപ്പാക്കപ്പെടുന്നതോടെ ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ പുതിയൊരധ്യായം ആരംഭിക്കും.

മറ്റ് രാജ്യങ്ങളിൽ

വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ദക്ഷിണ കൊറിയയെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാല്‍ ലോകത്ത് ദക്ഷിണ കൊറിയയില്‍ മാത്രമല്ല പട്ടിയിറച്ചി കഴിക്കുന്നവരുള്ളത്. നമുക്കറിയാവുന്നതും അല്ലാത്തതുമായ നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും പട്ടിയിറച്ചി ഭക്ഷിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ ഇന്ത്യയും ഉണ്ട്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങളാണ് ഇന്ത്യയില്‍ പട്ടിയിറച്ചി കഴിക്കുന്നത്. ഇന്ത്യക്കാര്‍-പ്രത്യേകിച്ച് മലയാളികള്‍ കൂടുതലായുള്ളതും ഇപ്പോഴും കുടിയേറി പോകുന്നതുമായ കാനഡയില്‍ പട്ടികളെ കശാപ്പുചെയ്യുന്നതും ഇറച്ചി കഴിക്കുന്നതും നിയമപരമാണ്. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയിലും പട്ടിയിറച്ചിക്ക് വിലക്കില്ല. എന്നാല്‍ ചൈനയിലെ മക്കാവു പ്രവിശ്യയില്‍ മാത്രം പട്ടികളെ കശാപ്പുചെയ്യുന്നതിനും ഇറച്ചി വില്‍പ്പനയ്ക്കും കഴിക്കുന്നതിനും നിരോധനമുണ്ട്. ചൈനയില്‍ ഒരുകോടി പട്ടികളെയാണ് പ്രതിവര്‍ഷം ഭക്ഷണത്തിനായി കൊല്ലുന്നതെന്നാണ് കണക്ക്. 

ഉത്തര കൊറിയ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, ലാവോസ്, വിയറ്റ്‌നാം, കംബോഡിയ, ഘാന, കോംഗോ, കാമറൂണ്‍, നൈജീരിയ, കംബോഡിയ, ജപ്പാന്‍, മലേഷ്യ, ഉസ്ബകിസ്താന്‍, കസാകിസ്താന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.കെ, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ചിലി, ബ്രസീല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പട്ടിയിറച്ചി കഴിക്കുന്നവര്‍ ഉണ്ട്. ചില രാജ്യങ്ങളില്‍ കശാപ്പിനും വില്‍പ്പനയ്ക്കും കഴിക്കാനും അനുമതിയുള്ളപ്പോള്‍ മറ്റുചില രാജ്യങ്ങളില്‍ കഴിക്കാന്‍ മാത്രമാണ് അനുമതി. അപൂര്‍വം  ചില രാജ്യങ്ങളില്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് കശാപ്പുചെയ്യാനും ഇറക്കുമതി ചെയ്യാനും അനുമതിയുണ്ട്. യു.എസ്.എ, തായ്‌വാന്‍, ഹോങ്കോങ് പോലുള്ള രാജ്യങ്ങളില്‍ ഇവയെല്ലാത്തിനും പൂര്‍ണമായ നിരോധനവുമുണ്ട്.