
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി ചെറിയ മീനല്ല. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമാവും മുമ്പേ അധികാരത്തിന്റെ ഇടനാഴികൾ പുരിക്ക് സുപരിചിതമായിരുന്നു. 1974 ബാച്ച് ഐഎഫ്എസ് ഓഫിസറായ പുരി 2009 മുതൽ 2013 വരെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു. അതിനും മുമ്പ് ബ്രസീലിലും ജപ്പാനിലും ബ്രിട്ടനിലും ശ്രിലങ്കയിലും ഉയർന്ന നയതന്ത്ര പദവികൾ വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഇന്റർ നാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐപിഐ) സീനിയർ ഉപദേശകനായി 2017 വരെ ന്യൂയോർക്കിൽ താമസം തുടർന്നു. 2014 ജനുവരിയിലാണ് പുരി ബിജെപിയിൽ അംഗത്വമെടുത്തത്. മൂന്ന് കൊല്ലത്തിനപ്പുറം 2017 ൽ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഭവന, നഗര കാര്യ വകുപ്പിലേക്ക് പ്രധാനമന്ത്രി മോദി പുരിയെ കൊണ്ടു വന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്‌സറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർജിത്‌സിങ് ഔജ്‌ലയോട് 99,626 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും പുരിയെ മോദി കൈവിട്ടില്ല. യുപിയിൽ നിന്നുള്ള രാജ്യസഭാംഗം എന്ന നിലയിൽ പുരി രണ്ടാം മോദി മന്ത്രിസഭയിൽ തുടർന്നു. 2024 ൽ മൂന്നാം വട്ടം മോദി അധികാരം നിലനിർത്തിയപ്പോഴും പുരിയുടെ ക്യാബിനറ്റ് മന്ത്രി സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. പക്ഷേ, ഇന്നിപ്പോൾ പുരിയുടെ തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങി നിൽക്കുന്നുണ്ട്. ജെഫ്രി എപ്സ്റ്റിൻ എന്ന അമേരിക്കൻ ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തിന്റെ ഇരു തലമൂർച്ചയുള്ള കായംകുളം വാൾ.
62 സന്ദേശങ്ങൾ, മൂന്ന് കൂടിക്കാഴ്ചകൾ
എപ്സ്റ്റിന്റെ കുറ്റകൃത്യങ്ങൾ എല്ലാം തന്നെ ഇപ്പോഴും പുറത്തുവന്നിട്ടില്ല. 2019 ഓഗസ്റ്റ് പത്തിന് ജയിലിൽ ആത്മഹത്യ ചെയ്തതോടെ പല രഹസ്യങ്ങളും എപ്സ്റ്റിനൊപ്പം അപ്രത്യക്ഷമായി. എപ്‌സ്്റ്റിനുമായി ബന്ധപ്പെട്ട അറുപത് ലക്ഷം രേഖകളാണ് അമേരിക്കൻ നീതി ന്യായ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 35 ലക്ഷം രേഖകൾ ഇതിനകം പുറത്ത് വിട്ടു. മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത് ഇതുമായി ബന്ധപ്പെട്ട കേസിലാണ്. അടുത്തിടെ ഡെൽഹിയിൽ നടന്ന നിർമ്മിത ബുദ്ധി ഉച്ചകോടിയിൽ നിന്നും മൈക്രൊസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സിന് വിട്ടുനിൽക്കേണ്ടി വന്നത് എപ്സ്റ്റിൻ ഫയലുകളിൽ പേരുള്ളതുകൊണ്ടാണ്. അമേരിക്കയിൽ ബ്രിട്ടന്റെ അംബാസഡറായിരുന്ന പീറ്റർ മൻഡെൽസൺ, സ്ലൊവാക്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മിറൊസ്ലാവ് ലയാക്, യുഎൻ റെഫ്യൂജി ഏജൻസിയുടെ സ്വീഡനിലെ പ്രസിഡന്റ് ജൊവാന്ന റുബിൻസൺ , ഹയാത്ത് ഹോട്ടൽ ശൃംഖലയുടെ എക്‌സിക്യൂട്ടിവ് ചെയർമാൻ തോമസ് പ്രിക്‌സറ്റർ തുടങ്ങിയവർക്ക് രാജി വെയ്‌ക്കേണ്ടി വന്നതും ഇതേ കാരണം കൊണ്ടാണ്.
എപ്‌സ്റ്റിനുമായുള്ള ബന്ധം തീർത്തും ഔദ്യോഗികമായിരുന്നുവെന്നാണ് പുരി പറയുന്നത്. പക്ഷേ, എപ്സ്റ്റിൻ ഫയലുകൾ വ്യക്തമാക്കുന്നത് ഔദ്യോഗിക തലത്തിനുമപ്പുറത്തുള്ള സൗഹൃദം പുരിക്ക് എപ്സ്റ്റിനുമായുണ്ടായിരുന്നുവെന്നാണ്. 2014നും 2017നുമിടിയിൽ 62 തവണ ഇമെയിലിൽ പുരിയും എപ്സ്റ്റിനും ആശയവിനിമയം നടത്തിയിട്ടുണ്ട്. 30 തവണ പുരി എപ്സ്റ്റിനും 32 തവണ എപ്സ്റ്റിൻ പുരിക്കും ഇ മെയിൽ സന്ദേശങ്ങൾ അയച്ചു. ഒരു ഇ മെയിലിൽ പുരി എപ്സ്റ്റിനോട് ചോദിക്കുന്നു '' വിചിത്രവും അസാധാരണവുമായ താങ്കളുടെ ദ്വീപിൽ നിന്നും തിരിച്ചെത്തിയാൽ എന്നെ അറിയിക്കുമല്ലോ?''് കരീബിയൻ കടലിടുക്കിൽ 70 ഏക്കർ മാത്രം വിസ്തീർണ്ണമുള്ള ലിറ്റിൽ സെന്റ് ജെയിംസ് ദീപിലായിരുന്നു എപ്സ്റ്റിന്റെ ലൈംഗിക കുറ്റകൃത്യങ്ങൾ ഏറെയും നടന്നിരുന്നത്. തുടർന്നുള്ള ഒരു മെയിലിൽ പുരി എപ്സ്റ്റിനോട് പറയുന്നു : '' ആസ്വദിക്കൂ, അല്ലെങ്കിലും ഇതിനൊന്നും താങ്കൾക്ക് മറ്റുള്ളവരുടെ പ്രോത്സാഹനം ആവശ്യമില്ലല്ലോ!'' എപ്സ്റ്റിന്റെ സുഹൃത്തിന് ഇന്ത്യയിൽ വരുന്നതിന് അതിവേഗം വിസ ശരിയാക്കാൻ താൻ സഹായിച്ചുവെന്ന് പുരി തന്നെ സമ്മതിച്ചിട്ടുണ്ട്.
സീസറിന്റെ ഭാര്യ
ചൂരുങ്ങിയത് മൂന്ന് തവണയെങ്കിലും പുരി എപ്സ്റ്റിനുമായി ന്യൂയോർക്കിൽ മാൻഹട്ടനിലുള്ള വീട്ടിൽ വെച്ചു കണ്ടതായി രേഖയുണ്ട്. 2015 ഫെബ്രുവരി നാലിനും, 2016 ജനുവരി ആറിനും 2017 മെയ് 19നുമായിരുന്നു ഈ കൂടിക്കാഴ്ചകൾ. 2008 ലാണ് സ്വയം കുറ്റം സമ്മതിച്ച കേസുകളിൽ അമേരിക്കൻ കോടതി 18 മാസത്തേക്ക് എപ്സ്റ്റിന് തടവ് ശിക്ഷ വിധിച്ചത്. 2011 ൽ പ്രശസ്ത ബ്രിട്ടിഷ് പത്രം ഡെയ്‌ലി മെയിലിൽ വിർജിനിയ ജുഫ്രൊയുടെ അഭിമുഖം വന്നു. പ്രായപൂർത്തിയാവും മുമ്പ് എപ്സ്റ്റിൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചതിനെക്കുറിച്ചും മുൻ ബ്രിട്ടിഷ് രാജകുമാരൻ ആൻ്രഡുവിന് തന്നെ കാഴ്ചവെച്ചതിനെക്കുറിച്ചുമാണ് ഈ എക്‌സ്‌ക്ലുസിവ് അഭിമുഖത്തിൽ വിർജിനിയ തുറന്നു പറഞ്ഞത്. ലോകമെമ്പാടും കോളിളക്കമുണ്ടാക്കിയ അഭിമുഖമായിരുന്നു അത്.
ഈ അഭിമുഖം വരുമ്പോൾ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ അംബാസഡറായി പുരി ന്യൂയോർക്കിലുണ്ട്. എന്നിട്ടും പുരി പറയുന്നത് എപ്സ്റ്റിനെക്കുറിച്ച് തനിക്ക് കാര്യമായൊന്നും അറിയുമായിരുന്നില്ലെന്നാണ്. ഡിജിറ്റൽ ഇന്ത്യക്കായി അമേരിക്കൻ കമ്പനിയായ ലിങ്ക്ഡ്ഇൻ കോർപറേഷൻ മേധാവി റീഡ് ഹൊഫ്മാനെക്കൊണ്ട് ഇന്ത്യയിൽ നിക്ഷേപം നടത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു എപ്സ്റ്റിനുമായുള്ള ബന്ധമെന്നും പുരി പറയുന്നു. ഒരു മെയിലിൽ എപ്സ്റ്റിൻ ഹൊഫ്മാനോട് പറയുന്നത് ഇന്ത്യയിൽ പുരിയായിരിക്കും നിങ്ങളുടെ ആൾ എന്നാണ്. 2005 ൽ ഫ്ളോറിഡയിൽ നടന്ന അന്വേഷണത്തിൽ മാത്രം പുറത്തു വന്നത് 14 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള 36 പെൺകുട്ടികളെ എപ്സ്റ്റിൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്. തന്റെ ദ്വീപിലെത്തുന്ന വ്യവസായ, രാഷ്ട്രീയ മേധാവികൾക്ക് അവിഹിത ലൈംഗിക വേഴ്ചകൾക്കുള്ള അവസരമൊരുക്കിയ ശേഷം അത് രഹസ്യമായി ക്യാമറയിൽ പകർത്തി അവരെ ബ്‌ളാക്ക്‌മെയിൽ ചെയ്യുന്ന പതിവ് എപ്സ്റ്റിനുണ്ടായിരുന്നുവെന്നും ഇതിനകം തെളിഞ്ഞിട്ടുണ്ട്.
പുരി ഏതെങ്കിലും വിധത്തിൽ എപ്‌സ്റ്റിന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. പുരിക്കെതിരെ അങ്ങിനെയാരാരോപണവും ഇതുവരെ ആരും തന്നെ ഉന്നയിച്ചിട്ടില്ല. നിയമം അല്ല ധാർമ്മികതയാണ് പുരിയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. അനീതിക്കെതിരായുള്ള പോരാട്ടത്തിൽ ഗാന്ധിജിക്കും ജെപിക്കുമൊക്കെ പിൻബലമായത് അടിയുറച്ച ധാർമ്മികതയാണ്. സീസറിന്റെ ഭാര്യയും സംശയത്തിനതീതമാവണം എന്നതാണ് രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാന പ്രമാണം. ഇന്ത്യയിലായിരുന്നെങ്കിൽ പോക്‌സൊ നിയമ പ്രകാരം കടുത്ത ശിക്ഷ എപ്സ്റ്റിന് നേരിടേണ്ടി വരുമായിരുന്നു. അത്തരമൊരു വ്യക്തിയുടെ ഉപചാരവും സൗഹൃദവും സ്വീകരിച്ച ഒരാൾക്ക് 140 കോടികളുടെ പ്രതിനിധിയായി കേന്ദ്രത്തിൽ മന്ത്രിയായി തുടരാനാവുമോ? പാർലമെന്റിനെ നിശ്ശബ്ദമാക്കുന്നതുകൊണ്ട് ഈ ചോദ്യം ഇല്ലാതാവുന്നില്ല.
Content Highlights: Details of Union Minister Hardeep Singh Puri's past as a diplomat and his political career., Reveals 62 email exchanges and three meetings between Puri and convicted sex offender Jeffrey Epstein., Examines the ethical and moral questions surrounding the association, even without evidence of criminal involvement., Highlights the global fallout for other public figures linked to the Epstein scandal.
Published: 27 Feb 2026, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented