വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായതിനുപിന്നാലെ ചോദ്യങ്ങൾ ചോദിച്ച സി.ബി.എസ് റിപ്പോർട്ടറോട് കുപിതനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിവെപ്പ് കേസിലെ പ്രതിയായ കോൾ തോമസ് അലൻ തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ റിപ്പോർട്ടർ വായിക്കുകയും ചോദ്യം ഉന്നയിക്കുകയും ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
'60 മിനിറ്റ്‌സ്' എന്ന ടെലിവിഷൻ പരിപാടിയിൽ നോറ ഒ ഡോണലുമായി സംസാരിക്കവെയാണ് ട്രംപ് പ്രകോപിതനായത്. മാനിഫെസ്റ്റോയിലെ വരികൾ ഉദ്ധരിച്ച റിപ്പോർട്ടറെ ട്രംപ് രൂക്ഷമായി വിമർശിച്ചു.
എപ്‌സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തന്റെ പ്രവൃത്തിക്ക് പിന്നിലെ പ്രേരണയെന്ന് മാനിഫെസ്റ്റോയിൽ അലൻ ആരോപിച്ചിരുന്നു. "ഒരു പീഡകനും ബലാത്സംഗം ചെയ്തവനും രാജ്യദ്രോഹിയുമായ ഒരാളുടെ കുറ്റകൃത്യങ്ങൾ എന്റെ കൈകളിൽ പുരളാൻ അനുവദിക്കില്ല" എന്ന അലന്റെ മാനിഫെസ്റ്റോയിലെ വരികൾ നോറ ഒ ഡോണൽ വായിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഈ വരികൾ റിപ്പോർട്ടർ വായിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും മാധ്യമപ്രവർത്തകർ മോശം ആളുകളാണെന്നും ട്രംപ് പ്രതികരിച്ചു.
‘ഞാനാരെയും ബലാത്സംഗം ചെയ്തിട്ടില്ല. പീഡകനുമല്ല. മാനിഫെസ്റ്റോ തയ്യാറാക്കിയ വ്യക്തി ഒരു മാനസികരോഗിയാണ്. അങ്ങനെ ഒരാളുടെ വാക്കുകൾ ഏറ്റുവായിക്കുന്നതിൽ റിപ്പോർട്ടർ ലജ്ജിക്കണ’മെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വെടിവെപ്പ് നടന്ന സമയത്തെ തന്റെ അനുഭവങ്ങളും ട്രംപ് അഭിമുഖത്തിൽ പങ്കുവെച്ചു. വെടിവെപ്പ് ഉണ്ടായപ്പോൾ തനിക്ക് പരിക്കുകളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നില്ലെന്നും യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബാൾറൂമിൽ നിന്നുള്ള സാധാരണ ശബ്ദമല്ല ഇതെന്ന് തനിക്ക് മനസ്സിലായെന്നും അസാധാരണമായ എന്തോ സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ആക്രമണത്തിന് തൊട്ടുമുമ്പ് തന്റെ കുടുംബത്തിന് അയച്ച കുറിപ്പിലാണ് ആക്രമണത്തേക്കുറിച്ച് പ്രതി വിവരിച്ചത്. ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാൾ വെളിപ്പെടുത്തുന്നു. പ്രസിഡന്റ് ട്രംപിനെ 'രാജ്യദ്രോഹി' എന്നും 'ബലാത്സംഗി' എന്നും വിശേഷിപ്പിച്ച അലൻ, ട്രംപിന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ അവിടെയുള്ള മറ്റുള്ളവരെ വധിക്കേണ്ടി വന്നാൽ അതിനും മടിക്കില്ലെന്നും ഇയാൾ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്താത്തത് ക്രിസ്തീയ രീതിയല്ലെന്നും അത് കുറ്റവാളികളെ സഹായിക്കുന്നതിന് തുല്യമാണെന്നും തന്റെ കുറിപ്പിൽ അലൻ വാദിക്കുന്നു. അലൻ അയച്ച മാനിഫെസ്റ്റോ കണ്ട സഹോദരൻ ഉടൻ തന്നെ കണക്റ്റിക്കട്ട് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് വിരുന്ന് നടക്കുന്ന ഹാളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ തടയുകയായിരുന്നു.
Content Highlights: President Trump confronts CBS reporter Norah O'Donnell during a 60 Minutes interview., Tension arose after the reporter quoted controversial lines from the shooter's manifesto., Trump dismissed the manifesto allegations as the work of a mentally unstable individual., Trump explicitly denied accusations related to the Epstein files and sexual misconduct., Trump described his immediate reaction to the shooting incident at the White House Correspondents' Dinner.
Published: 27 Apr 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented