2008 ഒക്ടോബർ മാസത്തിലാണ് ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണവില പവന് പതിനായിരം രൂപ കടന്നത്. ഇതിന് ശേഷമിങ്ങോട്ട് സ്വർണത്തേക്കാൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ഈ മഞ്ഞലോഹത്തിന്റെ വിലക്കയറ്റം. 2008 ഒക്ടോബറിന് ശേഷം ഇന്ന് 2026-ലേക്ക് കാലെടുത്ത് വെക്കുമ്പോൾ അതായത് 17 വർഷം പൂർത്തിയാകുമ്പോൾ പവന് ഒരുലക്ഷത്തിലേക്ക് വിലയെത്തിയിരിക്കുന്നു. കണക്ക് നോക്കുമ്പോൾ 2000 ജനുവരി മാസം 3344 രൂപ പവന് വിലയുണ്ടായ ഇടത്ത് നിന്നാണ് വെറും 25 വർഷം കഴിയുമ്പോൾ ഒരു ലക്ഷത്തിലേക്ക് എത്തിയത് എന്ന് വേണം കണക്കാക്കാൻ. സ്വർണത്തിന് പതിനായിരം രൂപ കടന്ന 2008 വർഷത്തിന്റെ ആദ്യമാസം ജനുവരി ഒന്നിന് 7880 രൂപയായിരുന്നു പവൻ വില. എന്നാൽ, അതേമാസം മാർച്ച് ആകുമ്പോഴേക്കും 9960 രൂപയിലേക്കെത്തി. ഇതിനുശേഷം യു.എൻ ബാങ്കായ ലീമാൻ ബ്രദേഴ്‌സ് തകർന്നതോടുകൂടിയായിരുന്നു സ്വർണവിലയിൽ അന്ന് അഭൂതപൂർവമായ വിലവർധനവുണ്ടാവുകയും 10,000 കടക്കുകയും ചെയ്തത്.

To advertise here,

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് സ്വർണവിലയുടെ ഇന്നത്തെ വിധി നിശ്ചയിച്ചത് എന്ന് പറയാം. 2007- 2008 കാലത്ത് അമേരിക്കൻ ഭവന വിപണിയിലെ തകർച്ചയിൽ നിന്നായിരുന്നു ബാങ്ക് തകർച്ചയുടെ തുടക്കം. പ്രതിസന്ധി ആഗോള ബാങ്കിംഗ് സംവിധാനങ്ങളെ അപ്പാടെ തളർത്തി, ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2008 സെപ്റ്റംബറിൽ അമേരിക്കയിലെ ഏറ്റവും പുരാതനവും അതിശക്തവുമായിരുന്ന ബാങ്കുകളിലൊന്നായ ലീമാൻ ബ്രദേഴ്‌സ് തകരുകയും പാപ്പരത്വത്തിലേക്ക് നയിക്കുകയും ചെയ്തു. 1850 ൽ സ്ഥാപിതമായ ലീമാൻ ബ്രദേഴ്‌സ് യു.എസ് ഭവനവായ്പാ വിപണിയിൽ കോടിക്കണക്കിന് കിട്ടാക്കടം വന്നതോടെയാണ് തകർച്ചയിലേക്ക് നയിച്ചത്. നേരത്തെ ലോകമഹായുദ്ധങ്ങളും വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാമുണ്ടായതോടെ ബാങ്കിന് ഇതിനെ അതിജീവിച്ച ചരിത്രമുണ്ടായിരുന്നു. എന്നാൽ, ആഗോള വായ്പാരംഗത്തുണ്ടായ കടുത്ത മാന്ദ്യം മറികടക്കാൻ ബാങ്കിന് സാധിച്ചില്ല. ഇതോടെ പാപ്പർ ഹർജി സമർപ്പിക്കുകയും ചെയ്തു. ബാങ്ക് ഏറ്റെടുക്കാൻ ഒട്ടേറെ സ്ഥാപനങ്ങൾ രംഗത്ത് വന്നിരുന്നു. എന്നാൽ, ഏറ്റെടുക്കലിന് അമേരിക്കൻ ഭരണകൂടം സമ്മതം നൽകിയില്ല.

ഇത് തകർന്നതോടെ ആഴ്ചകൾക്കുള്ളിൽ തന്നെ ഇതിന്റെ ഫലം ലോകത്തെല്ലായിടത്തും അനുഭവിക്കേണ്ടിയും വന്നു. ലോകത്തെ പല ധനകാര്യ സ്ഥാപനങ്ങളും മരവിച്ച അവസ്ഥയിലായി. ലീമാൻ ബ്രദേഴ്‌സിന്റെ തകർച്ചയുടെ പാഠം ഉൾക്കൊണ്ട് ബാങ്കുകളിൽ ഇടപാടുകാർക്ക് ഉണ്ടായിരുന്ന വിശ്വാസ്യത അപ്പാടെ ഇല്ലാതായി. വായ്പയും ജോലിയും അപ്രത്യക്ഷമായി. ഇത് സ്റ്റോക്ക് മാർക്കറ്റുകളുടെ തകർച്ചയ്ക്കും കാരണമായി. പേപ്പർ പണത്തിന് അപ്പുറം ബാങ്കുകളുടെ ശ്രദ്ധ സ്വർണത്തിലേക്ക് മാറുന്നത് ഇക്കാലത്താണ്. സ്വർണം അങ്ങനെ വിശ്വാസത്തിന്റെ പ്രതീകമായി.

മുൻകൂട്ടിയുള്ള ഗ്യാരന്റി പേപ്പറുകൾക്കും വിശ്വാസത്തിനും അപ്പുറം സ്വർണം പ്രധാന നിക്ഷേപവസ്തുവായി കണക്കാക്കപ്പെടുകയും ചെയ്തു. ഇത് ഇന്ത്യയേയും ഏറെ സ്വാധീനിച്ചു. 2011 ആകുമ്പോഴേക്കും രാജ്യത്തെ സ്വർണവില 2008-ലെ പതിനായിരം രൂപയിൽ നിന്ന് 21000-ലേക്ക് കുതിക്കുന്നത് അങ്ങനെയാണ്. പണത്തിനപ്പുറം നിക്ഷേപത്തിന്റെ പ്രധാന മാർഗമായി സ്വർണം മാറിയതോടെ വെറും പാരമ്പര്യത്തിനും ചടങ്ങിനും അപ്പുറം സ്വർണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വർധിച്ചതും ഇക്കാലത്തിനുശേഷമാണ്. സർക്കാർ ഇറക്കുമതി തീരുവയും മറ്റും ഉയർത്തിയതോടെ അൽപ്പമൊന്ന് കിതച്ചപ്പോൾ സ്വർണത്തിന്റെ മാറ്റ് കുറയാൻ തുടങ്ങിയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ, എല്ലാത്തിനേയും മറികടന്ന് കുതിച്ചുയരുകയായിരുന്നു.

എല്ലാം മാറ്റിമറിച്ച കോവിഡ് കാലം

കോവിഡ് കാലം ലോകത്തെ മനുഷ്യരുടെ ജീവിതത്തെ ഒന്നാകെ മാറ്റിമറിച്ചപ്പോഴും സ്വർണം നിർണായകമായി. മെഡിക്കൽ ബില്ലുകളടയ്ക്കാനും തൊഴിൽനഷ്ടത്തിനും അടിയന്തര ആവശ്യങ്ങൾക്കുമെല്ലാം സ്വർണം ബദലായി നിന്നതോടെ വില പവന് 39000 ൽ എത്തി. രൂപയുടെ വിലയിടിഞ്ഞതും പണപ്പെരുപ്പവും ആഗോളതലത്തിലെ അരക്ഷിതാവസ്ഥയുമെല്ലാമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതെങ്കിലും സ്വർണ നിക്ഷേപത്തെ ബാങ്കുകൾ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതാണ് വിലവർധനവിന്റെ യഥാർഥ വസ്തുത.

മാത്രമല്ല, ഭാവിയിലേക്കുള്ള നിശബ്ദ സാമ്പത്തിക ഉറപ്പായി സ്വർണത്തെ ജനങ്ങൾ കാണാൻ തുടങ്ങിയതോടെ സ്വർണത്തിന്റെ വാങ്ങൽ വലിയ തോതിൽ വർധിക്കാനും കാരണമായി. കോവിഡ് ആരംഭിച്ച് മാസങ്ങൾക്കുള്ളിലാണ് 50000 ലേക്ക് സ്വർണവിലയെത്തിയിരുന്നു. 2020 ഓഗസ്റ്റ് മാസമാണ് 39720 രൂപയിൽ നിന്ന് 40,000 രൂപയിലേയ്ക്ക് സ്വർണവിലയെത്തിയത്. പതിനായിരം കടന്ന 2008 ന് ശേഷം പന്ത്രണ്ട് വർഷം തികയുന്നതിന് മുമ്പേയായിരുന്നു 40,000 ലേക്കുള്ള കുതിച്ചുചാട്ടം. പണിക്കൂലി സെസ് ജിഎസ്ടി എന്നിവയെല്ലാം ചേരുന്നതോടെ അന്ന് തന്നെ ഒരു പവൻ വാങ്ങാൻ 45000 രൂപയിലധികം വേണ്ടി വന്നിരുന്നു. മാസങ്ങൾക്കുള്ളിൽ 50000 വും തൊട്ടു.

കോവിഡ് വ്യാപാരം ആഗോള സമ്പദ് ഘടനയിൽ ഉയർത്തിയ വെല്ലുവിളിയാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിന്റെ പ്രധാന കാരണായി കണക്കാക്കിയത്. കോവിഡ്-19 ലോക്​ഡൗൺ ആരംഭിച്ച 2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ മിക്ക ബാങ്കുകളുടെയും സ്വർണപ്പണയ വായ്പകളിൽ 40 മുതൽ 70 ശതമാനം വരെ വർധനയാണ് ഉണ്ടായത്.

സെപ്റ്റംബർ അഞ്ച്‌വരെയുള്ള കണക്കെടുത്താൽ പൊതുമേഖലാ ബാങ്കായ എസ്ബിഐ കേരളത്തിലെ ശാഖകൾ വഴി 1612.52 കോടി രൂപയാണ് വ്യക്തിഗത സ്വർണപ്പണയ വായ്പയായി നൽകിയത്. 2019 സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഭാഗത്തിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ട്.

മലയാളിയുടെ നിക്ഷേപമായി മാറുന്ന സ്വർണം

ഭാവിയിലേക്കുള്ള നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്ന പ്രവണത മലയാളികളുടെ ഇടയിൽ കൂടുന്നതാണ് അടിക്കടിയുണ്ടാവുന്ന വിലവർധനവിന് കാരണം. സംസ്ഥാനത്ത് ഒരു വർഷം 224-240 ടൺ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്. അതായത്, ഏതാണ്ട് 1.10 ലക്ഷം കോടി രൂപയുടേതാണ് കേരളത്തിലെ സ്വർണ വിപണി. ഇതിൽ 40 ശതമാനം മാത്രമാണ് വിവാഹ ആവശ്യങ്ങൾക്കുള്ളത്. ശേഷിച്ച 60 ശതമാനവും നിക്ഷേപം എന്ന നിലയിലാണ്. ഇതിൽ കുഞ്ഞുങ്ങൾക്കും മറ്റുമുള്ള സമ്മാനങ്ങളും ഉൾപ്പെടുന്നു.

ദീർഘകാലയളവിൽ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വർണത്തിന് മൂല്യവർധന കൂടുതലാണെന്നതാണ് നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നത്. അവശ്യഘട്ടങ്ങളിൽ എളുപ്പത്തിൽ പണയംവെച്ചോ വിറ്റോ പണമാക്കി മാറ്റാനാകുമെന്നതും അനുകൂല ഘടകങ്ങളാണ്. ഒരു കുഞ്ഞ് ജനിക്കുന്നതോടെ തന്നെ ഭാവിയിലേക്കുള്ള നിക്ഷേപം തുടങ്ങുന്ന മലയാളി പ്രതിവർഷം വാങ്ങുന്നത് ഒരു ലക്ഷം കോടി രൂപയുടെ സ്വർണമാണെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില കുതിച്ചുയർന്ന ട്രെൻഡ്. 'ധരിക്കാവുന്ന നിക്ഷേപം' എന്നതാണ് മറ്റു മാർഗങ്ങളെ അപേക്ഷിച്ച് സ്വർണത്തെ ആകർഷകമാക്കുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

ഇനിയും കൂടുമോ?

നിലവിൽ ഒരുലക്ഷം കടന്നെങ്കിലും പണിക്കൂലിയും ജിഎസ്ടിയുമൊക്കെ കണക്കാക്കുമ്പോൾ ഒരു പവൻ വാങ്ങാൻ പോലും ഏകദേശം 1.12 ലക്ഷമൊക്കെ വരും. മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമർക്കിങ് ചാർജ്, വസ്തുവിന്റെ മോഡൽ എന്നിവയെല്ലാമാണ് മറ്റ് ചാർജുകൾ. 2024 ൽ മാത്രം 10,040 രൂപ വർധിച്ചായിരുന്നു 2025 തുടക്കത്തിൽ 60000 രൂപയ്ക്കടുത്തെത്തിയത്. 2024 മാർച്ച് ആദ്യത്തോടെയാണ് സ്വർണംവില അമ്പതിനായിരം കടന്നത്.

ഇതിനുശേഷം ഈ വർഷം മാത്രം 77.5 ശതമാനം വർധനവാണ് ഈ വർഷം മാത്രമുണ്ടായത്. വില കൂടുന്നതിന് അനുസരിച്ച് നിക്ഷേപകരും ബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇരട്ടിയിലേറെ വർധനവ് ഉണ്ടാകുമ്പോഴും ഭാവിയിലേക്കുള്ള വലിയ നിക്ഷേപമായി കണക്കാക്കി ആരും സ്വർണം വിറ്റൊഴിവാക്കുന്നില്ലയെന്നതും വസ്തുതയാണ്.ഇതിന് പുറമെ ഡോളർ ഇൻഡക്‌സ് 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. ഡോളറിൽ സ്വർണം വാങ്ങുന്ന നിക്ഷേപകർക്ക് ഡോളറിന്റെ വില ഇടിഞ്ഞതോടെ കൂടുതൽ സ്വർണം വാങ്ങാനും അവസരവുമൊരുങ്ങുന്നുണ്ട്.