ജന്മം മാത്രമായിരുന്നു അവരുടെ തെറ്റ്. ഒന്നുമറിയാത്ത കുട്ടികള്‍ പോലും വെടിയേറ്റ് ചിതറിത്തെറിച്ചുപോയി. കൈകള്‍ പിറകില്‍ കൂട്ടിക്കെട്ടി വരിയായി നിര്‍ത്തി പുരുഷന്‍മാരേയും ആണ്‍കുട്ടികളേയും കൂട്ടത്തോടെ വെടിവെച്ചു കൊന്നു. മറ്റുചിലരെ കഴുത്തറുത്ത് ജീവനോടെ അടക്കം ചെയ്തു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വലിയ കുഴിയെടുത്ത് മണ്ണിനടിയില്‍ കുഴിച്ചിട്ടു. ബലാത്സംഗത്തിനിരയായ സ്ത്രീകളെ പലരേയും പാതിജീവനോടെ കുഴിച്ചുമൂടി, ചിലരെ സെര്‍ബ് കുട്ടികളെ പ്രസവിക്കണമെന്ന ലക്ഷ്യത്തോടെ ഗര്‍ഭച്ഛിദ്രത്തിനുപോലും അനുവദിച്ചില്ല. പിഞ്ചുകുട്ടികളെപ്പോലും ലൈംഗികപീഡനത്തിനിരയാക്കി. 

To advertise here,

29 വര്‍ഷം മുമ്പത്തെ ഒരു ജൂലായ് 11 മുതലുള്ള ദിവസങ്ങളെ ജീവനുള്ള കാലത്തോളം മറക്കില്ല തെക്കന്‍ ബോസ്നിയയോടും ഹെര്‍സഗോവിനയോടും ചേര്‍ന്ന സ്രെബ്രെനീറ്റ്സ (Srebrenica) പട്ടണത്തിലെ ബോസ്നൈക്കുകള്‍ (ബോസ്നിയന്‍ മുസ്ലിം). ബോസ്നിയന്‍ യുദ്ധത്തിന്റെ തുടര്‍ച്ചയായി നടന്ന ഈ സ്രെബ്രെനീറ്റ്സ  വംശഹത്യ രണ്ടാം  ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയെന്നും പിന്നീട് അറിയപ്പെട്ടു.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

ഏകദേശം 8372 മുസ്‌ലിം പുരുഷന്‍മാരും ആണ്‍കുട്ടികളുമാണ് നാലോ അഞ്ചോ ദിവസങ്ങള്‍ക്കൊണ്ട് കൂട്ടമരണം വരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം നടുങ്ങിയ ഈ വംശഹത്യയെ അന്താരാഷ്ട്ര വാര്‍ഷിക ഓര്‍മ ദിനമായി ആചരിക്കാനുള്ള പ്രമേയം വലിയ എതിര്‍പ്പുകള്‍ക്കിടയില്‍ അംഗീകരിച്ചിരിക്കുകയാണ്  യു.എന്‍. 2025 ല്‍ വംശഹത്യയുടെ മുപ്പതാം വാര്‍ഷികത്തോടെയായിരിക്കും സ്രെബ്രെനീറ്റ്സ വംശഹത്യാദിനം അന്താരാഷ്ട്ര ദിനമായി ഔദ്യോഗികമായി ആചരിക്കപ്പെടുക. ഇതോടെ യുദ്ധവെറിയിൽ മനുഷ്യരാശി അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് മറക്കാത്ത ഏടായി മാറുകയാണ്.

placeholder
സ്രെബ്രെനീറ്റ്സയിലെ കുഴിമാടത്തിനരികെ പ്രാര്‍ഥിക്കുന്ന വൃദ്ധന്‍ | Photo: Damir Sagolj /Getty Images
  • ആഭ്യന്തര യുദ്ധത്തിന്റെ അനന്തരഫലം

1992-ലാണ് ബോസ്നിയയും ഹെര്‍സഗോവിനയും യൂഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ഇത് ബോസ്നയ്ക്കുകളും ക്രൊവാറ്റ്സും സെര്‍ബുകളും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിന് വഴിവെച്ചു. സ്വാതന്ത്ര്യം നേടുമ്പോള്‍ 44 ശതമാനം മുസ്ലിങ്ങള്‍, 31 ശതമാനം സെര്‍ബുകള്‍, 17 ശതമാനം ക്രോവാറ്റുകൾ എന്നിങ്ങനെയായിരുന്നു ജനസംഖ്യ. പരമാവധി മേഖലകള്‍ സ്വന്തമാക്കി വിശാല സെര്‍ബിയയ്ക്ക് നേതൃത്വം കൊടുക്കാനായിരുന്നു സെര്‍ബ് ദേശീയവാദികള്‍  ശ്രമിച്ചത്. ഇത് ബോസ്നിയയിലെ മുസ്ലിങ്ങളെയാണ് ആശങ്കയിലാക്കിയത്. അക്കാലത്ത് മുസ്ലീമായ പ്രസിഡന്റ് ഇസ്റ്റബെഗോവിച്ചാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. ഇതിനെ സെര്‍ബുകള്‍ എതിര്‍ക്കുക മാത്രമല്ല പ്രത്യാക്രമണവും തുടങ്ങി. ന്യൂനപക്ഷമായ ക്രോവാറ്റ് മുസ്ലിങ്ങള്‍ക്കൊപ്പം നിന്നു. ഇതോടെ സെര്‍ബിയന്‍ സൈന്യം ഇടപെട്ടു. 

റാഡ്കോ മ്ലാഡിച്ചിന്റെ നേതൃത്വത്തിലുള്ള ബോസ്നിയന്‍ സെര്‍ബ് ആര്‍മി, സെര്‍ബിയന്‍ പാരമിലിട്ടറി യൂണിറ്റായ സ്‌കോര്‍പിയോണ്‍, തുടങ്ങി വിവിധ സായുധഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു കലാപം. സ്രെബ്രെനീറ്റ്സയില്‍ മാത്രം അഞ്ചു ദിവസത്തോളം നീണ്ട് നിന്ന വംശഹത്യയില്‍ 8372 മുസ്ലിം പുരുഷന്‍മാരും ആണ്‍കുട്ടികളുമാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇതിന് പുറമെ 20,000 സാധാരണക്കാര്‍ സ്ഥലത്തു നിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്തു. 1993-ല്‍ യു.എന്‍ സുരക്ഷിതകേന്ദ്രമായി പ്രഖ്യാപിച്ച ഇടമായിരുന്നു സ്രെബ്രെനീറ്റ്സ. 370 ഡച്ച് ആയുധധാരികളും സുരക്ഷയ്ക്കുണ്ടായിരുന്നു. പക്ഷെ ബോസ്നിയന്‍ സെര്‍ബ് ആര്‍മി സ്രെബ്രെനീറ്റ്സയിലേക്ക് കടക്കുകയും സര്‍വനാശം വരുത്തുകയും ചെയ്തു. ബോസ്നിയയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടക്കുന്ന ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായിരുന്നു ജനങ്ങള്‍ യു.എന്നിന്റെ സുരക്ഷിത കേന്ദ്രത്തില്‍ വന്നത്. പക്ഷേ, കൂട്ടക്കൊലയെ അതിജീവിക്കാന്‍ അവര്‍ക്കായില്ല.

placeholder
സ്രെബ്രെനീറ്റ്സ വംശഹത്യാക്കാലത്ത് വെടിയേറ്റ് തകര്‍ന്ന ക്യാമ്പുകളിലൊന്ന് | Photo: Damir Sagolj / Getty Images
  • കൂട്ടവെടിവെപ്പ്, ലൈംഗിക അടിമകള്‍

സ്രെബ്രെനീറ്റ്സയിലെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ പുരുഷന്‍മാരേയും ആണ്‍കുട്ടികളേയും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലാണ് എത്തിച്ചത്. തുടര്‍ന്ന് കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ക്യാമ്പുകളിലേക്ക് ഗ്രനേഡും ബോംബുകളുമെറിഞ്ഞു, കൂട്ടവെടിവെപ്പ് നടത്തി. ജയിലിലടച്ച് അതിക്രൂരമായി പീഡിപ്പിച്ചു. വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്തുകയും അംഗച്ഛേദം നടത്തുകയും ചെയ്തു. ക്യാമ്പുകളില്‍ പട്ടിണിക്കിട്ടു, അടിമകളാക്കി. സ്ത്രീകളെയും കുട്ടികളേയും ബന്ധുക്കളുടെ മുന്നിലിട്ടും മൃതദേഹത്തിന് മുന്നിലിട്ട് പോലും ബലാത്സംഗത്തിന് ഇരയാക്കി. ലൈംഗിക അടിമളാക്കി. ഇതിന് പുറമെ മുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍ പൂര്‍ണമായി നശിപ്പിച്ചു. 

ഭക്ഷണവും വെള്ളവും നിഷേധിച്ചതോടെ  പലരും പട്ടിണിയും ദാഹവും കൊണ്ട് മരിച്ചുവീണു. കലാപം അവസാനിച്ചതോടെ എല്ലാ കുഴിമാടങ്ങളും കുഴിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത കാഴ്ചയ്ക്കും ലോകം സാക്ഷിയായി. അത് 1996 മുതല്‍ 1999 വരെ നീണ്ടു നിന്നു. 2000 ല്‍ ഇന്റര്‍നാഷണല്‍ കമ്മിഷന്‍ ഓണ്‍ മിസ്സിങ് പേഴ്സണ്‍ (ഐ.സി.എം.പി)യുടെ നിര്‍ദേശപ്രകാരമാണ് ഡി.എന്‍.എ പരിശോധനയ്ക്ക് തുടക്കമായത്. അത് ഇപ്പോഴും തുടരുന്നുമുണ്ട്. 2023 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം മാത്രം ഏകദേശം 7000 പേരെയാണ് ഡി.എന്‍.എ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത്. ആയിരത്തോളം പേരെ ഇനിയും തിരിച്ചറിയാനുമുണ്ട്.

placeholder
ബോസ്നിയന്‍ സെര്‍ബ് ആര്‍മി തലവനായിരുന്ന റാഡ്കോ മ്ലാഡിച്ചിന്റെ ഫോട്ടോ പതിച്ച ബാനര്‍ | Photo:  Damir Sagol / Getty Images)
  • പട്ടാളമേധാവിയുടെ അറസ്റ്റ്, മകളുടെ ആത്മഹത്യ

സ്രെബ്രെനീറ്റ്സ വംശഹത്യയില്‍ കുറ്റക്കാരനെന്ന് കണ്ട് 2011 മെയ് 26 ന് - ആയിരുന്നു ബോസ്നിയന്‍ സെര്‍ബ് ആര്‍മി തലവനായിരുന്ന റാഡ്കോ മ്ലാഡിച്ചിനെ അറസ്റ്റു ചെയ്യുന്നത്. വേഷംമാറി 16 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞശേഷം സെര്‍ബിയയിലെ ലസറാവോയില്‍ നിന്നായിരുന്നു മ്ലാഡിച്ചിനെ സെര്‍ബിയന്‍ സ്പെഷ്യല്‍ പോലീസ് അറസ്റ്റുചെയ്തത്. ഇന്റര്‍നാഷണല്‍ ക്രിമിനലല്‍ ട്രൈബ്യൂണലിന്റെ നേതൃത്വത്തില്‍ നെതര്‍ലന്‍ഡ്​സിലെത്തിച്ച് വിചാരണയും ആരംഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം 2017 നവംബറില്‍ മ്ലാഡിച്ച് സ്രെബ്രെനീറ്റ്സ വംശഹത്യയില്‍ കുറ്റസമ്മതം നടത്തി. ഇതോടെ ജീവിതാവസാനം വരെയുള്ള തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

മ്ലാഡിച്ചിന്റെ അറസ്റ്റോടെ പിതാവിനെതിരേ ചുമത്തപ്പെട്ട യുദ്ധക്കുറ്റത്തിനെതിരേ ശക്തമായ പോരാട്ടം നടത്തിയത് മകള്‍ അന്ന മ്ലാഡിച്ചായിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് ചൂണ്ടിക്കാട്ടി പലവിധ കാമ്പയിനുകള്‍ക്ക് നേതൃത്വം നല്‍കി. സെര്‍ബിയന്‍ ജനതയ്ക്ക് വേണ്ടി പോരാടിയ പിതാവിനെ മനഃപൂര്‍വം കുടുക്കുകയാണെന്ന് ആരോപിച്ച് കിട്ടിയ വേദികളിലെല്ലാം പ്രസംഗിച്ചു. പക്ഷെ പിതാവിനെ പുറത്തിറക്കാന്‍ കഴിയാതെ വന്നതോടെ അന്ന വലിയ ട്രോമയിലുമായി. വിഷാദരോഗത്തിന് അടിമപ്പെട്ടു. തുടര്‍ന്ന് 2011 മാര്‍ച്ചില്‍ തന്റെ 33-ാം വയസ്സില്‍ സെര്‍ബിയയിലെ ബെല്‍ഗ്രേഡിലുള്ള താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കാണപ്പെടുകയും ചെയ്തു. മരണദിവസം അന്ന മ്ലാഡിച്ചിന്റെ അമ്മ ബൊസില്‍ജാക്ക മ്ലാഡിച്ചാണ് താമസസ്ഥലത്ത് അന്നയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസ് അന്വേഷണങ്ങളും മറ്റുമെല്ലാം നടന്നെങ്കിലും ആത്മഹത്യയെന്ന് ഉറപ്പാക്കുകയായിരുന്നു.

തനിക്കെതിരേ ചുമത്തിയെ യുദ്ധക്കുറ്റത്തിനെതിരേ റാഡ്‌കോ മ്ലാഡിച്ച് 2017-ല്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും 2021 ല്‍ യു.എന്‍ കോടതി അപ്പീല്‍ അംഗീകരിച്ചില്ല. മാത്രമല്ല ജീവിതാവസാനം വരെ ശിക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. റാഡ്‌കോ മ്ലാഡിച്ചിനൊപ്പം മുന്‍ സെര്‍ബ് നേതാവ് റാഡൊവന്‍ കരാഡിച്ചിനെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ നാല്‍പത് വര്‍ഷത്തെ തടവ് ശിക്ഷയാണ് റാഡൊവന് നല്‍കിയതെങ്കിലും 2019 ല്‍ ജീവിതാവസാനം വരെയുള്ള ജീവപര്യന്തമായി ശിക്ഷ ഉയര്‍ത്തി. ബോസ്‌നിയന്‍ യുദ്ധകാലത്ത് റിപ്പബ്ലിക് ഓഫ് സിര്‍പ്‌സ്‌കയുടെ പ്രസിഡന്റായിരുന്നു കരാഡിച്ച്. ബോസ്‌നിയന്‍ യുദ്ധകാലത്ത് സരാജവോയിലും സ്രെബ്രെനീറ്റ്സയിലും നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതോടെ റഡോവന്‍ കരോഡിച്ച് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നീണ്ട 13 വര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് അറസ്റ്റും നിയമ നടപടികളുമുണ്ടായത്.

placeholder
റിപ്പബ്ലിക്ക് ഓഫ് സിര്‍പ്സ്‌കയുടെ പ്രസിഡന്റ് മിലോറാഡ് ഡോഡിക്: Photo: Armin Durgut |AP
  • വംശഹത്യ തന്നെയെന്ന് യു.എന്‍, അംഗീകരിക്കാതെ സെര്‍ബിയ

യുദ്ധാനന്തരം ബോസ്‌നിയ രണ്ട് സ്വയംഭരണ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഒന്ന് ബോസ്‌നിയ ഹെര്‍സഗോവിന, മറ്റൊന്ന് സെര്‍ബുകള്‍ ഉള്‍പ്പെടുന്ന റിപ്പബ്ലിക് ഓഫ് സിര്‍പസ്‌ക. ലോകത്തിലെ പല വംശഹത്യകളും അത് നടത്തിയവരും അനകൂലിക്കുന്ന രാജ്യങ്ങളും മായ്ച്ചുകളയുകയോ അവഗണിക്കുകയോ ചെയ്തിരുന്നു. സമാനമായിരുന്നു സ്രെബ്രെനീറ്റ്സയിലും സംഭവിച്ചത്. സ്രെബ്രെനീറ്റ്സ വംശഹത്യയെന്നത് ഒരു കെട്ടുകഥയാണെന്നും ഫാബ്രിക്കേറ്റഡ് ആണെന്നുമായിരുന്നു ബോസ്‌നിയന്‍ സെര്‍ബ് പ്രസിഡന്റ് മിലറോഡ ഡോഡിക്കിന്റെ നിലപാട്. എന്നാല്‍, കൃത്യമായും ആസൂത്രിതവുമായി നടപ്പിലാക്കിയ വംശഹത്യയാണ് സ്രെബ്രെനീറ്റ്സയില്‍ നടന്നതെന്ന നിലപാടിലായിരുന്നു യു.എന്‍ അടക്കമുള്ളവരും മറ്റ് പല രാജ്യങ്ങളും. അതിന്റെ ഭാഗമായിട്ട് തന്നെയായിരുന്നു വംശഹത്യാദിനത്തെ അന്താരാഷ്ടദിനമായി ആചരിക്കാനുള്ള പ്രമേയം അംഗീകരിച്ചതിന് പിന്നിലും.

സ്രെബ്രെനീറ്റ്സ കൂട്ടക്കൊലയെ വംശഹത്യയായി അംഗീകരിക്കുന്ന കാര്യത്തില്‍ വലിയ തര്‍ക്കമാണ് ഇക്കാലമത്രയും നടന്നത്. 2004-ല്‍ യു.എന്നിന്റെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണല്‍ ഫോര്‍ ദ ഫോര്‍മര്‍ യുഗോസ്ലാവ്യ (ഐ.സി.ടി.വൈ.) എന്ന സംഘടന സെബ്രിക്കന്‍ കൂട്ടക്കൊലയെ വംശഹത്യയെന്ന രീതിയിലായിരുന്നു പരിഗണിച്ചിരുന്നത്. 2005-ല്‍ യു.എന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കോഫി അന്നന്‍ രണ്ടാംലോക മഹായുദ്ധകാലത്തിനുശേഷം നടന്ന ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്നെന്നും സ്രെബ്രെനീറ്റ്സയെ വിലയിരുത്തി. പക്ഷേ, കൂട്ടക്കൊലയെ അംഗീകരിക്കുമ്പോഴും വംശഹത്യയെന്ന് വിളിക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സെര്‍ബിയ. ഇതിനിടെയാണ് സെര്‍ബ്രിക്ക വംശഹത്യാദിനമെന്ന രീതിയില്‍ ജൂലായ് 11 നെ അന്താരാഷ്ട്ര ദിനമായി ആചരിക്കാനുള്ള പ്രമേയം യു.എന്നിന് മുന്നിലെത്തിയത്. കഴിഞ്ഞ മെയ് മാസം 23 നാണ് പ്രമേയം യു.എന്‍ അസംബ്ലിയില്‍ വോട്ടെടുപ്പിലേക്കെത്തിയത്. 193 അംഗ സഭയില്‍ 68 പേര്‍ വിട്ടുനിന്നു. 19 ന് എതിരെ 84 വോട്ടുകള്‍ക്ക് പാസ്സാവുകയും ചെയ്തു. ഇതിനിടെ പ്രതിഷേധവുമായി സെര്‍ബിയന്‍ പ്രസിഡന്റും ബോസ്‌നിയന്‍ സെര്‍ബ് നേതാക്കളുമെത്തി. 

placeholder
സ്രെബ്രെനീറ്റ്സ വംശഹത്യയില്‍ അതിജീവിച്ചവരും ബന്ധുക്കളും കിഴക്കൻ ബോസ്‌നിയയിലെ നെസൂക്ക് വില്ലേജില്‍ നടത്തിയ മാര്‍സ് മിറ മാര്‍ച്ച്. Photo:ELVIS BARUKCIC |AFP

പ്രമേയത്തിനെതിരേ ലോബീയിങ് കാമ്പയിന്‍ വരെ നടന്നു. പ്രമേയത്തിന് പിന്നില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനുമടങ്ങുന്ന സംഘമാണെന്ന് ആരോപിക്കപ്പെട്ടു. ഇതിന് മുന്നോടിയായി റിപ്പബ്ലിക് ഓഫ് സിര്‍പസ്‌ക സ്രെബ്രെനീറ്റ്സയില്‍ പ്രത്യേക സെഷന്‍തന്നെ നടത്താന്‍ തീരുമാനിച്ചിരുന്നു. സെര്‍ബിയയെ വംശഹത്യാരാജ്യമായി അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്. ഞങ്ങള്‍ വംശഹത്യക്കാരല്ലെന്ന ബോര്‍ഡുകള്‍ പലിയിടങ്ങളിലും ഉയര്‍ന്നു. സെര്‍ബ് ജനതയെ പൈശാചികവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബോസ്നിയാക് നേതാക്കളുടേയും അവരുടെ സ്‌പോണ്‍സര്‍മാരില്‍ നിന്നുമുള്ള പ്രകോപനങ്ങളാണ് പ്രമേയത്തിലുള്ളതെന്നാണ് റിപ്പബ്ലിക്ക് ഓഫ് സിര്‍പ്സ്‌കയുടെ പ്രസിഡന്‍ഡ് മിലോറാഡ് ഡോഡിക് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വംശഹത്യയ്ക്ക് ഇരയായവരെ അനുസ്മരിക്കുകയെന്നതും  ഇപ്പോഴും അതിന്റെ ഭീകരതയുടെ മുറിപ്പാടുകള്‍ മായതെ ജീവിക്കുന്നവരെ പിന്തുണയ്ക്കുകയെന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എന്നിലെ ഭൂരിഭാഗം പ്രതിനിധികളും ചൂണ്ടിക്കാട്ടി. തുടർന്ന് പ്രമേയം അംഗീകരിക്കുകയും ചെയ്തു.

വംശഹത്യയെ നിഷേധിക്കുന്നതിലൂടെ അതിക്രമങ്ങളിലെ പങ്കില്‍ നിന്നും സൈനിക രാഷ്ട്രീയ നേതാക്കളുടെ ഉത്തരവാദിത്തത്തില്‍ നിന്നും തങ്ങള്‍ക്ക് മാറിനില്‍ക്കാമെന്നാണ്  സെര്‍ബിയ കരുതുന്നത്. മാത്രമല്ല വംശഹത്യയെ ഔദ്യോഗികമായി അംഗീകരിച്ചാല്‍, ഒരുപക്ഷേ, നഷ്ടപരിഹാരമം നല്‍കുന്നതിലേക്കടക്കം കാര്യങ്ങള്‍ എത്തിയേക്കാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്. പ്രത്യേകിച്ച് ഇപ്പോഴും ഡി.എന്‍.എ പരിശോധനയടക്കം പുരോഗമിക്കുന്ന സാഹചര്യത്തില്‍. ഇതിന് പുറമെ വംശഹത്യയെ അംഗീകരിക്കുന്നത് കൂടുതല്‍ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാമെന്നും സെര്‍ബിയ കരുതുന്നുണ്ട്.

placeholder
സ്രെബ്രെനീറ്റ്സ വംശഹത്യാക്കാലത്ത് കൊല്ലപ്പെട്ടയാളുടെ കബര്‍ കല്ല് വൃത്തിയാക്കുന്ന സത്രീ | Photo: Damir Sagolj /Getty Images
  • ബോസ്‌നിയന്‍ വംശഹത്യയുടെ ബാക്കിപത്രം

നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ആയിരം സെര്‍ബ് മക്കള്‍ പിറക്കട്ടെ എന്ന ആക്രോശമായിരുന്നു ഓരോ ബലാത്സംഗത്തിന് ശേഷവും അന്ന് ബോസ്‌നിയയില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. ഒടുവില്‍ അവള്‍ ഗര്‍ഭിണിയാവുന്നു. തന്നെ ക്രൂരബലാത്സംഗത്തിനിരയാക്കിയ മനുഷ്യനെ ഓര്‍ക്കാന്‍ പോലും അവള്‍ക്കാവുന്നില്ല. തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ അവള്‍ക്ക് വെറുപ്പോടെയല്ലാതെ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഗര്‍ഭം അലസിപ്പോവാന്‍ കഴിയുന്നതൊക്കെ ചെയ്തു. പക്ഷേ, പറ്റുന്നില്ല. ഒടുവില്‍ കുഞ്ഞ് ജനിച്ചപ്പോള്‍ മൂലയൂട്ടാന്‍പോലും തോന്നാതെ ആ അമ്മ കടുത്ത മാനസികാവസ്ഥയിലേിയ്ക്ക് പോവുന്നു. പക്ഷെ ആ കുഞ്ഞിന്റെ കരച്ചിലിന് മുന്നില്‍ തോറ്റുപോവുന്നു. ബോസ്‌നിയന്‍ വംശഹത്യയുടെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെക്കുന്ന സ്‌ലാവങ്ക ഡ്രാക്കുലിക്കിന്റെ 'എസ് '- ദ നോവല്‍ എബൗട്ട് ദ ബാല്‍ക്കന്‍സ് എന്ന നോവലിലെ ചില വരികളാണിത്. അത്ര ഭീകരമായിരുന്നു ബോസ്‌നിയന്‍ കലാപത്തിന്റെ ദിനങ്ങള്‍. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യയായിരുന്നു ബോസ്‌നിയയിലേത്. 1992 മുതല്‍ 1995 വരെ ഏകദേശം ഒരു ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേര്‍ തുടച്ചുനീക്കപ്പെട്ടു.

യൂറോപ്പിന്റെ തെക്കു കിഴക്കന്‍ മേഖലയിലെ ഒരു പ്രധാന രാജ്യമായിരുന്നു യൂഗൊസ്‌ളാവിയ. 1991 ല്‍ അത് തകരാന്‍ തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധ പരമ്പരയായിരുന്നു ബോസ്‌നിയയില്‍ മൂന്നു വര്‍ഷം നടമാടിയ നരനായാട്ടിന്റെ പശ്ചാത്തലം. സെര്‍ബിയ, ക്രൊയേഷ്യ, ബോസ്‌നിയ ഹെര്‍സഗോവിന, സ്ലൊവേനിയ, മാസിഡോണിയ, മോണ്‍ടിനെഗ്രോ എന്നീ ആറു റിപ്പബ്ലിക്കുകള്‍ അടങ്ങിയ ഒരു ഫെഡറേഷനായിരുന്നു യൂഗൊസ്‌ളാവിയ. 

placeholder
സ്രെബ്രെനീറ്റ്സ വംശഹത്യാക്കാലത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞപ്പോള്‍ ശവപ്പെട്ടിക്കരികെ വിലപിക്കുന്ന പത്ത് വയസ്സുകാരി | Photo Matej Divizna/Getty Images

ഓരോ രാജ്യവും വ്യത്യസ്ത വംശീയ വിഭാഗങ്ങളുടെ മേധാവിത്തത്തിലായിരുന്നു. അതുകാരണമുള്ള പ്രശ്‌നങ്ങള്‍ മാര്‍ഷല്‍ ജോസിഫ് ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് ഭരണകാലത്തുതന്നെ തലപൊക്കുകയുണ്ടായി. പക്ഷേ, ടിറ്റോ  അത്  അടിച്ചമര്‍ത്തി. ടിറ്റോയുടെ മരണത്തോടെ വിഘടനവാദം ശക്തിപ്പെടുകയും ഘടക രാജ്യങ്ങള്‍ ഒന്നൊന്നായി വേറിട്ടുപോകാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. യൂഗൊസ്‌ളാവിയയിലെ മിക്ക ഘടകരാജ്യങ്ങളും വിട്ടുപോവാന്‍ കാരണം സെര്‍ബിയ പുലര്‍ത്തിയിരുന്ന മേധാവിത്തത്തില്‍ അസംതൃപ്തിയായിരുന്നു. സെര്‍ബിയ ക്ഷോഭിക്കുകയും  മറ്റു ഘടക രാജ്യങ്ങള്‍ വേറിട്ടുപോകുന്നതു തടയാന്‍ സൈനിക ബലം പ്രയോഗിക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം  അങ്ങനെയായിരുന്നു.                                     

സ്‌ളൊവേനിയയും ക്രൊയേഷ്യയുമാണ് ആദ്യം വേറിട്ടുപോവുകയും ആഭ്യന്തരയുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്തത്. എന്നാല്‍ യുദ്ധം പൈശാചിക രൂപം കൈക്കൊണ്ടതു മുസ്ലിംകള്‍ക്കു ഭൂരിപക്ഷമുള്ള  ബോസ്‌നിയയും സ്വതന്ത്രമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്.  ബോസ്‌നിയന്‍ സെര്‍ബ് ദേശീയവാദികള്‍  സെര്‍ബിയന്‍ സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ ആക്രമണം യൂറോപ്പിനെ മാത്രമല്ല, ലോകത്തെ പൊതുവില്‍ തന്നെ നടുക്കുന്ന വിധത്തിലുള്ളതായിരുന്നു. യു.എന്‍ ഇടപെട്ടു. സ്രെബ്രനീറ്റ്സ  പട്ടണത്തെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും അവിടെ സിവിലിയന്മാരുടെ രക്ഷയ്ക്കായി സമാധാന സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്തു. ഡച്ചുകാരുടെ ആ സൈന്യം നിസ്സഹായരായി നോക്കിനില്‍ക്കേയാണ് റാഡ്‌കോ മ്‌ളാഡിച്ചിന്റെ ഉത്തരവ് പ്രകാരം 1995 ജൂലായ് 11 മുതല്‍ ഏഴായിരത്തിലേറെ പേരെ ബോസ്‌നിയന്‍ സെര്‍ബ് സൈന്യം  കൂട്ടക്കൊല ചെയ്തത്. ഇത്രയും പൈശാചികത എന്തിനാണെന്നു മ്‌ളാഡിച്ചിന്റെ കൂടെയുണ്ടായിരുന്ന ചില സെര്‍ബ് നേതാക്കള്‍ പോലും അല്‍ഭുതപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.

References