
എന്തുമേതും വിരല്‍ത്തുമ്പിലെത്തിച്ചുതരുന്ന സ്മാര്‍ട്ട്‌ഫോണുകളില്ലാത്താെരു ജീവിതം സാധ്യമല്ലെന്ന അവസ്ഥയിലാണ് ലോകം. എന്നാല്‍, പതിനായിരക്കണക്കിന് സാധാരണ മനുഷ്യരുടെ ചോരവീഴാന്‍ നമ്മുടെ കൈകളിലുള്ള സ്മാര്‍ട്ട്‌ഫോണും കാരണമായിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മധ്യ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്ന കോംഗോയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഏറ്റവും പുതിയ അധ്യായത്തിനാണ് 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം ആരംഭിക്കുമ്പോള്‍ ലോകം സാക്ഷിയാകുന്നത്. കോംഗോ സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന എം 23 എന്ന സായുധ സംഘം ഗോമ നഗരം പിടിച്ചെടുത്തതാണ് സംഘര്‍ഷത്തില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ക്രൂരതകള്‍ക്കാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഗോമ നഗരം സാക്ഷ്യം വഹിച്ചത്.
കോംഗോയില്‍ സംഭവിക്കുന്നത്
വലിയൊരു ഇടവേളയ്ക്കുശേഷം 2021 നവംബറിലാണ് എം 23 എന്ന സായുധസംഘം കോംഗോയില്‍ വീണ്ടും ആക്രമണം ആരംഭിക്കുന്നത്. യു.എന്നിന്റെ പിന്തുണയുള്ള കോംഗളീസ് സൈന്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമായിരുന്നു ഇത്. അന്ന് മുതല്‍ തന്നെ ചെറുപട്ടണങ്ങളുടെ ഭാഗങ്ങള്‍ എം 23 പിടിച്ചെടുക്കാന്‍ ആരംഭിച്ചിരുന്നു.
2025 ജനുവരിയിയില്‍ എം 23 വലിയ മുന്നേറ്റമാണ് കിവു മേഖലയില്‍ നടത്തിയത്. നോര്‍ത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമയില്‍ ജനുവരി 25-ന് വിമതര്‍ എത്തി. ഇതോടെ കോംഗോ സൈന്യം പ്രാദേശിക സായുധസംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. 25-ന് തന്നെ എം 23 ആദ്യ ആക്രമണം നടത്തി. ഇതിനെ തടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം വിമതര്‍ ഗോമ നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കടന്നുകയറുക തന്നെ ചെയ്തു. ഗോമയിലുടനീളം വലിയ പോരാട്ടമാണ് 27-ന് നടന്നത്.
കോംഗളീസ് സൈന്യത്തിന്റെ കൈവശമുണ്ടായിരുന്ന ഗോമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ജനുവരി 28-ന് വിമതര്‍ പിടിച്ചെടുത്തു. വിമാനത്താവളത്തിലുണ്ടായിരുന്ന സൈനികര്‍ എം 23-യ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ജനുവരി 29 ആയപ്പോഴേക്ക് നഗരത്തിന്റെ ഭൂരിഭാഗവും വിമതരുടെ കൈവശമായി. വടക്കന്‍ ഗോമ ഉള്‍പ്പെടെയുള്ള ചിലയിടങ്ങളില്‍ അപ്പോഴും പോരാട്ടം തുടരുന്നുണ്ടായിരുന്നു. നഗരം കൈപ്പിടിയിലായതോടെ പോരാട്ടങ്ങള്‍ അവസാനിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ജനുവരി 30-ന് ഗോമ നഗരം ഏതാണ്ട് പൂര്‍ണമായി വിമതര്‍ പിടിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്.
ഇതിനിടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിച്ചതായി റുവാണ്ട അറിയിച്ചു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ തങ്ങളുടെ എല്ലാ നയതന്ത്ര പ്രതിനിധികളെയും റുവാണ്ട തിരികെ വിളിച്ചു. ഗോമയ്ക്കായുള്ള പോരാട്ടത്തില്‍ അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ റുവാണ്ടന്‍ സൈനികര്‍ എം 23 സംഘത്തെ സഹായിച്ചുവെന്നാണ് യു.എന്‍. പറയുന്നത്.
അരങ്ങേറിയത് കൊടും ക്രൂരതകള്‍
ഗോമ പിടിക്കാനുള്ള വിമതരുടെ പോരാട്ടത്തിനിടെ സമാനതകളില്ലാത്ത ക്രൂരതകളാണ് നഗരത്തില്‍ അരങ്ങേറിയത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മൂവായിരത്തോളം പേരാണ് ഗോമയില്‍ കൊല്ലപ്പെട്ടത്. തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന നിലയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരുടെ കുത്തൊഴുക്ക് ആശുപത്രികള്‍ക്ക് താങ്ങാവുന്നതിലും എത്രയോ അധികമായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് യു.എന്‍. പറയുന്നത്.
കഴിഞ്ഞയാഴ്ച നഗരം പൂര്‍ണമായി പിടിച്ചെടുത്തശേഷം എം 23 വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നിലവില്‍ വന്നപ്പോള്‍ മാത്രമാണ് രണ്ടായിരത്തോളം മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

ഗോമയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലെ ഏറ്റവും ക്രൂരമായത് എന്ന് വിശേഷിപ്പിക്കാവുന്ന സംഭവങ്ങളുണ്ടായത് ജനുവരി 27-നാണ്. ഗോമയിലെ മുന്‍സെന്‍സെ ജയിലിലെ വനിതാ തടവുകാരാണ് അന്ന് ആക്രമിക്കപ്പെട്ടത്. വിമതര്‍ നഗരം പിടിച്ചതോടെ മുന്‍സെന്‍സെ ജയിലിലെ പുരുഷതടവുകാര്‍ കൂട്ടമായി ജയില്‍ ചാടുകയും വനിതാ ജയിലിലേക്ക് ഇരച്ചെത്തി നൂറുകണക്കിന് തടവുകാരെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
ബലാത്സംഗത്തിനുശേഷം അക്രമികള്‍ ജയിലിന് തീയിട്ടതോടെ ഇരകളായ സ്ത്രീകള്‍ വെന്തുമരിച്ചു. 165 പേരാണ് മരിച്ചതെന്നും ഒമ്പതിനും 13-നും ഇടയില്‍ സ്ത്രീകള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും യു.എന്‍. മനുഷ്യാവകാശ ഓഫീസ് വക്താവ് പറഞ്ഞു. നാലായിരത്തിലേറെ തടവുകാരാണ് ജയില്‍ ചാടിയത്. ഗോമയിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ സമാധാനസേനയുടെ 14 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്രമാണ് ഇവരുടെ മൃതദേഹങ്ങള്‍ എം 23 വിട്ടുനല്‍കിയത്.
എന്താണ് എം 23?
മാര്‍ച്ച് 23 എന്നതിന്റെ ചുരുക്കമാണ് 2012-ല്‍ രൂപവത്കരിക്കപ്പെട്ട എം 23 സായുധസംഘം. കോംഗളീസ് റെവല്യൂഷണറി ആര്‍മി എന്നും അറിയപ്പെടുന്ന ഈ വിമത സംഘത്തെ നയിക്കുന്നത് ടുട്‌സി വംശക്കാരാണ്. കോംഗോയിലെ റുവാണ്ടയുമായും ഉഗാണ്ടയുമായും അതിര്‍ത്തി പങ്കുവെക്കുന്ന നോര്‍ത്ത് കിവു പ്രവിശ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം 23 സംഘത്തിന് റുവാണ്ടയുടെ പിന്തുണയുണ്ട്. ടുട്‌സി വിമത സംഘമായ നാഷണല്‍ കോണ്‍ഗ്രസ് ഫോര്‍ ദി ഡിഫന്‍സ് ഓഫ് ദി പീപ്പിളും (സി.എന്‍.ഡി.പി) കോംഗോ സര്‍ക്കാരും തമ്മില്‍ 2009 മാര്‍ച്ച് 23-ന് സമാധാനക്കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ തിയ്യതിയാണ് എം 23 എന്ന പേരായി പിന്നീട് സ്വീകരിച്ചത്.
സി.എന്‍.ഡി.പി. അംഗമായിരുന്ന ബിഷപ്പ് ജീന്‍ മാരി റൂണിഗ ലുഗെറെറോയായിരുന്നു എം 23-ന്റെ ആദ്യ പ്രസിഡന്റ്. വിമത നേതാവായ ബെര്‍ട്രാന്‍ഡ് ബിസിംവയാണ് നിലവിലെ പ്രസിഡന്റ്. സുല്‍ത്താനി മകെംഗയാണ് എം 23-യുടെ സൈനികമേധാവി.
നേരത്തേ 2012 നവംബര്‍ 20-ന് എം 23 കോംഗോ നഗരമായ ഗോമയുടെ നിയന്ത്രണം പിടിച്ചെടുത്തിരുന്നു. പത്ത് ലക്ഷം പേരാണ് അന്ന് ഗോമയിലുണ്ടായിരുന്നത്. എട്ട് മാസം നീണ്ട രക്തരൂഷിത പോരാട്ടത്തിനൊടുവിലാണ് എം 23 ഗോമ പിടിച്ചത്. ഒന്നരലക്ഷത്തോളം പേരാണ് അന്ന് സ്വന്തം വീടുകളില്‍ നിന്ന് പാലായനം ചെയ്തത്. കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 10 ദിവസത്തിന് ശേഷം എം 23 ഗോമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
എം 23 ഉള്‍പ്പെട്ട രാഷ്ട്രീയ-സൈനിക സഖ്യമാണ് യഥാര്‍ഥത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെ ആക്രമണം നടത്തുന്നത്. 17 രാഷ്ട്രീയ പാര്‍ട്ടികള്‍, രണ്ട് രാഷ്ട്രീയ ഗ്രൂപ്പുകള്‍ എന്നിവയ്ക്കുപുറമെ ഒട്ടേറെ സായുധസംഘങ്ങളും ഉള്‍പ്പെടുന്ന ഈ സഖ്യം കോംഗോ നദീ സഖ്യം എന്നാണ് അറിയപ്പെടുന്നത്.
റുവാണ്ട എന്തിന് ഇടപെടുന്നു?
എം 23-കോംഗോ പോരാട്ടവുമായി റുവാണ്ടയ്ക്കുള്ള ബന്ധം അന്വേഷിക്കുമ്പോള്‍ 1994-ലേക്ക് പോകേണ്ടിവരും. അന്ന് നടന്ന കുപ്രസിദ്ധമായ റുവാണ്ടന്‍ വംശഹത്യയുമായി ഇപ്പോഴത്തെ സംഘർഷത്തിന് പരോക്ഷ ബന്ധമുണ്ട്. എട്ട് ലക്ഷത്തോളം പേരെയാണ് റുവാണ്ടന്‍ വംശഹത്യയ്ക്കിടെ ഹുട്ടു വംശത്തിലെ തീവ്രവാദികള്‍ കൊന്നുതള്ളിയത്. ഇതില്‍ ഭൂരിഭാഗവും ടുട്ട്‌സി വംശത്തില്‍ പെട്ടവരായിരുന്നു.
വംശഹത്യയ്ക്ക് പിന്നാലെ പോള്‍ കഗാമെയുടെ നേതൃത്വത്തില്‍ ടുട്ട്‌സി വംശജര്‍ റുവാണ്ടയുടെ തലസ്ഥാനം പിടിച്ചെടുത്തു. റുവാണ്ടയുടെ പ്രസിഡന്റായി കഗാമെ അധികാരത്തിലെത്തുന്നത് അന്നാണ്. ഇതോടെ വംശഹത്യയ്ക്ക് പ്രതികാരം ചെയ്യുമെന്ന ഭയത്താല്‍ ഹുട്ടു വംശജര്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്ന് കോംഗോയിലേക്ക് പാലായനം ചെയ്തു. വംശഹത്യയ്ക്ക് ഉത്തരവാദികളായ ചിലരെ പിടികൂടാനെന്ന് അവകാശപ്പെട്ട് രണ്ടുതവണയാണ് റുവാണ്ടന്‍ സൈന്യം കോംഗോയുടെ അതിര്‍ത്തി കടന്നെത്തിയത്. കിഴക്കന്‍ കോംഗോയിലെ ടുട്ട്‌സി വംശജരുടെ പിന്തുണയും അവര്‍ക്ക് ലഭിച്ചിരുന്നു.
ഹുട്ടു ഗ്രൂപ്പുകളില്‍ ഒന്നായ ഡെമോക്രാറ്റിക് ഫോഴ്‌സസ് ഫോര്‍ ദി ലിബറേഷന്‍ ഓഫ് റുവാണ്ടയില്‍ (എഫ്.ഡി.എല്‍.ആര്‍) പ്രവര്‍ത്തിക്കുന്ന ചിലര്‍ റുവാണ്ടന്‍ വംശഹത്യയ്ക്ക് ഉത്തരവാദികളാണ് എന്നാണ് റുവാണ്ട പറയുന്നത്. ഈ ഗ്രൂപ്പ് കോംഗോയില്‍ ഇപ്പോഴും സജീവമാണ്. 'വംശഹത്യാ സംഘം' എന്നാണ് ഈ ഗ്രൂപ്പിനെ റുവാണ്ട വിശേഷിപ്പിക്കുന്നത്. വീണ്ടും റുവാണ്ടയിലേക്ക് കടന്നുകയറി 'ജോലി പൂര്‍ത്തിയാക്കുക'യാണ് അവരുടെ ഉദ്ദേശം എന്നാണ് റുവാണ്ട ആരോപിക്കുന്നത്.
എഫ്.ഡി.എല്‍.ആറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് കോംഗോയ്‌ക്കെതിരായ റുവാണ്ടയുടെ ആരോപണം. എന്നാല്‍ കോംഗോ ഇക്കാര്യം നിഷേധിക്കുന്നു. എഫ്.ഡി.എല്‍.ആര്‍. തങ്ങള്‍ക്കും കിഴക്കന്‍ കോംഗോയിലെ ടുട്ട്‌സി വംശജര്‍ക്കും ഭീഷണിയല്ല എന്ന് ഉറപ്പാക്കുന്നതുവരെ കോംഗോ പ്രശ്‌നത്തില്‍ നിന്ന് റുവാണ്ട വിട്ടുനില്‍ക്കാന്‍ സാധ്യതയില്ല.
സ്മാര്‍ട്ട്‌ഫോണും കോംഗോയും
അപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളും കോംഗോയിലെ സംഘര്‍ഷവും തമ്മില്‍ എന്താണ് ബന്ധം? വിശദമായി തന്നെ നോക്കാം.
രസതന്ത്രത്തിലെ ആവര്‍ത്തന പട്ടികയില്‍ ആറ്റോമിക് നമ്പര്‍ 73 ആയ ലോഹമാണ് Ta എന്ന പ്രതീകമുള്ള ടാന്റലം. നീല കലര്‍ന്ന ചാരനിറമുള്ള ഈ അപൂര്‍വ ലോഹത്തിന് ലോഹനാശത്തിനെതിരേ (corrosion) ഉയര്‍ന്ന പ്രതിരോധമുണ്ട്. നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളില്‍ ഒരുപയറുമണിയോളം വലിപ്പത്തില്‍ ടാന്റലം ഉണ്ട്. ചെറിയ അളവിലാണ് ഉള്ളതെങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള പല ഇലക്ട്രോണിക് ഉപകരണങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ടാന്റലം അത്യന്താപേക്ഷിതമാണ്.
ചെറിയ അളവേ ഉള്ളൂവെങ്കില്‍ പോലും ഉയര്‍ന്ന അളവില്‍ വൈദ്യുത ചാര്‍ജ് നിലനിര്‍ത്താനുള്ള കഴിവ്, വലിയ പരിധി വരെ താപനില താങ്ങാനുള്ള ശേഷി എന്നീ സവിശേഷതകള്‍ ഉള്ളതിനാല്‍ ടാന്റലം കൊണ്ട് നിര്‍മിക്കുന്ന കപ്പാസിറ്ററുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റുവാണ്ട, ബ്രസീല്‍, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് മണ്ണിനടിയില്‍ ടാന്റലം ശേഖരമുള്ളത്. എന്നാല്‍, ആഗോളതലത്തില്‍ വിതരണം ചെയ്യപ്പെടുന്ന ടാന്റലത്തിന്റെ 40 ശതമാനത്തിലേറെ വരുന്നത് കോംഗോയില്‍ നിന്നാണ്. കിഴക്കന്‍ കോംഗോയിലെ പല സുപ്രധാന ടാന്റലം മൈനുകളും ഇപ്പോള്‍ എം 23-ന്റെ നിയന്ത്രണത്തിലാണ്. മാസങ്ങളായി കോംഗോയില്‍ പോരാട്ടം നടക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രം ഇത് വലിയ വാര്‍ത്തയാകാന്‍ കാരണവും മറ്റൊന്നല്ല; ഖനനവ്യാപാരത്തിന്റെ ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്ന ഗോമയാണ് വിമതര്‍ പിടിച്ചെടുത്തത്.
പല ഖനികളില്‍ നിന്നായി ഓരോ നാലാഴ്ചയിലും 120 ടണ്‍ കോള്‍ടാന്‍ (ടാന്റലം അയിര്) ആണ് എം 23 റുവാണ്ടയിലേക്ക് അയക്കുന്നതെന്നാണ് കഴിഞ്ഞ ഡിസംബറില്‍ യു.എന്‍. പറഞ്ഞത്. അടുത്തിടെയായി റുവാണ്ടയുടെ ധാതു കയറ്റുമതിയിലുണ്ടായ വന്‍ വര്‍ധനവിന് കാരണം കോംഗോയില്‍ നിന്നുള്ള ധാതുക്കളെത്തുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ടാന്റലം മാത്രമല്ല, മറ്റനേകം ധാതുക്കളാല്‍ സമ്പന്നമാണ് കോംഗോ. സ്വര്‍ണം, ചെമ്പ്, കോബാള്‍ട്ട്, ടിന്‍, ലിഥിയം, വജ്രം എന്നിവയെല്ലാം ധാരാളമായി കോംഗോയിലുണ്ട്. ഈ പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം സ്വന്തമായാല്‍ ഇത് കയറ്റുമതി ചെയ്ത് സമ്പത്തുണ്ടാക്കാം. കോംഗോയില്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. കൂടാതെ, വംശീയ വിദ്വേഷം, മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍, രാഷ്ട്രീയ അസ്ഥിരത എന്നിവയും ചരിത്രപരമായ മറ്റ് കാരണങ്ങളുമാണ് കോംഗോയില്‍ തുടരുന്ന അശാന്തിക്ക് കാരണം.
നിലവിലെ സ്ഥിതി
ഗോമ പിടിച്ച എം 23 വിമതര്‍ ഇപ്പോള്‍ തെക്കോട്ടേക്ക് നീങ്ങുകയാണ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാനായുള്ള മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇത്. ദക്ഷിണ കിവു പ്രവിശ്യയിലേക്കുള്ള എം 23 മുന്നേറ്റം വലിയ മാനുഷിക ദുരന്തത്തിലേക്ക് വഴിതുറക്കുമെന്ന് പ്രവിശ്യാ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
തെക്കന്‍ കിവുവിലേക്ക് ഗോമയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് ആരംഭിച്ചുകഴിഞ്ഞു. പ്രവിശ്യയില്‍ വിഭവങ്ങള്‍ കുറവാണ്. തെക്കന്‍ കിവുവിനും വടക്കന്‍ കിവുവിനും ഇടയിലുള്ള ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ സാധനങ്ങള്‍ക്കുള്ള ക്ഷാമമാണെന്നും ഗവര്‍ണര്‍ പറയുന്നു. സംഘര്‍ഷം പടരുന്നത് പ്രാദേശികയുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്.
മധ്യസ്ഥശ്രമങ്ങള്‍ വിജയിക്കുകയും സംഘര്‍ഷങ്ങള്‍ അവസാനിച്ച് എത്രയും വേഗം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: What is happening in DR Congo and how our smartphones are related with it? Explained in-detail
Published: 20 Feb 2025, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented