കോഴിക്കോട്: ‘‘വിരമിച്ചശേഷം വീട്ടിൽ തനിച്ചാണ്. ഭർത്താവ് വർഷങ്ങൾക്കുമുൻപ്‌ മരിച്ചു. രണ്ട് മക്കൾ രണ്ടിടങ്ങളിൽ. ഒറ്റയ്ക്കായപ്പോഴാണ് സ്മാർട്‌ഫോണിനെ ആശ്രയിച്ചുതുടങ്ങിയത്. വിനോദപരിപാടികളൊക്കെ കാണും. സുഹൃത്തുക്കളോടും മുൻ സഹപ്രവർത്തരോടുമെല്ലാം മിണ്ടാൻ പറ്റുന്നതിന്റെ സന്തോഷം ഏറെ’’ -രാധടീച്ചർ പറയുന്നത് ഏകാന്തതയ്ക്കു കൂട്ടായി മാറിയ ഫോണിനെപ്പറ്റി. തിരക്കേറിയ ലോകത്ത് ചെറുപ്പക്കാർ മാത്രമല്ല, മൊബൈലും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുന്ന പ്രായമായവരുടെ എണ്ണവുമേറുകയാണ്. അത് ക്രിയാത്മകമായ മാറ്റമുണ്ടാക്കുന്നുണ്ട്, ഒപ്പം തെറ്റായ വിവരം വിശ്വസിച്ച് പലരും ചതിക്കുഴിയിൽപ്പെടുന്നുമുണ്ട്. നഗരത്തിലുള്ളവരാണ് കൂടുതലായും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച് പഠനം വ്യക്തമാക്കുന്നത്. അതിൽത്തന്നെ തെക്കൻ കേരളത്തിലുള്ളവർക്കിടയിലാണ് കൂടുതൽ.

To advertise here,

ഉന്മേഷദായകം

അകലെയുള്ള പ്രിയപ്പെട്ടവരെ കണ്ടുകൊണ്ടുതന്നെ ആശയവിനിമയം നടത്താം. ‌ലോകമെമ്പാടുമുള്ള സംഭവവികാസങ്ങൾ വിരൽത്തുമ്പിലെത്തുന്നു. ബില്ലുകൾ അടയ്ക്കാനും സാധനങ്ങൾ വാങ്ങാനുമെല്ലാം ഓൺലൈൻ പ്ലാറ്റ് ഫോമുകൾ സജ്ജം. സിനിമകളും വിനോദപരിപാടികളുമൊരുക്കി ഒടിടി പ്ലാറ്റ് ഫോമുകൾ. ഇതെല്ലാം മാനസികമായി മുതിർന്ന പൗരന്മാരെ വലിയതോതിൽ പിന്തുണയ്ക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ആസക്തിവേണ്ടാ

എന്നാൽ, മുതിർന്ന പൗരർ മൊബൈൽഫോണിലേക്ക് കണ്ണുനട്ടിരുന്ന് അതിന് അടിമപ്പെടുന്നസ്ഥിതി പ്രശ്നമാകും. സാങ്കേതിക പരിജ്ഞാനമില്ലാത്തത് സൈബർ തട്ടിപ്പിനുവരെ വഴിയൊരുക്കും.

കോവിഡ് കാലത്തിനുശേഷം സാമൂഹികമാധ്യമങ്ങളിലെങ്ങും ആരോഗ്യവുമായി ബന്ധപ്പെട്ട വീഡിയോകളുടെ അതിപ്രസരമുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ആധികാരികമല്ലാത്തതും അശാസ്ത്രീയവുമാണ്. ഇത്തരം വീഡിയോകൾ വിശ്വസിച്ച് സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കാൻ കരുതൽവേണം. സ്‌ക്രീനിന് അടിപ്പെടുന്നത് ഉറക്കത്തെ ബാധിക്കും. തലച്ചോറിന്റെ വർക്കിങ് മെമ്മറി കുറയും. മൊബൈൽ നമ്പർ പോലുള്ള കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാതാവും. വിഷാദവും ഉത്കണ്ഠയും സൃഷ്ടിച്ചേക്കാം.

മാറ്റമുണ്ടാക്കുന്നുണ്ട്

തലച്ചോറിനെ ഉത്തേജിപ്പിക്കുന്നുണ്ട്. എന്നാൽ, ഫോൺ ഉപയോഗം പരിധിക്കപ്പുറമായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവും. കാഴ്ചപ്രശ്നം, തലവേദന പോലുള്ള പ്രയാസങ്ങളുണ്ടാവും. ഫോണിലേക്കുമാത്രം ശ്രദ്ധ പോകുമ്പോൾ ആശയവിനിമയം കുറയുകയും ബന്ധങ്ങൾക്കിടയിൽ വിള്ളലുണ്ടാവുകയും ചെയ്യും.

ഡോ. ഷീബ നൈനാൻ

(ജെറിയാട്രിക് സൈക്യാട്രിസ്റ്റ്, അസി.പ്രൊഫസർ, ടെലിമാനസ്, ഇംഹാൻസ്)

സമയം നിശ്ചയിക്കാം

60-ന് മുകളിലുള്ള പലരും കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം നല്ലരീതിയിലും അല്ലാതെയും സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഫോൺ ഉപയോഗത്തിന് സമയം നിശ്ചയിക്കണം. സ്വയം നിയന്ത്രണമുണ്ടാകണം.

ഡോ. പി.എൻ.സുരേഷ് കുമാർ

(കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, ചേതന സെന്റർ ഫോർ ന്യൂറോസൈക്യാട്രിക് റീഹാബിലിറ്റേഷൻ)