
കാലാവധി അവസാനിക്കുംമുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനം തിരിച്ചടിച്ചുവോ? ആദ്യ റൗണ്ട് വോട്ടെടുപ്പ് അതാണ് സൂചിപ്പിക്കുന്നത്. ദേശീയ അസംബ്ലിയിലെ 577 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മാക്രോണിന്റെ റെനൈസെന്‍സ് (Renaissance) പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, മാരിൻ ലെ പെ(Marine Le Pen)ന്നും ജോര്‍ദാന്‍ ബാര്‍ഡെല്ല(Jordan Bardella)യും നേതൃത്വംകൊടുക്കുന്ന തീവ്രവലതുപക്ഷ-കുടിയേറ്റ വിരുദ്ധപാര്‍ട്ടിയായ നാഷണല്‍ റാലി (National Rally) വലിയ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. ജൂലായ് ഏഴിന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. കേവലഭൂരിപക്ഷമായ 289 സീറ്റുകള്‍ക്ക് അടുത്ത് അവര്‍ എത്തിയേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെവന്നാല്‍ രണ്ടാംലോകയുദ്ധത്തിനുശേഷം ഫ്രാന്‍സില്‍ അധികാരത്തിലെത്തുന്ന ആദ്യ തീവ്രവലതുകക്ഷിയായിരിക്കും നാഷണല്‍ റാലി.
2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇമ്മാനുവല്‍ മാക്രോണിന് 2027 വരെ കാലാവധിയുണ്ടെങ്കിലും ആര്‍.എന്‍ അധികാരത്തിലെത്തുന്നത് മാക്രോണിന്റെ വലിയ പരാജയം തന്നെയാണ്. ജനവികാരം മാക്രോണിന് അനുകൂലമല്ലെങ്കിലും അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് ഇതിനകം വ്യക്തത വരുത്തിയിട്ടുണ്ട്. ഇതിനൊപ്പം തീവ്രവലതുപക്ഷത്തെ പ്രതിരോധിക്കേണ്ടതുമുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുമുണ്ട്. ഒപ്പം രണ്ടാംവട്ടത്തില്‍ മാക്രോണും സഖ്യക്ഷികളും പ്രചാരണം ഊര്‍ജിതമാക്കി രംഗത്തിറങ്ങിയിട്ടുമുണ്ട്. പക്ഷേ, എന്തിനാണ് ഇമ്മാനുവല്‍ മാക്രോണ്‍ പെട്ടന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്? മാക്രോണിന്റെ ആ തീരുമാനം ആര്‍ക്ക് ഗുണം ചെയ്തു? എന്തായിരിക്കും ഫ്രാന്‍സിന്റെയും മാക്രോണിന്റെയും ഭാവി?
ഇമ്മാനുവല്‍ മാക്രോണിന്റെ കൈവിട്ട കളി
കൈവിട്ട കളിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ നടത്തിയത്. കാലാവധി അവസാനിക്കും മുമ്പ് തന്നെ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ റിനെയ്സന്‍സിനെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജൂണ്‍ ഒന്‍പതിന് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്രവലതുപക്ഷപാര്‍ട്ടി നേടുമെന്നായിരുന്നു എക്സിറ്റ്പോള്‍ ഫലങ്ങള്‍. നാഷണല്‍ റാലിക്ക് 31.5 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. മാക്രോണിന്റെ റിനെയ്സന്‍സ് 15.2 ശതമാനം വോട്ടോടെ രണ്ടാമതും സോഷ്യലിസ്റ്റുകള്‍ 14.3 ശതമാനം വോട്ടുമായി മൂന്നാമതെത്തുമെന്നും പ്രവചിച്ചിരുന്നു. പ്രചവനങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍, സഭ പിരിച്ചുവിട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന് പ്രഖ്യാപിച്ചു. 'തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു, അതിനാല്‍ ഞാന്‍ ദേശീയ അസംബ്ലി പിരിച്ചുവിടുകയാണ്,' അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. ആദ്യ റൗണ്ട് ജൂണ്‍ 30-നും രണ്ടാം റൗണ്ട് ജൂലൈ ഏഴിനും നടക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു.
എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍പോലെ തന്നെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാരിന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി വലിയ മുന്നേറ്റമുണ്ടാക്കി. മാക്രോണിന്റെ റിനെയ്സന്‍സ് പാര്‍ട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ നാഷണല്‍ റാലി പിടിച്ചു. നാഷണല്‍ റാലിക്ക് 31.5 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ മക്രോണിന്റെ മധ്യവലതുപാര്‍ട്ടിയായ റിനെയ്സെന്‍സിന് 15 ശതമാനം വോട്ടേ കിട്ടിയുള്ളൂ. 81 സീറ്റുകളില്‍ 30 എണ്ണം നാഷണല്‍ റാലി പിടിച്ചപ്പോള്‍, റിനെയ്സന്‍സ് പാര്‍ട്ടിക്ക് 13 സീറ്റുകളേ നേടാനായുള്ളൂ. കഴിഞ്ഞ തവണത്തേക്കാള്‍ 10 സീറ്റിന്റെ കുറവാണ് അവര്‍ക്ക് സംഭവിച്ചത്. അതേസമയം സോഷ്യലിസ്റ്റ് പാര്‍ട്ടിയും അത്രതന്നെ സീറ്റുകള്‍ പിടിച്ചെങ്കിലും 13.79 ശതമാനം വോട്ടുകളാണ് പിടിക്കാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് മാക്രോണ്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നാഷണൽ റാലിയുടെ വളർച്ച തടയാനുള്ള ശ്രമമാണ് മാക്രോണിൻ്റെ തീരുമാനമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിച്ചത്. തീവ്രവലതുപക്ഷ പാർട്ടി അധികാരത്തിലെത്തുന്നത് തടയാൻ ഫ്രഞ്ച് ജനത അവർക്കെതിരായി ഒന്നിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടിയത്. കാലാവധി അവസാനിക്കും മുമ്പ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മക്രോണിന്റെ തീരുമാനം കൈവിട്ട കളിയാണെന്നാണ് വിലയിരുത്തല്‍.

മാക്രോണിനെ ഞെട്ടിച്ച് തിരഞ്ഞെടുപ്പ് ഫലം
പാര്‍ലമെന്റിന് ഏതാണ്ട് മൂന്ന് വര്‍ഷം കാലാവധി ശേഷിക്കെ മാക്രോണ്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം 65.5 ശതമാനമാണ് പോളിങ്. 1997-ന് ശേഷമുള്ള ആദ്യ റൗണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സ് കണ്ട ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. 2022-നെ അപേക്ഷിച്ച് 18 ശതമാനത്തോളം വര്‍ധനവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിലെ 577 സീറ്റുകളിലേക്ക് ജൂണ്‍ 30-നാണ് നടന്ന ആദ്യവട്ട തിരഞ്ഞെടുപ്പില്‍ മാരിൻ ലെ പെന്നിന്റെ നാഷണല്‍ റാലി(ആര്‍.എന്‍.)യാണ് നേട്ടമുണ്ടാക്കിയത്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രാഥമിക ഫലപ്രകാരം 33.15 ശതമാനം വോട്ടുനേടി നാഷണല്‍ റാലി ഒന്നാമതായി. 2022-ലെ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വോട്ടുകളാണ് അവര്‍ ഇത്തവണ പിടിച്ചത്. മാക്രോണിന്റെ റിനെയ്സന്‍സ് പാര്‍ട്ടിക്ക് 20.76 ശതമാനം വോട്ടോടെ മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. ഇടതുസഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടാണ് 28.14 ശതമാനം വോട്ടോടെ രണ്ടാമത്.
ആദ്യവട്ടത്തില്‍ തീവ്രവലതുപക്ഷം വന്‍നേട്ടമുണ്ടാക്കുന്നത് ആദ്യമാണ്. 50 ശതമാനത്തിലേറെ വോട്ടുനേടി 39 ആര്‍.എന്‍. സ്ഥാനാര്‍ഥികള്‍ എം.പി.സ്ഥാനം ഉറപ്പിച്ചു. പാര്‍ട്ടിനേതാവ് മാരിൻ ലെ പെന്‍, ഉപാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ ഷെനു തുടങ്ങിയ പ്രമുഖര്‍ ജയിച്ചു. ഒട്ടിമിക്ക എല്ലാ മണ്ഡലങ്ങളിലും അവരുടെ വോട്ടുവിഹിതം വര്‍ധിച്ചു. പോളിങ് 25 ശതമാനത്തില്‍ കുറഞ്ഞതും വിജയിക്ക് 50 ശതമാനം വോട്ടുകിട്ടാത്തതുമായ 501 മണ്ഡലങ്ങളില്‍ ജൂലായ് ഏഴിന് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കും. അതിനുശേഷമേ അന്തിമഫലം പ്രഖ്യാപിക്കൂ. അതിലും ആര്‍.എന്നിനുതന്നെയാണ് വിജയസാധ്യത കല്പിക്കുന്നത്. 577 അംഗ പാര്‍ലമെന്റില്‍ ലെ പെന്നിന്റെ നാഷണല്‍ റാലി 230 മുതല്‍ 280 സീറ്റുകള്‍വരെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ രണ്ടാംഘട്ടത്തില്‍ നാഷണല്‍ റാലി കേവല ഭൂരിപക്ഷമായ 289 സീറ്റുകള്‍ നേടിയേക്കില്ലെന്നും നിരീക്ഷകര്‍ പറയുന്നു. ഇടതുപക്ഷമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 124 മുതല്‍ 165 സീറ്റുകള്‍ വരെ നേടുമെന്നും പ്രതീക്ഷിക്കന്നു. എന്നാല്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് പരമാവധി പ്രതീക്ഷിക്കുന്നത് 100 സീറ്റുകളാണ്.
ആദ്യഘട്ടത്തില്‍ 12.5 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയവര്‍ക്ക് മാത്രമേ രണ്ടാം റൗണ്ടില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണയായി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് മിക്കവാറും രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലാകും മത്സരം. എന്നാല്‍, ചിലപ്പോള്‍ മൂന്നോ നാലോ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകും. ചില സ്ഥാനാര്‍ഥികള്‍ സഖ്യകക്ഷികളുടെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഘട്ടത്തില്‍നിന്ന് പിന്‍മാറുകയും പതിവാണ്. നാഷണല്‍ റാലി, റിനൈസെന്‍സ്, ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം എന്നീ പ്രധാനരാഷ്ട്രീയ ചേരികളാകും രണ്ടാംഘട്ടത്തില്‍ ജനവിധി തേടുക. രണ്ടാം ലോക മഹായുദ്ധത്തിലെ നാസി അധിനിവേശത്തിനു ശേഷം ഫ്രാന്‍സിന്റെ ഏറ്റവും തീവ്രവലതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നാഷണല്‍ റാലി ലക്ഷ്യമിടുന്നത്.

വലത്തോട്ട് ചായുമോ ഫ്രാന്‍സ്? എന്താണ് ബദല്‍?
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ലെ പെന്നാണ് ഒരു പതിറ്റാണ്ടിലധികമായി നാഷണല്‍ റാലിയുടെ മുഖം. ഡൊണാള്‍ഡ് ട്രംപിന്റേയും വ്ളാഡിമിര്‍ പുടിന്റേയും നയങ്ങള്‍ക്ക് സമാനമാണ് തന്റെ കാഴ്ചപ്പാടുകളെന്ന് അവര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ ജോര്‍ദാന്‍ ബാര്‍ഡെല്ല പാര്‍ട്ടി പ്രസിഡന്റായി. കഠിനാധ്വാനിയായ ലെ പെന്നും കൂര്‍മബുദ്ധിക്കാരമായ ബാര്‍ഡെല്ലയും ഒത്തുചേര്‍ന്നതോടെ പാര്‍ട്ടിയുടെ ശക്തിയും വര്‍ധിച്ചു. പതിറ്റാണ്ടുകളായി വംശീയതയും യഹൂദവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും നയമാക്കിയ പാര്‍ട്ടിയുടെ പ്രതിച്ഛായയെ വര്‍ധിപ്പിക്കല്‍കൂടി ലക്ഷ്യമിട്ടാണ് ലെ പെന്‍ പാര്‍ട്ടി നേതാവായി ജോര്‍ദാന്‍ ബാര്‍ഡെല്ല കൊണ്ടുവരുന്നത്. ഇതെല്ലാമാണെങ്കിലും അടുത്തകാലംവരെ ഒരു തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെത്താനുള്ള സാധ്യതയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുന്‍കാലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാഷണല്‍ റാലിയെ (പഴയ നാഷണല്‍ ഫ്രണ്ട്) സര്‍ക്കാരിന്റെ ഭാഗമാകുന്നതില്‍നിന്ന് ഫലപ്രദമായി തടഞ്ഞിരുന്നു. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാണ്.
577 അംഗ പാര്‍ലമെന്റില്‍ നാഷണല്‍ റാലി 230 മുതല്‍ 280 സീറ്റുകള്‍വരെ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, രണ്ടാംഘട്ടത്തില്‍ പാര്‍ട്ടി തനിച്ച് കേവലഭൂരിപം നേടിയേക്കില്ലെന്നും ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തില്‍ നാഷണല്‍ റാലിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ മധ്യപക്ഷ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും കൈകോര്‍ക്കാനും സാധ്യതയുണ്ട്. നാഷണല്‍ റാലിക്ക് ഒറ്റ വോട്ട് പോലും നല്‍കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട് മാക്രോണ്‍ തന്നെ രംഗത്ത് എത്തിയിരുന്നു. പൊതുശത്രുവിനെ നേരിടാന്‍ പരമ്പരാഗതമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ ഒന്നിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ആദ്യറൗണ്ടില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ചില സ്ഥാനാര്‍ഥികളെ പാര്‍ട്ടികള്‍ പിന്‍വലിച്ചു. ഏതാണ്ട് 200 സ്ഥാനാർഥികളെയാണ് രണ്ടാം റൗണ്ടിൽ നിന്ന് ഇടത്-മധ്യപാർട്ടികൾ പിൻവലിച്ചത്. ഇതോടെ ഇടത്-മധ്യ വോട്ടുകള്‍ ഭിന്നിക്കുന്നത് കുറയുകയും അവ തീവ്രവലതിനെതിരായി ഏകീകരിക്കുകയും ചെയ്യുമെന്നാണ് പാര്‍ട്ടികള്‍ കണക്കാക്കുന്നത്. എന്നാല്‍ വോട്ടര്‍മാര്‍ ഇതിന് അനുകൂലമായി ചിന്തിക്കുമോ എന്നത് വ്യക്തമല്ല. അത്തരമൊരു കൈകോര്‍ക്കല്‍ പരാജയപ്പെടുകയോ, ജനങ്ങള്‍ നാഷണല്‍ റാലിയെ തിരഞ്ഞെടുക്കുകയോ ചെയ്താല്‍ ഒരു പ്രതിപക്ഷ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രസിഡന്റ് മാക്രോണ്‍ നിര്‍ബന്ധിതനാകും.

ഇമ്മാനുവല്‍ മാക്രോണിന്റെ ഭാവിയെന്ത്?
ഫ്രാന്‍സിനെ സംബന്ധിച്ച് ഇതൊരു പൊതുതിരഞ്ഞെടുപ്പല്ല. പ്രസിഡന്റിനെയല്ല, മറിച്ച് പാര്‍ലമെന്റ് അംഗങ്ങളേയും പ്രധാനമന്ത്രിയേയുമാണ് ഇത്തവണ തിരഞ്ഞെടുക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റായി 2027 മെയ് വരെ മാക്രോണിന് കാലാവധി അവശേഷിക്കുന്നുണ്ട്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് താന്‍ സ്ഥാനമൊഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും അദ്ദേഹം ഫ്രാന്‍സിന്റെ പ്രസിഡന്റായി മൂന്ന് വര്‍ഷം കൂടി തുടരും. സാധാരണയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നിലെയാണ് ഫ്രാന്‍സില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നടക്കുക. അതിനാല്‍ തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ജനവികാരം തന്നെയാകും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുക. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍ നിന്നുള്ളയാള്‍ തന്നെയാകും സാധാരണനിലയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും എത്തുക. ഇതുവഴി കൃത്യമായ ഭൂരിപക്ഷത്തോടെ രാഷ്ട്രീയ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കാന്‍ സാധിക്കും.പക്ഷേ, സര്‍ക്കാരും പ്രധാനമന്ത്രിയും വ്യത്യസ്തപാര്‍ട്ടിയില്‍നിന്നാകുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകും.
ദേശീയ അസംബ്ലിയിലെ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയുടേയോ സഖ്യത്തിന്റേയോ നേതാവായിരിക്കും പുതിയ പ്രധാനമന്ത്രി. ഇത് മിക്കവാറും നാഷണല്‍ റാലിയില്‍ നിന്നാകാനാണ് സാധ്യത. ഇതോടെ നിലവിലെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്തലിന് സ്ഥാനം നഷ്ടമാകും. ഇത് സംഭവിക്കുകയാണെങ്കില്‍ 'കോഹാബിറ്റേഷന്‍' എന്നറിയപ്പെടുന്ന ഒരു അധികാരം പങ്കിടല്‍ ക്രമീകരണം നടത്താല്‍ മാക്രോണ്‍ നിര്‍ബന്ധിതനാകും. 'കോഹാബിറ്റേഷന്‍' സംവിധാനത്തില്‍ പ്രസിഡന്റ് രാജ്യത്ത് പൊതുവേ ദുര്‍ബലനായാണ് കണക്കാക്കുന്നത്. പല നയങ്ങളിലും മാറ്റം വന്നേക്കാം. പക്ഷേ, വിദേശ നയം, യൂറോപ്യന്‍ കാര്യങ്ങള്‍, പ്രതിരോധം എന്നിവയില്‍ പ്രസിഡന്റിന് തന്നെയാണ് മുന്‍തൂക്കം. അന്താരാഷ്ട്ര ഉടമ്പടികള്‍ ചര്‍ച്ച ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ചുമതലയും അദ്ദേഹത്തിനാണ്. രാജ്യത്തിന്റെ സായുധസേനയുടെ മേധാവിയും പ്രസിഡന്റ് തന്നെയാണ്. പക്ഷേ, ജനവികാരം എതിരായ ഒരു പ്രസിഡന്റും അദ്ദേഹത്തിനെതിരായ വികാരത്തിന്റെ പുറത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റും പ്രധാനമന്ത്രിയുമാകും ഫ്രാന്‍സ് ഭരിക്കുക. അത് മാക്രോണിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും.
Content Highlights: French election 2024, Who will win in National Assembly
Published: 04 Jul 2024, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented