
പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കാന്‍ ഫ്രാന്‍സ്. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ പലസ്തീന്‍റെ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് പലസ്തീന്‍ പൗരസമൂഹത്തെ രക്ഷിക്കുകയെന്നതിനാണ് ഫ്രാന്‍സ് മുന്‍ഗണന നല്‍കുന്നതെന്നും മാക്രോണ്‍ വ്യക്തമാക്കി. ഈ നീക്കത്തോടെ, ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യശക്തിയും ജി-ഏഴ് കൂട്ടായ്മയിലെ ആദ്യത്തെ രാജ്യവുമാണ് ഫ്രാന്‍സ്. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 147 രാജ്യങ്ങളാണ് ഇതുവരെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. പലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്ന 148-ാമത്തെ രാജ്യമായിരിക്കും ഫ്രാന്‍സ്.
ഫ്രാന്‍സിന്റെ തീരുമാനത്തെ ഇസ്രയേലും യുഎസും ശക്തമായി അപലപിച്ചു. ഫ്രാന്‍സിന്റെ തീരുമാനം ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനവും ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയുമാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചത്. ''ഗാസയെപ്പോലെ ഇറാനെ അനുകൂലിക്കുന്ന മറ്റൊരു ഭൂപ്രദേശം പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുന്നത് അപകടകരമാണ്. അത് ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള വിക്ഷേപണത്തറ ഒരുക്കലാണ്.''-നെതന്യാഹു പറഞ്ഞു. ഫ്രാന്‍സിന്റെ തീരുമാനം ഹമാസിന്റെ അജന്‍ഡകളെ പിന്തുണയ്ക്കുന്നതാണെന്നും അത് പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിന് തിരിച്ചടിയാണെന്നുമാണ് യുഎസ് ആരോപിച്ചത്. എന്നാല്‍, ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഈ തീരുമാനമെന്ന ആരോപണം ഫ്രാന്‍സ് തള്ളി.
യുഎന്നില്‍ നിരീക്ഷക രാഷ്ട്രം
പലസ്തീന്‍ പ്രദേശത്ത് ഒരു ജൂതരാജ്യവും അറബ് രാജ്യവും സ്ഥാപിക്കാനുള്ള പ്രമേയം 1947 നവംബര്‍ 29-നാണ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ പാസാക്കുന്നത്. പക്ഷേ, അറബ് ജനത ആ പ്രമേയത്തെ എതിര്‍ത്തു. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രംകൂടി നിലവില്‍ വരുന്നതില്‍ കടുത്ത എതിര്‍പ്പാണ് അവര്‍ ഉയര്‍ത്തിയത്. ഇത് അംഗീകരിക്കാതെ അവര്‍ യുദ്ധം തുടങ്ങിയെങ്കിലും തോല്‍വിയായിരുന്നു ഫലം. ആ തോല്‍വിയോടെ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം യാഥാര്‍ത്ഥ്യമായി. പക്ഷേ, 1947-ലെ ഐക്യരാഷ്ട്ര സഭ പ്രമേയത്തില്‍ പറഞ്ഞ അറബ് രാഷ്ട്രം ഇന്നും യാഥാര്‍ത്ഥ്യമാകാതെ തുടരുന്നു. പ്രമേയം പാസാക്കി പതിറ്റാണ്ടുകള്‍ക്ക് ശേഷം 1974-ലാണ് ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന് നിരീക്ഷക പദവി ലഭിക്കുന്നത്. യാസര്‍ അറാഫത്ത് രൂപീകരിച്ച പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് (പി.എല്‍.ഒ) ആണ് ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവി ലഭിച്ചത്. പലസ്തീന്‍ എന്ന പേര് ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നതാകട്ടെ 1988-ലും. ആ വര്‍ഷം നവംബര്‍ 15-നാണ് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ യാസര്‍ അറാഫത്ത് ഏകപക്ഷീയമായി ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം പ്രഖ്യാപിച്ചത്. കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിങ്ങനെ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട പലസ്തീന്‍ പ്രദേശങ്ങളുടെ മേല്‍ പരമാധികാരം അവകാശപ്പെട്ടു.
1993-ലെ ഓസ്ലോ കരാര്‍ നിലവില്‍ വന്നതോടെയാണ് പലസ്തീന്‍ വിഷയത്തില്‍ വലിയ മാറ്റം വരുന്നത്. കരാറിനു ശേഷമാണ് പലസ്തീന്‍ രാജ്യം സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും വെസ്റ്റ് ബാങ്കിലും ഗാസയിലും പരിമിതമായെങ്കിലും സ്വയംഭരണം അനുവദിക്കാനും ഇസ്രയേല്‍ സമ്മതിച്ചത്. കരാര്‍ പ്രകാരമാണ് പരിമിത സ്വയംഭരണ അവകാശങ്ങളുള്ള പലസ്തീന്‍ നാഷണല്‍ അതോറിറ്റി നിലവില്‍ വന്നത്. 2011-ല്‍, സമാധാന ചര്‍ച്ചകള്‍ നിലച്ചതോടെ പലസ്തീന് പൂര്‍ണ യുഎന്‍ അംഗത്വത്തിനായുള്ള പ്രചാരണവുമായി പലസ്തീനികള്‍ മുന്നോട്ട് പോയി. അത് പരാജയപ്പെട്ടെങ്കിലും ആ വര്‍ഷം ഒക്ടോബര്‍ 31-ന് യുഎന്‍ സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോ പലസ്തീനെ അംഗീകരിച്ചു. 2012 നവംബര്‍ 29-ന് പലസ്തീന് നിരീക്ഷക രാഷ്ട്രപദവി നല്‍കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പാസാക്കി. ഇതോടെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി പലസ്തീന്‍ പതാക ഉയര്‍ത്തി. മൂന്ന് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും പലസ്തീനെ കക്ഷിയായി അംഗീകരിച്ചു. ഐക്യരാഷ്ട്ര സഭ നിരീക്ഷകപദവി എന്നത് നിരീക്ഷകരാഷ്ട്രം എന്നാക്കി മാറ്റിയെങ്കിലും പലസ്തീന്‍ ഇപ്പോഴും സ്വതന്ത്ര രാഷ്ട്രമായി മാറിയിട്ടില്ല.

ആദ്യം അള്‍ജീരിയ
അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ 1988 നവംബര്‍ 15-ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ യാസര്‍ അറാഫത്ത് ജറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം പ്രഖ്യാപിച്ചു. അതോടെ, സ്വതന്ത്ര പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി അള്‍ജീരിയ മാറി. പ്രഖ്യാപനത്തിന് പിന്നാലെ അറബ് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളും മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമുള്‍പ്പെടെ 80-ലധികം രാജ്യങ്ങള്‍ പലസ്തീനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചു. സോവിയറ്റ് യൂണിയന്‍, ചൈന തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും ചേരിചേരാ രാജ്യങ്ങളായ യുഗോസ്ലാവിയ, ഇന്ത്യ എന്നിവയും അധികം താമസിക്കാതെ പലസ്തീനെ അംഗീകരിച്ചു. ഈ സമയത്ത് അവരെ അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളിലധികവും മുന്‍ സോവിയറ്റ് ബ്ലോക്കിന്റെ ഭാഗമായിരുന്നു. 1988-ല്‍ പലസ്തീന്‍ രാഷ്ട്രപ്രഖ്യാപനം നടത്തിയതോടെ ഐക്യരാഷ്ട്ര സഭ രേഖകളില്‍ പിഎല്‍ഒ എന്നതിന് പകരം പലസ്തീന്‍ എന്ന പേരും സ്ഥാനംപിടിച്ചു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും ഏകദേശം 20 രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചു. തൊണ്ണൂറുകളില്‍ ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ് എന്നിവയ്‌ക്കൊപ്പം മധ്യേഷ്യന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും പലസ്തീനുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. 2000-നും 2010-നും ഇടയില്‍ 12 രാജ്യങ്ങള്‍ കൂടി- കൂടുതലും ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍- പലസ്തീനെ അംഗീകരിച്ചു.
2010-ന്റെ അവസാനത്തിലും 2011-ന്റെ തുടക്കത്തിലും മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയിലെ പ്രതിസന്ധി ഘട്ടത്തിലാണ് അംഗീകാരങ്ങളുടെ അടുത്ത തരംഗമുണ്ടായത്. അര്‍ജന്റീന, ബ്രസീല്‍, ചിലി എന്നിവയുള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജൂത സെറ്റില്‍മെന്റ് സംബന്ധിച്ച ഇസ്രയേലിന്റെ തീരുമാനത്തോടുള്ള പ്രതികരണമായിരുന്നു അത്. 2011 ആയപ്പോഴേക്കും എറിട്രിയയും കാമറൂണും ഒഴികെയുള്ള എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളും പലസ്തീനെ അംഗീകരിച്ചു. ആ വര്‍ഷം പലസ്തീന്‍ യുനെസ്‌കോയില്‍ പൂര്‍ണ്ണ അംഗമായി അംഗീകരിക്കപ്പെട്ടു, ഇത് പലസ്തീന്‍ നയതന്ത്രത്തിന്റെ വിജയമായി അടയാളപ്പെടുത്തി. അതേ വര്‍ഷം തന്നെ പലസ്തീനെ അംഗീകരിച്ച ആദ്യത്തെ പശ്ചിമ യൂറോപ്യന്‍ രാജ്യമായി ഐസ്‌ലൻഡ് മാറി. പിന്നാലെ 2014-ല്‍ സ്വീഡനും ഇതേ മാതൃക പിന്തുടര്‍ന്നു. 2018-ല്‍, പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കൊളംബിയ പലസ്തീനെ പരമാധികാര രാഷ്ട്രമായി പ്രഖ്യാപിച്ചു. 2024-ല്‍ ബഹാമാസ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ജമൈക്ക, ബാര്‍ബഡോസ് എന്നിവ പലസ്തീനെ അംഗീകരിച്ചതായി പ്രഖ്യാപിച്ചു.
ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം തുടരുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം പത്ത് രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിച്ചത്. അയര്‍ലന്‍ഡ്, സ്‌പെയിന്‍, നോര്‍വേ, സ്ലോവേനിയ, അര്‍മേനിയ, മെക്സിക്കോ എന്നിവരാണ് ഏറ്റവും ഒടുവില്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി നേടാനാകൂ എന്ന പാശ്ചാത്യ ശക്തികളുടെ ദീര്‍ഘകാലമായുള്ള നിലപാട് തകര്‍ത്തുകൊണ്ടാണ് അയര്‍ലന്‍ഡ്, സ്‌പെയിന്‍, നോര്‍വേ അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 147 രാജ്യങ്ങളാണ് ഇതുവരെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നത്. ചില രാജ്യങ്ങള്‍ പലസ്തീന്‍ അതോറിറ്റിയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പലരും പലസ്തീന്റെ സര്‍ക്കാരായി പിഎല്‍ഒയെയാണ് കാണുന്നത്. പക്ഷേ, അവര്‍ക്ക് വെസ്റ്റ് ബാങ്കില്‍ മാത്രമേ നിയന്ത്രണമുള്ളൂ. ഗാസയില്‍ ഹമാസാണ് ഭരണം നടത്തുന്നത്. അതേസമയം, ഐക്യരാഷ്ട്ര സഭ പിഎല്‍ഒയെ മാത്രമാണ് പലസ്തീന്‍ ജനതയുടെ പ്രതിനിധികളായി അംഗീകരിക്കുന്നുള്ളു.

മുഖം തിരിച്ച് യൂറോപ്യന്‍ യൂണിയന്‍
ഇന്ത്യയും ചൈനയും റഷ്യയുമുള്‍പ്പെടെ പ്രധാന രാജ്യങ്ങള്‍ അംഗീകരിച്ചെങ്കിലും 27 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മഹാഭൂരിപക്ഷവും പലസ്തീനെ അംഗീകരിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ സ്വീഡന്‍, സൈപ്രസ്, ഹംഗറി, സ്ലൊവാക്യ, പോളണ്ട്, റൊമാനിയ, ബള്‍ഗേറിയ, അയര്‍ലന്‍ഡ്, സ്പെയിന്‍, സ്ലൊവേനിയ എന്നിവര്‍ മാത്രമാണ് പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്. ബള്‍ഗേറിയ, സൈപ്രസ്, ഹംഗറി, റൊമാനിയ, പോളണ്ട് എന്നിവര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന് മുമ്പ് തന്നെ നടപടി സ്വീകരിച്ചിരുന്നു. 1980-കളുടെ അവസാനത്തില്‍ തന്നെ ബള്‍ഗേറിയ, സൈപ്രസ്, ചെക്കോസ്ലോവാക്യ, ഹംഗറി, പോളണ്ട്, റൊമാനിയ എന്നവര്‍ പലസ്തീനെ അംഗീകരിച്ചിരുന്നു. 1988-ല്‍ പലസ്തീനെ അംഗീകരിച്ച ചെക്കോസ്ലോവാക്യയുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. 1992-ല്‍ ചെക്കോസ്ലോവാക്യ വിഘടിച്ച് ചെക്ക് റിപ്പബ്ലിക്കും സ്ലൊവാക്യയുമായി. സ്ലൊവാക്യ അംഗീകാരം നിലനിര്‍ത്തിയെങ്കിലും ചെക്ക് റിപ്പബ്ലിക്ക് ഇത് പിന്‍വലിച്ചു. മാള്‍ട്ട, ബെല്‍ജിയം എന്നിവയുള്‍പ്പെടെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ പലസ്തീന്‍ സംസ്ഥാനത്തെ അംഗീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി 20-ലെ അര്‍ജന്റീന, ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്‍ഡൊനീഷ്യ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. ജി 20-ലെ അംഗമായി കണക്കാക്കുന്ന യൂറോപ്യന്‍ യൂണിയനും പലസ്തീനിനെ അംഗീകരിക്കുന്നില്ല. അതേസമയം, ജി 20 അംഗമായ ഫ്രാന്‍സ് അംഗീകാരം നല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഫ്രാന്‍സ് അംഗീകരിക്കുന്നതോടെ പലസ്തീനെ അംഗീകരിക്കുന്ന ആദ്യത്തെ ജി-7 രാജ്യമാകും അവര്‍.
ഫ്രാന്‍സിന് മനംമാറ്റം
പലസ്തീനെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച യൂറോപ്പിലെ ഏറ്റവും ശക്തമായ രാജ്യമാണ് ഫ്രാന്‍സ്. കഴിഞ്ഞ വര്‍ഷം സ്പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നിവര്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചതിനുശേഷം അവര്‍ക്ക് അനുകൂലമായി നിലപാട് മാറ്റുന്ന ആദ്യത്തെ പ്രധാന പാശ്ചാത്യ രാജ്യവും. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭസമ്മേളനത്തില്‍, പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെ അഭിസംബോധന ചെയ്യുന്ന ഒരു പൊതുസന്ദേശത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ പ്രഖ്യാപനം സ്ഥിരീകരിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് പലസ്തീന്‍ പൗരസമൂഹത്തെ രക്ഷിക്കുകയെന്നതിനാണ് ഫ്രാന്‍സ് മുന്‍ഗണന നല്‍കുന്നതെന്നും മാക്രോണ്‍ വ്യക്തമാക്കി. 'അന്തിമമായി നാം പലസ്തീന്‍ എന്ന രാഷ്ട്രം നിര്‍മിക്കേണ്ടതുണ്ട്. ആ രാഷ്ട്രത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയും അത് പ്രാപ്തമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യണം. സൈനികവത്കണം കുറയ്ക്കുന്ന പലസ്തീന്‍ നിലപാടിനെ സ്വീകരിക്കുകയും ഇസ്രയേലിനെ പൂര്‍ണമായി അംഗീകരിക്കുകയും ചെയ്തുകൊണ്ട് പശ്ചിമേഷ്യയിലെ സുരക്ഷിതത്വത്തിനായി സഹകരിക്കാം.' മാക്രോണ്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഫ്രാന്‍സിന്റെ നീക്കത്തെ സഖ്യകക്ഷികളായ ഇസ്രയേലും യുഎസും നിശിതമായി വിമര്‍ശിച്ചു. അത് ഹമാസിനെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നാണ് അവരുടെ വാദം. ഫ്രാന്‍സിന്റെ തീരുമാനം ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനവും ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയുമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഫ്രാന്‍സിന്റെ സാഹസികമായ തീരുമാനം ഹമാസിന്റെ അജന്‍ഡകളെ പിന്തുണയ്ക്കുന്നതാണെന്നും അത് പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതിന് തിരിച്ചടിയാണെന്നും യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. എന്നാല്‍, ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഈ തീരുമാനമെന്ന ആരോപണം ഫ്രാന്‍സ് തള്ളി. ഹമാസ് എല്ലായ്‌പ്പോഴും ദ്വിരാഷ്ട്രപരിഹാരത്തെ എതിര്‍ത്തിട്ടുള്ളവരാണെന്നും അതുകൊണ്ട് ആ 'ഭീകരസംഘടന'യുടെ നിലപാടിന് എതിരാണ് തങ്ങളുടെ തീരുമാനമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയെല്‍ ബാരറ്റ് വിശദീകരിച്ചു. അതേസമയം, കഴിഞ്ഞ വര്‍ഷം പലസ്തീനെ അംഗീകരിച്ച നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിനില്‍ എന്നീ രാജ്യങ്ങളും അറബ് രാജ്യങ്ങളും ഇതിനെ സ്വാഗതം ചെയ്തു. വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന പലസ്തീന്‍ അതോറിറ്റിയും ഈ നീക്കത്തെ സ്വാഗതം ചെയ്തു.
പലസ്തീനെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ നീക്കത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയും പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുമുള്ള രാജ്യമാണ് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളെന്ന നിലയില്‍, യൂറോപ്പില്‍ മാത്രമല്ല, ലോകമെമ്പാടും അവരുടെ ശബ്ദത്തിന് വലിയ പ്രാധാന്യം ഉണ്ട്. പലസ്തീനെ അംഗീകരിക്കാനുള്ള അവരുടെ തീരുമാനം ഇസ്രയേലിന്മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫ്രാന്‍സിന്റെ തീരുമാനം ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയേക്കാം. മാള്‍ട്ട, ബെല്‍ജിയം എന്നിവയുള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, പല രാഷ്ട്രീയ വിശകലന വിദഗ്ധരും പറയുന്നത് മാക്രോണിന്റെ നീക്കം ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്ന ഒരു പ്രതീകാത്മക വിദേശനയ ഉപകരണമാണെന്നാണ്. പക്ഷേ, അത് നിലവിലെ സാഹചര്യത്തില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞുവെയ്ക്കുന്നു. എന്നാല്‍, പലസ്തീനെ സംബന്ധിച്ചിടത്തോളം ഇത് അവര്‍ക്ക് വലിയൊരു കാല്‍വെപ്പാണ്.
Reference
Content Highlights: France's Recognition of Palestine: A Turning Point in International Relations?
Published: 28 Jul 2025, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented