ഐ.എസ്.ഐ.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതിനു പിന്നില്‍ ആഭ്യന്തരവും ബാഹ്യവുമായ രണ്ടു ഗൂഢാലോചനകളുണ്ടായിരുന്നിരിക്കണമെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും താഴെയിറക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ നടന്ന ഗൂഢാലോചനയും ഇന്ത്യ റഷ്യയില്‍ നിന്നും ക്രയോജനിക് സാങ്കേതികവിദ്യ കരസ്ഥമാക്കാതിരിക്കാനുള്ള അമേരിക്കന്‍ ഗൂഢാലോചനയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ മൊഴിയിലാണ് ഇതുള്ളത്.

To advertise here,

1991-ല്‍ ഐ.എസ്.ഐ.ആര്‍.ഒ റഷ്യയുമായി ക്രയോജനിക് കരാറില്‍ ഒപ്പുവെക്കുമ്പോള്‍ താനായിരുന്നു പ്രോജക്ട് ഡയറക്ടര്‍. അന്ന് ഐ.എസ്.ഐ.ആര്‍.ഒ ഇറക്കിയ ആഗോള ടെന്‍ഡറില്‍ പങ്കെടുത്തത് റഷ്യയും ഫ്രാന്‍സും അമേരിക്കയുമായിരുന്നു. കെ.വി.ഡി 1 എന്നു പേരുള്ള റഷ്യന്‍ എഞ്ചിന്‍ ഗുണനിലവാരത്തില്‍ മറ്റു രണ്ടു രാജ്യങ്ങളുടേതിനെക്കാള്‍ വളരെ മുന്നിലായിരുന്നു. അമേരിക്കയും ഫ്രാന്‍സും ക്വോട്ട് ചെയ്തത് യഥാക്രമം 935 ഉം 932 ഉം കോടി രൂപ വീതമായിരുന്നു. റഷ്യയുടേതാകട്ടെ, വെറും 235 കോടി രൂപയും. സ്വാഭാവികമായും റഷ്യയുമായുള്ള കരാര്‍ ഒപ്പിട്ടു. ഇതിലെ നിരാശ അമേരിക്കക്കാരും ഫ്രഞ്ചുകാരും തന്നെ അറിയിക്കുകയും ചെയ്തു- മൊഴിയില്‍ നമ്പി പറയുന്നു.

തൊട്ടടുത്ത വര്‍ഷം ജോ ബൈഡന്റെ (ഇപ്പോഴത്തെ  യു.എസ്. പ്രസിഡന്റ്) അധ്യക്ഷതയില്‍ ചേര്‍ന്ന അമേരിക്കന്‍ സെനറ്റേഴ്‌സ് കമ്മിറ്റി ഇൻഡോ-റഷ്യന്‍ കരാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും അതിനാല്‍ ക്രയോജനിക് സാങ്കേതികവിദ്യാ കൈമാറ്റത്തില്‍ നിന്ന് റഷ്യയെ തടയണമെന്നും തീരുമാനിച്ചു. അക്കാലത്ത് റഷ്യയുടെ ബഹിരാകാശനിലയത്തിന് അമേരിക്ക ഭാഗികമായി സാമ്പത്തിക സഹായം ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യ കൈമാറിയാല്‍ ഈ ഫണ്ടിങ്  നിര്‍ത്തുമെന്ന് അവര്‍ റഷ്യയെ അറിയിച്ചു. ഈ സാങ്കേതികവിദ്യ കിട്ടിയാല്‍ ഇന്ത്യയ്ക്ക് ഭൂഖണ്ഡാന്തര മിസൈല്‍ നിര്‍മാണശേഷി കൈവരുമെന്ന് യു.എസ് കരുതി.

ക്രയോജനിക് കരാര്‍ വൈകാതെ റദ്ദാക്കേണ്ടി വരുമെന്ന് റഷ്യക്കാര്‍ അറിയിച്ചപ്പോള്‍ കരാറില്‍ നിന്ന് സാങ്കേതികവിദ്യയുടെ കൈമാറ്റക്കാര്യം ഒഴിവാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. പുതിയ കരാര്‍ തയ്യാറാക്കുന്നതിനിടെ എഞ്ചിന്‍ കൈമാറ്റം നേരത്തേയാക്കാന്‍ ആവശ്യപ്പെട്ടു. അമേരിക്കയുടെ ചാരക്കണ്ണുകളെ ഭയന്ന റഷ്യ എഞ്ചിന്‍ സ്വന്തം വാതില്‍പ്പടിയില്‍ വെച്ചു, നേരിട്ട് വിമാനത്താവളത്തിലെത്തിച്ചില്ല. ക്രയോജനിക് വിദ്യ ഉപയോഗിക്കുന്ന മിസൈലുകള്‍ ഇന്നും ലോകത്തില്ല എന്നത് അമേരിക്കയുടെ കരുതല്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്. തന്റെ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത ഇടപെടല്‍ കാരണമാണ് എഞ്ചിന്‍ സാമഗ്രികള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതു തടയാന്‍ അമേരിക്കയ്ക്കു കഴിയാതെ പോയത്-നമ്പി പറയുന്നു. തന്റെ വാദം സാധൂകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ബ്രയന്‍ ഹാര്‍വി എഴുതിയ റഷ്യ ഇന്‍ സ്‌പെയ്‌സ്: ദി ഫെയില്‍ഡ് ഫ്രോണ്ടിയര്‍ എന്ന പുസ്തകത്തിലുണ്ട്.

'ഐ.എസ്.ആര്‍.ഒയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു'

ചാരക്കേസ് അന്വേഷിച്ച ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തന്റെ മേലുദ്യോസ്ഥനായിരുന്ന ഡി.മുത്തുനായകത്തെ കുറ്റപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെക്കൊണ്ട് 'ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പ്രൊഫ. യു.ആര്‍ റാവുവിനെയും പെടുത്താനായിരുന്നിരിക്കാം ശ്രമം. 'ഐ.എസ്.ആര്‍.ഒയെ മൊത്തത്തില്‍ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണതെന്ന സൂചനയാണ് അത് തന്നത്. ആ ശ്രമത്തെ ശക്തിയായി ചെറുത്തു. മുത്തുനായകത്തെ കുറ്റപ്പെടുത്താത്തതിന് കുറച്ചു തല്ല് അധികം കൊള്ളേണ്ടി വന്നു. അപ്പോഴാണ് ഇതിനു പിന്നില്‍ ഒരു അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടാവാമെന്ന് സംശയം വന്നത്. പക്ഷേ, ഇതിനൊന്നും തെളിവില്ല- അദ്ദേഹം വ്യക്തമാക്കുന്നു.

എന്തുകൊണ്ട് ക്രയോജനിക് സാങ്കേതികവിദ്യ

1983-ല്‍ തന്റെ നേതൃത്യത്തിലുള്ള സംഘമാണ് രാജ്യത്തിനായി ലിക്വിഡ് പ്രൊപല്‍ഷന്‍ എഞ്ചിന്‍ വികസിപ്പിച്ചെടുത്തത്; ഫ്രാന്‍സിന്റെ വൈക്കിങ് എഞ്ചിന്റെ നിര്‍മാണത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ഇത്.  തനതു സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ലിക്വിഡ് പ്രൊപല്‍ഷന്‍ എഞ്ചിന്‍ 1984-ല്‍ ഫ്രാന്‍സില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു. അതിനുമുമ്പ് ഭാരതത്തിനുണ്ടായിരുന്നത് സോളിഡ് പ്രൊപല്‍ഷന്‍ എഞ്ചിനാണ്. ഇതിന് 100 കിലോയില്‍ താഴെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ മാത്രമേ വിക്ഷേപിക്കാനാവൂ. ലിക്വിഡ് എഞ്ചിന്‍ ഉപയോഗിക്കുമ്പോള്‍ രണ്ടു ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വിക്ഷേപിക്കാം; ക്രയോജനിക്കാവുമ്പോള്‍ മൂന്നു ടണ്ണിലധികം ഭാരമുള്ളവയെ ജിയോ സിങ്ക്രോണസ് ഭ്രമണപഥത്തിലെത്തിക്കാം.

അന്ന് ക്രയോജനിക് എഞ്ചിന്‍ ലഭിച്ചിരുന്നെങ്കില്‍ സാങ്കേതികവിദ്യ നേരത്തേ വികസിപ്പിക്കാന്‍ കഴിയുമായിരുന്നു. താന്‍ പ്രോജക്ട് ഡയറക്ടറായി തുടര്‍ന്നിരുന്നെങ്കില്‍ 1999-ഓടെ, ഏറിയാല്‍ 2000, ക്രയോജനിക് പ്രോജക്ട് പൂര്‍ത്തിയാക്കുമായിരുന്നു. അതിനുശേഷം 3.5 മുതല്‍ നാലു ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി കൈവരുമായിരുന്നു. നമ്മളേറെ വൈകി. അന്ന് നമ്മള്‍ വിജയിച്ചിരുന്നെങ്കില്‍ അന്താരാഷ്ട്ര നിലവാരത്തിന്റെ മൂന്നിലൊന്ന് ചെലവില്‍ മറ്റു രാജ്യങ്ങളുടെ കമേഴ്‌സ്യല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ നമുക്കാവുമായിരുന്നു. ഈ മേഖലയില്‍ ഇന്ത്യ ഒന്നാമതെത്തിയേനെ- നമ്പി നാരായണ്‍ വിശദീകരിക്കുന്നു.

placeholder
കെ.കരുണാകരൻ | Photo: mathrubhumi archives

ചാരക്കേസും കരുണാകരനും

കെ.കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്നതിന് ഏക കാരണം ചാരക്കേസാണെന്നത് വളരെ വ്യക്തമാണ്. കരുണാകരനെ പുറത്താക്കാനാണോ ചാരക്കേസ് സൃഷ്ടിച്ചത്, അതോ ചാരക്കേസ് ഉപയോഗിച്ചു പുറത്താക്കിയതാണോ എന്നത് പരിശോധിക്കപ്പെടേണ്ട ചോദ്യമാണ്. എന്തായാലും മാധ്യമങ്ങള്‍ ഈ കേസ് സജീവമായി നിലനിര്‍ത്തി, നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കഥ തുടരുന്ന കാര്യം ഉറപ്പാക്കി-നമ്പി നാരായണന്റെ മൊഴി ആരോപിക്കുന്നു.

ഗസ്റ്റ് ഹൗസിലെ ക്രൂരമര്‍ദനവും നില്‍പ്പു സത്യഗ്രഹവും

പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോള്‍ തന്നോട് ഏറ്റവും മോശമായി പെരുമാറുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തവരില്‍ ഒരാള്‍ പി.എസ്. ജയപ്രകാശ് എന്ന ഐ.ബി ഉദ്യോഗസ്ഥനായിരുന്നുവെന്ന് നമ്പി നാരായണന്റെ മൊഴി. ചോദ്യംചെയ്യലിനിടെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. 

തന്നെ വീട്ടില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരായ ജോഗേഷും തമ്പി എസ് ദുര്‍ഗാദത്തും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത് 1994 നവംബര്‍ 30-നാണ്. പിറ്റേന്നു രാവിലെ കോടതിയില്‍ ഹാജരാക്കിയശേഷം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഗസ്റ്റ് ഹൗസിലെത്തിച്ചു. അവിടെ വെച്ചായിരുന്നു ഐ.ബി ഓഫീസര്‍മാരുടെ ചോദ്യം ചെയ്യല്‍.

placeholder
നമ്പി നാരായണൻ. ഫോട്ടോ: എസ്.ശ്രീകേഷ് | മാതൃഭൂമി

'എന്നെ ഒരു കസേരയിലിരുത്തി. രണ്ടുപേര്‍ മുന്നിലിരുന്നു, രണ്ടുപേര്‍ പിന്നിലും. എവിടെ നിന്നോ കിട്ടുന്ന നിര്‍ദ്ദേശമനുസരിച്ച് എന്റെ തലയിലോ ചുമലിലോ മുതുകിലോ മര്‍ദിക്കുകയായിരുന്നു പിന്നിലുള്ളവരുടെ ജോലി. ആദ്യത്തെ അടി കനത്തതായിരുന്നു, ഞാന്‍ ഞെട്ടിപ്പോയി. ആവശ്യപ്പെടുന്ന എന്തു കള്ളവും പറയാന്‍ സന്നദ്ധനാക്കാനുള്ള ടെസ്റ്റ് ഡോസ്. കുറച്ചു കഴിഞ്ഞ് ഞാന്‍ വെള്ളം ചോദിച്ചു. എഴുന്നേറ്റ് വെള്ളം വാങ്ങി മുഖത്ത് കുടഞ്ഞപ്പോഴേയ്ക്കും ഞാനിരുന്നിരുന്ന കസേര അവര്‍ ചവുട്ടിത്തെറിപ്പിച്ചു. എനിക്കു മുന്നിലിരുന്ന ഒരു ഓഫീസര്‍ 'ബാസ്റ്റഡ്, ഇരിക്കാന്‍ നിനക്കര്‍ഹതയില്ല' എന്നു ആക്രോശിച്ചു. മറ്റേയാള്‍ അതേ അര്‍ത്ഥം വരുന്ന മലയാളം തെറിവാക്കുകള്‍ ഉപയോഗിച്ചു. എന്റെ പിതാവടക്കം മറ്റാരും ഇത്രയും മോശമായി എന്നോടു സംസാരിക്കുകയോ തല്ലുകയോ ചെയ്തിട്ടില്ല. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന ഒരാള്‍ വന്ന് ഇരിക്കാന്‍ പറഞ്ഞു. 'നിങ്ങള്‍ പറയുന്നതനുസരിച്ച് ഞാന്‍ ഇരിക്കാൻ അര്‍ഹതയില്ലാത്ത ബാസ്റ്റഡും ചാരനുമാണ്. അയാള്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ഞാനിരിക്കില്ല.' അപ്പോള്‍ അയാള്‍ ചോദിച്ചു, ഞാന്‍ സത്യഗ്രഹം നടത്തുകയാണോ എന്ന്. സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം അപ്പോഴാണ് എനിക്കി മനസ്സിലായത്. ഞാന്‍ പറഞ്ഞു, അതേ, അതാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍. ആരോഗ്യം അനുവദിക്കുന്നിടത്തോളം അതു തുടരുമെന്നും ഞാന്‍ പറഞ്ഞു. മുപ്പത്-മുപ്പത്തിരണ്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കുഴഞ്ഞുവീണു.

'അവര്‍ എന്നെയെടുത്ത് കട്ടിലില്‍ കിടത്തി. ഞാന്‍ അര്‍ധബോധാവസ്ഥയിലാണെങ്കിലും അവര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. 'നമ്മളെക്കൊണ്ട് ഇതു ചെയ്യിക്കുന്നവര്‍ എസി മുറികളില്‍ ചിലപ്പോള്‍ കൈയില്‍ മദ്യവുമായി ഇരിപ്പുണ്ടാവും. എന്തെങ്കിലും പറ്റിയാല്‍ നമ്മള്‍ മാത്രം തൂങ്ങും.' നേരത്തേ ചോദ്യം ചെയ്യുമ്പോള്‍ ഓഫീസര്‍മാരാരും പേരു വെളിപ്പെടുത്തിയിരുന്നില്ല. സമയമാവുമ്പോള്‍ അവരുടെ പേരു കണ്ടെത്തുമെന്നും അവരുടെ മുഖങ്ങളും രീതികളും മനസില്‍ രേഖപ്പെടുത്തുകയാണെന്നും ആരും നിയമത്തില്‍ നിന്നും രക്ഷപ്പെടില്ലെന്നും ഞാന്‍ പറഞ്ഞത് അവരെ തെല്ല് ഭയപ്പെടുത്തിക്കാണണം.'

താന്‍ ഉണര്‍ന്നപ്പോള്‍ ഡോക്ടര്‍ പരിശോധിക്കുകയായിരുന്നുവെന്ന് നമ്പി നാരായണന്‍. ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തിലാണ് താനെന്നും ഇനി പീഡിപ്പിച്ചാല്‍ ചത്തുപോവുമെന്നും ഡോക്ടര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഡോ.സുകുമാരനായിരുന്നു അത്. പോലീസ് കസ്റ്റഡിയില്‍ നമ്പി നാരായണന് അതിക്രൂരമായ മര്‍ദനമേറ്റുവെന്ന് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കുറിപ്പ് സി.ബി.ഐയ്ക്ക് കൈമാറിയെന്നും മൊഴിയില്‍ പറയുന്നു.

കോടതിയില്‍ പരാതിപ്പെടാത്തത് സി.ബി.ഐ മാന്യമായി പെരുമാറിയതിനാല്‍

കോടതിയില്‍ മര്‍ദനത്തെ കുറിച്ച് പരാതിപ്പെടാത്തത് തന്നെ സി.ബി.ഐ ഹാജരാക്കിയതിനാലാണ്. 199 ഡിസംബര്‍ അഞ്ചിന് കേസേറ്റെടുത്ത സി.ബി.ഐ തന്നോട് മാന്യമായാണ് പെരുമാറിയത്. കേരളാ പോലീസാണ് ഹാജരാക്കിയതെങ്കില്‍ ആദ്യ ഹിയറിംഗില്‍ തന്നെ തീര്‍ച്ചയായും പരാതിപ്പെട്ടേനെ- നമ്പി പറയുന്നു.

കെ. ചന്ദ്രശേഖരനും മറിയം റഷീദയും

മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരെ കണ്ടിട്ടേയില്ലെന്ന് നമ്പി നാരായണന്റെ  മൊഴിയില്‍ പറയുന്നു. തന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഐ.ബിയും കേരളാ പോലീസും ഗൂഢാലോചനയില്‍ താനും പങ്കാളിയാണെന്നു പറയാന്‍ നിര്‍ബന്ധിച്ചതായും പറഞ്ഞിട്ടുണ്ട്. അവര്‍ രണ്ടുപേരും തന്റെ ഓഫീസിലും വന്നിട്ടില്ല.

റഷ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയായ ഗ്ലാവ്കോസ്‌മോസിന്റെ പ്രതിനിധിയായിരുന്ന കെ. ചന്ദ്രശേഖരനെ അറിയാമായിരുന്നു. പക്ഷേ, അകറ്റിനിര്‍ത്തുമായിരുന്നു. സര്‍ക്കാര്‍ നയമനുസരിച്ച് ഇത്തരം ഏജന്‍സികളുമായി ബന്ധം പാടില്ലായിരുന്നു.

placeholder
 ആർ.ബി.ശ്രീകുമാർ. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ | മാതൃഭൂമി

ആര്‍.ബി.ശ്രീകുമാറിന് മുന്‍വൈരാഗ്യം?

തുമ്പ വി.എസ്.എസ്.സിയിലെ സി.ഐ.എസ്.എഫ് യൂണിറ്റിന്റെ കമാന്‍ഡന്റ് ആയിരിക്കുന്ന കാലത്ത് ശ്രീകുമാര്‍ തനിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, നഷ്ടപരിഹാര കേസ് നടക്കുമ്പോള്‍ താന്‍ അഴിമതിക്കാരനാണെന്നും അതന്വേഷിച്ചിട്ടുണ്ടെന്നും മൊഴി നല്‍കി. അന്ന് തനിക്കെതിരേ  അഴിമതിയാരോപണം ഉണ്ടെങ്കില്‍ തന്നെ അന്വേഷിക്കാനുള്ള അധികാരം അയാള്‍ക്കില്ലായിരുന്നുവെന്നും വിജിലന്‍സാണ് അതന്വേഷിക്കണ്ടതെന്നും മറുപടി കൊടുത്തു. പിന്നീട് തനിക്കെതിരേ എന്തെങ്കിലും അഴിമതി ആരോപണമുണ്ടോ എന്നന്വേഷിക്കാന്‍ അയാള്‍ മിനക്കെട്ടിട്ടില്ലെന്ന് നമ്പി നാരായണന്‍ പറയുന്നു.

വി.എസ്.എസ്.സിയിലെ കമാന്‍ഡന്റ് ആയിരിക്കുന്ന കാലത്ത് ശ്രീകുമാര്‍ അയാളുടെ അനന്തരവനോ അനന്തരവള്‍ക്കോ വേണ്ടി തുമ്പയില്‍ ജോലിക്കായി ശുപാര്‍ശ നടത്തി. അതു നടക്കാത്തതിനെ തുടര്‍ന്ന് ശ്രീകുമാര്‍ ഓഫീസില്‍ വന്ന് രോഷം പ്രകടിപ്പിച്ചു, ഞാന്‍ പോലീസിനെ വിളിക്കുമെന്നു പറഞ്ഞ് ഇറക്കിവിട്ടു. ഇതിന് നിങ്ങളനുഭവിക്കും എന്ന് ശ്രീകുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് നമ്പി ആരോപിക്കുന്നു. താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്കു പിന്നില്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശ്രീകുമാറിന്റെയും കരങ്ങളുണ്ടെന്ന് നമ്പി പറയുന്നു. 

വിശ്വാസ്യത കൂട്ടാന്‍ മുസ്ലിം സുഹൃത്തിനെ കേസില്‍ പെടുത്താന്‍ ശ്രമിച്ചു

ഐ.എസ്.ആര്‍.ഒ ചാരക്കേസിന് വിശ്വാസ്യത കൂട്ടാന്‍ തന്റെ ഏതെങ്കിലും മുസ്ലിം സുഹൃത്തിനെക്കൂടി കേസിലുള്‍പ്പെടുത്താന്‍ ഇന്റലിജന്‍സ് ബ്യൂറോ ശ്രമിച്ചെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുസ്ലിം സുഹൃത്തിന്റെ പേര് അബ്ദുള്‍ കലാം എന്നു പറഞ്ഞപ്പോള്‍ അതു വേണ്ട എന്നു പറഞ്ഞു. പിന്നെ പറഞ്ഞ പഴയ സഹപാഠിയുടെ വിലാസം കിട്ടിയില്ല. ഒടുവില്‍ വെറ്ററിനറി സര്‍ജന്‍ അബൂബക്കറിന്റെ പേരു പറഞ്ഞു. അദ്ദേഹത്തെ കേസില്‍ പെടുത്താന്‍ ശ്രമിച്ചതായി പിന്നീടറിഞ്ഞു-തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിച്ച നമ്പി നാരായണന്റെ  മൊഴിയിലാണ് ഇതുള്ളത്.