പുതിയ കാലത്തെ കുട്ടികള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ടല്ലോ. അവര്‍ സംസ്‌കാരത്തില്‍നിന്ന് പിന്തിരിഞ്ഞു നടക്കുകയാണോ? ആണെങ്കില്‍ ഈ പിന്‍നടത്തത്തിന് ആരൊക്കെയാണ് ഉത്തരവാദികള്‍? വിദ്യാഭ്യാസസമ്പ്രദായമാണോ, നവമാധ്യമങ്ങളും ഇന്റര്‍നെറ്റും ആണോ, ഡിജെ പാര്‍ട്ടികളും, ഗെയിമുകളും ആണോ? അക്രമത്തെ ആഘോഷമാക്കുന്ന സിനിമകളാണോ, പുതിയ കാലത്തെ സിന്തറ്റിക് ലഹരിവസ്തുക്കളാണോ, വിദ്യാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടാണോ അതോ രാഷ്ട്രീയത്തിന്റെ അതിപ്രസരംകൊണ്ടാണോ? കുട്ടികള്‍ക്ക് ധാര്‍മ്മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന തരത്തിലുള്ള മതപഠനം നടക്കാത്തതുകൊണ്ടാണോ? ഇങ്ങനെ, മൂല്യച്യുതിക്ക് ഉത്തരവാദികളാകാന്‍ സാധ്യതയുള്ള ഏജന്‍സികളുടെ ലിസ്റ്റ് എണ്ണിയാലൊടുങ്ങാത്ത തരത്തില്‍ നീളുകയാണ്.

To advertise here,

എളേറ്റില്‍ എം ജെ ഹയര്‍സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഷഹബാസിനെ സഹപാഠികള്‍ കൊലപ്പെടുത്തിയതടക്കം അടുത്തകാലത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങളാണ് ഈ ചര്‍ച്ചയെ ഇപ്പോള്‍ സജീവമാക്കിയത്. കേരളത്തിലെ മാധ്യമങ്ങളും  അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവുമൊക്കെ പലപല തട്ടുകളിലായി ഈ ചര്‍ച്ചയില്‍ പക്ഷംപിടിച്ചിട്ടുണ്ട്. ഓരോ വിഭാഗവും മറ്റേതെങ്കിലും വിഭാഗത്തെ കുറ്റപ്പെടുത്തുമ്പോള്‍, തര്‍ക്കങ്ങള്‍ ഹരംപിടിച്ച കാഴ്ചകളായി മാറുകയും ചെയ്യുന്നു. ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതും സാധാരണനിലയ്ക്ക് വിസ്മരിക്കപ്പെടുന്നതുമായ ഒരു പ്രശ്നമുണ്ട്. ഇന്നത്തെ കുട്ടികള്‍ അഥവാ പുതിയ കാലത്തെ കുട്ടികള്‍ എന്നു പറയുമ്പോള്‍ എവിടെയാണ് ആ പുതിയ കാലം തുടങ്ങുന്നതിന്റെ അതിര്‍ത്തിവര? അഥവാ ഏതു വര്‍ഷം മുതല്‍ക്കാണ് തലതിരിഞ്ഞ പുതുകാലത്തിന്റെയും സംസ്‌കാരസമ്പന്നരായിരുന്ന പഴയ കാലത്തിന്റെയും അതിര്‍ത്തി വേര്‍തിരിഞ്ഞു കാണാന്‍ സാധിക്കുന്നത്?

1972 ലാണ് ഇതെഴുന്നയാള്‍ ഗുരുവായൂരപ്പന്‍കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നത്. ഇപ്പോഴും ഗുരുവായൂരപ്പന്‍ കേളേജിലേയ്ക്കു കയറിച്ചെല്ലുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്, പഴയ സയന്‍സ് ബ്ലോക്കിനു മുമ്പിലുള്ള ടാറിട്ട റോഡില്‍ ചോരയില്‍ കുളിച്ചുനിന്ന് എതിര്‍പക്ഷത്തെ വെല്ലുവിളിക്കുന്ന മൂസ പന്തീരങ്കാവ് എന്ന കെ.എസ്.യു നേതാവിന്റെ ചിത്രമാണ്. എസ്.എഫ്.ഐ.യും കെ.എസ്.യുവും അക്കാലത്ത് ഗുരുവായൂരപ്പന്‍ കോളേജില്‍ ശക്തമായിരുന്നു. ഇരുകൂട്ടരും തമ്മില്‍ അടിയുണ്ടാകുന്നതും സാധാരണമായിരുന്നു. ഞാന്‍ കണ്ട ദിവസം അടി കിട്ടിയത് കെ.എസ്.യു നേതാവിനായിരുന്നു എന്നുമാത്രം. മറ്റൊരിക്കല്‍ പരസ്പരം ശത്രുതയുള്ള രണ്ടു കുട്ടികള്‍ക്കു തല്ലാന്‍ വേണ്ടി മൈതാനം ഒരുക്കിക്കൊടുത്തിരുന്നു. ചുറ്റും കാഴ്ചക്കാരായി ഞങ്ങള്‍ നിരവധി കുട്ടികള്‍ കാത്തിരുന്നതും അവര്‍ ഏറെനേരം തല്ലിയതിനുശേഷം അവശരായപ്പോള്‍ കുട്ടികള്‍ പിടിച്ചുമാറ്റിയതും ഓര്‍ക്കുന്നു. അക്കാലത്ത് അതൊന്നും ഒരു വലിയ വാര്‍ത്തയായിരുന്നില്ല, അഥവാ മാധ്യമങ്ങള്‍ അതൊന്നും അത്ര ഗൗരവമുള്ള കാര്യമായി കണക്കിലെടുത്തിരുന്നില്ല.  

എന്റെ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ ഗുരുവായൂരപ്പന്‍ കോളേജിലായിരുന്നു. ഇന്റര്‍ യൂണിവേഴ്സിറ്റി തലത്തിലുള്ള ഏതു മത്സരം ഏത് കോളേജില്‍വെച്ചു നടന്നാലും അടി ഉറപ്പാണ്. അത് ഗുരുവായൂരപ്പന്‍ കോളേജും ആര്‍ട്സ് കോളേജും തമ്മിലാവാം,അല്ലെങ്കില്‍ ഗുരുവായൂരപ്പന്‍ കോളേജും ദേവഗിരി കോളേജുമായോ, ക്രിസ്ത്യന്‍ കോളേജുമായോ ഒക്കെയാവാം. പ്രശ്നമുണ്ടായാല്‍  പരസ്പരം തല്ലിത്തീര്‍ക്കുക എന്നതില്‍ കുറഞ്ഞ ഒരു പരിഹാരമാര്‍ഗ്ഗവും പതിവുണ്ടായിരുന്നില്ല.

കോളേജ് യൂണിയന്റെ വാര്‍ഷികത്തിനാണെന്നു തോന്നുന്നു, ഒരിക്കല്‍ സുകുമാര്‍ അഴീക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ വന്നു. കുട്ടികള്‍ കൂക്കിവിളിച്ചിട്ട് അദ്ദേഹത്തിന് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗം ബോറടിച്ചിട്ടോ അദ്ദേഹം ഏറെ നീട്ടി പ്രസംഗിച്ചിട്ടോ ഒന്നും ആയിരുന്നില്ല ആ കൂക്കല്‍. കൂക്കുക എന്നതായിരുന്നു കോളേജിന്റെ തനതുരീതി. അതുകൊണ്ടുതന്നെ പല സാഹിത്യകാരരും കോളേജിലേയ്ക്കു ക്ഷണിച്ചാല്‍ വരുമായിരുന്നില്ല. കുറച്ചു ദിവസം മുമ്പ് ഞാന്‍ ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളം സോഷ്യോളജി അസോസിയേഷനുകളുടെ ഉദ്ഘാടനത്തിനു പോയപ്പോള്‍ അവിടത്തെ കുട്ടികളോട് ഇക്കാര്യം സൂചിപ്പിച്ചു. ഞങ്ങളുടെ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറ എത്രയോ മെച്ചപ്പെട്ടവരാണ് എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. ഗുരുവായൂരപ്പന്‍ കോളേജിന്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചു ഗുഹകളുണ്ട്. നരിമട എന്നാണ് അവ അറിയപ്പെടുന്നത്. പണ്ടുകാലത്ത് അതില്‍ നരിയുണ്ടായിരുന്നുവത്രെ! അവിടെ ഇരുന്നാല്‍ പടിഞ്ഞാറ് കടലു കാണാം, സൂര്യന്‍ അസ്തമിക്കുന്നതു കാണാം. ഒഴിവു സമയങ്ങളില്‍ പ്രത്യേകിച്ചും വെള്ളിയാഴ്ചയോ ക്ലാസ്സു കട്ടു ചെയ്ത് സ്വയം ഒഴിവു പ്രഖ്യാപിക്കുന്ന അവസരങ്ങളിലോ ഒക്കെ ആ നരിമടയില്‍ പോയിരിക്കല്‍ ഞങ്ങളുടെ പതിവായിരുന്നു. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ സുഹൃത്തുക്കളില്‍ ചിലര്‍ നാവു കുഴഞ്ഞ് മിണ്ടാതെയാകും. ചിലപ്പോള്‍ കണ്ണു തുറിച്ച് ഏറെ നേരം മാനത്തേയ്ക്കു നോക്കിയിരിക്കുന്നതു കാണാം. മറ്റു ചിലപ്പോള്‍ ചുരുണ്ടുകൂടി ഉറങ്ങാന്‍തുടങ്ങും. മാന്‍ഡ്രേക്ക് എന്നോ മറ്റോ പേരുള്ള ഒരു ഗുളികയായിരുന്നു അവര്‍ കഴിച്ചിരുന്നത് എന്ന് കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു. മദ്യപാനം, ബീഡിയും സിഗരറ്റും വലിക്കല്‍, അപൂര്‍വമായെങ്കിലും കഞ്ചാവു വലിക്കല്‍, അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകള്‍ പങ്കുവെക്കല്‍ തുടങ്ങിയവയൊക്കെ കോളേജില്‍ ആരെയും അത്ഭുതപ്പെടുത്താത്ത അതിസാധാരണമായ കൃത്യങ്ങളായിരുന്നു.  

എന്നാല്‍ അതേ കാലത്തുതന്നെയാണ് പി എം താജും കൂട്ടരും ശ്രദ്ധേയമായ നിരവധി നാടകങ്ങള്‍ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തത്. ശശികാന്തിന്റെയും ചന്ദ്രകാന്തിന്റെയുമൊക്കെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ഗാനമേളസംഘം എവിടെയും അഭിമാനകരമായ രീതിയില്‍ പരിപാടികള്‍ അവതരിപ്പിക്കുമായിരുന്നു. നന്നായി പഠിച്ച് എഞ്ചിനീയറിംഗിനും മെഡിസിനുമൊക്കെ അഡ്മിഷന്‍ നേടുന്ന കുട്ടികളും അതേ കോളേജില്‍ അതേ കാലത്തുതന്നെ ഉണ്ടായിരുന്നു. സാംസ്‌കാരികമായും അക്കാദമികമായും ഉയര്‍ന്നു നില്‍ക്കുന്ന ഒരു തലവും, അത്രയൊന്നും അഭിമാനത്തോടെ പുറത്തുപറയാന്‍ കൊള്ളാത്ത തരത്തില്‍ അസംസ്‌കൃതവും പരുക്കനുമായ ഒരു പ്രാകൃത തലവും (ആ വാക്കിന്റെ നല്ല അര്‍ത്ഥത്തില്‍ത്തന്നെ) എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടാകും. സമൂഹത്തില്‍ മാത്രമല്ല, ഓരോ വ്യക്തിയുടെയും ഉള്ളിലും ഇങ്ങനെ രണ്ടു തലങ്ങള്‍ കാണാമല്ലോ.

വീട്ടുകാരും ബന്ധുക്കളും അധ്യാപകരും പൊതുസമൂഹവും കാണുന്ന നിഷ്‌കളങ്കമായ ഒരു ബാല്യകൗമാരജീവിതവും അവര്‍ കാണാത്ത തരത്തില്‍ മറച്ചുവെച്ച, സമാന്തരമായ മറ്റൊരു ജീവിതവും കുട്ടികള്‍ക്ക് എല്ലാ കാലത്തും ഉണ്ടാകും. രക്ഷിതാക്കളും അധ്യാപകരും അടക്കമുള്ള മുതിര്‍ന്നവര്‍ കുട്ടികളെ മനസ്സിലാക്കുന്നവരും കുട്ടികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ അംഗീകരിക്കുന്നവരും അവരുടെ ജീവിതത്തിലെ ചില തീര്‍പ്പുകളെങ്കിലും അവര്‍ക്കു വിട്ടുകൊടുക്കുന്നവരും ആണെങ്കില്‍ അത്തരം സമൂഹങ്ങളില്‍ അസംസ്‌കൃതവും പ്രാകൃതവുമായ സമാന്തരജീവിതം വളരെയേറെ നേര്‍ത്തതായിരിക്കും. കാരണം, കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ അറിവില്‍നിന്ന് ഏറെയൊന്നും ഒളിച്ചുവെക്കാനുണ്ടാവില്ല, അഥവാ ഒളിച്ചുവെക്കേണ്ട ആവശ്യം വരില്ല.

ഈ സമാന്തരജീവിതത്തില്‍, ബഹുഭൂരിപക്ഷം കുട്ടികളും ചെറിയ ചെറിയ കുസൃതികളില്‍ ഒതുങ്ങി നില്ക്കുന്നവരായിരിക്കും. അവര്‍ പരസ്പരം രഹസ്യമായി മനസ്സു തുറക്കുകയും അധ്യാപകര്‍ക്ക് ഇരട്ടപ്പേരിട്ടു കളിയാക്കുകയും, ചെയ്തുകൂട്ടിയ കുസൃതികള്‍ പങ്കുവെച്ച് ചിരിക്കുകയും, വീട്ടുകാരോടും അധ്യാപകരും മുതിര്‍ന്നവരോടും പറയുന്ന കളവുകളെ നുള്ളിപ്പൊളിച്ച് കറുത്ത സത്യങ്ങള്‍ ആഘോഷിക്കുകയും അടക്കമുള്ള ചെറിയ ചെറിയ നിയമലംഘനങ്ങള്‍ നടത്തി സംതൃപ്തിയടയുന്നവരായിരിക്കും. എന്നാല്‍ നല്ലൊരു ശതമാനം പേര്‍, മുതിര്‍ന്നവര്‍ക്കു സങ്കല്‍പിക്കാന്‍പോലും സാധിക്കാത്ത അത്രയും വലിയ നിയമനിഷേധങ്ങളുടെ രഹസ്യ അറകള്‍ ഉള്ളില്‍ പേറുന്നവരായിരിക്കും. ഇക്കാലത്തു മാത്രമല്ല, എല്ലാ കാലത്തും ഉണ്ടായിരുന്നു അത്തരക്കാര്‍. 1961-65 കാലത്ത് ഞാന്‍ ചേര്‍ങ്ങാട്ടില്‍ എല്‍പി സ്‌കൂളില്‍  പഠിക്കുന്ന കാലത്ത് മൂന്നിലോ നാലിലോ പഠിക്കുന്ന ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ബന്ധപ്പെടുത്തി അവര്‍ തമ്മില്‍ എന്തോ രഹസ്യബന്ധമുണ്ടെന്നു കുട്ടികള്‍ കളിയാക്കുമായിരുന്നു. മൂത്രപ്പുരയുടെ ചുമരില്‍ അവരുടെ പേരുകള്‍ ചേര്‍ത്തെഴുതിയത് കൂട്ടിവായിച്ചാണ് പലരും അക്ഷരം വായിക്കാന്‍ പരിശീലിച്ചിരുന്നത്.

പന്തീരാങ്കാവ് ഹൈസ്‌കൂളില്‍ എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കാലത്ത് കൂടെ പഠിക്കുന്നവര്‍ പുകവലിക്കുകയും മദ്യപിക്കുകയും മാത്രമല്ല, കൂട്ടുകാരുടെ മുമ്പില്‍വെച്ച് സ്വയംഭോഗം നടത്തി അതിനു കഴിവില്ലാത്തവരെ അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. നിരവധി വര്‍ഷം തോറ്റുതോറ്റ് പതം വന്നവരും പരുക്കന്‍മാരുമായ കുറേപേര്‍ അക്കാലത്ത് ഓരോ ക്ലാസ്സിലും ഉണ്ടായിരുന്നു. അവര്‍ പ്രായത്തിലും അനുഭവത്തിലും ശരീരവളര്‍ച്ചയിലും ഞങ്ങളെക്കാള്‍ ഏറെ മുമ്പിലായിരുന്നു.

പന്തീരാങ്കാവ് ഹൈസ്‌കൂളില്‍ ഏഴില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ സ്‌കൂളില്‍ ഒരു സമരം നടന്നത് ഓര്‍ക്കുന്നു. സംസ്ഥാനതലത്തില്‍ നടക്കുന്ന ഏതോ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഇറങ്ങിയതാണ്. അല്ലാതെ സ്‌കൂളിലെ പ്രത്യേകമായ ഒരു ആവശ്യവും ഉന്നയിച്ചായിരുന്നില്ല സമരം. സ്‌കൂളില്‍ അങ്ങനെ സമരമൊന്നും പതിവില്ല. അതിനാല്‍ ഞങ്ങള്‍ക്ക് വലിയ അത്ഭുതവും ആവേശവുമായിരുന്നു. കുട്ടികളില്‍ ചിലര്‍ മുദ്രാവാക്യം വിളിക്കുന്നു, കൂട്ടത്തോടെ ക്ലാസ്സിനു പുറത്തിറങ്ങി അടുത്ത ക്ലാസ്സിലേക്ക് ജാഥയായി പോകുന്നു, അവിടെയുള്ളവരും മുദ്രാവാക്യം വിളിച്ച് കൂട്ടത്തില്‍ കൂടി ഒരുമിച്ച് ഇറങ്ങിവരുന്നു. ആകെക്കൂടി നല്ല രസം. പെട്ടെന്നാണ് ഹെഡ്മാസ്റ്ററുടെ മുറിയുടെ വാതില്‍ തുറന്നതും പത്മനാഭന്‍ മാസ്റ്റര്‍ പുറത്തേയ്ക്കു വന്നതും. എല്ലാവരോടും ക്ലാസ്സില്‍ കയറാന്‍ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാണിച്ചു. കുട്ടികള്‍ കൂട്ടത്തോടെ ക്ലാസ്സിലേയ്ക്ക് ഓടിക്കയറാന്‍തുടങ്ങി. പെട്ടെന്നു ക്ലാസ്സിലെത്താനുള്ള തള്ളലിനിടയില്‍ ചിലര്‍ നിലത്തുവീണുപോയി. പലര്‍ക്കും പരിക്കുപറ്റി.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീണ്ടും ഇതുപോലെ ഒരു സമരമുണ്ടായി. അന്നുപക്ഷേ ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് കുറച്ചു മുതിര്‍ന്ന കുട്ടികള്‍ വന്നിരുന്നു. അവര്‍ വിളിച്ച സംഗീതാത്മകവും വീരരസം സ്ഫുരിക്കുന്നതുമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് ഞങ്ങളുടെ സ്‌കൂളൊന്നാകെ സമരത്തില്‍ പങ്കെടുത്ത് ജാഥയായി പുറത്തിറങ്ങി. അന്ന് ഹെഡ്മാസ്റ്റര്‍ വിചാരിച്ചിട്ടും സമരത്തെ തടയാന്‍ സാധിച്ചില്ല. സ്‌കൂളിന്റെ കുന്നിറങ്ങി പന്തീരാങ്കാവ് അങ്ങാടിയില്‍ എത്തുന്നതുവരെ ഗുരുവായൂരപ്പന്‍ കോളേജില്‍നിന്നുവന്ന ആ ഏട്ടന്‍മാര്‍ കൂടെയുണ്ടായിരുന്നു. അതുകഴിഞ്ഞ് എന്തൊക്കെയോ പ്രസംഗിച്ചതിനുശേഷം അവര്‍ തിരിച്ചുപോയി. അവര്‍ തിരിച്ചുപോയപ്പോള്‍ വല്ലാത്ത സങ്കടമായിരുന്നു. അവരുടെ ധീരമായ സമരമുറകളോടും ക്ലാസ്സില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോരാന്‍ കാണിച്ച തന്റേടത്തിനോടുമൊക്കെ വലിയ ആരാധന തോന്നി.

വീടിനോടും രക്ഷിതാക്കളോടും അധ്യാപകരോടുമൊക്കെ കുറച്ചു പേടിയും ബഹുമാനവും ഉള്ള അഥവാ അങ്ങനെ ഉണ്ടെന്ന് അഭിനയിക്കുകയെങ്കിലും ചെയ്യുന്ന സ്‌കൂള്‍ ജീവിതവും, എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ച് സ്വതന്ത്രമാകാന്‍ കഴിയുന്ന പ്രീഡിഗ്രിക്കാലവും ഞങ്ങള്‍ക്ക് ലഭ്യമായിരുന്നു. അതു രണ്ടും വേറെവേറെ ലോകങ്ങളുമായിരുന്നു. കുത്തഴിഞ്ഞ ആ പ്രീഡിഗ്രിക്കാലത്തുപോലും ഡിഗ്രിക്കും പിജിക്കും പഠിക്കുന്ന മുതിര്‍ന്ന ഒരു കൂട്ടം കുട്ടികളോടൊപ്പമായിരുന്നു കോളേജ് ജീവിതം എന്നതിനാല്‍ എല്ലാ കളികള്‍ക്കും ഒരു പരിധിയും ഉണ്ടായിരുന്നു. രണ്ടുകൊല്ലം അടിച്ചുപൊളിച്ചാല്‍ തുടര്‍ന്നു പഠിക്കണോ വേണ്ടേ എന്ന കാര്യത്തില്‍ ഒരു തീരുമാനമാകും. അതിനുശേഷം ഡിഗ്രിക്കു ചേരുന്നത് തികച്ചും വ്യത്യസ്തവും ഒട്ടൊക്കെ പക്വതവന്നതുമായ ഒരു മനസ്സോടെയായിരിക്കും.

കോളേജില്‍നിന്ന് പ്രീഡിഗ്രി വിട്ടുപോവുകയും പ്ലസ്ടുവായി അത് സ്‌കൂളിനോടു ചേരുകയും ചെയ്തപ്പോള്‍ ചില അപകടങ്ങളും സംഭവിക്കുന്നുണ്ട്. അതു കാണാതെപോകരുത്. പഴയ പ്രീഡിഗ്രിക്കാരുടെ ഒട്ടൊക്കെ കുത്തഴിഞ്ഞ സ്വതന്ത്രജീവിതം ഇപ്പോള്‍ സ്‌കൂളിന്റെ ഭാഗമായി എന്നുമാത്രമല്ല, സ്‌കൂളിലെ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുപോലും അത് മാതൃകയാവുകയും ചെയ്തിരിക്കുന്നു. പ്രീഡിഗ്രിക്കാര്‍ക്കു പണ്ട് കോളേജില്‍ ലഭിച്ചിരുന്ന സ്വാതന്ത്ര്യമൊന്നും ഇപ്പോഴത്തെ പ്ലസ്ടൂക്കാര്‍ക്ക് നിയമാനുസൃതം സ്‌കൂളില്‍ ലഭിക്കുന്നില്ല. അതിനു പാകമായ മനസ്സുള്ളവരല്ല അവിടത്തെ അധ്യാപകരും സംവിധാനങ്ങളും. സ്‌കൂള്‍കുട്ടികളായിമാത്രം പ്ലസ്ടൂക്കാരെയും കാണുന്നതാണ് അവിടത്തെ ഔദ്യോഗികശീലം. അതിനാല്‍ ഇപ്പോള്‍ ശരിക്കും കുട്ടികള്‍ സ്വാതന്ത്ര്യം ആഘോഷിച്ചു തുടങ്ങുന്നത് കോളേജില്‍ ഡിഗ്രിക്കു ചേരുമ്പോഴാണെന്നു തോന്നുന്നു. പണ്ട് പ്രീഡിഗ്രിക്കാലത്തെ കളികള്‍ക്കുശേഷം അല്‍പ്പം ഗൗരവത്തോടെ ഡിഗ്രിയെ സമീപിച്ചിരുന്ന ശീലവും ഇല്ലാതെയായിരിക്കുന്നു എന്നര്‍ത്ഥം.

പഴയകാലത്തെ കുട്ടികളുടെ സമാന്തരജീവിതത്തില്‍ പെണ്‍കുട്ടികള്‍ വലിയതോതിലൊന്നും പങ്കാളികളായിരുന്നില്ല. പെണ്‍കുട്ടികള്‍ തോറ്റുപോയാല്‍ പഠിത്തം അവസാനിപ്പിച്ചു കല്യാണം ആലോചിക്കുക എന്നതായിരുന്നു അക്കാലത്തെ പൊതുരീതി. ഒറ്റയ്ക്കു പുറത്തിറങ്ങാനോ സ്വതന്ത്രമായി ആരോടെങ്കിലും സംസാരിക്കാനോപോലും സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഭയന്നിരുന്നു. കോളേജില്‍ എത്തുമ്പോഴാണ് അവര്‍ക്ക് കുറച്ചെങ്കിലും ശുദ്ധവായു ശ്വസിക്കാന്‍ പറ്റിയിരുന്നത്. അതിനും വളരെയേറെ പരിമിതികളുണ്ടായിരുന്നു. ഇക്കാലത്തുപക്ഷേ താരതമ്യേന സ്വതന്ത്രമായ ഒരു സാമൂഹ്യാന്തരീക്ഷത്തിലാണ് പെണ്‍കുട്ടികളും ജീവിക്കുന്നത് എന്നതിനാല്‍ സാമൂഹ്യനിയമങ്ങളെ ധിക്കരിച്ചുകൊണ്ട് സമാന്തരജീവിതം ആഘോഷിക്കുന്ന കൂട്ടത്തില്‍ ആണ്‍കുട്ടികളുടെ അത്രയില്ലെങ്കിലും കുറച്ചൊക്കെ പെണ്‍കുട്ടികളുമുണ്ട്. എന്നാല്‍ തൊഴില്‍പരവും അക്കാദമികവും സാംസ്‌കാരികവുമായ മിക്കവാറും എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ക്കു വലിയ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിരിക്കുന്നു എന്നുമാത്രമല്ല, പലയിടങ്ങളിലും അവരെ  മാത്രമേ കാണുന്നുള്ളൂ എന്നതാണ് അവസ്ഥ. നമ്മുടെ ആണ്‍കുട്ടികള്‍ എവിടെപ്പോയി? അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ചോദിച്ചുപോകും.  

പലതരം എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള കോച്ചിംഗും, ഐഎഎസ് കോച്ചിങ്ങും കരിയര്‍ ഗൈഡന്‍സും ഒന്നാമതായി പഠിച്ചു ജയിക്കാനും ഉയര്‍ന്ന തൊഴില്‍ നേടാനുമുള്ള പലതരം സമ്മര്‍ദ്ദങ്ങളും ഉപദേശങ്ങളുംകൊണ്ട് വീട്ടുകാരും സ്‌കൂള്‍ അധ്യാപകരും ഒരു പരിധിവരെ നാട്ടുകാരും കുട്ടികളെ ശ്വാസംമുട്ടിക്കുമ്പോള്‍, ചെറുപ്പക്കാര്‍ പ്രത്യേകിച്ചും അക്കൂട്ടത്തിലെ ആണ്‍കുട്ടികള്‍ അവരുടെ സമാന്തരമായ സ്വതന്ത്രജീവിതം മുതിര്‍ന്നവര്‍ അറിയാതെ ആഘോഷിക്കാന്‍ മറ്റു വഴികള്‍ കണ്ടെത്തിയിരിക്കുന്നു. സമൂഹത്തെയും അധ്യാപകരെയും പേടിച്ച് മുമ്പ് അച്ചടക്കം അഭിനയിക്കുകയെങ്കിലും ചെയ്തിരുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ മാതൃകയായിരിക്കുന്നത് അവരെക്കാള്‍ മുതിര്‍ന്ന പ്ലസ്ടുക്കാരുടെ താരതമ്യേന സ്വതന്ത്രമായ ജീവിതമാണ്. അതു ചിലപ്പോഴെങ്കിലും സാമൂഹ്യനിയമങ്ങളുടെ ലംഘനം ആഘോഷമാക്കുന്ന മാതൃകയുമാണ്.

The Rurban Republic എന്ന കൃതിയില്‍ ഡോ: എം പി പരമേശ്വരന്‍ ശരിയായി നിരീക്ഷിക്കുന്നതുപോലെ മൂലധനത്തിന്റെ പെരുപ്പിക്കലിനെയാണ് വികസനത്തിന്റെ മാനദണ്ഡമായി നമ്മള്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സ്വീകരിച്ചിരിക്കുന്നത്. മൂലധനം അങ്ങനെ പെരുക്കണമെങ്കില്‍ സമ്പന്നരുടെ കൈവശം കൂടുതല്‍ കൂടുതല്‍ സമ്പത്ത് കുമിഞ്ഞു കൂടുകയും ആ സമ്പത്തും പ്രകൃതിവിഭവങ്ങളും ഉപയോഗിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെ കൂടുതല്‍ കൂടുതല്‍ ആഢംബരവസ്തുക്കള്‍ ഉല്പാദിപ്പിച്ചുകൂട്ടുകയും വേണമെന്നും അങ്ങനെ കയ്യും കണക്കുമില്ലാതെ ഉല്പാദിപ്പിച്ചുകൂട്ടുന്ന ആഢംബരവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ കഴിയുന്ന തരത്തില്‍ സാധാരണമനുഷ്യരുടെ ആര്‍ത്തിയെ കൂടുതല്‍ കൂടുതലായി ഊതിപ്പെരുപ്പിക്കണമെന്നും അതാണ് വികസനം എന്നും ധരിച്ചുവെച്ചിരിക്കുന്ന ഒരു സമൂഹമാണ് നമ്മള്‍ ഉള്‍പ്പെടുന്ന മുതിര്‍ന്നവരുടേത്. അങ്ങനെ ദിനംതോറും പെരുകിക്കൊണ്ടിരിക്കുന്ന ആര്‍ത്തിയെ തൃപ്തിപ്പെടുത്തണമെങ്കില്‍ കണക്കില്ലാതെ വരുമാനവും ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനുശേഷിയുള്ളവരാകണമെങ്കില്‍ ചുറ്റുമുള്ളവരെ മുഴുവന്‍ തോല്‍പിച്ച് എങ്ങനെയെങ്കിലും ഒന്നാമതാകണം. അതായിരിക്കണം ജീവിതലക്ഷ്യം എന്നാണ് തുടക്കം മുതല്‍ക്കേ നമ്മള്‍ കുട്ടികളിലേയ്ക്കു സന്നിവേശിപ്പിക്കുന്ന സന്ദേശം. അഥവാ മൂല്യബോധം.

സമപ്രായക്കാരെയും സഹപാഠികളെയും സമൂഹത്തിലെ മറ്റു സഹജീവികളെയും സ്നേഹിക്കാനോ, അവര്‍ക്കുവേണ്ടി ത്യാഗം സഹിക്കാനോ, അവരുടെ നിലനില്‍പിനുവേണ്ടി വല്ലപ്പോഴുമൊക്കെ സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവെക്കാനോ ഉള്ള ധാര്‍മ്മികബോധമൊന്നും വിദ്യാലയങ്ങളോ രാഷ്ട്രീയമോ  മതമോ കുടുംബപശ്ചാത്തലമോ ഇക്കാലത്ത് കുട്ടികള്‍ക്കു പകര്‍ന്നുനല്‍കുന്നില്ല. ആദര്‍ശം പ്രസംഗിക്കുകയും അതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മതാചാര്യന്മാരെയും രാഷ്ട്രീയനേതാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയുമാണ് അവര്‍ നിരന്തരം കാണുന്നത്. അവര്‍ക്കു പരിചയമുള്ള മുതിര്‍ന്ന തലമുറയെ അവര്‍ മാതൃകയാക്കുന്നു എന്നുമാത്രം. എങ്ങനെയും പണം ഉണ്ടാക്കുക, ആ പണം ഉപയോഗിച്ച് അടിച്ചുപൊളിച്ചു ജീവിക്കുക എന്നത് നമ്മുടെ കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവര്‍ ഉള്‍പ്പടെയുള്ള പൊതുസമൂഹത്തിന്റെ ആകെയും ആപ്തവാക്യമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കുട്ടികള്‍ ലഹരിവില്‍പനക്കാരുടെ കെണിയില്‍ അകപ്പെടുന്നത് ലഹരിക്കുവേണ്ടിയുള്ള അന്വേഷണത്തിലല്ല, മറിച്ച് പണത്തിന്റെ പ്രലോഭനത്തിലാണ് എന്നുകൂടി മനസ്സിലാക്കണം. 'ഈ പൊതി അവിടെ ഒരാള്‍ക്കു കൊണ്ടുപോയി കൊടുത്താല്‍ ആയിരം രൂപ തരാം, രണ്ടായിരം രൂപ തരാം 'എന്നത് സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ പ്രലോഭനം തന്നെയാണ്. കാരണം, എന്തൊക്കെ കളവു പറഞ്ഞാലായിരിക്കും അവര്‍ക്ക് വീട്ടില്‍നിന്ന് അത്രയും തുക ലഭിക്കുക! മാത്രമല്ല ഒരിക്കല്‍ എങ്ങനെയെങ്കിലും വാങ്ങിയാല്‍ പിന്നെ അടുത്തകാലത്തൊന്നും വീട്ടില്‍ ചോദിക്കാനും കഴിയില്ലല്ലോ. സ്വയം തൊഴില്‍ കണ്ടെത്തി വരുമാനം ഉണ്ടാക്കാനുള്ള ഒരു എളുപ്പവഴിയായി നമ്മുടെ നാട്ടില്‍ ലഹരിവില്‍പന മാറിയിട്ടുണ്ടെങ്കില്‍ കുട്ടികളെ ഉപദേശിച്ചും ശിക്ഷിച്ചും സത്സ്വഭാവികളാക്കി മാത്രം ആ പ്രശ്നത്തിനു പരിഹാരം കാണാന്‍ സാധിക്കുകയില്ല. ഭരണകൂടത്തിന്റെ വളരെ വളരെ ശക്തമായ ഇടപെടലിലൂടെ ലഹരിപദാര്‍ത്ഥങ്ങളുടെ സ്രോതസ്സിനെ ഇല്ലാതാക്കുകയാണ് വേണ്ടത്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ലഹരിവില്പനക്കാരില്‍നിന്ന് കമ്മീഷന്‍ ലഭിക്കുന്നില്ല എന്നും ലഹരിവില്പനക്കാര്‍ക്കുവേണ്ടി നിയമം വഴങ്ങിക്കൊടുക്കുന്നില്ല എന്നും ഉറപ്പുവരുത്തുകയും വേണം. കാരണം, ലഹരിവില്പന എന്നത് പഴയ കാലത്തെപ്പോലെ ഒരു മണ്‍കലവും കുറച്ചു ശര്‍ക്കരയും വാങ്ങി കള്ളച്ചാരായം വാറ്റുന്ന പട്ടിണിക്കാരുടെ ഒരു ഏര്‍പ്പാടല്ല ഇന്ന്. വര്‍ഷംതോറും പതിനായിരക്കണക്കിന് കോടികളുടെ കച്ചവടം നടക്കുന്ന വലിയൊരു മാര്‍ക്കറ്റുകൂടിയാണ് ഇന്ന് ലഹരിവില്പന.

ആ പഴയ വടി, അധ്യാപകരുടെ കൈവശം തിരിച്ചുകൊടുക്കൂ, എല്ലാം ശരിയാക്കിത്തരാം എന്നാണ് അച്ചടക്കിസ്റ്റുകളായ ചില അധ്യാപകകേസരികളും ചില രക്ഷിതാക്കളും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ ക്ലാസ്സില്‍ ഒച്ചയുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ഇരിക്കലാണ് അച്ചടക്കം. ക്ലാസ്സില്‍ ഒന്നും മിണ്ടാത്ത കുട്ടി പുറത്തിറങ്ങി കലാപമുണ്ടാക്കിയാല്‍ വടിയുള്ള മാഷ് എന്തു ചെയ്യും? നാടുമുഴുക്കെ മാഷ് വടിയുമായി കുട്ടികളുടെ പിന്നാലെ നടക്കുമോ? ആ വടി പിടിച്ചുവാങ്ങി കുട്ടികള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയാലോ? വടി പാമ്പായി തിരിഞ്ഞുകൊത്തും! ഒട്ടുംതന്നെ ശാസ്ത്രീയമോ ജനാധിപത്യപരമോ അല്ലാത്ത സമീപനങ്ങളാണ് ഇത്തരക്കാര്‍ ജീവിതത്തോടു പുലര്‍ത്തുന്നത് എന്നത് യഥാര്‍ത്ഥത്തില്‍ നമ്മെ ഭയപ്പെടുത്തേണ്ടത്.  

കുട്ടികള്‍ നൂറു ശതമാനം ശരിയാണെന്നോ അവരെ തിരുത്തേണ്ട കാര്യമേ ഇല്ല എന്നോ അല്ല ഈ പറയുന്നതിന്റെ അര്‍ത്ഥം. കുട്ടികളുടെ ഭാഗത്തുനിന്നുള്ള ഒറ്റപ്പെട്ട ചില അതിക്രമങ്ങളെയും, ലഹരിവസ്തുക്കള്‍ക്കു പൂര്‍ണമായും അടിപ്പെട്ടുകഴിഞ്ഞ വളരെ ചെറിയൊരു ശതമാനത്തിന്റെ ക്രൂരതകളെയും ചൂണ്ടിക്കാണിച്ച് കേരളത്തിലെ മുഴുവന്‍ കുട്ടികളുമോ കുട്ടികളില്‍ ബഹുഭൂരിപക്ഷമോ അത്തരക്കാരാണ് എന്ന് വിധിയെഴുതരുത്! നൂറു ശതമാനവും സംസ്‌കാരത്തിന്റെയും ശരിയുടെയും വഴിക്കുമാത്രം സഞ്ചരിച്ചുപോന്ന ഒരു ഭൂതകാലത്തിന്റെ ഓണനിലാവ് സങ്കല്‍പത്തില്‍മാത്രം ഉള്ളതാണ്. ഓരോ കാലത്തും മുതിര്‍ന്നവര്‍ ഉപയോഗിച്ചതില്‍നിന്നു തികച്ചും വ്യത്യസ്തമായ ചില വസ്തുക്കള്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ലഭിച്ചിട്ടുണ്ടായിരുന്നു. കാലം കഴിയുമ്പോള്‍, സാങ്കേതികവിദ്യകള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ലഭിക്കുന്ന വസ്തുക്കളുടെ സ്വഭാവവും പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കും. നമ്മുടെ കാലത്ത് അത് പുസ്തകങ്ങളും സിനിമകളും നാടകങ്ങളുമൊക്കെയായിരുന്നെങ്കില്‍ പുതിയ കാലത്ത് ഇന്റര്‍നെറ്റും മൊബൈലും ആയിരിക്കാം. നമ്മള്‍ വായിച്ചുപോന്ന പുസ്തകങ്ങളിലെയും നമ്മള്‍ കണ്ട സിനിമകളിലെയും നാടകങ്ങളിലെയുമൊക്കെ പിഴച്ച ഉള്ളടക്കത്തെക്കുറിച്ചു നമ്മുടെ കാരണവന്മാരും പരാതിപറഞ്ഞിട്ടുണ്ടായിരുന്നു. മാറ്റം എത്രതന്നെ പ്രതിലോമകരമായ ഫലങ്ങള്‍ ഉണ്ടാക്കിയാലും നമുക്ക് മാറ്റത്തെ തടഞ്ഞുനിര്‍ത്താനാവില്ല, വഴി തിരിച്ചുവിടാന്‍മാത്രമേ കഴിയൂ. ഇനി മുതല്‍ കുട്ടികളാരും മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കരുത് എന്നു നിയമം പാസ്സാക്കിയോ നിബന്ധനവെച്ചോ കുട്ടികളെ നിയന്ത്രിക്കുവന്‍ സാധിക്കുകയില്ല.

പക്ഷേ നമുക്ക് എന്തായാലും ഈ അവസ്ഥയെ മുറിച്ചുകടക്കുകയും വേണം. എന്താണ് പരിഹാരം? രക്ഷിതാക്കളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കുട്ടികള്‍ ഒളിച്ചുവെക്കുന്ന അവരുടെ സമാന്തരജീവിതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണം. രക്ഷിതാക്കളും കുട്ടികളുമായും, അധ്യാപകരും കുട്ടികളുമായും, പൊതുസമൂഹവും കുട്ടികളുമായും ഉള്ള ബന്ധം പരമാവധി സുതാര്യമായിരിക്കണം. അതിന് എന്താണ് മാര്‍ഗ്ഗം? കുട്ടികളെ അവരുടെ തലത്തില്‍നിന്നുകൊണ്ടു മനസ്സിലാക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കണം. രക്ഷിതാവിന്റെയും അധ്യാപകരുടെയും കുട്ടിക്കാലത്തെ അടയാളപ്പെടുത്തി തറച്ചുവെച്ച കുറ്റിയിലേയ്ക്ക് പുതിയ കുട്ടികളെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കരുത്. അവര്‍ കെട്ടുപൊട്ടിച്ച് ഓടിപ്പോകും. ചില കാര്യങ്ങള്‍ പൊതുസമൂഹം തെറ്റെന്നു വിധിച്ചാലും അതില്‍ അത്ര വലിയ തെറ്റൊന്നും ഇല്ല എന്ന് കുട്ടികള്‍ക്കു ചിലപ്പോള്‍ നല്ല ബോധ്യമുണ്ടായിരിക്കും. ഉദാഹരണത്തിന് ഇക്കാലത്ത് എസ്.എസ്.എല്‍.സിക്കോ പ്ലസ്ടൂവിനോ പഠിക്കുന്ന ഒരു കുട്ടി സുഹൃത്തുക്കളോടൊപ്പം ബിയറു കഴിച്ചു എന്നോ വൈന്‍ കുടിച്ചു എന്നോ കേള്‍ക്കുമ്പോള്‍ ആകാശം ഇടിഞ്ഞുവീഴുന്നു എന്ന മട്ടില്‍ അമ്മയ്ക്കും അച്ഛനും മോഹാലസ്യം ഉണ്ടാവേണ്ട കാര്യമില്ല. അത്തരം സന്ദര്‍ഭങ്ങളെ മുതിര്‍ന്നവരുടെ മാനദണ്ഡംവെച്ചു വിധിക്കാന്‍ ശ്രമിക്കരുത്. ശരിതെറ്റുകളെക്കുറിച്ചു കുട്ടികളുമായി വളരെ ജനാധിപത്യപരമായ രീതിയില്‍ സംവാദം നടത്താനും കുട്ടികള്‍ക്കു പറയാനുള്ളതു സംയമനത്തോടെ കേള്‍ക്കാനും മുതിര്‍ന്നവര്‍ തയ്യാറാകണം.

ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് എന്ന ചോദ്യത്തിന് നമ്മള്‍ മുതിര്‍ന്നവര്‍ എങ്ങനെ മറുപടി പറയുന്നു എന്നത് കുട്ടികളുടെ ജീവിതത്തെയും അവരുടെ മൂല്യബോധത്തെയും സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകമാണ്. എല്ലാവരെയും തോല്‍പ്പിച്ച് ഒന്നാമതെത്തലും ഏറ്റവും നല്ല ജോലി നേടലും ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കലും ഏറ്റവും ആധുനികമായ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കലുമാണ് ജീവിതത്തില്‍ സന്തോഷത്തിന്റെ അടിസ്ഥാനം എന്നു വിശ്വസിക്കുകയും കുട്ടികളിലേയ്ക്ക് ആ ആശയം പകര്‍ന്നു നല്കുകയും ചെയ്യുന്ന രക്ഷിതാക്കളും അധ്യാപകരും മാനവസ്നേഹത്തെക്കുറിച്ചും പരസ്പരമുള്ള കരുതലിനെക്കുറിച്ചും സാംസ്‌കാരികമായ ഔന്നത്യത്തെക്കുറിച്ചും സംസാരിച്ചിട്ടു കാര്യമില്ല. കാരണം ആദ്യം പറഞ്ഞതുപോലെ ഒരാളുടെമാത്രം മത്സരവിജയവും ഏറ്റവും ഉന്നതമായി തൊഴില്‍ നേടലും ഏറ്റവും അധികം സമ്പാദിക്കലുമൊക്കെ സംസ്‌കാരത്തിന് എതിരായ ഘടകങ്ങളാണ്. സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും അത്യാവശ്യങ്ങള്‍ നിറവേറ്റലും അങ്ങനെ സമൂഹമൊന്നാകെ സന്തോഷത്തോടെ ജീവിക്കലുമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നു വിശ്വസിക്കുകയും ആ ലക്ഷ്യത്തോടെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുകയും പഠനത്തോടൊപ്പം അവരെ കളിക്കാനും ചിരിക്കാനും അനുവദിക്കുകയും കുട്ടികളുടെ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ക്ക് അയവു നല്‍കുകയും ചെയ്യുന്ന രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവുമാണ് കുട്ടികള്‍ക്കു ചുറ്റും ഉണ്ടാവേണ്ടത്. എന്തായിരിക്കണം ക്ലാസ്സ് മുറികളിലെ അച്ചടക്കം എന്നതിനെക്കുറിച്ച് മിക്കവാറും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനുമുള്ള സമീപനം മാറേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് ഏറെ പരിചിതമായ നവമാധ്യമങ്ങളെയും അവരുടെ ശരീരത്തിന്റെതന്നെ ഒരു ഭാഗമായി മാറിക്കഴിഞ്ഞ മൊബൈല്‍ ഫോണുകളെയും ആട്ടിയകറ്റി പടിയടച്ചു പിണ്ഡം വെച്ചതിനുശേഷം നമുക്ക് കുട്ടികളെ നന്നാക്കിയെടുക്കാനാവില്ല. പുതിയ കാലത്ത് അത്തരം സാങ്കേതികവിദ്യകളുടെ സൗകര്യങ്ങള്‍ എങ്ങനെ പഠനത്തിന്റെ ഭാഗമാക്കാം, അവ ആരോഗ്യകരമായി ഉപയോഗിക്കാനുള്ള പരിശീലനം എങ്ങനെ ക്ലാസ്സ് മുറികളില്‍വെച്ചു നല്‍കാം എന്നതായിരിക്കണം നമ്മുടെ പരിഗണനാവിഷയം. 

കുട്ടികള്‍ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കുകയും അധ്യാപകര്‍മാത്രം നിരന്തരം ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ക്ലാസ്സ് മുറികള്‍ പഴയകാലത്തിന്റെ ശവകുടീരങ്ങളാണ്. അവ പൊളിച്ചുമാറ്റി അവിടം പൂന്തോട്ടമാക്കണം. ക്ലാസ്സിലെ കുട്ടികള്‍ എണീറ്റു നടക്കുകയും പലതരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അധ്യാപകര്‍ക്കൊപ്പമോ അധ്യാപകരെക്കാള്‍ കൂടുതലോ കുട്ടികള്‍ സംസാരിക്കുകയും അവര്‍ ക്ലാസ്സെടുക്കുകയും ചര്‍ച്ച നയിക്കുകയും അവര്‍ ക്ലാസ്സ്  മുറികള്‍ക്കു പുറത്തിറങ്ങി സര്‍വ്വേ നടത്തുകയും അന്വേഷിക്കുകയും കണ്ടെത്തിയ കാര്യങ്ങള്‍ ക്രോഡീകരിക്കുകയുമൊക്കെ ചെയ്യുന്ന സര്‍ഗ്ഗാത്മകമായ ക്ലാസ്സ്മുറികള്‍ യാഥാര്‍ത്ഥ്യമാകണം. അതിനു പറ്റിയ തരത്തില്‍ നമ്മുടെ സിലബസ്സും പാഠപുസ്തകങ്ങളും പരീക്ഷാരീതിയും മാറണം. മാസങ്ങള്‍ക്കുമുമ്പേ ചോദ്യപേപ്പര്‍ ചോര്‍ന്നുപോയാലും ഒരു അപകടവും സംഭവിക്കാത്ത രീതിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും അന്വേഷിക്കാനും കണ്ടെത്താനുമുള്ള കഴിവും അളക്കുന്നതായിരിക്കണം പരീക്ഷകള്‍. കുട്ടികളിലെ ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും തെളിയിച്ചെടുക്കാനുള്ള ഇടങ്ങളായി വിദ്യാഭ്യാസസമ്പ്രദായത്തെയും ക്ലാസ്സ് മുറികളെയും നവീകരിക്കുകയാണ് വേണ്ടത്.

പ്രശസ്ത കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റെ സ്പ്രിം സമ്മര്‍ വിന്റര്‍ ഫോള്‍ എന്ന സിനിമയില്‍ ബുദ്ധസംന്യാസിയുടെ ഒരു ആശ്രമം കാണിക്കുന്നുണ്ട്. ആശ്രമത്തില്‍ പ്രവേശിക്കാന്‍ വലിയൊരു വാതിലുണ്ട്. പക്ഷേ ആശ്രമത്തിന് ചുമരുകളില്ല. ചുമരുകളില്ലെങ്കിലും എല്ലാവരും വാതിലില്‍ക്കൂടി മാത്രമേ ആശ്രമത്തില്‍ പ്രവേശിക്കൂ. ഒരിക്കല്‍ ഗുരുവിനെ ധിക്കരിക്കുമ്പോഴാണ് ശിഷ്യന്‍ വാതില്‍ തുറക്കാതെ, ഇല്ലാത്ത ചുമരിന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു പുറത്തു കടക്കുന്നത്. നമ്മുടെ ക്ലാസ്സ് മുറികളും അത്തരത്തിലാവുകയാണ് വേണ്ടത്. കുട്ടികള്‍ നിയമാനുസൃതമായ വഴിയിലൂടെ സഞ്ചരിക്കൂന്നത് അവര്‍ക്കു ചുറ്റും ചുമരുകളുള്ളതുകൊണ്ടും മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടും ആവരുത്. നിയമം ലംഘിക്കാനുള്ള എല്ലാ വഴികളും തുറന്നുകിടക്കുമ്പോഴും നിയമാനുസൃതമായ വഴിയില്‍ സഞ്ചരിക്കാന്‍ കഴിയലാണ് സംസ്‌കാരം. ഒരു യുക്തിയുമില്ലാത്ത തരത്തില്‍ നിയമങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ അത്തരം നിയമങ്ങള്‍ ലംഘിക്കുന്നതും സംസ്‌കാരം തന്നെയാണ്. സംസ്‌കാരത്തിന്റെ വാതിലുകള്‍ക്ക് ചുവരുകള്‍ വേണമെന്നില്ല. അത്തരം ഒരു ആത്മനിയന്ത്രണത്തിനു കുട്ടികളെ പരിശീലിപ്പിക്കാന്‍ വടി എടുത്തിട്ടു കാര്യവുമില്ല. കുട്ടികളോടുള്ള കരുതലും സ്നേഹവും ക്ലാസ്സ്മുറികളിലെ ജനാധിപത്യവും തുറന്ന സംവാദസാധ്യതയുമൊക്കെയാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍.