ഒരു യുദ്ധമേഖലയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും അശാന്തി നിറഞ്ഞ രാജ്യം. പത്തുവര്‍ഷം മുമ്പുവരെ ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇങ്ങനെയാണ്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തില്‍, അക്കാലത്ത് സംഘര്‍ഷം നിലനിന്നിരുന്ന ഇറാഖും സിറിയയും അടക്കമുള്ളവയാണ് ആ രാജ്യവുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നത്. ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയിരുന്ന എല്‍ സാല്‍വദോറില്‍ ദിവസവും കൊല്ലപ്പെടുന്നവരുടെ എണ്ണം അവിടുത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതായിരുന്നു. സ്ഥിതിഗതികള്‍ക്ക് മാറ്റംവന്നത് 2019-ല്‍ പ്രസിഡന്റ് പദവിയിലെത്തിയ നയീബ് ബുക്കലെ 2022-ല്‍ തുടങ്ങിയ ഏകാധിപത്യപരവും മനുഷ്യത്വരഹിതവും കിരാതവുമായ ഗുണ്ടാവിരുദ്ധ നീക്കങ്ങള്‍ ഫലംകണ്ട് തുടങ്ങിയതോടെയാണ്.

To advertise here,

365 ദിവസംനീണ്ട ഗുണ്ടാവിരുദ്ധ നീക്കത്തിനിടെ 65,000 പേര്‍ അറസ്റ്റിലായതോടെ ഇതിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. അറസ്റ്റിലായവരുടെ എണ്ണം പിന്നീട് 72,000-വും 84,000-വുമായി ഉയര്‍ന്നു. നിരപരാധികളടക്കം അറസ്റ്റ് ചെയ്യപ്പെടുന്നുവെന്നും തടവിലാക്കുന്നവരെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഗൗരവമായെടുക്കാന്‍ തയ്യാറാകാതിരുന്ന അവിടുത്തെ ഭരണകൂടം തടവുകാരുടെ കാലുകള്‍ ചങ്ങലയ്ക്ക് ബന്ധിച്ച് ഇടുങ്ങിയ സെല്ലുകളില്‍ അടച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യമടക്കം പുറത്തുവിട്ട് ഗുണ്ടാസംഘങ്ങളെ ഭയപ്പെടുത്തുകയും വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു.

കൂടുതല്‍പേരെ ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ഭരണകൂടം അവര്‍ ഇനി ഒരുകാലത്തും പുറംലോകം കാണാന്‍ പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു. നീതിന്യായ മന്ത്രി നടത്തിയ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഒരു വര്‍ഷത്തിലധികം നീണ്ട ഗുണ്ടാവിരുദ്ധ നീക്കങ്ങള്‍ ഇനിയും തുടരുമെന്ന് പ്രസിഡന്റ് നയീബ് ബുക്കലെ വ്യക്തമാക്കി. ബുക്കലെയുടെ ഗുണ്ടാവിരുദ്ധ നീക്കങ്ങളുടെ വിജയത്തിന്റെ പ്രതീകമായി മാറിയ 40,000 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലാണ് മരുഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗ്വാണ്ടാനാമോ ബേ തടവറയ്ക്കുശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ജയില്‍ വാടകയ്ക്ക് നല്‍കും; അമേരിക്കയില്‍നിന്ന് പണംവാങ്ങും

എല്‍ സാല്‍വദോറിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിച്ച ജയില്‍ അമേരിക്കയ്ക്ക് വാടകയ്ക്ക് കൊടുക്കാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ എന്ന പടുകൂറ്റന്‍ ജയില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയത്. യു.എസ്സിലെ ക്രമിനലുകളെ പാര്‍പ്പിക്കുന്നതിന് എല്‍ സാല്‍വദോറില്‍ അടുത്തിടെ നിര്‍മിച്ച ജയിലില്‍ ഇടംനല്‍കുമെന്നും ഇതിന് അമേരിക്കയില്‍നിന്ന് പണം വാങ്ങുമെന്നാണ് ബുക്കലെയുടെ പുതിയ പ്രഖ്യാപനം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജയില്‍ സംവിധാനം ഭാഗികമായി ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ അമേരിക്കയ്ക്ക് അവസരമൊരുക്കുന്ന തരത്തിലുള്ള പ്രഖ്യാപനം ബുക്കലെ നടത്തിയത്.

placeholder
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും എൽ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കലെയും | Photo - AFP
 

ബുക്കലെയോട് നന്ദി പറഞ്ഞ റൂബിയോ ഇതുവരെ ഒരു രാജ്യവും ഇത്തരത്തിലുള്ള ഒരു വാഗ്ദാനം മുന്നോട്ടുവച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായാല്‍ നീക്കം കോടതി കയറും എന്നകാര്യം ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആധുനിക കാലത്ത് ഒരുരാജ്യവും സ്വന്തം പൗരന്മാരെ ഒരു വിദേശരാജ്യത്തെ ജയിലില്‍ തടവിലിടുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വിലയിരുത്തല്‍. ക്രമിനലുകളടക്കം അമേരിക്ക നാടുകടത്തുന്ന ആരെയും സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകത്തെവിടെയും മുമ്പ് കേട്ടിട്ടില്ലാത്ത അസാധാരണ 'കുടിയേറ്റ' ഉടമ്പടിക്ക് നയീബ് ബുക്കലെ സമ്മതിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ജയില്‍ വാടകയായി അമിതമായ തുക ഈടാക്കില്ലെന്നും എന്നാല്‍ പടുകൂറ്റന്‍ ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ അത്യാവശ്യമാണ് എന്നുമാണ് ബുക്കലെ അവകാശപ്പെടുന്നത്.

സന്ദര്‍ശകരെ അനുവദിക്കില്ല, പുനരധിവാസ നടപടികളില്ല; അവര്‍ ഇനി പുറത്തിറങ്ങില്ലെന്ന് മന്ത്രി

2023-ലാണ് 63 ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയുള്ള എല്‍ സാല്‍വദോറില്‍ ടെററിസം കണ്‍ഫെയിന്‍മെന്റ് സെന്റര്‍ (സിഇസിഒടി) എന്നപേരില്‍ 40,000 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ജയില്‍ നയീബ് ബുക്കലെ തുറക്കുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയമായ തീഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നവരുടെ എണ്ണം 5200 (നിലവില്‍ 14,059 പേരെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍) ആണെന്നകാര്യം ഓര്‍ക്കണം. ജയിലിന്റെ വലിപ്പംകൊണ്ട് മാത്രമല്ല, തടവുകാരോടുള്ള സമീപനത്തിന്റെ പേരിലും വാര്‍ത്തകളില്‍ നിറഞ്ഞ ജയിലാണ് എല്‍സാല്‍വദോറിലെ സിഇസിഒടി. ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നവരുടെ നാലിലൊന്ന്, അതായത് 12,000 പേര്‍ മാത്രമാണ് നിലവിലുള്ളത് എന്നാണ് അധികൃതര്‍ പറയുന്നത്. 

placeholder
എല്‍ സാല്‍വദോറിലെ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ | Photo - AP
 

തടവുകാരെ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിക്കില്ല. ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നതോടെ അവരെ ജീവിക്കാന്‍ പ്രാപ്തമാക്കുന്ന തരത്തിലുള്ള തൊഴില്‍ പരിശീലനം പോലെയുള്ള നടപടികളൊന്നുമില്ല. ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ ഇനി ഒരുകാലത്തും പുറത്തിറങ്ങാന്‍ പോകുന്നില്ല എന്ന സര്‍ക്കാര്‍ നിലപാടാകാം ഇതിനുപിന്നില്‍. കോടതിയില്‍ ഹാജരാക്കുന്നതിനും ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനും മാത്രമാണ് തടവുകാരെ സെല്ലില്‍നിന്ന് പുറത്തിറക്കാറുള്ളത്. ഭൂരിഭാഗം പേരെയും നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ജയിലില്‍ അടച്ചിട്ടുള്ളതെന്നും നിരവധിപേര്‍ ഇരുമ്പഴിക്കുള്ളില്‍ മരിച്ചവീഴുന്നുവെന്നും തടവുകാരുടെ പുനരധിവാസത്തിന് നടപടികളൊന്നും ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മനുഷ്യാവകാശ സംഘടനകളടക്കം ആരോപിക്കുമ്പോഴും അതൊന്നും കാര്യമാക്കാതെ മനുഷ്യത്വരഹിതമായ ഗുണ്ടാവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഭരണകൂടം.

അതിനിടെ, ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട നിലയില്‍നിന്ന് മധ്യ അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നിലയിലേക്ക് എല്‍ സാല്‍വദോറിന് മാറാന്‍ കഴിഞ്ഞുവെന്ന് നയീബ് ബുക്കലെ ട്വീറ്റ് ചെയ്തു. ' എങ്ങനയാണ് ഇത് സാധ്യമായത് ?. ക്രമിനലുകളെ മുഴുവന്‍ ജയിലില്‍ അടച്ചതിലൂടെയാണ്. ഇത്രയധികം പേരെ ജയിലില്‍ അടയ്ക്കാന്‍ എങ്ങനെ സാധിക്കും, അതിനുവേണ്ട സ്ഥലം ജയിലുകളില്‍ ഉണ്ടോ എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. അതിനുള്ള ഉത്തരം ഇതാണ്. മുഴുവന്‍ ക്രമിനലുകളെയും പാര്‍പ്പിക്കാന്‍ ശേഷിയുള്ള തടവറകള്‍ ഇന്നുണ്ട്' -  ബുക്കലെ അവകാശപ്പെട്ടു. അതിനിടെ, ഗുണ്ടാസംഘങ്ങളെ ഭയപ്പെടാതെ ജീവിക്കാം എന്ന സാഹചര്യം രാജ്യത്തുണ്ടായതോടെ ബുക്കലെയുടെ ഭരണത്തിനും സുരക്ഷാ സേനയ്ക്കും എല്‍ സാല്‍വദോറില്‍ വന്‍ സ്വീകാര്യത ലഭിച്ചു.

35 ഡിഗ്രി താപനില, സെല്ലിനുള്ളില്‍ നിന്നു തിരിയാന്‍ സ്ഥലമില്ല

placeholder
ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ | Photo - AP

എട്ട് വലിയ ബ്ലോക്കുകളിലെ ഓരോ സെല്ലിലും 65 മുതല്‍ 70 വരെ തടവുകാരെയാണ് എല്‍ സാല്‍വദോറിലെ അതിവിശാലമായ ജയിലിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഓരോ സെല്ലിനും മുകളിലൂടെയുള്ള വാക്ക്വേയിലൂടെ നടന്ന് തോക്കേന്തിയ ഗാര്‍ഡുമാര്‍ ഓരോ തടവുകാരെയും മുഴുവന്‍ സമയവും നിരീക്ഷിച്ചുകൊണ്ടിരിക്കും. ജയിലിലെ ലൈറ്റുകള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍സമയവും തെളിയിക്കും. വായുസഞ്ചാരം ലഭിക്കാത്ത തരത്തില്‍ നിര്‍മിച്ചിട്ടുള്ള സെല്ലുകളില്‍ പകല്‍സമയത്ത് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് തടവുകാര്‍ കഴിയുന്നതെന്ന് ജയില്‍ സന്ദര്‍ശിച്ച ബിബിസി സംഘം റിപ്പോര്‍ട്ടു ചെയ്തിരുന്നു. നാല് നിലകളിലായി ലോഹംകൊണ്ട് നിര്‍മിച്ച കിടക്കകളാണ് തടവുകാര്‍ക്ക് വേണ്ടിയുള്ളത്. ഇവയ്ക്ക് പുറമെ രണ്ട് സിങ്കുകളും രണ്ട് ടോയ്‌ലറ്റുകളും ഓരോ സെല്ലുകളിലുമുണ്ട്. ഓരോ ദിവസവും ജയിലിന് മധ്യത്തിലുള്ള സ്ഥലത്ത് അര മണിക്കൂര്‍ വ്യായാമത്തിന് സൗകര്യമൊരുക്കും. തടവുകാരുടെ ശരീരഭാരം വല്ലാതെ വര്‍ധിക്കാതിരിക്കുന്നതിന് വേണ്ടിയാണിത്. ഈ അരമണിക്കൂര്‍ ഒഴികെയുള്ള മുഴുന്‍ സമയവും ഒന്നും ചെയ്യാനില്ലാതെ തള്ളിനീക്കുകയാണ് തടവുകാര്‍ ചെയ്യാറുള്ളത്. ജയിലില്‍ ഡൈനിങ് ഹാളും വിശ്രമമുറികളും ജിമ്മും വിരസത അകറ്റുന്നതിനുള്ള വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നും തടവുകാര്‍ക്ക് വേണ്ടിയല്ല, ഗാര്‍ഡുമാര്‍ക്കുവേണ്ടി മാത്രമുള്ളതാണ്.

placeholder
ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ | Photo - AP

ജനവാസ മേഖലകളില്‍നിന്ന് വളരെ അകലെ 57 ഏക്കര്‍ പ്രദേശത്താണ് ജയില്‍ സ്ഥിതിചെയ്യുന്നത്. ജയിലിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുമായി 115 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചുവെന്നാണ് എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കലെതന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, എല്‍ സാല്‍വദോര്‍ ഭരണകൂടം അവകാശപ്പെടുന്നതിനെക്കാള്‍ വളരെയധികം പേരെ ഈ ജയിലില്‍ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാല്‍ തടവുകാര്‍ക്ക് നിന്നുതിരിയാനുള്ള സ്ഥലംപോലും സെല്ലുകള്‍ക്കുള്ളില്‍ ഇല്ലെന്നും ഇന്റര്‍അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് 2024 സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണ് അരങ്ങേറുന്നതെന്നും സെല്ലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണം 113 ശതമാനം അധികമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ക്രമിനലുകള്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാന്‍ കഴിയാത്ത തരത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കി നിര്‍മിച്ച ജയില്‍ എന്നാണ് ബുക്കലെ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, രാജ്യാന്തര തലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള തടവുകാര്‍ക്കുള്ള അവകാശങ്ങളെല്ലാം ഹനിക്കുന്ന മനുഷ്യാവകാശങ്ങളുടെ തമോഗര്‍ത്തം എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ജയിലിനെ വിശേഷിപ്പിക്കുന്നത്.

ഗ്വാണ്ടനാമോയ്ക്കുശേഷം വാര്‍ത്തയില്‍ നിറഞ്ഞ് സിഇസിഒടി

സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ് ഭീകരവാദത്തിനെതിരെ ആഗോളയുദ്ധം പ്രഖ്യാപിക്കുകയും അഫ്ഗാനിസ്ഥാനില്‍നിന്നടക്കം പിടികൂടിയ അല്‍ ഖ്വെയ്ദ അംഗങ്ങളെയും താലിബാനികളെയും ക്യൂബന്‍ തീരത്തുള്ള ഗ്വാണ്ടനാമോ ബേ നാവികസേനാ താവളത്തോട് ചേര്‍ന്നുള്ള തടവറയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. അമേരിക്കയ്ക്ക് പുറത്തുള്ള ഗ്വാണ്ടനാമോ ജയിലിലടച്ചാല്‍ തടവുകാര്‍ക്കുള്ള നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കാനും തടവിലാക്കിയ നടപടി നിയമപരമായി ചോദ്യംചെയ്യാനുള്ള അവസരം ഇല്ലാതാക്കാനും കഴിയും എന്നതായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെട്ടത്. കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ക്രൂരതയുടെയും പീഡനങ്ങളുടെയും പേരില്‍ ഗ്വാണ്ടനാമോ തടവറ വൈകാതെതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു. ക്രൂരമായ ചോദ്യംചെയ്യല്‍ നടപടികളും മനുഷ്യത്വരഹിതവുമായ സമീപനവും പീഡനങ്ങളുമാണ് തടവുകാര്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നു.

placeholder
ഗ്വാണ്ടനാമോ ജയില്‍ | File Photo - AFP

തടവുകാരുടെ ഉറക്കം തടസപ്പെടുത്തുക, മര്‍ദിക്കുക, ലൈംഗികമായി പീഡിപ്പിക്കുക, തണുത്തുറഞ്ഞ സെല്ലിലടയ്ക്കുക തുടങ്ങിയ പീഡനമുറകള്‍ അവിടെ അരങ്ങേറിയിരുന്നുവെന്ന് റെഡ് ക്രോസ് സംഘം റിപ്പോര്‍ട്ടുചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരം നടത്താന്‍ ശ്രമിച്ചവരുടെ മൂക്കിലൂടെ ഫീഡിങ് ട്യൂബ് ബലം പ്രയോഗിച്ച് തിരുകിക്കയറ്റി അതിലൂടെ ഭക്ഷണം കഴിപ്പിക്കുന്നത് അടക്കമുള്ള ക്രൂരതകള്‍ അരങ്ങേറിയിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ക്രൂരപീഡനങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്ന് തുടങ്ങിയതോടെ ഈ ജയില്‍ ലോകശ്രദ്ധ നേടുകയും വ്യാപക വിമര്‍ശനങ്ങളുയരാന്‍ കാരണമാകുകയും ചെയ്തു.

ഇതോടെ തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റുന്നത് അടക്കമുള്ള നടപടികളിലൂടെ അവരുടെ എണ്ണം കുറയ്ക്കുകയും ഘട്ടംഘട്ടമായി ജയില്‍ പൂട്ടുകയും ചെയ്യുമെന്ന് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. ബുഷിന്റെ പിന്‍ഗാമിയായി അധികാരത്തില്‍വന്ന ബരാക്ക് ഒബാമ ഒരു വര്‍ഷത്തിനകം ജയില്‍ പൂട്ടുമെന്ന ഉത്തരവിറക്കിയെങ്കിലും പ്രാവര്‍ത്തികമാക്കിയില്ല. ഒബാമ ഭരണകൂടം തടവുകാരുടെ എണ്ണം കുറച്ചു. സൈനിക കോടതികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ മാത്രം അവിടെ നിലനിര്‍ത്തി. 48 രാജ്യങ്ങളില്‍നിന്നുള്ള 756 പേരെയാണ് അമേരിക്ക ഈ ജയിലിലടച്ചത്.  ഇവരെ പിന്നീട് മറ്റ് ജയിലുകളിലേക്ക് മാറ്റുകയോ മോചിപ്പിക്കുകയോ ചെയ്തിരുന്നു. എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനുള്ള കേന്ദ്രം അവിടെ തുറക്കുകയാണ് നിലവിലെ ട്രംപ് ഭരണകൂടം. കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ച ഗ്വാണ്ടനാമോ ജയിലിന് പിന്നാലെയാണ് എല്‍ സാല്‍വദോറില്‍ അമേരിക്ക വാടകയ്‌ക്കെടുക്കുന്ന മറ്റൊരു ജയിലും വാര്‍ത്തകളില്‍ നിറയുന്നത്.