2023 ഒക്ടോബറിലാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. യുദ്ധം ഒന്നര വര്‍ഷത്തോടടുക്കുമ്പോള്‍ ഗാസ നാമാവശേഷമായ സ്ഥിതിയിലാണുള്ളത്. ആയിരക്കണക്കിന് ആളുകള്‍ ഗാസയില്‍  കൊല്ലപ്പെട്ടു, പരിക്കേറ്റു. അതിലേറപേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. യുദ്ധത്തില്‍ വീടുകളും കെട്ടിടങ്ങളും താറുമാറായി. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസ താമസയോഗ്യമല്ലാതെ തകര്‍ന്നു. വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഒരു വശത്ത് തുടരുകയാണെങ്കിലും യുദ്ധം പൂര്‍ണമായും എന്ന് അവസാനിക്കുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. താല്‍ക്കാലിക വിരാമത്തിനപ്പുറം ഇരുകൂട്ടരും യുദ്ധത്തിന്റെ പേരില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും യുദ്ധം അവസാനിച്ചാല്‍ ഗാസയെ വീണ്ടെടുക്കാനുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങി. തകര്‍ന്ന് തരിപ്പണമായ ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മിക്കാമെന്നാണ് ട്രംപിന്റെ വാഗ്ദാനം. അതിനായി 21 ലക്ഷം ഗാസക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഏറെക്കുറേ അപ്രായോഗികമായ ട്രംപിന്റെ പ്ലാനിന്റെ കടയ്ക്കല്‍ തന്നെ അറബ് രാഷ്ട്രങ്ങള്‍ കത്തിവെച്ചു. അമേരിക്കയുടെ സഹായം വാങ്ങി പോക്കറ്റിലാക്കുന്നുണ്ടെങ്കിലും ട്രംപിന് വിരുദ്ധമായൊരു ബദല്‍ പദ്ധതിയുമായി ഈജിപ്ത് രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതി മധ്യപൂര്‍വദേശത്തെ രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ ട്രംപിന് കൂടി സ്വീകാര്യമായ രീതിയില്‍ നയതന്ത്ര വഴിയിലൂടെ അവതരിപ്പിച്ച് ട്രംപിന്റെ കൂടെ അംഗീകാരം നേടാനാണ് അറബ് രാജ്യങ്ങളൊരുങ്ങുന്നത്. ഈജിപ്ത് മുന്നോട്ടുവെച്ച ഗാസ പ്ലാന്‍ എന്താണ്, എന്തുകൊണ്ടാണ് ട്രംപിന്റെ പ്ലാന്‍ നിരാകരിക്കപ്പെട്ടത്? ഗാസയുടെ ഭാവിയെന്താവും? 

To advertise here,

എന്താണ് ഈജിപ്തിന്റെ ഗാസ പ്ലാന്‍? 

യുദ്ധം തകര്‍ത്ത ഗാസയെ അഞ്ചോ ആറോ വര്‍ഷം കൊണ്ട് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവെച്ചത്. ട്രംപിന്റെ പദ്ധതിയില്‍ നിന്ന് വിഭിന്നമായി ഗാസയിലെ ജനങ്ങളെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാതെ പുതിയ ഗാസയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ എല്‍ സിസി അറബ് ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മാണ് ലക്ഷ്യമിട്ടാണ് അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്നത്. ബലപ്രയോഗത്തിലൂടെ ഗാസയില്‍ സമാധാനം കൈവരിക്കാനാകില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്  പരിശീലനം നല്‍കാന്‍ ഈജിപ്ത് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളെ ഒഴിപ്പിച്ച് അമേരിക്കന്‍ ഭരണത്തിന് കീഴില്‍ ഗാസയെ പുനര്‍നിര്‍മിക്കാമെന്ന ട്രംപിന്റെ പദ്ധതിക്ക് ബദലായാണ് ഈജിപ്ത് തങ്ങളുടെ പദ്ധതി അവതരിപ്പിച്ചത്. പലസ്തീന്‍ ജനതയ്ക്ക് ഉള്ളതെല്ലം കൂട്ടിപ്പെറുക്കി നാട് വിടേണ്ടി വരില്ലെന്നതാണ് ഈജിപ്ത് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇസ്രയേല്‍ പൂര്‍ണമായും തകര്‍ത്ത ഗാസയെ പുനര്‍നിര്‍മിക്കാനും സമാധാനവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ട് പലസ്തീന്‍ അതോറിറ്റിയുടെ ഭരണം പുനഃസ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗാസയില്‍ അധികാരം കൈയാളിയിരുന്ന പലസ്തീന്‍ അതോറിറ്റി ഈ മേഖലയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഫത്തയും ഹമാസും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്നായിരുന്നു പലസ്തീന്‍ അതോറിറ്റി ഗാസയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. 

ആറ് വര്‍ഷം, 53 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ പുതിയ ഗാസ

ഇടക്കാല സഹായങ്ങള്‍, പുനര്‍നിര്‍മാണം, ഭരണം എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് ഈജിപ്ത് തങ്ങളുടെ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് ആറ് മാസത്തോളം നീളുന്നതാണ്. പലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള വിദഗ്ധരാണ് ഈ ഘട്ടത്തിന് മേല്‍നോട്ടം വഹിക്കുക. രണ്ട് ലക്ഷം താല്‍ക്കാലിക വീടുകളുടെ നിര്‍മാണവും അരലക്ഷത്തിലധികം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ഈ ഘട്ടത്തിലുള്‍പ്പെടും. പന്ത്രണ്ട് ലക്ഷം ആളുകളുടെ പുനരധിവാസത്തിനായാണിത്. മൂന്ന് ബില്ല്യണ്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. 

രണ്ടാം ഘട്ടമാണ് പുനര്‍നിര്‍മാണം. സാധാരണനിലയിലുള്ള നാല് ലക്ഷം വീടുകള്‍ ഈ ഘട്ടത്തില്‍ നിര്‍മിക്കും. വെള്ളം, മാലിന്യസംസ്‌കരണം, ടെലികോം, വൈദ്യുതി എന്നിവയുടെ പുനഃസ്ഥാപനവും ഈ ഘട്ടത്തിലാണ് നടക്കുക. 30 മാസം കൊണ്ട് മുഴുവന്‍ ജനതയ്ക്കും വീട് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുപുറമേ വ്യവസായ മേഖലകള്‍, മത്സ്യബന്ധനമേഖലകള്‍, വാണിജ്യതുറമുഖങ്ങള്‍, വിമാനത്താവള നിര്‍മാണം എന്നിവയുള്‍പ്പെടുന്ന ഈ ഘട്ടത്തിന് 20 ബില്ല്യണ്‍ ഡോളറാണ് കണക്കാക്കുന്നത്. 

ഭരണമാണ് മൂന്നാം ഘട്ടം. ആദ്യഘട്ടത്തിലെ ടെക്‌നോക്രാറ്റിക് കമ്മിറ്റിയാണ് മാനുഷിക സഹായങ്ങള്‍ കൈകാര്യം ചെയ്യുകയും ഭരണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക. മറ്റൊരു സ്റ്റിയറിങ് മാനേജ്‌മെന്റ് കമ്മിറ്റി ഈ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായും അല്ലാതെയും പിന്തുണയ്ക്കും. 30 ബില്ല്യണ്‍ ഡോളറാണ് പ്രതീക്ഷിക്കപ്പെടുന്ന ചെലവ്. ഈ രണ്ട് ഘട്ടങ്ങളും ചേര്‍ന്ന് നാല് മുതല്‍ അഞ്ച് വര്‍ഷം വേണ്ടിവരുമെന്നാണ് ഈജിപ്ത് കണക്കുകൂട്ടുന്നത്. 

ഹമാസ് പുറത്ത്, ആര്‍ക്കാവും ചുമതല? 

ഹമാസിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവെച്ചത്. ഇതുപ്രകാരം ഗാസയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഹമാസിന് പകരമായി പലസ്തീന്‍ ടെക്‌നോക്രാറ്റുകളുടെ ഒരു സ്വതന്ത്രസംഘത്തെ രൂപീകരിക്കേണ്ടതുണ്ട്. മാനുഷിക സഹായത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഈ സാങ്കേതിക സര്‍ക്കാരിനായിരിക്കും ചുതമല. ഒപ്പം ഇത് ഗാസ ഭരിക്കാന്‍ പലസ്തീന്‍ അതോറിറ്റിക്ക് വഴിയൊരുക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഗാസയില്‍ അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടത്തുമെന്ന് പലസ്തീന്‍ അതോറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് സൂചന നല്‍കിയിട്ടുമുണ്ട്. 

സുരക്ഷ രംഗത്തിന് വേണ്ടി പലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ഗാസയിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് ഈജിപ്തും ജോര്‍ദാനും ഉറപ്പുനല്‍കിയിട്ടുണ്ട്. പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഗാസയിലെ ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു സമാധാന ദൗത്യത്തിന് അംഗീകാരം നല്‍കുന്നത് പരിഗണിക്കണമെന്ന് ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 

എന്തായിരുന്നു അറബ് രാഷ്ട്രങ്ങള്‍ തള്ളിയ ട്രംപിന്റെ പ്ലാന്‍? 

ഗാസ മുനമ്പിലെ ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ച് അമേരിക്കയുടെ പൂര്‍ണ ഭരണത്തിന്‍ കീഴില്‍ പ്രത്യേക പ്രദേശമായി ഗാസയെ വീണ്ടെടുക്കാനുള്ള നിര്‍ദേശമായിരുന്നു ട്രംപ് മുന്നോട്ടുവെച്ചത്. യു.എസ് ഭരണത്തിന്‍ കീഴിലാക്കി ഗാസയെ മികച്ച മേഖലയായി വളര്‍ത്താനുള്ള ട്രംപിന്റെ പദ്ധതിക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വംശീയ ഉന്മൂലനമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് നാനാഭാഗത്ത് നിന്ന് ആക്ഷേപമുയര്‍ന്നു. ഗാസയില്‍ നിന്ന് ഒഴിപ്പിക്കുന്ന  ആളുകളെ ഈജിപ്തും ജോര്‍ദാനും ചേര്‍ന്ന് ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അറബ് രാജ്യങ്ങള്‍ എതിര്‍പ്പുയര്‍ത്തിയതോടെ ഈ പദ്ധതി വളരെ വേഗത്തില്‍ നിരാകരിക്കപ്പെട്ടു. പിന്നാലെയാണ് ഗാസയുടെ യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനുള്ള അറബ് പദ്ധതി എന്താണെന്ന് കേള്‍ക്കാന്‍ തയ്യാറാണെന്ന സൂചന ട്രംപ് നല്‍കിയത്.  

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഗാസയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. നിര്‍മിക്കും, സ്വന്തമാക്കും എന്നതായിരുന്നു ട്രംപിന്റെ നയം. യുദ്ധകലൂഷിതമായ ഗാസയെ പച്ചപ്പും സൗന്ദര്യവും നിറഞ്ഞ ഭൂപ്രദേശമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിർമിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച ഒരു 'യുദ്ധാനന്തര ഗാസ'യുടെ വീഡിയോയും ട്രംപ് പുറത്തുവിട്ടിരുന്നു. ഗാസയെ Riviera of the Middle east ആക്കി മാറ്റുമെന്നാണ് പദ്ധതിയെ കുറിച്ച് ട്രംപ് വിശേഷിപ്പിച്ചത്.  മേഖലയേറ്റെടുക്കുന്നതിനൊപ്പം സ്ഥലത്തെ അപകടരമായ ബോംബുകളും മറ്റ് ആയുധങ്ങളും നിര്‍വീര്യമാക്കുമെന്നും കെട്ടിടങ്ങളും താമസസ്ഥലങ്ങളും പുനര്‍മിര്‍മിച്ച് ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങള്‍ നല്‍കും. പശ്ചിമേഷ്യയ്ക്ക് മുഴുവന്‍ അഭിമാനിക്കാന്‍ കഴിയുന്ന മേഖലയായി ഗാസയെ വളര്‍ത്തലാണ് വിഭാവനം ചെയ്യുന്നത്. തന്റെ വികസന പദ്ധതിക്ക് ശേഷം ലോകമെമ്പാടുമുള്ള ആളുകള്‍ ഗാസയില്‍ താമസിക്കുന്നത് താന്‍ സങ്കല്‍പ്പിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

മരണത്തിന്റേയും വിനാശത്തിന്റേയും പ്രതീകമായി ഗാസ മാറി. ഹമാസ് ഗാസയെ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്കെത്തിച്ചു. ജനങ്ങളോട് കരുണയില്ലാത്ത അവര്‍ ഈ പ്രദേശത്തെ ഏറ്റവും അപകടകരമായ മേഖലയാക്കി മാറ്റി. അതിനാല്‍ പലസ്തീനോ ഹമാസിനോ ഭരിക്കാനുള്ള അവസരം നല്‍കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. 

ട്രംപിന്റെ ആശയത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈയടിച്ച് പിന്താങ്ങി. ചരിത്രത്തെ മാറ്റിമറിക്കാന്‍ പോകുന്നതാണ് ട്രംപിന്റെ പദ്ധതി, അതിര്‍ത്തിക്കപ്പുറത്താണ് ട്രംപിന്റെ ചിന്ത, പരമ്പരാഗത ചിന്തകളേയും സമീപനങ്ങളേയും തകര്‍ക്കാനുള്ള സന്നദ്ധതയാണ് ട്രംപ് കാണിക്കുന്നതെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. 

ട്രംപിന്റെ പദ്ധതിക്ക് കടുത്ത വിമര്‍ശനം

ട്രംപ് മുന്നോട്ടുവെച്ച പദ്ധതി ലോകവ്യാപക ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ഗാസയിലെ ജനങ്ങളെ ഒഴിപ്പിച്ചുകൊണ്ട് വംശീയ ഉന്മൂലനമാണ് ട്രംപ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം പൗരന്മാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് യുദ്ധക്കുറ്റമായാണ് കണക്കാക്കപ്പെടുന്നത്, ട്രംപ് ചെയ്യാനൊരുങ്ങുന്നത് കടുത്ത കുറ്റമാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. 

യുദ്ധക്കെടുതി നിറഞ്ഞ ഒരു പ്രദേശത്തെ ദശലക്ഷക്കണക്കിന് പൗരന്മാരെ മാറ്റിപ്പാര്‍പ്പിച്ച് ഒരു ആഡംബര റിസോര്‍ട്ട് നിര്‍മ്മിക്കുക എന്ന ആശയം അപ്രായോഗികവും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം ഡയറക്ടര്‍ ഡോവ് വാക്‌സ്മാന്‍ പ്രതികരിച്ചു. 

കടുത്ത അമര്‍ഷത്തോടെയാണ് ഗാസ പൗരന്മാരും ഈ പദ്ധതിയോട് പ്രതികരിച്ചത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പദ്ധതിയാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഗാസ ഞങ്ങളുടെ വീടാണ്, അവിടെ നിന്ന് ഇറങ്ങാന്‍ പറയുന്നത് ഞങ്ങളെ അനാഥരാക്കുന്നതിന് തുല്യമാണെന്ന് ചിലര്‍ പറഞ്ഞു. ഞങ്ങളെവിടേക്കാണ് പോവുക, ഞങ്ങളെ രാജ്യമില്ലാത്തവരാക്കരുതെന്ന് 60 വയസ്സുകാരനായ പൗരന്‍ ഇമാദ് അല്‍ ഖാസ്സസ് പറഞ്ഞു. അതിര്‍ത്തികള്‍ തുറന്ന്, സന്നദ്ധരായവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാമെന്ന് പറഞ്ഞാലും താന്‍ ഗാസ വിട്ടുപോവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഹമാസും ട്രംപിന്റെ പദ്ധതിയെ നിരാകരിച്ചു. അസംബന്ധം എന്നാണ് ട്രംപിന്റെ പദ്ധതിയെ ഹമാസ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ് ട്രംപ് മുന്നോട്ടുവെയ്ക്കുന്നതെന്ന് അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ അധികാരത്തിലിക്കുന്ന പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു. 

ട്രംപ് വിഭാവനം ചെയ്ത പദ്ധതി വിശാലമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്നാണ് പരക്കെ വിലയിരുത്തപ്പെട്ടത്. മാത്രമല്ല അറബ് രാഷ്ട്രങ്ങള്‍ ഈ പദ്ധതിയോട് അനുകൂലിച്ചുമില്ല. ഗാസയ്ക്ക് മേല്‍ അധികാരമോ സ്വാധീനമല്ലേ ഇല്ലാത്തിടത്തോളം അമേരിക്കയ്ക്ക് ഇത്തരമൊരു പദ്ധതി നടപ്പാക്കാനാകില്ല, മാത്രമല്ല പൗരന്മാരെ ഒഴിപ്പിക്കുന്നത് തീര്‍ത്തും അസംഭവ്യവുമാണ്. ഈജിപ്തും ജോര്‍ദാനും സൗദ അറേബ്യയും ട്രംപിന്റെ ഈ പദ്ധതിയെ പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തു. പദ്ധതി അംഗീകരിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ തയ്യാറാവാതിരുന്ന പശ്ചാത്തലത്തിലാണ് ഈജിപ്തിന്റെ പദ്ധതി കേള്‍ക്കാന്‍ ട്രംപ് തയ്യാറായത്. തുടര്‍ന്നായിരുന്നു കെയ്‌റോയില്‍ അറബ് രാഷ്ട്രങ്ങല്‍ അടിയന്തര ഉച്ചകോടി ചേര്‍ന്നത്. 

ഈജിപ്തിന്റെ പദ്ധതി തള്ളി വൈറ്റ് ഹൗസ്

പലസ്തീനികളെ മാറ്റാതെ 2030ഓടെ ഗാസയെ പുനര്‍നിര്‍മിക്കുകയെന്നതാണ് ഈജിപ്തിന്റെ പദ്ധതി. ഗാസയോട് ഏറ്റവും അടുത്ത അറബ് രാജ്യമാണ് ഈജിപ്ത്. മാത്രമല്ല, ഇസ്രയേല്‍, അമേരിക്കന്‍ ഭരണകൂടത്തില്‍ സ്വാധീനവും ഈജിപ്തിനുണ്ട്. നേരത്തേ ട്രംപ് ഭരണകൂടം വിദേശ സഹായങ്ങളെല്ലാം നിര്‍ത്തിവെച്ചപ്പോള്‍ ഇളവ് അനുവദിച്ചത് ഇസ്രായേലിനും ഈജിപ്തിനും മാത്രമായിരുന്നു. 

ഈജിപ്തിന്റെ പുനര്‍മിര്‍മാണ് പദ്ധതിയെ ഹമാസും അംഗീകരിച്ചു. എന്നാല്‍ പലസ്തീന്‍ അതോറിറ്റി വീണ്ടും അധികാരത്തില്‍ വരുന്നത് ഹമാസ് അംഗീകരിക്കുമോ എന്നത് വ്യക്തമാക്കിയിരുന്നില്ല. പലസ്തീന്‍ അതോറിറ്റിയുടെ കാര്യത്തില്‍ ഇസ്രായേലും സമാനമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എങ്കിലും ട്രംപിന്റെ പദ്ധതി ഉദാത്തമാണെന്ന നിലപാടായിരുന്നു ഇസ്രായേലിന്.

അറബ് രാഷ്ട്രങ്ങള്‍ക്ക് ഏറെക്കുറേ സ്വീകര്യമായ പദ്ധതിയാണ് ഈജിപ്ത് മുന്നോട്ടുവെച്ചത്. എന്നാല്‍ പകരത്തിന് പകരമെന്നോണം ട്രംപോ വൈറ്റ് ഹൗസോ ഈ പദ്ധതിയെ അംഗീകരിച്ചില്ല. അറബ് പദ്ധതി ഗാസയുടെ നിലവിലെ യഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല, താമസിക്കാന്‍ പറ്റാത്ത സ്ഥലമാണിപ്പോള്‍ ഗാസ, മണ്ണും കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ മേഖലയില്‍ മനുഷ്യരെ പോലെ ജീവിക്കാന്‍ കഴിയില്ലെന്ന് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് ബ്രയാന്‍ ഹൂഗ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 

ഭരണം, ഹമാസിന്റെ ഭാവി, സാമ്പത്തികത്തിന്റെ ഉറവിടം തുടങ്ങിയ പ്രധാന ചോദ്യങ്ങള്‍ക്ക് ഗാസ 2030 പദ്ധതി ഉത്തരം നല്‍കുന്നില്ല. വളരെ വലിയ പദ്ധതിയാണ്. പക്ഷെ ഗുരുതരമായ രണ്ട് പ്രശ്‌നങ്ങള്‍ ആ പദ്ധതിയിലുണ്ട്, ഒന്ന് പദ്ധതി നടപ്പാക്കാനുള്ള രാഷ്ട്രീയ വ്യവസ്ഥകള്‍ ഹമാസ് ഇതിനെ അംഗീകരിക്കുമോ എന്നാണ്, മറ്റൊന്ന് ഗാസയില്‍ പലസ്തീന്‍ അതോറിറ്റിയുടെ രാഷ്ട്രീയ ഒത്തുതീര്‍പ്പ് അനുവദിക്കാന്‍ ഇസ്രായേലികള്‍ എപ്പോഴെങ്കിലും സമ്മതിക്കുമോ എന്നാണെന്ന് ഖത്തറിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാല പ്രൊഫസര്‍. പോള്‍ ആശങ്കയുന്നയിച്ചു. ഇസ്രായേലും പദ്ധതിയെ തള്ളിയാണ് പ്രതികരിച്ചത്. 2023 ഒക്ടോബര്‍ 7 ന് ശേഷമുള്ള സാഹചര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളതെയാണ് പദ്ധതി. ഇത്തരം കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. 

ഈജിപ്തിന്റെ പദ്ധതിക്ക് തുടക്കത്തില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ വൈറ്റ് ഹൗസും അയഞ്ഞ മട്ടാണ്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്രായോഗികം എന്നാണ് വിദേശകാര്യമന്ത്രാലയം തുടക്കത്തില്‍ പ്രതികരിച്ചത്, എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം പശ്ചിമേഷ്യയിലെ യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസ 2023-നെ  നല്ല പദ്ധതിയുടെ ആദ്യ പടി എന്നാണ് വിശേഷിപ്പിച്ചത്. വിറ്റ്‌കോഫിന്റെ പ്രതികരണത്തിന് മണിക്കൂറുകള്‍ക്കിപ്പുറം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞത്, പദ്ധതി ഒരു തരത്തിലും ഗാസയുടെ ആവശ്യങ്ങളെ നേരിടുന്നതല്ലെന്നായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ഈ നിര്‍ദ്ദേശത്തെ 'അപര്യാപ്തം' എന്ന് വിശേഷിപ്പിച്ചു. 

ഗാസയുടെ ഭാവി എന്താണെന്ന് ആഗോളതലത്തില്‍ ചര്‍ച്ചയാവുമ്പോള്‍ നാളെ എന്താണെന്ന് പോലും അറിയാത്ത സ്ഥിതിയിലാണ് ഗാസയിലെ പൗരന്മാര്‍. നാഗസാക്കിയോ ഹിരോഷിമയോ പോലെ തകര്‍ന്ന് തരിപ്പണമായിരിക്കുന്നു ഗാസ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും ഗാസയെ കുറിച്ച് വിശേഷിപ്പിച്ചത്. അതിര്‍ത്തികള്‍ പോലും എവിടെ തുടങ്ങി എവിടെ അവസാനിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയാത്തത്രയും നാശം. അസ്ഥിവാരം മാത്രമാണെങ്കിലും പലതും ആ ജനങ്ങള്‍ക്ക് വീടാണ്, നാടാണ്. ജന്മദേശം വിട്ടുപോകുന്നതിനുമപ്പുറം ദുരിതമില്ലെന്ന് അവര്‍ ഒച്ചയിടുന്നുണ്ട്. 'ഗാസ ആര് ഭരിക്കുമെന്നോ ഏത് ലോകശക്തിയേറ്റെടുക്കുമെന്നോ അറിയില്ല, ഞങ്ങളുടെ ഭയം നാളെ പുലരുമ്പോള്‍ ജീവനോടെ ഉണ്ടാവുമോ എന്നാണ്' , ആളുകള്‍ പ്രതികരിക്കുന്നു.