സിറിയ വീണ്ടും പുകയുന്നു! ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെ സമാധാന സൂചനകള്‍ കണ്ടുതുടങ്ങിയ സിറിയ വീണ്ടും ആഭ്യന്തര സംഘര്‍ഷത്തിന്റെ പിടിയില്‍ അമരുകയാണ്. മതന്യൂനപക്ഷമായ ദുറൂസികളുടെ നേതൃത്വത്തിലുള്ള സായുധസംഘങ്ങളും സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകളും തമ്മില്‍ രണ്ടുദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ദുറൂസികള്‍ക്ക് സ്വാധീനമുള്ള തെക്കന്‍ സിറിയയിലെ സ്വെയ്ദ പ്രവിശ്യയിലായിരുന്നു സംഭവം. സംഘര്‍ഷം പ്രവിശ്യയാകെ വ്യാപിച്ച പശ്ചാത്തലത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുടെ സര്‍ക്കാര്‍ മേഖലയില്‍ സൈന്യത്തെ വിന്യസിച്ചു. ഇരുവിഭാഗങ്ങളുടെയും നേതാക്കളോട് പ്രവിശ്യ ഗവര്‍ണര്‍ മുസ്തഫ അല്‍ ബക്കുര്‍ വെടിനിര്‍ത്തലിന് ആഹ്വാനംചെയ്തു. ജനങ്ങളോട് സംയമനം പാലിക്കണമെന്നും നിര്‍ദേശിച്ചു. 

To advertise here,

2024 ഡിസംബറിലാണ് വിമതവിപ്ലവത്തിലൂടെ അല്‍ ഷരായുടെ നേതൃത്വത്തില്‍ സുന്നി വിഭാഗക്കാരായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്ടിഎസ്) എന്ന സായുധ സംഘടന സിറിയയില്‍ അധികാരം പിടിച്ചത്. ഇതിന് പിന്നാലെ മധ്യസിറിയയില്‍ വിഭാഗീയ സംഘര്‍ഷങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സമീപകാലത്ത് സിറിയയിലെ ന്യൂനപക്ഷം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതിനിടെ, പുതിയ ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്തുമോയെന്ന ആശങ്കയിലാണ് ദുറൂസികള്‍. ആരാണ് ദുറൂസികള്‍? എന്തുകൊണ്ടാണ് ഇവര്‍ സിറിയയില്‍ പ്രധാന്യം അര്‍ഹിക്കുന്നത്? 

ആരാണ് ദുറൂസികള്‍?

മധ്യപൂര്‍വേഷ്യയില്‍ അറബി ഭാഷ സംസാരിക്കുന്ന വംശീയ ന്യൂനപക്ഷ വിഭാഗമാണ് ദുറൂസികള്‍. 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈജിപ്തിലാണ് ദുറൂസി വിഭാഗത്തിന്റെ തുടക്കം. ഷിയ ഇസ്ലാമില്‍നിന്ന് പിരിഞ്ഞുണ്ടായ ഇസ്മായിലിസത്തിന്റെ ഉപശാഖയായാണ് ദുറൂസി വിശ്വാസം ഉരുത്തിരിയുന്നത്. തുടര്‍ന്ന് നൂറ്റാണ്ടുകളായി അവര്‍ ഒരു പ്രത്യേക വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഈജിപ്തില്‍ ദുറൂസി വിശ്വാസം ക്രമേണ ഇല്ലാതായെങ്കിലും സിറിയയിലെയും ലെബനനിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അത് നിലനിന്നു. മതവിശ്വാസങ്ങളില്‍ രഹസ്യാത്മകത സുക്ഷിക്കുന്ന അവര്‍ പുനര്‍ജന്മം പോലുള്ളവയിലും വിശ്വസിക്കുന്നു. ദുറൂസ് സമൂഹത്തിലെ പല മതപരമായ ആചാരങ്ങളും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു, അത് അവര്‍ക്കിടയില്‍ പോലും പലപ്പോഴും പരസ്യമാക്കാറില്ല. ദുറൂസ് വിഭാഗത്തിലെ തന്നെ ഒരു കൂട്ടം ആളുകള്‍ക്ക് മാത്രമേ അവരുടെ മതപരമായ ചടങ്ങുകളില്‍ പൂര്‍ണ്ണമായി പങ്കെടുക്കാനും മത ഗ്രന്ഥങ്ങള്‍ പൂര്‍ണമായും പഠിക്കാനും അനുവാദമുള്ളൂ. മതപരിവര്‍ത്തനം അനുവദിക്കാത്ത ഇവര്‍ മറ്റുള്ളവരില്‍നിന്ന് അകന്നു നില്‍ക്കുന്നു. ദുറൂസ് വിശ്വാസത്തിന് പുറത്തുള്ളവരുമായുള്ള വിവാഹം അപൂര്‍വമാണ്, മാത്രമല്ല അതിനെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. പരമ്പരാഗത ദുറൂസ് വസ്ത്രം കറുപ്പാണ്. പുരുഷന്മാര്‍ വെളുത്ത തൊപ്പികളോ തലപ്പാവോ ധരിക്കുന്നു. 

ദുറൂസികളില്‍ ഭൂരിഭാഗവും ലെബനന്‍, സിറിയ, ഇസ്രയേല്‍, ജോര്‍ദാന്‍, ഇസ്രയേല്‍ കൈവശപ്പെടുത്തിയിരിക്കുന്ന സിറിയന്‍ പ്രദേശമായ ഗോലാന്‍ കുന്നുകള്‍ എന്നിവിടങ്ങളിലും മറ്റ് രാജ്യങ്ങളില്‍ ചെറിയ സമൂഹങ്ങളുമായും താമസിക്കുന്നു. പ്രദേശത്തുടനീളം ദുറൂസികള്‍ക്കിടയില്‍ ശക്തമായ ബന്ധമുണ്ട്. ഏകദേശം പത്ത് ലക്ഷത്തിലധികം ദുറൂസികളാണ് ഈ മേഖലയിലുള്ളത്. വടക്കന്‍ ലെബനനിലും തെക്കന്‍ സിറിയയിലെ ഗ്രാമങ്ങളിലുമായാണ് ഇവരില്‍ അധികവും താമസിക്കുന്നത്. സിറിയയിലാണ് ഏറ്റവും കൂടുതല്‍ ദുറൂസികളുള്ളത്. 2011-ല്‍ സിറിയയിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഏകദേശം ഏഴ് ലക്ഷത്തോളമായിരുന്നു ഇവരുടെ ജനസംഖ്യ. സിറിയയിലെ ദുറൂസികളില്‍ ഭൂരിഭാഗവും 18-ാം നൂറ്റാണ്ടില്‍ ലെബനനില്‍നിന്ന് എത്തി മേഖലയില്‍ താമസമാക്കിയവരാണ്. ലെബനനില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം ദുറൂസികളുള്ളപ്പോള്‍ ഏകദേശം ഒന്നര ലക്ഷത്തോളം ദുറൂസികളാണ് ഇസ്രയേലിലുള്ളത്. തെക്കന്‍ സിറിയയില്‍ നിന്നുള്ള ചില ദുറൂസികള്‍ അയല്‍രാജ്യമായ ജോര്‍ദാനിലും താമസമാക്കി. അവിടെ 15,000 മുതല്‍ 20,000 വരെ ആളുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മിഡില്‍ ഈസ്റ്റിന് പുറത്ത് അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ട്. 

placeholder
സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഒരു സ്കൂൾ കെട്ടിടത്തിൽ വിമത സേനാം​ഗം പുതിയ സിറിയൻ പതാക പതിക്കുന്നു (ഫയൽ ചിത്രം) | Photo:  Ali Haj Suleiman/Getty Images

ദുറൂസികളും പുതിയ സിറിയന്‍ സര്‍ക്കാരും

സിറിയയില്‍ പ്രധാനമായും തെക്കന്‍ പ്രവിശ്യകളിലും ഡമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലുമാണ് ദുറൂസികള്‍ താമസിക്കുന്നത്. ആദ്യകാലത്ത് അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിക്ക് വലിയ പിന്തുണയാണ് ദുറൂസികള്‍ നല്‍കിയത്. 1963-ല്‍ ദറൂസ് സൈനിക ഉദ്യോഗസ്ഥര്‍ അട്ടിമറിയില്‍ പങ്കുചേര്‍ന്നിരുന്നു. അത് പാര്‍ട്ടിയെ ആദ്യമായി അധികാരത്തിലെത്തിച്ചു. തുടര്‍ന്ന് ബാത്ത് പാര്‍ട്ടിയുടേയും അസദ് കുടുംബത്തിന്റെയും ഭരണത്തിന്‍ കീഴില്‍, ദുറൂസികള്‍ വലിയ മതസ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അലവൈറ്റ് വിഭാഗത്തിലെ അംഗങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന അസദ് കുടുംബത്തിന്റെ ഭരണം രാജ്യത്തെ സുന്നി ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തുകയും ന്യൂനപക്ഷങ്ങള്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. സിറിയയില്‍ 14 വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷ കാലഘട്ടത്തിലാണ് ദറൂസികള്‍ സായുധസംഘങ്ങള്‍ രൂപീകരിക്കുന്നത്. 2018-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ അംഗങ്ങള്‍ ദറൂസികളെ ആക്രമിക്കുകയും ഇരുന്നൂറിലധികം പേരെ വധിക്കുകയും ഒട്ടേറെ പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. രാജ്യത്ത് പിടിമുറിക്കിയ തീവ്രസംഘടനകളില്‍നിന്ന് സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തില്‍ ദുറൂസികള്‍ സായുധസംഘങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 

അസദിനെ അധികാരത്തില്‍നിന്ന് പുറത്താക്കി വിമതവിപ്ലവത്തിലൂടെ അബു മുഹമ്മദ് അല്‍ ജുലാനി എന്ന അഹമ്മദ് അല്‍ ഷരാ അധികാരത്തിലെത്തിയതോടെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. അല്‍-ഖ്വയ്ദയുടെ സിറിയന്‍ അനുബന്ധ ഗ്രൂപ്പായ അല്‍ നുസ്ര ഫന്റിന്റെ തലവനായ അല്‍ ഷരാ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിരുന്നയാളും അഞ്ചുകൊല്ലം യുഎസ് സൈന്യത്തിന്റെ തടവില്‍ കഴിഞ്ഞയാളുമായിരുന്നു. സിറിയയിലെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങള്‍ക്ക് സിറിയയുടെ പുതിയ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ സ്വഭാവികമായും വര്‍ധിച്ചു. ദുറൂസികളുടെ കാര്യവും മറിച്ചല്ലായിരുന്നു. വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് അല്‍ ഷരാ പറഞ്ഞിരുന്നെങ്കിലും അസദിന്റെ പതനത്തിനുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ മാറ്റങ്ങളുണ്ടായി. ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്തുമെന്നായിരുന്നു അല്‍ ഷരാ സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ മാര്‍ച്ച് അവസാനം പ്രഖ്യാപിച്ച സിറിയയിലെ പുതിയ 23 അംഗ സര്‍ക്കാരില്‍ ഒരേയൊരു ദുറൂസി അംഗം മാത്രമേയുള്ളൂ, കൃഷി മന്ത്രി അംജദ് ബദര്‍. രാജ്യത്തെ പുതിയ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ദുറൂസികള്‍ക്കിടയില്‍തന്നെ ഭിന്നതയുണ്ട്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സായുധ പോരാട്ടമാണ് പോംവഴിയെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

placeholder
ബാഷര്‍ അല്‍ അസദ് | Photo : Borna News/Matin Ghasemi/Aksonline ATPImages/Getty Images

ദുറൂസി-ബെദൂയിന്‍ സംഘര്‍ഷങ്ങള്‍

2024 ഡിസംബറിലാണ് വിമതവിപ്ലവത്തിലൂടെ അല്‍ ഷരായുടെ നേതൃത്വത്തില്‍ സുന്നിവിഭാഗക്കാരായ ഹയാത് തഹ്‌രീർ അല്‍ ഷാം (എച്ച്ടിഎസ്) എന്ന സായുധ സംഘടന സിറിയയില്‍ അധികാരം പിടിച്ചത്. അതിനുശേഷം പുതിയ ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്തുമോയെന്ന ആശങ്കയിലാണ് ദുറൂസികള്‍. ഏപ്രില്‍-മേയ് മാസങ്ങളിലായി തലസ്ഥാനമായ ഡമാസ്‌കസിലെയും സ്വെയ്ദയിലെയും ദുറൂസി ഭൂരിപക്ഷമേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ പേർ മരിച്ചിരുന്നു. അന്നത്തെ നടപടിയില്‍ സുന്നി ഗോത്രവിഭാഗമായ ബെദൂയിനുകള്‍ സൈന്യത്തെ സഹായിച്ചു. മറ്റൊരു ന്യൂനപക്ഷവിഭാഗമായ അലാവൈറ്റുകളെ (അലവികള്‍) ലക്ഷ്യമിട്ട് മാര്‍ച്ചിലുണ്ടായ ആഭ്യന്തരകലാപത്തില്‍ 1,700 പേരും മരിച്ചു. സിറിയന്‍ സംഘര്‍ഷത്തില്‍ ദുറൂസികള്‍ സങ്കീര്‍ണമായ പങ്ക് വഹിച്ചിട്ടുണ്ട്. സൈനിക വൈദഗ്ധ്യത്തിന് പേരുകേട്ടവരായിരുന്നു അവര്‍. ഐഎസ്‌ ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങളില്‍നിന്ന് അവരുടെ സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. പക്ഷേ, ഇവര്‍ക്കിടയിലെ ഭിന്നതകളും പ്രശ്നമായി. ചിലര്‍ സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും മറ്റുള്ളവര്‍ അതിനെ എതിര്‍ക്കുകയും ചെയ്തു. ഈ ഭിന്നതകള്‍ സര്‍ക്കാര്‍ സേനയുമായും ബെദൂയി ഗോത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രൂപ്പുകളുമായും ഏറ്റുമുട്ടലുകള്‍ക്ക് കാരണമായി.

തെക്കന്‍ സിറിയയില്‍ ദുറൂസികളും ബെദൂയിനുകളും തമ്മിലുണ്ടായ സായുധ ഏറ്റുമുട്ടലില്‍ നൂറ് കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. സ്വെയ്ദയിലെ ഹൈവേയില്‍ ദുറൂസി പച്ചക്കറിക്കച്ചവടക്കാരനെ ബെദൂയിന്‍ ഗോത്രക്കാര്‍ തട്ടിക്കൊണ്ടുപോവുകയും കൊള്ളയടിക്കുകയും ചെയ്തതാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നത്. ഹൈവേയില്‍ ബെദൂയിനുകള്‍ സ്ഥാപിച്ച ചെക്ക്പോയിന്റിലായിരുന്നു സംഭവം. പ്രതികാരനടപടിയായി ചില ബെദൂയിനുകളെ ദുറൂസികളും തട്ടിക്കൊണ്ടുപോയി. ഇവരെയെല്ലാം വിട്ടയച്ചെങ്കിലും ഇതോടെ സംഘര്‍ഷം പ്രവശ്യയിലാകെ വ്യാപിക്കുകയായിരുന്നു.

സുന്നി സംഘടനയായ എച്ച്ടിഎസ് ബഷര്‍ അല്‍ അസദിനെ അട്ടിമറിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും പുതിയ മാരകമായ വിഭാഗീയ അക്രമമാണിത്. സമാധാനം പുനഃസ്ഥാപിക്കാന്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പോരാട്ടം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നാലെ ദുറൂസി, ബെദൂയിന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സിറിയയിലെ സ്വെയ്ദയില്‍ പ്രതിരോധമന്ത്രി മര്‍ഹഫ് അബു ഖസ്‌റ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇവിടെ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയതിനു പിന്നാലെയാണ് നഗരത്തിലെ പ്രമുഖര്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കിയതായി മന്ത്രി അറിയിച്ചത്. വെടിവെപ്പ് നടത്തുന്നവരെയും നിയമവിരുദ്ധ സംഘങ്ങളെയും മാത്രമേ എതിരിടുകയുള്ളൂവെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു.

placeholder
സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ ഷരാ  | Photo: Ali Haj Suleiman/Getty Images

സിറിയ്ക്ക് മുന്നിലെന്ത്?

അല്‍ ഖായിദയില്‍ പ്രവര്‍ത്തിച്ചിരുന്ന അഹമ്മദ് അല്‍ ഷരാ അധികാരത്തിലെത്തിയ ശേഷവും സിറിയയില്‍ അശാന്തി പടരുകയാണ്. ന്യൂനപക്ഷണങ്ങളെ പരി​ഗണിക്കുമെന്നാണ് അല്‍ ഷരാ വ്യക്തമാക്കുന്നത്. എന്നാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പ്രദേശത്ത് വിന്യസിച്ച സര്‍ക്കാര്‍ സുരക്ഷാ സേന ദുറൂസ് വിഭാഗങ്ങള്‍ക്കെതിരെ ബെദൂയിനുകളുടെ പക്ഷം പിടിക്കുന്നുവെന്നാണ് ആരോപണം. ഇതിനിടെ ദുറൂസ് വിഭാഗത്തെ പിന്തുണച്ച് സിറിയയില്‍ ഇടയ്ക്കിടെ ഇടപെടുന്ന ഇസ്രയേലും വിഷയത്തില്‍ രംഗത്തിറങ്ങി. തെക്കന്‍ സിറിയയില്‍ ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സിറിയൻ സർക്കാർ സേനയ്‌ക്കെതിരേ ഇസ്രയേൽ തുടർച്ചയായി വ്യോമാക്രമണങ്ങളും നടത്തി. ദുറൂസിനെ വിശ്വസ്തരായ ന്യൂനപക്ഷമായി കാണുന്നവരാണ് ഇസ്രയേല്‍. ഇസ്രയേല്‍ സൈന്യത്തിലടക്കം ദുറൂസുകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിക്ക് സമീപം ഇസ്ലാമിക തീവ്രവാദികളെ ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല. ഒപ്പം ദുറൂസുകളെ പിന്തുണയ്ക്കുന്നത് വഴി സിറിയിൽ അസ്വസ്ഥത സൃഷ്ടിക്കാനും അവർക്ക് സാധിക്കും. സിറിയയില്‍ വിഭാഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ദുറൂസ് മതന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ തങ്ങള്‍ക്ക് വേണ്ടി ഇടപെടരുതെന്നാണ് ദുറൂസിന്റെ നിലപാട്. 

നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുമെന്നും മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും ഷരാ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ, ഷരാ അധികാരം പിടിച്ചെടുത്തതിനുശേഷം, ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങള്‍ സിറിയയില്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് സംഘര്‍ഷങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സമീപകാലത്ത് സിറിയയിലെ ന്യൂനപക്ഷം തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നു. സര്‍ക്കാര്‍ സുന്നി വിഭാഗത്തിന് ഒപ്പം നില്‍ക്കുന്നു എന്നാണ് ന്യൂനപക്ഷങ്ങളുടെ ആരോപണം. അതിനാല്‍ തന്നെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, അവരെ ഉള്‍ക്കൊള്ളുന്ന ഭരണഘടന സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ രാജ്യം വീണ്ടും നിലയ്ക്കാത്ത സംഘര്‍ഷങ്ങളില്‍ ആണ്ടുപോയേക്കാം.