തുടക്കത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും അൽപം മയപ്പെട്ട സ്ഥിതിയാണ് ഇപ്പോൾ ട്രംപിനുള്ളത്.

ഗ്രീൻലൻഡ് സ്വന്തമാക്കുന്നതിനെ കുറിച്ചായിരുന്നു ട്രംപ് ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരുന്നത്. ഡെന്മാർക്കിന് കീഴിലുള്ള ഈ ചെറുരാഷ്ട്രത്തെ ട്രംപ് ഉടൻ പിടിച്ചെടുക്കുകയോ വിലകൊടുത്ത് വാങ്ങുകയോ ചെയ്യുമെന്ന് ലോകം കണക്കുകൂട്ടി. അത് ശരിവെക്കുന്നതായിരുന്നു ട്രംപ് നടത്തിയ പ്രസ്താവനകളും. ഗ്രീൻലൻഡ് സ്വന്തമാക്കുന്നതിനെ എതിർത്തവർക്ക് മേൽ ട്രംപ് തീരുവഭാരം അടിച്ചേൽപിച്ചു. സൈനിക നടപടി സ്വീകരിക്കുമെന്ന പരസ്യഭീഷണികളുമുയർത്തി. എന്നാൽ, ഇപ്പോഴിതാ ഗ്രീൻലൻഡിന് മേലുള്ള ട്രംപിന്റെ കർശന നിലപാടുകൾ അയഞ്ഞിരിക്കുന്നു. പിടിച്ചടക്കലില്ലാതെ നയതന്ത്ര ചർച്ചകൾ നടത്തി മുന്നോട്ടുപോകുമെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്. ട്രംപിന്റെ മനംമാറ്റത്തിന് പിന്നിൽ മറ്റേതെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നാണ് ലോകമുറ്റു നോക്കുന്നത്. എത്രത്തോളം പ്രധാനമാണ് ട്രംപിന് ഗ്രീൻലൻഡ്? ട്രംപിന്റെ സ്വപ്ന പദ്ധതിയായ ഗോൾഡൻ ഡോമും ഗ്രീൻലൻഡ് പിടിച്ചടക്കലും തമ്മിൽ ബന്ധമുണ്ടോ?
ട്രംപും ഗ്രീൻലൻഡും
ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീൻലൻഡ്. 2009 മുതൽ ഇവിടെ വളരെ സജീവമായി പ്രവർത്തിക്കുന്ന സർക്കാരുണ്ട്. വിദേശകാര്യം, പ്രതിരോധം, സാമ്പത്തിക നയങ്ങൾ എന്നിവ ഡെന്മാർക്കാണ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആഭ്യന്തരകാര്യങ്ങൾ ഗ്രീൻലൻഡ് സർക്കാരും കൈകാര്യം ചെയ്യുന്നു. ഡാനിഷ് ആണ് ഇവിടുള്ളവരുടെ പൗരത്വം.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ദേശീയ സുരക്ഷയ്ക്ക് തന്ത്രപ്രധാനമായ സ്ഥലമാണ് ഗ്രീൻലൻഡ് എന്നാണ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നത്. റഷ്യയ്ക്കും ചൈനയ്ക്കും എതിരെ പ്രതിരോധം തീർക്കാൻ ഇത് നിർണായക മേഖലയാണെന്ന് ട്രംപ് പറയുന്നു. ദേശീയ സുരക്ഷയാണ് ട്രംപ് പ്രാഥമികമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും ധാതുനിക്ഷേപങ്ങളിലെ താൽപര്യമടക്കമുള്ള ഗൂഢമായ ലക്ഷ്യങ്ങൾ വേറെയുമുണ്ട്. റഷ്യയിൽനിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണി ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. വടക്കേ അമേരിക്കയുടെ ഭാഗമായിരുന്ന പ്രദേശമായിരുന്നു അത്. എന്നാൽ, ആ കാരണം കൊണ്ടല്ല ഗ്രീൻലൻഡിനെ ഏറ്റെടുക്കുന്നതെന്നും അങ്ങനെ ചെയ്യേണ്ടത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഗ്രീൻലൻഡ് അമേരിക്കയുടെ ഉടമസ്ഥത ഏറ്റെടുക്കാത്തപക്ഷം റഷ്യയോ ചൈനയോ അത് ചെയ്യുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ആദ്യ ടേം മുതൽക്കേ തന്നെ ഗ്രീൻലൻഡ് വിലയ്ക്ക് വാങ്ങാനുള്ള ശ്രമങ്ങൾ ട്രംപ് ആരംഭിച്ചിരുന്നു. എന്നാൽ, ഈ നീക്കത്തെ ഡെന്മാർക്ക് എതിർത്തു. രണ്ടാം തവണ അധികാരത്തിൽ വന്നപ്പോൾ ഗ്രീൻലൻഡ് വിലയ്ക്കുവാങ്ങാനുള്ള നീക്കം അപേക്ഷയിൽനിന്ന് ഭീഷണികളായി മാറിയിരുന്നു. 202-5ൽ ട്രംപിന്റെ ഗ്രീൻലൻഡ് സന്ദർശനത്തോടെ ഈ വിഷയം വീണ്ടും ചർച്ചകളിലുയർന്നു. രാഷ്ട്രത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അമേരിക്ക വീണ്ടും പൊടിതട്ടിയെടുത്തതായുള്ള റിപ്പോർട്ടുകളും പ്രചരിച്ചു. 2025 അവസാനത്തോടെ ഇതിനുള്ള ഔദ്യോഗിക നടപടികളും ട്രംപ് ആരംഭിച്ചു.
വടക്കൻ ധ്രുവത്തിലെ തന്ത്രപ്രധാനമായ സ്ഥാനം, അപൂർവ ധാതുക്കൾ, റഷ്യയ്ക്കും ചൈനയ്ക്കും എതിരായ സുരക്ഷ എന്നിവ കാരണം ഗ്രീൻലൻഡ് വാങ്ങുന്നതിനോ കൂട്ടിച്ചേർക്കുന്നതിനോ ഉള്ള താൽപര്യം ട്രംപ് ആവർത്തിക്കുകയായിരുന്നു. തന്റെ ഗോൾഡൻ ഡോം മിസൈൽ ഷീൽഡ് ഉൾപ്പെടെയുള്ള പ്രതിരോധത്തിന് ഗ്രീൻലൻഡ് അനുയോജ്യമായ ഭൂപ്രദേശമാണെന്നാണ് ട്രംപ് പറഞ്ഞത്. ‘മനോഹരമായ ഐസ് കഷ്ണം’ എന്നാണ് ഗ്രീൻലൻഡിനെ വിശേഷിപ്പിച്ചത് പോലും. എതിർക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ 10-25% താരിഫുകൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി, സൈനിക നടപടികൾ തള്ളിക്കളയാൻ വിസമ്മതിച്ചു. ഇത് ക്രമേണ ഡെൻമാർക്ക്, ഗ്രീൻലൻഡ് എന്നിവിടങ്ങളുമായുള്ള ബന്ധം വഷളാക്കി. അവർ ഈ പ്രദേശം വിൽപനയ്ക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അമേരിക്കയ്‌ക്കെതിരേ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിന്റെ സ്ഥാനം റഷ്യയുടെയും ചൈനയുടെയും ആർട്ടിക് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അനുയോജ്യമാണ്. തൂൾ (പിറ്റുഫിക്) എയർ ബേസ് ഇതിനകം നിലവിലുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം വടക്കുപടിഞ്ഞാറൻ പാത തുറക്കുന്നതോടെ ഈ പ്രദേശം കൂടുതൽ തന്ത്രപ്രധാനമാകും. നിർണായകമായതിനാൽ ഗ്രീൻലൻഡ് പൂർണമായും സ്വന്തമാക്കാനായിരുന്നു അമേരിക്കയുടെ ശ്രമം. ഏത് വിധേനെയും രാജ്യം പിടിച്ചെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇതിനെതിരേ രംഗത്തെത്തിയ ഡെൻമാർക്കിനും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾക്കും മേൽ 25 ശതമാനം വരെ തീരുവയും ചുമത്തി. റഷ്യയ്‌ക്കെതിരേയും ചൈനയ്‌ക്കെതിരേയും പരസ്യ പ്രതികരണങ്ങൾ നടത്തിയും നാറ്റോയിൽനിന്ന് ഡെന്മാർക്കിനെ പുറത്താക്കാൻ ആവശ്യപ്പെട്ടും ട്രംപ് തന്റെ ഭീഷണികൾ തുടരുകയായിരുന്നു. എന്നാൽ, നിലപാട് മയപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്.
ട്രംപിന്റെ യൂടേൺ
തുടക്കത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും അൽപം മയപ്പെട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. 2026 ജനുവരി തുടക്കത്തിൽ ബലപ്രയോഗം പോലും നിരാകരിക്കാതെയാണ് ഗ്രീൻലൻഡ് 'സ്വന്തമാക്കും' എന്ന് ട്രംപ് വ്യക്തമാക്കിയത്. ഇതിൽ ഡെന്മാർക്ക് എതിർപ്പ് അറിയിച്ചതോടെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ 10% തീരുവ ഭീഷണി മുഴക്കി. എന്നാൽ, ജനുവരി 21-ന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള ചർച്ചയ്ക്കു ശേഷം യൂ ടേണെടുക്കുന്ന ട്രംപിനെയാണ് ലോകം കണ്ടത്. ഗ്രീൻലൻഡ് തങ്ങളുടെ പ്രദേശമാണെങ്കിലും പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ബലപ്രയോഗവും താരിഫുകളും ഉപേക്ഷിച്ച് ചർച്ചകളിലൂടെ ഒരു കരാറിന്റെ ചട്ടക്കൂട് ഉണ്ടാക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻലൻഡ് വിഷയത്തിൽ ഇതുവരെ കാണിച്ച കടുത്ത നിലപാടുകളെ തള്ളിക്കൊണ്ടുള്ള പ്രസ്താവനകളാണ് സാമ്പത്തിക ഫോറത്തിൽ ട്രംപ് നടത്തിയത്. ചർച്ചകൾക്കില്ലെന്ന് ഡെൻമാർക്കും ഗ്രീൻലൻഡും തുറന്നടിച്ചു. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്ന സാധ്യതകൾ ഇവയാണ്:
- യൂറോപ്യൻ സഖ്യകക്ഷികളുടെ എതിർപ്പും സമ്മർദ്ദവും: ഡെന്മാർക്ക്, ഗ്രീൻലൻഡ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഗ്രീൻലൻഡിന്റെ പരമാധികാരം വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ചു. യൂറോപ്യൻ യൂണിയനും നാറ്റോ അംഗങ്ങളും ഒന്നിച്ച് എതിർത്താൽ വലിയ തകർച്ച ഉണ്ടാക്കുമെന്ന് ട്രംപിന് മനസ്സിലായി.
- നാറ്റോ സഖ്യത്തിനുണ്ടാകുന്ന തകർച്ച: ഗ്രീൻലൻഡ് ഡെന്മാർക്കിന്റെ ഭാഗമായ നാറ്റോ അംഗരാജ്യമാണ്. ബലപ്രയോഗ ഭീഷണി നാറ്റോ സഖ്യത്തെ തകർക്കുമെന്ന ഭയം.
- അമേരിക്കയ്ക്കുള്ളിലെ രാഷ്ട്രീയ സമ്മർദ്ദം: ട്രംപിന്റെ കടുത്ത നിലപാടിൽ ചില റിപ്പബ്ലിക്കൻ നേതാക്കൾ അസ്വസ്ഥരാണ്. മിഡ്‌ടേം തിരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ പാർട്ടിക്കുള്ളിൽ ട്രംപിനെതിരേ വിമർശനം ഉയർന്നു. രാഷ്ട്രീയ ഉപദേഷ്ടാക്കളുടെ സമ്മർദ്ദവും ഉണ്ടായിരുന്നു.
- വ്യാപാരയുദ്ധവും നയതന്ത്ര തകർച്ചയും തടയൽ: തീരുവ ഭീഷണി യൂറോപ്പുമായുള്ള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭയം.
ഗോൾഡൻ ഡോമും ഗ്രീൻലൻഡും
അമേരിക്കയുടെ നിർദ്ദിഷ്ട മൾട്ടി-ലെയർ മിസൈൽ പ്രതിരോധ സംവിധാനമാണ് ഗോൾഡൻ ഡോം. 2025-ലാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ തുടങ്ങിയ വിപുലമായ മിസൈൽ ഭീഷണികളിൽനിന്ന് അമേരിക്കൻ മണ്ണിനെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പരമമായ ലക്ഷ്യം. മിസൈലുകൾ ലോഞ്ച് ചെയ്യുന്നതിന് മുൻപോ അതോ മിസൈൽവേധ വാഹനങ്ങളിലോ ഇവയെ കണ്ടെത്തി നശിപ്പിക്കുകയാണ് ഗോൾഡൻ ഡോം ചെയ്യുക. ഇത് ബ്രില്യന്റ് പെബിൾസ് പോലുള്ള ബഹിരാകാശ സംവിധാന ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന് രൂപം നൽകിയിരിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ യുഎസിന്റെ ആദ്യത്തെ ഓർബിറ്റിലെ സ്‌പേസ് ആയുധമായിരിക്കും ഗോൾഡൻ ഡോം. 175 ബില്ല്യൺ ഡോളറാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. 3.6 ട്രില്ല്യൺ ഡോളർ വരെ ചെലവുയർന്നേക്കാമെന്ന റിപ്പോർട്ടുകളുമുണ്ട്. 2029-ൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇത് ഇസ്രയേലിന്റെ അയൺ ഡോമിനെപ്പോലെയുള്ള സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താറുണ്ട്, പക്ഷേ, ഗോൾഡൻ ഡോം കൂടുതൽ വിപുലവും ബഹിരാകാശത്ത് സജ്ജീകരിച്ച സാങ്കേതികതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയുമാണ്.
ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനവും ട്രംപിന്റെ ഗ്രീൻലൻഡ് പദ്ധതിയും തമ്മിൽ അടുത്ത ബന്ധമുണ്ട്. ട്രംപ് ഗ്രീൻലൻഡിന്റെ ഉടമസ്ഥത യുഎസിന് അത്യാവശ്യമാണെന്ന് വാദിക്കുന്നത് ഗോൾഡൻ ഡോം പോലുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ്. ഡോമുമായി ബന്ധപ്പെട്ട ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കാൻ ഗ്രീൻലൻഡിൽ ഉടമസ്ഥത ആവശ്യമാണെന്നാണ് ട്രംപ് പറയുന്നത്. ഗ്രീൻലൻഡിന്റെ ആർട്ടിക് സ്ഥാനം മിസൈലുകൾ കണ്ടെത്താനും തടയാനും സഹായിക്കുന്നു. റഷ്യൻ അല്ലെങ്കിൽ ചൈനീസ് ഭീഷണികൾക്കെതിരെ ഈ സ്ഥാനം നിർണായകമാണ്. അതിനാൽ തന്നെ ഗോൾഡൻ ഡോമിന്റെ വികസനത്തിനായി ഗ്രീൻലൻഡ് ഉടമസ്ഥതയുമായി ബന്ധപ്പെടുത്തി ട്രംപ് നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഗോൾഡൻ ഡോം നിർമിക്കാൻ ഗ്രീൻലൻഡ് ഉടമസ്ഥത ആവശ്യമില്ല, നിലവിലെ ക്രമീകരണങ്ങൾ മതിയാകുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
ഗോൾഡൻ ഡോം റഷ്യയെ ഭയന്നിട്ടോ?
ഗ്രീൻലൻഡിനോടുള്ള അമേരിക്കയുടെ താൽപര്യം ദേശീയ സുരക്ഷയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ചൈനയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഭീഷണികളെ ചെറുക്കാൻ ഗ്രീൻലൻഡ് ട്രംപിന് തന്ത്രപ്രധാനമാണ്. ഗ്രീൻലൻഡിനൊപ്പം ഗോൾഡൻ ഡോം ശ്രദ്ധാകേന്ദ്രമാകുന്നതും അതുകൊണ്ടുതന്നെ. റഷ്യയുടെ ആണവ ശേഷിയുള്ള ഓറെഷ്നിക് മിസൈലിനെക്കുറിച്ചുള്ള ആശങ്കകൾ അമേരിക്കയ്ക്ക് എക്കാലത്തുമുണ്ട്. മാക് 10 വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഹൈപ്പർസോണിക് ആയുധമായ ഇത് അമേരിക്കയുടെ ചില ഭാഗങ്ങൾക്ക് ഭീഷണിയാകുമെന്ന് കരുതപ്പെടുന്നു.
അതിനെക്കുറിച്ച് അമേരിക്ക ഇതുവരെ നേരിയ സൂചനകൾ പോലും നൽകിയിട്ടില്ലെങ്കിലും റഷ്യൻ ഭീഷണി ട്രംപിന്റെ ദേശീയ സുരക്ഷാ നയങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നത് വ്യക്തമാണ്. അഡ്വാൻസ്ഡ് സുരക്ഷാസംവിധാനങ്ങളെ പോലും മറികടക്കാൻ കഴിയുന്ന ഈ മിസൈലുകൾക്ക് റഷ്യയിൽ നിന്ന് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തേക്ക് ഭീഷണി ഉയർത്താൻ സാധിക്കും. 175 ബില്യൺ ഡോളറിന്റെ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ പദ്ധതി ഗ്രീൻലൻഡിന്റെ തന്ത്രപ്രധാനമായ ആർട്ടിക് സ്ഥാനത്തെയാണ് കേന്ദ്രീകരിക്കുന്നത്. ഇത് ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണികളെ ചെറുക്കാൻ അമേരിക്കയ്ക്ക് കരുത്ത് നൽകും.
ഭീഷണി നിലനിൽക്കുന്ന പടിഞ്ഞാറൻ തീരത്തെ മാത്രമല്ല അമേരിക്കയുടെ മുഴുവൻ ഭൂപ്രദേശത്തെയും സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന ഒരു മൾട്ടി-ലെയേർഡ് മിസൈൽ ഡിഫൻസ് ഷീൽഡ് ആണ് ട്രംപിന്റെ ഗോൾഡൻ ഡോം. ഇസ്രയേലിന്റെ അയേൺ ഡോമിനെ പോലെയാണ് അടിസ്ഥാന മാതൃകയെങ്കിലും വിപുലവും സങ്കീർണമായ സാങ്കേതികതയുമാണ് ഗോൾഡൻ ഡോമിന്റേത്. 2025 ജനുവരിയിലാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഓർഡർ ഇറക്കി ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഗ്രൗണ്ട്-ബേസ്ഡ് ഇന്റർസെപ്റ്ററുകൾ, സീ-ബേസ്ഡ് സിസ്റ്റങ്ങൾ, സ്‌പേസ്-ബേസ്ഡ് സെൻസറുകളും ഇന്റർസെപ്റ്ററുകളും (സാറ്റലൈറ്റുകൾ വഴി മിസൈലുകൾ ലോഞ്ച് ചെയ്ത ഉടൻ തകർക്കൽ-ബൂസ്റ്റ് ഫേസ് ഇന്റർസെപ്റ്റ്) ഉൾപ്പെടുന്നവയാണ് ഇതിന്റെ സിസ്റ്റം. ‘Very close to 100% Effective’ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. റഷ്യയുടെ Avangard, Zircon പോലുള്ള ഹൈപ്പർസോണിക് മിസൈലുകളും ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈലുകളും പ്രത്യേകം ലക്ഷ്യമിട്ടാണ് ഗോൾഡൻ ഡോം രൂപകൽപന ചെയ്തത്- ഇവയെ നിലവിലെ യു.എസ്. ഡിഫൻസ് സിസ്റ്റങ്ങൾക്ക് പൂർണ്ണമായി തടയാൻ ബുദ്ധിമുട്ടാണ്.
റഷ്യ-ചൈനയിൽ നിന്നുള്ള ഏറ്റവും ചെറിയ വ്യോമപാതയാണ് ഗ്രീൻലൻഡിന് മുകളിലൂടെ പോകുന്നത്. അതിനാൽ ഗ്രീൻലൻഡിൽ ഗോൾഡൻ ഡോം ഭാഗങ്ങൾ സ്ഥാപിക്കാൻ ട്രംപ് ആവശ്യപ്പെട്ടത് റഷ്യൻ മിസൈൽ ഭീഷണി പ്രതിരോധിക്കാൻ തന്നെയാണ്. പിയർ ലെവൽ രാജ്യങ്ങളുടെ ഭീഷണികളെ നേരിടാനാണ് അമേരിക്ക പഴയ തന്ത്രങ്ങൾ മാറ്റി ഗോൾഡൻ ഡോം വികസിപ്പിക്കുന്നതെന്ന് പെന്റഗൺ, കോൺഗ്രസ് വൃത്തങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരകൊറിയ, ഇറാൻ എന്നിവയുടെ ഭീഷണിയും അമേരിക്കയ്ക്ക് മുന്നിലുണ്ട്. അതേസമയം, ഒരിക്കലും നടക്കാത്ത സാങ്കൽപിക ആശയമാണ് ട്രംപിന്റേതെന്ന മറുവാദവും ഉയരുന്നുണ്ട്.
Content Highlights: Explore Donald Trump`s shifting stance on acquiring Greenland. Understand the geopolitical, strategic, and economic factors driving his interest and recent policy changes. Discover the Golden Dome connection.
Published: 28 Jan 2026, 05:00 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented