
ബ്രസൽസ്: ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള നീക്കം യു.എസ്. ശക്തമാക്കുന്നതിനിടെ, ആർട്ടിക്മേഖലയുടെ സുരക്ഷ ശക്തമാക്കാൻ നാറ്റോയും ദ്വീപിന്റെ അധികാരികളായ ഡെന്മാർക്കും തീരുമാനിച്ചു.
വെള്ളിയാഴ്ച നാറ്റോ തലവൻ മാർക്ക് റൂട്ടെയും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സണും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും ആർട്ടിക് മേഖലയിൽ ഗ്രീൻലൻഡിന്റെ സ്വരക്ഷയുറപ്പാക്കാനുമുള്ള സഹകരണം ശക്തമാക്കുമെന്ന് റൂട്ടെ എക്സിൽ കുറിച്ചു. നാറ്റോ സഖ്യത്തിന്റെയാകെ സുരക്ഷയ്ക്ക് ആർട്ടിക്കിന്റെ സുരക്ഷ തന്ത്രപ്രധാനമാണെന്നും സഹകരണം നല്ലതാണെന്നും ഫ്രെഡെറിക്സണും പറഞ്ഞു. ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസണുമായി ഫ്രെഡെറിക്സൺ വെള്ളിയാഴ്ച കൂടിക്കാഴ്ചനടത്തി.
നാറ്റോ സെക്രട്ടറി ജനറലുമായുള്ള ചർച്ചയ്ക്കുശേഷം ഗ്രീൻലൻഡ് വാങ്ങുന്നത് സംബന്ധിച്ച കരാറിന്റെ രൂപരേഖയായെന്നും അതിലെ വ്യവസ്ഥകളിൽ തൃപ്തനാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ ഗ്രീൻലൻഡ് വാങ്ങുന്നതിനെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം തീരുവ പിൻവലിച്ചു. അതേസമയം, ഗ്രീൻലൻഡിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് നാറ്റോയുമായി ഒരു ചർച്ചയുമുണ്ടായിട്ടില്ലെന്നാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഗ്രീൻലഡിന്റെകാര്യത്തിൽ യു.എസ്. നാറ്റോയുമായുണ്ടാക്കിയെന്ന് പറയുന്ന കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, കരാറിന്റെ ഭാഗമായാണ് ആർട്ടിക് മേഖലയിൽ നാറ്റോ സുരക്ഷ ശക്തമാക്കുന്നത് എന്നാണു വിലയിരുത്തൽ. ഗ്രീൻലൻഡിനുചുറ്റും സ്ഥിരമായി സൈനികസാന്നിധ്യം ലഭ്യമാക്കാൻ നാറ്റോ അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച ഫ്രെഡെറിക്സൺ പറഞ്ഞിരുന്നു. ഇതിനായി നാറ്റോ ആർട്ടിക് ദൗത്യം ആരംഭിക്കുമെന്നും പറഞ്ഞു. അതേസമയം, യു.എസിന് ഗ്രീൻലൻഡിൽ സൈനികതലത്തിലുൾപ്പെടെ സ്ഥിരവും സമ്പൂർണവുമായ പ്രവേശനം നൽകുന്നതാണ് കരാറണെന്നാണ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
ദാവോസിൽവെച്ച് റൂട്ടെയും ട്രംപും കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഗ്രീൻലൻഡിന്റെ കാര്യത്തിൽ 1951-ലുണ്ടാക്കിയ പ്രതിരോധ ഉടമ്പടി യു.എസും ഡെന്മാർക്കും വീണ്ടും ചർച്ചചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആർട്ടിക്കിൽ ചൈനയും റഷ്യയും സൈനികസ്വാധീനം വർധിപ്പിക്കുന്നതുയർത്തുന്ന സുരക്ഷാഭീഷണി നേരിടാൻ ഡെന്മാർക്കിനുകീഴിലെ അർധസ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് യു.എസ്. നിയന്ത്രണത്തിലാക്കുക അത്യാവശ്യമാണെന്നാണ് ട്രംപ് പറയുന്നത്. അതേസമയം, ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിനായി യു.എസ്. ആക്രമണം നടത്തിയാൽ ദ്വീപിൽ വിന്യസിച്ചിട്ടുള്ള ഡാനിഷ് സേന യുദ്ധത്തിനു തയ്യാറാണെന്ന് ഡാനിഷ് ദേശീയമാധ്യമമായ ഡി.ആർ. റിപ്പോർട്ടുചെയ്തു.
Content Highlights: NATO and Denmark strengthen Arctic security in response to US interest in Greenland. Learn about the strategic implications and enhanced cooperation in the region.
Published: 24 Jan 2026, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented