
ലോകത്തെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ താമസിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഡെന്മാര്ക്കിനുള്ളത്. 2023-ല്‍ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു പുറുത്തുവിട്ട സന്തോഷമുള്ള രാജ്യങ്ങളുടെ കണക്കിലാണ് ഫിന്‍ലന്‍ഡിന് തൊട്ടുപുറകെ രണ്ടാം സ്ഥാനത്ത് ഡെന്മാര്ക്കെത്തിയിരിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി അതിജീവിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ വികസിച്ച രാജ്യമായി ഡെന്മാര്ക്ക് മാറിയതിന് പിന്നില്‍ അവിടേയുള്ള ഭരണ നേതൃത്വത്തിന് വലിയ പങ്കുണ്ട്. രാജഭരണവും ജനാധിപത്യ ഭരണവും ഭരണഘടനാനുസൃതമായി മുന്നോട്ടുപോയപ്പോള്‍ അത് ലോകത്തിന് തന്നെ മാതൃകയായി. ഇതില്‍ നിര്‍ണായക പങ്കുവഹിച്ച അമ്പത് വര്‍ഷത്തിലധികം ഡെന്മാര്ക്കിന്റെ രാജഭരണത്തിലിരുന്ന മര്‍ഗ്രീത 2 രാജ്ഞി ഞായറാഴ്ച പടിയിറങ്ങുമ്പോള്‍ അത് ഡെന്മാര്ക്കിന്റെ ചരിത്രത്തിലെ പുതിയൊരു ഏടായി മാറുകയാണ്.
അമ്പത്തിയൊന്ന് വര്‍ഷം അധികാരത്തില്‍. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ രാജ്ഞി, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്നവര്‍. യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമുള്ള ഡെന്മാര്ക്കിന്റെ ഭരണ പദവിയില്‍ നിന്ന് 83-ാം വയസ്സില്‍ മര്‍ഗ്രീത 2 രാജ്ഞി സ്ഥാനമൊഴിയുമ്പോള്‍ വലിയൊരു ചരിത്രത്തിന് കൂടിയാണ് അവസാനമാകുന്നത്. ജനവുരി 14 ഞായറാഴ്ചയാണ് മര്‍ഗ്രീത 2 ഔദ്യോഗികമായി സ്ഥാനമൊഴിയുന്നത്. ഇതോടെ മകന് ഫ്രഡറിക് 10 ഡെന്മാര്ക്കിലെ പുതിയ രാജാവായി അധികാരമേറ്റെടുക്കുകയും ചെയ്യും.
എല്ലാ വര്‍ഷവും പുതുവര്‍ഷത്തലേന്ന് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്യാറുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷമായിരുന്നു ഔദ്യോഗിക ടെലിവിഷനിലൂടെ തന്റെ സ്ഥാനമൊഴിയല്‍ പ്രഖ്യാപനം. പകരം മകന് ഫ്രഡറിക് രാജാവിനെ പിന്‍ഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1972-ല്‍ ഫ്രഡറിക് ഒമ്പതാമന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് മകള്‍ മര്‍ഗ്രീത അധികാരമേറ്റെടുത്തത്. പിന്നീടിങ്ങോട്ട് ഡെന്മാര്ക്കിന്റെ സുവര്‍ണകാലമായിരുന്നു.

ഭരണഘടനാ സാധുതയുള്ള രാജവാഴ്ചയെന്ന നിലയില്‍ ഏറെ പ്രത്യേകതയുള്ളതാണ് ഡെന്മാര്ക്കിന്റെ രാജഭരണം. വിദ്യാഭ്യാസവും പൗരന്മാരുടെ സന്തോഷവുമാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് കണക്കാക്കിയിരുന്ന ഭരണനേതൃത്വം ഏറ്റവും പ്രാധാന്യം കൊടുത്തതും ഈ രണ്ട് കാര്യങ്ങള്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ ലോകത്തിലെ തന്നെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഡെന്മാര്ക്ക് എത്തിപ്പെടുകയും ചെയ്തു. എങ്ങനെയാണ് ഡെന്മാര്ക്കിന്റെ അധികാരക്കൈമാറ്റം ലോകശ്രദ്ധയില്‍ വരുന്നത്. ഡെന്മാര്ക്കില് മര്‍ഗ്രീത തിരുത്തിയെഴുതിയ ചരിത്രമെന്താണ്.
- രാജാധികാരത്തിലെ ലിംഗനീതി
1940-ല്‍ മര്‍ഗ്രീത രണ്ടിന്റെ ജനനസമയത്ത് പുരുഷന്മാര്ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു ഡെന്മാര്ക്കിലെ രാജാധികാരം. എന്നാല്‍, ആണ്‍കുട്ടികളില്ലാതിരുന്ന ഫ്രെഡ്രിക് രാജാവ് ഇത് മുന്‍കൂട്ടികണ്ട് ഭരണഘടനാ ഭേദഗതി നടപ്പിലാക്കുകയായിരുന്നു. ഇതോടെയാണ് മര്‍ഗ്രീത രണ്ടിലേക്ക് രാജാധികാരമെത്തുന്നത്. 1947-ല്‍ ആണ് ഈ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനും വഴിവെച്ചെങ്കിലും പിതാവിന് മറ്റ് ആണ്കുട്ടികളില്ലെങ്കില് രാജ്യാധികാരം പെണ്‍കുട്ടികളിലേക്ക് പോവുമെന്ന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. തന്റെ പതിനെട്ടാം വയസ്സില്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സില്‍ മര്‍ഗ്രീതയ്ക്ക് സ്ഥാനം ലഭിച്ചു. രാജാവിന്റെ അസാന്നിധ്യത്തില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചായിരുന്നു ഭരണ നേതൃത്വത്തിലേക്ക് വരുന്നത്. അസുഖബാധിതനാണെന്നറിയിച്ച് 1972 ജനുവരി ഒന്നിന് ഫ്രെഡ്രിക് ഒമ്പതാമന്‍ അധികാരമൊഴിയുകയാണെന്ന് രാജ്യത്തെ അറിയിച്ചതോടെ രാജ്യാധികാരം മര്ഗ്രീതയിലേക്ക് എത്തുകയും ചെയ്തു. സ്ഥാനമൊഴിഞ്ഞ് പതിനാല് ദിവസത്തിന് ശേഷം ഫ്രെഡ്രിക് രാജാവ് മരണപ്പെട്ടു. അന്നു മുതല്‍ ഡെന്മാര്ക്കിന്റെ അധികാരമേറ്റെടുക്കുകയായിരുന്നു മര്‍ഗ്രീത. അങ്ങനെ ഡെന്മാര്ക്കിന്റെ രാജാധികാരം ഏറ്റെടുക്കുന്ന ആദ്യ വനിതയായി 31-ാ മത്തെ വയസ്സില്‍ നിയോഗിക്കപ്പെടുകയും ചെയ്തു.

ഭരണഘടനയാല്‍ നിയന്ത്രിതമായ അധികാരമാണ് ഡെന്മാര്ക്കിലെ രാജ പദവിക്കുള്ളതെങ്കിലും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതടക്കമുള്ള നിര്‍ണായക റോളുകളാണ് രാജ്ഞിക്കുണ്ടായിരുന്നത്. 1849-ലാണ് ഏകാധിപത്യ രാജവാഴ്ചയില്‍ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് രാജ്യം മാറുന്നത്. പിന്നീട് 1915-ലെ ഭരണഘടനപ്രകാരം സമ്പൂര്‍ണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍ വന്നു. 1953-ല്‍ സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കപ്പെടുകയും ചെയ്തു.
അമ്പത്തിയൊന്നു വര്‍ഷത്തോളമുള്ള തന്റെ രാജാധികാരം വിട്ട് ഞായറാഴ്ച മര്‍ഗ്രീത രണ്ട് സ്ഥാനമൊഴിയുമ്പോള്‍ അധികാരസ്ഥാനത്ത് നിന്ന് വി.ആര്.എസ് എടുക്കുന്ന ആദ്യ വനിതാ രാജ്ഞിയെന്ന വിളിപ്പേര് കൂടിയാണ് മര്‍ഗ്രീത സ്വന്തമാക്കുന്നത്. രാജിവെക്കാനുള്ള ഒരു സൂചനയും അടുത്തവൃത്തങ്ങള്‍ക്ക് പോലും നല്‍കാതിരുന്ന മര്‍ഗ്രീത അപ്രതീക്ഷിതമായിട്ടായിരുന്നു പുതുവര്‍ഷ നാളില്‍ ആ പ്രഖ്യാപനം നടത്തിയത്. രാജ്ഞിയെന്ന സ്ഥാനപ്പേര് രാജ്യത്തെ സേവിക്കാനുള്ള ജോലിയായി മാത്രം കണക്കാക്കിയിരുന്ന അവര്‍ തന്റെ ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
- ചെയിന്‍ സ്മോക്കര്; പേരക്കുട്ടികളുടെ രാജാധികാരം റദ്ദാക്കിയ അമ്മൂമ്മ
ഒരു ചെയിന്‍ സ്മോക്കര് എന്നതായിരുന്നു മര്ഗ്രീതയ്ക്കുണ്ടായിരുന്ന ഏറ്റവും വലിയ സ്വഭാവദൂഷ്യം. ഇത് തന്റെ ആരോഗ്യത്തേയും ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാജി പ്രഖ്യാപനത്തിലേക്ക് പോയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ശസ്ത്രക്രിയ ആരോഗ്യത്തെ ബാധിച്ചതോടെ അധികാരത്തില്‍ നിന്ന് പടിയിറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നുവെന്ന് മര്‍ഗ്രീത പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് അധികാര കൈമാറ്റത്തിന്റെ വേദി. ഇതോടെ 52 വയസ്സുകാരന് മകന് ഫ്രെഡ്രിക് പുതിയ രാജാവാകുകയും ഭാര്യ 51 വയസ്സുകാരി മേരി രാജ്ഞിയായി അധികാരമേറ്റെടുക്കുകയും ചെയ്യും. സാധാരണക്കാരിയായ രാജ്ഞി എന്നതിനപ്പുറം സ്വന്തം പേരക്കുട്ടികളുടെ രാജ പദവി റദ്ദാക്കിയ അമ്മൂമ്മ കൂടിയായിരുന്നു മഗ്രീത. ഇതവരെ ലോകശ്രദ്ധയിലേക്കെത്തിക്കുകയും ചെയ്തു.
2022 സെപതംബര്‍ 28-നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മര്‍ഗ്രീത രാജ്ഞി തന്റെ നാല് പേരക്കുട്ടികളുടെ രാജാധികാരം റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. പേരക്കുട്ടികളായ ഫെലിക്സ്, പ്രിന്‍സ് നിക്കോളായ്, അഥീന , ഹെന്റിക് എന്നിവരെ ഇനി രാജകുമാരന്മാരും രാജകുമാരിമാരെന്നും അഭിസംബോധന ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു പ്രഖ്യാപനം. രാജകുടുംബത്തിന് ലഭിക്കുന്ന പ്രത്യേക പരഗണനയൊന്നും ലഭിക്കാതെ അവരെ ജീവിക്കാന്‍ അനുവദിക്കുന്നതിന് വേണ്ടിയാണ് അങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്നും മര്‍ഗ്രീത ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണം, 1970, 1980, 2008, 2015- വര്‍ഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധികള്‍, മഹാമാരി എന്നിങ്ങനെ വലിയ തിരിച്ചടികളുടെ കാലഘട്ടത്തില്‍ ഡെന്മാര്ക്കിനെ ചേര്‍ത്ത് നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നത് ഏറെ പ്രശംസനീയമാണ്.

കേംബ്രിഡ്ജിലും പാരീസിലെ സോര്ബോണിലുമായി വിദ്യാഭ്യാസം നേടിയ മര്‍ഗ്രീതയ്ക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സ്വീഡിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. കലയും സാഹിത്യവുമായി ബന്ധപ്പെട്ട കഴിവുകള്‍ക്ക് പേരുകേട്ട രാജ്ഞി ഡെന്മാര്ക്കില് വലിയ ജനപ്രീതിയുള്ള ആളുമാണ്. ചിത്രകല, വസ്ത്രാലങ്കാരം എന്നിവയിലെല്ലാം മികവ് പുലര്‍ത്തി പ്രസിദ്ധി നേടുകയും ചെയ്തു. ഒരു ചെയിന്‍ സ്മോക്കര് എന്ന നിലിയല്‍ ആഷ് ട്രേ രാജ്ഞിയെന്നറിയപ്പെടുന്ന ഇവര്‍ സെര്‍വിക്കൽ കാന്‍സര്‍ ബാധിതയുമാണ്. പഴയതില്‍ നിന്നും വ്യത്യസ്തമായി രാജകുടുംബാംഗങ്ങള്‍ കൊട്ടാരത്തില്‍ മാത്രം കഴിഞ്ഞുകൂടുന്നതിന് പകരം പൊതുപരിപാടികളിലും ഷോപ്പിങ്ങിനുമെല്ലാം ഇറങ്ങുന്നതും സ്വയം വാഹനമോടിച്ച് സാധാരണക്കാരെ പോലെ സഞ്ചരിക്കുന്നതുമെല്ലാം ഡെന്മാര്ക്കില് സാധാരണ കാഴ്ചയായി മാറിയത് മര്ഗ്രീതയുടെ പുരോഗമനപരമായ ഭരണമികവു കൊണ്ടാണ്.
- സന്തോഷം മുഖ്യം
ജീവിക്കാന്‍ ഏറ്റവും സൗകര്യപ്രദവും സന്തോഷമേറിയതുമായ രാജ്യങ്ങളില്‍ ഒന്നാണ് ഡെന്മാര്ക്ക്. വിദ്യാഭ്യാസ മേഖലയിലാവട്ടെ, ജോലികളിലും വരുമാനത്തിലുമാവട്ടെ, ജീവിത നിലവാരത്തിന്റെ കാര്യത്തിലാവട്ടെ, കാലങ്ങളായി ഏറ്റവും മുന്‍നിരയില്‍ തന്നെയാണ് ഡെന്മാര്ക്കിന്റെ സ്ഥാനം.
രാജ്യാന്തര പഠനങ്ങളനുസരിച്ച്, ലോകത്തെ ഏറ്റവും സന്തുഷ്ടരും സംതൃപ്തരുമായ ആളുകളാണ് ഡെന്മാര്ക്കിലെ ജനങ്ങള്‍. ഉന്നത വിദ്യാഭ്യാസമുള്ളവരും മികച്ച സംസ്കാരം പുലര്‍ത്തുന്നവരുമാണ് ഇവര്‍. വിദ്യാഭ്യാസത്തിന് ഏറ്റവുമധികം പ്രാധാന്യം നല്കുന്ന രാജ്യങ്ങളിലൊന്നുകൂടിയാണ് ഇവിടം. 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ആറു വര്‍ഷത്തെ സൗജന്യ പഠനത്തിനും അര്‍ഹതയുണ്ട്.
ആഴ്ചയില്‍ 37 മണിക്കൂര്‍ മാത്രമാണ് ഡെന്മാര്ക്കിലെ ഔദ്യോഗിക ജോലിസമയം. 2019 ല്‍ ആഴ്ചയില്‍ നാലു ദിവസത്തെ പ്രവൃത്തി നടപ്പിലാക്കുന്ന ഡെന്മാര്ക്കിലെ ആദ്യത്തെ പ്രാദേശിക അതോറിറ്റിയായി ഇവിടുത്തെ മുനിസിപ്പാലിറ്റികളിലൊന്നായ ഓഡ്ഷേര്ഡ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് തിരഞ്ഞെടുത്ത് ഇടാനാവില്ല ഡെന്മാര്ക്കില്. കുഞ്ഞുങ്ങളുടെ പേരുകള്‍ക്കായി, സര്‍ക്കാര്‍ അംഗീകാരം ലഭിച്ച 7,000 പേരുകളുടെ ഒരു പട്ടികയുണ്ട്. ഇതില്‍ നിന്നും വേണം പേരിടാന്‍. പേര് തിരഞ്ഞെടുക്കുന്ന രക്ഷിതാക്കള്‍ ഇതിനുള്ള അംഗീകാരത്തിനായി മുനിസിപ്പാലിറ്റിക്ക് നല്‍കണം.
സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് അധികൃതര്‍ പിന്നീട് ഇതിന് അംഗീകാരം നല്‍കും. ഒപ്പം ലോകത്തില്‍ തന്നെ ഏറ്റവും പഴക്കം ചെന്ന പതാകകളില്‍ ഒന്നും ഡെന്മാര്ക്കിന്റേതാണ്. ചുവന്ന പശ്ചാത്തലത്തില്‍ വെളുത്ത കുരിശിന്റെ രൂപമുള്ള ഈ പതാക ആദ്യമായി ഉയര്‍ത്തിയത് 1219 ലെ ലിന്‍ഡാനിസെ യുദ്ധസമയത്തായിരുന്നത്രേ. ഏറ്റവും പഴയ പതാകയല്ലെങ്കിലും, തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഏറ്റവും പഴയ ദേശീയ പതാകയെന്ന് ഗിന്നസ് റെക്കോര്‍ഡ് ഡെന്മാര്ക്ക് ദേശീയ പതാകയ്ക്കുണ്ട്.
- ആരാണ് ഡെന്മാര്ക്കിന്റെ പുതിയ ഫ്രെഡ്രിക് രാജാവ്
കൗമാരകാലത്ത് ആളുകള്‍ക്ക് മുന്നിലേക്ക് വരാന്‍ പോലും മടിച്ചിരുന്ന ആളായിരുന്നു മര്‍ഗ്രീത രാജ്ഞിയുടെ മകന് ഫ്രെഡ്രിക്. അതുകൊണ്ടു തന്നെ ഭാവി രാജാവ് എന്ന പദവിയിലേക്ക് ഫ്രെഡ്രിക്ക് എത്തുമോയെന്ന് പോലും പലരും സംശയിച്ചവരുണ്ടായിരുന്നു. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഈവര്‍ഷം ഒന്നാംതീയതി മര്‍ഗ്രീത തന്റെ പിന്‍ഗാമിയായി ഫ്രെഡ്രിക്കിനെ പ്രഖ്യാപിച്ചത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടിയ ഫ്രഡറിക്ക് ഡെന്മാര്ക്ക് സായുധ സേനയില്‍ നിന്ന് സൈനിക പരിശീലനവും നേടിയിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങള്‍, പൊതുജനാരോഗ്യം, പെണ്‍കുട്ടികളുടെ അവകാശം എന്നീ വിഷയങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെടുന്ന ദമ്പതികളെന്നാണ് ഫ്രഡറിക്കിനേയും ഭാര്യ മേരിയേയും ഡെന്മാര്ക്കില് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവരുടെ കിരീട ധാരണത്തെ ഏറെ പ്രതീക്ഷയോടെയാണ് ഡെന്മാര്ക്കുകാരും നോക്കിക്കാണുന്നത്. കാരണം അത്രമാത്രം ജനകീയതയാണ് ഇവര്‍ക്കുള്ളത്. തെരുവില്‍ പ്രത്യേകം സൈക്കിളില്‍ കയറി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടുന്ന ശീലമുള്ള ഫ്രെഡ്രിക്കിനേയും മേരിയേയും കോപ്പന്‍ഹേഗനിലെ തെരുവുകള്‍ക്ക് നല്ല പരിചയമാണ്.

ചെയിന്‍ സ്മോക്കറായ അമ്മയില്‍ നിന്നും വ്യത്യതസ്തമായി ആരോഗ്യ ബോധവല്‍ക്കരണത്തിലെ പ്രധാനി കൂടിയാണ് ഫ്രെഡ്രിക്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും രാജുകുടംബത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം പോലെയുള്ള വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതും കോപ്പന് ഹേഗനിലെ പ്രധാന കാഴ്ചയാണ്. 2024 ജനുവരി ഒന്നിന് മര്‍ഗ്രീത രാജ്ഞി രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ നടത്തിയ സര്‍വേയില്‍ 82 ശതമാനം ഡാനിഷ് ജനങ്ങളാണ് ഫ്രെഡ്രിക്കിന് വേണ്ടി സംസാരിച്ചത്.
ഡെന്മാര്ക്കിന്റെ ഓരോ തെരുവിലും എത്തി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ രാജ്ഞിയെന്ന നിലയില്‍ മര്ഗ്രീതയെ ഡെന്മാര്ക്കിനെ ഒരുമിപ്പിച്ച ഭരണാധികാരിയെന്നാണ് കണക്കാക്കുന്നത്. ജനാധിപത്യ സര്‍ക്കാരിന് ലഭിക്കുന്നതില്‍ കൂടുതല്‍ പിന്തുണയും സ്നേഹവും ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്നതും മര്ഗ്രീതയുടെ ഈ ജനകീയത കൊണ്ടാണ്. അങ്ങനെ ലോകത്തെ ഏറ്റവും വികസിച്ച രാജ്യമാക്കി മാറ്റാനും മര്‍ഗ്രീത രണ്ടിന് കഴിഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, ജനാധിപത്യ ബോധം എന്നീ മേഖലകളില്‍ ലോകത്തിലെ ഏറ്റവും മുന്തിയ സ്ഥാനമാണ് ഡെന്മാര്ക്കിനുള്ളത്. യൂറോപ്യന്‍ യൂണിയന്, നാറ്റോ , യുണൈറ്റഡ് നേഷന്‍സ് എന്നിവയിലും അംഗമാണ്.
Content Highlights: Denmark queen step down after 51 years
Published: 14 Jan 2024, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented