
ആറ് വര്‍ഷംകൊണ്ട് ദക്ഷിണ കൊറിയന്‍ പട്ടാളത്തില്‍ കുറഞ്ഞത് 20 ശതമാനം സൈനികര്‍! 2000-ത്തിന്റെ തുടക്കത്തില്‍ 6,90,000 പട്ടാളക്കാരുണ്ടായിരുന്നുവെങ്കിലും പിന്നീടത് തുടര്‍ച്ചയായി കുറഞ്ഞു. 2010-കളുടെ അവസാനമായപ്പോള്‍ സൈനികരുടെ എണ്ണം കുറയുന്നത് വല്ലാതെ കൂടി. 2019-ല്‍ ഓഫീസര്‍മാരും പട്ടാളക്കാരുമായി 5,63,000 പേരാണ് ദക്ഷിണ കൊറിയയിലുണ്ടായിരുന്നത്. 4,50,000 ആണ് നിലവിലെ ദക്ഷിണ കൊറിയന്‍ സൈന്യത്തിന്റെ അംഗബലം. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗമായ എംപി ചൂ മിയേ പ്രതിരോധമന്ത്രാലയത്തിനുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ദക്ഷിണ കൊറിയയെ അശങ്കപ്പെടുത്തുന്ന കണക്കുകളുള്ളത്. സൈനികര്‍ക്ക് പുറമേ ഓഫീസര്‍ തസ്തികയിലും ആളുകുറയുകയാണ്. ഇങ്ങനെപോയാല്‍ സൈന്യത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
ദക്ഷിണ കൊറിയയിലെ പ്രത്യുത്പാദന നിരക്കിലെ കുറവാണ് രാജ്യത്തെ പട്ടാളത്തിന്റെ വലിപ്പത്തിലും പ്രതിഫലിക്കുന്നത്. ലോകത്ത് പ്രത്യുത്പാദന നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ദക്ഷിണ കൊറിയ. 0.75 ആയിരുന്നു 2024-ല്‍ ഇവിടത്തെ പ്രത്യുത്പാദന നിരക്ക്. ഒരു സ്ത്രീ തന്റെ പ്രജനനശേഷിയുള്ള കാലത്ത് ജന്മംനല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണത്തെയാണ് പ്രത്യുത്പാദന നിരക്ക് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതിനൊപ്പം ലോകത്ത് അതിവേഗം പ്രായമാകുന്ന ജനസമൂഹങ്ങളിലൊന്നാണ് ദക്ഷിണ കൊറിയയിലേത്. 20 വയസ്സുള്ള ദക്ഷിണ കൊറിയന്‍ പുരുഷന്മാരുടെ എണ്ണം 2019-നും 2025-നുമിടയില്‍ 30 ശതമാനം കുറഞ്ഞു. 2020-ല്‍ 5.18 കോടിയായിരുന്ന ദക്ഷിണ കൊറിയന്‍ ജനസംഖ്യ 2072 ആകുമ്പോള്‍ 3.62 കോടിയായി ചുരുങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്താണ് ദക്ഷിണ കൊറിയയില്‍ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവിടെ പ്രത്യുത്പാദന നിരക്ക് ആശങ്കപ്പെടുത്തുന്ന രീതിയില്‍ ഇടിയുന്നത്? ഇത് എങ്ങനെയാണ് അവരെ ബാധിക്കുക?
ദക്ഷിണ കൊറിയ എന്ന സൂപ്പര്‍-ഏജ്ഡ് സമൂഹം
ലോകമെമ്പാടും സമീപകാലത്ത് പ്രത്യുത്പാദന നിരക്ക് വലിയ തോതില്‍ കുറയുന്നുണ്ട്. ദക്ഷിണ കൊറിയയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. വാസ്തവത്തില്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രത്യുത്പാദനനിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണ കൊറിയ. ഒരു സ്ത്രീ പ്രജനനശേഷിയുള്ള കാലത്ത് ജന്മം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി കുഞ്ഞുങ്ങളുടെ എണ്ണത്തെയാണ് പ്രത്യുത്പാദന നിരക്ക് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. 2024-ല്‍ 0.75 ആയിരുന്നു രാജ്യത്തെ പ്രത്യുത്പാദന നിരക്ക്. 1960-ല്‍ ആറ് എന്ന നിലയിലായിരുന്നു ഇത്. തുടര്‍ന്നിങ്ങോട്ട് അത് ക്രമമായി ഇടിഞ്ഞു. 1969-ല്‍ 4.4 ആയ ഇത് തൊട്ടടുത്ത വര്‍ഷം 4.5 ആയി ഉയര്‍ന്നു. 1980-ല്‍ ഇത് 2.8 ആയും 1990-ല്‍ അത് 1.6 ആയും കുറഞ്ഞു. തുടര്‍ന്ന് ഏറിയും കുറഞ്ഞുനിന്ന പ്രത്യുത്പാദനനിരക്ക് 2000 എത്തുമ്പോള്‍ 1.5 എന്ന നിലയിലായിരുന്നു. 2015-ല്‍ 1.2 രേഖപ്പെടുത്തിയ ഇത് തുടര്‍ന്നിങ്ങോട്ട് ക്രമമായി ഇടിഞ്ഞു. 2023-ല്‍ ഏറ്റവും തഴ്ന്ന നിലയിലെത്തി. 2015-ല്‍ മുതല്‍ തുടര്‍ച്ചയായി എട്ട് വര്‍ഷത്തെ ഇടിവിന് ശേഷം, 2024-ലാണ് ദക്ഷിണ കൊറിയയുടെ പ്രത്യുത്പാദന നിരക്കില്‍ നേരിയ വര്‍ധനവ് ഉണ്ടാകുന്നത്. ദേശീയ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയായ സ്റ്റാറ്റിസ്റ്റിക്‌സ് കൊറിയയുടെ കണക്കനുസരിച്ച് 2023-ലെ 0.72 എന്ന നിരക്കില്‍ നിന്ന് 2024-ല്‍ 0.75 ആയി ഉയര്‍ന്നു.
നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യത്തിന് തങ്ങളുടെ ജനസംഖ്യ നിലനിര്‍ത്താന്‍ പ്രത്യുത്പാദന നിരക്ക് 2.1 എന്ന നിലയില്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായയപ്പെടുന്നത്. എന്നാല്‍ കൊറിയയുടെ കാര്യത്തില്‍ ഇത് വളരെ കുറവാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ (OECD) പ്രത്യുത്പാദന നിരക്ക് ഒന്നില്‍ താഴെയുള്ള ഏക അംഗമാണ് ദക്ഷിണ കൊറിയ. പ്രായമായവരുടെ ജനസംഖ്യ വളരെക്കൂടുതലുള്ളതായി കണക്കാക്കപ്പെടുന്ന അയല്‍രാജ്യമായ ജപ്പാനില്‍ പോലും ദക്ഷിണ കൊറിയയേക്കാള്‍ പ്രത്യുത്പാദന നിരക്ക് (1.2) കൂടുതലാണ് എന്നത് പരിശോധിക്കുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. എന്നാല്‍ രാജ്യത്തുടനീളം പ്രത്യുത്പാദന നിരക്കില്‍ വ്യത്യാസമുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 18 ശതമാനത്തിലധികം പേര്‍ താമസിക്കുന്ന നഗരമാണ് സോളില്‍ ഇത് രാജ്യത്തിന്റെ ശരാശരിയേക്കാള്‍ വളരെക്കുറവാണ്. 2023-ല്‍ വെറും 0.55 മാത്രം. കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ പ്രത്യുത്പാദന നിരക്കുള്ള സ്ഥലമാണ് സോള്‍.
രാജ്യത്തിന്റെ ദേശീയ ജനസംഖ്യാ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ രാജ്യവ്യാപകമായി 240,000-ത്തിലധികം ജനനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുമുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ്. പക്ഷേ, 1990-കളില്‍ ഓരോ വര്‍ഷവും 600,000 മുതല്‍ 700,000 വരെ ജനനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. വിവാഹങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ജനനനിരക്കിലെ പുതിയ വര്‍ധനവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024-ല്‍ 14.9 ശതമാനം കൂടുതല്‍ വിവാഹങ്ങള്‍ ഉണ്ടായി. 1970-ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവായിരുന്നു ഇത്. അതേസമയം രാജ്യത്തെ ജനസംഖ്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. 2020-ല്‍ 51.9 മില്യണ്‍ എന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇത് 51.7 മില്യണ്‍ എന്ന നിലയിലായി. ജനസംഖ്യയില്‍ വലിയ വിഭാഗം 50 വയസ് പിന്നിട്ടവരാണ്, 17 ശതമാനം. 10 വയസിന് താഴെയുള്ള കുട്ടികള്‍ 6.13 ശതമാനം മാത്രമാണ്. 14 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണവും (15 മുതല്‍ 64 വയസ്സ് വരെ) കുറഞ്ഞു. 65 വയസില്‍ കൂടുതലോ പ്രായമുള്ളവര്‍ 5.41 ശതമാനം വര്‍ധിച്ച് ജനസംഖ്യയുടെ 20 ശതമാനത്തിലധികമായി. ഇതോടെ ദക്ഷിണ കൊറിയ ഇപ്പോള്‍ ഒരു സൂപ്പര്‍-ഏജ്ഡ് സമൂഹമായി കണക്കാക്കപ്പെടുന്നു.

കുറയുന്ന ജനസംഖ്യ, കൂടുന്ന ആശങ്ക
ദക്ഷിണ കൊറിയയുടെ ചരിത്രത്തിലുടനീളം ജനസംഖ്യയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1948-ല്‍ സ്ഥാപിതമായതിനുശേഷം അതിവേഗം വളര്‍ന്ന ജനസംഖ്യ, സാമ്പത്തിക വികസനവും ജനനനിരക്കിലെ കുറവും കാരണം 1960-ന് ശേഷം മന്ദഗതിയിലായി. 1949-ല്‍ രാജ്യത്ത് ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടക്കുമ്പോള്‍ രണ്ട് കോടിക്ക് മുകളിലായിരുന്നു ജനസംഖ്യ. പിന്നീട് 1955-നും 1966-നും ഇടയില്‍ ജനസംഖ്യ 2.8 ശതമാനം വളര്‍ന്ന് 2.9 കോടിയായി. 1960-നും 1985-നും ഇടയില്‍ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി. ദക്ഷിണ കൊറിയയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നഗരവത്കരണത്തിലേക്ക് നയിച്ചു. പ്രത്യേകിച്ച് 1960-കളില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ നഗരങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി. ഈ നഗരവല്‍ക്കരണ പ്രവണത 1960-നും 1970-നും ഇടയില്‍ നഗരജനസംഖ്യയുടെ അനുപാതം 28 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി വര്‍ധിച്ചു. തലസ്ഥാനമായ സോളിലേക്ക് വലിയ കുടിയേറ്റമുണ്ടായി.
1960 മുതല്‍ കൊറിയന്‍ സമൂഹം വലിയ പരിവര്‍ത്തനത്തിലൂടെ കടന്നുപോയി. പ്രകൃതി വിഭവങ്ങളുടെ കുറവും അതേസമയം അതിവേഗം വളരുന്ന ജനസംഖ്യയുമുള്ള രാജ്യങ്ങളിലൊന്നായിരുന്നു അക്കാലത്ത് കൊറിയ. അറുപതുകളില്‍ പ്രതിശീര്‍ഷ ജിഎന്‍പി ഏകദേശം 80 യു.എസ്. ഡോളറായിരുന്നു. വര്‍ധിച്ചുവന്ന ജനസംഖ്യാവളര്‍ച്ച വിഭവങ്ങളുടെ മേലുള്ള സമ്മര്‍ദങ്ങള്‍ വര്‍ധിപ്പിച്ചു. കടുത്ത ദാരിദ്ര്യത്തിനൊപ്പം ജനസംഖ്യയും ഉയര്‍ന്നതോടെ കുടുംബാസൂത്രണത്തില്‍ കൂടുതല്‍ ഇടപെട്ടു. 1960-കളുടെ തുടക്കത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള നീക്കങ്ങള്‍ ഭരണകൂടം ആരംഭിച്ചു. പിന്നാലെ 1960-കളുടെ മധ്യത്തില്‍ പ്രത്യുത്പാദന നിരക്ക് കുറയാന്‍ തുടങ്ങി. 1980-കളുടെ മധ്യത്തില്‍ ഇത് ജനസംഖ്യ കുറയാതെ നിലനിലനിന്നും പോകുമെന്ന നിലയിലെത്തി. പക്ഷേ, പ്രത്യുത്പാദന നിരക്ക് കുറയുന്നത് തുടര്‍ന്നു. പിന്നീട് പാശ്ചാത്യ വൈദ്യശാസ്ത്ര-ആരോഗ്യ സംവിധാനങ്ങള്‍ രാജ്യത്ത് വ്യാപകമായതോടെ ജനസംഖ്യാ പരിവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക് കടന്നു.

എന്ത് കൊണ്ട് ജനനനിരക്ക് കുറയുന്നു?
രാജ്യത്തിന്റെ സാമ്പത്തിക വികസനവുമായും നഗരവല്‍ക്കരണവുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് കൊറിയയിലെ ജനനനിരക്കിലെ കുറവ്. 1960-ന് ശേഷമുള്ള സാമൂഹിക പരിവര്‍ത്തനത്തിലും ഇതില്‍ വലിയ സ്വാധീനമുണ്ട്. പ്രത്യുത്പാദന നിരക്ക് കുറഞ്ഞതിനൊപ്പം രാജ്യത്തെ മരണനിരക്കും കുറഞ്ഞു. 1960-ല്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം 52.4 വര്‍ഷമായിരുന്നു. 1999-ല്‍ അത് 75.5 വര്‍ഷമായി. ജനസംഖ്യയുടെ വാര്‍ദ്ധക്യമായിരുന്നു ഈ ജനസംഖ്യാ പ്രവണതകളുടെ നേരിട്ടുള്ള ഫലം. 1960-ല്‍ 65 വയസ്സും അതില്‍ കൂടുതലുമുള്ള ജനസംഖ്യയുടെ അനുപാതം 2.9 ശതമാനം മാത്രമായിരുന്നു. 1990-ല്‍ ഇത് 5.1 ശതമാനമായും 2000-ല്‍ 7.2 ശതമാനമായും വര്‍ധിച്ചു. പ്രത്യുത്പാദനക്ഷമത കുറയുന്നത് കുടുംബത്തിന്റെ വലിപ്പത്തിലും കുറവുണ്ടാക്കി. 1960-നും 1995-നും ഇടയില്‍ ശരാശരി കുടുംബ വലുപ്പം 5.5-ല്‍ നിന്ന് 3.3 ആയി കുറഞ്ഞു. രാജ്യത്ത് നിന്നുള്ള കണക്കുകള്‍ പ്രകാരം നിലവില്‍ ഇത് 2.4 മാത്രമാണ്.
സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക കാരണങ്ങളാല്‍ കുട്ടികള്‍ വേണ്ട എന്ന യുവതലമുറയുടെ നിലപാടാണ് ദക്ഷിണ കൊറിയയിലെ ജനനനിരക്ക് കുറയുന്നതിന് പ്രധാനമായും കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന ജീവിതച്ചെലവ്-പ്രത്യേകിച്ച് ഭവന-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളത്- ആണ് ദക്ഷിണ കൊറിയയിലെ യുവത്വം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍, കുടുംബത്തേക്കാള്‍ കരിയറിന് മുന്‍ഗണന നല്‍കാനുള്ള സ്ത്രീകളുടെ മേലുള്ള സാമൂഹിക സമ്മര്‍ദം എന്നിവ പ്രത്യുത്പാദന നിരക്ക് കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴില്‍ രംഗത്തെ കടുത്ത മത്സരം, വേതനത്തിന്റെ കാര്യത്തിലുള്ള സ്ത്രീ-പുരുഷ വ്യത്യാസം, നീണ്ട പ്രവര്‍ത്തി ദിനങ്ങള്‍, ഉയര്‍ന്ന വീട്ടുവാടകയും വീട് കണ്ടെത്താനുള്ള ബുദ്ധിമുട്ടും തുടങ്ങി വിവിധ കാരണങ്ങളാല്‍ ദക്ഷിണ കൊറിയന്‍ സ്ത്രീകള്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ പല സ്ത്രീകളും രക്ഷകര്‍ത്തക്കളാകാനോ എന്തിന് വിവാഹം കഴിക്കാനോ പോലും താല്പര്യപ്പെടുന്നില്ല. പകരം ജോലിക്കും കരിയറിനുമാണ് ദക്ഷിണ കൊറിയന്‍ സ്ത്രീകള്‍ പ്രാധാന്യം നല്‍കുന്നത്.
കുടുംബാസൂത്രണത്തില്‍ ഭരണകൂടത്തിന്റെ ഇടപെടലും രാജ്യത്തെ മറ്റ് സാംസ്‌കാരിക സവിശേഷതകളും ജനനനിരക്ക് കുറയുന്നതിനുള്ള ഘടകങ്ങളായി കണക്കാക്കുന്നു. ഒന്നോ രണ്ടോ കുട്ടികളുള്ള കുടുംബങ്ങള്‍ എന്ന പ്രചാരണം ഇക്കാരത്തില്‍ വലിയ പങ്ക് വഹിച്ചതായാണ് വിലയിരുത്തല്‍. ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമുണ്ടായതോടെ ശിശുമരണനിരക്ക് കുറഞ്ഞു. ഇതോടെ ഒരു മകന്‍ അല്ലെങ്കില്‍ ഒരു കുട്ടി എന്ന നിലയിലേക്ക് ഇത് എത്തി. ഉയര്‍ന്ന ജീവിതച്ചെലവ്, ജോലിയും ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥ, ഗുണനിലവാരമുള്ള ശിശു സംരക്ഷണം നല്‍കുന്നതിലെ ബുദ്ധിമുട്ട് എന്നിവ വര്‍ധിച്ചതോടെ പലരും വിവാഹം വേണ്ടന്ന നിലയിലേക്ക് എത്തി. അതല്ലെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുകയോ ഗര്‍ഭധാരണം വൈകിപ്പിക്കുകയോ ചെയ്തു. ഇതോടെ 2006 മുതല്‍ ചൈല്‍ഡ് കെയര്‍ സബ്സിഡികള്‍ പോലുള്ള പരിപാടികള്‍ക്കായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വലിയ തോതില്‍ പണം ചെലവാക്കുന്നുണ്ട്. കുട്ടികള്‍ ഉണ്ടാകുന്നത് പ്രത്സാഹിപ്പിച്ചുകൊണ്ട് രാജ്യത്തെ ജനനനിരക്ക് വര്‍ധിപ്പിക്കാമെന്ന് പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍.
Content Highlights: Demographic decline in south korea an alarming trend and consequences
Published: 13 Aug 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented