ആലപ്പുഴയിലെ സംസ്ഥാന സമ്മേളന തീരുമാനങ്ങളില്‍ പ്രകടമായതിന്റെ തനിയാവര്‍ത്തനം പോലെ, സിപിഎമ്മിനെ അലോസരപ്പെടുത്തുന്ന യാതൊന്നും ചണ്ഡിഗഡിലും കണ്ടില്ല. ഇന്ത്യ മുന്നണി വേണം, കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ട് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം അവസരത്തിനൊത്ത് വേണം, പക്ഷെ, ചണ്ഡിഗഡില്‍ നടന്ന സൗഹൃദ സമ്മേളനത്തില്‍ പോലും ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ കുന്തമുനയാകേണ്ടുന്ന കോണ്‍ഗ്രസിന് ക്ഷണമില്ല!

മാര്‍ക്‌സിസ്റ്റ് ആചാര്യനും പ്രമുഖ സിപിഐ നേതാവുമായിരുന്ന മോഹിത് സെന്‍ ആത്മവിമര്‍ശനമെന്നോണം ആത്മകഥയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ഒരു പൊതുനിലപാടിനെ കളിയാക്കി നടത്തുന്ന പ്രസ്താവന ഇപ്രകാരമാണ് : 'ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഗാന്ധിജിയോടുള്ള ദേഷ്യം തങ്ങളുടെ വിപ്ലവം റാഞ്ചിയ നേതാവ് എന്നതാണ്'! ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ ഗാന്ധിജിയെ കണ്ടെത്താന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നും കഴിയുന്നില്ലെന്നത് അത്ഭുതപെടുത്തുന്നു.
നൂറാം വാര്‍ഷികത്തില്‍ ചണ്ഡിഗഡില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം പ്രായപരിധിയെ കുറിച്ച് മാത്രമായിരുന്നു. അതും അധികാരക്കൈമാറ്റത്തിലെ തര്‍ക്കവിതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട്! അല്ലാതെ കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ആവശ്യമായ പ്രത്യയശാസ്ത്ര നവീകരണം സംബന്ധിച്ചോ, ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടാന്‍ ജോര്‍ജ്ജ് ദിമിത്രോവ്, പാമിറോ തോഗ്ലിയാട്ടി മാതൃകയിലുള്ള ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് ഇന്ത്യന്‍ സാഹചര്യത്തിലുള്ള സാധ്യതകളെ കുറിച്ചോ, ഗൗരവത്തിലുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ നടന്ന് കണ്ടില്ല.
ആലപ്പുഴയിലെ സംസ്ഥാന സമ്മേളന തീരുമാനങ്ങളില്‍ പ്രകടമായതിന്റെ തനിയാവര്‍ത്തനം പോലെ, സിപിഎമ്മിനെ അലോസരപ്പെടുത്തുന്ന യാതൊന്നും ചണ്ഡിഗറിലും കണ്ടില്ല. ഇന്ത്യ മുന്നണി വേണം, കോണ്‍ഗ്രസ്സുമായുള്ള കൂട്ടുകെട്ട് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം അവസരത്തിനൊത്ത് വേണം, പക്ഷെ, ചണ്ഡിഗഡില്‍ നടന്ന സൗഹൃദ സമ്മേളനത്തില്‍ പോലും ഫാസിസ്റ്റ് വിരുദ്ധമുന്നണിയുടെ കുന്തമുനയാകേണ്ടുന്ന കോണ്‍ഗ്രസിന് ക്ഷണമില്ല! കേരളത്തിലെ വലിയേട്ടന് ഇഷ്ടമാവാത്തതൊന്നും പ്രതീക്ഷിക്കരുതെന്ന് ചുരുക്കം. '78 ലെ ഭട്ടിണ്ട സിപിഐ കോണ്‍ഗ്രസിന് ശേഷം സിപിഐ ക്ക് പൈഡ് പൈപ്പറിനെ വിട്ടൊരു കളിയില്ല. ഇതു പറയാതെ പറയാന്‍ മാത്രമായി ആലപ്പുഴയില്‍ നിന്ന് ചണ്ഡിഗഡ് വരെ പോകേണ്ട വല്ല കാര്യവുമുണ്ടോ?
എവിടെയാണ് കാതല്‍?
സിപിഐ നേരിടുന്ന ഏറ്റവും മുഖ്യമായ പ്രതിസന്ധി സ്വന്തം നയം ഉപേക്ഷിച്ച് സിപിഎമ്മിന്റെ മുന്നില്‍ അടിയറവ് പറഞ്ഞതാണ്. അസ്തിത്വം വീണ്ടെടുക്കാതെ പോയകാല പ്രതാപം വീണ്ടെടുക്കാന്‍ സിപിഐക്കാകില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ നിലപാടുകളുടെ കാതല്‍ ജോഷി-ഡാങ്കെ ചിന്തകളിലാണ്. അതിലൂടെയാണ് 'ദേശീയ ജനാധിപത്യ വിപ്ലവം' എന്ന പാര്‍ട്ടി പരിപാടി കാലക്രമത്തില്‍ സ്വാംശീകരിക്കപ്പെട്ടത്. അതിന്റെ സത്ത കുടികൊള്ളുന്നത് സാമ്രാജ്യത്വത്തിനും തീവ്രവലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയഫാസിസത്തിനും എതിരായ വിശാല ജനാധിപത്യചേരി രൂപീകരിക്കുന്നതിലാണ്.
കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് അടവ് നയം സംബന്ധിച്ചു ലെനിന്‍ രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ (1920) അവതരിപ്പിച്ച കൊളോണിയല്‍ തീസിസില്‍ ഉന്നയിച്ച വാദഗതികളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് ജോഷിയുടെ നിലപാട്. ജോഷി ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ സ്വതന്ത്ര ഇന്ത്യയില്‍ മുന്നോട്ടു കൊണ്ടുപോയത് ഡാങ്കെയാണ്. ആ നയം വര്‍ത്തമാനകാല ഇന്ത്യന്‍ അവസ്ഥയില്‍ തെറ്റാണെന്ന് പറയാന്‍ ഇന്ന് സിപിഐക്കും സിപിഎമ്മിനും ആവില്ലെന്നത് ഏറെ കൗതുകകരം.
47ലെ സ്വാതന്ത്ര്യലബ്ധി സിപിഐ അംഗീകരിക്കണമെന്ന് പി.സി. ജോഷി ആവശ്യപ്പെട്ടത് സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം തന്നെ വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യ നവസ്വതന്ത്ര രാഷ്ട്രമായി മാറിയതോടെ സോഷ്യലിസത്തിനായുള്ള പ്രക്ഷോഭത്തിന്റെ അടുത്തഘട്ടമെന്ന നിലയില്‍ ദേശപുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുത്തുകൊണ്ട്തന്നെ നെഹ്റു സര്‍ക്കാരുമായി 'ഐക്യവും സമരവുമെന്ന' നയത്തിന്റെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു ജോഷി വാദിച്ചത്. ജോഷി ലൈന്‍ നിരാകരിച് '48ല്‍ കല്‍ക്കത്ത തീസിസ് അംഗീകരിക്കപ്പെട്ടതോടെ 'പാപം' മാത്രമല്ല 'പാപി'യും വെറുക്കപ്പെട്ടു! 1978 ല്‍ ഭട്ടിണ്ട കോണ്‍ഗ്രസില്‍ വച്ച് 'ദേശീയ ജനാധിപത്യ വിപ്ലവം' ഉപേക്ഷിച് സിപിഐ സിപിഎമ്മിന്‍റെ പിന്നാലെ പോയതോടെ '48 മുതല്‍ മരണംവരെ ജോഷിക്ക് ഉണ്ടായ ദുരനുഭവം എസ്.എ. ഡാങ്കെക്കുമുണ്ടായി. പക്ഷെ, യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടത് ജോഷിയോ, ഡാങ്കെയോ ആയിരുന്നില്ല, മറിച്ചു സിപിഐയും ഇന്ത്യന്‍ ഇടതുപക്ഷവും തന്നെയായിരുന്നു.
സിപിഐ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ വലിയ സ്വാധീനം അറിയിച്ചതും വളര്‍ന്നതും 1967-'77 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സുമായി ദേശീയതലത്തില്‍ 'ഐക്യവും സമര'വും എന്ന ജോഷി-ഡാങ്കെ ലൈന്‍ നടപ്പിലാക്കിയ കാലഘട്ടത്തിലായിരുന്നു എന്ന് ഡേവിഡ് ലോക്വുഡിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം ഉപേക്ഷിച്ച '78 ലെ ഭട്ടിണ്ട കോണ്‍ഗ്രസിന് ശേഷം ഇന്നേവരെ സിപിഐ യുടെ വളര്‍ച്ചയ്ക്കെന്തുപറ്റിയെന്ന വിമര്‍ശനാത്മകമായ എന്തെങ്കിലുമൊരു ചര്‍ച്ച നടന്നോ? ദേശീയ പാര്‍ട്ടി സ്ഥാനം പോലും ഈ കാലയളവില്‍ നഷ്ടപ്പെടുത്തിയില്ലേ? എന്നിട്ടും ഇടതുപക്ഷ ഐക്യം ഇനിയും ഊട്ടിയുറപ്പിച്ചു, സിപിഎമ്മിന്റെ കേരളത്തിലെ രാഷ്ട്രീയ നിലനില്‍പ്പ് ഭദ്രമാക്കികൊടുക്കാനായി മാത്രമെന്തിനാണ് ഒരു സിപിഐ കോണ്‍ഗ്രസ്സ്?
അന്ന് നെഹ്റു, ഇന്ന് രാഹുല്‍
ഗാന്ധിജിയും നെഹ്രുവും നയിച്ച ദേശീയപ്രസ്ഥാനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പോലെ തന്നെ സാമൂഹിക നവോത്ഥാനത്തിന് വേണ്ടിയും ദേശവിമോചനത്തിന് വേണ്ടിയും ഒരുപോലെ നിലകൊണ്ടതാണെന്ന നിലപാടെടുത്ത ഒരുപറ്റം മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ എഴുപതുകളില്‍ പ്രൊഫ. ബിപന്‍ചന്ദ്രയുടെ നേതൃത്വത്തില്‍ രംഗത്തുവന്നു. ഇവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും മറ്റ് ലോക വിപ്ലവങ്ങള്‍ പോലെ മഹത്തരമാണെന്ന് വ്യാഖ്യാനിച്ചത്. ഗാന്ധിജിയെയും നെഹ്രുവിനെയും വെറും ബൂര്‍ഷ്വാ നേതാക്കളാണെന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സമീപനം ഇവര്‍ പൊളിച്ചെഴുതി. ഗാന്ധിസവും മാര്‍ക്‌സിസവും തമ്മില്‍ അടിസ്ഥാനപരമായ വിയോജിപ്പുകള്‍ പലതും നിലനില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രത്തിന്റെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, ഉദാഹരണത്തിന്, സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും ഭീഷണികള്‍ നേരിടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഒന്നിച്ചു നില്‍ക്കാം. അതുപോലെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തിലും. ബിപന്‍ ചന്ദ്രയുടെ നിലപാട് അനുസരിച്ചു ഇന്നത്തെ ഇന്ത്യയില്‍ വര്‍ഗീയ ഫാസിസത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്നത് പ്രതിവിപ്ലവമാണ്. പൈഡ് പൈപ്പറിന്റെ പിന്നാലെ പോകുന്ന സിപിഐ നേതൃത്വത്തിന് ഇത്തരം വല്ല ചിന്തകളും ഉണ്ടോ?
മേല്‍ നിഗമനങ്ങളിലാണ് സിപിഐ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ അന്തസ്സത്ത കുടികൊള്ളുന്നതെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ '64ല്‍ സിപിഐ പിളര്‍ത്തി സിപിഎം രൂപീകരിച്ചവര്‍ക്ക് ഇതൊന്നും അന്നും ഇന്നും സ്വീകാര്യമല്ല. മാറിയ ഇന്ത്യന്‍-ലോകസാഹചര്യത്തില്‍ മാര്‍ക്‌സിസത്തിനും ഗാന്ധിസത്തിനും ഉള്ള സമന്വയ സാധ്യതകളെ കുറിച്ച് പറഞ്ഞാല്‍ തന്നെ ഇക്കൂട്ടര്‍ക്ക് ഹാലിളകും. വാസ്തവത്തില്‍ ഇവര്‍ ഇന്നും കൊണ്ട് നടക്കുന്ന സ്റ്റാലിനിസ്റ്റ് സംഘടനാ ചട്ടക്കൂടുകള്‍ക്കും സെക്‌റ്റേറിയന്‍ നിലപാടുകള്‍ക്കും ഇക്കാലത്തു എന്ത് പ്രസക്തി?
എന്നാല്‍ മേല്‍സൂചിപ്പിച്ച, പ്രൊഫ. ബിപന്‍ചന്ദ്ര എഴുപതുകളില്‍ എടുത്ത നിലപാടുകള്‍ നാല്പതുകള്‍ മുതല്‍ ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ എടുത്തവരാണ് ജോഷി-ഡാങ്കെ ദ്വയം. അതുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നെഹ്രുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ ജോഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. പ്രതിവിപ്ലവ ശക്തികള്‍ അധികാരമുറപ്പിച്ച ഭീതിദമായ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അതിനെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതാകണം ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തില്‍ പിറന്നു വീണ സിപിഎമ്മിന് ഈ രാഷ്ട്രീയം എളുപ്പം ദഹിക്കില്ല. പക്ഷെ, ഇന്ന് കേരളം വിട്ടാല്‍ എം.എ. ബേബി കൈ ഉയര്‍ത്തുന്നത് തന്നെ രാഹുല്‍ ഗാന്ധിയുടെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയൊ കരങ്ങള്‍ ഗ്രഹിക്കാനാണെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
കേരളത്തില്‍ കമ്യൂണിസ്റ്റ്കാരുടെ മുഖ്യശത്രു കോണ്‍ഗ്രസ്സാണെന്ന് സിപിഎമ്മിന് പറയാം. പക്ഷെ '69ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലിന് അനുകൂലമായി നിയമസഭയില്‍ വോട്ട് ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തുടര്‍ന്നാണ്, അച്യുതമേനോന്‍ തന്നെ നയിച്ച, '70 മുതല്‍ '77 വരെ കേരളം ഭരിച്ച, സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ കോണ്‍ഗ്രസ്-കമ്യൂ ണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നത്. കേരളവും ഇന്ത്യയും കണ്ട മാതൃക സര്‍ക്കാര്‍. വര്‍ത്തമാനകാല ഇന്ത്യയില്‍ സിപിഐ മുന്നോട്ടു വയ്ക്കേണ്ട രാഷ്ട്രീയവും മറ്റൊന്നല്ല. അല്ലെങ്കില്‍ സി.കെ. ചന്ദ്രപ്പന്‍ ഈ ലേഖകനോട് ഒരിക്കല്‍ പറഞ്ഞതുപോലെ സിപിഎമ്മിനോടൊപ്പം സിപിഐക്കും മുങ്ങാം. ബംഗാളിലും ത്രിപുരയിലും അത് സംഭവിച്ചു. അടുത്തത് കേരളമല്ലെന്ന് ആര് കണ്ടു? ഹാമെലിനില്‍ നിന്ന് ഇവിടെ ഒരു വ്യത്യാസം മാത്രം. എലികള്‍ മാത്രമല്ല, പൈഡ് പൈപ്പറും മുങ്ങും!
Content Highlights: cpi chandigarh party congress analysis congress alliance
Published: 27 Sept 2025, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented