ചണ്ഡീഗഢ്: അന്തരിച്ച സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയുടെ പേരിലുള്ള ചണ്ഡീഗഢിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഭാര്യ ഡോ. ബി.വി. വിജയലക്ഷ്മി ഒരുനിമിഷം വാക്കുകളില്ലാതെ ഗദ്ഗദപ്പെട്ടു. വിജയവാഡയിലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് മുതലിങ്ങോട്ട് ഒരുമിച്ചുള്ള ജീവിതയാത്രയില്‍ സുധാകര്‍ റെഡ്ഡിയില്ലാത്ത വിജയലക്ഷ്മിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണിത്. 

To advertise here,

1974-ല്‍ വിവാഹത്തിനുശേഷം ഇരുവരും ഒന്നിച്ചു പങ്കെടുത്ത ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു 1975-ല്‍ വിജയവാഡയിലേത്. സുധാകര്‍ റെഡ്ഡി അന്ന് യുവജന സംഘടനയുടെയും വിജയലക്ഷ്മി വിദ്യാര്‍ത്ഥി സംഘടനയുടെയും പ്രവര്‍ത്തകരായിരുന്നു. വിജയവാഡ കോണ്‍ഗ്രസില്‍ രണ്ടുപേരും വോളന്റിയര്‍മാരായിരുന്നു. 2022-ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് അവസാനമായി രണ്ടുപേരും പങ്കെടുത്തതും. 

25-ാം പാര്‍ട്ടി കോണ്‍ഗ്രസെത്തുമ്പോള്‍ വിജയലക്ഷ്മിക്കൊപ്പം സുധാകര്‍ റെഡ്ഡിയില്ല. ഹൈദരാബാദില്‍ കഴിഞ്ഞമാസം 22-നായിരുന്നു അദ്ദേഹം അന്തരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ സുധാകര്‍ റെഡ്ഡി കുടുംബത്തോടെ ഡല്‍ഹിയില്‍നിന്ന് ഹൈദരാബാദിലേക്ക് താമസം മാറിയിരുന്നു. ആറുവര്‍ഷം മുമ്പ് പോയതില്‍ പിന്നെ ഉത്തരേന്ത്യയിലേക്ക് ആദ്യമായാണ് വരുന്നതെന്ന് വിജയലക്ഷ്മി പറയുന്നു. 

മഹിളാ ഫെഡറേഷന്റെയും ട്രേഡ് യൂണിയന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വിജയലക്ഷ്മി, സുധാകര്‍ റെഡ്ഡിക്കൊപ്പം ഹൈദരാബാദിലേക്ക് പോയതില്‍ പിന്നെ സംഘടനാ കാര്യങ്ങളില്‍ സജീവമല്ലായിരുന്നു. ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അതിഥിയായാണ് ക്ഷണം. സുധാകര്‍ റെഡി ഒപ്പമില്ലെങ്കിലും ഓര്‍മ്മകള്‍ കൂടെയുണ്ട്. പാര്‍ട്ടി വേദി കുടുംബം പോലെയാണെന്നും വിജയലക്ഷ്മി പറഞ്ഞു.