തിരുവനന്തപുരം: പ്രായപരിധി നിബന്ധനയില്‍ മധുര പാര്‍ട്ടി കോണ്‍ഗ്രസ് ഇളവ് വരുത്തുമോയെന്നതാണ് സിപിഎമ്മില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാനചോദ്യം. വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, പിബിയില്‍നിന്നടക്കം കൂട്ടക്കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നതിനാല്‍, സാഹചര്യം നോക്കി ഇളവ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. പ്രായപരിധിയില്‍ പുറത്താകുന്നവരെ എങ്ങനെ ഉള്‍ക്കൊള്ളണമെന്ന കാര്യത്തിലും സിപിഎം മാര്‍ഗരേഖ തയ്യാറാക്കിയിട്ടില്ല. അതിലും മധുരപാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കും.

To advertise here,

കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് കാലത്താണ് 75 വയസ്സ് നിബന്ധന നടപ്പാക്കിയത്. അന്ന് പ്രായപരിധിയില്‍ പുറത്തായവരെ തൊട്ടുതാഴെയുള്ള ഘടകവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുംവിധം ക്ഷണിതാക്കളാക്കി. ഇത്തവണ ഒഴിവാകുന്നവര്‍ കൂടി വരുന്നതോടെ ഈ രീതി സ്വീകരിക്കാന്‍ കഴിയാതെ വരും. കൊല്ലത്തുനടന്ന സംസ്ഥാന സമ്മേളനത്തില്‍, ഒഴിവായ ആരെയും ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയിരുന്നില്ല. 

75 വയസ്സ് പിന്നിട്ട 10 പേരാണ് ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് പുറത്തായത്. പൊളിറ്റ് ബ്യൂറോയില്‍ എട്ടുപേര്‍ക്കാണ് പ്രായപരിധി കഴിയുന്നത്. കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒമ്പതുപേര്‍ പ്രായപരിധി കഴിഞ്ഞവരാണ്. ഇവരില്‍ ഭൂരിപക്ഷവും സജീവമായി പ്രവര്‍ത്തനരംഗത്തുള്ളവരും രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കാന്‍ തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമാണ്.

പ്രായപരിധി വ്യവസ്ഥ നേതാക്കള്‍ക്ക് നിര്‍ബന്ധിത വിരമിക്കലാകരുതെന്ന വാദം പാര്‍ട്ടിയില്‍ ശക്തമാണ്. കര്‍ശനമായി പ്രായപരിധി നടപ്പാക്കല്‍ ഉണ്ടാകില്ലെന്ന സൂചനയാണ് മുതിര്‍ന്നനേതാക്കള്‍ നല്‍കുന്നത്. പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് ഇളവ് നല്‍കേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പരിഗണന മറ്റ് നേതാക്കള്‍ക്കും സാഹചര്യംനോക്കി വേണമെന്ന വാദമാണ് ഉയരുന്നത്.

വിരമിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് പിബി കോഡിനേറ്റര്‍ കൂടിയായ പ്രകാശ് കാരാട്ട്. എന്നാല്‍, വൃന്ദകാരാട്ട്, മാണിക് സര്‍ക്കാര്‍ എന്നിവരൊന്നും പാര്‍ട്ടിഘടകത്തില്‍നിന്ന് വിട്ടുപോകാനുള്ള തയ്യാറെടുപ്പിലല്ല. വൃന്ദയ്ക്ക് ഇളവ് നല്‍കണമെന്നും ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യമുണ്ട്. മാണിക് സര്‍ക്കാരിന് ത്രിപുര സംസ്ഥാനസമ്മേളനം പ്രായപരിധിയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. സംസ്ഥാനസമ്മേളനം ഇളവ് നല്‍കിയ മറ്റൊരു നേതാവ് പിണറായി വിജയന്‍ മാത്രമാണ്. പ്രായപരിധി നടപ്പാക്കുമ്പോള്‍ കണ്ണൂര്‍ പാര്‍ട്ടികോണ്‍ഗ്രസിലുള്ളതിനെക്കാള്‍ സങ്കീര്‍ണമായ പ്രശ്‌നമാണ് മധുരയില്‍ ഉയരുക.