
പച്ചപ്പിലേക്ക് പോവുന്ന അന്റാര്‍ട്ടിക്ക, പ്രളയത്തിലാവുന്ന സഹാറ മരുഭൂമി, വറ്റി വരളുന്ന ആമസോണ്‍ നദി. നമ്മള്‍ അസാധ്യമെന്ന് കരുതിയതിനെയെല്ലാം അപ്പാടെ മാറ്റി മറിക്കുകയാണ് കാലാവസ്ഥാ വ്യതിയാനം. ഭൂമിയുടെ സുരക്ഷിതയിടങ്ങളെല്ലാം നാശത്തിന്റെ വക്കിലേക്കാവുമ്പോള്‍ ഇതിനെ അത്ര നിസ്സാരമായി കാണാനാവില്ല.
കണ്ണെത്താ ദൂരത്തോളമുള്ള മഞ്ഞിന്റെ കടലെന്നും കണികാണാന്‍ ഒരു തരി പച്ചപ്പോ പറയത്തക്ക ജൈവവൈവിധ്യമോ ഇല്ലാത്ത ഇടമെന്നുമാണ് അന്റാര്‍ട്ടിക്കയെ അറിയപ്പെട്ടിരുന്നുവെങ്കില്‍ ഇതിനെയെല്ലാമാണ് കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജലപ്രവാഹമായ അന്റാര്‍ട്ടിക്ക് സര്‍ക്കംപോളര്‍ കറന്റിനെ കുറിച്ച്(എ.സി.സി) പുറത്തുവന്ന പഠനം. എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ലെറ്റേഴ്സ് ആണ് ഇതിന്റെ വേഗതയും ശക്തിയും കുറഞ്ഞുവരുന്നുവെന്ന പഠനം പുറത്തുവിട്ടത്.
- അന്റാര്‍ട്ടിക്ക് സര്‍ക്കംപോളര്‍ കറന്റ്(എ.സി.സി)
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രജലപ്രവാഹം. അറബിക്കടലിനേക്കാള്‍ അഞ്ച് മടങ്ങും ആമസോണ്‍ നദിയേക്കള്‍ നൂറ് മടങ്ങും വേഗത. അന്റാര്‍ട്ടിക്കക്ക് ചുറ്റും ഘടികാര ദിശയില്‍ ഭീമാകാരമായി ഒഴുകുന്നതാണ് 'അന്റാര്‍ട്ടിക്ക് സര്‍ക്കംപോളര്‍ കറന്റ്.
കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ ബാധിച്ചത് പോലെ അന്റാര്‍ട്ടിക്ക് സര്‍ക്കം പോളറിനെയും ബാധിച്ചുവെന്നും തന്‍മൂലം ഇതിന്റെ ഒഴുക്ക് കുറഞ്ഞുവരുന്നുവെന്നുമാണ് മെല്‍ബണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ലെറ്റേഴ്സ് ആണ് പഠനം പ്രസിദ്ധീകരിച്ചത്.
ഇതേരീതിയില്‍ പോവുകയാണെങ്കില്‍ 2050 ഓടെ എ.സി.സിയുടെ 20 ശതമാനം വേഗത കുറയുമെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാല്‍ ലോകത്താകമാനം വരുംഭാവിയില്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സമുദ്രനിരപ്പ് ഉയരുന്നതിനും സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നതിനുമിടയാക്കും. സമുദ്രങ്ങളുടെ സമുദ്രമെന്നറിയപ്പെടുന്ന സര്‍ക്കംപോളിന് ലോകത്താകമാനമുള്ള കാലാവസ്ഥാ നിയന്ത്രണത്തിലും സമുദ്ര ആവാസ വ്യവസ്ഥയിലും ഒഴുക്കിലും നിര്‍ണായക സ്ഥാനമാണുള്ളത്. ഇത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

- മഞ്ഞുരുകല്‍ പ്രധാന കാരണം
അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റുമുള്ള മഞ്ഞുപാളികള്‍ ഉരുകുന്നതാണ് എ.സി.സിയുടെ വേഗത കുറയ്ക്കാന്‍ കാരണമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മഞ്ഞുപാളി ഉരുകുന്നതോടെ വലിയ തോതില്‍ ശുദ്ധജലം ഉപ്പുവെള്ളം നിറഞ്ഞ സര്‍ക്കംപോളില്‍ അവശേഷിക്കും. ഇത് ഉപരിതല ജലത്തിന്റെയടക്കം സ്വഭാവത്തെ മാറ്റും. താപനില വര്‍ധിപ്പിക്കുന്നതിനും അങ്ങനെ വേഗത കുറക്കുന്നതിനും കാരണമാവും. അന്റാര്‍ട്ടിക്കയിലേക്ക് മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള സതേണ്‍ ബുള്‍കെല്‍പ്പ്, ചെമ്മീന്‍, മോളസ്‌കുകള്‍ തുടങ്ങിയ അധിനിവേശ ജീവി വര്‍ഗങ്ങളും സസ്യങ്ങളുമെത്തുന്നത് തടയുന്നതില്‍ എ.സി.സി ഇക്കാലമത്രയും നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതിന്റെ നാശം ഇത്തരം അധിനിവേശ ജീവിവര്‍ഗങ്ങള്‍ അന്റാര്‍ട്ടിക്കയിലേക്കെത്തുന്നതിനും അത് അവിടെയുള്ള ഭക്ഷ്യശൃംഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സ്വാഭാവിക ജീവി വര്‍ഗമായ അന്റാര്‍ട്ടിക്ക് പെന്‍ഗ്വിനുകളുടെയടക്കം നാശത്തിന് കാരണമാകുമെന്നും പഠനം പറയുന്നുണ്ട്.
(അന്റാര്‍ട്ടിക്കന്‍ വിശേഷം ഡോ.തമ്പാന്‍ മേലത്ത് പങ്കുവെക്കുന്നു)
- ലോകത്തിന്റെ രക്ഷാകവചം
ലോക കാലാവസ്ഥയുടെ രക്ഷാകവചമെന്നാണ് അന്റാര്‍ട്ടിക്ക് സര്‍ക്കംപോളര്‍ അറിയപ്പടുന്നത്. ഭൂഖണ്ഡത്തിന് ചുറ്റം 22500 കി.മീറ്ററില്‍ പടര്‍ന്നൊഴുകുന്ന സര്‍ക്കംപോളര്‍ അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുമായെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അന്റാര്‍ട്ടിക്ക് ചറ്റുമുള്ള അതി ശക്തമായ കാറ്റിന്റെ പ്രതിഫലനമായിട്ടാണ് വെള്ളത്തെ ഘടികാര ദിശയില്‍ തുടര്‍ച്ചയായി ഒഴുക്കുന്നതിനുള്ള വഴിയൊരുക്കുന്നത്. തടസ്സങ്ങളൊന്നിമില്ലെന്നത് കൊണ്ടു തന്നെ സ്വതന്ത്ര്യമായും തുടര്‍ച്ചയായും ഒഴുക്ക് സാധ്യമാക്കുകയും ചെയ്യുന്നു. സെക്കന്‍ഡില്‍ 165 മില്ല്യണ്‍ ക്യുബീക് വെള്ളമാണ് എ.സി.സി ഒഴുക്കുന്നത്.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ചൂടുകൂടിയ വെള്ളത്തെ തടഞ്ഞ് നിര്‍ത്തി അന്റാര്‍ട്ടിക്കയെ ഒറ്റയായി നിര്‍ത്തുന്നതും എ.സി.സിയാണ്. ഇത് അന്റാര്‍ട്ടിക്ക തണുത്തുറഞ്ഞ് നില്‍ക്കുന്നതിനും കാരണമാകുന്നു. ദക്ഷിണസമുദ്രത്തിന് ചുറ്റും തണുത്തതും പോഷക സമൃദ്ധവുമായ വെള്ളമൊഴുക്കുന്നത് കൊണ്ട് എസി.സി.യെ ഗ്ലോബല്‍ കണ്‍വെയര്‍ ബെല്‍റ്റെന്നും അറിയപ്പെടുന്നുണ്ട്. സമുദ്രങ്ങളിലേക്കെത്തുന്ന മനുഷ്യ നിര്‍മിത കാര്‍ബണ്‍ഡയോക്സൈഡില്‍ 40 ശതമാനവും ആഗിരണം ചെയ്യുന്ന നിര്‍ണായ ജോലിയും എ.സി.സി നിര്‍വഹിക്കുന്നുണ്ട്.
- മഞ്ഞുരുകൽ നിത്യസംഭവം
കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ നിത്യസംഭവമാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം മാത്രമല്ല മഞ്ഞുരുകാനുള്ള കാരണങ്ങളെന്ന പഠനങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വിനോദ സഞ്ചാരം, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം സൃഷ്ടിക്കപ്പെടുന്ന 'ബ്ലാക്ക് കാര്‍ബണ്‍' മലിനീകരണവും മഞ്ഞുരുകാനുള്ള പ്രധാന കാരണമാണ്. ഫോസില്‍ ഇന്ധനം, മരം എന്നിവ അപൂര്‍ണമായി കത്തുമ്പോഴാണ് അന്തരീക്ഷത്തില്‍ 'ബ്ലാക്ക് കാര്‍ബണുകള്‍' രൂപപ്പെടുക. ചിലിയിലെ യൂണിവേഴ്സിറ്റി ഓഫ് സാന്റിയാഗോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തല്‍.
അന്റാര്‍ട്ടിക്കയിലുള്ള ഗവേഷകര്‍ ഗതാഗത മാര്‍ഗത്തിനായി കപ്പലിനെയോ വിമാനങ്ങളെയോ ആശ്രയിക്കുന്നുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മൂലം നഷ്ടപ്പെടുന്ന മഞ്ഞിന്റെ ഭാരം ആയിരം ടണ്ണോളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ സന്ദര്‍ശകരെത്തുന്ന പ്രദേശങ്ങളില്‍ കപ്പല്‍, വിമാനം, ഡീസല്‍ ജനറേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന 'ബ്ലാക്ക് കാര്‍ബണ്‍' എല്ലാ വര്‍ഷവും വേനലില്‍ 2.3 സെന്റീമീറ്ററോളം മഞ്ഞുരുകാനുള്ള കാരണമാണെന്നും പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും മഞ്ഞുരുകാനുള്ള മറ്റൊരു കാരണമാണ്. ഒരു വര്‍ഷത്തിനിടെ മാത്രം സീസണില്‍ ഏകദേശം 74,000 വിനോദ സഞ്ചാരികളെങ്കിലും അന്റാര്‍ട്ടിക്ക സന്ദര്‍ശിക്കാനെത്താറുണ്ടെന്നാണ് പറയപ്പെടുന്നത്. പകുതിയോളം ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന അന്റാര്‍ട്ടിക്ക പെനിന്‍സുലയിലാണ് 95 ശതമാനം വരുന്ന വിനോദ സഞ്ചാരികളും സന്ദര്‍ശനത്തിനെത്തുന്നത്. ഇവിടെയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടം.മലിനീകരണം ഉപരിതല മഞ്ഞുരുകലിനുള്ള പ്രധാന കാരണമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന മലിനീകരണം ഉപരിതല മഞ്ഞുരുകലില്‍ നേരിട്ടുള്ള പങ്ക് വഹിക്കുന്നുണ്ട്. പഠന റിപ്പോര്‍ട്ട് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലും പ്രസിദ്ധീകരച്ചിരുന്നു.

- മഞ്ഞുരുകല്‍ മാത്രമല്ല പച്ചപ്പുമുണ്ട്
പല കാരണങ്ങള്‍ കൊണ്ട് മഞ്ഞുപ്രദേശമെന്ന വിളിപ്പേര് അന്റാര്‍ട്ടിക്കയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ഒടുവിലത്തെ പ്രതിഭാസമായിരുന്നു പച്ചപ്പ്. കഴിഞ്ഞ നാലുദശാബ്ദത്തിനിടെ പച്ചപ്പ് വ്യാപിക്കുന്നതില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. ഉപഗ്രഹങ്ങളുപയോഗിച്ച് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി എക്‌സിറ്റര്‍ യൂണിവേഴ്‌സിറ്റി, ഹേര്‍ട്ട്‌ഫോഡ്ഷയര്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരായിരുന്നു പഠനറിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
1986-ല്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ താഴെയാണ് പച്ചപ്പ് വ്യാപിച്ചിരുന്നതെങ്കില്‍ അത് 2021-ല്‍ 12 സ്‌ക്വയര്‍ കിലോമീറ്ററിലേക്കെത്തി. അതായത് പത്തുമടങ്ങ് വര്‍ധനവ്. സമീപകാലത്തായി ഇതിന്റെ തോത് പിന്നെയും കൂടി. മുഴുവന്‍ പഠന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2016-നും 2021-നുമിടയില്‍ 30 ശതമാനം വര്‍ധനവാണ് പച്ചപ്പ് വ്യാപിക്കുന്നതില്‍ അന്റാര്‍ട്ടിക്കയില്‍ രേഖപ്പെടുത്തിയത്.
അന്റാര്‍ട്ടിക്കയില്‍ തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയിലാണ് ചെടികള്‍ വളരുന്നത്. സസ്യങ്ങള്‍ കൂടുതലായി വളരുന്നത് അധിനിവേശ സസ്യങ്ങളടക്കം അന്റാര്‍ട്ടിക്കയിലെത്താന്‍ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയായാല്‍ അന്റാര്‍ട്ടിക്കയുടെ ജൈവവൈവിധ്യത്തെത്തന്നെ ബാധിച്ചേക്കാം. സമുദ്രപ്രദേശത്തെ മഞ്ഞുപാളികളടക്കം ഉരുകി കൊണ്ടിരിക്കുകയാണ്. ആഗോള ശരാശരിയെക്കാള്‍ വേഗതയിലാണ് അന്റാര്‍ട്ടിക്കയില്‍ ചൂടേറികൊണ്ടിരിക്കുന്നത്. ഇതിന് പുറമെയാണ് മഞ്ഞുരുകല്‍ മൂലം അന്റാര്‍ട്ടിക്ക് സര്‍ക്കംപോളും തിരിച്ചടി നേരിടുകയാണെന്ന പഠനങ്ങള്‍ വന്നത്.

English Caption
- എന്താണ് കാലാവസ്ഥ വ്യതിയാനം?
ഒരു മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന ശരാശരി കാലാവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളാണ് കാലാവസ്ഥാ വ്യതിയാനം. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനമാണ് ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമായി വരള്‍ച്ച, പ്രളയം, ഭക്ഷ്യ ക്ഷാമം, ജൈവവൈവിധ്യ ശോഷണം എന്നിവയെല്ലാം സംഭവിക്കാമെന്നാണ് പറയപ്പെടുന്നത്.
ആഗോള താപനത്തിന് തടയിടാന്‍ താപ വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ്സില്‍ കൂടുതലാവാതെ നിലനിര്‍ത്തുക എന്നാണ് പാരിസ് ഉടമ്പടി മുന്നോട്ടു വെച്ചിട്ടുള്ളത്. 19-ാം നൂറ്റാണ്ടിനെ അപേക്ഷിച്ച് ആഗോള താപനിലയില്‍ നിലവില്‍ 1.1 ഡിഗ്രി വര്‍ധനവ് സംഭവിച്ചു കഴിഞ്ഞു. 2100 ന്റെ അവസാനത്തോടെ ആഗോള താപന വര്‍ധനവ് രണ്ട് ഡിഗ്രിയെ മറികടന്നേക്കുമെന്ന സൂചനയാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ആഗോള താപനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന പ്രത്യാഘാതങ്ങളിലൊന്ന്. ആഗോള താപനം മഴയുടെ തോത് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. മഴയുടെ തോത് കുറയുന്നത് വരള്‍ച്ചാ സംഭവങ്ങള്‍ അധികരിക്കാനുള്ള കാരണവുമാകുന്നു. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ 2.2 കോടിയാളുകള്‍ (22 മില്ല്യണ്‍) ഭക്ഷ്യക്ഷാമം നേരിട്ടേക്കുമെന്നാണ് നല്‍കുന്ന സൂചനകള്‍.
കാട്ടുതീ സംഭവങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു പ്രത്യാഘാതം. യൂറോപ്പ് കഴിഞ്ഞ വര്‍ഷം അഭിമുഖീകരിച്ച കാട്ടുതീ ഇതിന് ഉത്തമോദാഹരണമാണ്. ഭൂമി ചുട്ടുപ്പൊള്ളുന്നത് മഞ്ഞുരുകല്‍ പോലെയുളള പ്രതിഭാസങ്ങളിലേക്ക് നയിക്കുകയും അതുവഴി ഹരിതഗൃഹ വാതകങ്ങള്‍ കൂടുതലായി അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നു. മഴയുടെ കുറവ് മാത്രമല്ല മഴ തോത് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനം മൂലമാണ്.

- രക്ഷയ്ക്ക് അന്റാര്‍ട്ടിക്ക് ട്രീറ്റി
1959 ഡിസംബര്‍ ഒന്നിന് വാഷിങ്ടണ്‍ ഡിസിയില്‍ വെച്ച് 12 രാജ്യങ്ങള്‍ ഒപ്പുവെക്കുകയും 1961 ജൂണ്‍ 23 ന് നില്‍വില്‍ വരികയും ചെയ്ത അന്റാര്‍ട്ടിക്ക് ഉടമ്പടിയാല്‍ സംരക്ഷിക്കപ്പെട്ട ഇടമാണ് ഈ ഭൂഖണ്ഡം. നിലവില്‍ 54 അല്‍ അധികം രാജ്യങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമാണ്. സൈനിക പ്രവര്‍ത്തനങ്ങളുടെ നിരോധനം, ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, അന്റാര്‍ട്ടിക്കയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയും കാലാവസ്ഥയും സംരക്ഷിക്കുക, ആണവപരീക്ഷണങ്ങള്‍ക്ക് നിരോധനം, റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തടയുക എന്നതെല്ലാം ഇതിന്റെ ഭാഗമാണ്.
1991 ല്‍ അന്റാര്‍ട്ടിക്ക് ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണ പ്രോട്ടോക്കോളുകള്‍. ഒപ്പുവച്ചു. ഇത് അന്റാര്‍ട്ടിക്ക് പരിസ്ഥിതിക്ക് കൂടുതല്‍ സംരക്ഷണം നല്‍കിയിരുന്നു. അമ്പത് വര്‍ഷത്തേക്കുള്ള ഖനന നിയന്ത്രണം, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയെല്ലാം ഈ പ്രോട്ടോക്കോളുകളില്‍ ഉള്‍പ്പെട്ടു. പക്ഷെ ഇതൊന്നും ഇവിടെ കൃത്യമായി പാലിക്കപ്പെടുന്നില്ല. 1990 കളുടെ തുടക്കം മുതലാണ് അന്റാര്‍ട്ടിക്കയിലേക്കുള്ള ടൂറിസം ക്രമാതീതമായി വര്‍ധിക്കുന്നത്. 1992 നും 2020 നും ഇടയ്ക്ക് അന്റാര്‍ട്ടിക്ക സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചുവെന്നാണ് ഇന്റര്‍നാഷല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍(ഐ.യു.സി.എന്‍) ചൂണ്ടിക്കാട്ടുന്നു. 2019-2020 സീസണില്‍ 75,000 ആയിരുന്നത് 2022-2023 സീസണില്‍ 1,04,897 ആയി കൂടി എന്നാണ് ഐ.യു.സി.എന്‍ കണക്ക്.
Content Highlights: climate change Slowing Antarctic Circumpolar, Death Knell for World's Water Flows
Published: 10 Mar 2025, 01:43 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented