കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷീഇൻ എന്ന ചൈനീസ് വസ്ത്ര വ്യാപാര ആപ്പുമായി ധാരണയിലെത്തിയ വിവരം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. 2020ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍, ഡാറ്റ ചോര്‍ത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിരോധിച്ച ആപ്പാണ് ഷീഇൻ. മുകേഷ് അംബാനിയുടെ റിലയന്‍സുമായി സഹകരിച്ചാണ് ഷീഇൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ ഇതിനായുള്ള പുതിയ ആപ്പ് റിലയന്‍സ് അവതരിപ്പിക്കുകയും ചെയ്തു. ഇതോടെ ഈ ചൈനീസ് കമ്പനി, ഇന്ത്യന്‍ കരുത്തനായ റിലയന്‍സിനോടൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ വസ്ത്ര മേഖലയില്‍ ഒരു വിപ്ലവത്തിന് തുടക്കമിടുകയാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
ഈ നീക്കത്തില്‍ ഇന്ത്യന്‍ വസ്ത്ര മേഖലയിലെ ജനപ്രിയ ബ്രാന്‍ഡായ സൂഡിയോയും മിന്ത്രയും ഉള്‍പ്പടെയുള്ള കമ്പനികള്‍ ആശങ്കയിലായിരുന്നു. കരാര്‍ നടപ്പാകുന്നതോടെ ഇന്ത്യയെ കമ്പനിയുടെ ആഗോള ഹബ്ബാക്കി മാറ്റും എന്നായിരുന്നു ധാരണ. ലോകത്തെ ഡിജിറ്റല്‍ ഫാഷന്‍ വിപണയിലേക്ക് ഇറങ്ങാനുള്ള ഇന്ത്യന്‍ സംരംഭകരുടെ സുവര്‍ണാവസരമായിട്ടായിരുന്നു ഇതിനെ പലരും കരുതിയത്. എന്നാലിപ്പോഴിതാ ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം ഷീഇനിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവിനെ പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കമ്പനികളിൽ പിടിമുറുക്കി ചൈന
റീടെയില്‍ വില്‍പ്പനയ്ക്ക് അപ്പുറത്ത് രാജ്യത്തെ ചെറുകിട വ്യവസായങ്ങളുടെ മുഖച്ഛായ മാറ്റാന്‍ സാധ്യതയുള്ളതാണ് ഷീഇൻ-റിലയന്‍സ് കരാര്‍. ഇന്ത്യയിലെ വസ്ത്ര നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങളെ (എം.എസ്.എം.ഇ.) കോര്‍ത്തിണക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൂടിയായി ആപ്പിനെ മാറ്റാനായിരുന്നു പദ്ധതി. ഇത്തരത്തില്‍ ഇന്ത്യയിലെ 25000ത്തിലേറെ ചെറുകിട സംരംഭകരെ ഷീഇന്നിന്റെ ആഗോള സപ്ലൈചെയിനുമായി ലിങ്ക് ചെയ്ത് ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും കരാറിലുണ്ടായിരുന്നു. ഇതിനായി തങ്ങളുടെ സാങ്കേതികവിദ്യയും അനുഭവപരിചയവും റിലയന്‍സുമായി പങ്കുവെക്കാമെന്നും ഷീഇൻ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ തങ്ങളുടെ ആഗോള വില്‍പ്പനയ്ക്കായുള്ള മാനുഫാക്ചറിങ് ഹബ്ബാക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍, വ്യാപാരയുദ്ധം കടുത്തതോടെ ചൈനീസ് സംരംഭകരുടെ മേൽ പിടിമുറിക്കിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. കമ്പനികള്‍ രാജ്യത്തിന് പുറത്തേക്ക് പ്രവര്‍ത്തന കേന്ദ്രങ്ങള്‍ മാറ്റുന്നതിനെതിരേ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നിലവില്‍ ചൈനയ്ക്ക് 245 ശതമാനം താരിഫാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ കമ്പനികള്‍ ഇന്ത്യ പോലുള്ള താരിഫ് കുറഞ്ഞ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ പദ്ധതിയിടുന്നത് തടയുകയാണ് ചൈനയുടെ ലക്ഷ്യം. പരമാവധി ഉത്പാദനം രാജ്യത്തിനകത്ത് തന്നെ നിലനിര്‍ത്താനാണ് ചൈനയുടെ പദ്ധതി. ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും അവര്‍ ലക്ഷ്യമിടുന്നു. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കേണ്ടതിനാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാണ് സാധ്യത. ഇതോടെ റിലയന്‍സുമായി ഒപ്പിട്ട കരാറില്‍ നിന്ന് ഷീഇൻ പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാതെ റിലയന്‍സുമായി കച്ചവടത്തിലെ സഹകരണം മാത്രമാക്കാനും നീക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് വിവരം. എന്നാല്‍ കരാര്‍ അനിശ്ചിതത്വത്തിലാണെന്ന കാര്യം റിലയന്‍സോ ഷീഇൻ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.
എന്താണ് ഷീഇൻ
ഒരു കൊടുങ്കാറ്റുപോലെ വന്ന് ലോകത്തിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളും വസ്ത്രവ്യാപാരവും കീഴ്മേല്‍ മറിച്ച ചൈനീസ് ഡ്രാഗനാണ് ഷീഇൻ. അട്ടിമറിച്ചു എന്ന് പറഞ്ഞാല്‍ അത് പുതുതായി വന്ന ഒരു കമ്പനി വന്‍ വിജയം നേടി എന്ന് മാത്രമല്ല അര്‍ത്ഥം. ആമസോണും സാറയും എച്ച് ആന്‍ഡ് എമ്മും പോലുള്ള ആഗോള കമ്പനികള്‍ പതിറ്റാണ്ടുകളായി തുടരുന്ന ആധിപത്യം 2008ല്‍ മാത്രം സ്ഥാപിതമായ ഷീഇൻ കുറഞ്ഞ കാലം കൊണ്ട് അക്ഷരാര്‍ഥത്തില്‍ അട്ടിമറിക്കുക തന്നെ ചെയ്തു. 2024ലെ മാത്രം കണക്കെടുത്താല്‍ സാറയും എച്ച് ആന്‍ഡ് എം ചേര്‍ന്ന് ആഗോളതലത്തില്‍ നേടിയ വരുമാനം 51 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഈ ചൈനീസ് കമ്പനി ഒറ്റയ്ക്ക് നേടിയത് 48 ബില്യണ്‍ ഡോളറാണ്. സാറക്ക് ലോകത്ത് 2200 എക്സ്‌ക്യൂസീവ് സ്റ്റോറുകളാണ് ഉള്ളത്. എച്ച് ആൻഡ് എമ്മിന് 4200. എന്നാല്‍ ഇവരുടെ ഇരട്ടി വരുമാനം ഷീഇൻ നേടിയത് ഒരു സ്റ്റോര്‍ പോലും സ്വന്തമായി തുടങ്ങാതെയാണ് എന്ന് പറയുമ്പോഴാണ് ഈ അട്ടിമറിയുടെ ആഴം മനസ്സിലാവുക. സാമൂഹികമാധ്യമങ്ങള്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെയുണ്ടായ ഫാസ്റ്റ് ഫാഷന്‍ സാധ്യതകള്‍ കൃത്യമായി മുതലെടുത്തതാണ് കമ്പനിയുടെ അസാമാന്യ വിജയത്തിന് അടിത്തറയായത്.
പാശ്ചാത്യലോകം മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന 2012 ലാണ് ക്രിസ് ക്സു എന്ന ചൈനീസ് സംരംഭകന്‍ ഷീഇൻ എന്ന ആപ്പ് ആരംഭിക്കുന്നത്. ഫാഷന്‍ മേഖലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന ഇദ്ദേഹം ഒരു സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ വിദഗ്ധനായിരുന്നു. ചൈനീസ് സംരംഭകര്‍ നിര്‍മിക്കുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ മാര്‍ക്കറ്റുണ്ടെന്ന തിരിച്ചറിവായിരുന്നു ഈ ആപ്പ് തുടങ്ങുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. എന്നാല്‍, വന്‍കിട കോര്‍പ്പറേറ്റുകള്‍ അരങ്ങുവാഴുന്ന ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ കരുതലോടെയും തന്ത്രപരമായിട്ടുമായിരുന്നു ഷീഇന്നിന്റെ രംഗപ്രവേശനം. വന്‍കിട ബ്രാന്‍ഡുകളുടേതിന് സമാനമായ ഫാഷന്‍ വസ്ത്രങ്ങള്‍ ഞെട്ടിക്കുന്ന വിലക്കിഴിവിന് ലഭിക്കുമെന്നതിനാല്‍ ആപ്പ് ശ്രദ്ധിക്കപ്പെടാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല. ക്രിസ് ക്സു തന്റെ എസ്.ഇ.ഒ വൈദഗ്ധ്യം കൂടെ ക്യത്യമായി ഉപയോഗിച്ചതോടെ വളരെ പെട്ടെന്ന് തന്നെ ഞെട്ടിക്കുന്ന വിലക്കുറവില്‍ ഫാഷന്‍ വസ്ത്രങ്ങള്‍ ലഭിക്കുന്ന ആപ്പ് ആഗോള സെന്‍സേഷനായി മാറി. വസ്ത്രങ്ങള്‍ക്ക് പുറമെ മറ്റ് ഫാഷന്‍ മേഖലകളിലേക്കും കമ്പനി മുന്നേറി. ഇതോടെ സപ്ലൈ ചെയിനിലും കമ്പനി പുതിയ തന്ത്രങ്ങള്‍ പയറ്റി.
കസ്റ്റമര്‍ ഡാറ്റ മുതല്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വരെ
ഫാഷന്‍ ട്രെന്‍ഡുകള്‍ കൃത്യമായി തിരിച്ചറിയുക എന്നതായിരുന്നു ഇതില്‍ ആദ്യത്തെ ഘട്ടം. എ.ഐ ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലെ ഉള്‍പ്പടെ കസ്റ്റമര്‍ ബിഹേവിയറല്‍ ഡാറ്റകള്‍ കമ്പനി കൃത്യമായി വിശകലനം ചെയ്തു. ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത്, ഏതൊക്കെ ഫാഷന്‍ ട്രെന്‍ഡുകളാണ് ഉള്ളതെന്ന് കൃത്യസമയത്ത് മനസ്സിലാക്കി. ഇത് കമ്പനി തങ്ങളുടെ ഡിസൈനര്‍മാര്‍ക്ക് കൈമാറി ഈ ട്രെന്‍ഡ് അനുസരിച്ചുള്ള ഡിസൈനുകള്‍ നിര്‍മിച്ചു. ഈ ഡിസൈനുകള്‍ പിന്നീട് കമ്പനിക്ക് പുറത്തുള്ള ചെറുകിട സംരംഭകര്‍ക്ക് കൈമാറി അവരെ കൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ മിതമായ എണ്ണം വസ്ത്രങ്ങള്‍ തയ്യാറാക്കും. ഇത് ആപ്പിലൂടെ വില്‍പ്പനയ്ക്കെത്തിക്കും. ഇതിനോടുള്ള പ്രതികരണം കൃത്യമായി വിലയിരുത്തി വിജയിച്ചാല്‍ വലിയ അളവില്‍ ഉത്പാദിപ്പിക്കും. പരാജയപ്പെട്ടാല്‍ ആ ഡിസൈന്‍ പിന്നീട് നിര്‍മിക്കില്ല. അപ്പോഴേക്കും അടുത്ത ഡിസൈന്‍ എത്തും. ഡിമാന്‍ഡിനും ട്രെന്‍ഡിനും അനുസരിച്ച് മാത്രമുള്ള ഉത്പാദനം.
ഇത്തരത്തില്‍ പ്രവര്‍ത്തനച്ചെലവ് നല്ല രീതിയില്‍ കുറയ്ക്കാനും വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും കമ്പനിക്ക് സാധിച്ചു. ഷീഇന്നുമായി സഹകരിക്കുന്ന സംരംഭകര്‍ക്കാകട്ടെ മെച്ചപ്പെട്ട വരുമാനവും പുത്തന്‍ ട്രെന്‍ഡി ഡിസൈനുകളും കിട്ടി. വന്‍കിട കമ്പനികള്‍ മാസങ്ങളെടുത്ത് പുതിയ ഡസൈനുകള്‍ തയ്യാറാക്കി വിപണിയിലെത്തിക്കുമ്പോള്‍ ഷീഇൻ ദിവസങ്ങള്‍ കൊണ്ട് നേരിട്ട് ആവശ്യക്കാരിലേക്കെത്തിച്ചു. തയ്യാറാക്കിയ ഡിസൈനുകള്‍ ട്രെന്‍ഡ് ഔട്ട് ആകുമ്പോള്‍ വന്‍കിട കമ്പനികള്‍ക്കുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടങ്ങളും പുതിയ തന്ത്രത്തിലൂടെ ഷീഇൻ ഇല്ലാതാക്കി. ഷീഇന്നിന്റെ മറ്റൊരു വിജയരഹസ്യം കൃത്യമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളായിരുന്നു. പരസ്യത്തിന് കോടികള്‍ ചെലവഴിക്കുന്ന കോര്‍പ്പറേറ്റ് രീതിക്ക് പിറകെ പോയില്ല. പകരം ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് തങ്ങളുടെ പ്രൊഡക്ടുകള്‍ എത്തിച്ച് അവരെക്കൊണ്ട് അത് ട്രെന്‍ഡിങ് ആക്കിച്ചു. ഷീഇൻ ഹാഷ്ടാഗുകള്‍ ടിക്ക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും കോടിക്കണക്കണക്കിന് കാഴ്ചക്കാരിലേക്കെത്തി. യൂറോപ്പിലും അമേരിക്കയിലും ടിക്‌ടോക് വളര്‍ന്നതിനൊപ്പം ഷീഇന്നും വളര്‍ന്നു.
നിലവില്‍ 150 ലേറെ രാജ്യങ്ങളിലേക്കാണ് കമ്പനി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ ജെന്‍ സി തലമുറയാണ് കമ്പനിയുടെ പ്രധാന കസ്റ്റമർമാർ. 2022 നവംബറിലെ കണക്കുപ്രകാരം അമേരിക്കയിലെ ഫാസ്റ്റ് ഫാഷന്‍ കച്ചവടത്തിന്റെ 50 ശതമാനവും ഷീഇന്നിലൂടെയാണ് നടക്കുന്നത്. 2023 ഡിസംബറില്‍ ലോകത്തെ ആകെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 2.6% ഷീഇൻ വെബ്‌സൈറ്റിലേക്കായിരുന്നു. ഇതിനിടയില്‍ ന്യൂയോര്‍ക്കില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം നടന്നില്ല. അമേരിക്കന്‍ സെനറ്റില്‍ കമ്പനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളായിരുന്നു ഇതിന് കാരണം. കമ്പനി ചൈനയില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിക്കുന്നതായും പരിസ്ഥിതി മലിനീകരണം നടത്തുന്നതായുമെല്ലാം വിമര്‍ശനങ്ങളുയര്‍ന്നു. കമ്പനിയുടെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച ദുരൂഹതകളുയര്‍ത്തുന്നതാണ് എന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍, ഇത് അമേരിക്കന്‍ കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന പ്രൊപ്പഗാന്‍ഡകളാണെന്നായിരുന്നു കമ്പനിയുടെ മറുപടി. നിലവില്‍ ചൈന, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ചെറുകിട സംരംഭകരെയാണ് കമ്പനി വസ്ത്രനിര്‍മാണത്തിനായി ആശ്രയിക്കുന്നത്. റിലയന്‍സുമായുള്ള കരാറിലൂടെ ഇതിലേക്ക് ഇന്ത്യകൂടി എത്താനുള്ള സാഹചര്യമാണ് ഒരുങ്ങിയിരുന്നത്.
പ്രതിസന്ധികള്‍ അവസാനിക്കുമോ?
2020ലെ ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ ഇന്ത്യയ്ക്കുണ്ടായ വലിയ നഷ്ടമായിരുന്നു ഷീഇൻ. അതിലൂടെ ഇന്ത്യന്‍ സംരഭകര്‍ക്ക് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോക ഫാഷന്‍ വിപണിയിലേക്ക് ഇറങ്ങാനുള്ള സുവര്‍ണാവസരമായിരുന്നു നഷ്ടമായത്. എന്നാലിപ്പോള്‍ റിലയന്‍സിന്റെ സഹകരണത്തോടെ ഇന്ത്യയുടെ നിബന്ധനകള്‍ അംഗീകരിച്ചാണ് ഷീഇൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഡാറ്റ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യത്തില്‍ ഇന്ത്യന്‍ ആശങ്കകള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളും കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. കമ്പനിയെ സംബന്ധിച്ചും ഇന്ത്യയിലെ ചെലവ് കുറഞ്ഞ ഉത്പാദനവും വിപണിയും നിര്‍ണായകമായിരുന്നു. ഇതാണിപ്പോള്‍ വ്യാപാര സംഘര്‍ഷങ്ങള്‍ കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് ഈ പ്രതിസന്ധികള്‍ ഇല്ലാതാവുമെന്നും ഈ കമ്പനികളുടെ സഹകരണം സാധ്യമാവുമെന്നുമാണ് ചില വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.
Content Highlights: china tariffs hit shein reliance deal India losing its shot as fast zudio
Published: 21 Apr 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented