
ന്യൂഡല്‍ഹിയില്‍ നടന്ന ജി- 20 ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി(India Middle East Europe Economic Corridor)യുടേതായിരുന്നു. ഇന്ത്യയും അറേബ്യന്‍ ഗള്‍ഫിനേയും യൂറോപ്പിനേയും റെയില്‍, കപ്പല്‍ മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി.) പങ്കാളിത്ത രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക-രാഷ്ട്രീയബന്ധം ഉറപ്പിക്കുന്നതിനുള്ള പാതയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിക്ക് ബദലായാണ് ഈ ചരക്കുകടത്ത് പാത വിഭാവനം ചെയ്യുന്നത്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതി ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ മേയില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.എസ്., ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് പദ്ധതി സംബന്ധിച്ച പ്രാഥമിക ധാരണ രൂപപ്പെടുത്തിയത്. പിന്നാലെ ഇന്ത്യയില്‍ നടന്ന ജി ഇരുപത് ഉച്ചകോടിയില്‍ പദ്ധതി പ്രഖ്യാപിക്കുകയും ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.
ചരക്ക് നീക്കത്തിനപ്പുറം ഊര്‍ജ്ജ സുരക്ഷയും അന്താരാഷ്ട്ര സഹകരണവുമാണ് പദ്ധതികൊണ്ട് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ നിലവിലുള്ള കടല്‍, റോഡ് ഗതാഗത റൂട്ടുകളേക്കാള്‍ ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ചരക്ക് നീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതിക്കും ആശയവിനിമയത്തിനുമായി കേബിളുകള്‍ സ്ഥാപിക്കാനും ഹൈഡ്രജന്‍ കയറ്റുമതിക്കുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത് ഊര്‍ജവിഭവങ്ങളുടെ കൈമാറ്റവും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യതകളും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും മധേഷ്യയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് ശമനം കാണുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബി.ആര്‍.ഐ.) മറുപടിയായി പാശ്ചാത്യലോകം വിഭാവനം ചെയ്യുന്ന ഐ.എം.ഇ.സിക്ക് മുന്നില്‍ തടസങ്ങളും കുറവല്ല. പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചൈനയുടെ മനസിലിരുപ്പ് വ്യക്തമല്ല. പുതിയ ഇടനാഴി ഇന്ത്യയ്ക്ക് എത്രത്തോളം ഗുണകരമാകും എന്നതാണ് നമ്മളെ സംബന്ധിച്ചുള്ള വലിയ ചോദ്യം. നമ്മുടെ വ്യാപാര-വാണിജ്യ താല്പര്യങ്ങള്‍ എത്രത്തോളം പൂര്‍ത്തീകരിക്കാന്‍ ഇടനാഴിക്ക് സാധിക്കും ?
എന്താണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി?
ഏഷ്യയേയും യൂറോപ്പിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു അന്തര്‍ദേശീയ റെയില്‍- ഷിപ്പിങ് റൂട്ടാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.സി.). ഇന്ത്യയ്ക്കും മധ്യപൂര്‍വേഷ്യയ്ക്കും യൂറോപ്പിനും ഇടയില്‍ ഒരു കപ്പല്‍- റെയില്‍ കണക്റ്റിവിറ്റി എന്ന ആശയം ഇക്കഴിഞ്ഞ മെയില്‍ സൗദി അറേബ്യയില്‍ നടന്ന ബഹുരാഷ്ട്ര യോഗത്തിലാണ് ഉരുത്തിരിഞ്ഞത്. യു.എസ്, സൗദി, യു.എ.ഇ., ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയെയും ഗള്‍ഫ് രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കന്‍ കോറിഡോര്‍, ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കന്‍ കോറിഡോര്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഇടനാഴികളാണ് പദ്ധതിയിലുള്ളത്. ഏഷ്യയും മധ്യപൂര്‍വേഷ്യയും യൂറോപ്പും തമ്മിലുള്ള ഈ പാത സാമ്പത്തിക വികസനവും മികച്ച കണക്ടിവിറ്റിയുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കും തുടര്‍ന്ന് യൂറോപ്പിലേയ്ക്കും കുറഞ്ഞ ചെലവില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിക്കായി സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, യു.എ.ഇ., ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.എസ്. എന്നീ രാജ്യങ്ങള്‍ തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഇന്ത്യ, മധ്യേഷ്യ, യൂറോപ്പ് എന്നീ മേഖലകളെ റെയില്‍-കപ്പല്‍ മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കുകയും ചരക്ക്-സേവന കടത്തും വ്യാപാരവും ശക്തമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതുവഴി മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി, സാമ്പത്തിക വളര്‍ച്ച സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രാദേശിക വിതരണ ശൃംഖല, വ്യാപാരബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാര സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിലുള്ള വ്യാപാരത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുമെന്നും കണക്കുകൂട്ടുന്നു. വൈദ്യുതിക്കും ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കുമായി കേബിള്‍ സ്ഥാപിക്കാനും ക്ലീന്‍ ഹൈഡ്രജന്‍ കയറ്റുമതിക്കുള്ള പൈപ്പ് സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. റെയില്‍പ്പാതകള്‍ക്കൊപ്പമാണ് പങ്കാളിത്ത രാജ്യങ്ങള്‍ വൈദ്യുതി-ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ കേബിളുകളും സ്ഥാപിക്കുക. എന്നാല്‍ പദ്ധതിയുടെ ചെലവ്, ധനസഹായം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇതുവരെ കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അംഗരാജ്യങ്ങള്‍ പദ്ധതിക്കായി പണം മുടക്കുന്നതിനൊപ്പം ജി ഏഴ് രാജ്യങ്ങളുടെ കൂട്ടായ്മയും പദ്ധതിയില്‍ സഹകരിച്ചേക്കുമെന്നാണ് കരുതുന്നത്.
പദ്ധതി എങ്ങനെ, എന്താണ് നേട്ടം?
അതിര്‍ത്തി കടന്നുള്ള റെയില്‍-കപ്പല്‍ ഗതാഗതമാണ് ഐ.എം.ഇ.സിയുടെ പ്രധാന പ്രത്യേകത. യു.എ.ഇ-സൗദി-അമ്മാന്‍ റെയില്‍ ശൃംഖല വിപുലപ്പെടുത്തിക്കൊണ്ടാകും തുടക്കത്തില്‍ പദ്ധതി നടപ്പാക്കുക. ഇതിനായി ഇസ്രായേല്‍ തുറമുഖമായ ഹൈഫയുമായി അമ്മാനെ ബന്ധിപ്പിക്കുന്ന 300 കിലോമീറ്റര്‍ അധിക ശൃംഖല നിര്‍മിക്കും. പദ്ധതിയില്‍ നിന്ന് യു.എ.ഇ. വലിയ ലാഭം പ്രതീക്ഷിക്കുന്നതിനാല്‍ ഈ നിര്‍മാണത്തിനുള്ള ധനസഹായം നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാന്‍സിറ്റ് ഫീസ് അടക്കമുള്ള ഉയര്‍ന്ന നിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ സൂയസ് കനാല്‍ വഴിയുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ചരക്ക് നീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് പദ്ധതിക്ക് നേട്ടമാകും. ഒപ്പം വ്യാപാരം, ഊര്‍ജം, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി എല്ലാ മേഖലയിലും നിക്ഷേപം എത്തിയേക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. കൂടാതെ ചെവല് കുറഞ്ഞ കാര്യക്ഷമതമായ ചരക്ക് നീക്കത്തിനൊപ്പം മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഹരിതഗൃഹവാതക പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്നും അതുവഴി പരിസ്ഥിതി പ്രശ്‌നങ്ങളില്‍നിന്ന് മുക്തമായ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നതും പദ്ധതിയുടെ വിശാലമായ ലക്ഷ്യത്തിലൊന്നാണ്.
മധ്യേഷ്യയില്‍ ചൈനയുടെ കണ്ണ് പതിഞ്ഞുട്ട് നാളെറെയായി. മേഖലയിലെ പല പ്രധാന രാജ്യങ്ങളുമായും അവര്‍ക്ക് നല്ല ബന്ധമാണുള്ളതും. ഇത് മുതലെടുത്തുകൊണ്ടാണ് മേഖലയിലെ രാഷ്ട്രങ്ങളെയും യൂറോപ്പിനെയും റോഡ്, റെയില്‍, കപ്പല്‍ കണക്ടിവിറ്റിയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ചൈന രൂപം കൊടുത്തത്. എന്നാല്‍ ചൈനയുടെ ഈ നീക്കം അമേരിക്കന്‍ താല്‍പ്പര്യങ്ങളെ വന്‍തോതില്‍ ബാധിച്ചിരുന്നു. നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കന്നതിന് അമേരിക്ക ചരടുവലികള്‍ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി ചൈനാ വിരുദ്ധ മുന്നണി കെട്ടിപ്പെടുക്കാനും സാമ്പത്തിക ഇടനാഴി സാധ്യമാക്കാനും മാസങ്ങളായി അമേരിക്ക സമ്മര്‍ദം ചെലുത്തുകയായിരുന്നു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പലവിധ കാരണങ്ങളാല്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോയിട്ടില്ല. പദ്ധതിയുടെ ഭാഗമാകുന്നതോടെ വരുന്ന സാമ്പത്തിക ബാധ്യത പല രാജ്യങ്ങളേയും പിന്നോക്കം വലിക്കുന്നുണ്ട്. പദ്ധതിയിലെ അംഗരാജ്യങ്ങള്‍ ചൈനീസ് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് ബാധ്യതയില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് പുതിയ ഇടനാഴിക്ക് വേണ്ടി അമേരിക്ക മുന്നിട്ടിറങ്ങിയത്. മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇടനാഴി ഗുണം ചെയ്യുമെന്നും ആഗോള വാണിജ്യത്തില്‍ മധ്യേഷ്യക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നുമാണ് അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ അഭിപ്രായപ്പെട്ടത്.
സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് സാധിക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞ് ഉരുകുന്നുണ്ടെങ്കിലും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല. ഇസ്രായേല്‍, യു.എ.ഇ., ബഹ്റൈന്‍ എന്നിവ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയ കരാറില്‍ സൗദി അറേബ്യ ചേര്‍ന്നിട്ടുമില്ല. ഗതാഗതവും ഊര്‍ജവും ഉള്‍പ്പെടെ ആറ് മേഖലകളില്‍ ആഴത്തിലുള്ള ഇടപെടലുകള്‍ക്കായി 2021-ല്‍ രൂപീകരിച്ച ഇന്ത്യ, ഇസ്രായേല്‍, യു.എ.ഇ., യു.എസ്. എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും അവര്‍ വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തില്‍ സൗദി അറേബ്യയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യുഎസ് പലവട്ടം ശ്രമിച്ചിരുന്നു. പലസ്തീന്‍ പ്രശ്‌നമടക്കം കീറാമുട്ടിയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇടനാഴി പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. എങ്കിലു ഇതുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതിക്ക് സാധിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയ്ക്ക് എന്താണ് നേട്ടം?
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ചിലവ് കുറഞ്ഞ ഇടനാഴിയാണ് ഐ.എം.ഇ.സി. പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായാല്‍, പരമ്പരാഗത യാത്രാ മാര്‍ഗങ്ങളെ അപേക്ഷിച്ച് ചരക്കുനീക്കത്തിന്റെ ചെലവും സമയവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം, ഐ.എം.ഇ.സി ചരക്ക് നീക്കത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും. ഒപ്പം അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഐക്യം വര്‍ദ്ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. അതിര്‍ത്തി കടന്നുള്ള ഷിപ്പിങ്- റെയില്‍ ഇടനാഴി ലോജിസ്റ്റിക് ചെലവുകള്‍ കുറയ്ക്കുന്നതിനൊപ്പം യു.എ.ഇ., സൗദി അറേബ്യ, ഇന്ത്യ, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കും. ഉദാഹരണത്തിന്, ഇന്ത്യയുടെ എഞ്ചിനീയറിങ് കയറ്റുമതിയുടെ ലക്ഷ്യസ്ഥാനം പ്രാഥമികമായി മിഡില്‍ ഈസ്റ്റും യൂറോപ്പുമാണ്. ഇതടക്കമുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുപോലെ ചരക്കുകള്‍ ഷിപ്പിങ്, റെയില്‍ ശൃംഖല വഴി മിഡില്‍ ഈസ്റ്റിലേക്കും തുടര്‍ന്ന് യൂറോപ്പിലേക്കും എത്തിക്കാനും ഇത് ഇന്ത്യക്ക് അവസരം നല്‍കുന്നു. ചെലവ് കൂടിയ സൂയസ് കനാല്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
യൂറോപ്പിലെ കൂടുതല്‍ രാജ്യങ്ങളുമായി വിപുലമായ വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്ത്യ അന്വേഷിച്ചു വരികയായിരുന്നു. എന്നാല്‍ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് പാകിസ്താന്റെ സാന്നിധ്യം ചില തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഇറാന്‍, അസര്‍ബൈജാന്‍ വഴി ഇന്ത്യയെ റഷ്യയിലേയ്ക്ക് ബന്ധിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സിറ്റ് കോറിഡോര്‍ (ഐ.എന്‍.എസ്.ടി.സി.) ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ ഇറാനും റഷ്യയും ചൈനയോട് അടുത്തത് പദ്ധതിയുടെ വേഗം കുറച്ചു. എന്നാല്‍ നിലവില്‍ വിഭാവനം ചെയ്യുന്ന ഇടനാഴി ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പാകിസ്താനെയും ചൈനയേയും മറികടന്ന് ഗള്‍ഫ് രാജ്യങ്ങളുമായും യൂറോപ്പുമായും വ്യാപാരം നടത്താനുള്ള വഴി തുറന്നിടുന്നതാണ്. യൂറോപ്പിലേയും മധ്യപൂര്‍വേഷ്യയിലേയും സാധ്യതയുള്ള വിപണികളിലേക്കും ഇടനാഴി പ്രവേശനം നല്‍കും. ഈ മേഖലയ്ക്ക് ഇതിനകം തന്നെ വളരെയധികം പ്രാധാന്യമാണ് ഇന്ത്യ നല്‍കുന്നത്. ഐ.എം.ഇ.സി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യ-മധ്യേഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലയാണ് ഈ പ്രദേശം. പ്രത്യേകിച്ചും ഈ മേഖലയില്‍ ചൈനയുടെ വലിയ സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തില്‍. അതിനാല്‍ തന്നെ മധ്യേപൂര്‍വേഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഐ.എം.ഇ.സി വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് ബദലോ?
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന് (ബി.ആര്‍.ഐ.) മറുപടിയായാണ് ഐ.എം.ഇ.സി പദ്ധതിയെ പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്. ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ നയതന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്. ഈ പദ്ധതി മികച്ചതാക്കാനും കൂടുതല്‍ ലോകാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാനുമുള്ള വലിയ ശ്രമമാണ് ചൈനീസ് നേതൃത്വവും ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും തുടക്കം മുതല്‍ നടത്തിയിരുന്നത്. ആഗോള ആശയവിനിമയ സംവിധാനം, വ്യാപാരം, സാമ്പത്തികം എന്നിവയെ അടിസ്ഥാനപരമായി മാറ്റി മറിക്കാന്‍ ശേഷിയുള്ളതാണ് ഇതെന്നാണ് ചൈന ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ചത്. പൂര്‍ണ്ണ സജ്ജമായാല്‍ 60 രാജ്യങ്ങളെയും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഗോള ജി.ഡി.പിയുടെ 55 ശതമാനവും ആഗോള ഊര്‍ജ കരുതല്‍ ശേഖരത്തിന്റെ 75 ശതമാനവും ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 1.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള 900 അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ചൈനീസ് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേക ഫണ്ടുകള്‍ എന്നിവയില്‍ നിന്നാണ് സാമ്പത്തിക സഹായം ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്.
ഐ.എം.ഇ.സി സജീവമാകുമ്പോള്‍ അത് ചൈനയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ചൈനയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്നതും പാക് അധിനിവേശ കശ്മീരീലൂടെ കടന്ന് പോകുന്ന സാമ്പത്തിക ഇടനാഴിക്ക് ബദല്‍ എന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്. ഐ.എം.ഇ.സി സജ്ജമായാല്‍ ഇന്ത്യയുടെ ചരക്ക് നീക്കം വേഗത്തിലാകുന്നതും രാജ്യത്തിന് പദ്ധതിയിയില്‍ വലിയ പ്രാധാന്യം ലഭിക്കുന്നതും ചൈനയ്ക്ക് വെല്ലുവിളിയാകുക. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് സാമ്പത്തിക ബാധ്യതയാകുമോ എന്ന് പേടിച്ച് ചില രാജ്യങ്ങള്‍ മാറിനില്‍ക്കുന്നതും അവര്‍ക്ക് വെല്ലുവളിയാണ്. വികസ്വര രാജ്യങ്ങള്‍ക്ക് ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിവ് ഒരു 'കടക്കെണി' ആണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, ബി.ആര്‍.ഐയില്‍ ചേര്‍ന്ന ശ്രീലങ്ക സമീപ വര്‍ഷങ്ങളില്‍ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. അടുത്തിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബിആര്‍ഐയില്‍ നിന്ന് പിന്മാറാനുള്ള താല്പര്യം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ അറിയിച്ചു. യൂറോപ്പിലെ വ്യാപാരികളെ സംബന്ധിച്ചും ആകര്‍ഷകമായ ഒന്നാണ് ഐ.എം.ഇ.സി. എന്നാല്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് പദ്ധതിക്ക് വെല്ലുവിളിയാകുന്ന ഐ.എം.ഇ.സി കൂടുതല്‍ സജീവമാകുമ്പോള്‍ ബീജിങ് അടങ്ങിയിരിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

കാത്തിരിക്കുന്ന വെല്ലുവിളികള്‍
സാമ്പത്തിക ഇടനാഴി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതിലും അന്താരാഷ്ട്ര ചരക്കുഗതാഗതം വിപുലീകരിക്കുന്നതിലും തടസങ്ങളും കുറവല്ല. ലക്ഷ്യങ്ങളുടെ കാര്യത്തില്‍, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവും ഏതാണ്ട് സമാനമാണ്. എന്നാല്‍ ചൈനയുടെ പദ്ധതിയുടെ വ്യാപ്തി വലുതാണ്. 2013-ല്‍ ചൈന പ്രഖ്യാപിച്ച പദ്ധതിയില്‍ 150-ലധികം രാജ്യങ്ങളുമായും 30-ലധികം അന്താരാഷ്ട്ര സംഘടനകളുമായും സഹകരണ രേഖകളില്‍ ഒപ്പുവച്ചിട്ടുണ്ട്. ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ സമാഹരിക്കുകയും ചെയ്തു. ഐ.എം.ഇ.സിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച ഇറ്റലി, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ബി.ആര്‍.ഐയുടെയും ഭാഗമാണ്. എന്നാല്‍ ഇറ്റലി അതില്‍ നിന്ന് പിന്മാറാനുള്ള ശ്രമത്തിലാണ്. ഐ.എം.ഇ.സി പദ്ധതി ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിനെക്കുറിച്ചോ ചൈനയെക്കുറിച്ചോ ഒന്നും പറയുന്നില്ലെങ്കിലും അതിന് സമാന്തരമാണ് ഈ പദ്ധതിയും. ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിനെ നേരിടുക തന്നെയാണ് അത്യന്തിക ലക്ഷ്യവും. എന്നാല്‍ ചൈനയുടെ ബി.ആര്‍.ഐ ഇതിനകം തന്നെ ഐ.എം.ഇ.സിയെക്കാള്‍ ഒരു ദശാബ്ദം മുന്നിലാണെന്ന് വിലയിരുത്തുന്നത്.
ഐ.എം.ഇ.സിയുടെ ഫണ്ടിങ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല. ജി ഏഴ് കൂട്ടായ്മ മുന്‍കൈയെടുത്ത് സ്ഥാപിച്ച 'ബില്‍ഡ്-ബാക്ക്-ബെറ്റര്‍ വേള്‍ഡ്' പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ അംഗ-രാഷ്ട്രങ്ങള്‍ പദ്ധതിയില്‍ നിക്ഷേപം നടത്തിയേക്കും. എന്നാല്‍ ലോണുകള്‍, ഗ്രാന്റുകള്‍, സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവ വഴി ഫണ്ട് കണ്ടെത്തുന്ന ചൈനയുടെ ബി.ആര്‍.ഐയില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളെ ആകര്‍ഷിക്കാനാണ് ബില്‍ഡ്-ബാക്ക്-ബെറ്റര്‍ വേള്‍ഡ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ ബില്‍ഡ്-ബാക്ക്-ബെറ്റര്‍ വേള്‍ഡ് പ്രോജക്റ്റുകള്‍ക്ക് സ്ഥിരമായ ധനസഹായം ഉറപ്പാക്കുന്നത് വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കും. ഇക്കാര്യത്തിലും ചില അനിശ്ചിതത്വങ്ങള്‍ നേരിടാനിടയുണ്ട്. ഫണ്ട് ലഭ്യമാക്കുന്നതില്‍ ഉണ്ടായേക്കാവുന്ന കാലതാമസം പദ്ധതി മന്ദഗതിയിലാക്കാനും ചെലവ് വര്‍ധിക്കാനും പ്രവര്‍ത്തനക്ഷമത കുറയുന്നതിനും ഇടയാക്കും.
ഇതിനെല്ലാം പുറമേ ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ഉറച്ച പദ്ധതി തയ്യാറാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. വിവിധ രാജ്യങ്ങളെ കൂട്ടിയിണക്കി റെയില്‍വേ ലൈനുകള്‍, തുറമുഖ കണക്റ്റിവിറ്റി എന്നിവയുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിന് ഉയര്‍ന്ന തലത്തിലുള്ള ഏകോപനവും ആസൂത്രണവും ആവശ്യമാണ്. ഇടനാഴി യു.എ.ഇ, സൗദി, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ രാജ്യങ്ങളെ ഒരു മേശയ്ക്ക് ചുറ്റും എത്തിക്കുന്നതും വെല്ലുവിളിയാണ്. ഇതിന് സാമ്പത്തികവും നയതന്ത്രപരവുമായ നീക്കങ്ങള്‍ ആവശ്യമാണ്. ഒപ്പം ഇറ്റലി, സൗദി അറേബ്യ, യുഎഇ എന്നിവര്‍ ബി.ആര്‍.ഐയുടെ ഭാഗമാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ പദ്ധതി വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന ബി.ആര്‍.ഐ രാജ്യാന്തര തലത്തിലുള്ള ഏകോപനം, സാമ്പത്തിക പ്രശ്‌നങ്ങള്‍, രാഷ്ട്രീയ പ്രതിസന്ധികള്‍, നയതന്ത്ര പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്കും സമാനമായ വെല്ലുവിളികള്‍ നേരിട്ടേക്കാം.
Content Highlights: How does India Middle East Europe Economic Corridor compare with Belt and Road Initiative
Published: 15 Sept 2023, 02:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented