വികസ്വര രാജ്യങ്ങളുമായി സാമ്പത്തികബന്ധം സ്ഥാപിക്കാന്‍ ചൈന കഴിഞ്ഞ ഒരു ദശാബ്ദമായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ.). ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ സ്വപ്‌ന പദ്ധതി. ഇതുവരെ 150-ല്‍ അധികം രാജ്യങ്ങളാണ് ബി.ആര്‍.ഐയുടെ ഭാഗമായത്. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഗോള ജി.ഡി.പിയുടെ 40 ശതമാനവും വരുമിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റോം സന്ദര്‍ശനവേളയില്‍ 2019-ലാണ് ഇറ്റലി ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. അമേരിക്കയേയും മറ്റ് പാശ്ചാത്യരാജ്യങ്ങളേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആ തീരുമാനം. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ചേരുന്ന ആദ്യത്തെ ജി ഏഴ് രാജ്യമായിരുന്നു ഇറ്റലി. ചൈനയെ സംബന്ധിച്ച്  ഒരു പ്രധാന നയതന്ത്രമുന്നേറ്റമായിരുന്നു അത്. എന്നാല്‍ ഈ നീക്കം ഇറ്റലിക്കുള്ളിലും ജി ഏഴ് കൂട്ടായ്മയിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. പിന്നാലെ കരാറില്‍ ഒപ്പുവെച്ചതിന്റെ പേരില്‍ അമേരിക്കയില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നും ശക്തമായ വിമര്‍ശനവും അവര്‍ നേരിട്ടു. 

To advertise here,

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ഒരുങ്ങുകയാണ് ഇറ്റലി. ഔപചാരികമായി പിന്മാറാന്‍ മൂന്ന് മാസം മുമ്പ് അഭ്യര്‍ഥിച്ചില്ലെങ്കില്‍ കരാര്‍ 2024 മാര്‍ച്ചില്‍ തനിയെ പുതുക്കും. ഈ സാഹചര്യത്തിലാണ് ചൈനയുമായുള്ള കരാറില്‍നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോണി (Giorgia Meloni) പറഞ്ഞത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ചേര്‍ന്നത് ഒരു മോശം തീരുമാനമായിരുന്നുവെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗീഡോ ക്രൊസെത്തോ (Guido Crosetto)യും അഭിപ്രായപ്പെട്ടിരുന്നു. നാല് വര്‍ഷം മുമ്പ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നീക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും അതേസമയം ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി കുതിച്ചുയരുകയാണെന്നുമാണ് ഗീഡോ ക്രൊസെത്തോ ഒരു അഭിമുഖത്തില്‍ വിമര്‍ശിച്ചത്. ചൈനയുമായുള്ള ബന്ധം വഷളാകാതെതന്നെ എങ്ങനെ ഇതില്‍നിന്ന് പുറത്ത് കടക്കാമെന്നതാണ് ഇറ്റലിയെ വലയ്ക്കുന്ന പ്രശ്‌നം. പിന്നാലെ ചൈനയുടെ വക ഭീഷണിയുമെത്തി.ഒപ്പം ഇറ്റലിയെ അനുനയിപ്പിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയും ചെയ്തു ചൈന. അതേസമയം തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നയതന്ത്ര പരീക്ഷണം അഭിമുഖീകരിക്കുന്ന മെലോണിക്കാകട്ടെ വേഗത്തിലൊരു തീരുമാനം എടുക്കണം വേണം. 

ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്

ചൈനയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ.) ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ നിരവധി രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന കര-സമുദ്ര വ്യാപാര മാര്‍ഗങ്ങളുടെ ഒരു ശൃംഖലയാണ് ബി.ആര്‍.ഐ. 2013-ല്‍ കസാഖിസ്താന്‍, ഇന്‍ഡോനീഷ്യ എന്നിവിടങ്ങളില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ചൈനീസ് പ്രസിഡന്റ് പദ്ധതി പ്രഖ്യാപിച്ചത്. ഓവര്‍ലാന്‍ഡ് സില്‍ക്ക് റോഡ് ഇക്കണോമിക് ബെല്‍റ്റ്, മാരിടൈം സില്‍ക്ക് റോഡ് എന്നിങ്ങനെ പദ്ധതിക്ക് രണ്ട് ഭാഗങ്ങളാണ് പദ്ധതിക്കുണ്ടായിരുന്നത്. ഇവ രണ്ടും ചേര്‍ത്ത് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് എന്നാണ് തുടക്കത്തില്‍ വിളിച്ചിരുന്നതെങ്കിലും പന്നീട് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് ആയി മാറി. 2016-ലാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പേര് പദ്ധതിക്ക് ചൈന നല്‍കുന്നത്. ഒരു ട്രില്യണ്‍ ഡോളറാണ് പദ്ധതിക്കായി ചൈന ബജറ്റില്‍ മാറ്റിവെച്ചത്. ചൈനയെ അറബിക്കടലിലെ പാകിസ്താനിലെ ഗ്വാദര്‍ (gwadar) തുറമുഖവുമായി ബന്ധിപ്പിക്കുന്ന 62 ബില്യണ്‍ ഡോളറിന്റെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയാണ് ഇതുവരെ നടപ്പാക്കിയതില്‍ ഏറ്റവും വലുതെന്ന് കണക്കാക്കുന്നത്. കണക്കുകള്‍ വ്യത്യസ്തമാണെങ്കിലും ബി.ആര്‍.ഐയ്ക്ക് വേണ്ടി ചൈനയുടെ ചെലവ്‌ 8 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 

placeholder
Xi Jinping | AP
ഷി ജിൻപിങ് | Photo: AP

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ വഴി പടിഞ്ഞാറോട്ടും ദക്ഷിണേഷ്യയിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയുടെ ഭാഗങ്ങളിലേയ്ക്കും റെയില്‍പ്പാതകള്‍, ഊര്‍ജ പൈപ്പ് ലൈനുകള്‍, ഹൈവേകള്‍ എന്നിവയുടെ വിപുലമായ ശൃംഖല സൃഷ്ടിക്കുക എന്നതായിരുന്നു ഷിയുടെ ലക്ഷ്യം. ഇത്തരമൊരു ശൃംഖല ചൈനീസ് കറന്‍സിയുടെ അന്താരാഷ്ട്ര ഉപയോഗം വിപുലീകരിക്കുകയും ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിലെ തടസ്സം നീക്കുമെന്നുമാണ് ഷി പ്രതീക്ഷിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിന് പുറമേ നൂറുകണക്കിന് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്ത വ്യാവസായിക മേഖലകള്‍ക്കും ചൈന ധനസഹായം നല്‍കി. ഇത് ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ ഹുവായ് നല്‍കുന്ന 5ജി നെറ്റ്‌വര്‍ക്ക് പോലുള്ള സാങ്കേതിക ഓഫറുകള്‍ സ്വീകരിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചു. 2013-ല്‍ ഇന്‍ഡോനീഷ്യയില്‍ നടന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ (ആസിയാന്‍) ഉച്ചകോടിയിലാണ് ഷീ മാരിടൈം സില്‍ക്ക് റൂട്ടിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സമുദ്രവ്യാപാരം മെച്ചപ്പെടുത്താന്‍ ഗതാഗത സംവിധാനങ്ങള്‍ വിപുലീകരിക്കാനായി തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ കിഴക്കന്‍ ആഫ്രിക്കവരേയും യൂറോപ്പിന്റെ ചില ഭാഗങ്ങളിലേക്കും തുറമുഖ വികസനമായിരുന്നു ചൈനയുടെ ലക്ഷ്യം. 

തുടക്കത്തില്‍ പല രാജ്യങ്ങളും നല്ല സമീപനമാണ് പദ്ധതിയോട് സ്വീകരിച്ചത്. എന്നാല്‍, പദ്ധതിയുടെ ഭാഗമായി ചൈന നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളും ഉണ്ടായി. ചില രാജ്യങ്ങളില്‍ ചൈന പാഴാക്കുന്ന നിക്ഷേപവും അധികച്ചെലവുകള്‍ നല്‍കുന്ന ഭാരവും പരിസ്ഥിതി നാശവുമൊക്കെ ലോകത്തെമ്പാടും കടുത്ത വിമര്‍ശങ്ങള്‍ക്ക് ഇടായാക്കി. ലോകമെമ്പാടുമുള്ള ചൈനയുടെ പല പ്രമുഖ പദ്ധതികളും പാതി പൂര്‍ത്തിയായ അവസ്ഥയില്‍ നിലച്ചിരിക്കുകയാണിപ്പോള്‍. പദ്ധതി ഒന്നുകില്‍ ചൈനയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കുമെന്നും അല്ലെങ്കില്‍ അവരുടെ ഭാവി തന്നെ തകര്‍ത്തേക്കാമെന്നുമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്ന ചൈനീസ് നിലപാടാണ് ഇത്തരമൊരു സംശയത്തിന് പിന്നില്‍. എന്നാല്‍, പല രാജ്യങ്ങളെയും കടക്കെണിയില്‍ കുരുക്കാനുള്ള തന്ത്രമാണിതെന്ന് വ്യാപക വിമര്‍ശനമുണ്ട്. ശ്രീലങ്കയിലും പാകിസ്താനിലും തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായും ചൈനീസ് വായ്പകളെ പഴിക്കുന്നവരുമുണ്ട്.

placeholder
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യുസെപ്പെ കോണ്ടെയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങും | Photo : Parker Song/ Getty Images

ബി.ആര്‍.ഐയില്‍ ചേരുന്ന ആദ്യ ജി ഏഴ് അംഗം

സഖ്യകക്ഷികളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 2019-ല്‍ ബിആര്‍ഐയില്‍ ചേരുന്ന ആദ്യത്തെ ജി ഏഴ് അംഗരാജ്യമായി ഇറ്റലി മാറിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ റോം സന്ദര്‍ശന വേളയിലാണ് അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ചുകൊണ്ട് ഇറ്റലി പദ്ധതിയുടെ ഭാഗമാകുന്നത്. ഷിയുടെ റോം സന്ദര്‍ശനവേളയില്‍ മൊത്തം 2.5 ബില്യണ്‍ യൂറോയുടെ (2.8 ബില്യണ്‍ ഡോളര്‍) 29 ഇടപാടുകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇറ്റലിയെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ലൂയിജി ഡി മായോ(Luigi Di Maio)യാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം വന്‍കിട ഇറ്റാലിയന്‍ ഗ്യാസ്, എനര്‍ജി കമ്പനികള്‍, എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചൈനീസ് വിപണിയില്‍ പ്രവേശനം വാഗ്ദാനം ചെയ്തിരുന്നു. ചൈനയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് മധ്യ-കിഴക്കന്‍ യൂറോപ്പിലേക്കുള്ള ലിങ്കുകള്‍ സാധ്യമാക്കുന്നതിന് ട്രിയസ്‌റ്റെ (trieste) തുറമുഖത്തേക്ക് പ്രവേശനം നല്‍കാനും ജെനോവ തുറമുഖം വികസിപ്പിക്കുന്നതില്‍ ചൈനയുടെ പങ്കാളിത്തം നല്‍കാനും തീരുമാനമായിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ 10 സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണിത് എന്നിട്ടും ഇറ്റലി പദ്ധതിയുടെ ഭാഗമാകുകയായിരുന്നു. എന്തുകൊണ്ടാണ് ബി.ആര്‍.ഐ ഇറ്റലിയെ ആകര്‍ഷിച്ചു എന്നതായിരുന്നു വലിയ ചോദ്യം. 2018 അവസാനത്തോടെ രാജ്യം മാന്ദ്യത്തിലേക്ക് വഴുതിവീണിരുന്നു. ദേശീയകടമാകട്ടെ യൂറോ മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ മൂന്ന് സാമ്പത്തിക മാന്ദ്യങ്ങള്‍ അനുഭവിച്ച ഇറ്റലി, നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒപ്പം ചൈനയുടെ വലിയ വിപണിയിലും അവര്‍ കണ്ണുവെച്ചിരുന്നു. ഇറ്റലിയന്‍ പൗരന്മാരില്‍ യൂറോപ്പ് തങ്ങളെ കൈവിടുന്നു എന്ന മനോഭാവമുണ്ടായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാരിനാകട്ടെ യൂറോപ്യന്‍ യൂണിയനിലുള്ള വിശ്വാസം നഷ്ടമാകുകയും നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചൈനയിലേക്ക് തിരിയാന്‍ തയ്യാറാവുകയും ചെയ്തു. ചൈനീസ് നിക്ഷേപം രാജ്യത്ത് എത്തിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ എന്ന പ്രതീക്ഷയിലാണ് ബിആര്‍ഐയുടെ ഭാഗമാകാന്‍ ഇറ്റലി തീരുമാനിക്കുന്നത്. 

ഇറ്റലിയെ പദ്ധതിയുടെ ഭാഗമാക്കാന്‍ ഷിയ്ക്കും തന്റേതായ കാരണങ്ങളുണ്ടായിരുന്നു. പുരാതന സില്‍ക്ക് റൂട്ടില്‍ ഇറ്റലി ഒരു പ്രധാന കണ്ണിയായിരുന്നു. ഇറ്റലിയെ ബി.ആര്‍.ഐയില്‍ ഉള്‍പ്പെടുത്തുന്നത് വഴി ചൈനീസ് അഭിവൃദ്ധിയുടെയും സ്വാധീനത്തിന്റെയും സുവര്‍ണ്ണ കാലഘട്ടവുമായി തന്റെ വിദേശനയത്തെ ബന്ധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നതും നേട്ടമായി. യൂറോപ്പിലെ ഏറ്റവും വലിയ ചൈനീസ് ജനസംഖ്യയുള്ള രാജ്യമാണ് ഇറ്റലി. അതേസമയം തുണിത്തരങ്ങള്‍, തുകല്‍ സാധനങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള വ്യാപാര ബന്ധവുമുണ്ടായിരുന്നു. യൂറോപ്പില്‍ സ്വാധീനം വര്‍ധിപ്പിക്കാനും യൂറോപ്യന്‍ യൂണിയനില്‍ വിള്ളല്‍ വീഴ്ത്താനും ചൈന ശ്രമിച്ചപ്പോള്‍ അതിന് പറ്റിയ ഏറ്റവും ദുര്‍ബല രാജ്യമാരുന്നു അന്ന് ഇറ്റലി.

placeholder
ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗീഡോ ക്രൊസെത്തോ | Photo: Takashi Aoyama/Getty Images

ബി.ആര്‍.ഐ. ഇറ്റലിക്ക് നേട്ടമോ കോട്ടമോ? 

ബി.ആര്‍.ഐ സത്യത്തില്‍ ഇറ്റലിക്ക് ഒരു നഷ്ടക്കച്ചവടമായിരുന്നു. ഇറ്റലിയുടെ താല്പര്യങ്ങള്‍ ബി.ആര്‍.ഐ. നിറവേറ്റിയില്ലെന്ന് അധികം വൈകാതെ തന്നെ അവര്‍ക്ക് വ്യക്തമായി. പദ്ധതിക്കൊപ്പം ചൈനയുമായി ഒപ്പുവെച്ച വാണിജ്യ കരാറുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ ഇറ്റലി പരാജയപ്പെടുകയും ചെയ്തു. കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇറ്റലില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 14.5 ബില്യണ്‍ യൂറോയില്‍ നിന്ന് 18.5 ബില്യണ്‍ യൂറോയായി വര്‍ദ്ധിച്ചു. അതേസമയം ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതിയാകട്ടെ നാടകീയമായി വളര്‍ന്നു. 33.5 ബില്യണ്‍ യൂറോയില്‍ നിന്ന് അത് 50.9 ബില്യണ്‍ യൂറോയായി. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ ചൈനീസ് നിക്ഷേപം ഇറ്റലിയിലെ നിക്ഷേപത്തെക്കാള്‍ അധികമായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. പിന്നാലെ ഇറ്റലിയിലെ ചൈനയുടെ നേരിട്ടുള്ള വിദേശനിക്ഷേപം 2019-ല്‍ 650 മില്യണ്‍ ഡോളറായിരുന്നത് 2021-ല്‍ വെറും 33 മില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ബി.ആര്‍.ഐയില്‍ ചേരുന്നത് വഴി ചൈന ഒരു രാജ്യത്തിന് പ്രത്യേക പദവി നല്‍കുമെന്നോ അല്ലെങ്കില്‍ കൂടുതല്‍ വ്യാപാരവും നിക്ഷേപവും ഉറപ്പുനല്‍കുകയോ ചെയ്യുന്നില്ലെന്ന് ഇറ്റലിയുടെ അനുഭവം തെളിയിക്കുന്നു.

നാല് വര്‍ഷം മുമ്പ് ഇറ്റലി കരാറില്‍ ഒപ്പുവെയ്ക്കുമ്പോള്‍ രാജ്യത്തിന്റെ അന്നത്തെ പ്രധാനമന്ത്രി ഗ്യുസെപ്പെ കോണ്ടെയ്ക്ക് (Giuseppe Conte) വലിയ പ്രതീക്ഷകളായിരുന്നു. ഇത് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും ചൈനയിലേക്കുള്ള ഇറ്റലിയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി(Antonio Tajani)യുടെ അഭിപ്രായത്തില്‍, ബി.ആര്‍.ഐയിലെ പങ്കാളിത്തത്തില്‍ നിന്ന് ഇറ്റലിക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല. വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് കരാര്‍ രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ ഇറ്റലിയുടെ വ്യാപാരതാല്പര്യങ്ങളില്‍ ചൈന വലിയ താല്പര്യം കാണിച്ചിരുന്നില്ല. പിന്നാലെ അധികാരത്തിലെത്തിയ ഇറ്റാലിയന്‍ സര്‍ക്കാരുകളാകട്ടെ ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കരാറില്‍ വിള്ളല്‍ വീണു. ബി.ആര്‍.ഐ, തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകില്ലെന്ന് വ്യക്തമായതോടെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ അതിന്റെ അംഗത്വം തുടരണമോ എന്ന് വീണ്ടും വിലയിരുത്താന്‍ തുടങ്ങി. പിന്നാലെ കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോണി ബി.ആര്‍.ഐയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന സൂചന നല്‍കുകയും ചെയ്തു. 

placeholder
ജി ഏഴ് യോഗത്തില്‍ രാഷ്ട്രനേതാക്കള്‍ |  Photo : Stefan Rousseau/Getty Images

പിന്മാറാന്‍ ഇറ്റലി, പിന്നാലെ ചൈനീസ് വിരട്ടല്‍

ബി.ആര്‍.ഐയില്‍ ഭാഗമാകുന്നതിനെതിരേ ഇറ്റാലിയന്‍ സര്‍ക്കാരിനുള്ളില്‍ തന്നെ വിയോജിപ്പുണ്ടായിരുന്നു. 2019-ല്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയും വലതുപക്ഷ സഖ്യത്തിന്റെ തലവനുമായ മാറ്റിയോ സാല്‍വിനി (Matteo Salvini) എല്ലാ ഔദ്യോഗിക ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നിരുന്നു. വിദേശശക്തികളുമായുള്ള സഹകരണം വഴി ഇറ്റലിയെ 'കോളനിവല്‍ക്കരിക്കുന്നത്' കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അന്ന് സാല്‍വിനി മുന്നറിയിപ്പ് നല്‍കിയത്. ട്രിയസ്‌റ്റെ (trieste) ജെനോവ (Genoa) തുറമുഖങ്ങളില്‍ നിക്ഷേപം നടത്താന്‍ ഒരു വിദേശരാത്യത്തെ അനുവദിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് ഒന്നല്ല നൂറ് തവണ ചിന്തിക്കണമെന്നും സാല്‍വിനി മുന്നറിയിപ്പ് നല്‍കിയിരുന്നു. മറുവശത്ത് കരാറില്‍ നിന്ന് വിട്ടുനിന്നാല്‍ ഇറ്റലിക്ക് നഷ്ടമുണ്ടാകുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ വാദം. കരാര്‍ ഉപേക്ഷിക്കുന്നത് ചൈനയിലേക്കുള്ള ഇറ്റാലിയന്‍ കയറ്റുമതിക്കാരുടെ സ്ഥിതി കുടുതല്‍ മോശമാക്കുമെന്നും അവര്‍ പറയുന്നു. 

ഇതിനിടെ വികസ്വര രാജ്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി 47 ലക്ഷം കോടി രൂപയോളം (60000 കോടി യു.എസ്. ഡോളര്‍) സമാഹരിക്കാന്‍ ജി7 രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് ബദലൊരുക്കുക ലക്ഷ്യമിട്ടാണ് ആഗോള അടിസ്ഥാന സൗകര്യ, നിക്ഷേപ സഹകരണം (പി.ജി. ഐ.ഐ.) പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ സമാന പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പിന്നാലെ ആഗോളതലത്തില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നതിനിടയിലാണ് പദ്ധതി പുനരവതരിപ്പിക്കാന്‍ ജി7 നിര്‍ബന്ധിതരായത്.2027 ആകുമ്പോഴേക്കും നടപ്പാക്കാനാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തില്‍ ബിആര്‍ഐയില്‍ നിന്ന് പിന്മാറാന്‍ ഇറ്റലിക്ക് അമേരിക്കയുടേയും മറ്റ് രാജ്യങ്ങളുടേയും സമ്മര്‍ദ്ദവുമുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം ഇറ്റലിയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയേക്കും. യുഎസ് നേതൃത്വത്തിലുള്ള ചൈനാ വിരുദ്ധ പാളയത്തില്‍ ഇറ്റലിക്ക് ശക്തമായി ഉറച്ചുനില്‍ക്കേണ്ടിവരും. ഇറ്റലിയുടെ മാതൃക മറ്റ് രാജ്യങ്ങളും പിന്തുടര്‍ന്നാല്‍ ഷീയുടെ സ്വപ്‌ന പദ്ധതിക്ക് ഏല്‍ക്കുന്ന തിരിച്ചടി കൂടിയാണിത്.

ബിആര്‍ഐയില്‍ നിന്ന് ഇറ്റലിയെ പിന്‍വാങ്ങുമോ എന്ന് ജോര്‍ജ മെലോണി ഇതുവരേയും തുറന്നുപറഞ്ഞിട്ടില്ല. പക്ഷേ, ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് അവര്‍ സൂചിപ്പിച്ചത്. ഇരുപക്ഷവും പിന്‍വലിച്ചില്ലെങ്കില്‍ 2024 മാര്‍ച്ചില്‍ കരാര്‍ അഞ്ച് വര്‍ഷത്തേക്ക് സ്വയമേവ പുതുക്കും. ഈ സാഹചര്യത്തില്‍ ചൈനയുമായുള്ള ബന്ധം വഷളാകാതെ തന്നെ എങ്ങനെ  പുറത്ത് കടക്കാം എന്നതാണ് ഇറ്റലിലെ വലയ്ക്കുന്ന പ്രശ്‌നം. നയതന്ത്രപരമായി ചൈന നീങ്ങിയേക്കുമെന്ന പേടിയും ഇറ്റലിക്കുണ്ട്. മറ്റ് കരാറുകളിലടക്കം ചൈന കളിച്ചാല്‍ രാഷ്ട്രീയമായി മെലോണിക്ക് അത് വലിയ ക്ഷീണമാകുകയും ചെയ്യും. ഇതിനിടയില്‍ ചൈനയുടെ വക ഭീഷണിയുമെത്തി. ഇത്തരമൊരു തീരുമാനം ഇറ്റലിയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും ഹാനികരമാകുമെന്നാണ് ചൈന മുന്നറിയിപ്പ് നല്‍കിയത്. എന്തായാലും തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നയതന്ത്ര പരീക്ഷണമാണ് മെലോണി അഭിമുഖീകരിക്കുന്നത്.