ന്ത്യയും ചൈനയും തമ്മിലുള്ള ദീര്‍ഘനാളത്തെ അതിര്‍ത്തിത്തര്‍ക്കം പരിഹാരത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകള്‍. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളുടെ 75 ശതമാനവും പരിഹരിക്കപ്പെട്ടു എന്നു വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്കുശേഷം റഷ്യയില്‍ ബ്രിക്സ് സമ്മേളനത്തിനിടെ ചൈനയുടെ വിദേശമന്ത്രി വാങ് യീയുമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ച നടത്തി. ശേഷിക്കുന്ന ഇടങ്ങളിലെ സൈനിക പിന്മാറ്റം അടിയന്തിരമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗംകൂട്ടാന്‍ തീരുമാനിച്ചെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിങ് പറഞ്ഞത് ഇതു സൈന്യങ്ങളും കിഴക്കന്‍ ലഡാക്കിലെ നാല് മേഖലകളില്‍ നിന്നും പിന്മാറിയിരിക്കുന്നു എന്നാണ്. അതായത്, അതിര്‍ത്തിയിലെ ഭൂരിഭാഗം തര്‍ക്കമേഖലകളില്‍ നിന്നും ചൈന പിന്മാറിക്കഴിഞ്ഞു.

To advertise here,

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷവും റഷ്യ-യുക്രെയിന്‍ ദക്ഷിണേഷ്യ യുദ്ധവും കഴിഞ്ഞാല്‍ ഭൗമരാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ ചുതരംഗപ്പലകയായി ദക്ഷിണേഷ്യ മാറിയിട്ട് വര്‍ഷങ്ങളായി. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് മുഹമ്മദ് യൂനുസിനെ അവരോധിക്കുന്നതില്‍  സി.ഐ.എ വിജയിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള പ്രോക്സി യുദ്ധങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നിരിക്കയാണ്. ലോകമേധാവിത്വം നിലനിര്‍ത്തുന്നതില്‍ അമേരിക്കയുടെ മുഖ്യശത്രു ചൈനയാണ്. അമേരിക്കയെ എതിര്‍ക്കുന്നതിനോടൊപ്പം തന്നെ റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ അവര്‍ പരസ്യമായി പ്രസിഡന്റ് പുട്ടിനൊപ്പമാണ്-അവരുടെ ഏഷ്യയിലെ മേധാവിത്വത്തിന് ഭീഷണിയായി ഉയരുന്ന ഇന്ത്യയെ തുരങ്കംവെക്കാനുള്ള ശ്രമങ്ങളും വര്‍ഷങ്ങളായി ചൈന നടത്തിവരുന്നുണ്ട്. ഉദാഹരണത്തിന്, ഈ മാസം മണിപ്പുരില്‍ തീവ്രവാദികള്‍ ബോംബിംഗിനുപയോഗിച്ച ഡ്രോണുകള്‍ ചൈനീസ് നിര്‍മിതമായിരുന്നു. അതുപോലെ കശ്മീര്‍ ഭീകരരുടെ കൈയില്‍ നിന്നും ഈയിടെ ചൈനീസ് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.

placeholder
വിയറ്റ്നാമിലെ ലാവോസിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയപ്പോൾ. ഫോട്ടോ: എ.പി.

തങ്ങളെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ ചങ്ങല ഭാരതത്തിന്റെ കഴുത്തില്‍ മുറുക്കാനുള്ള ചൈനീസ് തന്ത്രം (സ്ട്രിങ് ഓഫ് പേള്‍സ്) നേപ്പാള്‍ മുതല്‍ ശ്രീലങ്ക വരെ വിജയിച്ചുനിന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കാലം മാറുകയാണ്. ഏതു പ്രതികൂലകാലത്തും ഒപ്പം നിന്ന പാകിസ്താന്‍ പോലും അമേരിക്കയോട് അടുക്കുന്നു. ബംഗ്ലാദേശില്‍ ഇന്ത്യ അനുകൂലിയായ ഹസീന ഭരിച്ചിരുന്നപ്പോള്‍ അവരെ ദുര്‍ബലപ്പെടുത്താനും അവര്‍ക്കെതിരേ വിദ്യാര്‍ഥികളെയും പൊതുസമൂഹത്തെയും അണിനിരത്താനും ഉള്ള ശ്രമങ്ങള്‍ക്ക് ചൈന പിന്തുണ നല്‍കിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. പക്ഷേ, അവസാനം ജയിച്ചുകയറിയത് സി.ഐ.എ ആയിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപില്‍ അമേരിക്കന്‍ നാവികതാവളം സി.ഐ.എ പദ്ധതിയില്‍ ഉണ്ട്. അതു വന്നാല്‍ ഇന്ത്യയെക്കാളും ഉല്‍ക്കണ്ഠ ചൈനയ്ക്കായിരിക്കും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് മ്യാന്‍മാറിന്റെയും ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും (മണിപ്പുര്‍) ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യം ഉണ്ടാക്കി ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ അമേരിക്കന്‍ അനുകൂലിയായ ഒരു രാഷ്ട്രത്തെ നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടെന്ന് ഹസീന മുമ്പ് ആരോപിച്ചിരുന്നു.

ഇപ്പോള്‍ ചൈനയെ ശരിക്കും അലോസരപ്പെടുത്തുന്നത് സാമ്പത്തികത്തകര്‍ച്ചയാണ്. തൊഴിലില്ലായ്മ കുത്തനെ വര്‍ദ്ധിക്കുന്നു, റിയല്‍ എസ്റ്റേറ്റ് പോലുള്ള മിക്കവാറും സാമ്പത്തികമേഖലകള്‍ മാന്ദ്യത്തിലാണ്. ചൈനയില്‍ നിന്നും വന്‍കിട കമ്പനികളൊക്കെ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഫാക്ടറികള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. അമേരിക്കയും യൂറോപ്പിലെ ചില രാജ്യങ്ങളുമൊക്കെ അവര്‍ക്ക് ഉപരോധങ്ങളും അധിക ഡ്യൂട്ടിയും ഒക്കെ ഏര്‍പ്പെടുത്തുന്നു. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്കായി മുടക്കാനുള്ള സമയവും പണവും അവര്‍ക്ക് ഇപ്പോഴില്ല. അതിനാല്‍ ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നത് ഇപ്പോള്‍ ചൈനയെ സംബന്ധിച്ചിടത്തോളം നല്ലതാണ്. അവരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നതാണ് ചരിത്രം. മറ്റാരെക്കാളും ഇന്ത്യയ്ക്ക് അതു നന്നായറിയാം. ചൈനയുമായി ഒപ്പിടുന്ന കരാറുകള്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ ലംഘിക്കാനുള്ളതാണ്!

placeholder
കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈന്യം. Photo: TAUSEEF MUSTAFA  | AFP

അതിര്‍ത്തിയിലേക്ക് തിരിച്ചുവരാം. അതിര്‍ത്തിയിലെ സാഹചര്യം ഇപ്പോള്‍ വളരെ സ്ഥിരതയുള്ളതാണ് എന്നും സൈന്യം നാലു മേഖലകളില്‍ നിന്നും പിന്‍മാറിയിരിക്കുന്നുവെന്നും ചൈന തന്നെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. 'പ്രക്ഷുബ്ധമായ ഒരു ലോകത്തെ നേരിടുന്ന ഇന്ത്യയും ചൈനയും രണ്ട് പുരാതന സംസ്‌കാരങ്ങളും ഉയര്‍ന്നുവരുന്ന വികസ്വരരാജ്യങ്ങളും എന്ന നിലയ്ക്ക് സ്വതന്ത്രമായ നിലപാടുകള്‍ക്കും ഐക്യത്തിനും സഹകരണത്തിനും മുന്‍ഗണന കൊടുക്കുകയും പരസ്പരം വിഴുങ്ങുന്ന അവസ്ഥ ഒഴിവാക്കുകയും വേണ'മെന്ന് ഡോവലുമായുള്ള കൂടിക്കാഴ്ചക്കുശേഷം വാങ് യി പറഞ്ഞതായി ചൈനീസ് മാധ്യമമായ സിന്‍ഹുവ ന്യൂസി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയും ഇന്ത്യയും ഇതു രാജ്യങ്ങളുടെയും തലവന്മാര്‍ തമ്മിലുണ്ടായ സമവായതീരുമാനങ്ങള്‍ നടപ്പാക്കാനും പരസ്പരധാരണയും വിശ്വാസവും മെച്ചപ്പെടുത്തുവാനും തുടര്‍ച്ചയായ ആശയവിനിമയം നിലനിര്‍ത്തുവാനും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുവാനും തീരുമാനിച്ചതായും വാങ്ങ് പറഞ്ഞു.

ജയശങ്കര്‍ ചൂണ്ടിക്കാട്ടിയ പോലെ അതിര്‍ത്തിയിലെ വര്‍ധിച്ച സൈനികവല്‍ക്കരണം ആണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍.എ.സി) എന്നു വിളിക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഏറ്റവും വലിയ പ്രശ്നം. ഇരുരാജ്യങ്ങളും 50,000 മുതല്‍ 60,000 വരെ സൈനികരെയാണ് അവിടെ മുഖാമുഖം നിര്‍ത്തിയിരിക്കുന്നത്. അസ്ഥികള്‍ മരവിക്കുന്ന തണുപ്പിലാണ് ഇവര്‍ ഭൂരിഭാഗം സമയവും അവിടെ ചെലവഴിക്കുന്നത.് സമുദ്രനിരപ്പില്‍ നിന്നും 20,000 അടി ഉയരമുള്ള സിയാച്ചിന്‍ ഹിമാനിയില്‍ 1984 മുതല്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളത്തിന് ലഡാക്ക് വലിയ വെല്ലുവിളി ആയിരിക്കില്ല. പക്ഷേ, ചൈനീസ് പട്ടാളത്തിന് വളരെ കടുപ്പമാണ് ഈ കാലാവസ്ഥ. 2020-ല്‍ ഗാല്‍വനില്‍ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ ശേഷമാണ് ഉഭയകക്ഷി ബന്ധങ്ങള്‍ വളരെ വഷളായത്. ഇന്ത്യയുടെ 20 സൈനികര്‍ വീരചരമം വരിച്ചപ്പോള്‍ ചൈനയുടെ നാല്പതോ അതില്‍ അധികമോ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിദേശമാധ്യമങ്ങള്‍ പറഞ്ഞത്.

placeholder
കിഴക്കൻ ലഡാക്കിലെ റെസാങ് ലാ യുദ്ധസ്മാരകം. Photo: TAUSEEF MUSTAFA  | AFP

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക്  നേരിട്ടുള്ള വിമാനങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അന്ന് ഒരു മാസം 500 ഓളം വിമാനങ്ങള്‍ നേരിട്ടു സര്‍വീസ് നടത്തിയിരുന്നു. പിന്നാലെയാണ് ഗാല്‍വന്‍ പ്രശ്നമുണ്ടാകുന്നത്. അതോടെ വ്യാപാര ബന്ധങ്ങളിലും ഒക്കെ നിയന്ത്രണങ്ങള്‍ വന്നു. എല്ലാ ചൈനീസ് നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി. ചിലതില്‍ നിന്നും പിന്‍മാറി. നിര്‍ണായ മേഖലകളില്‍ നിക്ഷേപം വിലക്കി. പക്ഷേ, വരാനിരിക്കുന്ന മാറ്റത്തിന് സൂചന നേരത്തേ ഉണ്ടായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ചൈനീസ് നിക്ഷേപങ്ങള്‍ രാജ്യസുരക്ഷ അടക്കമുള്ള നിര്‍ണായകമേഖലകള്‍ ഒഴികെയുള്ളവയില്‍ ചൈനീസ് നിക്ഷേപം ആകാം എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞമാസം അഞ്ച് ചൈനീസ് പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. ബിസിനസ് വീസ വേഗത്തില്‍ കൊടുക്കാനും ചൈനീസ് എന്‍ജിനീയര്‍മാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കും ഒക്കെ വേഗത്തില്‍ വിസ കിട്ടാനും വേണ്ടി ചില നയങ്ങളില്‍ മാറ്റം വരുത്തി. നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കും.

തര്‍ക്കപരിഹാരത്തിന് തീവ്രമായ ശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. ശേഷിച്ച പ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെട്ടാല്‍ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങും കൂടിക്കാഴ്ച നടത്തും. ഇവര്‍ തമ്മില്‍ അവസാനം കണ്ടത് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ കഴിഞ്ഞവര്‍ഷം നടന്ന ഇതേ ഉച്ചകോടിയിലാണ്. അന്ന് ആരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്ത് എന്ന കാര്യത്തെക്കുറിച്ച് വിവാദമുണ്ടായി. ചൈന പറഞ്ഞത് മോദിയുടെ അഭ്യര്‍ഥനപ്രകാരമാണ് ഷീ സംസാരിച്ചത് എന്നായിരുന്നു. ഇന്ത്യ അത് നിഷേധിച്ചു. ചൈന മുമ്പു നടത്തിയ അഭ്യര്‍ഥനയോട് പ്രതികരിക്കുക മാത്രമാണ് ഇന്ത്യ  ചെയ്തത് എന്നു വ്യക്തമാക്കി. സ്വരച്ചേര്‍ച്ചയില്ലായ്മയാണ് വിവാദം വെളിപ്പെടുത്തിയത്. മാറിയ സാഹചര്യത്തില്‍ കൂടിക്കാഴ്ചയുടെ ഫലം വ്യത്യസ്തമാകുമെന്നാണ് പ്രതീക്ഷ.

Key Points:

  • China has withdrawn troops from disputed areas in Ladakh, signaling potential resolution of border conflict with India.
  • Both countries are aiming to complete military disengagement in remaining areas.
  • China faces economic challenges, which may have influenced their decision to withdraw from Ladakh.
  • India and China are expected to hold a summit in October, where they may discuss further steps towards resolving the border dispute.
  • The situation in Ladakh remains stable, with both sides maintaining communication.