ചോര മണക്കുന്ന വഴികളിലൂടെയുള്ള ബംഗ്ലാദേശിന്റെ നടത്തം അവസാനത്തിലേക്ക്. പ്രധാനമന്ത്രി ഷെയ്ഖ്   ഹസീനയെ രാജിവെച്ച് നാടുവിടാന്‍ നിര്‍ബന്ധിതമാക്കിയ സര്‍ക്കാര്‍വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി പ്രക്ഷോഭകരുടെ അഭ്യര്‍ഥന മാനിച്ച് ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നോബല്‍ സമ്മാന ജേതാവ് ഡോ.മുഹമ്മദ് യൂനുസ് സമ്മതിച്ചു. അട്ടിമറി പൂര്‍ണമാവുമ്പോള്‍ അമേരിക്കയിലും പാകിസ്താനിലും ചൈനയിലും ആഹ്ലാദത്തിന്റെ ആരവമുയരുമ്പോള്‍ അയല്‍പക്കത്തെ ഏറ്റവുമടുത്ത സുഹൃത്തിനെ നഷ്ടമായ ഇന്ത്യയ്ക്ക് ഉത്കണ്ഠ കലര്‍ന്ന മൗനമാണ്. അങ്ങനെയാവാതെ തരമില്ല.

To advertise here,

ധാക്കയില്‍ ബംഗബന്ധു മുജീബുര്‍ റഹ്‌മാന്റെ കൂറ്റന്‍ പ്രതിമ കൂടം കൊണ്ട് അടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുന്ന കലാപകാരിയുടെ വൈറലായ വീഡിയോ കണ്ട ഞെട്ടല്‍ ബംഗ്ലാദേശിലെ സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ പങ്കെടുത്ത പഴമക്കാര്‍ക്ക് ഇനിയും മാറിയിട്ടില്ല. അത്രയേറെ വില കൊടുത്താണ് അവര്‍ പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത്. പാകിസ്താന്‍ പട്ടാളവും നാട്ടുകാരായ ഒറ്റുകാരും ചേര്‍ന്ന് 30 ലക്ഷത്തിലധികം പേരെ നിഷ്ഠൂരമായി കൊല്ലുകയും പതിനായിരക്കണക്കിന് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് അവര്‍ അനുഭവിച്ചതാണ്. പിന്നീടാണ് ബംഗാളി സ്വാതന്ത്ര്യപ്പോരാളികളുടെ സേന മുക്തിബാഹിനി ഇന്ദിരാഗാന്ധി നയിച്ച ഇന്ത്യയുടെ അകമഴിഞ്ഞ പിന്തുണയോടെ പാകിസ്താനെ മുട്ടുകുത്തിച്ച് സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചത്, 1971-ല്‍.

പക്ഷേ, രാഷ്ട്രപിതാവിന്റെ ഭരണത്തിന് നാലു വര്‍ഷമേ ആയുസ്സുണ്ടായുള്ളൂ. 1975 ഓഗസ്റ്റ് 15-ന് അര്‍ധരാത്രിയില്‍ അദ്ദേഹത്തെയും പതിനെട്ടു കുടുംബാംഗങ്ങളെയും ഒരു സംഘം പട്ടാള ഓഫീസര്‍മാര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. ഹസീനയും സഹോദരിയും വിദേശത്തായിരുന്നതിനാല്‍ രക്ഷപ്പെട്ടതാണ്. ഹസീനയ്ക്ക് ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ സുരക്ഷിത താവളമൊരുക്കി. 1981-ലാണ് ഹസീന ജന്മനാട്ടിലേക്ക് തിരിച്ചുപോവുന്നതും അവാമിലീഗിന്റെ നേതൃത്വമേറ്റെടുക്കുന്നതും.

placeholder
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വെങ്കല പ്രതിമയിൽ കയറി പ്രതിഷേധിക്കുന്നവർ. Photo: Abu SUFIAN JEWEL / AFP

മുജീബുര്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ യഥാക്രമം അമേരിക്കന്‍, പാക് ചാരസംഘടനകളായ സി.ഐ.എയ്ക്കും ഐ.എസ്.ഐയ്ക്കും പങ്കുണ്ടെന്ന് ആരോപണമുണ്ട്. അവാമി ലീഗിലെയും ബംഗ്ലാ സൈന്യത്തിലെയും ഒറ്റുകാരുടെ സഹായത്തോടെയാണ് അട്ടിമറി നടപ്പാക്കിയതത്രെ. പിന്നീട് രാജ്യത്തിന്റെ പട്ടാള ഭരണാധികാരിയായ ജനറല്‍ സിയാവുര്‍ റഹ്‌മാന് പാകിസ്താനോടുള്ള അനുഭാവം പരസ്യവുമായിരുന്നു. ഒരു ഘട്ടത്തില്‍ പാകിസ്താനുമായുള്ള പുനരേകീകരണത്തെക്കുറിച്ചു പോലും അയാള്‍ ചിന്തിച്ചിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ തോറ്റതിന് ഇന്ത്യയോടുള്ള പക തീര്‍ക്കാനാണ് ബംഗബന്ധുവിനെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ ആഗസ്ത് 15 തിരഞ്ഞെടുത്തത്രെ. സിയ സ്ഥാപിച്ച പാര്‍ട്ടിയാണ് ബി.എന്‍.പി (ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി). അദ്ദേഹത്തിന്റെ പത്നി ബീഗം ഖാലിദാ സിയ ഇപ്പോഴത്തെ അധ്യക്ഷ. ആക്ടിങ് ചെയര്‍മാന്‍ താരിഖ് റഹ്‌മാന്‍ മകനും.

ലോറന്‍സ് ലിഫ്ഷുള്‍സിന്റെ 'ബംഗ്ലാദേശ്: ദി അണ്‍ഫിനിഷ്ഡ് റെവല്യൂഷന്‍' എന്ന പുസ്തകത്തില്‍ മുജീബ് വധത്തിലെ സി.ഐ.എയുടെ ഇടപെടലിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഹോങ്‌കോങ്ങിലെ ഫാര്‍ ഈസ്റ്റേണ്‍ റിവ്യൂ പത്രത്തിന്റെ ലേഖകനായി അന്ന് ബംഗ്ലാദേശിലുണ്ടായിരുന്നു ലിഫ്ഷുള്‍സ്. മുജീബുര്‍ കൊല്ലപ്പെടും മുമ്പ് തന്നെ വോയ്സ് ഓഫ് അമേരിക്ക അതേക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തുവത്രെ. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ചില സൈനിക ഓഫീസര്‍മാര്‍ അമേരിക്കയിലും കനഡയിലും സുഖമായി ജീവിക്കുന്നു. അവരെ വിട്ടുകിട്ടാനുള്ള ഹസീനാ സര്‍ക്കാരിന്റെ അഭ്യര്‍ഥനകള്‍ ഈ രാജ്യങ്ങള്‍ ചെവിക്കൊണ്ടില്ല.

placeholder
മിർപുരിൽ തകർക്കപ്പെട്ട മെട്രോ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന  മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയ ചിത്രം. Photo: AFP

തന്റെ പിതാവിന്റെ വധത്തില്‍ കലാശിച്ച രാജ്യത്തെ ആദ്യത്തെ സൈനിക അട്ടിമറിക്ക് 49 വര്‍ഷം തികയാനിരിക്കെയാണ് ഷെയ്ഖ് ഹസീനയുടെ പുറത്താകല്‍. സി.ഐ.എയുടെ നേരിട്ടുള്ള ഇടപെടലിന് തെളിവില്ലെങ്കിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ അവരുടെ വിരല്‍പ്പാടുകള്‍ സുവ്യക്തമാണ് എന്നു പറയുന്നു വിദഗ്ദ്ധര്‍. കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്ന പോലെ, ഇവിടെ അമേരിക്കയ്ക്ക് വ്യക്തമായ മോട്ടീവ് ഉണ്ട്, മുമ്പ് ചെയ്ത ഭരണകൂട അട്ടിമറി രീതികളുമായി (മോഡസ് ഓപ്പറാന്‍ഡി) നല്ല സമാനതകളുമുണ്ട്. സുരക്ഷാവിദഗ്ധന്‍ സുശാന്ത് സരീന്‍ എക്സില്‍ ഇങ്ങനെ കുറിച്ചു: 'The Americans have got their man in office. Regime change operations successful.' (അമേരിക്ക സ്വന്തം ആളെ അധികാരത്തിലെത്തിച്ചു. ഭരണകൂടം മാറ്റാനുള്ള ഓപ്പറേഷന്‍ വിജയം.)

ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശിന്റെ കൈവശമുള്ള ചെറിയൊരു ദ്വീപാണ് സെന്റ് മാര്‍ട്ടിന്‍സ്. കഷ്ടിച്ച് മൂന്നു ചതുരശ്ര കിലോമീറ്റര്‍ വലിപ്പം. സൈനികത്താവളം നിര്‍മിക്കാനായി ഈ ദ്വീപ് വിട്ടുതരണമെന്ന് അമേരിക്ക ഹസീനയോടു ആവശ്യപ്പെടുന്നു. (ചോദിച്ചത് ഒരു 'വെള്ളക്കാരനെ'ന്നു ഹസീന.)  പറ്റില്ല, പരമാധികാരം വിട്ടൊരു കളിയില്ലെന്ന് അവര്‍. രണ്ടാമത്തെ ഡിമാന്‍ഡ് മണിപ്പുര്‍, മിസോറം, മ്യാന്‍മറിന്റെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങള്‍ എന്നിവ ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാനുള്ള പിന്തുണ. ഇവ രണ്ടും ഭൗമരാഷ്ട്രീയ ബലതന്ത്രത്തില്‍ ചൈനയെ പ്രതിരോധിക്കാനാണത്രെ. (ചൈനയെക്കാള്‍ ബാധിക്കുക ഇന്ത്യയെ ആയിരിക്കുമെന്നത് ഉറപ്പാണ്!) എന്തായാലും, തന്നെ അമേരിക്ക അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന ആശങ്ക മാസങ്ങളായി ഹസീനയ്ക്കുണ്ടായിരുന്നു. ഇന്നത്തെ വളര്‍ച്ചാനിരക്കുകള്‍ വച്ചുനോക്കിയാല്‍ ഒരു ദശകം കഴിയുമ്പോള്‍ ചൈനയെക്കാള്‍ വെല്ലുവിളി ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നുണ്ട്.

അവര്‍ ഒരുപക്ഷേ, രണ്ടുവര്‍ഷം മുമ്പ് കളി തുടങ്ങിയിരിക്കണം. ബംഗ്ലാദേശിലെ ജനാധിപത്യത്തിന്റെ തകര്‍ച്ചയെക്കുറിച്ച് അമേരിക്കയ്ക്ക് ഭയങ്കര അസ്വസ്ഥത തോന്നുന്നു. വര്‍ണ വിപ്ലവങ്ങളും അറബ് വസന്തവുമൊക്കെ തുടങ്ങുന്നത് അങ്ങനെയാണല്ലോ. ഇംഗ്ലീഷ് പത്രങ്ങളില്‍ ലേഖന പരമ്പര. തിരഞ്ഞെടുപ്പു കമ്മീഷനെ നേരിട്ടു കണ്ട് സ്വതന്ത്രമായി തിരഞ്ഞെടുപ്പു നടത്താന്‍ അഭ്യര്‍ഥിക്കുന്നു. എന്‍.ജി.ഒകള്‍ വഴി രാജ്യത്ത് അസംതൃപ്തി പടര്‍ത്തുന്നു. സമരക്കാരെ ഐ.എസ്.ഐ സഹായിക്കുന്നു. ശരിയാണ്, 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഹസീന അവസാന വര്‍ഷങ്ങളില്‍ ഏകാധിപത്യ പ്രവണത കാട്ടിയിരുന്നു, കുടുംബത്തിനെതിരെ അഴിമതി ആരോപണങ്ങളുണ്ടായിരുന്നു, സമരക്കാരെ നിര്‍ദയമായി നേരിട്ടിരുന്നു. പക്ഷേ, നല്ലൊരു ഭരണണകര്‍ത്താവായിരുന്നു അവര്‍. ദാരിദ്ര്യവും പട്ടിണിയും കൊടികുത്തി വാണിരുന്ന രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി അവര്‍ വളര്‍ത്തിയെടുത്തു. മതതീവ്രവാദികളെയും ഭീകരസംഘടനകളെയും അടിച്ചമര്‍ത്തി. മികച്ച ക്രമസമാധാനം രാജ്യത്ത് വ്യവസായവും വ്യാപാരവും വളര്‍ത്തി, ദീര്‍ഘകാലം മികച്ച സാമ്പത്തിക വളര്‍ച്ച സാധ്യമാക്കി, സമ്പല്‍സമൃദ്ധി കൊണ്ടുവന്നു.

placeholder
ബംഗ്ലാദേശിൽ നടന്ന പ്രതിഷേധം. Photo: Ida Marie Odgaard / Ritzau Scanpix / AFP)

പ്രതിപക്ഷം വിട്ടുനിന്നതിനാല്‍ തിരഞ്ഞെടുപ്പില്‍ ഹസീനയെ തോല്‍പ്പിക്കാനായില്ല. ലോകരാജ്യങ്ങളുടെ പ്രതിനിധികളെത്തിയിരുന്നു ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തി. പക്ഷേ, അവര്‍ക്കൊന്നും ക്രമക്കേടുകള്‍ കണ്ടെത്താനായില്ല. അധികാരം പിടിച്ചെടുക്കേണ്ടത് ബാലറ്റു പെട്ടിയിലൂടെയല്ല, തെരുവുകളിലെ സമരത്തിലൂടെയാണെന്നു പറയുന്ന ബുദ്ധിജീവികള്‍ അമേരിക്കന്‍, യൂറോപ്യന്‍ ഫണ്ടിങ്ങുള്ള  എന്‍.ജി.ഒകളുമായി രംഗത്തിറങ്ങി. പുതിയ ഭരണത്തലവന്‍ ഡോ.യൂനുസ് ഡീപ്പ് സ്റ്റേറ്റിന് വേണ്ടപ്പെട്ടവനാണ് എന്നത് പരസ്യമായ രഹസ്യം. അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ഹസീനയ്ക്ക് കത്തെഴുതിയത് നൂറ്റി എഴുപതോളം ലോകനേതാക്കളാണ്! അതിനിടെ, സമരത്തിനു മുമ്പ് ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്‍ സൗദി അറേബ്യയില്‍ വച്ച് ഐ.എസ്.ഐയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്.

വിമോചന സമരപ്പോരാളികളുടെ പിന്‍മുറക്കാര്‍ക്ക് 30 ശതമാനം സംവരണം പുന:സ്ഥാപിക്കണമെന്ന കോടതി ഉത്തരവ് കൃത്യസമയത്താണ് എത്തിയത്. അസംതൃപ്തിയില്‍ രാജ്യം പുകയുന്ന സമയത്ത്. ആദ്യം വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. അവരുടെ പിന്നാലെ ജമാഅത്തെ ഇസ്ലാമിയും ബി.എന്‍.പിയും. വെടിയൊച്ചകള്‍ നിര്‍ത്താതെ മുഴങ്ങി. തെരുവുകള്‍ ചോരക്കളങ്ങളായി. കോടതി പിന്നീട് ഉത്തരവ് പിന്‍വലിച്ചിട്ടും ഫലമുണ്ടായില്ല. ഹസീന രാജ്യംവിട്ട ദിവസം സൈനിക മേധാവി വഖാര്‍ ഉസ്സമാന്‍ സമാധാനം പുനസ്ഥാപിക്കാന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പാക് അനുകൂലികളായ ബി.എന്‍.പിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രതിനിധികളുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ അവാമി ലീഗിന്റെ പ്രതിനിധികളില്ല. ഒരുപക്ഷേ, ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടാനുള്ള വഴികള്‍ തിരയുന്ന തിരക്കിലാകാം അവര്‍!

placeholder
ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധപ്രകടനം. Photo: AFP

ഇനി ചൈനയുടെ കാര്യം. വായ്പകളിലൂടെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെയും ബംഗ്ലാദേശിനെ ഒപ്പം നിര്‍ത്താന്‍ എക്കാലവും ശ്രമിച്ചിരുന്ന ചൈന സമീപകാലത്ത് ഹസീനയുമായി പിണക്കത്തിലായിരുന്നു. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കൊഴുകുന്ന തീസ്താ നദിയുടെ സംരക്ഷണത്തിനുള്ള ഏതാണ്ട് 8,000 കോടി രൂപയുടെ പദ്ധതി ഇന്ത്യയ്ക്ക് കൊടുക്കാന്‍ ഹസീന താല്‍പ്പര്യം കാണിച്ചതും തന്ത്രപരമായ പ്രാധാന്യമുള്ള മോംഗ്ലാ തുറമുഖത്തിന്റെ ടെര്‍മിനല്‍ നടത്തിപ്പ് ഇന്ത്യക്ക് ലഭിച്ചതുമൊക്കെ അവര്‍ക്ക് രസിച്ചില്ല. ഇതു രണ്ടും സ്വന്തമാക്കാന്‍ ചൈനയ്ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം ചൈനാ സന്ദര്‍ശനത്തിനു പോയ ഹസീനയെ കാണാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് കൂട്ടാക്കിയില്ല, പറഞ്ഞത്രയും വായ്പ നല്‍കിയുമില്ല. നീരസം മറച്ചുവെക്കാതെ അവര്‍ സന്ദര്‍ശനം ഒരു ദിവസം നേരത്തേ മതിയാക്കി തിരിച്ചുപോവുകയായിരുന്നു. അതായത്, എന്തൊക്കെയോ നടക്കാനിരിക്കുന്നുവെന്ന് ചൈനക്കാര്‍ അറിഞ്ഞ പോലെ. അറിയാതിരിക്കില്ല. അവര്‍ക്ക് പാകിസ്താനുമായുള്ള ബന്ധം അത്രയ്ക്ക് ശക്തമാണല്ലോ.

ചൈനയുടെ കെണിയില്‍ പെട്ട് അയല്‍രാജ്യങ്ങളോരോന്നായി- മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക- സൗഹൃദവലയത്തില്‍ നിന്ന് തെന്നിമാറുമ്പോള്‍ ഇന്ത്യയ്ക്ക് സ്വാഭാവികമായി ഉണ്ടാവുന്ന ആശങ്കകള്‍ക്കപ്പുറമാണ് ബംഗ്ലാദേശിന്റെ കാര്യം. യൂനുസ് ഭരിച്ചാലും പിന്‍സീറ്റ് ഡ്രൈവിങ്ങിന് ജമാ അത്തെ ഇസ്ലാമിയും ബി.എന്‍.പിയുമുണ്ടാവും. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിയ പാരമ്പര്യമുള്ളവര്‍. അയല്‍രാജ്യങ്ങളിലെ തന്ത്രപ്രധാന സാന്നിദ്ധ്യത്തിലൂടെ ഇന്ത്യയെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കും കൂട്ടാളി പാകിസ്താനും പുറമേ, രാജ്യത്തിന്റെ കിഴക്കുഭാഗത്ത് മറ്റൊരു 'പാകിസ്താന്‍' കൂടി രൂപപ്പെട്ടാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഉറപ്പ്.