
ചൈനയ്ക്കും പാകിസ്താനും കൈകൊടുത്ത് അഫ്ഗാനിസ്താന്‍! ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപെക്) അഫ്ഗാനിസ്താനിലേയ്ക്ക് നീട്ടും. ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന സംരംഭമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബി.ആര്‍.ഐ.) പ്രധാന പദ്ധതികളിലൊന്നായ ഈ ഇടനാഴി അഫ്ഗാനിലേയ്ക്ക് നീട്ടാന്‍ മൂന്നു രാജ്യങ്ങളുടെയും നേതാക്കള്‍ കരാറിലെത്തി. പാക് വിദേശകാര്യമന്ത്രി ഇഷാക് ദര്‍, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, അഫ്ഗാനിസ്താന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി എന്നിവര്‍ മേയ് 21-ന് ബെയ്ജിങ്ങില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പ്രകാരം പ്രാദേശിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ചൈന-പാക്- അഫ്ഗാന്‍ ത്രികക്ഷി കരാര്‍ ലക്ഷ്യമിടുന്നത്.
സ്വപ്‌നപദ്ധതികളിലൊന്നായ സിപെകിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയും പാകിസ്താനും ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. പാക്‌സ്താനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ സിന്‍ജിയാങ്ങുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തുടക്കംകുറിച്ച പദ്ധതി അഫ്ഗാനിസ്താനിലേക്ക് നീട്ടാന്‍ ചൈന മുമ്പും താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒപ്പം സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ചേരാന്‍ മറ്റ് രാജ്യങ്ങളെ ചൈനയും പാകിസ്താനും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാകിസ്താന്‍ അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ ഇന്ത്യ നിശിതമായി വിമര്‍ശിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് അഫ്ഗാനിസ്താനും പദ്ധതിയുടെ ഭാഗമാകുന്നത്. എന്താണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി? എങ്ങനെയാണ് പദ്ധതി അഫ്ഗാനിസ്താന് ഗുണകരമാകുക? എന്താണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട്?
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി
പാകിസ്താനില്‍ നിര്‍മാണത്തിലിരിക്കുന്ന ചൈനീസ് അടിസ്ഥാനവികസന പദ്ധതിയാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപെക്). മലേഷ്യയ്ക്കും ഇന്‍ഡോനീഷ്യയ്ക്കും ഇടയിലുള്ള മലാക്ക കടലിടുക്കും തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലും ഒഴിവാക്കി, മധ്യപൂര്‍വദേശത്തു നിന്നുള്ള ചൈനയുടെ എണ്ണയുള്‍പ്പെടെയുള്ള ചരക്കുനീക്കത്തിന്റെ സമയവും ചെലവും കുറയ്ക്കുക എന്നതാണ് ഈ സമുദ്ര-കര അധിഷ്ഠിത ഇടനാഴി വഴി ലക്ഷ്യമിടുന്നത്. പരമ്പരാഗത കപ്പല്‍പാതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിട്ടാല്‍ ചൈനയുടെ ഊര്‍ജ്ജ ആശ്രയത്വ സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കാം. അറേബ്യന്‍ കടലിലെ ഗ്വാദറില്‍ ഒരു ആഴക്കടല്‍ തുറമുഖം വികസിപ്പിക്കുകയും ഈ തുറമുഖത്ത് നിന്ന് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയിലേക്ക് റോഡ്, റെയില്‍ ശൃംഖല സ്ഥാപിക്കുകയുമാണ് പദ്ധതി. ഇത് യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ചൈനയുടെ വ്യാപാരം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത്, പാകിസ്താന്റെ കാര്യത്തില്‍ വൈദ്യുതിക്ഷാമം പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഗതാഗത ശൃംഖലകള്‍ നവീകരിക്കുക, സമ്പദ് വ്യവസ്ഥയെ കാര്‍ഷികാധിഷ്ഠിത ഘടനയില്‍ നിന്ന് വ്യാവസായികാധിഷ്ഠിതമാക്കി മാറ്റുക എന്നിവയെല്ലാമാണ് പദ്ധതികൊണ്ട് ലക്ഷ്യംവെയ്ക്കുന്നത്.

യൂറോപ്യന്‍-ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റി, വ്യാപാര, സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി 2013-ല്‍ ചൈന പ്രഖ്യാപിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബി.ആര്‍.ഐ) പദ്ധതിയുടെ ഭാഗമാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയും. 2015 ഏപ്രില്‍ 20-ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും 46 ബില്യണ്‍ ഡോളറിന്റ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചതോടെയാണ് പദ്ധതിക്ക് തുടക്കമായത്. തുടക്കത്തില്‍ 46 ബില്യണ്‍ യു.എസ്. ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 62 ബില്യണ്‍ യു.എസ്. ഡോളറായി വര്‍ദ്ധിച്ചു. പാകിസ്താന്റെ ജിഡിപിയുടെ ഏകദേശം 20 ശതമാനത്തോളം വരുമിത്. റോഡ്, റെയില്‍, ഗതാഗത സംവിധാനങ്ങള്‍ നവീകരിച്ചുകൊണ്ടും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ചും പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുക, ഗ്വാദര്‍, കറാച്ചി എന്നീ പാക് തുറമുഖങ്ങളെ ചൈനയിലെ സിന്‍ജിയാങ് മേഖലയുമായി ബന്ധിപ്പിക്കുക എന്നിവയാണ് ബി.ആര്‍.ഐയുടെ ലക്ഷ്യം. സാമ്പത്തിക ഇടനാഴിക്ക് പുറമേ, 720 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും പ്രത്യേക സാമ്പത്തിക മേഖലകളും ഉള്‍പ്പെടെ പദ്ധതിയുടെ കീഴില്‍ വികസിപ്പിക്കും.
എന്നാൽ, ഇതിനോടകം തന്നെ ബുദ്ധിമുട്ടിലായ പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ പദ്ധതി വീണ്ടും ദുര്‍ബലമാക്കുമെന്ന നിരീക്ഷണമുണ്ട്. പദ്ധതി ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പാകിസ്താന്റെ കടം അവരുടെ മൊത്തം കടത്തിന്റെ നാലിലൊന്നിലധികമായി. ഇതിനൊപ്പം കോവിഡ് മഹാമാരിയും അതിന്റെ സാമ്പത്തിക ആഘാതങ്ങളും പദ്ധതികളുടെ പുരോഗതിയെ ബാധിച്ചു. കടം തിരിച്ചടവില്‍ ഇളവുകള്‍ നല്‍കാന്‍ ചൈന പലപ്പോഴും തയ്യാറായില്ല. പദ്ധതി മൂലം പാകിസ്താനില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും മറ്റെല്ലാ ലക്ഷ്യങ്ങളും പ്രതീക്ഷിച്ച രീതിയില്‍ ഫലം കണ്ടില്ല. രാജ്യത്തിന്റെ വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുമെന്നും കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നും വാഗ്ദാനം ചെയ്‌തെങ്കിലും ഇത് യാഥാര്‍ത്ഥ്യമായില്ല. പദ്ധതി വഴി ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെങ്കിലും പവര്‍ ഗ്രിഡ് നവീകരണവും രാജ്യത്തുടനീളം തുടര്‍ച്ചയായ വൈദ്യുതിക്ഷാമത്തിന് കാരണമായി. ഇതിനൊപ്പം ബലൂചിസ്താന്‍ പ്രവിശ്യയിലെ ചില നിര്‍മാണങ്ങള്‍ക്കിടെ വിഘടനവാദ ഗ്രൂപ്പുകളുടെ ആക്രമണമവുമുണ്ടായി.

സിപെകില്‍ അഫ്ഗാനിസ്താന്‍
2015-ല്‍ ആരംഭിച്ച ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ വികസനത്തിന് ചൈന ഏറെനാളായി ശ്രമം നടത്തുന്നുണ്ട്. അഫ്ഗാനിസ്താനിലേക്ക് പദ്ധതി നീട്ടാന്‍ ചൈന മുമ്പും താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനൊപ്പം സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളില്‍ ചേരാന്‍ മറ്റ് രാജ്യങ്ങളെ ചൈനയും പാകിസ്താും ക്ഷണിക്കുകയും ചെയ്തിരുന്നു. പദ്ധതി അഫ്ഗാനിസ്താനിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് കൂടുതല്‍ സ്വാധീനമാണ് ചൈന ലക്ഷ്യമിട്ടത്. അതാണിപ്പോള്‍ ലക്ഷ്യം കാണുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, പാകിസ്താന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, അഫ്ഗാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താക്കി എന്നിവര്‍ പങ്കെടുത്ത ത്രികക്ഷി യോഗത്തില്‍ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്താനിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം, പാകിസ്താനും അഫ്ഗാനും ഇടയിലെ സുരക്ഷാ സഹകരണം, വ്യാപാര വിപുലീകരണം എന്നിവയും ലക്ഷ്യം വെച്ചാണ് സഹകരണം.
മധ്യേഷ്യയെയും ദക്ഷിണേഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഇടനാഴിയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. പദ്ധതി വിപുലീകരിക്കുന്നതിലൂടെ പാകിസ്താനിലെ അടിസ്ഥാന സൗകര്യങ്ങളെ അഫ്ഗാനിസ്താനിലെ റോഡുകള്‍, റെയില്‍വേ, ധാതു സമ്പന്നമായ പ്രവിശ്യകള്‍ എന്നിവയുമായി ബന്ധിപ്പിക്കും. കറാച്ചി- പെഷവാര്‍ എംഎല്‍-വണ്‍ റെയില്‍വേ ലൈന്‍ അഫ്ഗാന്‍ ചരക്ക് ഇടനാഴികളുമായി ബന്ധിപ്പിക്കല്‍, ടോര്‍ഖാം, സ്പിന്‍ ബോള്‍ഡാക്ക് ക്രോസിങ് പോയിന്റുകള്‍ വഴി ഹൈവേകള്‍ നിര്‍മിക്കല്‍, ഇറാനെയും മധ്യേഷ്യയെയും അഫ്ഗാന്‍ പ്രദേശം വഴി ബന്ധിപ്പിക്കുന്ന ഊര്‍ജ പൈപ്പ്‌ലൈനുകള്‍ എന്നിവയാണ് പ്രധാന വിപുലീകരണ പദ്ധതികള്‍. ഇത് വഴി അഫ്ഗാനിസ്താന്റെ വിശാലമായ ലിഥിയം, റെയര്‍ എര്‍ത്ത് മെറ്റല്‍സ്, പ്രകൃതി വിഭവങ്ങള്‍ എന്നിവയിലേക്ക് കടന്നുകയറാന്‍ ചൈന ലക്ഷ്യമിടുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ മറവില്‍ സൈനിക പ്രവര്‍ത്തനമാണ് ചൈനയുടെ പ്രധാന ലക്ഷ്യമെന്നും ആരോപണമുണ്ട്.
അഫ്ഗാനിസ്താന് എന്ത് നേട്ടം?
സാമ്പത്തിക ഇടനാഴി പദ്ധതിയിലേക്കുള്ള അഫ്ഗാന്റെ കടന്നുവരവ്, അത്യന്തം ദുര്‍ബലമായ അവരുടെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാനെ സംബന്ധിച്ചിടത്തോളം ചൈനയുമായും പാകിസ്താനുമായും മാത്രമല്ല, മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളുമായും രാഷ്ട്രീയവും സാമ്പത്തികവുമായി ബന്ധം വര്‍ദ്ധിപ്പിക്കാനുള്ള അവസരമാണ് പദ്ധതി. കടല്‍ത്തീരമില്ലാത്ത ഒരു രാജ്യത്തെ സംബന്ധിച്ച് പ്രാദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മെച്ചപ്പെട്ട ഗതാഗത ശൃംഖലയുടെ ഭാഗമാകുന്നത് അഫ്ഗാനിസ്താന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തും. വെല്ലുവിളികളും കാലതാമസവുമില്ലാതെ അവര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയും. പദ്ധതിയിലൂടെ പാകിസ്താന്‍ വഴി ചൈനയുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് സുപ്രധാന ഗതാഗത ഇടനാഴികള്‍, ഊര്‍ജ പദ്ധതികള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മാണം സുഗമമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
2021-ല്‍ താലിബാന്‍ പിടിച്ചെടുത്തതിനുശേഷം പാശ്ചാത്യ ഉപരോധങ്ങള്‍മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. തൊഴിലില്ലായ്മ ഇരട്ടിയിലധികമായി. യുദ്ധംകാരണം അടിസ്ഥാന സൗകര്യങ്ങളും സമ്പദ് വ്യവസ്ഥയും താറുമാറായ അഫ്ഗാനിസ്താനെ പരിവര്‍ത്തനം ചെയ്യാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവശ്യമാണ്. അതിനാല്‍ തന്നെ പദ്ധതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് വഴി അഫ്ഗാന് പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലേയ്ക്കുള്ള പ്രവേശനം സാധ്യമാകുമെന്നാണ് കരുതുന്നത്. ഇത് രാജ്യത്തിന്റെയും മൊത്തത്തിലുമുള്ള സാമ്പത്തിക സ്ഥിരതയ്ക്കും വികസനത്തിനും ഇത് കാരണമാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ അഫ്ഗാനിസ്ഥാനെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പേ ആരംഭിച്ചെങ്കിലും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല.

ലിഥിയം, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍, മറ്റ് നിര്‍ണായക ധാതുക്കള്‍ എന്നിവയുടെ വലിയ തോതിലുള്ള നിക്ഷേപം അഫാഗാനിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവയില്‍ പലതും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉപയോഗിക്കപ്പെടാത്ത ചെമ്പ് നിക്ഷേപങ്ങളില്‍ ചിലതും ഇവിടെയുണ്ട്. നേരത്തെ 2008-ല്‍ ഒരു ചെമ്പ് ഖനി വികസിപ്പിക്കുന്നതിന് ചൈന മെറ്റലര്‍ജിക്കല്‍ ഗ്രൂപ്പ് 30 വര്‍ഷത്തെ പാട്ടക്കരാര്‍ നേടിയിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം പദ്ധതി സ്തംഭിച്ചു. കഴിഞ്ഞ വര്‍ഷം, താലിബാന്‍ സര്‍ക്കാരും ചൈനയും പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുതുക്കി. ഇതെല്ലാമാണെങ്കിലും മാറ്റം എത്ര വേഗത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പുകളൊന്നുമില്ല. പദ്ധതികള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പാകിസ്താനില്‍ തന്നെ പദ്ധതി ഇഴയുന്ന സാഹചര്യത്തില്‍ അഫ്ഗാനിലേക്കുള്ള വ്യാപനവും നീളാന്‍ സാധ്യതയുണ്ട്.
ഇന്ത്യയ്ക്ക് എതിര്‍പ്പ്
സിപെക് പദ്ധതി അഫ്ഗാനിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം ദക്ഷിണേഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. പാക് അധിനിവേശ കശ്മീര്‍ വഴിയാണ് കടന്നുപോകുന്നത് എന്നതിനാല്‍ തന്നെ തുടക്കം മുതല്‍ ഇന്ത്യ സിപെകിനെ എതിര്‍ത്തിരുന്നു. പദ്ധതി രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഇത് അഫ്ഗാനിലേക്ക് വ്യാപിപ്പിക്കുന്നത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്. നിലവിലുള്ള പാത തന്നെ തര്‍ക്കപ്രദേശങ്ങളില്‍ ചൈനയുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുന്നതാണ്. പരമാധികാര പ്രശ്നങ്ങള്‍ക്കപ്പുറം പദ്ധതി അഫ്ഗാനിസ്താനിലേക്ക് വ്യാപിപ്പിക്കുന്നത് ഇന്ത്യയ്ക്ക് വിശാലമായ തന്ത്രപരമായ താല്പര്യങ്ങള്‍ക്കും തടസമാണ്. പാകിസ്താനിലേയും അഫ്ഗാനിലേയും അടിസ്ഥാന സൗകര്യങ്ങളില്‍ ചൈന വലിയ തോതില്‍ നിക്ഷേപിക്കുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. പാകിസ്താനുമായും അഫ്ഗാനിസ്താനുമായും ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ, ദക്ഷിണേഷ്യയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചേക്കാം. ഇത് ഇന്ത്യയുടെ സുരക്ഷ, വ്യാപാരം, നയതന്ത്ര ഇടപെടലുകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
സിപെക് പദ്ധതിയിലേക്ക് മറ്റ് രാജ്യങ്ങളെ സിപിഇസി പദ്ധതികളിലേക്ക് ആകര്‍ഷിക്കാന്‍ ചൈനയെയും പാകിസ്താനും ശ്രമിച്ചതിനെ ഇന്ത്യ നേരത്തെ തന്നെ അപലപിച്ചിരുന്നു. ഏതെങ്കിലും കക്ഷിയുടെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും നേരിട്ട് ലംഘിക്കുന്നുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. പാകിസ്താന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശത്തുള്ള സിപിഇസി പദ്ധതിയെ ഇന്ത്യ ശക്തമായി എതിര്‍ക്കുവെന്നു വിദേശകാര്യ മന്ത്രാലയം 2022-ല്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും ബദല്‍ പദ്ധതികള്‍കൊണ്ട് ഇതിന് മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വ്യാപാര റൂട്ടുകള്‍ വൈവിധ്യവത്കരിക്കുന്നതിനും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ പോലുള്ള ബദല്‍ പദ്ധതികള്‍ ഇന്ത്യയ്ക്കും സഹായകമാകും. ഇത്തരം പദ്ധതികളുടെ ഭാഗമാകുന്നതും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ഉറപ്പിക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിര്‍ത്തുന്നതിനും സഹായിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights: China-Pakistan Economic Corridor Expansion Into Afghanistan
Published: 30 May 2025, 10:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented