
ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ കടുത്ത പിഴ ചുമത്തിയിരുന്ന രാജ്യം. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും വന്ധീകരണവും ശിക്ഷയായിരുന്ന നാട്. ഒപ്പം താങ്ങാനാവാത്ത വിദ്യാഭ്യാസച്ചെലവും മുന്നോട്ട് കൊണ്ടുപോവാനാവാത്ത ജീവിത സാഹചര്യവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് ചൈനയിലെ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ബാധ്യതയും പേടിസ്വപ്‌നവുമായിരുന്നു. ഇത് ആ രാജ്യത്ത് പിന്നീടുണ്ടാക്കിയത് ജനസംഖ്യയിലെ വമ്പിച്ച തിരച്ചടിയാണ്. ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതിയുണ്ടായിരുന്ന ചൈനയെ ഇന്ത്യ മറികടക്കുകയും ചെയ്തു. അവിടം പ്രായമേറിയ ആളുകളെ കൊണ്ട് നിറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കപ്പുറം പുതിയ തലമുറ വിവാഹമേ വേണ്ടെന്ന് വെക്കുക കൂടി ചെയ്തതോടെ ജനസംഖ്യാവര്‍ധനവിനായി ഇപ്പോള്‍ പുതിയ പദ്ധതികള്‍ കൊണ്ട് വരികയാണ് സര്‍ക്കാര്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ബേബി ബോണസ്. പക്ഷെ ഇതുകൊണ്ടുമാത്രം പുതു തലമുറയുടെ മനംമാറ്റാനാവുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. അല്ലാത്ത പക്ഷം വരും നാളുകളിൽ സമ്പൂര്‍ണ സീനിയര്‍ സിറ്റിസണ്‍ രാജ്യമായി ചൈന മാറുമെന്നും സര്‍ക്കര്‍ കണക്കുകൂട്ടുന്നുണ്ട്.
കുഞ്ഞുങ്ങളെ വളര്‍ത്തൂ, പൊന്നുപോലെ നോക്കാം
വിവാഹിതരായി കുഞ്ഞുങ്ങളുണ്ടായാല്‍ അവരെ തങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാമെന്നാണ് ഇപ്പോള്‍ ചൈന പറയുന്നത്. ഇതിന്റെ ആദ്യ പടിയാണ് ബേബി ബോണസ്. അതായത് ഒരു കുഞ്ഞ് ജനിച്ച് മൂന്നു വയസ്സാവുന്നത് വരെ ഓരോ വര്‍ഷവും 3600 യുവാന്‍ (44000 രുപയോളം) സര്‍ക്കാര്‍ അവരുടെ ചെലവിനായി രക്ഷിതാക്കള്‍ക്ക് കൊടുക്കും. 2025 ജനുവരി ഒന്നിനുശേഷം ജനിച്ച കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ ബേബി ബോണസ് ലഭിക്കുക. മൂന്ന് വര്‍ഷം കൊണ്ട് രക്ഷിതാക്കള്‍ക്ക് 1,30,657.43 രൂപ കിട്ടും. ചൈനയിലെ സഹചര്യം സംബന്ധിച്ച് ഇത് വലിയ തുകയല്ലെങ്കിലും സര്‍ക്കാരിന്റെ ഈ നയംമാറ്റത്തെ പ്രതീക്ഷയോടെ കാണുന്നവരുമുണ്ട്. പക്ഷേ, കാലം മാറിയപ്പോള്‍ കുടുംബം, കുഞ്ഞുങ്ങള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നെല്ലാം മാറി നടക്കുന്ന പുതിയ ജെന്‍സി തലമുറയെ എങ്ങനെ അനുനയിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചിന്തിക്കുന്നത്. ഇനി ഒറ്റകുട്ടി നിയമം നിര്‍ബന്ധമാക്കിയ ഒരു രാജ്യം കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും കര്‍ശന നിയമം കൊണ്ടുവന്നാലും തെറ്റുപറയാനാവില്ല. അത്ര ദയനീയമാണ് ചൈനയിലെ ജനസംഖ്യയുടെ നിലവിലെ അവസ്ഥ.
1970-ല്‍ ആണ് ചൈനയിലെ ജനസംഖ്യ 100 കോടി ആയത്. ഇതോടെയാണ് അന്നത്തെ ചൈനീസ് നേതാവ് ഡെങ് ഷിയാ പിങ് രാജ്യത്ത് ഒറ്റക്കുട്ടി നയം കൊണ്ടുവന്നത്. 1979 ല്‍ നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കടുത്ത പിഴ ചുമത്തുന്നതായിരുന്നു നിയമം. ഇതോടെ ജനസംഖ്യയില്‍ വന്‍ ഇടിവു സംഭവിച്ചു. 1949 നും 1976 നും ഇടയ്ക്കായിരുന്നു രാജ്യത്തെ ജനസംഖ്യയില്‍ വലിയ വളര്‍ച്ചയുണ്ടായത്. ഇതോടെ നിയമം കൊണ്ടുവരികയും ചെയ്തു. പിഴശിക്ഷ, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, വന്ധ്യംകരണം എന്നിവയെല്ലാമായിരുന്നു നിയമലംഘകരെ കാത്തിരുന്നത്. ഈ നിയമം കൊണ്ടുവന്ന രാജ്യമാണ് ഇപ്പോള്‍ ഇതില്‍ നിന്നും പിന്നോട്ട് പോയിരിക്കുന്നതെന്നുതും ശ്രദ്ധേയമാണ്.
അപകടകരമായി കുറയുന്ന ജനസംഖ്യ
2016 ല്‍ തന്നെ ഒറ്റക്കുട്ടി നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നെങ്കിലും ജനസംഖ്യ കുത്തനെ കുറയുന്ന പ്രവണതയാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 95 ലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് ജനിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ഒറ്റക്കുട്ടി നിയമം അവസാനിച്ച 2016 മായി താരതമ്യപ്പെടുത്തുമ്പോള്‍ അത് പകുതിയോളമേ വരൂ. ഇതിനൊപ്പം പ്രായമേറിയ ആളുകളുടെ എണ്ണവും വര്‍ധിച്ചു. 2024-ലെ കണക്കനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 31 കോടി ജനങ്ങളാണ് ചൈനയിലുള്ളത്. മൊത്തം ജനസംഖ്യയുടെ കണക്ക് നോക്കുമ്പോള്‍ 13.9 ലക്ഷം ആളുകളുടെ കുറവാണ് 2024 ല്‍ രേഖപ്പെടുത്തിയത്. 2023 ല്‍ തന്നെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുകയും ചെയ്തു. ഇതിനൊപ്പമാണ് വിവാഹിതരാവുന്നവരുടെ എണ്ണവും കുറയുന്നു എന്ന കണക്കും.
യുവജനങ്ങള്‍ വിവാഹിതരായാലും വളര്‍ത്തുന്നതിന്റെ ചെലവോര്‍ത്ത് കുട്ടികൾ വേണ്ടെന്ന്വെക്കുന്നതും ചൈനയില്‍ ഇന്ന് വലിയ ട്രെന്‍ഡാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ബേബി ബോണസ് പ്രഖ്യാപിച്ചെങ്കിലും ഇത് ഒരു കുട്ടിയെ വളര്‍ത്തുന്ന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ തുച്ഛമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്. 44000 രൂപ എന്നത് ഒരു ബക്കറ്റ് വെള്ളത്തിലെ തുള്ളിയുടെ അത്രയും പോലുമാവുന്നില്ലെന്നാണ് ചൈനീസ് പൗരനായ ലീ ഇതുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റില്‍ പറയുന്നത്.
യുവ പോപ്പുലേഷന്‍ റിസര്‍ച്ച് ചൈനയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഒരു കുട്ടിയെ 18 വയസ്സുവരെ നല്ല വിദ്യാഭ്യാസവും ജീവിത സാഹചര്യവും നല്‍കി വളര്‍ത്തുന്നതിന് ഒരാള്‍ക്ക് ഏകദേശം 75000 ഡോളറോളം ചിലവ് വരുമെന്നാണ്. ഇത് ചൈനയുടെ മൊത്തം ജിഡിപിയുടെ ആറ് മടങ്ങാണ്. ഷാങ് ഹായ്, ബീജിങ് പോലുള്ള നഗരങ്ങളില്‍ ചിലവ് ഇതിലും കൂടും. നിലവില്‍ ചൈനയുടെ സമ്പദ് വ്യവസ്ഥ തളരുകയും യുവാക്കളുടെ തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് ബേബി ബോണസ് പോലുള്ള വാഗ്ദാനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നതും.
2016 മുതല്‍ ഒരാള്‍ക്ക് രണ്ട് കുട്ടികളെ വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2021-ല്‍ ഇത് മൂന്നിലേക്കുയര്‍ത്തി. പക്ഷേ, ജനന നിരക്ക് വന്‍തോതില്‍ കുറയുകയാണുണ്ടായത്. കുട്ടികള്‍ക്ക് ബോണസ് നല്‍കിയുള്ള സര്‍ക്കാരിന്റെ പുതിയ വാഗ്ദാനത്തെ ചിലര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത് ജനനനിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കാനാവുന്ന ഒരു വാഗ്ദാനമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സി.എന്‍.എന്‍ പോലുള്ള മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. കാരണം അത്രമാത്രമാണ് ചെലവ്. ചൈനയ്ക്ക് മുമ്പേ ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇത്തരം ബേബി ബോണസ് പദ്ധതികള്‍ നേരത്തെ കൊണ്ടുവന്നെങ്കിലും ഇത് വലിയ രീതിയില്‍ വിജയം കണ്ടില്ലെന്നും സി.എന്‍.എന്‍ പറയുന്നുണ്ട്.
കുട്ടികളോട് യുവജനങ്ങള്‍ക്കെന്തിന് വിമുഖത
ഉയര്‍ന്ന വീട്ടുചെലവ്, മണിക്കൂറുകൾ നീളുന്ന ജോലിസമയം ജോലിയിലെ അരക്ഷിതാവസ്ഥ. ഇതൊക്കെ വലിയ രീതിയിലാണ് ഇന്ന് ചൈനയിലെ യുവജനങ്ങളെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കുട്ടികളെ വളര്‍ത്തുക എന്നത് ഇപ്പോള്‍ തന്നെ വലിയ ബാധ്യതയായി ഇവര്‍ കണക്കുകൂട്ടുന്നത്. ജനനനിരക്ക് കുത്തനെ താഴാന്‍ ഇത് പ്രധാന കാരണമാണെന്നും പഠനങ്ങള്‍ പറയുന്നു. നിയമത്തിന്റെ കാഠിന്യം നേരത്തെ അറിഞ്ഞ മില്ലേനിയല്‍സ്, ജെന്‍സി തലമുറയില്‍ പെട്ടവരടക്കം സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയംമാറ്റത്തെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലെത്തുന്നുണ്ട്. പലരും തങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതത്തെ കുറിച്ച് നെടുനീളന്‍ പോസ്റ്റുകള്‍ തന്നെയാണിടുന്നത്.
കുട്ടികളെ വളര്‍ത്തുന്നതിനപ്പുറം ജോലി നേടി ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുക എന്ന ചിന്താഗതിയിലേക്കും യുവജനങ്ങള്‍ പോയിട്ടുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. കുട്ടികളെ നോക്കേണ്ടി വരുമെന്ന പേര് പറഞ്ഞ് പലരേയും ജോലിക്കെടുക്കാന്‍ കമ്പനികള്‍ തയ്യാറാവുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നിയമപരമായി പെണ്‍കുട്ടികള്‍ക്ക് 128 മുതല്‍ 158 ദിവസം വരെ കമ്പനികള്‍ അവധി നല്‍കണമെങ്കിലും ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞ ദിവസം മാത്രമേ അവധി അനുവദിക്കേണ്ടതുള്ളൂ. ഇതോടെ പെണ്‍കുട്ടിളെ ജോലിക്കെടുക്കുന്നതില്‍ നിന്നും കമ്പനികള്‍ പിന്നോട്ട് പോവുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇതും കുട്ടികള്‍ എന്ന ബാധ്യതയെ ഏറ്റെടുക്കുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ടടുപ്പിക്കുന്നു. ഇതിന് പുറമെ നല്ല വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ജോലി സാധ്യത കുറവാണ്. എന്നാല്‍ നല്ല വിദ്യാഭ്യാസം നല്‍കാനായി വലിയ പണച്ചെലവുണ്ട്. ഇത് താങ്ങാനാവുന്നതിലും വലുതാണെന്നതും പ്രശ്‌നമാണ്.
മത്സരിച്ച് സര്‍ക്കാരുകള്‍
വര്‍ഷങ്ങളായി ചൈനയിലെ പ്രവിശ്യാ സര്‍ക്കാരുകള്‍ ജനന നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനങ്ങളും വാഗ്ദാനവും നല്‍കാന്‍ മത്സരിക്കുകയാണ്. ഇന്നര്‍ മംഗോളിയയിലെ ഹോഹോട്ടില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കുട്ടിക്ക് 10 വയസ്സ് തികയുന്നത് വരെ വര്‍ഷംതോറും 100,000 യുവാന്‍ (12 ലക്ഷം രൂപയിലധികം) ലഭിക്കാന്‍ അര്‍ഹതയുണ്ട്. മാത്രമല്ല പ്രസവിച്ച അമ്മമാര്‍ക്ക് സൗജന്യ പാലും 3,000 യുവാന്റെ (36000 രുപയില്‍ അധികം) പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വൗച്ചറും ഉള്‍പ്പെടുന്നു.
അതേസമയം ടിയാനമെനില്‍, മൂന്നാമത്തെ കുട്ടിയുള്ള മാതാപിതാക്കള്‍ക്ക് പുതിയ വീടുകള്‍ക്ക് 12,500 പൗണ്ടിന്റെ കിഴിവ് ലഭിക്കും. ഹാംഗ്ചൗ ശിശുപരിപാലന വൗച്ചറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഷെന്‍യാങ്, ചാങ്ചുന്‍ തുടങ്ങിയ നഗരങ്ങള്‍ ഓരോ കുട്ടിക്കും പ്രതിവര്‍ഷം 1,800 മുതല്‍ 3,600 യുവാന്‍ വരെ ധനസഹായം നല്‍കുന്നുണ്ട്. എന്നിട്ടും ജനനിരക്കുകള്‍ കുറയുന്നുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് ജോലി സംരക്ഷണം, തൊഴിലിടങ്ങളിലെ അവധി പ്രശ്‌നം എന്നിവയൊക്കെയാണ്. ഇതിനെ സര്‍ക്കാര്‍ കാണാതെ പോവുകയാണെന്ന വിമര്‍ശനവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തൊഴിലിടങ്ങളില്‍ ഒരേപോലെയുള്ള അവധി ദിനങ്ങള്‍ നല്‍കണമെന്നതാണ് ഇതിലെ പ്രധാന ആവശ്യം. മാത്രമല്ല രക്ഷാകര്‍തൃത്വം എന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്വമായി ഒതുങ്ങിപ്പോവരുതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് ആദ്യമായാണ് കുഞ്ഞുങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ നേരിട്ട് നല്‍കാനുള്ള തീരുമാനത്തിലേക്ക് ചൈനീസ് സര്‍ക്കാര്‍ പോവുന്നത്. അതുകൊണ്ട് തന്നെ ഇതിന് പ്രാധാന്യവുമുണ്ട്. ഇതിനൊപ്പം സൗജന്യ പ്രീസ്‌കൂള്‍ പോലുള്ള വാഗ്ദാനങ്ങളുമുണ്ട്. ഇത് രക്ഷിതാക്കളുടെ പേരന്റല്‍ സ്ട്രസ് കുറക്കാനാവുന്ന മാര്‍ഗങ്ങളായും കണക്കാക്കപ്പെടുന്നുണ്ട്. മാത്രമല്ല ടാക്‌സ് മുക്തമാണ് ഈ സഹായം. ഒപ്പം അപേക്ഷിക്കാനും പണം ലഭിക്കാനും വലിയ സാങ്കേതിക തടസ്സങ്ങളില്ല എന്നതും സര്‍ക്കാര്‍ പോസിറ്റീവായി കാണുന്നുണ്ട്. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് സൂചിപ്പിക്കുന്ന പുതിയ നീക്കം ഏകദേശം രണ്ട് കോടിയോളമുള്ള ആളുകള്‍ക്ക് ഗുണകരമായി മാറുമെന്നാണ്.
Content Highlights: China offers a baby bonus to combat declining birth rates and an aging population.
Published: 10 Aug 2025, 12:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented