ന്യൂഡൽഹി: ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്.ആർ.എസ്) സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരമാണിത്.
ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്ക് എന്ന് പറയുന്നത്. ഇതനുസരിച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ തോതിനേക്കാൾ കുറവാണ് ഇപ്പോഴത്തെ ജനനനിരക്ക്.
1950-ൽ ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്നപ്പോൾ ഒരു സ്ത്രീക്ക് ശരാശരി ആറ് കുട്ടികൾ എന്നതായിരുന്നു കണക്ക്. എന്നാൽ ഇന്നത് 145 കോടിയായി ഉയർന്നിട്ടുണ്ട്. 2023-ൽ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയ ഇന്ത്യയിൽ ജനസംഖ്യാ വളർച്ച ഇപ്പോഴും തുടരുകയാണ്. എങ്കിലും രാജ്യത്തെ ജനനനിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദേശീയതലത്തിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കുന്ന 2.1 എന്ന മാനദണ്ഡത്തിനും താഴേക്ക് പോയി. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ കൃത്യമായി നിലനിർത്താൻ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരാശരി കുട്ടികളുടെ എണ്ണത്തെയാണ് ഈ മാനദണ്ഡം (റീപ്ലേസ്‌മെന്റ് ലെവൽ) കൊണ്ട് അർത്ഥമാക്കുന്നത്. ദീർഘകാലത്തേക്ക് ജനനനിരക്ക് ഈ പരിധിക്ക് താഴെ തുടർന്നാൽ ജനസംഖ്യാ വളർച്ചാ നിരക്ക് ക്രമേണ കുറയും.
ജനസംഖ്യാ വളർച്ചയിലെ കുറവിലേക്ക് വിരൽ ചൂണ്ടുമ്പോഴും, വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ജനനനിരക്കിൽ വലിയ വ്യത്യാസമുള്ളതായി സർക്കാർ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന ജനനനിരക്ക് രേഖപ്പെടുത്തിയത് ബിഹാറിലാണ് (2.9). ഉത്തർപ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാൻ (2.3) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങൾ. ജനസംഖ്യാ സ്ഥിരതാ പരിധിക്ക് മുകളിൽ ജനനനിരക്കുള്ള രാജ്യത്തെ വലിയ സംസ്ഥാനങ്ങൾ ഇവ മാത്രമാണ്.
അതേസമയം, രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് ഡൽഹിയിലാണ് (1.2). ദക്ഷിണേന്ത്യൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജനനനിരക്ക് വളരെ കുറഞ്ഞ നിലയിലാണ്. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 1.3 ആണ് ജനനനിരക്ക്. ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ 1.4-ഉം, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഇത് 1.5-ഉം ആണ്.
വരുംവർഷങ്ങളിലും രാജ്യത്തെ ജനസംഖ്യ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ജനനനിരക്ക് വീണ്ടും 2.1-ലേക്ക് ഉയർന്നില്ലെങ്കിൽ ഭാവിയിൽ ജനസംഖ്യയിൽ കുറവുണ്ടാകുന്നത് തടയാനാവില്ല. ജനനനിരക്ക് ഇനിയും താഴോട്ട് പോകാനാണ് സാധ്യതയെന്നും ഇത് ജനസംഖ്യ കുറയുന്നതിന്റെ വേഗത കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: According to the 2024 Sample Registration System report, India's total fertility rate has dropped below the replacement level of 2.1 for the first time in history, signaling a long-term decline in population growth despite regional variances.
Published: 07 Jun 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented