ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന ഖ്യാതിയിൽ നിന്ന് ചൈന പുറത്തായിട്ട് ഏറെക്കാലമായില്ല. ആളെണ്ണം കൂടിയപ്പോൾ അത് നിയന്ത്രിക്കാനായി നടപ്പിലാക്കിയ നയങ്ങളെല്ലാം രാജ്യത്തെ തിരിച്ചുകൊത്തി. അന്നുമുതൽ ജനസംഖ്യ വർധിപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് രാജ്യം. പ്രസവിച്ചാൽ പിഴയീടാക്കിയ അതേ ചൈന ഇന്ന് പ്രസവിക്കുന്ന സ്ത്രീകൾക്ക് പണം നൽകിയാണ് പ്രോത്സാഹനം നൽകുന്നത്‌. ക്ഷേമ ആനുകൂല്യങ്ങൾ വേറെയും. എന്നാൽ ഈ നടപടികളൊന്നും കാര്യമായ പുരോഗതിയൊന്നും ഇതുവരെ നൽകിയിട്ടില്ല. അതിനാൽ മറ്റുവഴികൾ തേടുകയാണ് രാജ്യം. ഏറ്റവും പുതിയതായി ഗർഭനിരോധന ഉറകൾക്ക് നേരത്തെയുണ്ടായിരുന്ന നികുതിയിളവ് ചൈന എടുത്തുമാറ്റി. ഗർഭനിരോധനത്തിനുള്ള മരുന്നുകൾക്കും നികുതി ഏർപ്പെടുത്തി. ആളെണ്ണം കൂട്ടാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് പിന്നിലെന്താണ്? ജനസംഖ്യ നിയന്ത്രണത്തിൽ ചൈനയ്ക്ക് പിഴച്ചതെവിടെ? 

To advertise here,

ഗർഭനിരോധന ഉറകൾക്ക് മൂല്യവർധിത നികുതി

ഗർഭനിരോധന ഉറകൾക്കും മരുന്നുകൾക്കും മൂല്യവർധിതനികുതി (വാറ്റ്) ഏർപ്പെടുത്താനാണ് ചൈനീസ് നീക്കം. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിൽവരും. ജനസംഖ്യാശോഷണം നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടുക ലക്ഷ്യമിട്ടാണ് പദ്ധതി. ഇതുപ്രകാരം ഗർഭനിരോധന ഉറകൾക്ക് മുമ്പുണ്ടായിരുന്ന 13 ശതമാനം നികുതി നൽകേണ്ടിവരും. മൂന്നുപതിറ്റാണ്ടുമുൻപ് കുടുംബാസൂത്രണം പ്രോത്സാഹിപ്പിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ഒഴിവാക്കിയതായിരുന്നു ഈ നികുതി.

നികുതി പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞിട്ടുണ്ട്. നികുതിയുണ്ടായാലും കോണ്ടം ഉപയോഗിക്കുന്നതാണ് കുട്ടികളെ വളർത്തുന്നതിനെക്കാൾ നല്ലതെന്ന് ചില യുവാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. അതേസമയം, ഗർഭനിരോധന സാമഗ്രികൾക്ക് വിലകൂടുന്നത് താത്പര്യമില്ലാതെയുള്ള ഗർഭധാരണം വർധിക്കുന്നതിനും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ കൂടുന്നതിനും കാരണമാകുമെന്ന ആശങ്കയും മറ്റൊരു ഭാഗത്തുണ്ട്.

അന്ന് ഗർഭം ധരിച്ചാൽ ശിക്ഷ, ഇന്ന്?

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്നു ചൈന. 2016മുതലാണ് രാജ്യത്തെ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയത്. 2022 ആയപ്പോഴേക്കും ഇത് രൂക്ഷമായി. ജനനനിരക്കിലെ ഇടിവ് 2016കൾക്ക് മുന്നേ തന്നെ കണ്ടുതുടങ്ങിയിരുന്നെങ്കിലും ഇത് ആകെ ജനസംഖ്യയെ ബാധിച്ചുതുടങ്ങിയത് 2022 മുതലാണ്. 1960ലെ ക്ഷാമകാലത്തിന് ശേഷം അത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത് ആ വർഷമായിരുന്നു.  കോവിഡ് മഹാമാരിയും ഈ ഇടിവിന് കാരണമായതായി ചൈന പറയുന്നു. 

ജനന നിരക്കിൽ എട്ടരലക്ഷത്തിന്റെ കുറവാണ് 2022ൽ രേഖപ്പെടുത്തിയത്. തുടർന്നുള്ള മൂന്ന് വർഷങ്ങൾ ഇത് കുത്തനെ കൂടുകയും ചെയ്തു.
2024-ൽ 9.54 കോടി കുഞ്ഞുങ്ങളാണ് ചൈനയിൽ ജനിച്ചത്. കോവിഡ് മാത്രമല്ല, ചൈന അതിന് മുൻപ് നടപ്പാക്കിയ ഒറ്റക്കുട്ടി നയവും ജനനനിരക്ക് നിയന്ത്രിക്കാനുള്ള പല നടപടികളും പൊതുജനങ്ങൾക്കുമേലുള്ള സാമ്പത്തിക സമ്മർദങ്ങളും ഈ ഇടിവിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളെ വളർത്താനുള്ള ചെലവുകൂടുന്നതും കാരണമായിട്ടുണ്ട്. കുഞ്ഞുങ്ങളെ വളർത്താൻ ഏറ്റവും ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. 17 വയസ്സുവരെ ഒരു കുട്ടിയെ വളർത്താൻ ശരാശരി ചെലവ് 75,700 ഡോളറാണെന്നാണ് (65.75 ലക്ഷംരൂപ) ചൈന ആസ്ഥാനമായുള്ള യുവ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ കണ്ടെത്തിയത്.

എന്നാൽ ചൈനയുടെ ചരിത്രം ഇതായിരുന്നില്ല. ജനസംഖ്യ അതിവേഗം വർധിച്ചിരുന്ന സ്ഥിതിയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ദശാബ്ദങ്ങളോളം ഇത് തുടർന്നു, പ്രത്യേകിച്ച് 1950 മുതൽ 1980 വരെ. 1949ൽ രാജ്യം സ്ഥാപിതമായത് മുതൽ 1982 വരെ രാജ്യത്തെ ജനസംഖ്യ ഏകദേശം 540 ദശലക്ഷത്തിൽ നിന്ന് 100 കോടിയായാണ്‌ വളർന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചൈന സാക്ഷ്യം വഹിച്ചത് കുത്തനെയുള്ള ജനസംഖ്യാ വർധനവിനാണ്. 2015 ആയപ്പോഴേക്കും ഇത് 140 കോടിയിലെത്തി.. 2021 വരെ 1.5 ശതമാനത്തോളം പ്രതിവർഷ വളർച്ചയായിരുന്നു ജനസംഖ്യയിലുണ്ടായിരുന്നത്. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നടപടികൾ, മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയാണ് ജനസംഖ്യാവളർച്ചയെ നയിച്ചത്. എന്നാൽ ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള അടിസ്ഥാന വിഭവങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ ജനസംഖ്യാവർധന തടയാനുള്ള മാർഗങ്ങളിലേക്ക് ചൈന കടന്നു. 1980-ൽ കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ് സിയോവോപിങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒറ്റക്കുട്ടി നിയമം പ്രാബല്യത്തിൽ വന്നു. ഏതാണ്ട് 35 വർഷത്തോളമാണ് ഈ നിയമം ചൈനയിൽ തുടർന്നത്. ഈ നിയമം പിന്നീട് 2016-ൽ രണ്ടു കുട്ടികളായും 2021-ൽ മൂന്നു കുട്ടികളായും നിയമം ഭേദഗതി ചെയ്തിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ജനസംഖ്യ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന കാഴ്ചപ്പാടാണ് എഴുപതുകളിൽ ചൈന ഒറ്റക്കുട്ടിനിയമം അവതരിപ്പിച്ചതിന്റെ കാതൽ. 40 കോടി കുഞ്ഞുങ്ങളുടെ ജനനം നിയമത്തിലൂടെ നിയന്ത്രിക്കാനായെന്നാണ് കണക്കുകൂട്ടൽ. നിയമം തെറ്റിക്കുന്നവർക്ക് ഗർഭം അലസിപ്പിക്കൽ, പിഴചുമത്തൽ തുടങ്ങിയവ നടപ്പാക്കിയിരുന്നു. തങ്ങൾക്കു ജനിക്കുന്ന ഒറ്റക്കുട്ടി ആണായിരിക്കണമെന്ന നിർബന്ധത്താൽ പലരും പെൺഭ്രൂണഹത്യയും നടത്തിയിരുന്നു. ഗ്രാമങ്ങളിലുള്ളവർക്ക്, ആദ്യകുട്ടി പെണ്ണാണെങ്കിൽ രണ്ടാമതൊരു കുട്ടിക്കുകൂടി അനുമതിനൽകിയിരുന്നു. വംശീയന്യൂനപക്ഷങ്ങളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിരുന്നു. 2013-ൽ നിയമത്തിന് ഭാഗികമായി ഭേദഗതിവരുത്തി. അച്ഛനമ്മമാരിലൊരാൾ അവരുടെ മാതാപിതാക്കളുടെ ഒറ്റക്കുട്ടിയാണെങ്കിൽ അവർക്ക് രണ്ടാമതൊരു കുട്ടിയാവാമെന്നതായിരുന്നു അത്.

ഈ നിയമം ലംഘിക്കുന്നവർ ഭീമൻ പിഴയടയ്ക്കണമായിരുന്നു. അതോടെയാണ് രാജ്യത്ത് ജനസംഖ്യാ വളർച്ച മന്ദഗതിയിലായിത്തുടങ്ങിയത്. 1970-കൾ കടന്നതോടെ ജനനനിരക്ക് ക്രമേണ താഴേക്കു പതിച്ചു. ആയുർദൈർഘ്യം ഉയരാനും തുടങ്ങി. 1970-ൽ 57 ആയിരുന്ന ശരാശരി ആയുർദൈർഘ്യം 2020-ൽ 78 ആയി ഉയർന്നു. 2021ന് ശേഷം വളർച്ചാ നിരക്ക് 0.02 ശതമാനം എന്ന നിലയിലേക്കെത്തി. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇത് ജനസംഖ്യയിൽ പ്രതിഫലിച്ചുതുടങ്ങുകയും ചെയ്തു. എന്നാൽ പിന്നീടുണ്ടായത് ചൈന കണക്കുകൂട്ടാത്ത പ്രതിസന്ധികളായിരുന്നു.  

ജനനനിരക്ക് കുറഞ്ഞത് ആകെ ജനസംഖ്യയുടെ സന്തുലിതാവസ്ഥയെ താളം തെറ്റിച്ചു. ആകെ ജനസംഖ്യയിൽ ഭൂരിഭാഗവും പ്രായമേറിയവരായി. നിലവിൽ ചൈനയിലെ ജനസംഖ്യയുടെ 60 ശതമാനവും 65 വയസ്സോ അതിൽക്കൂടുതലോ ഉള്ളവരാണ്.  2014-ൽ 60 വയസ്സിനു മുകളിലുള്ളവർ- 21 കോടിയായിരുന്നു. അതായത് ആകെ ജനസംഖ്യയുടെ 15.5 ശതമാനം. 2050-ഓടെ ഇത് 50 കോടിയാവുമെന്നാണ് കണക്കുകൂട്ടൽ.  ചൈനയുടെ ജനസംഖ്യ ഇടിവിന് പിന്നിൽ കോവിഡും കാരണമായെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥാപിക്കുന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ചൈനയെ മറികടന്ന് ഇന്ത്യ

ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നത് 2023ലായിരുന്നു. ഐക്യരാഷ്ട്രസഭയാണ് (യു.എൻ പോപ്പുലേഷൻ റിപ്പോർട്ട്) ഈ കണക്കുകൾ പ്രഖ്യാപിച്ചത്. ആ വർഷം പകുതിയോടെ ഇന്ത്യയുടെ ആകെ ജനസംഖ്യ 142.8 കോടിയായി.   ചൈനയ്ക്കിത് 1426 കോടിയായിരുന്നു. 1950ന് ശേഷം ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന സ്ഥാനത്തേക്കെത്തുന്നത് 2023ലായിരുന്നു. ഉയർന്ന പ്രത്യുത്പാദന നിരക്ക്, മികച്ച ആരോഗ്യസംവിധാനങ്ങൾ, കുറഞ്ഞ ശിശുമരണ നിരക്ക്, എന്നിവയ്‌ക്കൊപ്പം ജനസംഖ്യാ അനുപാതത്തിലെ യുവജനങ്ങളുടെ എണ്ണവും ഇന്ത്യയിലെ ജനസംഖ്യ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്.

ചൈനയുടെ ജനസംഖ്യയെ ഇന്ത്യ മറികടക്കുമെന്ന് നേരത്തെ തന്നെ ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. ചൈനീസ് ഉദ്യോഗസ്ഥരും ഐക്യരാഷ്ട്രസഭയും പ്രവചിച്ചതിൽനിന്ന് 9-10 വർഷം മുമ്പുതന്നെ ചൈനയിലെ ജനസംഖ്യ കുറയാൻ തുടങ്ങിയിരുന്നെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞവർഷം ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ 'ലോക ജനസംഖ്യാപ്രതീക്ഷകൾ: 2024' എന്ന റിപ്പോർട്ടിൽ ചൈനയുടെ ജനസംഖ്യ മുരടിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നു. 141 കോടി ജനങ്ങളുമായി ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ള ചൈനയിൽ 2054-ൽ 121 കോടിപ്പേരാകും ഉണ്ടാകുക. ഇതു പിന്നെയും കുറഞ്ഞ് 2100-ഓടെ 63.3 കോടിയാകും. 2024-2054 കാലത്ത് ഏറ്റവുമധികം ജനസംഖ്യാനഷ്ടമുണ്ടാകുന്ന (20.4 കോടി) രാജ്യം ചൈനയായിരിക്കും. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ ഇപ്പോഴുള്ളതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ. താഴ്ന്ന പ്രത്യുത്പാദനിരക്കാണ് ഇതിനു കാരണം. നിലവിലെ ജനസംഖ്യ നിലനിർത്തിക്കൊണ്ടുപോകണമെങ്കിൽ പ്രത്യുത്പാദന നിരക്ക് സ്ത്രീയൊന്നിന് 2.1 കുട്ടി എന്നാകണം. എന്നാൽ, ചൈനയിൽ പ്രത്യുത്പാദന നിരക്ക് 1.4-ൽ താഴെയാണ്.

കുറയുന്ന ജനസംഖ്യ, തിരുത്തി ചൈന

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ന് ചൈന. ജനസംഖ്യ നിയന്ത്രിക്കാൻ സ്വീകരിച്ച നയങ്ങൾ ഇന്ന് ചൈനയെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. വയോജനങ്ങളുടെ എണ്ണം കൂടുകയും യുവജനങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. ജനനനിരക്ക് കുറയുന്നതും എക്കാലത്തേയും വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. തൊഴിലാളികളുടെയും ഉപയോക്താക്കളുടെയും എണ്ണം കുറയുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കാൻ തുടങ്ങി. നിർമാണ മേഖലയിലും കാർഷികോത്പന്ന മേഖലയിലും ഇത് പ്രതിഫലിച്ചുതുടങ്ങി. സാമ്പത്തിക സമ്മർദത്തിലേക്ക് രാജ്യം നീങ്ങിത്തുടങ്ങിയതോടെയാണ് മുന്നിലുള്ള പ്രതിസന്ധിയെ കുറിച്ച് ചൈന ആലോചിച്ചുതുടങ്ങിയത്. ഇപ്പോൾ തിരുത്തൽ നടപടികളിലാണ് ചൈന. കൂടുതൽ കുട്ടികളെയുണ്ടാക്കാൻ ഭരണകൂടത്തിന് എങ്ങനെയൊക്കെ സഹായിക്കാനാവും, ആ വഴികളെല്ലാം നടപ്പാക്കുകയാണ് രാജ്യം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2016ൽ ചൈന ഒറ്റക്കുട്ടിനയം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ദമ്പതിമാർക്ക് രണ്ടാമതൊരു കുട്ടിക്കുകൂടി അനുമതിനൽകുന്ന ബിൽ പാർലമെന്റിൽ പാസാക്കിക്കൊണ്ടാണ് ഇത് അവസാനിപ്പിച്ചത്. സമൂഹത്തിൽ പ്രായമേറിയവരുടെ എണ്ണം കൂടിവരുന്നതും തൊഴിൽശക്തി ക്ഷയിച്ചുവരുന്നതും സാമ്പത്തികപുരോഗതിക്ക് തടസ്സമാകുന്നുവെന്ന് സർക്കാർ വിശദീകരിക്കുകയും ചെയ്തു. 

ജനനനിരക്ക് കുറയുന്ന ചൈനയിൽ കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് സർക്കാർ സാമ്പത്തികം വാഗ്ദാനം ചെയ്തിരുന്നു. കുട്ടിയൊന്നിന് 3600 യുവാൻ (43,500 രൂപ) വീതമാണ് നൽകുന്നത്. കുട്ടിക്ക് മൂന്നുവയസ്സ് തികയുംവരെ ഈ സഹായമുണ്ടാകും. ഈ പ്രായത്തിലെ ഒന്നിലേറെ കുട്ടികളുണ്ടെങ്കിൽ എല്ലാവർക്കുമായി ഒരുവർഷം 10,800 യുവാൻ (1.34 ലക്ഷം രൂപ) വരെ രക്ഷിതാക്കൾക്കു നൽകും. 2025 ജൂലൈയിലായിരുന്നു സർക്കാർ ഇത് പ്രഖ്യാപിച്ചതെങ്കിലും ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 2022-2024 കാലത്ത് കുഞ്ഞുങ്ങൾ ജനിച്ച കുടുംബങ്ങൾക്കും ഭാഗികമായി സഹായധനം ലഭിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച പൊതുവായ പദ്ധതികൾക്ക് പുറമേ ഹൊഹോട്ട്, ഷെൻയാങ് തുടങ്ങി പല നഗരങ്ങളും സ്വന്തം നിലയ്ക്ക് സാമ്പത്തികസഹായ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.ജനനനിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ പതിറ്റാണ്ടുകളായി തുടർന്നുവന്നിരുന്ന ഒറ്റക്കുട്ടിനയം നിർത്തിയിരുന്നെങ്കിലും ജനനനിരക്ക് കൂടാത്തതിനാലാണ് ഈ നടപടി.

കുട്ടികളെ വളർത്താനുള്ള സാമ്പത്തിക സഹായങ്ങൾക്കൊപ്പം പ്രസവത്തിനും ഗർഭധാരണത്തിനുമുള്ള സൗകര്യങ്ങളും സർക്കാർ മെച്ചപ്പെടുത്തി. ചികിത്സയ്ക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും ആരോഗ്യ ഇൻഷുറൻസിനൊപ്പം പ്രസവ ഇൻഷുറൻസും നൽകി. ശിശുസംരക്ഷണ സംവിധാനങ്ങളും വിദ്യാഭ്യാസത്തിനും പാർപ്പിടത്തിനും തൊഴിലിനുമുള്ള പിന്തുണ വർധിപ്പിക്കാനും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ജനന സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം വളർത്തുക' എന്ന ലക്ഷ്യത്തോടെ 13 നിർദ്ദേശങ്ങളുള്ള ഒരു നയം തന്നെ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കും സ്ഥിരമല്ലാത്ത തൊഴിൽ ചെയ്യുന്നവർക്കും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് ഉള്ളിടത്തോളം കാലം പ്രസവ ഇൻഷുറൻസ് നൽകുന്നതും നടപടികളിൽ ഉൾപ്പെടുന്നു. രക്ഷാകർതൃ അവധി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇതിലുണ്ട്.

സർക്കാരിന് പുറമെ ചൈനയിലെ കോളേജുകളും ജനസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. അതിലൊന്നാണ് പ്രണയിക്കാനുള്ള അവധി. ഏഴോളം കോളേജുകൾ ഇത്തരത്തിൽ വിദ്യാർഥികൾക്ക് നിശ്ചിത ഇടവേളകളിൽ അവധി ഏർപ്പെടുത്തിയിരുന്നു. മറ്റൊന്ന് പുരുഷധനം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ്. മുപ്പതിനുമേൽ പ്രായമുള്ള, വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം ചൈനയിൽ വർധിക്കുന്നതിന്റെ കാരണം പുരുഷധനമാണെന്നാണ് ചിലർ പറയുന്നത്. വധു ആവശ്യപ്പെടുന്ന തുക നൽകാനാവാത്തതിനാൽ ഒട്ടേറെ യുവാക്കൾ വിവാഹം വേണ്ടെന്നുവെക്കുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുരുഷധനം ഒഴിവാക്കാൻ സർക്കാർ തന്നെ ആഹ്വാനം ചെയ്തത്. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതൽപേർ ദാമ്പത്യജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണം നടക്കുന്നുണ്ട്.

ചൈനീസ് ഗവൺമെന്റിന്റെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ പുതിയ നടപടികൾക്ക് ചൈനയുടെ ജനനനിരക്ക് വർധിപ്പിക്കുന്നതിനെ കാര്യമായി സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് ഗർഭനിരോധന ഉറകൾക്ക് നികുതി പുനഃസ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് രാജ്യം കടന്നിരിക്കുന്നത്. ലിംഗസമത്വമില്ലായമ, കൂടിയ ജീവിത ചെലവ്, കുടുംബജീവിതത്തെ കുറിച്ചുള്ള മാറുന്ന കാഴ്ചപ്പാടുകൾ തുടങ്ങിയവയും ജനനനിരക്കിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ജനസംഖ്യ വർധിപ്പിക്കാനുള്ള ചൈനയുടെ സമീപകാല നയങ്ങൾ ഇതുവരെ ജനനനിരക്കിലോ ജനസംഖ്യാ വളർച്ചയിലോ കാര്യമായി പ്രതിഫലിച്ചിട്ടില്ല. ശിശു സംരക്ഷണ സബ്‌സിഡികൾ, നികുതി ഇളവുകൾ, ചികിത്സയ്ക്കും പാർപ്പിടത്തിനും തൊഴിൽ പിന്തുണയ്ക്കുമുള്ള സഹായങ്ങൾ നടപ്പാക്കിയിട്ടും പ്രത്യുത്പാദന നിരക്ക് ഇപ്പോഴും ജനസംഖ്യ നിലനിർത്താൻ ആവശ്യമായതിലും വളരെ താഴെയാണ്. 2025-ൽ ഒരു സ്ത്രീക്ക് ഏകദേശം 1.0 മുതൽ 1.1 വരെയാണ് ശരാശരി ജനനനിരക്ക്‌. സ്ഥിരമായ ജനസംഖ്യാ അനുപാതത്തിന്‌ ആവശ്യമായ 2.1 നേക്കാൾ വളരെ കുറവാണിത്. ലക്ഷ്യം കൈവരിക്കണമെങ്കിൽ ചൈന ഏറെ ദൂരം ഇനിയും പോകേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം.