'സ്രയേല്‍ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭീഷണികളെ ചെറുക്കാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എനിക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചവയാണ്, അത് രാജ്യത്തേയും കീറിമുറിക്കുന്നു. വിചാരണ നീണ്ടുപോകുന്നത് മുന്നിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നത് തടയും. അതിനാല്‍ മാപ്പ് അനുവദിക്കണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് നല്‍കിയ മാപ്പപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയായിരുന്നു. എന്താണ് നെതന്യാഹുവിനെതിരേയുള്ള കേസുകൾ? ഇസ്രയേൽ പ്രധാനമന്ത്രി ജയിലഴിക്കുള്ളിലാകുമോ?

To advertise here,

ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെന്ന് നെതന്യാഹു

2019-ല്‍ ഫയല്‍ ചെയ്ത മൂന്ന് വ്യത്യസ്ത അഴിമതി കേസുകളാണ് നെതന്യാഹു നേരിടുന്നത്. കേസ് 1000, കേസ് 2000, കേസ് 4000 എന്നറിയപ്പെടുന്ന കേസുകളില്‍ ആറ് വര്‍ഷമാണ് വിചാരണ. കൈക്കൂലി, ചതി, വിശ്വാസവഞ്ചന എന്നീ ആരോപണങ്ങള്‍ ഉള്‍പ്പെടുന്നവയാണ് കേസുകള്‍. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നെതന്യാഹു വാദിക്കുന്നത്. തനിക്കെതിരേയുള്ള കേസുകളെല്ലാം കെട്ടിച്ചമച്ചവയാണ്. അഴിമതി വിചാരണ തന്നെ തകർക്കാനുദ്ദേശിച്ചുള്ള ഗൂഢാലോചനയാണെന്നും തന്റെ ശത്രുക്കളും എതിര്‍ചേരിയിലുള്ള മാധ്യമങ്ങളും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്നുമാണ് നെതന്യാഹു അവകാശപ്പെടുന്നത്. പ്രസിഡന്റിന് നല്‍കിയ മാപ്പപേക്ഷയിലും അതിന് ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലും അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

എനിക്കെതിരായ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ട് ഏകദേശം ഒരു ദശാബ്ദത്തോളമായി. ഈ കേസുകളിലെ വിചാരണ ഏകദേശം ആറ് വര്‍ഷമായി തുടരുകയാണ്, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇത് തുടര്‍ന്നേക്കാം. വിചാരണ അവസാനിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ദേശീയ താല്‍പര്യത്തിന് അനിവാര്യമാണ്. ഇസ്രയേല്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. രാജ്യത്തെ സഹായിക്കുന്ന വലിയ അവസരങ്ങളും മുന്നിലുണ്ട്. ഭീഷണികളെ ചെറുക്കാനും ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ദേശീയ ഐക്യം ആവശ്യമാണ്. വിചാരണ പെട്ടെന്ന് അവസാനിപ്പിക്കുന്നത് സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാനും പ്രശ്‌നപരിഹാരങ്ങള്‍ക്ക് വഴിയൊരുക്കാനും സഹായിക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലും പറഞ്ഞു. മാപ്പ് ലഭിക്കുകയാണെങ്കില്‍ പശ്ചിമേഷ്യ പ്രക്ഷുബ്ധമായ ഈ സമയത്ത് ഇസ്രയേലിനെ ശക്തിപ്പെടുത്താന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഹെര്‍സോഗിനോട് അഭ്യര്‍ഥിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയും നേരിട്ട് മാപ്പപേക്ഷിച്ചിരിക്കുന്നത്. ഹെര്‍സോഗിന്റെ ഓഫീസില്‍ സമര്‍പ്പിച്ച നെതന്യാഹുവിന്റെ 111 പേജുള്ള മാപ്പപേക്ഷയില്‍ ട്രംപിന്റെ അഭ്യര്‍ത്ഥനയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

കുറ്റം സമ്മതിക്കാതെ നെതന്യാഹു

മാപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നെതന്യാഹു ശരിവെച്ചിട്ടില്ല. അതിനാല്‍ കുറ്റം സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുകയോ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കുകയോ ചെയ്യാത്തപക്ഷം നെതന്യാഹുവിന് മാപ്പ് നല്‍കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പ്രതികരിച്ചത്. എന്നാല്‍ മാപ്പ് നല്‍കാന്‍ നെതന്യാഹു കുറ്റം സമ്മതിക്കേണ്ടതില്ലെന്നാണ് നിയമ വിദഗ്ധരുടെ വിശദീകരണം. മാപ്പ് നല്‍കുന്നതിന് വ്യവസ്ഥകളൊന്നുമില്ല, മാപ്പപേക്ഷ ആദ്യം നീതിന്യായ മന്ത്രാലയത്തിന്റെ വകുപ്പ് അവലോകനം ചെയ്യും, അവര്‍ തങ്ങളുടെ അഭിപ്രായം പ്രസിഡന്റിന്റെ ഓഫീസിലേക്ക് അയയ്ക്കും. സാധാരണയായി വകുപ്പിന്റെ ശുപാര്‍ശയാണ് പ്രസിഡന്റ് പിന്തുടരാറുള്ളത്. മറിച്ചൊരു തീരുമാനം കൈക്കൊള്ളാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്.

എന്താണ് കേസുകള്‍?

കേസ് 1000 എന്നറിയപ്പെടുന്ന ആരോപണം ഒരു സമ്മാന വിവാദത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. 2014 മുതല്‍ 2017 വരെ ഇസ്രയേലിന്റെ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്ന കാലയളവിലുള്ളതാണ് ഈ കേസ്. രാഷ്ട്രീയ സഹായങ്ങള്‍ക്ക് പകരമായി സമ്പന്നരായ രണ്ട് വ്യവസായികളില്‍ നിന്ന് നെതന്യാഹുവും ഭാര്യ സാറയും ഷാംപെയ്‌നും സിഗരറ്റുകളും ഉള്‍പ്പെടെ ഏകദേശം രണ്ടുലക്ഷം ഡോളര്‍ വിലമതിക്കുന്ന ആഡംബര സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നതാണ് ഈ ആരോപണം. ഇസ്രയേലി ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍നോണ്‍ മില്‍ച്ചന്‍, ഓസ്ട്രേലിയന്‍ കോടീശ്വരന്‍ ജെയിംസ് പാക്കര്‍ എന്നിവരാണ് ഈ വ്യവസായികള്‍. താന്‍ നെതന്യാഹുവിന് സമ്മാനങ്ങള്‍ നല്‍കിയതായി മില്‍ച്ചന്‍ 2020 ജൂണില്‍ മൊഴി നല്‍കിയിരുന്നു. വിലകൂടിയ ഈ സമ്മാനങ്ങളുടെ ചെലവ് മില്‍ച്ചനുമായി പങ്കിട്ടിരുന്നു, ഇതോടെയാണ് ജെയിംസ് പാക്കറും കേസിലകപ്പെട്ടത്.

യുഎസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് മില്‍ച്ചന്റെ യുഎസ് വിസ പുതുക്കാന്‍ സഹായിച്ചതിന് പകരമായിരുന്നു നെതന്യാഹുവിനും ഭാര്യയ്ക്കുമുള്ള ആഡംബര സമ്മാനങ്ങള്‍. മില്‍ച്ചന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നെതന്യാഹു വഴിവിട്ട സഹായങ്ങള്‍ ചെയ്തു, ഇതിലൂടെ ഒരു നികുതിയിളവ് നിയമം പ്രോത്സാഹിപ്പിച്ചതായും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. ഇസ്രയേലിലെ നിക്ഷേപത്തിന് ജെയിംസ് പാക്കറിന് നികുതിയിളവ് അനുവദിച്ചതായിരുന്നു മറ്റൊരു സംഭവം. ഈ കേസുകളില്‍ ചതി, വിശ്വാസവഞ്ചന, അഴിമതി, കൈക്കൂലി എന്നീ കുറ്റങ്ങള്‍ക്ക് 2019-ല്‍ പ്രധാനമന്ത്രിയായിരിക്കെയാണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയത്. മൂന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളാണിത്.

കേസ് 2000, അഥവാ നെതന്യാഹു-മോസസ് ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഈ കേസിലും വിശ്വാസവഞ്ചനയ്ക്ക് കുറ്റം ചുമത്തിയിട്ടുണ്ട്. നെതന്യാഹുവിനെ വിമര്‍ശിച്ചിരുന്ന ഇസ്രയേലി ദിനപത്രമായ യെദിയോത്ത് അഹ്റോനോത്തിന്റെ ഓഹരി ഉടമയായ വ്യവസായി ആരോണ്‍ മോസസുമായി നെതന്യാഹു ഒരു കരാറുണ്ടാക്കിയതായി ഈ കേസില്‍ പറയുന്നു. നെതന്യാഹുവിന് അനുകൂലമായ വാര്‍ത്തകള്‍ നല്‍കാനായിരുന്നു ഈ ഇടപാട്. ഇരുവരും തമ്മില്‍ 'കടുത്ത ശത്രുത' ഉണ്ടായിരുന്നിട്ടും, 2008-നും 2014-നും ഇടയില്‍ അവര്‍ മൂന്ന് കൂടിക്കാഴ്ചകള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. യെദിയോത്ത് അഹ്റോനോത്ത് മാധ്യമ ഗ്രൂപ്പില്‍ നെതന്യാഹുവിന് ലഭിക്കുന്ന കവറേജ് മെച്ചപ്പെടുത്തുക, എതിരാളികളായ ഇസ്രയേല്‍ ഹായോം' പത്രത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയ്ക്കുള്ള ഗൂഢാലോചനയാണ് കൂടിക്കാഴ്ചയില്‍ നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

ബെസെക്ക് ഇടപാട് അഥവാ കേസ് 4000 ആണ് മൂന്നാമത്തെ കേസ്. ഇസ്രയേലി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ബെസെക്കിന് ആനുകൂല്യങ്ങള്‍ നല്‍കിയതിന് പകരം ലഭിച്ച സഹായങ്ങളായിരുന്നു ഈ കേസിന്റെ ആധാരം. ബെസെക്കിന്റെ മുന്‍ ചെയര്‍മാന്‍ നിയന്ത്രിച്ചിരുന്ന വല്ല എന്ന വെബ്‌സൈറ്റില്‍ നെതന്യാഹു അനുകൂല റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇത് വഴിയൊരുക്കി. അക്കാലത്ത് വാര്‍ത്താവിനിമയ മന്ത്രിയായിരുന്നു നെതന്യാഹു. ബെസെക്കിന്റെ ഉടമയും വാര്‍ത്താ വെബ്‌സൈറ്റിന്റെ നിയന്ത്രണവുമുള്ള ഷൗള്‍ എലോവിച്ചായിരുന്നു അന്നത്തെ ചെയര്‍മാന്‍. എലോവിച്ചിന് നെതന്യാഹു ഇടപെട്ട് നല്‍കിയ ആനുകൂല്യങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളും ഉള്‍പ്പെട്ടിരുന്നു. 500 മില്ല്യണ്‍ ഡോളറിന്റെ സഹായങ്ങളാണ് എലോവിച്ചിന് ലഭിച്ചത്. ഇതിന് പകരമായി എലോവിച്ച് നെതന്യാഹുവിനും ഭാര്യയ്ക്കും അനുകൂലമായ വാര്‍ത്തകള്‍ നിരന്തരം നല്‍കി. എലോവിച്ചിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നടപടികള്‍ നെതന്യാഹു സ്വീകരിച്ചുവെന്ന് ഈ കേസിലെ കുറ്റപത്രം പറയുന്നു.

അഴിമതി കേസ് തകര്‍ക്കാത്ത തിരഞ്ഞെടുപ്പ് വിജയം

2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഇസ്രയേലിലെ ഞെട്ടിപ്പിക്കുന്ന ആക്രമണവും തുടര്‍ന്നുണ്ടായ ഗാസയിലെ യുദ്ധവുമാണ് നെതന്യാഹുവിനെതിരേയുള്ള വിചാരണ വൈകിയതിന്റെ പ്രധാന കാരണം. യുദ്ധത്തിന് മുന്‍പ് വരെ ദേശീയ രാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്ന വിഷയമായിരുന്നു പ്രധാനമന്ത്രിക്കെതിരായ കേസുകള്‍. അത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും ധ്രുവീകരണത്തിനും വഴിയൊരുക്കി. അതേ കാലഘട്ടത്തിലാണ് നെതന്യാഹു തിരഞ്ഞെടുപ്പിനെ നേരിട്ടതും. വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചൂടുപിടിച്ച വിഷയമായെങ്കിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിച്ചില്ല. നെതന്യാഹു അധികാരത്തിലേക്ക് തിരിച്ചെത്തി.

തിരഞ്ഞെടുപ്പ് വിജയം നേടിയെങ്കിലും അഴിമതിക്കേസുകള്‍ പൊതുസമൂഹത്തില്‍ വലിയ രാഷ്ട്രീയ ഭിന്നതകളുണ്ടാക്കിയിരുന്നു. നെതന്യാഹു കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നവരും നെതന്യാഹു വേട്ടയാടപ്പെടുകയാണെന്ന് വിശ്വസിക്കുന്നവരും തമ്മില്‍ ഭിന്നിക്കപ്പെട്ടു. വര്‍ഷങ്ങളായി നടന്നുവന്ന നിരന്തരമായ തിരഞ്ഞെടുപ്പുകളില്‍ ഈ ധ്രുവീകരണം പ്രതിഫലിച്ചിരുന്നു. എങ്കിലും വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ പിന്തുണ കൊണ്ടും ഇടതുപക്ഷ, അറബ് പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കടമ്പ കടക്കാന്‍ കഴിയാത്തതിനാലും നെതന്യാഹുവിന്റെ മുന്നണി കെനെസ്സറ്റില്‍ (Knesset, ഇസ്രയേൽ പാർലമെന്റ്) വലിയ ഭൂരിപക്ഷം നേടുകയായിരുന്നു.

അന്നു മുതൽ ഈ അഴിമതി ആരോപണങ്ങള്‍ ഇസ്രയേലി രാഷ്ട്രീയത്തില്‍ ഒരു പ്രധാന തര്‍ക്കവിഷയമായി തുടരുകയാണ്. നെതന്യാഹു ആരോപണങ്ങൾ നിഷേധിക്കുകയും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എതിരാളികള്‍ നടത്തിയ രാഷ്ട്രീയ വേട്ടയാണെന്ന് അവകാശപ്പെടുകയും ചെയ്തു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു നെതന്യാഹു അനുകൂലികളും വിശ്വസിച്ചത്. അതിനാല്‍ തന്നെ ജനങ്ങള്‍ക്കിടയിലാകെ അദ്ദേഹത്തിനുള്ള പിന്തുണ വര്‍ധിച്ചു. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ഭരിക്കാന്‍ പാടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആഹ്വാനം. എന്നാല്‍ ഇത് ഫലം കണ്ടില്ല.
സ്ഥിരതയുള്ള ഭൂരിപക്ഷത്തോടെ നെതന്യാഹു സര്‍ക്കാര്‍ രൂപീകരിച്ചു. നെതന്യാഹുവിനെ ശിക്ഷയില്‍ നിന്ന് തടവില്‍ നിന്നോ ഒഴിവാക്കാന്‍ സഹായിക്കുന്ന നിയമനിര്‍മ്മാണങ്ങളെ പിന്തുണയ്ക്കുമെന്ന് തീവ്ര വലതുപക്ഷം ആഹ്വാനം. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തിരിച്ചുവരവ് കൂടുതല്‍ ദൃഢമാക്കി.

നിര്‍ണായക തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണം ലക്ഷ്യമിട്ട് ചില പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ ഇത് ഇസ്രയേലില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും ജനാധിപത്യ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിതുറന്നു. നീതിന്യായ സംവിധാനം പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ക്കും നെതന്യാഹുവിനെതിരേയുള്ള അഴിമതിക്കേസിന്റെ വിചാരണയ്ക്കും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത് അദ്ദേഹം നിഷേധിച്ചു. പക്ഷേ, ഈ നടപടികള്‍ മുന്നോട്ടുപോയില്ല, ഹമാസ് നടത്തിയ ആക്രമണവും പിന്നീട് തുടര്‍ന്ന യുദ്ധവുമായിരുന്നു ഇതിന് തടസ്സമായത്.

മാപ്പപേക്ഷ, പ്രതിഷേധിച്ച് പ്രതിപക്ഷം നെതന്യാഹു നല്‍കിയ മാപ്പപേക്ഷയ്‌ക്കെതിരേ ഇസ്രയേലിലെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മാപ്പപേക്ഷ തള്ളണമെന്ന് അവര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദീര്‍ഘകാലമായുള്ള അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. കുറ്റകൃത്യങ്ങളിലെ പങ്കില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നെതന്യാഹുവിന് സാധിക്കില്ല. കുറ്റം സമ്മതിക്കുകയോ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കുകയോ ചെയ്യാത്തപക്ഷം മാപ്പ് നല്‍കുന്നത് വ്യവസ്ഥയല്ലെന്നും ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് ചൂണ്ടിക്കാട്ടി. നെതന്യാഹുവിന്റെ മാപ്പപേക്ഷയ്ക്കെതിരെ ടെല്‍ അവീവിലെ പ്രസിഡന്റ് ഹെര്‍സോഗിന്റെ വസതിക്ക് പുറത്ത് ഒരു വിഭാഗം ഇസ്രയേലികള്‍ പ്രതിഷേധിച്ചിരുന്നു. നാമ ലസിമി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാരും അവരോടൊപ്പം ചേര്‍ന്നു. പ്രസിഡന്റ് ഹെര്‍സോഗും നെതന്യാഹുവും രാഷ്ട്രീയ എതിരാളികളാണെങ്കിലും ഇരുവരും തമ്മില്‍ ശക്തമായ സൗഹൃദമുണ്ട്. അതിനാല്‍ നെതന്യാഹുവിന് അനുകൂലമായ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ബന്ധിതനാവുമെന്നാണ് അവര്‍ പറയുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട എല്ലാ അഭിപ്രായങ്ങളും ലഭിച്ച ശേഷം ഉത്തരവാദിത്തത്തോടെയും ആത്മാര്‍ത്ഥതയോടെയും ന്യായമായ നടപടിയായിരിക്കും പ്രസിഡന്റ് കൈക്കൊള്ളുകയെന്ന് ഹെര്‍സോഗിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഴിമതിയില്‍ മുങ്ങിയ ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍

അഴിമതിക്കേസുകളില്‍ അകപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ നെതന്യാഹു മാത്രമല്ല സ്ഥാനം പിടിച്ചിരിക്കുന്നത്. 1996 മുതല്‍ അധികാരത്തിലിരുന്ന എല്ലാ ഇസ്രയേലി പ്രധാനമന്ത്രിമാരും അഴിമതിക്കേസുകളില്‍ അന്വേഷണത്തിന് വിധേയരായിട്ടുണ്ട്.

1996-99
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനത്തുള്ള ആദ്യ ടേമായിരുന്നു ഇത്. കിക്ക്ബാക്ക് പദ്ധതി, സ്വാധീനം ചെലുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നെതന്യാഹുവിനെതിരേ അന്വേഷണം നടന്നിരുന്നു.

1999-2001
പ്രധാനമന്ത്രി എഹൂദ് ബരാക്കിനെതിരെ അനധികൃത പ്രചാരണ ഫണ്ടിംഗ്, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നടന്നു.

2001-06
1990-കളുടെ അവസാനത്തില്‍ ഗ്രീക്ക് ദ്വീപ് സംഭവം എന്നറിയപ്പെട്ട കേസില്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി വാങ്ങിയതായി ആരോപിക്കപ്പെട്ടു. തുടര്‍ന്ന് അന്വേഷണം.

2006-09
ജറുസലേം മേയറായിരിക്കെ 430,000 ഡോളര്‍ കൈക്കൂലി വാങ്ങിയതിന് പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് ശിക്ഷിക്കപ്പെട്ടു. വഞ്ചന, വിശ്വാസവഞ്ചന, കോര്‍പ്പറേറ്റ് രേഖകളില്‍ കൃത്രിമം കാണിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് 2016 ഫെബ്രുവരിയില്‍ അദ്ദേഹം ജയിലിലായി.

2009-21
നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഈ കാലയളവില്‍, മൂന്ന് കേസുകളില്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തപ്പെട്ടു. അദ്ദേഹത്തിനെതിരായ മറ്റ് രണ്ട് കേസുകള്‍ ഒഴിവാക്കപ്പെട്ടിരുന്നു.

നെതന്യാഹു ജയിലിലേക്കോ?

വിശ്വാസവഞ്ചന, കൈക്കൂലി ഉള്‍പ്പെടെയുള്ള കേസുകളാണ് നെതന്യാഹുവിനെതിരേയുള്ളത്. ഈ കേസുകള്‍ തെളിയിക്കപ്പെട്ടാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ കേസുകളില്‍ നെതന്യാഹു എങ്ങനെ നിയമപരമായി നീങ്ങുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണിത്. വിചാരണ പൂര്‍ത്തിയാവാനും അടുത്ത നടപടികളിലേക്ക് കടക്കാനും ഇനിയും മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വന്നേക്കാം. സ്ഥിരമായ കോടതി നടപടികള്‍ അദ്ദേഹത്തിന്റെ ഭരണപരമായ കഴിവിനെ ബാധിക്കുമെന്ന് നെതന്യാഹുവിന്റെ അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന് പ്രധാനമന്ത്രിയെ ആവശ്യമുള്ള സമയമാണിത്. അതിനാല്‍ മാപ്പ് നല്‍കുന്നത് ദേശീയ താല്‍പര്യമാണ്. അത് നല്‍കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നും അവര്‍ വാദിച്ചു.

ഇസ്രയേല്‍ ചട്ടങ്ങള്‍ പ്രകാരം നിയമ നടപടികള്‍ പൂര്‍ത്തിയായി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനുശേഷം മാത്രമേ സാധാരണയായി മാപ്പ് നല്‍കിയിട്ടുള്ളൂ. വിചാരണയുടെ മധ്യേ മാപ്പ് നല്‍കിയ സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത് വരെ പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട ബാധ്യതയുമില്ല. ശിക്ഷയ്‌ക്കെതിരേ അപ്പീലുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ആ നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ പദവിയിലും ഓഫീസിലും തുടരാം.

പ്രസിഡന്റിന്റെ തീരുമാനം ഇസ്രയേലിനെ തിരിഞ്ഞുകുത്തുമോ?

നെതന്യാഹുവിന്റെ പൊതുമാപ്പ് അഭ്യര്‍ഥന ഇസ്രയേലിന്റെ ഭാവിക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും പൊതുചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതുമാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നീണ്ടുനില്‍ക്കുന്ന അഴിമതി വിചാരണ അവസാനിപ്പിക്കുന്നത് ദേശീയ ഐക്യത്തിന് അനിവാര്യമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നു. വിചാരണ അവസാനിക്കുന്നതിലൂടെ തനിക്ക് രാജ്യത്തിന്റെ സുരക്ഷയിലും സമൃദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നതിനുമുമ്പ് പൊതുമാപ്പ് നല്‍കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിശകലനങ്ങള്‍.

സമാനതകളില്ലാത്ത നിയമനടപടികള്‍ പൊതുസമൂഹത്തില്‍ പോലും ഭിന്നത വര്‍ധിപ്പിക്കും. അധികാരവും സ്വാധീനവുമുള്ള വ്യക്തികള്‍ക്ക് നിയമങ്ങളെ ധിക്കരിക്കാന്‍ അത് പ്രചോദനം നല്‍കുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. ഇത് ഭരണഘടനാപരവുമായ പ്രതിസന്ധിക്ക് കാരണമായേക്കാം. പൊതുമാപ്പ് അനുവദിക്കുന്നത് വേട്ടയാടപ്പെട്ടുവെന്ന നെതന്യാഹുവിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. ഇത് ജനങ്ങളെ കൂടുതല്‍ ധ്രുവീകരിക്കാന്‍ ഇടയാക്കും. അതിനാല്‍ രാജ്യത്തിന്റെ താല്‍പര്യങ്ങളും രാഷ്ട്രീയ ചുറ്റുപാടുകളും കണക്കിലെടുത്തുകൊണ്ട് ഇസ്രയേല്‍ പ്രസിഡന്റ് കൈക്കൊള്ളുന്ന തീരുമാനമാണ് ഇനി അറിയേണ്ടത്. ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവിക്കും നിയമവാഴ്ചയ്ക്കും ഈ തീരുമാനം നിര്‍ണായകമാണ്.