കോട്ടയം: ബാറുകളുടെ നിയമലംഘനത്തിന് കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ കൂട്ടുനിന്നതിന് കൂടുതൽ തെളിവുകൾ. ബാറുകൾ നേരത്തേ തുറക്കാനും വൈകി അടയ്ക്കാനും ഇയാൾ മൗനാനുവാദം നൽകിയിരുന്നുവെന്ന് കാണിക്കുന്ന ശബ്ദസന്ദേശം ഉൾപ്പെടെയാണ് എക്‌സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാറുടമകളിൽ നിന്ന് അശോക് കുമാർ മാസപ്പടി വാങ്ങിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്.

To advertise here,

സമയപരിധി ലംഘിച്ച് പ്രവർത്തിക്കാനുള്ള ഒത്താശ ചെയ്തതിന് പുറമെ ബാറുകളിൽ പരിശോധന നടത്തുന്നതിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിലക്കിയും അശോക് കുമാർ ബാറുടമകളെ സഹായിച്ചിട്ടുണ്ട്. തന്റെ അനുവാദമില്ലാതെ ഒരു ബാറിലും കയറി പരിശോധന നടത്തരുത് എന്ന നിർദേശമാണ് ഇയാൾ കീഴുദ്യോഗസ്ഥർക്ക് നൽകിയത്. കൂടാതെ യൂണിഫോമിൽ അല്ലാതെയെത്തി മാസപ്പടി വാങ്ങുന്നതിന്റെ ഉൾപ്പെടെ ദൃശ്യങ്ങളും എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ചിട്ടുണ്ട്.

എസ്. അശോക് കുമാറിന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബാറുടമകൾ ലക്ഷങ്ങളാണ് കൈക്കൂലിയായി കൈമാറ്റം ചെയ്തിരിക്കുന്നത്. ഇതിന്റെ രേഖകളും എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ചു. കോട്ടയത്തെ ഒരു പ്രമുഖ ബാർ ഉടമയാണ് മറ്റ് ബാറുടമകളിൽ നിന്ന് പണം പിരിച്ച് കൈക്കൂലിയായി അശോക് കുമാറിന് കൈമാറിയിരുന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമായ റിപ്പോർട്ടായി സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമാണ് അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ, അശോക് കുമാർ മുമ്പ് ജോലി ചെയ്ത ഇടങ്ങളിലും ഇത്തരം ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.