
ഷേക്ക് ഹസീന സര്‍ക്കാരിനെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ അട്ടിമറിച്ച് ഇടക്കാല ഭരണകൂടം നിലവില്‍ വന്നിട്ട് ആറുമാസമായെങ്കിലും ബംഗ്ലാദേശിന്റെ കാലുറച്ചിട്ടില്ല. നിലവിലെ സാഹചര്യം വച്ചുനോക്കിയാല്‍, സമീപകാലത്തൊന്നും അതുണ്ടാവുമെന്നും തോന്നുന്നില്ല. തലസ്ഥാനമായ ധാക്കയില്‍ വിട്ടുവിട്ട് വിദ്യാര്‍ഥി സമരങ്ങളുണ്ടാവുന്നുണ്ട്. അരിയും ഡീസലും അടക്കമുള്ള ആവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമം കാരണം സമൂഹത്തിലാകെ അസംതൃപ്തിയാണ്. മുഖ്യഉപദേഷ്ടാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസിന്റെ സര്‍ക്കാര്‍ ഇനി എത്രകാലം എന്ന ചോദ്യമുയരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
എങ്കിലും പ്രശ്നപരിഹാരത്തിനും രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്കും സാമൂഹിക ഐക്യത്തിനും വേണ്ടിയുള്ള നടപടികളെടുക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനാപട്ടികയില്‍ വന്നിട്ടില്ല എന്നു വേണം പറയാന്‍. ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ ബംഗ്ലാദേശിന് വിട്ടുകിട്ടാത്തത് യൂനുസിനെയും വിദ്യാര്‍ത്ഥി ഉപദേഷ്ടാക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്. തുടക്കം മുതല്‍ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ അവര്‍ നടത്തുന്നുണ്ട്. ഈ പട്ടികയില്‍ ഒടുവിലത്തേതാണ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജനറല്‍ ജഹാംഗീര്‍ ആലം ചൗധരി ബുധനാഴ്ച പത്രക്കാരോട് പറഞ്ഞത്. മനപ്പൂര്‍വ്വം ഇന്ത്യയുമായി സംഘര്‍ഷത്തിന് ശ്രമിക്കുകയാണ് ആ രാജ്യം എന്ന് തോന്നിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
അതിര്‍ത്തിയില്‍ ഉടക്കുവെച്ച് ബംഗ്ലാദേശ്
ഹസീന സര്‍ക്കാരിന്റെ ഭരണകാലത്ത് ബംഗ്ലാദേശ് ഇന്ത്യയുമായി ഉണ്ടാക്കിയ തുല്യമല്ലാത്ത എല്ലാ കരാറുകളും റദ്ദാക്കും എന്ന് ജഹാംഗീര്‍ ആലം പറഞ്ഞു. ഇന്ത്യ-ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും 150 വാരയ്ക്കുള്ളില്‍ എന്തുചെയ്യാനും ഇരുരാജ്യങ്ങളുടെയും അനുമതി വേണം; ഈ ഭാഗങ്ങളില്‍ അമ്പലമോ പള്ളിയോ നിര്‍മിക്കുന്നതും ഇരു രാജ്യങ്ങളുടെയും സമ്മതത്തോടെയാവണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറില്‍ അസമിലെ ഒരു ക്ഷേത്ര പുനരുദ്ധാരണം തടയാന്‍ ബംഗ്ലാദേശ് അതിര്‍ത്തി സേന ഇടപെട്ടത് വിവാദമായിരുന്നു. ഇവയ്ക്കു പുറമേ, ചില ബാലിശമായ ആരോപണങ്ങളും അദ്ദേഹം ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നുണ്ട്. ഇവയൊക്കെ അടുത്തമാസം ചേരുന്ന ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെയും (ബി.ജി.ബി) ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയുടെയും (ബി.എസ്.എഫ്) ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
'ഇന്ത്യയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം, ഇന്ത്യയില്‍ നിന്നും അനധികൃത മയക്കുമരുന്ന്, ആയുധങ്ങള്‍, പടക്കോപ്പുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ബംഗ്ലാദേശിലേക്ക് കടത്തുന്നത് തുടങ്ങിയവ ആയിരിക്കും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ബംഗ്ലാദേശ്-ഇന്ത്യ അതിര്‍ത്തിയിലെ നദികളിലുള്ള വെള്ളം തുല്യമായി വീതിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ജലസംബന്ധിയായ കരാറുകള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യും'- ആലം പറയുന്നു. ഒറ്റനോട്ടത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. കാരണം ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് അനധികൃതമായ കടന്നുകയറ്റത്തിന് സാധ്യതയില്ല. മനുഷ്യക്കടത്തും ആയുധക്കടത്തും മയക്കുമരുന്നു കടത്തുമൊക്കെ ഉണ്ടാകുന്നത് കൂടുതലും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ കണ്ടുപിടിച്ച് തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അസമില്‍ മാത്രം ഏതാണ്ട് 25,000 ബംഗ്ലാദേശികളെയാണ് ഇങ്ങനെ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട് . ഇങ്ങേയറ്റത്തെ കേരളത്തില്‍ പോലും അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടിയ സംഭവങ്ങളുണ്ടായി.
ഏതാണ്ട് 4,097 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ തീര്‍പ്പാക്കിയത് 2015 ജൂണ്‍ ആറിനാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ബംഗ്ലാ പ്രധാനമന്ത്രി ഹസീനയും കരാര്‍ സാധ്യമാക്കാന്‍ വ്യക്തിപരമായ താല്‍പ്പര്യമെടുത്തു. കരാറിന്റെ ഭാഗമായി ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്ന 111 പ്രത്യേക ഇടങ്ങള്‍- ഏതാണ്ട് 17,160 ഏക്കര്‍ വരുന്ന ഭൂമി- ബംഗ്ലാദേശിനു കൈമാറി, ബംഗ്ലാദേശിന്റെ കൈവശമുള്ള 51 ഇടങ്ങള്‍-ഏതാണ്ട് 7110 ഏക്കര്‍- ഇന്ത്യയ്ക്കും കൈമാറി. അതായത്, കൂടുതല്‍ ഭൂമി ബംഗ്ലാദേശിനു കൈമാറിയാണ് ഇന്ത്യ അതിര്‍ത്തിയില്‍ വ്യക്തത വരുത്തിയത്. അങ്ങനെയിരിക്കെയാണ് ഈ മാസം പലതവണ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടാന്‍ ചെന്ന ബി.എസ്.എഫുകാരെ ബി.ജി.ബിയും ബംഗ്ലാദേശികളും ചേര്‍ന്ന് തടഞ്ഞിരുന്നു, വേലി കെട്ടല്‍ നിര്‍ത്തി വെക്കേണ്ടിയും വന്നു. ഇന്ത്യ പരമാവധി സംയമനം പാലിക്കുന്നതിനാലാണ് സിഥിതിഗതികള്‍ കൈവിട്ടുപോകാത്തത്.
ബംഗാളിലെ നാദിയാ ജില്ലയില്‍ നിന്നും 1.4 കോടി രൂപ വില വരുന്ന ഫെന്‍സെഡൈല്‍ സിറപ്പിന്റെ 62,200 കുപ്പി പിടിച്ചെടുത്തത് കഴിഞ്ഞയാഴ്ചയാണ്. ബി.എസ്.എഫും കൃഷ്ണഗഞ്ച് പോലീസും ചേര്‍ന്ന് അതിര്‍ത്തിയില്‍ നടത്തിയ ഓപ്പറേഷനില്‍ ഭൂമിക്കടിയില്‍ മൂന്നു സുരക്ഷിതമായ ബങ്കറുകള്‍ കണ്ടെത്തി. അവയ്ക്കുള്ളിലായിരുന്നു ഈ ചുമ മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. ലഹരിവസ്തുവായി ദുരുപയോഗിക്കപ്പെടുന്നതിനാല്‍ ബംഗ്ലാദേശില്‍ ഈ മരുന്നിന്റെ വില്‍പ്പന വിലക്കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള വളരെ ലാഭകരമായ അനധികൃത ബിസിനസാണിത്. മരുന്നുകള്‍ സൂക്ഷിക്കാനുള്ള ഗംഭീരമായ സംവിധാനങ്ങളും മറ്റും സുരക്ഷാ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തി. ഇത്തരം സംവിധാനങ്ങള്‍ വേറെയുമുണ്ടാകാം എന്ന സംശയമുണ്ട് അധികൃതര്‍ക്ക്. അതിനാല്‍ കൂടുതല്‍ അന്വേഷണമുണ്ടാവുമെന്ന് ബി.എസ്.എഫ് സൂചിപ്പിച്ചു. ഇതിനെയാണ് ഇന്ത്യയില്‍ നിന്നുള്ള മയക്കുമരുന്നു കടത്തെന്ന് ആലം ആരോപിച്ചത്.
സോറോസ് പുത്രന്‍ ബംഗ്ലാദേശില്‍
പതിനാറുവര്‍ഷമായി അധികാരത്തിലിരുന്ന അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച് ബംഗ്ലാദേശില്‍ ഭരണകൂടമാറ്റം വരുത്തിയതിന് പിന്നില്‍ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് ആയിരുന്നുവെന്ന ആരോപണം നേരത്തെ മുതലുണ്ട്. ഇപ്പോഴിതാ, ഡീപ് സ്റ്റേറ്റിന്റെ ഏറ്റവും വലിയ ഏജന്റുമാരില്‍ ഒരാളെന്നു കരുതപ്പെടുന്ന ജോര്‍ജ് സോറോസിന്റെ മകനും അദ്ദേഹം രൂപീകരിച്ച ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ അധ്യക്ഷനുമായ അലക്സ് സൊറോസ് ഒരു പ്രതിനിധി സംഘത്തിനൊപ്പം മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെ കാണാനെത്തിയിരിക്കുന്നു. അവര്‍ തമ്മിലുള്ള സംഭാഷണവും യൂനുസ് അവരോട് ഇടപെട്ട രീതിയും ഭരണകൂടമാറ്റം സംബന്ധിച്ച ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു.
ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന് നേതൃത്വം കൊടുത്തതിന് യൂനുസിനെ സോറോസ് ജൂനിയര്‍ അഭിനന്ദിച്ചു. ഫൗണ്ടേഷന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രൊഫസര്‍ യൂനുസ് രാജ്യത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം എന്ന് സോറോസിനോട് അഭ്യര്‍ത്ഥിച്ചു. ദാവോസില്‍(ലോക ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍) പോയപ്പോള്‍ രാജ്യത്ത് ജൂലായില്‍ നടന്ന വിപ്ലവത്തെക്കുറിച്ച് ഒരുപാട് പേര്‍ക്ക് അറിയില്ലെന്ന് മനസ്സിലായി. മാത്രമല്ല, ഒരുപാട് കാര്യങ്ങള്‍ തെറ്റായാണ് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്- യൂനുസ് പറഞ്ഞു ഹസീനയുടെ ഭരണകാലത്ത് രാജ്യത്തുനിന്നും കടത്തിക്കൊണ്ടുപോയ 234 ബില്യണ്‍ ഡോളര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കണം എന്ന് ഫൗണ്ടേഷനോട് അദ്ദഹം അഭ്യര്‍ത്ഥിച്ചു. പുനര്‍നിര്‍മ്മാണത്തിനും അദ്ദേഹം പിന്തുണ തേടി.
ഈ കൂടിക്കാഴ്ച നടക്കുന്നദിവസം മറ്റൊരു സുപ്രധാന യോഗം കൂടി നടന്നു മുന്‍പ്രധാനമന്ത്രി ബീഗം ഖാലിദാ സിയ നയിക്കുന്ന ബി.എന്‍.പിയുടെ സെക്രട്ടറി ജനറല്‍ മിര്‍സാ ഫക്രുള്‍ ഇസ്ലാം ആലംഗീറും മറ്റു ചില പ്രമുഖ നേതാക്കളും അമേരിക്കയുടെ അംബാസിഡര്‍ ട്രേസി ആന്‍ ജേക്കബ്സനെ അവരുടെ വസതിയില്‍ പോയിക്കണ്ട് ചര്‍ച്ച നടത്തി. ക്ഷണം കിട്ടിയതനുസരിച്ചാണ് പ്രഭാത ഭക്ഷണത്തിന് പോയതെന്ന് പാര്‍ട്ടിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷമ ഒബൈദ് പറഞ്ഞു. അമേരിക്ക സ്ഥിതിഗതികള്‍ പുനരവലോകനം ചെയ്യുകയാണോ?
വാഷിംഗ്ടണിലെ ഡീപ് സ്റ്റേറ്റിന്റെ ചതുപ്പ് വറ്റിക്കുമെന്ന് നേരത്തേ തന്നെ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനുള്ള ചില നടപടികളും പ്രസിഡന്റ് ആരംഭിച്ചതായി വാര്‍ത്തയുണ്ട്. അതില്‍ സോറോസ് സംഘവും പെടുമോയെന്ന് ഉറ്റുനോക്കുകയാണ് ബംഗ്ലാദേശ്. പെട്ടാല്‍ യൂനുസ് സര്‍ക്കാരിന് അധികം ആയുസ്സുണ്ടാവില്ല. അതെന്തായാലും ഇന്ത്യക്കും നിര്‍ണായകമാണ്. മ്യാന്‍മാര്‍ അതിര്‍ത്തി പിടിച്ച അരാക്കാന്‍ പട്ടാളത്തെപ്പോലും തൊടാന്‍ ധൈര്യമില്ലെങ്കിലും അരിക്കും മരുന്നിനും ചികിത്സയ്ക്കുമൊക്കെ ഇന്ത്യയുടെ സഹായം വേണം താനും എന്നാലും അതിര്‍ത്തിയില്‍ ചില അസ്വസ്ഥകള്‍ക്ക് വഴി തേടുകയും ചെയ്യുന്നു. പൊതുജനത്തെ ഭരിച്ചു തൃപ്തിപ്പെടുത്താനാവാത്ത സ്ഥിതിക്ക് ഇങ്ങനെയും ചിലതില്ലാതെ തരമില്ലല്ലോ!
Content Highlights: Bangladesh Crisis: Interim Govt`s Instability & India`s Concerns
Published: 30 Jan 2025, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented