ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള സ്വർണക്കടത്ത് തടയാൻ ലക്ഷ്യമിട്ട് സംയുക്ത പരിശോധനകളുമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും (DRI) ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും (BSF). അതിർത്തി കടന്നുള്ള സ്വർണക്കടത്തിനെതിരെയുള്ള ശക്തമായ നടപടികൾ തുടരുന്നതിന്റെ ഭാഗമായി, ഡിആർഐയും ബിഎസ്എഫും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി കടത്തിയ സ്വർണത്തിന്റെ നിരവധി കൺസൈൻമെന്റുകൾ തടഞ്ഞു.
പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന 12 കിലോയോളം വിദേശ സ്വർണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അതിർത്തി വേലിക്ക് സമീപം ഒളിപ്പിച്ച നിലയിലും ട്രെയിൻ യാത്രക്കാരനിൽ നിന്നുമാണ് ഈ സ്വർണ ശേഖരം കണ്ടെത്തിയത്. നിയമവിരുദ്ധമായി സ്വർണം കടത്താൻ ശ്രമിച്ച ഒരു വ്യക്തിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടന്ന വിവിധ റെയ്ഡുകളിലൂടെ വലിയൊരു കള്ളക്കടത്ത് ശൃംഖലയെയാണ് ഉദ്യോഗസ്ഥർ പൊളിച്ചത്. രാജ്യത്തേക്ക് അനധികൃതമായി സ്വർണം കടത്താൻ കള്ളക്കടത്തുകാർ ബംഗ്ലാദേശ് റൂട്ട് തുടർച്ചയായി ഉപയോഗിക്കുന്നതായാണ് ഈ റെയ്ഡിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
2026 സെപ്റ്റംബർ 20-21 തീയതികളിൽ പശ്ചിമ ബംഗാളിലെ ബിഒപി ഗോംഗ്ര (BOP Gongra) മേഖലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി റോഡിന് സമീപത്ത് നിന്ന് ബിഎസ്എഫ് 161-ാം ബറ്റാലിയൻ ഉടമസ്ഥരില്ലാത്ത നിലയിൽ 3.15 കിലോ തൂക്കം വരുന്ന 27 സ്വർണ സ്വർണക്കട്ടികൾ കണ്ടെടുത്തു. തുടർന്ന് ഡിആർഐ നടപടികൾ ഏറ്റെടുക്കുകയും 1962-ലെ കസ്റ്റംസ് ആക്ട് വ്യവസ്ഥകൾ പ്രകാരം സ്വർണം പിടിച്ചെടുക്കുകയും ചെയ്തു.
സെപ്റ്റംബർ 21-ന് നടന്ന മറ്റൊരു പരിശോധനയിൽ, ബിഒപി മഹാഖോലയിലെ (BOP Mahakhola) ബിഎസ്എഫ് 161-ാം ബറ്റാലിയൻ അതിർത്തി വേലിക്ക് മുന്നിലുള്ള ഹാത്‌ഖോല ഗ്രാമത്തിലെ ഹാൻഡ് പമ്പിന് സമീപം ഒളിപ്പിച്ച നിലയിൽ 1.16 കിലോ തൂക്കം വരുന്ന 24 കാരറ്റിന്റെ 10 സ്വർണക്കട്ടികൾ കണ്ടെടുത്തു. കണ്ടെടുത്ത സ്വർണം ഡിആർഐ ഏറ്റെടുക്കുകയും കസ്റ്റംസ് ആക്ട് 1962-ലെ സെക്ഷൻ 110 പ്രകാരം പിടിച്ചെടുക്കുകയും ചെയ്തു.
നേരത്തെ, സെപ്റ്റംബർ 10-11 തീയതികളിൽ ബിഒപി പത്തർഗട്ട മേഖലയിലെ അതിർത്തി വേലിക്ക് സമീപത്ത് നിന്ന് ബിഎസ്എഫ് 5.9 കിലോ തൂക്കം വരുന്ന 48 സ്വർണക്കട്ടികൾ കണ്ടെത്തിയിരുന്നു. ഇതും ഡിആർഐ ഏറ്റെടുക്കുകയുണ്ടായി.
പട്‌നയിൽ, ഒരു ട്രെയിൻ യാത്രക്കാരനിൽ നിന്ന് 1.71 കിലോ തൂക്കം വരുന്ന 15 സ്വർണക്കട്ടികളും 4 ചെറിയ സ്വർണക്കഷ്ണങ്ങളും ഡിആർഐ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ട് കാലുകളിലും ധരിച്ചിരുന്ന തുണികൊണ്ടുള്ള നീ-ക്യാപ്പുകൾക്കുള്ളിലാണ് (knee caps) സ്വർണം ഒളിപ്പിച്ചിരുന്നത്. ഈ സ്വർണവും ബംഗ്ലാദേശിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: The Directorate of Revenue Intelligence (DRI) and Border Security Force (BSF) are conducting joint operations to curb gold smuggling across the India-Bangladesh border, resulting in the seizure of several consignments of foreign-made gold. Approximately 12 kilograms of foreign gold valued at around 17 crore INR were seized from West Bengal and Bihar, with one individual arrested for attempting to smuggle gold illegally.
Published: 24 Sept 2026, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented