
ന്യൂഡൽഹി: മണിപ്പൂർ അതിർത്തിയിലെ ദശകങ്ങളായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും മ്യാന്മാറും തമ്മിൽ ഭൂമി കൈമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇനിയും തീർപ്പാക്കാനുള്ള ചില മേഖലകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സ്ഥിരീകരിച്ചു. മണിപ്പൂർ അതിർത്തിയിൽ മ്യാൻമാറുമായി ഭൂമി വെച്ചുമാറുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി വെച്ചുമാറുന്ന റിപ്പോർട്ടുകൾ അദ്ദേഹം പൂർണമായി സ്ഥിരീകരിച്ചില്ലെങ്കിലും അതിർത്തിയിലെ തർക്കമുള്ള ഭാഗങ്ങൾ സംബന്ധിച്ച പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി അദ്ദേഹം സമ്മതിച്ചു. ഇത്തരത്തിലൊരു നിർദേശം ഇന്ത്യ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ ‘ദി ഡിപ്ലോമാറ്റ്’ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.
മണിപ്പൂരിലെ ചന്ദൽ ജില്ലയിലുള്ള അതിർത്തി തൂണുകൾ 65-നും 68-നും ഇടയിലുള്ള തർക്കം പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്നാണ് ‘ദി ഡിപ്ലോമാറ്റ്’ റിപ്പോർട്ട് ചെയ്തത്. ഏകദേശം 1.4 ചതുരശ്ര മൈൽ ഭൂമി കൈമാറുന്നതിലൂടെ 2.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തെ അതിർത്തി നിർണയം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. മ്യാന്മാറിലെ കബാ വാലിക്ക് സമീപമാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മ്യാന്മാർ ഭരണാധികാരി മിൻ ആങ് ഹ്ലൈങ്ങിന്റെ ഭാരത സന്ദർശന വേളയിൽ ഈ വിഷയം ചർച്ചയായതായും സൂചനയുണ്ട്.
1967-ലെ ഉഭയകക്ഷി കരാർ പ്രകാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ അതിർത്തി നിർവചിച്ചിരിക്കുന്നത്. 1,643 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയാണ് ഇന്ത്യയും മ്യാൻമാറും പങ്കിടുന്നത്. ഇതിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പർവതനിരകളും വനങ്ങളുമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, ഏകദേശം 1,472 കിലോമീറ്റർ അതിർത്തിയാണ് കല്ലുകൾ സ്ഥാപിച്ച് തിരിച്ചിട്ടുള്ളത്. ഏകദേശം 171 കിലോമീറ്റർ ഭാഗം ഇനിയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. ഇതിൽ കൂടുതലും അരുണാചൽ പ്രദേശിലെ ലോഹിത് സെക്ടറിലും മണിപ്പൂരിലെ കബൗ താഴ്‌വരയിലുമാണ്.
അതിർത്തിയിലെ തർക്കമുള്ള ഭാഗങ്ങൾ വേർതിരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുക എന്നതാണ് ഭൂപ്രദേശം കൈമാറുന്നതിനുള്ള പ്രധാന കാരണമെന്ന് 'ദി ഡിപ്ലോമാറ്റ്' റിപ്പോർട്ട് ചെയ്യുന്നു. അതിർത്തി നിർണയം വേഗത്തിലാക്കുന്നതിലൂടെ ഭീകരവാദികളുടെ നീക്കം തടയാനും അനധികൃത കുടിയേറ്റവും ലഹരിക്കടത്ത് ഉൾപ്പെടെയുള്ള അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിലൂടെ അതിർത്തിയിൽ പൂർണമായി വേലികെട്ടാനുള്ള നടപടികൾ സുഗമമാകും.
1,643 കിലോമീറ്റർ വരുന്ന മുഴുവൻ അന്താരാഷ്ട്ര അതിർത്തിയിലും വേലി നിർമിക്കുമെന്നും 2018 മുതൽ നിലവിലുണ്ടായിരുന്ന 'സ്വതന്ത്ര സഞ്ചാര സംവിധാനം' റദ്ദാക്കുമെന്നും ഇന്ത്യ 2024-ൽ പ്രഖ്യാപിച്ചിരുന്നു. അതിർത്തിക്ക് സമീപം താമസിക്കുന്ന ഗോത്രവിഭാഗക്കാർക്ക് വിസയോ യാത്രാരേഖകളോ ഇല്ലാതെ ഇരു രാജ്യങ്ങളുടെയും ഉള്ളിലേക്ക് 16 കിലോമീറ്റർ വരെ സഞ്ചരിക്കാൻ അനുവാദമുള്ളതായിരുന്നു ഈ സംവിധാനം.
2015-ൽ ബംഗ്ലാദേശുമായി നടത്തിയ ഭൂമി കൈമാറ്റ കരാറിന് സമാനമായ നീക്കമാണ് ഇപ്പോഴും പരിഗണിക്കുന്നത്. അതേസമയം, ഭൂമി കൈമാറ്റ നീക്കത്തിനെതിരെ മണിപ്പൂരിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകരുതെന്ന് മണിപ്പൂരിലെ സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയായ 'കൊക്കോമി' കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
Content Highlights: The Ministry of External Affairs has confirmed that discussions are underway with Myanmar to resolve unresolved border disputes near Manipur through potential land exchanges, aiming to curb cross-border crimes and facilitate complete border fencing.
Published: 05 Aug 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented