രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രാജ്യം മുഴുവനും വ്യാപിക്കുകയാണ്.

ജനകീയ പ്രതിഷേധങ്ങൾ കൊണ്ടുളള പുകച്ചിൽ ബംഗ്ലാദേശിൽ അവസാനിക്കുന്നില്ല. ഭരണ പരിഷ്‌കാരങ്ങൾ, സർക്കാർ നയങ്ങൾ, രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകൾ എന്നിവയുടെ പേരിൽ സമ്മര്‍ദ്ദത്തിലായ ബംഗ്ലാദേശ് വീണ്ടും പ്രതിഷേധങ്ങളുടെ ചൂടറിയുന്നു.രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ രാജ്യം മുഴുവനും വ്യാപിക്കുകയാണ്. സംഗീതമാണ് ഇക്കുറി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇസ്‌ലാമിക സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് കോളേജുകളിലേക്ക് സംഗീതം, കായിക പരിശീലനം എന്നിവയില്‍ പ്രാഗത്ഭ്യമുള്ള അധ്യാപകരെ നിയമിക്കാനുള്ള തീരുമാനം അടുത്തിടെ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചത്. ഈ തസ്തികകളില്‍ മത അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഫാസത്ത്-ഇ-ഇസ്‌ലാം പോലുള്ള ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന ആരോപണമാണുയരുന്നത്.
സര്‍ക്കാരിന്റെ വിവാദ തീരുമാനം, പിന്നാലെ പ്രതിഷേധം
മതപരവും അക്കാദമികവുമായ വിഷയങ്ങള്‍ക്കൊപ്പം സംഗീതം, കായിക പഠനം തുടങ്ങിയ സാംസ്‌കാരിക വിദ്യാഭ്യാസം പ്രൈമറി സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള പദ്ധതി യൂനുസ് സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന്റെ പേരില്‍ ഇസ്‌ലാമിക സംഘടനകളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടതായാണ് സൂചനകള്‍. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ ചട്ടങ്ങളില്‍ നാല് വിഭാഗം തസ്തികകള്‍ ഉണ്ടായിരുന്നു, എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സംഗീതം, പി.ടി.( കായിക വിദ്യാഭ്യാസം) എന്നീ വിഷയങ്ങള്‍ ഇവയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ഭേദഗതി പുറത്തിറക്കി. സംഗീതത്തിനും കായിക വിദ്യാഭ്യാസത്തിനുമുള്ള അസിസ്റ്റന്റ് അധ്യാപക തസ്തികകള്‍ ഒഴിവാക്കി. ഇതിനെതിരേയാണ് സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് രംഗത്തെത്തിയത്. ഈ തസ്തികകള്‍ 'ഇസ്‌ലാമികമല്ല' എന്ന് പറഞ്ഞുകൊണ്ട് ഹെഫാസത്ത്-ഇ-ഇസ്‌ലാം, ഇസ്‌ലാമി ആന്തോളൻ ബംഗ്ലാദേശ് തുടങ്ങിയ ഗ്രൂപ്പുകള്‍ രംഗത്തെത്തി. ഈ നിയമനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തി. സംഗീത, പി.ടി. അധ്യാപകര്‍ക്ക് പകരം മത അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കിയതെന്നാണ് പ്രധാന ആരോപണം. യൂനുസ് സര്‍ക്കാര്‍ മതതീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നു എന്ന വിമര്‍ശനവും ശക്തമായി. ധാക്ക സര്‍വകലാശാല, ജഗന്നാഥ് സര്‍വകലാശാല (ജെഎന്‍യു), ചിറ്റഗോംഗ് സര്‍വകലാശാല (സിയു), രാജ്ഷാഹി സര്‍വകലാശാല (ആര്‍യു) എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഈ നീക്കത്തിനെതിരെ ധാക്കയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ദേശീയഗാനം ആലപിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തുമാണ് വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്.
കലയാണ് നാഗരികതയുടെ അടിസ്ഥാനം, സംഗീതം പോലുള്ള വിഷയങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാതിരിക്കുന്നത് അവരുടെ വികാസത്തെ ദോഷകരമായി ബാധിക്കും. സംഗീത വിദ്യാഭ്യാസമോ സാംസ്‌കാരിക വിദ്യാഭ്യാസമോ കായിക പരിശീലനമോ ഇല്ലാതെ വിദ്യാര്‍ഥികളെ യോഗ്യരായ വ്യക്തികളായി വളര്‍ത്താന്‍ കഴിയില്ല. മതം കൊണ്ടുമാത്രം ഒരു രാഷ്ട്രത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയില്ല. തുടങ്ങിയ അഭിപ്രായങ്ങളാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും പങ്കുവെക്കുന്നത്.
സംഗീതം വെറും വിനോദത്തേക്കാള്‍ വലുതാണെന്നും, നയരൂപീകരണ തലത്തിലുള്ളവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാകുന്നില്ലെന്നും വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ഗായകന്‍ ഷയാനും രംഗത്തെത്തിയിരുന്നു. സംഗീതത്തെയും മതത്തെയും പരസ്പരം എതിര്‍ക്കുന്നവരുടെ കെണിയില്‍ വീഴാതെ, പാട്ടുകള്‍ പാടിക്കൊണ്ട് പ്രതികരിക്കണമെന്നാണ് ഷയാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തത്.
യൂനുസ് സര്‍ക്കാര്‍ പറയുന്നത് എന്ത്?
നവംബര്‍ മൂന്നിനാണ് ഈ തസ്തികകളിലേക്കുള്ള നിയമന വാഗ്ദാനം റദ്ദാക്കിയതായി ബംഗ്ലാദേശിലെ പ്രൈമറി ആന്‍ഡ് മാസ് എജ്യുക്കേഷന്‍ മന്ത്രാലയം അറിയിച്ചത്. ഈ പ്രഖ്യാപനത്തിൽ പ്രതിഷേധം വ്യാപിച്ചതോടെ യൂനുസ് സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വിശദീകരണ കുറിപ്പ് പുറത്തുവിട്ടു. പദ്ധതിയുടെ നടത്തിപ്പിലും പ്രായോഗികതയിലും പിഴവുകള്‍ കണ്ടെത്തിയ സെക്രട്ടറിമാരുടെ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സംഗീത, പി.ടി. അധ്യാപകരെ നിയമിക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. വളരെ കുറച്ച് അധ്യാപകരെ മാത്രം നിയമിക്കുന്നത് ഏകദേശം 66,000 പ്രൈമറി സ്‌കൂളുകളുള്ള രാജ്യത്തെ വിദ്യാഭ്യാസത്തിന് 'ഫലപ്രദമാവില്ലെന്നും ഇത് അസമത്വം സൃഷ്ടിക്കുമെന്നും ഓഫീസ് അവകാശപ്പെട്ടു. ഇരുപതിലധികം സ്‌കൂളുകളില്‍ ഒരു അധ്യാപകന്‍ ജോലി ചെയ്യേണ്ടിവരുമെന്നും അതിനാല്‍ ഈ ജോലി അപ്രായോഗികമാണെന്നും സര്‍ക്കാര്‍ പറയുന്നു. ആവശ്യമായ ഫണ്ട് ലഭ്യമാകുമ്പോള്‍ സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. നിയമനം റദ്ദാക്കാനുള്ള തീരുമാനം ഇസ്‌ലാമിക ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം മൂലമാണോ ഇതെന്ന് ചോദിച്ചപ്പോള്‍, 'അത് നിങ്ങള്‍ക്ക് സ്വയം പരിശോധിക്കാം എന്നായിരുന്നു മന്ത്രാലയം പ്രതികരിച്ചത്.
തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളോട് യൂനുസിന് മൃദുസമീപനമോ?
ബംഗ്ലാദേശിലെ ഹസീന ഭരണകൂടത്തിന്റെ പതനത്തിനുശേഷം ശക്തിയും അധികാരവും വര്‍ധിച്ചുവരുന്ന തീവ്ര ഇസ്‌ലാമിക ഗ്രൂപ്പുകളോട് യൂനുസ് സര്‍ക്കാരിന് മൃദുസമീപനമുള്ളതായാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.പാഠ്യപദ്ധതിയിൽ പോലും വെള്ളം ചേർക്കുന്ന നിലപാട് അത്തരം സമീപനത്തിന്റെ ഭാഗമാണെന്നാണ് വിമർശനം. അധികാരത്തില്‍ പിടിമുറുക്കാന്‍ യൂനുസ് സര്‍ക്കാര്‍ അത്തരം ഗ്രൂപ്പുകളെ ആശ്രയിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഇത്തരം സംഘടനകളോടുള്ള യൂനുസിന്റെ നിലപാടിനെ കുറിച്ച് നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം നീക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നത്.
ജമാഅത്തെ ഇസ്‌ലാമിക്കും അതിന്റെ അനുബന്ധ സംഘടനകള്‍ക്കും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ നീക്കി. 2025 ജൂണില്‍ അപ്പീല്‍ ഡിവിഷന്‍ കോടതി ഉത്തരവിലൂടെ ഈ പാര്‍ട്ടിക്ക് രജിസ്‌ട്രേഷനും തിരികെ ലഭിച്ചു. അന്‍സറുള്ള ബംഗ്ലാ ടീം, ജമാഅത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഇസ്‌ലാമിക സംഘടനകളുമായി ബന്ധമുള്ള നിരവധി വ്യക്തികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനവും യൂനുസ് സര്‍ക്കാരിന്റേതായിരുന്നു. ഈ സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകളില്‍ കുറ്റങ്ങള്‍ ഒഴിവാക്കിയും മറ്റു ചിലതില്‍ ജാമ്യത്തിലുമാണ് ഇവരെ വിട്ടയച്ചത്. അന്‍സറുള്ള ബംഗ്ലാ ടീമിന്റെ തലവന്‍ മുഫ്തി ജാഷിമുദ്ദീന്‍ റഹ്‌മാനിയെ മോചിപ്പിച്ചതായിരുന്നു ഇതില്‍ ശ്രദ്ധേയം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ഹസീന സര്‍ക്കാര്‍ റഹ്‌മാനിയെ ജയിലിലടച്ചത്. തീവ്രനിലപാടുള്ള സംഘടനയായ ഹെഫാസത്ത്-ഇ-ഇസ്‌ലാമിന്റെ നേതാക്കളുമായി യൂനുസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശില്‍ 2021-ല്‍ നടന്ന മോദി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെയാണ് ഹെഫാസത്-ഇ- ഇസ്‌ലാം ശ്രദ്ധ നേടിയത്. മുസ്‌ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് വാദിച്ചുകൊണ്ടായിരുന്നു നരേന്ദ്ര മോദിക്കെതിരേയുള്ള പ്രതിഷേധം.
ഹസീന സര്‍ക്കാരിന്റെ പതനത്തോടെ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങളും ക്ഷേത്രങ്ങളും വീടുകളും തകര്‍ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മതപരമായ അതിക്രമങ്ങള്‍ തടയുന്നതില്‍ യൂനുസ് ഭരണകൂടം നിഷ്‌ക്രിയമാണെന്നും യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുകയാണെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ആരോപിച്ചിരുന്നു. യൂനുസ് ആകട്ടെ, ഇത് വര്‍ഗീയ പ്രശ്നങ്ങളല്ല, മറിച്ച് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ഈ സംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്.
ബംഗ്ലാദേശില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ശക്തമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഇസ്‌ലാമികതയുടെ പൊതുവായ ഒരു തിരിച്ചുവരവും നിരീക്ഷകര്‍ രേഖപ്പെടുത്തുന്നു.. 2025 മാര്‍ച്ചില്‍ നിരോധിത സംഘടനയായ ഹിസ്ബ് ഉത് തഹ്രീര്‍ ശരിയത്ത് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രകടനം ഇത്തരത്തിലൊന്നായിരുന്നു. ഇതിന് സമാന്തരമായി സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വന്നതും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ ഒഴികെയുള്ള ലോകത്തെ എല്ലാ രാജ്യങ്ങളിലും സാധുതയുള്ളത് എന്ന പരാമര്‍ശം ബംഗ്ലാദേശി പാസ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ പുനഃസ്ഥാപിച്ചത് ഇത്തരം നയങ്ങളുടെ ഭാഗമാണ്. ഇതടക്കമുള്ള നടപടികളും വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാധീനമുള്ള ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്ക് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനവും യൂസ് സര്‍ക്കാരിന്റെ മൃദുസമീപനങ്ങളുടെ തെളിവായി പരക്കെ വിലയിരുത്തപ്പെടുന്നു.
യൂനുസിനെതിരേ ഹസീന
2024 ഓഗസ്റ്റില്‍ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ഇന്ത്യയില്‍ കഴിയുകയാണ് ഹസീന. നിലവില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇടക്കാല പ്രധാനമന്ത്രിയായ യൂനുസിനെതിരേ ഹസീന ഉയര്‍ത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ജനവിധിയില്ലാത്ത ഒരു രാഷ്ട്രത്തലവന്‍ രാജ്യം ഭരിക്കുമ്പോള്‍ ബംഗ്ലാദേശില്‍ യഥാര്‍ത്ഥ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് അവര്‍ പറഞ്ഞു. ബംഗ്ലാദേശ് ഒരുകാലത്ത് 'മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും' കോട്ടയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അവാമി ലീഗ് അനുയായികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ജനവിധിയില്ലാത്ത, ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിച്ച, കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ച, ഭരണഘടനാ വിരുദ്ധമായ ഒരു പ്രമാണപത്രം കൊണ്ട് നമ്മുടെ ഭരണഘടനയെ ഭീഷണിപ്പെടുത്തിയ ഒരു രാഷ്ട്രത്തലവന്‍ നമ്മുടെ രാജ്യം ഭരിക്കുമ്പോള്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ലെന്ന് ദി വീക്ക് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഹസീന അഭിപ്രായപ്പെടുന്നു.
യൂനുസ് ഭരണകൂടം അധികാരത്തില്‍ വന്ന ആദ്യ ആഴ്ചകളില്‍ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, തദ്ദേശവാസികള്‍ എന്നിവരെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ആരാധനാലയങ്ങളും വീടുകളും നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി ഇന്നും ഓരോ ആഴ്ചയും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍, ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായിരുന്നു. ജനങ്ങള്‍ക്ക് പ്രതീക്ഷ കുറവായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പിന്നിലായിരുന്നു. എന്നാല്‍ തന്റെ ഭരണകാലത്ത് അതായിരുന്നില്ല സ്ഥിതി. നമ്മുടെ ജിഡിപി 47 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 600 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഇത് ബംഗ്ലാദേശിനെ ലോകത്തിലെ 35 വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റി. നിശ്ചയദാര്‍ഢ്യത്തിലൂടെയും അച്ചടക്കത്തിലൂടെയുമാണ് തന്റെ സര്‍ക്കാര്‍ ബംഗ്ലാദേശിനെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാക്കി മാറ്റിമറിച്ചത്. ആ സുവര്‍ണ കാലഘട്ടത്തിന് ശേഷം, ഭരണഘടനാപരമായ അടിസ്ഥാനമോ ഭരണപരിചയമോ തിരഞ്ഞെടുപ്പ് ജനവിധിയോ ഇല്ലാത്ത ഒരു ഭരണകൂടമാണ് ബംഗ്ലാദേശിനെ നയിക്കുന്നത് എന്നാണ് ഹസീന ലേഖനത്തില്‍ പറയുന്നത്.
മതപരവും അക്കാദമികവുമായ വിഷയങ്ങള്‍ക്കൊപ്പം സംഗീതം, നൃത്തം തുടങ്ങിയ സാംസ്‌കാരിക വിദ്യാഭ്യാസം പ്രൈമറി സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള പദ്ധതി യൂനുസ് സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന്റെ പേരില്‍ ഇസ്‌ലാമിക സംഘടനകളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടതായാണ് സൂചനകള്‍. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ ചട്ടങ്ങളില്‍ നാല് വിഭാഗം തസ്തികകള്‍ ഉണ്ടായിരുന്നു, എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സംഗീതം, പി.ടി( കായികക്ഷമത) എന്നീ വിഷയങ്ങള്‍ ഇവയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് ഭേദഗതി പുറത്തിറക്കി. സംഗീതത്തിനും കായിക വിദ്യാഭ്യാസത്തിനുമുള്ള അസിസ്റ്റന്റ് അധ്യാപക തസ്തികകള്‍ ഒഴിവാക്കി.
Content Highlights: University protests erupt in Bangladesh over a ban on music and sports teachers. Learn about the controversy and its impact on the nation.
Published: 10 Nov 2025, 12:22 pm IST
ABOUT THE AUTHOR

Aswathy Anil
aswathyanil@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented