
സെക്രട്ടേറിയറ്റിന് മുന്നിൽ ആശ പ്രവർത്തകർ നടത്തിയ സമരത്തിൽ നിന്നുള്ള ദൃശ്യം
യാതനകളുടേയും പട്ടിണിയുടേയും പോരാട്ടങ്ങളുടെയും 266 ദിനങ്ങള്‍ക്കൊടുവില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ നിന്നും ആശമാര്‍ വിടവാങ്ങുകയാണ്. മുടിമുറിച്ചും നിരാഹാരം കിടന്നും റോഡ് ഉപരോധിച്ചുമൊക്കെയുള്ള ചരിത്രസമരത്തിന് ഇനി പുതിയ മുഖം. കേരളപ്പിറവി ദിനത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം സമരം ആശമാര്‍ അവസാനിപ്പിക്കുന്നത്. ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഓണറേറിയം വര്‍ധിപ്പിക്കാനുള്ള തീരുമാനം തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്നാണ് ആശമാരുടെ പ്രതികരണം. 7000 രൂപയുണ്ടായിരുന്ന ഓണറേറിയത്തിലാണ് സര്‍ക്കാര്‍ 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതോടെ ഒന്‍പത് മാസത്തോളം നീണ്ടുനിന്ന സമരം കൊണ്ട് ആശമാര്‍ ലക്ഷ്യമിട്ടത് നേടിയോ? ഇനി എന്താവും ആശമാരുടെ അടുത്ത നീക്കം?
ഓണറേറിയം വര്‍ധിപ്പിക്കണം, വിരമിക്കല്‍ ആനുകൂല്യം വേണം- സമരത്തിന്റെ തുടക്കം
2025 ഫെബ്രുവരി 10 നാണ് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലേക്ക് ആശമാര്‍ എത്തുന്നത്. കേരള ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ഒരാഴ്ച, ഏറിയാല്‍ ഒരു മാസത്തെ സമരം എന്നായിരുന്നു തുടക്കത്തിലെ ചിന്തകള്‍. പക്ഷേ കാര്യങ്ങള്‍ അവിടെയൊന്നും നിന്നില്ല. കോവിഡ് കാലത്ത് മരണത്തെ മുഖാമുഖം നേരിട്ടുകൊണ്ട് പ്രവര്‍ത്തിച്ച ആശമാരുടെ സങ്കടങ്ങളോട് അനുകമ്പയോടെയായിരുന്നു സമൂഹത്തിന്റെ പ്രതികരണം. ആശമാരുടെ ആവശ്യം ന്യായമാണെന്ന പൊതുവികാരവും ഉയര്‍ന്നു.
7000 രൂപയായിരുന്ന ഓണറേറിയം 21,000 രൂപയാക്കി ഉയര്‍ത്തണം, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി അനുവദിക്കുക, സമയബന്ധിതമായി വേതനം നല്‍കുക, ആശാവര്‍ക്കര്‍മാരെ ഔദ്യോഗികമായി തൊഴിലാളികളായി അംഗീകരിക്കുക മുതലായ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം.
എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ട ഏറ്റവും ശക്തമായ സ്ത്രീ സമരമായിരുന്നു ആശമാരുടേത്. ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി രാവുകളും പകലുകളും. അവകാശങ്ങള്‍ നേടാതെ പിന്നോട്ടില്ലെന്ന മുദ്രാവാക്യങ്ങളുമായി അവര്‍ കളം നിറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ആശമാര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു.
നിരാഹാരം, മുടിമുറിക്കല്‍, സമരയാത്ര - പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍
സമരപ്പന്തലിലേക്ക് ദിവസവും വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാര്‍ ഒഴുകിയെത്തി. സമരം തുടങ്ങിയതിന് പിന്നാലെ ആശമാര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വീട്ടിലും ഓഫീസിലും പോയിക്കണ്ട് ആവശ്യങ്ങള്‍ അറിയിച്ചു. സമരം കടുത്തതോടെ മന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ചകള്‍. പക്ഷേ ഒന്നിലും തീരുമാനമായില്ല. എന്തൊക്കെ സംഭവിച്ചാലും അവകാശങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് ആശമാര്‍ വിളിച്ചുപറഞ്ഞു. ആദ്യം കുടുംബസംഗമം, പിന്നാലെ തലസ്ഥാനത്ത് മഹാസംഗമം. ഓരോ ദിനവും സമരം കൂടുതല്‍ ശ്രദ്ധനേടാന്‍ തുടങ്ങി.
മാര്‍ച്ച് മാസത്തില്‍ നിയമസഭാ മാര്‍ച്ചും സെക്രട്ടേറിയറ്റ് ഉപരോധവും വനിത സംഗമവും എല്ലാം തലസ്ഥാന നഗരി കണ്ടു. ഒരു വശത്ത് ചര്‍ച്ചകള്‍ നടക്കുമ്പോഴും തീരുമാനം എങ്ങുമെത്തിയില്ല. പതിയെ ആശമാര്‍ സമരമുറ മാറ്റി, നിരാഹാര സമരം ആരംഭിച്ചു. കൂട്ട ഉപവാസവും വലിയ ജനപങ്കാളിത്തത്തോടെയുള്ള മുടിമുറിക്കല്‍ സമരത്തിനുമെല്ലാം നഗരം സാക്ഷിയായി. മാര്‍ച്ച് 20ന് തുടങ്ങിയ നിരാഹാര സമരം മേയ് ഒന്നിനാണ് ആശമാര്‍ അവസാനിപ്പിക്കുന്നത്. നിരാഹാര സമരത്തിനിടെ പലരും ആശുപത്രിയിലുമായി.
മേയ് അഞ്ചിന് ആശമാര്‍ രാപകല്‍ സമരയാത്ര ആരംഭിച്ചു. കാസര്‍കോട് നിന്നാരംഭിച്ച യാത്ര ജൂണ്‍ 18ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് അവസാനിച്ചത്. ജില്ലകള്‍ തോറും മികച്ച സ്വീകാര്യതയാണ് ആശമാരുടെ സമരത്തിന് ലഭിച്ചത്. സമരപ്പന്തലിന് മുന്നില്‍ പൊങ്കാലയിട്ടും ഓണത്തിന് പ്രതിഷേധ പൂക്കളമിട്ടും ആശമാര്‍ പ്രതിരോധം തീര്‍ത്തു.
വിവിധ സമരമാര്‍ഗങ്ങള്‍ ഈ ഒന്‍പത് മാസക്കാലം ആശമാര്‍ സ്വീകരിച്ചു. പ്രതിഷേധ സദസുകള്‍, സമരവേദിയില്‍ തയ്യല്‍ പരിശീലനം, എന്‍.എച്ച്.എം ഓഫിസ് മാര്‍ച്ച്, ക്ലിഫ് ഹൗസ് മാര്‍ച്ച് എന്നിവയെല്ലാം നടന്നു. തങ്ങളുടെ സമരത്തിന് നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെയും ആശമാര്‍ ഒറ്റക്കെട്ടായി പൊരുതി, കരിദിനാചരണം നടത്തി. പോലീസ് വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്നും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആശമാര്‍ പ്രതിരോധിച്ചു. സമര കാലത്തില്‍ നിരവധി നേതാക്കളുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കും ആശമാര്‍ ഇരയായി.
സുരേഷ് ഗോപിയുടെ എന്‍ട്രി, കളം നിറഞ്ഞ് വിഡി
ആശമാരുടെ സമരം ഓരോ ദിവസവും ശക്തമാകുന്ന കാഴ്ചയ്ക്കാണ് കേരളക്കര സാക്ഷ്യം വഹിച്ചത്. സമൂഹത്തിന്റെ പല കോണില്‍ നിന്നും പിന്തുണയെത്തി, സെലിബ്രിറ്റികളുടെ സാന്നിധ്യവും സമരപ്പന്തലിലുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെയുള്ള ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന് പല തവണ സമരപ്പന്തലിലെത്തി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പിടുന്നത് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ഉത്തരവ് ആയിരിക്കുമെന്ന് വരെ പ്രതിപക്ഷ നേതാവ് പറഞ്ഞു. കൈയടികളോടെയാണ് പ്രതിപക്ഷ നേതാവിന്റെ ഓരോ വാക്കും ആശമാര്‍ വരവേറ്റത്.
സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി സമരത്തെ പ്രയോഗിച്ചു. സര്‍ക്കാരിനെതിരെ വിമര്‍ശന ശരങ്ങള്‍ എയ്തു. പക്ഷേ നേതാക്കളിലൂടെയും അണികളിലൂടെയും കൃത്യമായ മറുപടിയും പ്രതിരോധവും സര്‍ക്കാരും തീര്‍ത്തു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പലതവണ ആശമാര്‍ക്ക് പിന്തുണയുമായി സമരപ്പന്തലിലെത്തിയിരുന്നു. ആശമാരുടെ ജീവിതം നന്നാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും വേദിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി വീണ ജോര്‍ജിനേയും സുരേഷ് ഗോപി രൂക്ഷമായി വിമര്‍ശിച്ചു.
മഴക്കാലത്ത് ആശമാരുടെ പന്തലിലെത്തി സുരേഷ് ഗോപി റെയിന്‍കോട്ടും കുടയും സമ്മാനിച്ചു. വൈകാതെ സുരേഷ് ഗോപിക്കുള്ള മറുപടിയുമെത്തി. സുരേഷ് ഗോപി കുടയും റെയിന്‍ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികള്‍ സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ശിവന്‍കുട്ടി ആരോപിച്ചു. സുരേഷ് ഗോപി സമരവേദി സന്ദര്‍ശിക്കുന്നതല്ലാതെ ഗുണമൊന്നും ഉണ്ടാകുന്നില്ലെന്ന പൊതുവികാരം ഇടയ്ക്ക് ആശമാര്ക്കിടയിലുണ്ടായി. സുരേഷ് ഗോപി പലതവണ സമരപന്തല്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇനി ഉത്തരവുമായി വരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സമരസമിതി വ്യക്തമാക്കുകയും ചെയ്തു.
സമരം പൊളിക്കാനുള്ള ശ്രമങ്ങള്‍, പരസ്പരം പഴിചാരി കേന്ദ്രവും സംസ്ഥാനവും, ചര്‍ച്ചകളും കമ്മിറ്റിയും
ദിനംപ്രതി ശക്തമായിക്കൊണ്ടിരുന്ന ആശസമരത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പല നടപടികളുമുണ്ടായി. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. സെക്രട്ടേറിയറ്റ് പരിസരം പല തവണ നിശ്ചലമായി. സമരം നടക്കുന്ന ദിനങ്ങളില്‍ നിര്‍ബന്ധിത മീറ്റിങ്ങുകള്‍ വെച്ചെങ്കിലും ആശമാര്‍ വഴങ്ങിയില്ല.
ഒരുഘട്ടത്തില്‍ സമരത്തോട് വഴങ്ങുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായി. വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായി. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ആശമാര്‍ കടുപ്പിച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചുവന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചത്, പക്ഷേ ഫലം കണ്ടില്ല. പിന്നാലെ ആശമാരുടെ പ്രശ്നം പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ ചെയര്‍പേഴ്സണായ സമിതിയില്‍ അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. ആശമാരുടെ സമരത്തിന് പിന്നാലെ ആരോഗ്യമന്ത്രി വിളിച്ച ചര്‍ച്ചയിലായിരുന്നു വിഷയം പഠിക്കാന്‍ സമിതിയെ വെക്കാമെന്ന നിര്‍ദേശം വെച്ചത്. സമരം തുടങ്ങി 38 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.
സേവനകാലാവധി കണക്കാക്കി ചെറിയൊരു വര്‍ധനവാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തത്. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് 1500 രൂപയും പൂര്‍ത്തിയാക്കാത്ത ആശമാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശ. ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും ഓരോ മാസവും പത്താം തീയതിക്കുള്ളില്‍ ലഭ്യമാക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു.
ആശമാര്‍ക്ക് നിലവില്‍ പ്രതിമാസം ഓണറേറിയമായി 7000 രൂപയും വിവിധ സ്കീമുകളിലൂടെ 3000 രൂപ ഇന്‍സന്റീവും 3000 രൂപ ഫിക്സഡ് ഇന്‍സന്റീവും ചേര്‍ത്ത് നന്നായി സേവനം നടത്തുന്നവര്‍ക്ക് 13,000 രൂപ ലഭിക്കുന്നുണ്ടെന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിമാസം 200 ഫോണ്‍ അലവന്‍സ് നല്‍കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജൂലായിലാണ് രാജ്യത്തെ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 2,000 രൂപയില്‍ നിന്ന് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തി. മാര്‍ച്ചില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്നും ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയില്‍ അറിയിച്ചിരുന്നു. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണമെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം 50,000 രൂപയായി വര്‍ധിപ്പിച്ച വിവരം ഓഗസ്റ്റ് 4ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
'നുണപ്രചാരകരായി മാറും', താരങ്ങള്‍ക്ക് ആശമാരുടെ കത്ത്
കേരളപ്പിറവി ദിനത്തില്‍ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തുന്ന മോഹന്‍ലാല്‍, മമ്മൂട്ടി, കമല്ഹാസന് എന്നീ താരങ്ങള്‍ക്ക് ആശമാര്‍ കത്തെഴുതിയ സംഭവവുമുണ്ടായി. മൂന്നു താരങ്ങളെയും പരിപാടിയില്‍ സര്‍ക്കാര്‍ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാര്‍ ഇവര്‍ക്ക് തുറന്ന കത്തെഴുതിയത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഇവരോട് ആശമാര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരെ വന്ന് കാണണമെന്നും മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ വലിയ നുണയുടെ പ്രചാരകരായി താരങ്ങള്‍ മാറുമെന്നും പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ആശാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
ക്രെഡിറ്റെടുക്കാന്‍ മത്സരം, സമരം പന്തലില്‍ നിന്ന് ജില്ലകളിലേക്ക്
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഇനി ആശമാരുണ്ടാകില്ല, സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറുകയാണ്. കേരളപ്പിറവി ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമര പ്രതിജ്ഞാ റാലി നടത്തിക്കൊണ്ടാണ് തുടര്‍ സമരം ഇനി ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.
ഓണറേറിയം വര്‍ധിപ്പിച്ചതിന്റെ ക്രെഡിറ്റ് നേടാന്‍ ശ്രമങ്ങള്‍ നടന്ന വേളയിലാണ് രാപ്പകല്‍ സമരം അവസാനിപ്പിക്കാനുള്ള ആശ സമര സമിതിയുടെ നിര്‍ണായക നീക്കമുണ്ടായത്. തങ്ങളെ കണ്ടില്ലെന്ന് നടിച്ച സര്‍ക്കാരിന്റെ മനംമാറ്റത്തിന് കാരണം സമരമാണെന്ന് ആശമാര്‍ ആവര്‍ത്തിക്കുന്നു.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചതിന്റെ നേട്ടം സ്വന്തമാക്കാന്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് നീക്കം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വച്ച് ഫ്ളക്സ് അടിക്കാനാണ് അവര്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയത്. ഓണറേറിയം നേടിയെടുത്തത് സി.ഐ.ടി.യുവിന്റെ ഇടപെടലാണെന്ന നേതാക്കളുടെ അവകാശവാദം ജനം വിലയിരുത്തട്ടെ എന്നുമാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നേതാക്കളുടെ പ്രതികരണം.
ഓണറേറിയം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് പറയുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്ത സിഐടിയുവാണ് ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നതെന്ന് അസോസിയേഷന് നേതാക്കള്‍ പറയുന്നു. ഓണറേറിയം വര്‍ധിപ്പിച്ചു തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അടക്കം ബോധ്യപ്പെട്ടത് ആശാ സമരത്തിന്റെ വിജയമാണെന്നും ഇവര്‍ വ്യക്തമാക്കി. എളമരം കരീം അടക്കമുള്ള സിഐടിയു നേതാക്കന്മാര്ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ സാധിച്ചത് നേട്ടമാണെന്നും സമരസമിതി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
സമരം അവസാനിപ്പിക്കുന്നില്ല, സമരരീതി മാത്രമാണ് മാറുന്നതെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ആശമാര്‍ പറയുന്നത്. ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടില്ലെങ്കിലും സമരപ്പന്തലിലെ അവസാന ദിനത്തില്‍ ആശമാര്‍ സന്തോഷത്തിലാണ്. ഒന്നും ചെയ്യില്ലെന്ന് പറഞ്ഞവരെക്കൊണ്ട് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കാനായത് തങ്ങളുടെ പോരാട്ടത്തിന്റെ ചൂടുകൊണ്ടാണെന്ന് ഇവര്‍ കരുതുന്നു.
ഓണറേറിയം 21000 രൂപയായി വര്‍ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശികതലങ്ങളില്‍ സമരം തുടരാനാണ് ആശമാരുടെ തീരുമാനം. സമരം ഒരു വര്‍ഷം തികയുന്ന 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും ആശമാര്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമര പ്രതിജ്ഞാ റാലി സംഘടിപ്പിച്ചത്. ആശമാരുടെ പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതും ശ്രദ്ധേയമായി. കൈകൊടുത്തും കെട്ടിപ്പിടിച്ചുമാണ് ആശാ പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ആശമാരുടെ സമരവേദിയില്‍ എത്തിയത്. എന്നാല്‍ രാഹുല്‍ പോയതിന് ശേഷമാണ് സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശന് വേദിയിലെത്തിയത്. രാഹുല്‍ ഉള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വൈകിയെത്തിയതെന്ന് അഭ്യൂഹങ്ങളും പരന്നു.
എറണാകുളത്തേക്കു പോകേണ്ടതിനാല്‍ പ്രതിപക്ഷ നേതാവ് പ്രസംഗം ചുരുക്കി പെട്ടെന്നുതന്നെ മടങ്ങി. ഇതിന് ശേഷം രമേശ് ചെന്നിത്തല സമരവേദിയില്‍ എത്തിക്കഴിഞ്ഞ് രാഹുല്‍ വീണ്ടുമെത്തി. അമ്മമാര്‍ ക്ഷണിച്ചതു കൊണ്ടാണ് സമരപ്പന്തലില്‍ എത്തിയതെന്നും അമ്മമാര്‍ മക്കളെ ഇറക്കിവിടില്ലെന്നും രാഹുല്‍ പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല്, പോരാട്ടം തുടരാന്‍ ആശമാര്‍
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുമ്പോഴാണ് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തീരുമാനമുണ്ടാകുന്നത്. ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും രാപ്പകല്‍ സമരത്തില്‍ നിന്നും പിന്മാറാന് ആശമാര്‍ ഒരുങ്ങുകയായിരുന്നു. ആശമാരുടെ കുടിശ്ശിക നല്‍കാനും ആവശ്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കാനും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
സമരം അവസാനിപ്പിച്ചെങ്കിലും സര്‍ക്കാരിനെതിരെ പോരാട്ടം തുടരുകയാണ് ആശമാര്‍. തങ്ങളുടെ സമരത്തെ അപമാനിച്ചവര്‍ക്കെതിരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിധിയെഴുതണമെന്ന് അഭ്യര്‍ഥിച്ച് ആശാ വര്‍ക്കര്‍മാര്‍ വാര്‍ഡുകളിലേക്ക് പോകണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഒടുവില്‍ 266 ദിനങ്ങള്‍ നീണ്ട സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പോരാട്ടത്തിന് തിരശ്ശീല വീണു.
സമരത്തിലൂടെ ആശമാര്‍ക്ക് വേണ്ടി പലതും നേടാന്‍ സാധിച്ചുവെന്ന് ആശ സമരസമിതി നേതാസ് എസ് മിനി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. 'ഞങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പ്രധാന ആവശ്യമായ ഓണറേറിയം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറായി. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയതെങ്കിലും കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഞങ്ങള്‍ അവസാനിപ്പിക്കുന്നത്.
പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടിയ ഇടത്താണ് ആയിരക്കണക്കിന് സ്ത്രീകള്‍ സമരമുഖത്ത് എത്തിയത്. വ്യത്യസ്തമായ സമരരീതികള്‍ ജനം കണ്ടു. 7000 രൂപ ഓണറേറിയം ലഭിക്കാന്‍ 10 മാനദണ്ഡങ്ങളുണ്ടായിരുന്നു. അത് ഞങ്ങള്‍ പിന്‍വലിപ്പിച്ചു. 7000 എന്നത് ഇപ്പോള്‍ ഫിക്സഡ് ആണ്. 62 വയസ്സില്‍ പിരിച്ചുവിടാന്‍ ഉത്തരവുണ്ടായിരുന്നു. വിരമിക്കല്‍ ആനുകൂല്യം ചോദിച്ചെങ്കിലും ലഭിച്ചില്ല. പക്ഷേ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിപ്പിച്ചു. കേരളത്തില്‍ ഒരു ആശയേയും വിരമിക്കല്‍ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാന്‍ സാധിക്കില്ല എന്ന തരത്തിലേക്ക് ഞങ്ങള്‍ കാര്യങ്ങള്‍ എത്തിച്ചു.
പിരിഞ്ഞുപോകുന്ന ആശമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50,000 പ്രഖ്യാപിച്ചു. അതും ഞങ്ങളുടെ സമരത്തിന്റെ വിജയമാണ്. അടിമകളെപ്പോലെയാണ് ഞങ്ങള്‍ പണിയെടുത്ത് കൊണ്ടിരുന്നത്. ആര് എത്ര മണിക്കൂര്‍ പണിയെടുക്കണം എന്ന വ്യവസ്ഥയില്ലായിരുന്നു. ഓഗസ്റ്റ് 12 ന് ആശമാരുടെ ജോലിയെ സംബന്ധിച്ച് ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ സാധിച്ചു. സമരം തുടങ്ങുമ്പോള്‍ മൂന്ന് മാസത്തെ കുടിശ്ശികയുണ്ടായിരുന്നു. ഇന്നിപ്പോള്‍ കുടിശ്ശിക തീര്‍ക്കാനും സര്‍ക്കാര്‍ ഉത്തരവ് നല്കി. ഏപ്രില്‍ മാസം മുതല്‍ 1000 രൂപയുടെ വര്‍ധനവ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് മറച്ചുവെച്ചു. അതും ഞങ്ങള്‍ നേടിയെടുത്തു.
സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 1000 രൂപ തുച്ഛമായ വര്‍ദ്ധനവാണ്. ദിവസേന 33 രൂപയാണ് കൂടുന്നത്. പക്ഷേ ഞങ്ങള്‍ അത് സ്വീകരിക്കും. അതിനൊരു കാരണമുണ്ട്. ഖജനാവ് കാലിയാണെന്നും ഒരു രൂപ പോലും തരില്ലെന്നും ഓണറേറിയം കേന്ദ്രത്തോടാണ് ചോദിക്കേണ്ടതെന്നും പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഞങ്ങളുടെ സമരത്തിന്റെ വിജയമാണ് സര്‍ക്കാരിന്റെ ഓണറേറിയം വര്‍ധനവ്. രാപ്പകല്‍ സമരമാണ് അവസാനിപ്പിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് മാറുകയാണ് സമരം. വരുന്ന തിരഞ്ഞെടുപ്പിലടക്കം അത് പ്രതിഫലിക്കും.
നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ എടുത്ത നിലപാട് ആവര്‍ത്തിക്കും.
കക്ഷി രാഷ്ട്രീയം നോക്കാതെ ഒരുപാടുപേര് സമരത്തെ പിന്തുണച്ചു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായ സ്വതന്ത്ര്യ യൂണിയനാണ് സമരം നയിച്ചത്. പിന്തുണയ്ക്കാന്‍ വന്നവരുടെ ജാതിയോ രാഷ്ട്രീയമോ ഞങ്ങള്‍ നോക്കിയില്ല. അവര്‍ വാങ്ങിത്തന്ന പയറും അരിയും സംഭാവനകളുമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോയത്. സത്യസന്ധമായി ആര് സമരവുമായി വന്നാലും പൊതുസമൂഹം പിന്തുണയ്ക്കുമെന്ന സന്ദേശം സമരം നല്കുന്നു. യാതൊരു ഭയവുമില്ലാതെ ഞങ്ങള്‍ തെരുവില്‍ ഉറങ്ങി. കരുതലുള്ള സമൂഹം ഉണ്ടെന്ന തിരിച്ചറിവായിരുന്നു അത്. മനുഷ്വത്വമുള്ള ആളുകളുള്ള കേരളമാണിതെന്ന തിരിച്ചറിവിന്റെ ദിനങ്ങളാണ് കഴിഞ്ഞുപോയത്. ഫെബ്രുവരി 10 കേരളത്തിലെ സമരചരിത്രത്തിലെ നാഴികകല്ലാണ്. എല്ലാവര്‍ഷവും അതൊരു സമരദിവസമായി ആചരിക്കും'- എസ് മിനി പറഞ്ഞു.
Content Highlights: Asha workers in Kerala conclude their 266-day protest at the Secretariat, achieving a Rs 1000 honorarium increase after significant struggles
Published: 01 Nov 2025, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented