ന്യൂഡൽഹി: ആശസമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റായിപ്പോയെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. 'തൊഴിലാളിസമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ല. തിരഞ്ഞെടുപ്പുതോൽവി ജനങ്ങളുടെ മുന്നറിയിപ്പാണ്. അതിനാൽ പിഴവുകൾ തിരുത്തി മുന്നോട്ടുവന്നേ മതിയാകൂ.' - ബിനോയ് വിശ്വം പറഞ്ഞു.

To advertise here,

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ.ക്ക് കിട്ടണമെന്നതിൽ വിട്ടുവീഴ്ചയില്ലന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ നേതൃമാറ്റ ആവശ്യം ഉയർന്നില്ല. ഞാൻ മാറണമെന്ന് ഫെയ്സ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ല. കമ്യൂണിസ്റ്റ് രീതി അതല്ലെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.

നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും ബിനോയ് സഹായിച്ചില്ല - 'ആശ' നേതാവ് മിനി

തിരുവനന്തപുരം: ആശ സമരക്കാലത്ത് നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സഹായിച്ചില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി. ആശ സമരം പരിഹരിക്കേണ്ടതായിരുന്നു എന്ന് സി.പി.ഐ. നേതൃയോഗത്തിൽ ഉയർന്ന അഭിപ്രായത്തിൽ പ്രതികരിക്കുകയായിരുന്നു മിനി.

സമരം ഒത്തുതീർപ്പാക്കാനോ താത്കാലികമായി പരിഹരിക്കാനോ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെക്കണ്ടപ്പോൾ താൻ നിസ്സഹായാവസ്ഥയിൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ കാണാനുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ചെയ്തുതന്നില്ലെന്നും മിനി പറയുന്നു.

സി.പി.ഐ.യും തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും ഒപ്പമല്ലെന്ന് തെളിയിച്ച സംഭവമായിരുന്നു അത്. സി.പി.ഐ.യുടെ തുറന്നുപറച്ചിലിലെ ശരി പരിശോധിക്കേണ്ടതുണ്ടെന്നും മിനി പറഞ്ഞു.