ഒറ്റപ്പാലം: “ഇനി ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ” – നവജാതശിശുവിനെ നെഞ്ചോടുചേർത്ത് സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചപ്പോൾ കണ്ണുനിറഞ്ഞാണ് നന്ദകുമാരി അത് പറഞ്ഞത്. രണ്ടു ജീവൻ കൈയിൽവെച്ച്, കടന്നുപോയ ആ നിമിഷങ്ങൾ ഒറ്റപ്പാലം നഗരസഭയിലെ റെയിൽവേ സ്റ്റേഷൻ വാർഡിലെ ആശവർക്കറായ മേലാലിക്കൽതൊടി നന്ദകുമാരിക്ക് (നന്ദിനി-54) ഇപ്പോഴും ഒരു പിടച്ചിലോടെയല്ലാതെ ഓർക്കാനാകുന്നില്ല.

To advertise here,

തമിഴ്‌നാട് ഈറോഡ് സ്വദേശിനിയായ ഭുവനേശ്വരി (ഗൗരി-30)യാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം പള്ളത്തെ വാടകവീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. നന്ദകുമാരിയുടെ സമയോചിത ഇടപെടൽ അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി.

ഭുവനേശ്വരിയും ഭർത്താവ് ഗോവിന്ദും രണ്ടുവർഷത്തോളമായി പള്ളത്താണ് താമസിക്കുന്നത്. വാർഡിലെ ആശവർക്കറായ നന്ദകുമാരിയുടെ നിരീക്ഷണത്തിലായിരുന്നു ഭുവനേശ്വരി. പരിശോധനയിൽ രക്തക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയ്ക്കായി ഭുവനേശ്വരി നാട്ടിലേക്കു മടങ്ങി. ബുധനാഴ്ച പുലർച്ചെ ഇവർ തിരിച്ചെത്തിയ വിവരം നന്ദകുമാരി അറിഞ്ഞിരുന്നില്ല.

രാവിലെ ഒൻപതുമണിയോടെ നന്ദകുമാരിയുടെ വീട്ടിലേക്ക് ഭുവനേശ്വരിയുടെ 13-കാരനായ മൂത്തമകൻ ഓടിയെത്തി. അമ്മയ്ക്ക് വയ്യെന്നു പറഞ്ഞു. നന്ദകുമാരി അവിടെയെത്തിയപ്പോൾ പ്രസവം നടക്കാനുള്ള സാഹചര്യമാണെന്നു മനസ്സിലായി. വേഗം ജൂനിയർ ഹെൽത്ത് നഴ്‌സായ രാജിയെ വിവരമറിയിച്ചു.

അയൽവാസിയായ ജുനിതയെയും സഹായത്തിന് വിളിച്ചു. അങ്ങനെ കുഞ്ഞുപിറന്നു. അപ്പോഴേക്കും നഴ്‌സ് രാജിയും പാഞ്ഞെത്തി. പൊക്കിൾക്കൊടി വേർപെടുത്തുന്നതുൾപ്പെടെ പ്രാഥമികചികിത്സകൾ നൽകി. ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പ്രശ്നങ്ങൾ തീർന്നില്ല.

റെയിൽപ്പാളത്തിനപ്പുറത്തുള്ള വീട്ടിലേക്ക് വാഹനങ്ങളെത്താൻ വഴിയില്ല. ഒടുവിൽ അമ്മയെയും കുഞ്ഞിനെയും ചുമന്നാണ് ആംബുലൻസിലെത്തിച്ചത്. അപ്പോഴേക്കും സ്ഥലം കൗൺസിലർ സജീഷ് കൃഷ്ണനുമെത്തി. ഇരുവരെയും സുരക്ഷിതമായി ഒറ്റപ്പാലം താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴാണ് നന്ദകുമാരിക്കും സംഘത്തിനും ശ്വാസം നേരെവീണത്.

രണ്ടുജോഡി കുഞ്ഞുടുപ്പുമായി നന്ദകുമാരി വ്യാഴാഴ്ച വീണ്ടും ആശുപത്രിയിലെത്തി. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതു കണ്ട് ആശ്വസിക്കാൻ. 2008 മുതൽ ആശവർക്കറാണ് നന്ദകുമാരി.