ഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ വളരുന്നു! ടിമോര്‍ ലെസ്റ്റെ (കിഴക്കന്‍ ടിമോര്‍) ഔദ്യോഗികമായി സംഘടനയുടെ ഭാഗമായതോടെ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അഥവാ ആസിയാനിലെ അംഗസംഖ്യ പതിനൊന്നായി. നീണ്ട 14 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ടിമോര്‍ സംഘടനയുടെ ഭാഗമാകുന്നത്. മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ടിമോര്‍ പ്രധാനമന്ത്രി സനാന ഗുസ്മാവോ അംഗത്വ ഉടമ്പടിയില്‍ ഒപ്പുവച്ചു. 1967-ല്‍ അഞ്ചുരാജ്യങ്ങളുമായി പിറന്ന ആസിയാന്‍ 1999-നുശേഷം വിപുലീകരിക്കുന്നത് ഇതാദ്യമായാണ്. അന്ന് കംബോഡിയയായിരുന്നു സംഘടനയില്‍ ചേര്‍ന്നത്. കിഴക്കന്‍ ടിമോറിനെക്കൂടാതെ ബ്രൂണൈ, ഇന്‍ഡൊനീഷ്യ, മലേഷ്യ, ലാവോസ്, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍, തായ്​ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നിവരാണ് മറ്റ് അംഗരാജ്യങ്ങള്‍. കൂട്ടായ്മയില്‍ പൂര്‍ണ അംഗത്വം, നിരീക്ഷക പദവി, മെച്ചപ്പെട്ട സഹകരണം എന്നിവയില്‍ നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ആസിയാനിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ഒരു രാജ്യം പാപുവ ന്യൂ ഗിനിയാണ്. വലിയ താത്പര്യം പ്രകടിപ്പിച്ച രാജ്യം ബംഗ്ലാദേശും. എന്തുകൊണ്ടാണ് ബംഗ്ലാദേശ് ആസിയാന്റെ ഭാഗമാകാന്‍ ശ്രമം നടത്തുന്നത്? ഒരിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ആസിയാനിലേക്ക് ബംഗ്ലാദേശ് വീണ്ടും പ്രവേശനം തേടുമ്പോള്‍ അത് എങ്ങനെയാകും മേഖലയെ ബാധിക്കുക?

To advertise here,

എന്താണ് ആസിയാന്‍?

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ച, സമാധാനം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു പ്രാദേശിക കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അഥവാ ആസിയാന്‍. ഇന്‍ഡൊനീഷ്യ, തായ്​ലൻഡ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിങ്കപ്പൂര്‍ എന്നീ അഞ്ച് രാജ്യങ്ങള്‍ ചേര്‍ന്ന് 1967 ഓഗസ്റ്റ് എട്ടിനാണ് ആസിയാന്‍ സ്ഥാപിച്ചത്. 1984-ല്‍ ബ്രൂണൈ കൂട്ടായ്മയുടെ ഭാഗമായി. 1991-ല്‍ കംബോഡിയയിലെ ആഭ്യന്തരയുദ്ധം പരിഹരിക്കപ്പെട്ടു. ശീതയുദ്ധം അവസാനിച്ചു. 1995-ല്‍ അമേരിക്കയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായി. ഇതെല്ലാം തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ സമാധാനം കൊണ്ടുവന്നു. ഇത് കൂടുതല്‍ രാജ്യങ്ങള്‍ ആസിയാനില്‍ ചേരാന്‍ വഴിയൊരുക്കി. 1995-ല്‍ വിയറ്റ്‌നാം അംഗമായി. രണ്ട് വര്‍ഷത്തിനുശേഷം മ്യാന്‍മാര്‍, ലാവോസ് എന്നിവരെ ഉള്‍പ്പെടുത്തി സംഘടന വിപുലീകരിച്ചു. 1999-ല്‍ കംബോഡിയ അംഗമായതോടെ കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ എണ്ണം 10 ആയി. ആസിയാനില്‍ ചേര്‍ന്ന ഏറ്റവും പുതിയ രാജ്യമാണ് ടിമോര്‍-ലെസ്റ്റെ. ആസിയാനിലെ 11-ാം അംഗരാജ്യം. 1999-നുശേഷം സംഘടന വിപുലീകരിക്കുന്നത് ഇതാദ്യമായാണ്.

60 കോടിയിലധികം ജനങ്ങളും ആഗോളതലത്തില്‍ അതിവേഗം വളരുന്ന ചില സമ്പദ്​വ്യവസ്ഥകളുമുള്ള ഒരു മേഖലയെ ആസിയാന്‍ പ്രതിനിധീകരിക്കുന്നു. ഓരോ രാജ്യത്തിന്റെയും സമ്പദ്​വ്യവസ്ഥയെ സഹായിക്കുകയും അവരുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക, മേഖല സുരക്ഷിതവും സംഘര്‍ഷരഹിതവുമാണെന്ന് ഉറപ്പാക്കുക, പരസ്പര ബഹുമാനവും സൗഹൃദവും ഉറപ്പാക്കുന്നതിനായി അംഗരാജ്യങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നിവയാണ് ആസിയാന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആസിയാന്‍ ഉച്ചകോടികള്‍ എന്ന് വിളിക്കപ്പെടുന്ന പതിവ് കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. അവിടെ നേതാക്കള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഒരുമിച്ച് പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. വ്യാപാരം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികവിദ്യ, ദുരന്തനിവാരണം തുടങ്ങിയ നിരവധി മേഖലകളിലെ സഹകരണത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വോട്ടിനിട്ട് തീരുമാനിക്കുന്നതിന് പകരം എല്ലാവരും യോജിച്ച തീരുമാനത്തിൽ എത്തുന്നതാണ് കൂട്ടായ്മയിലെ കീഴ്​വഴക്കം.

ആസിയാനിലേക്ക് ടിമോര്‍

ആസിയാനില്‍ ചേരാനുള്ള ടിമോറിന്റെ ശ്രമങ്ങള്‍ക്ക് ഒന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏഷ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രാജ്യമായ ടിമോര്‍ 24 വര്‍ഷം നീണ്ട ഇന്‍ഡൊനീഷ്യന്‍ അധിനിവേശത്തിനൊടുവില്‍ 2002-ലാണ് സ്വതന്ത്രമായത്. സ്വാതന്ത്ര്യാനന്തരം തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രാദേശിക സ്വത്വത്തിനും അന്താരാഷ്ട്ര അംഗീകാരത്തിനും ആസിയാന്‍ അംഗത്വം ടിമോര്‍ നിര്‍ണായകമായി കണ്ടു. 2007-ല്‍ ടിമോര്‍ ആസിയാന്‍ സൗഹാര്‍ദ-സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു. 2011-ല്‍ പൂര്‍ണ അംഗമാകാന്‍ ഔദ്യോഗികമായി അപേക്ഷിച്ചു. അന്നത്തെ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ത്തയുടെ ആദ്യ ഭരണകാലത്താണ് ആസിയാന്‍ അംഗത്വത്തിനുള്ള അപേക്ഷ ആദ്യമായി നല്‍കിയത്. ടിമോറിന്റെ അംഗത്വം സംബന്ധിച്ച് ആസിയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. പ്രധാനമായും ഭരണം, ഭരണശേഷി, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ ആശങ്കകള്‍ ഉന്നയിച്ചു. വളരെ ചെറിയ രാജ്യം എന്നതും ദാരിദ്ര്യം, ദുര്‍ബലമായ ഭരണ സ്ഥാപനങ്ങള്‍ എന്നിവ കാരണം ടിമോറിന്റെ പങ്കാളിത്വത്തെക്കുറിച്ച് ആസിയാന്‍ അംഗങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. കൂട്ടായ്മയ്ക്കുള്ളിൽ സമവായം ഇല്ലാതിരുന്നതും സാങ്കേതിക-നിയമ-സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും പ്രക്രിയ നീണ്ടുപോകാൻ കാരണമായി.

സാധ്യതാ പഠനങ്ങള്‍, നയതന്ത്ര ഇടപെടലുകള്‍ എന്നിവ ഈ വര്‍ഷങ്ങളിലുടനീളം തുടര്‍ന്നു. 2022 ആസിയാന്‍ ടിമോറിന്റെ പ്രവേശനം തത്വത്തിൽ സമ്മതിച്ചു. നിരീക്ഷക പദവി നല്‍കുകയും പൂര്‍ണ അംഗത്വത്തിനുള്ള ഒരു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുകയും പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ടിമോര്‍ ശ്രമങ്ങള്‍ ശക്തമാക്കി. ഇതിന് പുറമേ ആസിയാന്‍ കാര്യങ്ങള്‍ക്കായി ഒരു ഉപമന്ത്രിയെ നിയമിച്ചു. 2025 സെപ്റ്റംബറോടെ, ടിമോര്‍ ആസിയാന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക-സാംസ്‌കാരിക ഘടകങ്ങളുമായി യോജിപ്പിക്കുന്ന പ്രമേയങ്ങള്‍ ദേശീയ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു. ഒക്ടോബറില്‍ 14 വര്‍ഷത്തെ പ്രചാരണത്തിന് അവസാനമായി ക്വലാലംപുരില്‍ നടന്ന 47-ാമത് ആസിയാന്‍ ഉച്ചകോടിയില്‍ ടിമോറിനെ ആസിയാന്റെ 11-ാമത്തെ അംഗമായി ഔദ്യോഗികമായി അംഗീകരിച്ചു. ടിമോറിന് കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍, പ്രാദേശിക സ്ഥിരത, അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ എന്നിവയിലേക്ക് അംഗത്വം വഴിയൊരുക്കുന്നു. ആസിയാനിലെ പങ്കാളിത്തം രാജ്യത്തെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനും മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാനും സാമ്പത്തികസ്ഥിരതയ്ക്കും ചാലകശക്തിയാകുമെന്നാണ് കിഴക്കന്‍ ടിമോറിന്റെ പ്രതീക്ഷ.

ആസിയാന്‍ വിപുലീകരണം

1967-ല്‍ ബാങ്കോക്ക് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചുകൊണ്ട് അഞ്ച് രാജ്യങ്ങളാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ സ്ഥാപിച്ചത്. അതിനുശേഷം, ആസിയാന്‍ പടിപടിയായി വളര്‍ന്നു. അവസാനം ടിമോര്‍കൂടി അംഗമായതോടെ സംഘടനയുടെ അംഗബലം പതിനൊന്നായി. പൂര്‍ണ  അംഗത്വം, നിരീക്ഷക പദവി, അല്ലെങ്കില്‍ കൂടുതല്‍ സഹകരണം എന്നിവയില്‍ നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രസീല്‍, മംഗോളിയ, പലാവു, സെര്‍ബിയ, തുര്‍ക്കി എന്നിവര്‍ വ്യത്യസ്ത തലങ്ങളിലുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആസിയാനിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ഒരു രാജ്യം പാപുവ ന്യൂ ഗിനിയയാണ്. വലിയ താത്പര്യം പ്രകടിപ്പിച്ച രാജ്യം ബംഗ്ലാദേശും. രാജ്യം ഭൂമിശാസ്ത്രപരമായി തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്ഥിതിചെയ്യണം. ആ രാജ്യത്തെ മറ്റ് എല്ലാ ആസിയാന്‍ അംഗരാജ്യങ്ങളും അംഗീകരിക്കണം. ആസിയാന്‍ ചാര്‍ട്ടറിന് വിധേയമായിരിക്കാന്‍ സമ്മതിക്കണം. അംഗത്വത്തിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ ആ രാജ്യം പ്രാപ്തരും സന്നദ്ധരുമായിരിക്കണം. എന്നിവയാണ് സംഘടനയില്‍ അംഗമാകാനുള്ള മാനദണ്ഡങ്ങള്‍.

ആസിയാനില്‍ അംഗത്വം നേടുന്നതിനായി സജീവമായി പരിശ്രമിക്കുന്ന രാജ്യമാണ് പാപുവ ന്യൂ ഗിനി. 1976 മുതല്‍, പാപ്പുവ ന്യൂ ഗിനിയ ഈ മേഖലാ കൂട്ടായ്മയില്‍ നിരീക്ഷക പദവി വഹിക്കുന്നു. 1980 മുതല്‍ രാജ്യം പൂര്‍ണ അംഗത്വത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2012-ല്‍ ഇന്‍ഡൊനീഷ്യ ആസിയാനിലെ പാപുവ ന്യൂ ഗിനിയുടെ അംഗത്വത്തിന് പിന്തുണ അറിയിച്ചു. 2013-ല്‍ പാപ്പുവ വിദേശകാര്യമന്ത്രി ആസിയാനില്‍ ചേരാനുള്ള തങ്ങളുടെ താത്പര്യം ആവര്‍ത്തിച്ചു. 2015 മുതല്‍ ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും ശക്തമായി അവര്‍ നടത്തുന്നു. ഇത്തവണത്തെ ആസിയാന്‍ ഉച്ചകോടിയില്‍ ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പാപുവയുടെ പ്രവേശനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ടിമോറിന്റെ പ്രവേശന പ്രക്രിയയ്ക്ക് സമാനമായി, അംഗരാജ്യങ്ങള്‍ തമ്മിലുള്ള സമവായത്തെ അടിസ്ഥാനമാക്കി, പിഎന്‍ജിയുടെ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്‍ഡൊനീഷ്യയും മറ്റും പിന്തുണയ്ക്കുന്നുണ്ടെങ്കിലും സിങ്കപ്പൂര്‍, മലേഷ്യ, ബ്രൂണൈ എന്നിവര്‍ക്ക് രാജ്യത്തിന്റ സാമ്പത്തിക സ്ഥിതിയിലും ഭരണത്തിലും അതൃപ്തിയുണ്ട്. മാത്രമല്ല, രാജ്യത്തിന്റെ നയങ്ങളും പ്രാദേശിക മുന്‍ഗണനകളും, പ്രത്യേകിച്ച് പസഫിക്, മെലനേഷ്യന്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ടും ചില രാജ്യങ്ങള്‍ ചൂണ്ടികാണിക്കുന്നു.

ബംഗ്ലാദേശ് ആസിയാന്‍ അംഗമാകുമോ?

ആസിയാനില്‍ ചേരാനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. 1970-കളുടെ അവസാനത്തില്‍ അന്നത്തെ ബംഗ്ലാദേശ് പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെ കീഴിലാണ് ബംഗ്ലാദേശ് ആസിയാനില്‍ ചേരാനുള്ള ആദ്യ ശ്രമം നടത്തിയത്. എന്നാല്‍, ബംഗ്ലാദേശിന്റെ ഭരണസംവിധാനത്തെയും ഭൂമിശാസ്ത്രപരമായ സ്ഥാനത്തെയും ചൊല്ലിയുള്ള ആസിയാന്റെ ആശങ്കകള്‍ കാരണം അത് നിരസിക്കപ്പെട്ടു. ആസിയാനില്‍ ചേരാനുള്ള ബംഗ്ലാദേശിന്റെ അഭ്യര്‍ഥന നിരസിക്കപ്പെട്ടതോടെയാണ് ദക്ഷിണേഷ്യന്‍ പ്രാദേശിക സഹകരണത്തിന് ഒരു സംഘടന എന്ന ആശയം റഹ്‌മാന്‍ മുന്നോട്ടുവെച്ചത്. ഒരു ബദല്‍ കൂട്ടായ്മയായി 1985 ല്‍ സാര്‍ക്ക് സ്ഥാപിക്കുന്നതിൽ പങ്കാളിയായി. സാര്‍ക്കില്‍ അംഗമായിരിക്കുമ്പോഴും 1990-കളിലും 2000-ത്തിലും ബംഗ്ലാദേശ് ആസിയാന്‍ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കി. 2005-ല്‍ ആസിയാന്‍ റീജ്യണല്‍ ഫോറം പോലുള്ള ആസിയാന്‍ അനുബന്ധ ഫോറങ്ങളില്‍ ബംഗ്ലാദേശ് അംഗമായി. 2007-ല്‍ സൗഹാര്‍ദ-സഹകരണ ഉടമ്പടിയുടെ ഭാഗമാകുകയും ചെയ്തു. 2014-ല്‍, ബംഗ്ലാദേശ് ആസിയാനിലേക്കുള്ള ആദ്യത്തെ അംബാസഡറെ നിയമിച്ചു. ആസിയാന്‍ നയതന്ത്ര ദൗത്യങ്ങളെ ഏകോപിപ്പിക്കുന്നതിനായി 'ധാക്ക കമ്മിറ്റി' സ്ഥാപിക്കുകയും ചെയ്തു.

2020-ലാണ് ഇക്കാര്യത്തില്‍ മറ്റൊരു വലിയ നീക്കം ബംഗ്ലാദേശിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആസിയാന്‍ സെക്ടറല്‍ ഡയലോഗ് പാര്‍ട്ണര്‍ (എസ്ഡിപി) ആകുന്നതിന് ബംഗ്ലാദേശ് ഔദ്യോഗികമായി അപേക്ഷിച്ചു. മറ്റ് ആസിയാന്‍ അംഗരാജ്യങ്ങളില്‍ നയതന്ത്ര പിന്തുണ തേടുകയും ചെയ്തു. മലേഷ്യ, ഇന്‍ഡൊനീഷ്യ, ലാവോസ്, ബ്രൂണൈ എന്നിവര്‍ ഈ ഘട്ടത്തില്‍ പിന്തുണ പ്രകടിപ്പിച്ചിരുന്നു. ഷെയ്ഖ് ഹസീന ഭരണകൂടം വീണതോടെ ഇക്കാര്യത്തില്‍ വലിയ വേഗം കൈവന്നു. ഹസീനയ്ക്ക് പകരമെത്തിയ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ആസിയാന്‍ പ്രവേശനത്തിന് വലിയ പ്രാധാന്യം നല്‍കി. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താത്കാലിക സര്‍ക്കാര്‍ ആസിയാനില്‍ ചേരാനുള്ള ശക്തമായ ശ്രമം ആരംഭിച്ചു. ഇതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ യൂനസിന്റെ നേതൃത്വത്തിലുള്ള താത്കാലിക സര്‍ക്കാരിന്റെ കീഴില്‍ ശക്തമായി നടക്കുന്നുണ്ട്. 2025-ല്‍ ആസിയാന്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന മലേഷ്യ, ബംഗ്ലാദേശിന്റെ പ്രവേശനത്തെ പിന്തുണയ്ക്കുന്നതും അവര്‍ക്ക് നേട്ടമാണ്.

എന്തുകൊണ്ടാണ് ബംഗ്ലാദേശ് ആസിയാന്റെ ഭാഗമാകാന്‍ ശ്രമം നടത്തുന്നത്? ആസിയാന്‍ പ്രവേശനം ബംഗ്ലാദേശിന് വിപുലമായ വിപണി തുറന്നു നല്‍കും എന്നതാണ് ഒരു പ്രധാന കാരണം. വ്യാപാരനേട്ടത്തിനൊപ്പം വിദേശ നിക്ഷേപം, രാജ്യത്തിന്റെ വികസനത്തെ പിന്തുണയ്ക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, ആസിയാന്റെ ഭൂമിശാസ്ത്രപരമായ പരിധി പരമ്പരാഗതമായി ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഒഴിവാക്കുന്നതാണ്. റോഹിങ്ക്യന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട മ്യാന്‍മാറിന്റെ എതിര്‍പ്പും തടസ്സം സൃഷ്ടിക്കുന്നു. ബംഗ്ലാദേശിയ രാഷ്ട്രീയ അനിശ്ചിതത്വവും ആസിയാന്റെ സംയോജിത വിപണിയില്‍ മത്സരിക്കാനുള്ള കഴിവ് സംബന്ധിച്ചും ആശങ്കകള്‍ തുടരുന്നു. ബംഗ്ലാദേശിന്റെ അംഗത്വം സംബന്ധിച്ച് ആസിയാന്‍ ഇതുവരെ ഒരു ഔപചാരിക സമയക്രമമോ പ്രവേശന മാര്‍ഗരേഖയോ നിശ്ചയിച്ചിട്ടില്ല. ആസിയാന്‍ സംഭാഷണ പങ്കാളിയാകാനുള്ള നിലവിലെ നീക്കം ഭാവിയില്‍ ബന്ധങ്ങള്‍ ആഴത്തിലാക്കുന്നതിനും സമവായ പിന്തുണ കെട്ടിപ്പടുക്കാനും അവരെ സഹായിച്ചേക്കാം. ഒപ്പം മലേഷ്യയുടെ പിന്തുണയും അവരുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജമായേക്കാം.