കാപ്പിയും കുരുമുളകും അടക്കയും ഏലവും വിളയുന്ന രണ്ടരയേക്കർ ഭൂമി. അതിൽ നിന്നുള്ള വാർഷിക വരുമാനം ഇരുപത് ലക്ഷം. അതിന് റിസോർട്ടുകാർ പറഞ്ഞ വില നാലരക്കോടി. അത് വെള്ളരിമലയിൽ നിന്ന് ഉരുൾപൊട്ടി ഒഴുകുന്നതിന് മുൻപുള്ള അണ്ണയ്യന്റെ കഥ. ഇന്നാ രണ്ടരയേക്കറില്ല. അവിടെ ഉരുളിന്റെ ബാക്കിയായ മണ്ണും കടപുഴകി ഒഴുകിവന്ന മരങ്ങളും അതിനടിയിൽ അജ്ഞാതരായ കുറേ മനുഷ്യരുടെ ജഡങ്ങളും മാത്രം. ആ ഭൂമിയുടെ ഉടമ അണ്ണയ്യന്റെ ഇന്നത്തെ സമ്പാദ്യം ദാനം കിട്ടിയ ഒരു ഓട്ടോ മാത്രമാണ്. ഓട്ടോയ്ക്ക് പക്ഷേ, ഇന്ന് ഓടാൻ നിർവാഹമില്ല. ഒരു വർഷം മുൻപ് ചൂരൽമലയിലെ ഏറ്റവും മികച്ച കർഷകരിൽ ഒരാളായ അണ്ണയ്യന്  ഇന്നെടുക്കാൻ കൈയിൽ നൂറ് രൂപപോലുമില്ല. ഭാര്യയ്ക്ക് താത്കാലിക തൂപ്പുകാരിയുടെ ജോലിയാണുള്ളത്. മകൻ നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലും. എന്നിട്ടും  അണ്ണയ്യന് ഇന്ന് വേണ്ടത് പണമല്ല. ഉരുൾ കവർന്ന തന്റെ ഭൂമിയാണ്. ആ ഭൂമി തിരിച്ചുകിട്ടിയാൽ, അവിടുത്തെ മരങ്ങൾ ഒന്ന് മാറ്റിക്കൊടുത്താൽ അവിടെ പഴയതുപോലെ പൊന്നുവിളയിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും.

To advertise here,

എണ്ണം പറഞ്ഞ ഒരു കൃഷിക്കാരനുണ്ട്, നിങ്ങളൊന്ന് പോയിക്കാണണമെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ബാബുവാണ് അണ്ണയ്യന്റെ ഫോണ്‍ നമ്പര്‍ തന്നത്. മേപ്പാടിയിലെ ഓട്ടോ സ്റ്റാന്‍ഡിലെത്തിയാല്‍ അണ്ണയ്യനെ കാണാം. ഉരുള്‍ ബാക്കിയാക്കിയ ജീവിതമെങ്ങനെയെന്നറിയാനുള്ള യാത്രയില്‍ ആദ്യം കണ്ട മനുഷ്യന്‍. മുണ്ട് മുറുക്കിയുടുത്ത് പൊന്ന് വിളയിച്ച കര്‍ഷകരുടെ മണ്ണ് കൂടിയായിരുന്നു ഉരുളെടുത്ത ചൂരല്‍മല. കാപ്പി, ഏലം, കുരുമുളക്... കഠിനാധ്വാനത്തിന്റെ ബലത്തില്‍ അവര്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കി. മണ്ണിനെ മക്കളെക്കാള്‍ സ്നേഹിച്ച അണ്ണയ്യനും സ്ഥിതി മറിച്ചായിരുന്നില്ല. രണ്ടരയേക്കര്‍ ഭൂമിയെ മക്കളേക്കാള്‍ സ്‌നേഹിച്ച് ഊണും ഉറക്കവും കളഞ്ഞ് അയാള്‍ പണിയെടുത്തു, ഉരുള്‍വിഴുങ്ങുംവരെ. മുണ്ടക്കൈയില്‍നിന്ന് പൊട്ടിയൊഴുകിയ ഉരുള്‍വഴി അവസാനിച്ചത് അണ്ണയ്യന്റെ കൃഷിയിടത്തിലായിരുന്നു. വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത വിളവ്, സ്വന്തമാക്കിയ ഭൂമി. ഒരു ജീവിതകാലം കൊണ്ട് അയാള്‍ പടുത്തുയര്‍ത്തിയതെല്ലാം ഒറ്റ നിമിഷത്തില്‍ ഇല്ലാതായി. ഉരുള്‍ജലം തോട്ടത്തില്‍ ബാക്കിയാക്കിയതാകട്ടെ ടണ്‍ കണക്കിന് മരത്തടികളും 67 മൃതദേഹങ്ങളും. വില്ലേജ് റോഡിന്റെയറ്റം ഇന്നും പഴയപ്രതാപത്തെ ഓര്‍മ്മിപ്പിച്ച് ആ വലിയ ഗേറ്റ് ബാക്കിയുണ്ട്, വീടിരുന്നിടത്ത് ബാക്കിയായ തറയ്ക്കും അടിഞ്ഞ മരങ്ങള്‍ക്കും കാവലായി. 

ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ വര്‍ഷങ്ങളോളം സൂപ്പര്‍വൈസറായിരുന്നു അണ്ണയ്യന്‍. ജോലികഴിഞ്ഞാല്‍ നേരെ പറമ്പിലേക്കിറങ്ങും. കാപ്പിത്തോട്ടത്തില്‍ എല്ലുമുറിയെ പണിയാണ് പിന്നെ. 'ആ മണ്ണായിരുന്നു എന്റെ സന്തോഷം. എന്റെ മക്കളെപ്പോലും ഞാന്‍ അങ്ങനെ നോക്കിയിട്ടില്ല! .. ഏത് നേരവും പറമ്പിലാണെന്നായിരുന്നു ഭാര്യയുടെ പരാതി. എന്നാ പിന്നെ പായയിട്ട് അവിടെതന്നെ കിടന്നോന്ന് പറയും അവള്. പക്ഷേ, എനിക്കതും സന്തോഷാ ട്ടോ'- അണ്ണയ്യന്‍ പറഞ്ഞുതുടങ്ങി. 'എല്ലാവരും രണ്ടു തവണയൊക്കെയേ വളമിടൂ. എനിക്കതിലൊരു തൃപ്തിയില്ല. നന്നായി വളമൊക്കെ ചെയ്ത് നനച്ചുണ്ടാക്കിയതാ എല്ലാം. 

'അന്ന് പതിവില്ലാതെ വീട്ടിലെ പട്ടികളും പൂച്ചയും വല്ലാത്ത കരച്ചില്‍. അവരങ്ങനെ കരഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാനവിടെത്തന്നെ കിടന്നേനെ. ഭാര്യ നേരത്തെ തന്നെ പെങ്ങളുടെ മകന്റെ വീട്ടിലേക്ക് പോയിരുന്നു. ടോര്‍ച്ചും പൂച്ചയും പട്ടിയുമായി പിന്നാലെ ഞാനുമിറങ്ങി. ആകെ ഒച്ചയും ബഹളവും. അതിനിടെ ആരോ വിളിച്ചു പറഞ്ഞു മുണ്ടക്കൈയിൽ ഉരുള്‍പൊട്ടിയിട്ടുണ്ടെന്ന്. പുഴയോട് ചേര്‍ന്നാണ് വീടും പുരയിടവും. കൃഷിയോര്‍ത്ത് എനിക്കവിടെ ഇരിക്കപ്പൊറുതിയില്ല. അപ്പോ തന്നെ ഇറങ്ങിപ്പോവാന്‍ നിന്നതാ ഞാന്‍. ആരും സമ്മതിച്ചില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് അവിടെച്ചെല്ലുമ്പോ കാണുന്നത് ആ രണ്ടരയേക്കര്‍ പുരയിടത്തില്‍ വലിയ വലിയ മരങ്ങളും പിന്നെ എന്തൊക്കെയോ... തലേന്നാള്‍ വരെ കിടന്നുറങ്ങിയ വീടില്ല, എന്റെ മണ്ണില്ല, കൃഷിയുമില്ല. ടൗണിലെ അഞ്ച്  സെന്റ് സ്ഥലത്ത് ആറ് കടമുറികളുണ്ടായിരുന്നു. അലമാരയില്‍ സ്വര്‍ണവും പണവുമൊക്കെ ഉണ്ടായിരുന്നു. എല്ലാം ഒറ്റരാത്രി കൊണ്ട് നാമാവശേഷം. ഒരു ഇലപോലും ബാക്കിവെക്കാതെ ആ രണ്ടേക്കറും പോയി. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാന്‍ പറ്റാത്ത ഒരു വേദനയാണ് ഞാന്‍ അനുഭവിച്ചത്. ഒന്നും ബാക്കിയില്ല. 

'വെറുതെ ഒരു തോട്ടമായിരുന്നില്ല എന്റേത്. ശാസ്ത്രീയമായി പഠിച്ച് ചെയ്യുന്ന രീതിയായിരുന്നു എനിക്ക്. അതിനുള്ള വരുമാനവും എനിക്ക് ലഭിച്ചിരുന്നു. വര്‍ഷം 100 ചാക്കിന് മേലെ ഉണക്ക കാപ്പി വില്‍ക്കും. അതുതന്നെയുണ്ടാകും ഒരു നാല് ലക്ഷം രൂപയുടെ വരുമാനം. ഒരു രണ്ടര ലക്ഷം രൂപയുടെ കുരുമുളകും ഉണ്ടാകും. പിന്നെ അടയ്ക്ക, തേങ്ങ, വാടകക്കെട്ടിടങ്ങൾ... ചുരുങ്ങിയത് 20 ലക്ഷം രൂപയുടെ മുകളിൽ വരുമാനം കിട്ടും. ഞങ്ങളുടേത് തറവാട് വീടാണ്. വീട്ടുകാരി എപ്പോഴും പറയുമായിരുന്നു  'ഈ വീട് പോരാ, നമുക്കൊരു വീട് ഉണ്ടാക്കണം' എന്ന്. പക്ഷേ ഞാന്‍ വീടൊന്നും വലുതാക്കി വെച്ചില്ല. ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ വീടും പോയേനെ. നാലര കോടി രൂപ തരാം ഈ സ്ഥലം തരുന്നോന്ന് റിസോര്‍ട്ടുകാര്‍ ചോദിച്ചതാ. അത്ര ഭംഗിയാ ഇവിടെ. 'തോട്ടം ഞാന്‍ ഒരിക്കലും കൊടുക്കില്ല, എന്റെ മക്കളാണത്' എന്ന് പറഞ്ഞ് ഞാനവരെ മടക്കി അയച്ചതാ.'

ജീവിതം മാത്രം ബാക്കിയായ ഒരു വര്‍ഷം 

ക്യാമ്പില്‍ നിന്ന് വാടകവീട്ടിലേക്ക് വരുമ്പോഴേക്കും അണ്ണയ്യന്റെ മകനും വീണുപരിക്കേറ്റു. ചെളിയില്‍ തെന്നിവീണ് സാരമായി പരിക്കേറ്റ് ചികിത്സയിലാണ് ഇപ്പോഴും. പിന്നെ താമസം ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ട്. ദുരന്തബാധിതര്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായം (6000 വാടക, 300 രൂപവീതം കുടുംബത്തിലെ രണ്ട് പേര്‍ക്ക്-9000, ഭക്ഷ്യകൂപ്പണ്‍ 1000 രൂപ) മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. ഏതെങ്കിലും സ്വയംതൊഴിലുള്ളവരോ, ചെറിയ ജോലികളുള്ളവര്‍ക്കോ സര്‍ക്കാര്‍ 9000 രൂപ നിര്‍ത്തലാക്കി. നിലവില്‍ ഓട്ടോ തൊഴിലാളി ആയതിനാലും ഭാര്യയ്ക്ക് ചെറിയൊരു ജോലി ഉള്ളതിനാലും ഇന്നാ തുക ലഭിക്കുന്നില്ല. മാസങ്ങളായി മകന് വേണ്ട ചികിത്സാത്തുകയും, കടവും, ജീവിതച്ചെലവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഈ ഇരുട്ടടി കൂടി.

'ഓട്ടോറിക്ഷ എങ്ങനെ ഓടിക്കണം എന്ന് പോലും ഞാൻ മറന്നുപോയിരുന്നു. അവര് തന്നപ്പോള്‍ ഞാന്‍ കൈനീട്ടി വാങ്ങി. വാങ്ങിയത് ഇപ്പോള്‍ എന്റെ കഷ്ടകാലമായിപ്പോയി. ഓട്ടോ ഓടിക്കാന്‍ പെര്‍മിറ്റില്ല. പിന്നെ എന്തിനാണ് ഓട്ടോ തന്നത്? ഒരു ദിവസം കളക്ടറുടെ റൂമില്‍ പോയി താക്കോല്‍ ഞാന്‍ തിരിച്ചേല്‍പിച്ചതാ. എനിക്ക് വണ്ടി വേണ്ട. എനിക്ക് 9000 രൂപ തന്നാല്‍ മതിയെന്ന് പറഞ്ഞ്. രാവിലെ മുതല്‍ രാത്രി വരെ ഓടിയാലും 100 രൂപ തികച്ച് കിട്ടുന്നില്ലെനിക്ക്. കൃഷി ചെയ്യാമെന്ന് വച്ചാല്‍ ഭൂമി നിറയെ ആയിരക്കണക്കിന് ലോഡ് മരത്തടിയാണ്. അതൊന്ന് മാറ്റിത്തന്നാല്‍ ഞാന്‍ എങ്ങനെയെങ്കിലും പണി ചെയ്ത് ജീവിച്ചോളാം. അതിനായി ഞാന്‍ കയറിയിറങ്ങാത്ത ഓഫീസില്ല. 'ഈ മരം നിങ്ങള്‍ തന്നെ ഫോറസ്റ്റില്‍ കൊണ്ടിട്ടോളൂ' എന്നായിരുന്നു അന്ന് എഡിഎം പറഞ്ഞത്. 'അങ്ങനെ പറയരുതായിരുന്നു അത്. അത് കണ്ടുകഴിഞ്ഞാല്‍ ആരായാലും സഹിക്കില്ല' എന്ന് മന്ത്രി വരെ അവരോട് പറഞ്ഞു'

മരത്തടി മാറ്റാന്‍ പറ്റില്ലെങ്കില്‍ തൊട്ടടുത്തുള്ള തന്റെ മറ്റൊരു ഭൂമിയുടെ നിയമപ്രശ്‌നമെങ്കിലും മാറ്റിത്തരണമെന്നും ഇദ്ദേഹം പറയുന്നു. 2001 വരെ നികുതി അടച്ച ഭൂമി വനമാണെന്ന് പറഞ്ഞ് വനംനകുപ്പ് കൃഷി ചെയ്യാന്‍ അനുവദിക്കുന്നില്ല. ആ ഭൂമിയാണ് അണ്ണയ്യന്‍ പറയുന്നത്. 

'ബാങ്ക് ലോണ്‍ അടയ്ക്കണമെന്ന് പറഞ്ഞ് ഇപ്പോഴും നോട്ടീസ് വരുന്നുണ്ട്. എവിടുന്ന് എടുത്ത് അടയ്ക്കാനാ. അറസ്റ്റ് ചെയ്‌തോളൂ. ജയിലില്‍ കൊണ്ടുപോയിക്കോളൂ. ഞാന്‍ അനുഭവിച്ചോളാം. വേറൊരു മാര്‍ഗവും എനിക്ക് മുന്‍പിലില്ല. പെന്‍ഷന്‍ ചോദിച്ചപ്പോള്‍ തരാന്‍ പറ്റില്ല, നിങ്ങള്‍ക്ക് വരുമാനമുണ്ടല്ലോ എന്നായിരുന്നു മറുപടി. ശരിയാണ്. അന്നെനിക്ക് ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്നു. ഇന്നെനിക്ക് വീടില്ല, കടകളില്ല, കൃഷിയില്ല, വാഹനവുമില്ല'

'ചൂരല്‍മലയിലെ ജീവിതമല്ല ഇന്ന്. ചുറ്റുവട്ടത്ത് ആരാണ് താമസിക്കുന്നതെന്ന് പോലുമറിയില്ല. അവിടെ എന്തുണ്ടെങ്കിലും ഞങ്ങള്‍ ഒറ്റക്കെട്ടാണ്. എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ നമ്മളെ കൂട്ടിപ്പിടിച്ച് നില്‍ക്കും. ഇപ്പോള്‍ ഇതാ നല്ലൊരു റോഡ് വരുന്നുണ്ട്, പാലം വരുന്നുണ്ട്, മറ്റേ തുരങ്കപാത വരുന്നുണ്ട്. അതൊക്ക വരുമ്പോള്‍ ഞങ്ങള്‍ക്ക് കാണാന്‍ പറ്റാത്ത സ്ഥിതിയിലുമായി. ഏത് മക്കള്‍ക്കും അവരുടെ മാതാപിതാക്കളുണ്ടാക്കിയ സ്വത്ത് ഒരു പിടിവള്ളിയാണ്. ഞങ്ങളുടെ നാട്ടില്‍ അത് ഇല്ലാതായി. ഈ 67-ആമത്തെ വയസ്സിലും തന്റേടത്തോടെ ഒരു ഓട്ടോറിക്ഷ ഓടിക്കാന്‍ കാരണം എന്താണെന്നറിയോ? ഇനി മറ്റുള്ളവരോട് കൈനീട്ടരുത്. പത്തു രൂപയാണെങ്കില്‍ പത്തു രൂപ. അത് വലുതാണ് ഇന്നെനിക്ക്. ഈ നാല് മണിവരെ ഓടിയിട്ട് എനിക്കിന്ന് കിട്ടിയത് 80 രൂപയാണ്. എനിക്ക് കൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്ത് തരണം. വേറെ എനിക്കൊന്നും വേണ്ട'.- അണ്ണയ്യന്‍ പറഞ്ഞുനിര്‍ത്തി.