യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാരയുദ്ധത്തിനിടെ പരസ്പരം കൈകൊടുത്ത് ചൈനയും ഇന്ത്യയും. വ്യാപാരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ചൈനയുമായി സാമ്പത്തികമായി കൂടുതലടുക്കാനുള്ള വഴിതുറന്നിടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാ സന്ദര്‍ശനത്തിലൂടെ. ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ സംഘടന (എസ്​സിഒ) ഉച്ചകോടിയുടെ ഇടവേളയിലായിരുന്നു നിർണായകമായ മോദി-ഷീ കൂടിക്കാഴ്ച. പിഴച്ചുങ്കമുള്‍പ്പെടെ ഇന്ത്യയ്ക്കുള്ള യു.എസിന്റെ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ണായക ചൈനായാത്ര. ഏഴ് വര്‍ഷത്തിനുശേഷമാണ് നരേന്ദ്രമോദി ചൈനയിലെത്തുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ തീരുവയുദ്ധം ആഗോള വിപണിയെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ട് പ്രധാന സാമ്പത്തികശക്തികളെന്ന നിലയില്‍ ആഗോളവ്യാപാരം സ്ഥിരപ്പെടുത്തുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യവും തീരുമാനിക്കുകയും ചെയ്തു.

To advertise here,

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്​വരയിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വഷളായ ഉഭയകക്ഷി ബന്ധത്തില്‍ വലിയ വഴിത്തിരിവാണ് മോദി-ഷീ കൂടിക്കാഴ്ച. ഗാല്‍വാന് തൊട്ടുപിന്നാലെ, ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ ജവാന്മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. പിന്നാലെ ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം പോലും നിയന്ത്രിക്കുകയും ചെയ്തു. എന്നാലിപ്പോൾ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞ് ഉരുകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാര ബന്ധത്തിലും ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുന്നതാണ്. ഇന്ത്യ-ചൈന ബന്ധത്തിന്റെ ചരിത്രമെന്താണ്? മോദി-ഷീ കൈകൊടുക്കൽ എങ്ങനെയാവും ഇന്ത്യയെ ബാധിക്കുക?

പുരാതനകാലം മുതലുള്ള ബന്ധം 

വ്യാപാരം, സംസ്‌കാരം, രാഷ്ട്രീയം എന്നിവയാല്‍ രൂപപ്പെട്ട നീണ്ട ചരിത്രമാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിനുള്ളത്. പുരാതനകാലം മുതല്‍ തന്നെ ഇരുരാജ്യങ്ങളും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുരാതനകാലം മുതല്‍ വ്യാപാരബന്ധവും ശക്തമായിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമാവുകയും 1949-ല്‍ ചൈന റിപ്പബ്ലിക്കായി മാറുകയും ചെയ്തതിനുശേഷം, ഇരുരാജ്യങ്ങളും ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിച്ചു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. 1950 ഏപ്രില്‍ ഒന്നിന് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ സോഷ്യലിസ്റ്റ് ബ്ലോക്ക് ഇതര രാജ്യമായിരുന്നു ഇന്ത്യ. 1950-കളില്‍ ഇരുരാജ്യങ്ങളും സൗഹൃദം വളര്‍ത്തിയെടുത്തു. പിന്നാലെ സമാധാനപരമായ സഹകരണവും വര്‍ധിച്ചു. എന്നാല്‍ 1962-ലെ അതിര്‍ത്തി യുദ്ധത്തിനുശേഷം ബന്ധം വഷളായി.

1970-കള്‍ മുതലാണ് നയതന്ത്ര ബന്ധങ്ങള്‍ സാവധാനത്തില്‍ മെച്ചപ്പെടുന്നത്. 1976-ന് ശേഷം നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുകയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രത്യേകിച്ച് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത്. 1980-കളുടെ അവസാനം മുതല്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളും ശ്രമങ്ങളും ഉണ്ടായി. ഇന്ത്യയും ചൈനയും വ്യാപാര, സമാധാന കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമ്മതിക്കുകയും ചെയ്തു. സമീപദശകങ്ങളില്‍ ഇരുരാജ്യങ്ങളും പ്രധാന ആഗോള ശക്തികളായി വളര്‍ന്നു. പരസ്പരമുള്ള വ്യാപാരം വര്‍ധിക്കുകയും  ബ്രിക്‌സ്, ജി 20 പോലുള്ള ഗ്രൂപ്പുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ അതിര്‍ത്തി വിഷയത്തില്‍ സമവായത്തിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല. ഇടയ്ക്കിടെ സംഘര്‍ഷങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും സമാധാനം, സൗഹൃദം, സാമ്പത്തിക വളര്‍ച്ച എന്നിവയാണ് ലക്ഷ്യമിടുന്നത്.

placeholder
ചൈനയുടെ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ നാൻജിംഗിലെ തുറമുഖത്തെ കണ്ടെയ്‌നറുകൾ | Photo : AFP / China OUT

ഇന്ത്യ-ചൈന വ്യാപാര ബന്ധം

1950-ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം സങ്കീര്‍ണമായ ബന്ധമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ഏഷ്യയിലെ രണ്ട് നിര്‍ണായക ശക്തികള്‍ തമ്മില്‍ അതിര്‍ത്തി വിഷയത്തില്‍ ഉരസലുകളുണ്ടെങ്കിലും സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ വളര്‍ന്നു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. രണ്ട് പതിറ്റാണ്ട് മുമ്പ് ഇതായിരുന്നില്ല സ്ഥതി. 2000-കളുടെ തുടക്കത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നന്നേ കുറവായിരുന്നു. ഇരുമ്പയിർ പോലുള്ള അസംസ്‌കൃതവസ്തുക്കള്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ചൈനീസ് ഉൽപന്നങ്ങൾ ഇന്ത്യന്‍ വിപണികളില്‍ വളരെ അപൂര്‍വമായി മാത്രമേ എത്തിയിരുന്നുള്ളൂ. പക്ഷേ പിന്നീട് ഇക്കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചു. ചൈന ലോകത്തിന്റെ തന്നെ ഫാക്ടറിയായി മാറുകയും ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ തുറക്കുകയും ചെയ്തതോടെ, അയല്‍ക്കാര്‍ തമ്മിലുള്ള വ്യാപാരവും വർധിച്ചു.

2010 ആയപ്പോഴേക്കും ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, സോളാര്‍ പാനലുകള്‍ എന്നിവ ഇന്ത്യന്‍ വിപണികളില്‍ നിറഞ്ഞു. ഇന്ത്യയും ഇരുമ്പയിരും ചില മരുന്നുകളും കയറ്റുമതി ചെയ്യുന്നത് തുടര്‍ന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 72 ബില്യണ്‍ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 127 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 118 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ഇന്ത്യയിലേക്കുള്ള വ്യാവസായിക വസ്തുക്കളുടെ- പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ്, യന്ത്രങ്ങള്‍, രാസവസ്തുക്കള്‍- പ്രധാന വിതരണക്കാരാണ് ചൈന. ഇലക്ട്രിക് വാഹനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സാങ്കേതികവിദ്യകളും നിക്ഷേപവും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാമ്പത്തിക ബന്ധങ്ങളെ എടുത്തു കാണിക്കുന്നു.

2024- 25 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 113.46 ബില്യണ്‍ യു.എസ്. ഡോളറിന്റേതായിരുന്നു. 2023-24 വര്‍ഷത്തെ അപേക്ഷിച്ച് 11.5 ശതമാനത്തിന്റെ വര്‍ധനവ്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 14 ശതമാനം കുറഞ്ഞ് 14.25 ബില്യണ്‍ യുഎസ് ഡോളറിന്റേതായി. ഇത് മൊത്തം ഉഭയകക്ഷി വ്യാപാരം 127.71 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു. ഇതോടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന തിരികെപിടിച്ചു. ഈ കണക്കുകള്‍ അതിശയിപ്പിക്കുന്നതായി തോന്നാമെങ്കിലും അവഗണിക്കാന്‍ കഴിയാത്തത്ര വലുതായ ഒരു പ്രശ്‌നമുണ്ട്; 99.21 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി. ഇതിനൊപ്പം ചേർത്തുവെയ്ക്കേണ്ട ഒന്നുകൂടിയുണ്ട്. ഉഭയകക്ഷി നിക്ഷേപത്തിലെ കുറവ്.  ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് അനുസൃതമായി ഉഭയകക്ഷി നിക്ഷേപത്തിലെ വളര്‍ച്ച ഉണ്ടായിട്ടില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇരുരാജ്യങ്ങളും മുന്‍നിര നിക്ഷേപകരാണെങ്കിലും പരസ്പരമുള്ള നിക്ഷേപത്തില്‍ പുരോഗതിയില്ല. 

ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം (ബില്യൺ യുഎസ് ഡോളറിൽ )
വർഷംഇന്ത്യയുടെ കയറ്റുമതി ഇന്ത്യയുടെ ഇറക്കുമതിവ്യാപാരക്കമ്മിആകെ വ്യാപാരം
2014-201511.9660.4148.4572.37
2015-20169.0161.7152.770.72
2016-201710.1761.2851.1171.45
2017-201813.3376.3863.0589.71
2018-201916.7570.3253.5787.07
2019-202016.6165.2648.6581.87
2020-202121.1965.2144.0286.4
2021-202221.5694.5773.01116.13
2022-202315.3198.5183.2113.82
2023-202416.66101.7485.08118.4
2024-202514.25113.4699.21127.71

കുതിച്ചുയരുന്ന വ്യാപാരക്കമ്മി

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ആരോഗ്യകരമായ തോതില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോഴുമിത് ചൈനയ്ക്ക് അനുകൂലം തന്നെയാണ്. ഉഭയകക്ഷി വ്യാപാരം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് വലിയ വ്യാപാരക്കമ്മിയിലേക്കാണ് (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) അത് നയിച്ചത്. വര്‍ദ്ധിച്ചുവരുന്ന വ്യാപാരക്കമ്മിയും ചൈനീസ് വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ നേരിടുന്ന തടസ്സങ്ങളിലും ഇന്ത്യ പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാപാരകമ്മി 2003-04-ലെ 1.1 ബില്യണ്‍ ഡോളറില്‍ നിന്ന്  2024-25-ല്‍ 99.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് (2014-15 സാമ്പത്തിക വര്‍ഷത്തില്‍) ഇത് 48.14 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2023-24 വര്‍ഷത്തില്‍ ഈ വിടവ് 85.1 ബില്യണ്‍ യുഎസ് ഡോളറും. ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരക്കമ്മി ഏതൊരു രാജ്യവുമായും ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ വ്യാപാരക്കമ്മിയാണ്. 

ഇലക്ട്രോണിക്‌സ്, മെഷിനറി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം ഉപകരണങ്ങള്‍, സോളാര്‍ പാനലുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ഉൽപന്നങ്ങൾ ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. അവയാകട്ടെ നമ്മുടെ വ്യവസായങ്ങള്‍ക്ക് നിര്‍ണായകമാണ്. മറുവശത്ത്, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി പ്രധാനമായും ഇരുമ്പയിര്, രാസവസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ്. ചൈനീസ് ഇറക്കുമതിയെ അപേക്ഷിച്ച് മൂല്യം കുറഞ്ഞ വസ്തുക്കളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ പ്രധാന കയറ്റുമതി ഇരുമ്പയിര്, ലൈറ്റ് നാഫ്ത, ചെമ്മീന്‍, ആവണക്കെണ്ണ എന്നിവയായിരുന്നു. കാലക്രമേണ, അസംസ്‌കൃത വസ്തുക്കള്‍ അടിസ്ഥാനമാക്കിയുള്ള കയറ്റുമതിയെ ചൈനീസ് യന്ത്രസാമഗ്രികള്‍, ഇലക്ട്രോണിക്‌സ്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, ടെലിഫോൺ /ടെലിഗ്രാഫിക് ഉപകരണങ്ങളുടെ ഭാഗങ്ങള്‍, ലിഥിയം-അയണ്‍, വളങ്ങള്‍ എന്നിവയുടെ ഇറക്കുമതി വലിയ തോതില്‍ മറികടന്നു. 

placeholder
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ മെയ്ജിയാങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന് പുറത്ത് ഇന്ത്യയുടെയും ചൈനയുടെയും ദേശീയ പതാകകൾ | Photo: WANG Zhao/ AFP

എന്തുകൊണ്ട് ആശങ്കപ്പെടണം?

ഇരുരാജ്യത്തിനുമിടയില്‍ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഷാങ്ഹായ് സഹകരണ സംഘടന (എസ്​സിഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി ചര്‍ച്ചനടത്തി. യുഎസിന്റെ തീരുവ ആഗോളവിപണിയെ ഉലയ്ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ രണ്ട് പ്രധാന സാമ്പത്തികശക്തികളെന്ന നിലയില്‍ ആഗോളവ്യാപാരം സ്ഥിരപ്പെടുത്തുന്നതിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

ചൈനയുമായുള്ള വ്യാപാരക്കമ്മിയില്‍ എന്തുകൊണ്ട് ആശങ്കപ്പെടണം?  വ്യാപാരക്കമ്മിയുടെ വലിപ്പം മാത്രമല്ല അതിന് കാരണം. ഔഷധങ്ങള്‍, ഇലക്ട്രോണിക്‌സ് മുതലുള്ള നിര്‍മ്മാണ സാമഗ്രികള്‍, പുനരുപയോഗ ഊര്‍ജം, ഉപഭോക്തൃവസ്തുക്കള്‍ വരെയുള്ള എല്ലാ വ്യാവസായിക വിഭാഗങ്ങളിലും ചൈനയെ ആശ്രയിക്കുന്നു എന്നതാണ് അതിനെ ഗുരുതരമാക്കുന്നതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എറിത്രോമൈസിന്‍ പോലുള്ള ആന്റിബയോട്ടിക്കുകളുടെ കാര്യത്തില്‍ ഏതാണ്ട് 97 ശതമാനവും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. സിലിക്കണ്‍ വേഫറുകളുടെ 96.8 ശതമാനവും ഫ്‌ളാറ്റ് പാനല്‍ ഡിസ്‌പ്ലേകളുടെ 86 ശതമാനവും ചൈനയില്‍നിന്നാണ് എത്തുന്നത്. സോളാര്‍ സെല്ലുകളുടെ 82.7 ശതമാനവും ലിഥിയം അയണ്‍ ബാറ്ററികളുടെ 75.2 ശതമാനവും ചൈനയില്‍ നിന്നാണ് വരുന്നത്.

വ്യാപാരത്തിലെ അമിതമായ ആ ആശ്രിതത്വം ഇന്ത്യയ്ക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ ചൈനയ്ക്ക് കഴിയുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചൈനീസ് ഉൽപന്നങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളെയും സാമ്പത്തിക സുരക്ഷയെയും ഒരുപോലെ ബാധിച്ചേക്കാം. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സമയത്ത് വിതരണ ശൃംഖലകളെ നിയന്ത്രിക്കുക വഴി ഇന്ത്യയ്ക്കെതിരായി ഉപയോഗിക്കാനും അവര്‍ക്ക് സാധിക്കും. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പോലുള്ള സംരംഭങ്ങളിലൂടെ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിച്ചും വ്യാപാര പങ്കാളികളുടെ വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിച്ചും ഈ ആശ്രിതത്വം കുറയ്ക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 

ചൈനയുമായുള്ള വ്യാപാരം പൂര്‍ണമായി കുറയ്ക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ചൈനീസ് ഉൽപന്നങ്ങൾ പലപ്പോഴും വിലകുറഞ്ഞതും ഇന്ത്യന്‍ ഉൽപാദന- ഉപഭോക്തൃ വിപണികളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമാണ്. സ്വന്തം ഉൽപാദനം ശക്തിപ്പെടുത്തുകയും മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം വ്യാപാരത്തിലെ സന്തുലിതാവസ്ഥ ഇന്ത്യ ഉറപ്പാക്കണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതും. 

Reference

Trade and Economic Relations
Exploring India China Trade and Economic Relations
TRADE AGREEMENT BETWEEN THE REPUBLIC OF INDIA AND THE PEOPLE'S REPUBLIC OF CHINA
Prospects for India–China relations