
പാകിസ്താനിലെ എണ്ണപ്പാടങ്ങളുടെ വികസനം ലക്ഷ്യമാക്കി ഒപ്പിട്ട യുഎസ്-പാകിസ്താന്‍ വ്യാപാരക്കരാറിനെ ചരിത്രപരമെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്കും പാകിസ്താനും ഇടയിലെ ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ കരാര്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. പാകിസ്താനിലെ 'വമ്പിച്ച എണ്ണശേഖരം' വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നാണ് കരാറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്. അതേസമയം, പാകിസ്താനിലെ 'എണ്ണപ്പാടങ്ങള്‍' എന്ന് ട്രംപ് ഉദ്ദേശിച്ചത് എവിടെയുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഈ എണ്ണപങ്കാളിത്തത്തിന് നേതൃത്വം നല്‍കാന്‍ ഒരു എണ്ണക്കമ്പനിയെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ദീര്‍ഘകാലമായി തങ്ങളുടെ തീരത്ത് വലിയ എണ്ണ നിക്ഷേപമുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, അത് ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു നടപടിയിലേക്കും അവരിതുവരെ കടന്നിരുന്നില്ല. എണ്ണമേഖലയില്‍ നിക്ഷേപത്തിനായി കാലങ്ങളായി ശ്രമിച്ചുവരികയുമാണ്. എവിടെയാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ ഭീമന്‍ എണ്ണപ്പാടത്തെ കുറിച്ച് പാകിസ്താന്‍ പറയുമ്പോള്‍ നെറ്റിചുളിക്കുകയാണ് ലോകം.
പാകിസ്താനുമായി അമേരിക്കയുടെ 'വമ്പൻ' കരാര്‍
ഇന്ത്യയില്‍നിന്നുള്ള ചരക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവയും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്തിയതിനു പിന്നാലെയായിരുന്നു പാകിസ്താനുമായി അമേരിക്ക നിര്‍ണായക വ്യാപാര കരാറിലൊപ്പിട്ടത്. പാകിസ്താന്റെ എണ്ണപ്പാടശേഖരങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറിലൊപ്പിട്ടെന്നും അതുപ്രകാരം ഇരുരാജ്യങ്ങളും ചേര്‍ന്ന് അവിടത്തെ എണ്ണശേഖരം വര്‍ധിപ്പിക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍വച്ച് ഏറ്റവും വലുതാകും യുഎസിന്റെ സഹായത്തോടെ വികസിപ്പിക്കുന്ന ഈ എണ്ണപ്പാടശേഖരമെന്നും ട്രംപ് അവകാശപ്പെട്ടു. പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്കുമായും യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായും വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് അമേരിക്ക-പാകിസ്താന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമായത്. എണ്ണപ്പാട വികസനത്തിലെ സഹകരണത്തിനുപുറമേ ഉഭയകക്ഷി വ്യാപാരം, വിപണി പ്രവേശനം, നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. അത് ഫലത്തില്‍ പാകിസ്താന്റെ ചരക്കുകള്‍ക്ക് യുഎസ് ചുമത്തിയ തീരുവയില്‍ കുറവു വരുത്തുമെന്നാണ് വിലയിരുത്തല്‍.
ഈ നടപടിയുടെ അവസാനം ചിലപ്പോള്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥിതി സംജാതമാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും റഷ്യയും 'മരിച്ച സമ്പദ് വ്യവസ്ഥ' (ഡെഡ് ഇക്കോണമി)യാണെന്നും അവരുടെ വ്യാപാരബന്ധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ രണ്ടിന് പ്രഖ്യാപിച്ച വിദേശകാര്യങ്ങള്‍ക്കുള്ള ട്രംപിന്റെ പകരച്ചുങ്കം വെള്ളിയാഴ്ചയാണ് നിലവില്‍വന്നത്. ഇതുവരെ പത്തില്‍താഴെ രാജ്യങ്ങള്‍ മാത്രമേ തീരുവയിളവ് തേടി യുഎസുമായി വ്യാപാര കരാറിലെത്തിയിട്ടുള്ളൂ. കരാറാകുന്നതിന് മുന്‍പ് കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് ഏകപക്ഷീയമായി 25 ശതമാനം തീരുവ യുഎസ് ചുമത്തുകയായിരുന്നു. യുഎസിനെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ടെന്നും അവര്‍ തീരുവ കുറയ്ക്കാന്‍ പല വാഗ്ദാനങ്ങളും നിരത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇത്തരം നടപടികള്‍ യുഎസിന്റെ വ്യാപാരക്കമ്മി വലിയ തോതില്‍ കുറയ്ക്കുമെന്നും അവകാശപ്പെട്ടു. ഭാവിയില്‍ അവര്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുന്ന ഒരു ദിവസം വന്നേക്കുമെന്ന പ്രതീക്ഷയും ട്രംപ് പ്രകടിപ്പിച്ചു.
അമേരിക്കയുമായുള്ള ഇറക്കുമതി കരാര്‍, ക്രൂഡ് ഓയില്‍ സംഭരണ സ്രോതസ്സുകള്‍ വികസിപ്പിക്കാനും, നിലവില്‍ രാജ്യത്തിന്റെ എണ്ണ ആവശ്യകതകള്‍ നിറവേറ്റുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പാകിസ്താനെ സഹായിക്കും. പാകിസ്താനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ സിനര്‍ജിക്കോ ഒരു ദശലക്ഷം ബാരല്‍ അമേരിക്കന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ വിറ്റോള്‍ എന്ന കമ്പനിയുമായി കരാറിലേര്‍പ്പെട്ടതായി വൈസ് ചെയര്‍മാന്‍ ഉസാമ ഖുറേഷി അറിയിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറിന് ശേഷമുള്ള ആദ്യ ഇന്ധന കരാറാണിത്. ഒക്ടോബര്‍ അവസാനത്തോടെ അമേരിക്കയില്‍ നിന്നുള്ള ഇന്ധനം കറാച്ചി തീരത്തെത്തും.
പാകിസ്താനും എണ്ണപ്പാടങ്ങളും
യഥാര്‍ഥത്തില്‍ പാകിസ്താന് ഭീമമായ എണ്ണശേഖരം ഉണ്ടോ? ഇല്ലെന്നാണ് ഉത്തരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് രാജ്യത്ത് പ്രവര്‍ത്തനക്ഷമമായതോ ഖനനം ചെയ്യാന്‍ കഴിയുന്നതോ ആയ എണ്ണശേഖരമില്ലെന്ന് കണക്കുകളും പഠനങ്ങളും പറയുന്നു. വേള്‍ഡോ മീറ്റര്‍, യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവയുടെ 2016-ലെ കണക്കനുസരിച്ച് രാജ്യത്തെ തെളിയിക്കപ്പെട്ട എണ്ണശേഖരം 353.5 ദശലക്ഷം ബാരലാണ്. ലോകത്ത് 52-ാം സ്ഥാനത്താണ് പാകിസ്താന്റെ എണ്ണശേഖരം. ആഗോള എണ്ണശേഖരത്തിന്റെ 0.021% മാത്രമാണിത്. ഇത് രാജ്യത്തിന്റെ രണ്ട് വര്‍ഷത്തെ ആവശ്യങ്ങള്‍ക്ക് പോലും തികയില്ല. പ്രതിദിനം ഏകദേശം 5,56,000 ബാരല്‍ എന്ന നിലയിലാണ് പാകിസ്താന്റെ എണ്ണ ഉപഭോഗം. പ്രതിദിനം 88,000 ബാരല്‍ എണ്ണയാണ് പാകിസ്താന്റെ പ്രതിദിന ഉത്പാദനം. ഇത് രാജ്യത്തിന്റെ ആകെ ആവശ്യത്തിന്റെ 15% പോലും നിറവേറ്റാന്‍ തികയില്ല. ബാക്കിയുള്ള ആവശ്യത്തിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ് പാകിസ്താന്‍. വര്‍ധിച്ച എണ്ണ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുക തന്നെയാണ് പാകിസ്താന് മുന്നിലുള്ള പോംവഴി.
ഭീമന്‍ എണ്ണസമ്പത്ത്! അവകാശവാദത്തിന് പിന്നിലെന്ത്?
രാജ്യത്തിന്റെ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത പാകിസ്താന് എണ്ണ വ്യാപാരത്തില്‍ അമേരിക്കയുമായി കരാറിലേര്‍പ്പെടാനുള്ള ധൈര്യം എന്താണ്? വര്‍ഷങ്ങളായി നടന്നുവരുന്ന ഒരു സിസ്മിക് സര്‍വേയാണ് അതിനുത്തരം. ഭൂഗര്‍ഭത്തിലെ വിശദാംശങ്ങളും ഭൂകമ്പസാധ്യതകളും വിശകലനം ചെയ്യുന്നതാണ് ഈ സര്‍വേ. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഫ്ഷോര്‍ ഇന്‍ഡസ് ബേസിനിലാണ് നടത്തിയത്. ഈ സര്‍വേകള്‍ പാകിസ്താന്‍ നടത്തിയത് ഒരു സൗഹൃദരാജ്യത്തിന്റേയോ സഖ്യകക്ഷിയുടേയോ സഹായത്തോടെ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത് ഈ സഖ്യരാഷ്ട്രം തുര്‍ക്കി ആണെന്നാണ്. ടര്‍ക്കിഷ് പെട്രോളിയം കോര്‍പ്പറേഷനുമായി (TPAO) ചേര്‍ന്ന് പാകിസ്താന്‍ ഏപ്രില്‍ മാസത്തില്‍ ഒപ്പുവെച്ച പര്യവേക്ഷണ കരാറിന്റെ അടിസ്ഥാനത്തിലാണ് തുര്‍ക്കിയുടെ പേരിലേക്കെത്തുന്നത്.
2024 സെപ്തംബറില്‍ പാകിസ്താന്റെ ഓയില്‍ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയും (OGRA) ഊര്‍ജ മന്ത്രാലയവും സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങളെ കുറിച്ച് പാക് സര്‍ക്കാരില്‍ വിവരമറിയിച്ചിട്ടുണ്ട്. പാകിസ്താന്റെ തീരമേഖലയില്‍, ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നായ മുറെ റിഡ്ജില്‍ നിര്‍ണായകമായ ഭൗമഘടനയുണ്ടെന്നാണ് കണ്ടെത്തല്‍. അത് എണ്ണനിക്ഷേപം സംബന്ധിച്ച പ്രതീക്ഷ നല്‍കുന്നു. ഈ മേഖലയില്‍ ഹൈഡ്രോ കാര്‍ബണുകളുടെ സാന്നിധ്യം കൂടുതലായി കാണിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിസ്മിക് സര്‍വേയുടെ 2ഡി, 3ഡി സര്‍വേയിലും ഇത് വ്യക്തമാണ്. വടക്കന്‍ അറേബ്യന്‍ കടലിലെ ഒരു പ്രധാന ഭൂമിശാസ്ത്ര സവിശേഷതയാണ് മുറെ റിഡ്ജ്. ഇന്ത്യന്‍, അറേബ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ അഥവാ ഭൂമിയുടെ പുറന്തോട്ടിലെ ലിത്തോസ്ഫിയറുകള്‍ക്കിടയിലെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന മേഖലയാണിത്.
ഈ മേഖലയിലെ നിക്ഷേപസാധ്യതകള്‍ പാകിസ്താന്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ എണ്ണ പര്യവേക്ഷണത്തില്‍ വെനസ്വേല, സൗദി അറേബ്യ, ഇറാന്‍ എന്നിവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്തേക്ക് പാകിസ്താനെ ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രാദേശിക ഊര്‍ജ നിരീക്ഷകര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ നിക്ഷേപം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ പര്യവേക്ഷണങ്ങളോ ഖനനങ്ങളോ ഒന്നും ഇവിടെ നടന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതേസമയം, ഊര്‍ജ വിശകലന വിദഗ്ധര്‍ ആവര്‍ത്തിക്കുന്നതുപോലെ പര്യവേക്ഷണ മാര്‍ഗങ്ങളോ വാണിജ്യക്ഷമതയോ മൂന്നാമതൊരു രാജ്യത്തിന്റേയോ സംഘത്തിന്റേയോ ഏജന്‍സിയുടേയോ സഹകരണമില്ലാതെ സാങ്കേതികമായി ഇവയെ കരുതല്‍ ശേഖരമായി കരുതാനാവില്ലെന്നാണ് യാഥാര്‍ഥ്യം.
ഓണ്‍ഷോര്‍ കണ്ടെത്തലുകളും പരിമിതം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്താന്‍ ചെറിയ തോതിലുള്ള ഒട്ടേറെ എണ്ണ, വാതക കണ്ടെത്തലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ & ഗ്യാസ് ഡെവലപ്മെന്റ് കമ്പനിയും (OGDCL) അതിന്റെ പങ്കാളി സ്ഥാപനങ്ങളുമാണ് നടത്തിയത്. തെക്കന്‍ പാകിസ്താനിലെ സിന്ധില്‍ 2025 ജൂണില്‍ OGDCL ഒരു പുതിയ കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കണക്കാക്കപ്പെട്ട ഉത്പാദനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലക്കി മര്‍വത്തില്‍ വാതകനിക്ഷേപവും കണ്ടന്‍സേറ്റ് ശേഖരവും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഇവിടെ നിന്നുള്ള പ്രാരംഭ ഉത്പാദനം പ്രതിദിനം 2.1 ദശലക്ഷം ക്യുബിക് അടി വാതകവും 74 ബാരല്‍ എണ്ണയുമാണ്. കോഹട്ട് പീഠഭൂമിയിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. പാക് പഞ്ചാബിലെ അറ്റോക്ക് മേഖലയില്‍ നിരന്തരമായ ഖനനം ഉത്പാദത്തില്‍ ചെറിയ തോതിലുള്ള വര്‍ധന വരുത്തിയിട്ടുണ്ടെങ്കില്‍ ഇത് നിര്‍ണായകമാണെന്നോ വലിയ മുന്നേറ്റമാണെന്നോ പറയാന്‍ കഴിയില്ല. ഈ നിക്ഷേപങ്ങളെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും ഇത് പാകിസ്താന്റെ ദേശീയ ഉത്പാദനത്തെ കാര്യമായി വര്‍ധിപ്പിച്ചിട്ടില്ല. ഇപ്പോഴും പ്രതിദിനം ഏകദേശം 88,000 ബാരല്‍ മാത്രമാണ് ഉത്പാദനം. ഇത് പാകിസ്താന്റെ പ്രതിദിന ഉപഭോഗമായ 5,56,000 ബാരലിനേക്കാള്‍ വളരെ താഴെയാണ്. ഈ വിടവ് നികത്തുന്നത് ഇറക്കുമതിയിലൂടെയാണ്. ദുര്‍ബലമായ പാക് സമ്പദ് വ്യവസ്ഥയ്ക്ക് വളരെ ചെലവേറിയതാണ് ഇന്ധന ഇറക്കുമതി.
പാകിസ്താന്‍ അവകാശപ്പെടുന്നതുപോലെ പര്യവേക്ഷണ സാധ്യതകളുള്ള എണ്ണപ്പാടങ്ങള്‍ ഉണ്ടെങ്കില്‍ പോലും കടലിലുള്ള ഈ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും സമയമേറിയതും ചെലവേറിയതുമായ പദ്ധതിയാണ്. നിക്ഷേപം സ്ഥിരീകരിക്കാനുള്ള ഖനനവും പ്രാഥമികഘട്ടം വികസിപ്പിക്കാനും മാത്രം അഞ്ച് ബില്ല്യണ്‍ ഡോളറും കുറഞ്ഞത് ആറ് വര്‍ഷത്തെ അധ്വാനവും വേണ്ടിവരുമെന്ന് ഊര്‍ജവിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു. പൈപ്പ് ലൈനുകള്‍, റിഫൈനറികള്‍, തുറമുഖങ്ങള്‍, സംഭരണ സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള അധികച്ചെലവുകള്‍ കൂടി കൂട്ടിയാൽ മൊത്തം ചെലവ് ഇതിലും ഇരട്ടിയായി ഉയരും.
പാകിസ്താനും എണ്ണ കള്ളക്കടത്തും
പാകിസ്താന്റെ ഏറ്റവും വലിയ ഇറക്കുമതി ഉല്‍പ്പന്നം എണ്ണയാണ്. 2025 ജൂണ്‍ 30-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇറക്കുമതിയുടെ മൂല്യം 11.3 ബില്യണ്‍ ഡോളറാണ്, ഇത് രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ ഏകദേശം അഞ്ചിലൊന്നാണ്. ഇറക്കുമതിക്ക് പുറമേ വന്‍തോതില്‍ കള്ളക്കടത്ത് എണ്ണയും ഇറാനില്‍നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്നുണ്ട്. പാകിസ്താന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ 2024-ലെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തതത്, 2023-ല്‍ ഏകദേശം 1.02 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇറാനിയന്‍ പെട്രോളും ഡീസലും നിയമവിരുദ്ധമായി പാകിസ്താനിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ്. ഇറാനില്‍ നിന്നുള്ള ഈ കള്ളക്കടത്ത് എണ്ണ, പാകിസ്താന്റെ വാര്‍ഷിക ഇന്ധന ഉപഭോഗത്തിന്റെ ഏകദേശം 14% വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ദിവസവും ഏകദേശം 2,000 വാഹനങ്ങള്‍ വഴി 5-6 ദശലക്ഷം ലിറ്റര്‍ ഇന്ധനമാണ് പാകിസ്താനിലേക്ക് കടത്തുന്നത്. 'ദി വോയിസ് ഓഫ് അമേരിക്ക'യുടെ റിപ്പോര്‍ട്ട് പ്രകാരം, ബലൂചിസ്ഥാനിലെ ഏകദേശം 24 ലക്ഷം ആളുകള്‍ ഉപജീവനത്തിനായി ഈ നിയമവിരുദ്ധ വ്യാപാരത്തെയാണ് ആശ്രയിക്കുന്നത്.
പാകിസ്താനും സാമ്പത്തിക പ്രതിസന്ധിയും
ഏതാനും വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നുപോവുന്നത്. 126 ബില്യണ്‍ ഡോളറിന്റെ വിദേശ കടമാണ് രാജ്യത്തിനുള്ളത്. ഊര്‍ജ ഇറക്കുമതിക്ക് മാത്രമായി 2023-ല്‍ 17.5 ബില്യണ്‍ ഡോളറാണ് രാജ്യം ചെലവാക്കിയത്. എണ്ണപ്പാടങ്ങളിലെ പര്യവേക്ഷണങ്ങള്‍ പോലെ വലിയ മൂലധനം ആവശ്യമായി വരുന്ന സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാകിസ്താന്‍ എത്രത്തോളം സജ്ജമാണെന്നാണ് സംശയം. നിലവില്‍ പ്രതിദിനം ഏകദേശം 4,50,000 ബാരലുള്ള ശുദ്ധീകരണശേഷി പോലും പാകിസ്താന്റെ പരമാവധി സാമ്പത്തിക ശേഷിയാണെന്നാണ് സൂചനകള്‍.
ഇതിനെല്ലാം പുറമെ, സുരക്ഷാ ഭീഷണികള്‍ മറ്റൊരു ഭാഗത്ത് നിലനില്‍ക്കുന്നു. കടല്‍ത്തീര, തീരദേശ ബ്ലോക്കുകള്‍ സ്ഥിതിചെയ്യുന്ന ബലൂചിസ്താന്‍ മേഖല അന്താരാഷ്ട്ര കമ്പനികളോട് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും ആശയക്കുഴപ്പമാണ്. 2025 ഏപ്രിലില്‍ പാകിസ്താനും തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടര്‍ക്കിഷ് പെട്രോളിയം കോര്‍പ്പറേഷനുമായി (TPAO) ചേര്‍ന്ന് കടലിലെ പര്യവേക്ഷണത്തിനായി ഒരു കരാറില്‍ ഒപ്പുവെച്ചെങ്കിലും കരാറിന്റെ വിശദാംശങ്ങള്‍ അവ്യക്തമാണ്. തുര്‍ക്കി- പാക് പങ്കാളിത്തത്തിന് കീഴില്‍ ഖനന പ്രവര്‍ത്തനങ്ങളൊന്നും സ്ഥിരീകരിച്ചിട്ടുമില്ല.
ചൈന-അമേരിക്കന്‍ താല്‍പര്യങ്ങളും ബലൂചിസ്ഥാനും
ചൈന മുന്നോട്ടുവെയ്ക്കുന്ന 60 ബില്യണ്‍ ഡോളറിലധികം നിക്ഷേപമുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (CPEC) വഴി പാകിസ്താന്റെ ഊര്‍ജമേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും വമ്പന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ചൈന. അതിനിടെയാണ് പാകിസ്താന്റെ ഊര്‍ജമേഖലയ്ക്കുമേല്‍ ട്രംപും കണ്ണുവെയ്ക്കുന്നത്. തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖം, നിരവധി ഊര്‍ജ്ജ, ലോജിസ്റ്റിക്‌സ് ഇടനാഴികള്‍ എന്നിവയുള്‍പ്പെടെ ചൈനയുടെ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ബലൂചിസ്ഥാനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത എണ്ണ, വാതക സാധ്യതകള്‍ ഈ പ്രവിശ്യയിലുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
ഓഫ്ഷോര്‍ ഇന്‍ഡസ് ബേസിനിലെയും മുറെ റിഡ്ജിലെയും ഭൗമശാസ്ത്രപരമായ സര്‍വേകള്‍ കണക്കിലെടുക്കുമ്പോള്‍, യുഎസ് പിന്തുണയുള്ള ഏതൊരു പര്യവേക്ഷണവും ആരംഭിക്കാന്‍ സാധ്യതയുള്ളതും ഇതേ മേഖലയാണ്. അങ്ങനെ വരുമ്പോള്‍ ഒരു ഭൗമ-സാമ്പത്തിക സംഘര്‍ഷ സാധ്യതയും ഉടലെടുക്കുകയാണ്. പാകിസ്താനിലെ എണ്ണ പര്യവേക്ഷണ വികസനത്തില്‍, പ്രത്യേകിച്ച് ചൈനീസ് നിക്ഷേപമുള്ള മേഖലകളിലോ അതിനടുത്തോ അമേരിക്ക സജീവമായി ഇടപെടുകയാണെങ്കില്‍ അത് ചൈനീസ് താല്‍പര്യങ്ങളെ അമേരിക്ക വെല്ലുവിളിക്കുന്നതിന് സമാനമാണ്. തന്ത്രപരമായ മത്സരത്തിന് അത് തുടക്കം കുറിച്ചേക്കാം. ഇരുശക്തികളും തങ്ങളുടെ പ്രാദേശിക കണക്കുകൂട്ടലുകള്‍ക്ക് അത്യന്താപേക്ഷിതമായി കാണുന്ന ഒരു രാജ്യത്താണ് ഇത് സംഭവിക്കുകയെന്നതാണ് മറ്റൊരു വശം.
ഇത്തരം സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങളെ സങ്കീര്‍ണമാക്കിക്കൊണ്ട് ബലൂചിസ്ഥാന്‍ വിഘടനവാദികളുടെ ഒരു പ്രധാന കേന്ദ്രമായി തുടരുകയാണ്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള പാകിസ്താന്റെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ ചൈനീസ് പദ്ധതികളെയും ഉദ്യോഗസ്ഥരെയും പലകുറി ലക്ഷ്യമിട്ടിരുന്നു. അതേ ഊര്‍ജ്ജ മേഖലയിലേക്കുള്ള അമേരിക്കയുടെ പ്രവേശനം സമാനമായ തിരിച്ചടിക്ക് കാരണമാകുക മാത്രമല്ല, വിഭവങ്ങളുടെ പരമാധികാരം, സുരക്ഷാ ബാധ്യതകള്‍, മേഖലയിലെ രാഷ്ട്രീയ ചേരിതിരിവ് എന്നിവയെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്‌തേക്കാം.
ഈ കരാര്‍, പ്രത്യേകിച്ച് പാകിസ്താനില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ കാര്യത്തില്‍, പരസ്പരമുള്ള താരിഫുകള്‍ കുറയ്ക്കാന്‍ ഇടയാക്കും. ഊര്‍ജ്ജം, ഖനികള്‍, ധാതുക്കള്‍, ഐടി, ക്രിപ്റ്റോകറന്‍സി, മറ്റ് മേഖലകളിലെ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിന് ഈ ഇടപാട് തുടക്കം കുറിക്കുന്നു,' എന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് ഭീഷണിയുണ്ടോ?
പാകിസ്താനുമായുള്ള കരാറിന് പിന്നാലെ പാകിസ്താനില്‍നിന്ന് ഒരിക്കല്‍ ഇന്ത്യ എണ്ണ വാങ്ങിയേക്കാമെന്ന പരാമര്‍ശവും ട്രംപ് നടത്തിയിരുന്നു. ഭീമന്‍ വ്യാപാര നികുതിയേര്‍പ്പെടുത്തി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഏറെക്കാലമായി ട്രംപ് ശ്രമിക്കുന്നു. ഈ സമീപ ദിവസങ്ങളില്‍ ജപ്പാന്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ പ്രധാന പങ്കാളികളുമായി അമേരിക്കയ്ക്ക് അനുകൂലമായ കരാര്‍ നടപ്പിലാക്കാന്‍ ട്രംപിന് സാധിച്ചിരുന്നു. സമാനമാണ് പാകിസ്താനുമായുള്ള കരാറും. 25 ശതമാനമാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയ തീരുവ. കരാറിലേര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ ഇന്ത്യയുടെ ഉറച്ച നിലപാടില്‍ തട്ടി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മേലുള്ള സമ്മര്‍ദ്ദ തന്ത്രമായും യുഎസ്-പാക് കരാര്‍ വിലയിരുത്തപ്പെടുന്നുണ്ട്.
കാര്‍ഷിക, ഓട്ടോമൊബൈല്‍ വിഭാഗങ്ങളിലാണ് ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നത്. തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍ എന്നിവയ്ക്ക് മെച്ചപ്പെട്ട അമേരിക്കന്‍ വിപണി പ്രവേശനമാണ് ഇന്ത്യ തേടുന്നത്. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര, ഓട്ടോമൊബൈല്‍ വിപണികളിലേക്ക് പ്രവേശനം നേടാനായി സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്ക. ഇന്ത്യ തങ്ങളുടെ ജിഎം (Genetically Modified) നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ സാധനങ്ങള്‍ക്കും 25 ശതമാനം താരിഫും റഷ്യന്‍ സൈനിക ഉപകരണങ്ങളും ഊര്‍ജ്ജവും വാങ്ങുന്നതിന് വ്യക്തമാക്കാത്ത അധിക പിഴയും ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാകിസ്താനുമായുള്ള കരാര്‍ പ്രഖ്യാപനം വന്നതെന്നത് ശ്രദ്ധേയം.
റഷ്യയുമായുള്ള വ്യാപാര കരാറുകൾ, എണ്ണ ഇറക്കുമതി, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളാണ് ട്രംപ് ഇന്ത്യയ്ക്ക് മേൽ വമ്പൻ നികുതി ചുമത്താനുള്ള പ്രധാന കാരണം. റഷ്യയുടെ എണ്ണക്കയറ്റുമതിയുടെ 35% ഇന്ത്യയിലേക്കാണ്. റഷ്യൻ എണ്ണയുടെ വില താരതമ്യേന കുറവായതുകൊണ്ടാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിലൂടെ പൊതുമേഖല സ്ഥാപനങ്ങളായ ഐഒസി, ഒഎൻജിസി, എച്ച്പിസിഎൽ, എംആർപിഎൽ എന്നിവയെക്കൂടാതെ സ്വകാര്യ കമ്പനികളായ റിലയൻസ്, നയാര തുടങ്ങിവ കമ്പനികൾ വൻലാഭമാണുണ്ടാക്കിയത്. ഈ വ്യാപാരം ഡോളർ ഉപയോഗിച്ചല്ല. രൂപ-റൂബിൾ വ്യാപാരം ഊർജ വിപണിയിൽ ഡോളറിനുള്ള കുത്തകാവകാശത്തിനുമേലുള്ള കടന്നുകയറ്റമായിക്കൂടി അമേരിക്ക കാണുന്നു.
തീരുവയുടെയും പിഴച്ചുങ്കത്തിന്റെയും പേരിൽ റഷ്യയുമായുള്ള ആയുധ ഇടപാടുകളിൽനിന്ന് പിന്മാറാനാവില്ലെന്ന സൂചനകൾ ഇന്ത്യ നൽകിയിട്ടുണ്ട്. യുഎസിൽനിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിച്ചിരുന്നു. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യ പരമാവധി തദ്ദേശീയ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. പ്രതിരോധരംഗത്ത് ഇന്ത്യക്ക് ഏറെക്കാലമായുള്ള വിശ്വസ്തപങ്കാളിയാണ് റഷ്യ.
ഇന്ത്യയുടെ വ്യാപാര നയങ്ങളെ 'ഏറ്റവും കഠിനവും വെറുപ്പുളവാക്കുന്നതുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കാര്യങ്ങളൊന്നും നല്ലതല്ല! അതിനാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഇന്ത്യ 25 ശതമാനം താരിഫും ചിലതിന് പിഴയും നല്‍കേണ്ടിവരുമെന്നും ട്രംപ് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഇന്ത്യ ചുമത്തുന്ന താരിഫുകളെക്കുറിച്ച് അദ്ദേഹം പലതവണ വിമര്‍ശിക്കുകയും ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തെ 'യുഎസ് വിരുദ്ധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ താരിഫിനെ 'ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളിലൊന്ന്' എന്നും ട്രംപ് വിശേഷിപ്പിച്ചു. ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന 'ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും' അതിന്റെ പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയേക്കാള്‍ താരിഫ് കുറഞ്ഞ 50 രാജ്യങ്ങളാണുള്ളത്. വ്യാപാര കരാറിന് പിന്നാലെ പാകിസ്താനുള്ള താരിഫ് 19 ശതമാനമാക്കി കുറച്ചിരുന്നു. സിറിയ, മ്യാന്‍മാര്‍, ലാവോസ് തുടങ്ങിയവയാണ് കൂടിയ താരിഫുള്ള മറ്റ് രാജ്യങ്ങള്‍. ഓഗസ്ത് 7 മുതലാണ് താരിഫുകള്‍ നിലവില്‍ വരിക.
References
- Trump’s Oil Deal With Pakistan Raises Eyebrows | News 18 English
- Trump is all gas and Pakistan has no oil | India Today
- Questionable US-Pakistan oil deal | The Business Line
Content Highlights: A new US-Pakistan trade deal aims to develop Pakistan`s oil reserves
Published: 03 Aug 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented