ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുതിനും തമ്മിലുളള ഊഷ്മളമായ ആലിംഗനം, ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിങിനു മോദി കൈകൊടുക്കുന്നത് (മൂന്നുതവണ കൈകുലുക്കിയെന്നുവരെ 'കണ്ടുപിടിച്ചു'), പുതിന്റെ ഓറസ് ആഡംബരകാറില്‍ ഇരിക്കുന്ന മോദി, ഷീയും മോദിയും പുതിനും തമ്മിലെ സൗഹൃദക്കാഴ്ച, കനത്ത മുഖവുമായി നില്‍ക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കുക പോലും ചെയ്യാതെ മുന്നോട്ടുനടക്കുന്ന മോദിയും പുതിനും...

To advertise here,

ചൈനയിലെ ടിയാന്‍ജിനില്‍ തിങ്കളാഴ്ച അവസാനിച്ച ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിക്ക് തിരശീല വീഴുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചില ചിത്രങ്ങളാണ് ഇവ. മോദിയും ചൈനീസ് പ്രസിഡണ്ടുമായുള്ള ഉഭയകക്ഷിചര്‍ച്ച ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും ആഴത്തിലുള്ള ഭിന്നതകള്‍ മാറ്റിവെച്ച് പൂര്‍ണമനസ്സോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് ഉച്ചകോടിയില്‍ ഉത്തരമായി. അമേരിക്കന്‍ പിഴത്തീരുവകളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം ഒരുമിച്ചു നില്‍ക്കുന്നതാണ് രാജ്യതാല്‍പ്പര്യം എന്ന ബോധ്യം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്.

എങ്കിലും അടിസ്ഥാന നിലപാടുകളില്‍ ഇന്ത്യ വെള്ളം ചേര്‍ത്തില്ലെന്നു മാത്രമല്ല, അത് സംഘടനയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലും ഇന്ത്യന്‍ നയതന്ത്രം വിജയിച്ചു. അതിനു തെളിവാണ് രാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന ഭീകരതയ്ക്കെതിരായ സംയുക്ത പ്രമേയം. അതില്‍ പാകിസ്താനും ഒപ്പുവെച്ചു! ഉച്ചകോടിയില്‍ പാകിസ്താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പാക് പ്രധാനമന്ത്രിയുമായി 'ഉരുക്കു സഹോദരന്‍' എന്നു കരുതുന്ന ചൈനയുടെ പ്രസിഡന്റു പോലും സംസാരിച്ചില്ല. അതേസമയം, മോദിയുമായി സംസാരിക്കാന്‍ അംഗരാജ്യങ്ങള്‍ മത്സരിക്കുന്നത് കാണാമായിരുന്നു. രാജ്യങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന മാര്‍ഗങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കാതെയാവണം എന്നു പറഞ്ഞത് ചൈനയുടെ ബെല്‍റ്റ്- റോഡ് സംരംഭത്തെ ഉദ്ദേശിച്ചാണെന്നു വ്യക്തം. അതുപോലെ ഇന്ത്യയുടെ നേതൃത്വത്തില്‍ ഉണ്ടാക്കുന്ന ഡല്‍ഹി മുതല്‍ ഇറാന്‍ വഴി റഷ്യ വരെ പോവുന്ന ഉത്തര-ദക്ഷിണ ഇടനാഴിയെയും ചൈനയുമാടുള്ള വ്യാപാരത്തിലെ ഉയര്‍ന്ന വ്യാപാരക്കമ്മിയെയും കുറിച്ച് ഇന്ത്യ സംസാരിച്ചു, ചൈനയ്ക്ക് ഇഷ്ടമാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

ഉച്ചകോടിയുടെ ഏറ്റവും വലിയ സന്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്- പിഴത്തീരുവയെ ഉപകരണമാക്കി വിദേശനയം നടപ്പാക്കുന്നത് നടക്കില്ല. ഏകധ്രുവലോകത്തിന് അവസാനമായിരിക്കുന്നു. അമേരിക്ക നയിക്കുന്ന പാശ്ചാത്യ കൂട്ടായ്മകള്‍ക്ക് ചെറുക്കാന്‍ കഴിയാത്ത ശക്തികളായി ബ്രിക്സും എസ്സിഒയും മാറിയിരിക്കുന്നു. പത്ത് അംഗരാജ്യങ്ങളും നാല് നിരീക്ഷകരാഷ്ട്രങ്ങളും 15 ചര്‍ച്ചാപങ്കാളികളുമുള്ള എസ്സിഒ രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 42 ശതമാനം പാര്‍ക്കുന്നത്. ആഗോള ജിഡിപിയുടെ 23 ശതമാനം വരും ഈ രാജ്യങ്ങളുടെ വരുമാനം (വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ 36 ശതമാനം). വികസിതരാജ്യങ്ങളുടെ കൂട്ടായ്മകളായ ജി-7, നേറ്റോ എന്നിവയുടെ മൊത്തം ജിഡിപിയെക്കാള്‍ വളരെ മുന്നില്‍. ലോകത്തിലേക്കും വലിയ ഊര്‍ജ ഉല്‍പ്പാദകരും (റഷ്യ) ഉപയോക്താക്കളും (യഥാക്രമം ചൈന, ഇന്ത്യ) ഈ ഗ്രൂപ്പില്‍ തന്നെ.

വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയെ പോലുള്ള ട്രംപിന്റെ ശിങ്കിടികള്‍ ഇന്ത്യയെ തുടര്‍ന്നും പ്രകോപിപ്പിക്കുകയാണെങ്കിലും അമേരിക്കയുടെ വിദേശകാര്യ വകുപ്പ് അപകടം തിരിച്ചറിഞ്ഞെന്നു തോന്നുന്നു. എസ്സിഒ ഉച്ചകോടിയില്‍ മോദിയും പുതിനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് അമേരിക്കയുടെ വിദേശ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-അമേരിക്ക ബന്ധത്തെ വാഴ്ത്തിക്കൊണ്ട് പ്രസ്താവന ഇറക്കിയത് അതിന്റെ സൂചനയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തമെന്നു പറഞ്ഞ അദ്ദേഹം ജനതകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തെയും ശാസ്ത്ര, സാങ്കേതികവിദ്യ, സംരംഭകത്വം, പ്രതിരോധ സഹകരണം എന്നീ രംഗങ്ങളിലെ സഹകരണത്തിലുള്ള പുരോഗതിയെയും എടുത്തു കാട്ടി. അതുപോലെ, ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറും ഇന്‍ഡോ-യുഎസ് ബന്ധങ്ങളിലെ മെച്ചങ്ങളെക്കുറിച്ചും അതു തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. പക്ഷേ, മൂന്നു ദശകങ്ങളിലെ കഠിനാധ്വാനത്തിലൂടെ വളര്‍ത്തിയെടുത്ത ഇന്ത്യാ- അമേരിക്ക സൗഹൃദത്തിനു ട്രംപന്‍ സര്‍ക്കാര്‍ വരുത്തിയ ആഴത്തിലുള്ള മുറിവുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥതലത്തിലെ പ്രസ്താവനകള്‍ക്കാവുമെന്നു തോന്നുന്നില്ല.

ഗജ-വ്യാളീ നൃത്തത്തിന് ചിലങ്ക കെട്ടുമ്പോള്‍!

കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. വളരെ സൗഹാര്‍ദ്ദപരമായിരുന്നു മോദിയും ഷീയും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യയും ചൈനയും പങ്കാളികളായിരിക്കണം എതിരാളികളല്ല എന്നും ആനയും വ്യാളിയും- ഇന്ത്യയുടെയും ചൈനയുടെയും പരമ്പരാഗതമായ പ്രതീകങ്ങളാണ് ഈ ജീവികള്‍. ഒന്ന് ശരിക്കുള്ളതും മറ്റേത് ഭാവനയും. ഇന്ത്യയുടെ പ്രതീകമാവേണ്ടത് മെല്ലെ നീങ്ങുന്ന ആനയല്ല, കുതിച്ചുപായുന്ന കടുവയാവണം എന്ന് കരുതുന്നവരുണ്ട്- ഒരുമിച്ച് നൃത്തം ചെയ്യണം എന്ന ആഹ്വാനം ആവര്‍ത്തിക്കുകയും ചെയ്തു. മോദിയാകട്ടെ, യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം തുടരുകയാണെന്നും പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും സമ്മേളനക്ഷമതയിലും അടിസ്ഥാനപ്പെടുത്തിയ ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിബദ്ധമാണെന്നും വ്യക്തമാക്കി.

അതായത്, അതിര്‍ത്തി പ്രശ്നങ്ങളെ വ്യാപാരവുമായി ബന്ധിപ്പിക്കരുതെന്ന ചൈനീസ് നിലപാടിനോട് ഇപ്പോഴും ഇന്ത്യ യോജിക്കുന്നില്ല. ദീര്‍ഘകാലത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുകല്‍ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് 2020-ല്‍ ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം. അത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തെ ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കി. തുടര്‍ന്ന് അതിര്‍ത്തി വഴിക്കുള്ള വ്യാപാരവും നേരിട്ടുള്ള വിമാനസര്‍വീസുകളും ഒക്കെ നിര്‍ത്തിവയ്ക്കുന്നതു പോലുള്ള നടപടികള്‍ ഇന്ത്യ സ്വീകരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് മോദിയും ഷീയും സംസാരിച്ച ശേഷമാണ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു തുടങ്ങിയത്. നേരത്തേ, വിദേശമന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദര്‍ശിച്ചിരുന്നു, ഈ മാസം ചൈനയുടെ വിദേശമന്ത്രി വാംഗ് യീ ഇന്ത്യ സന്ദര്‍ശിച്ചു. ഇപ്പോള്‍ ടിയാന്‍ജിനില്‍ മോദി ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചു. ഷീ., ചൈന, കൈലാസം, മാനസരോവര്‍ യാത്ര പുനരാരംഭിക്കുന്ന കാര്യവും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുമ്പോഴും നിരന്തരമായ ജാഗ്രത പാലിക്കേണ്ട അവസ്ഥയുണ്ട്. ഒരു കാരണവശാലും പരിഹരിക്കാന്‍ സാധ്യതയില്ലാത്ത ചില പ്രശ്നങ്ങളുണ്ട് ഇരുകൂട്ടര്‍ക്കുമിടയില്‍. യഥാര്‍ത്ഥ നിയന്ത്രണരേഖയെ സംബന്ധിച്ച തര്‍ക്കവും ഇന്ത്യന്‍ ഭൂഭാഗങ്ങളില്‍ ഇടയ്ക്കിടെ അവകാശമുന്നയിക്കുന്നതും ടിബറ്റിലെ നദികളില്‍ വന്‍കിട അണക്കെട്ടുകള്‍ പണിത് ഇന്ത്യയ്ക്ക് 'പണി' തരാന്‍ ശ്രമിക്കുന്നതും ഇന്ത്യ അവകാശമുന്നയിക്കുന്ന പാക് കശ്മീരില്‍ കൂടി ബെല്‍റ്റ് -റോഡ് പാത പണിയുന്നതും ഇന്ത്യയ്ക്കു ചുറ്റും തന്ത്രപരമായ സ്ഥാനങ്ങള്‍ സ്വന്തമാക്കി 'മുത്തുമാല' കൊണ്ട് വരിഞ്ഞു മുറുക്കാനുള്ള പദ്ധതിയും പാകിസ്ഥാനോടുള്ള തന്ത്രപരമായ കൂട്ടായ്മയും ഇന്‍ഡോ- പസിഫിക്കില്‍ മേധാവിത്വം നേടാനുള്ള വഴിവിട്ടകളികളും... ഇനിയുമുണ്ട് നിരവധി പ്രശ്നങ്ങള്‍. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യക്കും വലിയൊരു സഹായം ചെയ്തിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളില്‍ ആരോ പറഞ്ഞതുപോലെ, ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിയതിന് ട്രംപിന് നൊബേല്‍ സമ്മാനം കൊടുക്കാന്‍ പറ്റില്ലായിരിക്കും, പക്ഷേ, ഇന്ത്യ- ചൈന ശത്രുത നിര്‍ത്തിയതിന് കൊടുക്കാമെന്ന്!

ആഴവും പരപ്പും കൂടുന്ന ഇന്ത്യ-റഷ്യ സൗഹൃദം

മോദിയും പുതിനും തമ്മിലുള്ള സംഭാഷണങ്ങളിലും ഇടപഴകലിലുമൊക്കെ ഊഷ്മളമായ വ്യക്തിബന്ധം ദൃശ്യമായിരുന്നു. പുതിന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ ഓറസ് ലിമസീനില്‍ കയറിയാണ് മോദി ചര്‍ച്ചാവേദിയിലേക്കു പോയത്. 45 മിനിറ്റോളം കാറിലിരുന്ന് അവര്‍ സംസാരിച്ചു. പിന്നീടു നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മോദി ഇന്ത്യയുടെ സുചിന്തിതമായ നിലപാട് ആവര്‍ത്തിച്ചു, ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് വേണ്ടതെന്ന് വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് തങ്ങള്‍ തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും സമാധാനം സ്ഥാപിക്കാന്‍ സാധ്യമായ എല്ലാ സഹകരണവും നല്‍കാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പോലും ഇന്ത്യയും റഷ്യയും തോളോട് തോള്‍ ചേര്‍ന്ന് നടന്നത് മോദി ചൂണ്ടിക്കാട്ടി. സമാധാനത്തിനായി വാദിക്കുമ്പോള്‍ തന്നെ മോദി റഷ്യയെ നേരിട്ട് വിമര്‍ശിക്കുന്നത് ഒഴിവാക്കി.

റഷ്യ- യുക്രൈന്‍ യുദ്ധം ഉച്ചകോടിയില്‍ വലിയ ചര്‍ച്ചയായി. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ ഇന്ത്യയും ചൈനയും നടത്തുന്ന പരിശ്രമങ്ങളെ പ്രകീര്‍ത്തിച്ച പുതിന്‍ അലാസ്‌കയില്‍ ട്രംപുമായി നടത്തിയ ചര്‍ച്ചയെയും പരാമര്‍ശിച്ചു. അതേസമയം, റഷ്യയുടെ നിലപാടുകളില്‍ ഒട്ടും തന്നെ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. യുക്രൈന്‍ പ്രശ്നത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്രതിസന്ധിയുടെ തുടക്കം യുക്രൈനില്‍ പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെ നടന്ന അട്ടിമറിയിലാണ് എന്ന് അദ്ദേഹം വാദിച്ചു. മൂലകാരണങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം ഉണ്ടാകൂ എന്നും പുതിന്‍ പറഞ്ഞു. ഉച്ചകോടിയിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ച സംയുക്തപ്രഖ്യാപനം യുദ്ധത്തെക്കുറിച്ച് പ്രത്യേകം പറയുന്നില്ല. എന്തായാലും സമീപകാലത്തെങ്ങും യുക്രൈന്‍ യുദ്ധം അവസാനിക്കാനിടയില്ലെന്നാണ്. പാശ്ചാത്യ ഇടപെടലിനെ കുറിച്ചുള്ള പുതിന്റെ വാക്കുകള്‍ കാണിക്കുന്നത്.

placeholder
വ്ളാദിമർ പുതിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്, നരേന്ദ്രമോദി (ഫയൽചിത്രം) | Photo: AP

ഇന്ത്യയുടെ ഉച്ചകോടി

തുല്യശക്തി എന്ന നിലയ്ക്കാണ് ഇന്ത്യ, ചൈനയും റഷ്യയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത്. ഉയര്‍ന്നുവരുന്ന വന്‍ശക്തി എന്നതില്‍ നിന്നും ഉണ്ടായി വരുന്ന ബഹുധ്രുവലോകത്തിലെ ശക്തികേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്നതായി എസ്സിഒ ഉച്ചകോടി. ഇന്ത്യയ്ക്കു കിട്ടിയ സ്വീകരണവും അംഗരാജ്യങ്ങളിലെ സ്വീകാര്യതയും അത് വ്യക്തമാക്കുന്നു. ഏറ്റവും വലിയ നേട്ടം ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ ശക്തമായ നിലപാട് ഉച്ചകോടി അംഗീകരിച്ചതാണ്. കഴിഞ്ഞ ജൂണില്‍ ചൈനയില്‍ തന്നെ നടന്ന എസ്സിഒ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തില്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിക്കാതെ (അതേസമയം ബലൂചിസ്താനിലെ ട്രെയിന്‍ തട്ടിക്കൊണ്ടു പോകലിനെ അപലപിച്ചിരുന്നു) ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഒപ്പുവെച്ചില്ല. രണ്ടുമാസം കൊണ്ട് ലോകം മാറിയിരിക്കുന്നു. പാകിസ്താനും ചൈനയും തുര്‍ക്കിയും ഒപ്പുവെച്ചതാണ് ഭീകരവിരുദ്ധ പ്രസ്താവന!

പരസ്പരം പൊരുതുന്ന താല്പര്യങ്ങളെ പ്രായോഗികബുദ്ധിയോടെ തരണം ചെയ്യുക എന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. അമേരിക്കന്‍ പിഴത്തീരൂവയെ പ്രതിരോധിക്കാനും അതിര്‍ത്തിയില്‍ സ്ഥിരത കൊണ്ടുവരാനും ചൈനയുമായി സൗഹൃദം ആവശ്യമാണെങ്കിലും ആഴത്തിലുള്ള ഭിന്നതകളെ ശാശ്വതമായി പരിഹരിക്കാന്‍ അത് മതിയാവുകയില്ല. ഒരേസമയം റഷ്യയും അമേരിക്കയും ചൈനയുമായുള്ള ബന്ധങ്ങള്‍ സന്തുലനം ചെയ്യുക എളുപ്പമല്ല. ഇന്ത്യയ്ക്ക് ചൈനയെ അമിതമായി ആശ്രയിക്കാതെ തന്ത്രപരമായ സ്വതന്ത്രനിലപാട് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യമുണ്ട്. ഇന്ത്യയുടെ വിദേശനയത്തിന്റെ മൂലക്കല്ല് റഷ്യയുമായുള്ള കാലം തെളിയിച്ച പങ്കാളിത്തമാണ്. പാശ്ചാത്യസമ്മര്‍ദ്ദങ്ങളെ ചെറുത്തുനിക്കാനുള്ള പിന്‍ബലമാണത്. അമേരിക്കയുടെ സാമ്പത്തികമായ മേധാവിത്വത്തെയും ഡോളറിന്റെ അപ്രമാദിത്വത്തെയും വെല്ലുവിളിക്കുന്ന ഈ കൂട്ടായ്മയെ അമേരിക്ക എങ്ങനെയാണ് പ്രതിരോധിക്കുക? ഡീപ് സ്റ്റേറ്റിനെ രംഗത്തിറക്കുമോ?